Friday, August 12, 2011

കാഫ്ക - പാപം, യാതന , പ്രത്യാശ, സത്യമായ മാര്‍ഗ്ഗം എന്നിവയെക്കുറിച്ചുള്ള ആലോചനകൾ

കാഫ്ക 1917 സെപ്തംബറിനും 1918 ഏപ്രിലിനുമിടയിലുള്ള എട്ടുമാസക്കാലം ബൊഹീമിയൻ നാട്ടുമ്പുറമായ സുറാവുവിൽ സഹോദരി ഓട്ട്ലയോടൊപ്പം താമസിച്ചിരുന്നു. അതിനും ഒരു മാസം മുമ്പാണ്‌ അദ്ദേഹം രക്തം ഛർദ്ദിക്കുന്നതും ക്ഷയരോഗത്തിന്റെ ലക്ഷണമാണതെന്നു സ്ഥിരീകരിക്കുന്നതും. മരണകാരണമാവുന്ന ഒരു രോഗത്തിൽ ആശ്വാസം കൊള്ളുന്ന ഒരാളെയാണ്‌ ആ സമയത്തെ കത്തുകളിൽ നം കാണുന്നത്. ഫെലിക്സ് വെൽഷിനെഴുതിയ ഒരു കത്തിൽ കാഫ്ക സ്വയം വിശേഷിപ്പിക്കുന്നത് ‘താനിപ്പോൾ ഒരു സന്തുഷ്ടകാമുകനായിരിക്കുന്നു’ എന്നാണ്‌; ഈ അന്ത്യപ്രണയത്തോടെ പഴയ കണക്കുപുസ്തകങ്ങൾ തനിക്കടച്ചുവയ്ക്കാമെന്നായിരിക്കുന്നു; സുറാവുവിലെത്തി മൂന്നു ദിവസത്തിനു ശേഷം കാഫ്ക എഴുതുന്നുണ്ട്:‘പുതിയൊരു തുടക്കത്തിനുള്ള അവസരം, അങ്ങനെയൊന്നുണ്ടെങ്കിൽ, കൈവന്നിരിക്കുന്നു. അതു കൈവിടരുത്.’ പില്ക്കാലത്ത് മിലേനയക്കെഴുതിയ ഒരു കത്തിൽ സുറാവുവാസത്തെ അദ്ദേഹം തിരിഞ്ഞുനോക്കുന്നത് ‘തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിട്ടാണ്‌. താൻ പഴയ കടങ്ങളൊക്കെ വീട്ടിക്കഴിഞ്ഞിരിക്കുന്നു; തന്റേതെന്നു നിസ്സംശയം പറയാവുന്നതിലേക്കു മാത്രമായി തനിക്കിനി ഒതുങ്ങാമെന്നായിരിക്കുന്നു; ഇനി മേൽ കത്തുകളില്ല, ബർലിൻ (ഫെലിസുമായുള്ള) ബന്ധമില്ല; ഇനി താനധികം മാറേണ്ടതുമില്ല; തന്റെ ജീവിതത്തിന്റെ തനിക്കറിയുന്ന ഊടുവഴികളിലൂടെ അല്പം കൂടി കാലുറപ്പോടെ ഒരിക്കല്ക്കൂടി നടന്നുപോവുക, അതിനുള്ള അവസരം തനിക്കു കിട്ടിയിരിക്കുന്നു.‘ ഇത്രയും കാലത്തിനുള്ളിൽ ബാഹ്യസാഹചര്യങ്ങൾ തന്റെ ആന്തരജീവിതത്തെ തുണച്ചിട്ടുള്ളതായി അദ്ദേഹത്തിനനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതിവിടെ മാത്രമാണ്‌. സാധാരണക്കാരായ കർഷകർക്കും വീട്ടുമൃഗങ്ങൾക്കും എലികൾക്കും പൂച്ചകൾക്കുമൊപ്പമുള്ള ഈ ജീവിതത്തിനിടയിലാണ്‌ സൂത്രങ്ങളുടെ സംക്ഷിപ്തരൂപത്തിൽ കാഫ്ക തന്റെ ആലോചനകൾ കുറിച്ചിടുന്നത്. എന്നാലിവ നാം പരിചയിച്ച തരത്തിലുള്ള ദാർശനികചിന്തകളല്ല; ആശയങ്ങൾ ബിംബങ്ങൾക്കു കീഴ്പ്പെടുകയാണിവിടെ; ചിലതാകട്ടെ, ആഖ്യാനങ്ങൾ തന്നെയാവുന്നു. സമാശ്വാസം തേടി നാമിവ വായിക്കാനെടുക്കുകയും വേണ്ട; ഉയർത്തിക്കെട്ടിയ കമ്പക്കയറിൽ ഒരഭ്യാസിയെപ്പോലെ നടന്നുകേറാമെന്നു നിങ്ങൾ കരുതിയോ? തറനിരപ്പിൽ വലിച്ചുകെട്ടിയ ഈ കയറിൽ കാലു തടഞ്ഞുവീഴുകയേയുള്ളു നിങ്ങൾ.1
സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നത് ഉയരത്തിലല്ല, തറനിരപ്പിലാണെന്നേയുള്ളു. നടന്നുകയറുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

2
അക്ഷമയാണ്‌ മനുഷ്യന്റെ പിഴകൾക്കുള്ള കാരണം; ചിട്ടയോടുള്ള സമീപനത്തിൽ നിന്ന് സമയമാകും മുപേയുള്ള പിന്മാറ്റം; ലക്ഷ്യമെന്നു തോന്നിയതിനെ കൈയിലടക്കിയതായുള്ള തോന്നൽ.

3
മനുഷ്യന്റെ പാപങ്ങൾ മുഖ്യമായും രണ്ടാണ്‌, മറ്റുള്ളവയ്ക്കു കാരണവും ഇവ തന്നെ: അക്ഷമയും അലസതയും. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി, അലസത കാരണം അവർ പിന്നെ മടങ്ങുന്നതുമില്ല. ഇനി മുഖ്യപാപം ഒന്നേയുള്ളുവെന്നും വരാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി, അക്ഷമ കാരണം അവർ മടങ്ങുന്നതുമില്ല.

4
മരിച്ചുപോയവരുടെ ആത്മാക്കൾ പലതിനും ഒരേ പ്രവൃത്തി മരണനദിയുടെ തിരകളിൽ നാവിട്ടുലമ്പുക എന്നതു മാത്രമാണ്‌; നമ്മിൽ നിന്നൊഴുകിച്ചെല്ലുന്നതിനാൽ നമ്മുടെ കടലുകളുടെ ഉപ്പുരസം അവയിൽ തങ്ങിനില്ക്കുന്നുണ്ടല്ലോ. ഇതിൽ മനം മടുത്ത പുഴയാകട്ടെ, പിന്നാക്കം മാറുന്നു, അതു തിരിഞ്ഞൊഴുകുക തന്നെ ചെയ്യുന്നു, അങ്ങനെ മരിച്ചവരെ തിരിയെ ജീവിതത്തിലേക്കൊഴുക്കിക്കൊണ്ടു പോവുകയും ചെയ്യുന്നു. അവർ പക്ഷേ സന്തുഷ്ടരാണ്‌, അവർ കൃതജ്ഞതാഗാനങ്ങളാലപിക്കുകയാണ്‌, മനം മടുത്ത പുഴയെ തലോടുകയുമാണവർ.

5
ഒരു ഘട്ടമെത്തിയാൽ തിരിച്ചുവരവെന്നതില്ല. ആ ഘട്ടമെത്തേണ്ടിയിരിക്കുന്നു.

6
മനുഷ്യന്റെ വികാസചരിത്രത്തിൽ നിർണ്ണായകമുഹൂർത്തമെന്നത് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌; അതു കൊണ്ടാണ്‌ മുമ്പുള്ളതൊക്കെ അപ്രസക്തമായെന്നു വിപ്ളവാശയപ്രസ്ഥാനങ്ങൾ വാദിക്കുമ്പോൾ തെറ്റു പറയാനാവാത്തതും- ഒന്നുമിനിയും സംഭവിച്ചിട്ടില്ലല്ലോ.

7
തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ബലപരീക്ഷണത്തിനുള്ള വെല്ലുവിളി.
സ്ത്രീകളുമായുള്ള ബലപരീക്ഷണം പോലെയാണത്; കിടക്കയിലാണതിന്റെ അവസാനം.

8/9
നാറുന്നൊരു കൊടിച്ചിപ്പട്ടി, എണ്ണമറ്റ നായ്ക്കുട്ടികൾക്കു ജന്മം നല്കിയവൾ, അവിടവിടെ അളിഞ്ഞുതുടങ്ങിയവൾ, എന്നാൽ ബാല്യത്തിൽ എന്റെ എല്ലാമായിരുന്നവൾ, വിടാത്ത കൂറോടെ എന്റെ പിന്നാലെ വന്നിരുന്നവൾ,അടിച്ചോടിക്കാൻ മനസ്സു വരാതെ അടി വച്ചടിവച്ചു പിന്നാക്കം മാറുകയാണു ഞാനെന്നാൽക്കൂടി, മറിച്ചൊരു തീരുമാനം ഞാനെടുക്കുന്നില്ലെങ്കിൽ, ചുമരുകൾക്കിടയിലെ ഒരു മൂലയിലേക്ക്, ഇപ്പോഴേ എനിക്കു കണ്ണിൽ കാണാവുന്ന ഒരു മൂലയിലേക്ക്, അവളെന്നെ തള്ളിക്കയറ്റും; അവിടെ എന്റെ മേൽ, എന്റെയൊപ്പം, അവളാകെ അളിഞ്ഞുതീരും- എനിക്കിതൊരു ബഹുമതിയാണോ?- ചലമൊലിക്കുന്ന പുഴുത്ത നാവ് എന്റെ കൈവെള്ളയിലും വച്ച്.

10
ഏ . ആളാകെ ഊതിവീർപ്പിച്ചു നടക്കുകയാണ്‌; നന്മയുടെ കാര്യത്തിൽ താനേറെ മുന്നിലാണെന്നാണ്‌ അയാളുടെ വിചാരം; എന്തെന്നാൽ തനിക്കു മുമ്പു തീരെ പരിചയമില്ലാത്ത മേഖലകളിൽ നിന്നുള്ള പ്രലോഭനങ്ങളെ കാന്തശക്തിയാലെന്നപോലെ തന്നിലേക്കാകർഷിക്കാൻ തനിക്കു കഴിയുന്നുണ്ടല്ലോ. പക്ഷേ അയാളുടെ അവസ്ഥയ്ക്കുള്ള ശരിയായ വിശദീകരണം ഇതാണ്‌: ഒരു പെരുത്ത പിശാച് അയാൾക്കുള്ളിൽ കയറിപ്പറ്റിയിരിക്കുന്നു; മൂത്ത പിശാചിനെ സേവിക്കാനായി കുട്ടിപ്പിശാചുക്കളുടെ അണ മുറിയാത്തൊരു നിര വന്നുകൊണ്ടിരിക്കുകയുമാണ്‌.

11/12
ഒരാപ്പിൾ തന്നെ ഉദാഹരണമായെടുത്താൽ എത്ര വ്യത്യസ്തമായ കോണുകളിലൂടെ അതിനെ കാണാനാവും: കഷ്ടപ്പെട്ടെത്തിച്ചുനോക്കിയാലേ കുട്ടിയ്ക്ക് മേശപ്പുറത്തുള്ള ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; എന്നാൽ ഗൃഹനാഥനാവട്ടെ, വെറുതേ കൈയെത്തിച്ച് മേശയ്ക്കു മറുവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

13
നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ പ്രാരംഭലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം അസഹ്യമായി തോന്നുകയാണ്‌, മറ്റൊന്നാവട്ടെ, അപ്രാപ്യവും. മരിക്കാൻ ആഗ്രഹം തോന്നുന്നതിൽ നിങ്ങൾക്കു നാണക്കേടു തോന്നാതായിക്കഴിഞ്ഞിരിക്കുന്നു. പഴയ തടവുമുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയതൊന്നിലേക്ക് (നിങ്ങൾക്കതിനെ വെറുക്കാൻ പരിചയിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. പ്രതീക്ഷയുടെ ബാക്കി കിടക്കുന്നൊരംശത്തിൽ നിങ്ങളുടെ മനസ്സു പോകുന്നുമുണ്ട്: തന്നെ മുറിയിലേക്കു മാറ്റുന്നതിനിടയിൽ ,തടവറയുടെ അധികാരി ഇടനാഴി വഴി നടന്നുവരാനിടയാവുകയും, തടവുകാരനെ നോക്കിയിട്ട് ‘ ഈയാളെ ഇനി അടച്ചിടേണ്ട; അയാൾ എന്നോടൊപ്പം പോരട്ടെ,’ എന്നാജ്ഞാപിക്കുകയും ചെയ്താലോ?

14
നിരപ്പായൊരു സ്ഥലത്തു കൂടി നടന്നു പോവുകയാണു നിങ്ങളെങ്കിൽ, മുന്നോട്ടു പോവാൻ മനസ്സു കൊണ്ടത്ര നിശ്ചയിച്ചിരിക്കുകയാണെങ്കിൽക്കൂടി പിന്നിലേക്കാണു താൻ പോകുന്നതെന്നു നിങ്ങൾക്കു ബോധ്യമാകുന്നെങ്കിൽ നിരാശപ്പെടേണ്ട കാര്യം തന്നെയത്; പക്ഷേ കുത്തനേയുള്ളൊരു കയറ്റത്തിലൂടെ പിടിച്ചുകയറുകയാണു നിങ്ങളെന്ന സ്ഥിതിയ്ക്ക്- താഴെ നിന്നു നിങ്ങളെ നോക്കുമ്പോലെ കുത്തനെയാണതും - പിന്നിലേക്കുള്ള നിങ്ങളുടെ ഇറക്കം തറനിരപ്പിന്റെ സ്വഭാവം കൊണ്ടാവാനേ വഴിയുള്ളു; അതിനാൽ നിങ്ങൾ ഹതാശനാവുകയും വേണ്ട.

15
ശരല്ക്കാലത്തെ വഴിത്താര പോലെ: അടിച്ചു വൃത്തിയാക്കിയതും കരിയിലകൾ വീണു മൂടിക്കഴിഞ്ഞു.

16
ഒരു കൂട് കിളിയെത്തേടിപ്പോയി.

17
മുമ്പു ഞാൻ എത്തിപ്പെടാത്തൊരിടമാണിവിടെ: എന്റെ ശ്വാസഗതിയ്ക്കു മറ്റൊരു പ്രകാരം, സൂര്യനെക്കാൾ വെട്ടിത്തിളങ്ങുന്നു അരികിൽ മറ്റൊരു നക്ഷത്രം.

18
കയറിച്ചെല്ലാതെ പണിയാമായിരുന്നു ബാബേൽ ഗോപുരമെങ്കിൽ അതിനനുമതിയും കിട്ടിയേനെ.

19
തിന്മയിൽ നിന്നു രഹസ്യങ്ങൾ മറച്ചുപിടിയ്ക്കാമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

20
പുള്ളിപ്പുലികൾ ദേവാലയത്തിൽ കടന്നുകയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിയ്ക്കുന്നു; ഇതു പലതവണ ആവർത്തിക്കുമ്പോൾ പിന്നെയതു മുൻകൂട്ടി കണ്ടുപിടിക്കാമെന്നാകുന്നു; അതനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

21
കല്ലെടുത്ത കൈ പോലുറച്ചത്. ആ ഉറപ്പു പക്ഷേ ഇനിയും ദൂരത്തേക്കു കല്ലെടുത്തെറിയാനാണെന്നേയുള്ളു; എന്നാൽ അത്രയും ദൂരെ ചെന്നെത്താൻ ഒരു വഴിയുമുണ്ട്.

22
നിങ്ങളാണു നിയോഗം. കണ്ണെത്തുന്നിടത്തോളമാരുമില്ല ശിഷ്യനായി.

23
തനിപ്രതിയോഗിയിൽ നിന്നു നിങ്ങളിലേക്കൊഴുകുന്നു അതിരറ്റൊരു ധൈര്യം.

24
സന്തോഷമെന്നാൽ താൻ നില്ക്കുന്ന നിലം തന്റെ രണ്ടു ചുവടുകളൂന്നുന്നിടത്തോളമേയുള്ളു എന്നറിയുക തന്നെ.

25
ആശ്രയം തേടി ലോകത്തിന്റെ കൈകളിലേക്കോടിച്ചെന്നാലല്ലാതെ അതിന്റെ സുഖങ്ങളിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നതെങ്ങനെ?

26
ഒളിയ്ക്കാനുള്ള ഇടങ്ങൾ എണ്ണമറ്റവയാണ്‌; മോചനം ഒന്നു മാത്രവും. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയുമത്രെ.

28
തിന്മയ്ക്കു കുടിയിരിക്കാൻ ഒരിടം നാം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നാമതിൽ വിശ്വസിച്ചോളണമെന്നതിനു നിർബന്ധവുമില്ല.

29
തിന്മയ്ക്കു നിങ്ങളൊരിടം കൊടുക്കുമ്പോൾ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം നിങ്ങളുടേതല്ല, തിന്മയുടേതു തന്നെയാണ്‌.
---
മൃഗം യജമാനന്റെ കൈയിൽ നിന്നു ചാട്ടവാർ തട്ടിപ്പറിച്ചെടുത്ത് സ്വയം പ്രഹരമേല്പിക്കുന്നു, താൻ തന്റെ തന്നെ യജമാനനാവാൻ; അതറിയുന്നില്ല, യജമാനന്റെ ചാട്ടവാറിലെ പുതിയൊരു കെട്ടു കാരണമുണ്ടായ വിഭ്രമം മാത്രമാണതെന്ന്.

32
ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു; അതിൽ തർക്കമൊന്നുമില്ല. അതു പക്ഷേ ആകാശത്തിനെതിരായ ഒരു തെളിവാണെന്നു പറയാനുമില്ല; കാരണം, ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കപ്രാപ്യമായത്.

33
രക്തസാക്ഷികൾ ഉടലിനെ വില കുറച്ചു കാണുന്നില്ല, അവരതിനെ കുരിശിലേറ്റാൻ വിട്ടുകൊടുക്കുകയാണ്‌; അങ്ങനെ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

34
ഗോദയിൽ നിന്നു മടങ്ങുന്ന മല്ലന്റെ ക്ഷീണമാണയാൾക്ക്; അയാളുടെ ജോലിയോ, ഓഫീസിന്റെ ഒരു മൂല വെള്ളയടിയ്ക്കുകയും.

36
മുമ്പെനിക്കു മനസ്സിലാകാതിരുന്നത് എന്റെ ചോദ്യത്തിനു മറുപടി കിട്ടാത്തതെന്തു കൊണ്ടെന്നായിരുന്നു; ഇന്നെനിക്കു മനസ്സിലാകാത്തത് ചോദ്യം ചോദിക്കാൻ കെല്പ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെയായി എന്നതാണ്‌. യഥാർത്ഥത്തിൽ എനിക്കു വിശ്വാസമൊന്നുമുണ്ടായിരുന്നില്ല, ഞാൻ ചോദിച്ചുവെന്നേയുള്ളു.

38
നിത്യതയുടെ പാതയിലൂടെ എത്ര ലാഘവത്തോടെയാണു താൻ നടന്നുകേറുന്നതെന്നതിശയപ്പെട്ട ഒരാളുണ്ടായിരുന്നു; അതയാൾ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.

39
മഹാനായ അലക്സാണ്ടർ ചെറുപ്പകാലത്തെ തന്റെ സൈനികവിജയങ്ങളിരിക്കെത്തന്നെ, താൻ പരിശീലിപ്പിച്ചെടുത്ത സേനയുടെ മഹിമയിരിക്കെത്തന്നെ, ലോകത്തെ മാറ്റിപ്പണിയാനുള്ള അഭിവാഞ്ച്ഛ ഉള്ളിരിക്കെത്തന്നെ ഹെല്ലെസ്പോണ്ടിലെത്തി നില്ക്കുകയും, അതു കടന്നുപോകാൻ ശ്രമിക്കാതിരിക്കുകയും ചെയ്തത് ഭയം കൊണ്ടല്ല, നിശ്ചയദാർഢ്യത്തിന്റെ കുറവു കൊണ്ടല്ല, ഇച്ഛാശക്തിയുടെ ദൗർബല്യം കൊണ്ടുമല്ല, തന്റെ കാലുകൾ കഴച്ചുപോയതു കൊണ്ടുമാത്രമാണെന്നൂഹിക്കാവുന്നതേയുള്ളു.

39a
പാത അന്തമറ്റതാണ്‌; ഇവിടെ കുറുക്കുവഴികളില്ല, വളഞ്ഞ വഴികളുമില്ല; എന്നിട്ടും ബാലിശമായ മുഴക്കോലും കൊണ്ട് അതിനെ അളക്കാൻ നോക്കുകയാണു സകലരും. ‘ഇത്രയും ദൂരം കൂടി നിങ്ങൾ പോകാനുണ്ട്; അതും നിങ്ങളുടെ കണക്കിൽ പെടുത്തുന്നതാണ്‌.’

40
അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിയ്ക്കുന്നത് കാലത്തെക്കുറിച്ചു നമ്മുടെ ധാരണ ആ വിധമായതുകൊണ്ടു മാത്രമാണ്‌; യഥാർത്ഥത്തിൽ നിരന്തരമായ ഒരു കേസുവിസ്താരമത്രേയത്.

43
വേട്ടനായ്ക്കൾ ഇപ്പോഴും വീട്ടുമുറ്റത്തു കളിച്ചുനടക്കുകയാണെങ്കിലും അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി ഇപ്പോൾത്തന്നെ കാട്ടിലൂടെ അതിവേഗം പാഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിൽക്കൂടി.

44
തമാശ തോന്നിക്കുന്നതു തന്നെ, ഈ ലോകത്തിന്റെ നുകത്തിനു നിങ്ങൾ തല വച്ചു കൊടുത്ത രീതി.

45
കുതിരകളുടെ എണ്ണം കൂടുമ്പോൾ നിങ്ങളുടെ പുരോഗതിയുടെ വേഗവും കൂടുന്നു - എന്നു പറഞ്ഞാൽ, അടിസ്ഥാനത്തിൽ നിന്നു മൂലക്കല്ലിളകിപ്പോരുമെന്നല്ല, അതു നടക്കാത്ത കാര്യമാണ്‌, കടിഞ്ഞാണുകൾ പറിഞ്ഞുപോരുകയും, അതിൻ ഫലമായി ശൂന്യതയിലേക്ക് നിങ്ങൾക്കൊരുല്ലാസയാത്ര തരപ്പെടുമെന്നാണ്‌.

47
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അവർക്കു രാജാക്കന്മാരോ, രാജദൂതന്മാരോ ആകാമായിരുന്നു. കുട്ടികളെപ്പോലെ എല്ലാവർക്കും ദൂതന്മാരായാൽ മതി. അതുകൊണ്ടിപ്പോൾ ദൂതന്മാരെ മാത്രമേ കാണാനുള്ളു; നിരർത്ഥകമായിപ്പോയ സന്ദേശങ്ങൾ അന്യോന്യം വിളിച്ചുപറഞ്ഞ്- രാജാക്കന്മാരില്ലല്ലോ- ലോകം മുഴുവൻ ഓടിനടക്കുകയാണവർ. ഈ നശിച്ച ജീവിതം ഒന്നവസാനിപ്പിക്കാൻ ഉള്ളു കൊണ്ടെത്രയുമാഗ്രഹിക്കുന്നുണ്ടവർ; എന്നാൽ ഒരു ദൗത്യമേറ്റവരായതിനാൽ അതിനവർക്കു ധൈര്യവുമില്ല.

48
പുരോഗതിയിൽ വിശ്വസിക്കുകയെന്നാൽ പുരോഗതി എന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കുകയല്ല. അതിനു വിശ്വാസത്തിന്റെ ആവശ്യവുമില്ല.

50
അനശ്വരമായ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള രൂഢമായ വിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല, ആ അനശ്വരവസ്തുവും അതിന്മേൽ താനർപ്പിച്ചിരിക്കുന്ന വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടുകയില്ലെങ്കില്ക്കൂടി. ഈ നിത്യഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

51
സർപ്പത്തിന്റെ മാദ്ധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല. തിന്മയ്ക്ക് മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

52
നിങ്ങളും ലോകവും തമ്മിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

53
കിട്ടേണ്ടതാർക്കും കിട്ടാതെയാക്കരുത്, ലോകത്തിനാണു വിജയമെങ്കിൽ അതു പോലും.

54
ആത്മീയമല്ലാതെ ഒരു ലോകമില്ല; ഈ ആത്മീയലോകത്തിലെ തിന്മയെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ ലോകമെന്നു വിളിക്കുന്നത്; തിന്മയെന്നു നാം വിളിക്കുന്നതോ, നമ്മുടെ നിരന്തരവികാസത്തിലെ അനിവാര്യമായ ഒരു മുഹൂർത്തത്തെയും.
രൂക്ഷമായ വെളിച്ചം പായിച്ച് ലോകത്തെ നമുക്കില്ലാതെയാക്കാം. ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതു സാന്ദ്രമാകും; അതിലും ദുർബലമായ കണ്ണുകൾക്കു മുന്നിൽ അതിനു മുഷ്ടികൾ കൈവരും, പിന്നെയും ദുർബലമായ കണ്ണുകൾക്കു അതൊന്നന്ധാളിക്കുകയും, നോക്കാൻ ധൈര്യപ്പെട്ടവന്റെ മുഖം ഇടിച്ചുപരത്തുകയും ചെയ്യും.

55
എല്ലാം കബളിപ്പിക്കലാണ്‌: അതെത്രയും കുറച്ചു വേണോ, ഇടമട്ടു മതിയോ, പരമാവധി വേണോ എന്നേ നിശ്ചയിക്കാനുള്ളു. ആദ്യത്തേതിൽ, സ്വായത്തമാക്കാൻ എത്രയും എളുപ്പമാക്കുക വഴി നാം നന്മയെ കബളിപ്പിക്കുന്നു, പ്രതികൂലമായ നിബന്ധനകൾ അടിച്ചേല്പ്പിച്ച് തിന്മയെയും നാം കബളിപ്പിക്കുന്നു. രണ്ടാമത്തേതിൽ ഭൗതികമായ ഒരർത്ഥത്തിൽപ്പോലും നന്മയെ സ്വായത്തമാക്കാൻ ശ്രമിക്കാതെ നാമതിനെ കബളിപ്പിക്കുകയാണ്‌. ഒടുവിലത്തേതിലാകട്ടെ, നന്മയെ നാം കബളിപ്പിക്കുന്നത് അതിൽ നിന്നെത്രയുമകലം പാലിക്കാനാവുമെന്നു നോക്കിയിട്ടാണ്‌; പരമാവധി പെരുപ്പിച്ചുകാട്ടിയാൽ അതിന്റെ ശക്തി കുറയ്ക്കാമെന്ന വിശ്വാസത്താൽ തിന്മയെയും. ഇങ്ങനെ നോക്കുമ്പോൾ രണ്ടാമത്തേതാണു മെച്ചമെന്നു തോന്നുന്നു: എന്തായാലും നന്മയെ നിങ്ങൾ കബളിപ്പിക്കുക തന്നെ ചെയ്യും; ഇവിടെ തിന്മ അങ്ങനെ കബളിപ്പിക്കപ്പെടുന്നില്ല, അതൊരു തോന്നലാണെങ്കിൽക്കൂടി.

56
ചില ചോദ്യങ്ങളുണ്ട്, സ്വന്തം പ്രകൃതം കൊണ്ട് അവയിൽ നിന്നു മോചനം നേടാനായില്ലെങ്കിൽപ്പിന്നെ നമ്മെ വിട്ടുപിരിയാത്തവ.

58
ഒരാൾ ഏറ്റവും കുറവു കള്ളങ്ങൾ പറയുന്നത് അയാൾ ഏറ്റവും കുറച്ചു കള്ളങ്ങൾ പറയുമ്പോൾ മാത്രമാണ്‌, അല്ലാതെ അതിനുള്ള അവസരങ്ങൾ ഏറ്റവും കുറവായിരിക്കുമ്പോഴല്ല.

59
ആളുകൾ ചവിട്ടിക്കയറി കുഴിഞ്ഞുപോകാത്തൊരു കോണിപ്പടി, അതിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, തടി കൊണ്ടു തട്ടിക്കൂട്ടിയെടുത്ത ഒരുരുപ്പടി മാത്രമാണ്‌.

60
ലോകത്തെ പരിത്യജിക്കുന്നതാരായാലും അവർ മനുഷ്യരെ സ്നേഹിക്കുക കൂടി വേണം, എന്തെന്നാൽ അയാൾ പരിത്യജിക്കുന്നത് അവരുടെ ലോകത്തെ കൂടിയാണ്‌. മനുഷ്യസ്വഭാവത്തിന്റെ യഥാർത്ഥരൂപം ഇന്നതാണെന്ന് ഒരേകദേശധാരണ അങ്ങനെ അയാൾക്കു കിട്ടിത്തുടങ്ങുകയും ചെയ്യുന്നു; അതിനെ സ്നേഹിക്കാതിരിക്കാനാവില്ല, നിങ്ങൾ അതിനർഹനാണെങ്കിൽ.

61
ഈ ലോകത്തു തന്റെ അയൽക്കാരനെ സ്നേഹിക്കുന്ന ഒരാൾ ചെയ്യുന്നതു തെറ്റാണെങ്കിൽ, ഈ ലോകത്തു തന്നെത്തന്നെ സ്നേഹിക്കുന്ന ഒരാളുടെ തെറ്റിനേക്കാൾ കൂടുതലുമല്ല, കുറവുമല്ലത്. ആദ്യത്തേതു സാദ്ധ്യമാണോയെന്ന ചോദ്യമേ ശേഷിക്കുന്നുള്ളു.

62
ആത്മീയമല്ലാതൊരു ലോകമില്ല എന്ന വസ്തുത നമ്മുടെ പ്രത്യാശയെ കവരുന്നു, നമുക്കു തീർച്ചയും നല്കുന്നു.

63
സത്യത്തിനു മുന്നിലെ കണ്ണുമഞ്ഞളിച്ചുനില്ക്കലാണ്‌ നമ്മുടെ കല: ഞെട്ടിപ്പിന്മാറുന്ന വികൃതമുഖത്തു വീഴുന്ന വെളിച്ചം മാത്രം സത്യം - മറ്റൊന്നുമതല്ല.

66
ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ; എന്തെന്നാൽ ഭൂമിയുടെ ഏതൊരു കോണിലുമെത്താവുന്ന വിധം നീളമുള്ളതും, എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാൻ പാകത്തിനു നീളമില്ലാത്തതുമായ ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേ സമയം, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ; കാരണം, മേൽപ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിരിക്കുകയാണല്ലോ. അതിനാൽ ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ തുടൽ അയാളുടെ കഴുത്തു മുറുക്കും; സ്വർഗ്ഗത്തേക്കുയരാൻ നോക്കിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലെന്താ, സാദ്ധ്യതകളെല്ലാം അയാൾക്കുള്ളതാണല്ലോ; അതയാൾക്കറിയുകയും ചെയ്യാം; ആദിയിൽ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ ഒരു പിശകുണ്ടായതാണ്‌ ഇങ്ങനെയൊക്കെ വരാൻ കാരണമായതെന്നു സമ്മതിക്കാനും അയാളൊരുക്കമല്ല എന്നതാണു പരമാർത്ഥം.

67
മഞ്ഞുപാളിയിൽ തെന്നിയോടാൻ പരിശീലിക്കുന്ന തുടക്കക്കാരനെപ്പോലെയാണ്‌ അയാൾ വസ്തുതകളുടെ പിന്നാലെ പായുന്നത്; അപകടസാദ്ധ്യതയേറിയതും, അതിനാൽ വിലക്കുള്ളതുമായ ഒരു ഭാഗത്താണ്‌ അയാളുടെ അഭ്യാസം എന്നതുമുണ്ട്.

68
ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തിനെക്കാൾ മനസ്സിനു പ്രസരിപ്പു നല്കാൻ മറ്റെന്തിനാവും!

69
സൗഭാഗ്യത്തിനുള്ള സാദ്ധ്യത സിദ്ധാന്തത്തിന്റെ തലത്തിലുണ്ട്: തന്നിൽത്തന്നെയുള്ള അനശ്വരഘടകത്തിൽ വിശ്വാസമുണ്ടാവുക, അതിനെ പ്രാപിക്കാനായി ഒരു യത്നവും നടത്താതിരിക്കുക.

73
സ്വന്തം തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം മറ്റുള്ളവരെക്കാൾ തൃപ്തനാണു താനെന്ന് അല്പനേരത്തേക്കെങ്കിലും അയാൾക്കു തോന്നലുണ്ടാവുന്നുമുണ്ട്; പക്ഷേ മേശപ്പുറത്തു വച്ചു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു; അതിനാല്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാവുന്നു.

74
പറുദീസയിൽ വച്ചു നശിച്ചത് നശിക്കുന്ന ഒന്നാണെങ്കിൽ നിർണ്ണായകമെന്ന് അതിനെ പറയുക വയ്യ; ഇനിയഥവാ, നാശമില്ലാത്ത ഒന്നായിരുന്നു അതെങ്കിൽ നാമിപ്പോൾ ജീവിക്കുന്നത് ഒരു കപടവിശ്വാസത്തിലുമാണ്‌.

76
പെട്ടെന്നൊരു തിരിച്ചിടൽ. ജാഗ്രതയോടെ, ഭീതിയോടെ, പ്രത്യാശയോടെ ചോദ്യത്തിനു ചുറ്റും കറങ്ങിനടക്കുകയാണ്‌ ഉത്തരം, വെട്ടിത്തിരിച്ച മുഖത്തേക്ക് ആശ കൈവിട്ടും ഉറ്റുനോക്കുകയാണത്, അതിന്റെ വിഷമയാത്രകളിൽ പിന്നാലെ ചെല്ലുകയാണത്- എന്നു പറഞ്ഞാൽ ഉത്തരവുമായി ഒരു ബന്ധവുമില്ലാത്ത വഴികളിലൂടെ.

77
മനുഷ്യസമ്പർക്കം ആത്മനിരീക്ഷണത്തിനു പ്രേരകമാവുന്നു.

78
ആശ്രയമാവാതാവുമ്പോഴേ മനുഷ്യാത്മാവു സ്വതന്ത്രമാവുന്നുള്ളു.

80
സത്യം അവിഭാജമാണ്‌, അതിനാൽ അതിനു സ്വയം കണ്ടറിയലുമില്ല; കണ്ടറിഞ്ഞു എന്നവകാശപ്പെട്ടു വരുന്നത് അസത്യം തന്നെയുമായിരിക്കും.

82
ആദിപാപത്തെക്കുറിച്ചു പരാതിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു നാം? പറുദീസയിൽ നിന്നു നമ്മെ പുറത്താക്കിയത് അതുകൊണ്ടല്ല, ജീവന്റെ വൃക്ഷം കാരണമാണ്‌, നാമതിന്റെ കനി തിന്നരുതെന്നു വച്ചിട്ടാണ്‌.

83
നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കന്നി തിന്നുവെന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ; അപരാധമേതുമാവട്ടെ, പാപികളുടേതാണ്‌ നമ്മുടെ അവസ്ഥ.

84
നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചോയെന്ന് എവിടെയും പറയപ്പെട്ടിട്ടുമില്ല.

88/89

മരണം നമ്മുടെ മുന്നിലുണ്ട്‌, ക്ലാസ്സുമുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലെ അലക്സാണ്ടറുടെ യുദ്ധം പോലെ. നാം ചെയ്യാനുള്ളത്‌ നമ്മുടെ ജീവിതകാലത്തിനിടയിൽത്തന്നെ നമ്മുടെ പ്രവൃത്തികൾ കൊണ്ട്‌ ആ ചിത്രത്തെ അവ്യക്തമാക്കുക എന്നതാണ്‌, കഴിയുമെങ്കിൽ മായ്ച്ചുകളയുക എന്നതാണ്‌.

94
ജീവിതം തുടങ്ങും മുമ്പേ രണ്ടു കരുതലുകളെടുക്കേണ്ടതുണ്ട്‌: സ്വന്തം ഭ്രമണപഥത്തിന്റെ വ്യാപ്തി ചുരുക്കിക്കൊണ്ടു വരിക, പിന്നെ അതിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പു വരുത്തുക.

95
തിന്മ ചിലനേരം അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൈയിലെടുത്ത ഒരു പണിയായുധം പോലെയാണ്‌; ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പില്ലാതെ നിങ്ങൾക്കതു താഴെ വയ്ക്കാവുന്നതേയുള്ളു.

96
ഈ ജീവിതത്തിലെ ആനന്ദങ്ങൾ അതിന്റെ ആനന്ദങ്ങളല്ല, അതിലുമുയർന്നൊരു ജീവിതത്തിലേക്കു കയറുന്നതിൽ നമുക്കുള്ള ഭയമാണ്‌; ഈ ജീവിതത്തിലെ യാതനകൾ അതിന്റേതല്ല, ആ ഭയത്തെ പ്രതി നമ്മുടെ ആത്മപീഡനവുമാണ്‌.

97
യാതന യാതനയായിരിക്കുന്നത്‌ ഇവിടെ മാത്രമേയുള്ളു. ഇവിടെ യാതനപ്പെടുന്നവർ ആ യാതനയുടെ പേരിൽ മറ്റൊരു ലോകത്തു മഹത്ത്വപ്പെടുമെന്ന അർത്ഥത്തിലല്ല;

101
പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചെടുത്താണ്‌ അതിന്റെ സഞ്ചാരം.

103

ലോകത്തിന്റെ യാതനകളിൽ നിന്നു പിൻവലിയാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരാം; നിങ്ങൾക്കു വരുതി കിട്ടിയതും നിങ്ങളുടെ പ്രകൃതത്തിനു ചേർന്നതും അതു മാത്രമാണെന്നും വരാം; നിങ്ങൾക്കൊഴിവാക്കാൻ കഴിയുന്ന ഒരേയൊരു യാതന ആ പിൻവലിയലാണെന്നും വരാം.

109
നിങ്ങൾ വീടു വിട്ടിറങ്ങണെമെന്നു പോലുമില്ല. മേശയക്കരികിൽ ശ്രദ്ധിച്ചിരുന്നാൽ മതി. ശ്രദ്ധിക്കണമെന്നുമില്ല, കാത്തിരുന്നാൽത്തന്നെ മതി. അതും വേണമെന്നില്ല, ഒറ്റയ്ക്ക്‌ അനക്കമറ്റിരുന്നാൽ മതി. ലോകം സ്വമേധയാ നിങ്ങളുടെ സവിധത്തിലെത്തിക്കോളും, നിങ്ങൾക്കു മുന്നിൽ അനാവൃതമാവാൻ; മറ്റൊന്നും അതിനു ചെയ്യാനില്ല; ആനന്ദമൂർച്ഛയിൽ അതു നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു പുളയും.

No comments:

Post a Comment