Tuesday, January 12, 2016

കാഫ്ക - എത്രയും പ്രിയപ്പെട്ട അച്ഛന്‌

kafka_franz-19690410.2_png_300x392_q85

1919 നവംബറിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലിരിക്കെ ഈ കത്തെഴുതുമ്പോൾ കാഫ്കയ്ക്ക് 36 വയസ്സായിരിക്കുന്നു. ആ പ്രായത്തിലും ശമനം കിട്ടാത്തതാണ്‌ ഒരാൾക്കു തന്റെ പിതാവിനോടുള്ള വിരോധമെങ്കിൽ അതിന്റെ വേരുകൾ എത്ര ആഴത്തിൽ പോയിരിക്കണം! കാഫ്ക കത്തെഴുതി അച്ഛനെത്തിക്കാനായി അമ്മയെ ഏല്പിച്ചുവെന്നാണ്‌ മാക്സ് ബ്രോഡ് പറയുന്നത്. കത്തു വായിച്ചുനോക്കിയ അമ്മ ബുദ്ധിപൂർവ്വം മറിച്ചു ചിന്തിച്ചുവെന്നും ബ്രോഡ് തുടരുന്നു. അഥവാ ആ കത്ത് അച്ഛന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ മകൻ ഉദ്ദേശിക്കുന്ന ആ അനുരഞ്ജനം നടക്കുമായിരുന്നോ? അതിനു തീരെ സാദ്ധ്യത കാണുന്നില്ല; സ്വന്തം മകനിൽ ആശ വയ്ക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ മുന്നഭിപ്രായത്തിനെതിരു നില്ക്കുന്നതായി യാതൊന്നും തന്നെ പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യുന്ന ആ കത്തിൽ നിന്ന് അദ്ദേഹം കണ്ടെടുക്കണമെന്നില്ല; ‘ഒരു വക്കീലിന്റെ കൌശലങ്ങൾ നിറഞ്ഞ’ ആ കത്ത് അദ്ദേഹത്തിനു മനസ്സിലാവണമെന്നു തന്നെയില്ല. അച്ഛന്റെ കൈയിലേക്കെന്നതിനെക്കാൾ വായനക്കാരുടെ കൈകളിലേക്കെത്തുന്നതിനാണ്‌ കാഫ്ക ഈ കത്തെഴുതിയത് എന്നു വിചാരിക്കുന്നതാണ്‌ കൂടുതൽ ശരിയെന്നു തോന്നുന്നു. അദ്ദേഹം ഇതിന്റെ രണ്ടു കോപ്പികൾ തയാറാക്കിയിരുന്നു. പ്രസിദ്ധീകരിക്കാൻ ആലോചിച്ചിരുന്നുവെന്നതിനും സൂചനകളുണ്ട്. കത്തും കഥയും തമ്മിലുള്ള അതിർത്തിരേഖകൾ മാഞ്ഞുപോവുകയാണിവിടെ.

clip_image002

എത്രയും പ്രിയപ്പെട്ട അച്ഛന്‌,


എനിക്കങ്ങയെ ഭയമാണെന്ന ഒരു വിചാരം ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതെന്തി നാണെന്ന് അടുത്തൊരിക്കൽ അങ്ങെന്നോടു ചോദിക്കുകയുണ്ടായി. പതിവുപോലെ, അതി നൊരു മറുപടി ആലോചിച്ചെടുക്കാൻ എനിക്കു കഴിയാതെയും പോയി. അതിനൊരു കാരണം എനിക്കങ്ങയെ ഭയമാണെന്നതു തന്നെ; മറ്റൊന്നാവട്ടെ, ആ ഭയത്തിന്റെ അടിസ്ഥാനത്തെക്കു റിച്ചു വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ അത്രയധികം വിശദാംശങ്ങളിലേക്ക്‌ എനിക്കു കടക്കേ ണ്ടിവരും എന്നതായിരുന്നു; അത്രയുമൊക്കെ മനസ്സിൽ വച്ചു സംസാരിക്കാനുള്ള ത്രാണി എനിക്കില്ല. ഇനിയിപ്പോൾ ഇങ്ങനെയൊരു മറുപടി എഴുതിത്തരാൻ ഞാൻ ശ്രമിക്കുക യാണെങ്കിലും അതും അപൂർണ്ണമാവാനേ വഴിയുള്ളു; കാരണം, എഴുതാനിരിക്കുമ്പോൾപ്പോലും അങ്ങയോടുള്ള ഭയവും അതിന്റെ അനന്തരഫലങ്ങളും അങ്ങയുമായുള്ള എന്റെ ബന്ധത്തിനു വിഘാതമാവുകയാണ്‌. എന്നുതന്നെയല്ല, എന്റെ ഓർമ്മശക്തിയുടെയും ചിന്താശേഷിയുടെയും പരിധിക്കുള്ളിലൊതുങ്ങാത്തത്ര വിപുലമാണ്‌ ഈ വിഷയത്തിന്റെ വ്യാപ്തിയും.

അങ്ങയെ സംബന്ധിച്ചിടത്തോളം സംഗതി വളരെ നിസ്സാരമായിരുന്നു; ഒന്നുമല്ലെങ്കിൽ, ഈ വിഷയത്തെക്കുറിച്ച്‌ എന്റെ മുന്നിൽ വച്ചും, ഇന്നാരെന്നു നോട്ടമില്ലാതെ മറ്റു പലരുടെ മുന്നിൽ വച്ചും സംസാരിക്കുന്നതു കാണുമ്പോൾ എനിക്കങ്ങനെയാണു തോന്നിയിട്ടുള്ളത്‌. അച്ഛൻ കാര്യങ്ങൾ കണ്ടത്‌ ഈ വിധമാണ്‌: താൻ ജീവിതകാലം മുഴുവൻ പണിയെടുക്കു കയായിരുന്നു; തന്റെ മക്കൾക്കു വേണ്ടി, എനിക്കു വേണ്ടി പ്രത്യേകിച്ചും, തന്റേതായ സകലതും ഹോമിക്കുകയായിരുന്നു; തന്മൂലം ഒരല്ലലും ജീവിതത്തിൽ എനിക്കറിയേണ്ടിവന്നിട്ടില്ല; എന്തു പഠിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു; ഭൗതികമായ ഒരു വിഷമവും ഞാൻ അനുഭവിച്ചിട്ടില്ല; എന്നു പറഞ്ഞാൽ, ഒരു വിഷമവും ഞാൻ അറിഞ്ഞിട്ടില്ല എന്നുതന്നെ. പകരമായി ഒരു നന്ദിയും താൻ പ്രതീക്ഷിച്ചിട്ടില്ല; കുട്ടികളുടെ നന്ദി എന്തു പ്രകാരത്തിലാ ണെന്നു തനിക്കറിയാവുന്നതാണല്ലോ; പക്ഷേ എന്തെങ്കിലും തരത്തിലുള്ള ഒരു സഹകരണം, ഒരനുഭാവം, അതു താൻ പ്രതീക്ഷിച്ചിരുന്നു. പകരം ഞാൻ ചെയ്തതോ, അങ്ങയിൽ നിന്നൊളി ച്ചുമാറി എന്റെ മുറിയിൽ കയറി അടച്ചിരിക്കുകയാണ്‌; പുസ്തകങ്ങളും തല തിരിഞ്ഞ കൂട്ടുകാരും തുമ്പുകെട്ട ആശയങ്ങളുമായിരുന്നു എനിക്കു പ്രധാനം; ഞാൻ അങ്ങയോടു മനസ്സു തുറന്നു സംസാരിച്ചിട്ടില്ല; ദേവാലയത്തിൽ* വച്ച്‌ ഞാൻ അങ്ങയുടെ അടുത്തു വന്നിട്ടില്ല; അങ്ങ് ഫ്രാൻസേൻസ്ബാദിലായിരുന്നപ്പോൾ* ഞാൻ വന്നുകണ്ടില്ല്ല; ഒരേ കുടുംബത്തിലെ അംഗങ്ങ ളാണെന്ന മമത പോലും ഞാൻ കാണിക്കുന്നില്ല; ബിസിനസ്സിലോ അങ്ങയ്ക്കു താത്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തിലോ ഞാൻ ഒരു ശ്രദ്ധയും കാണിക്കുന്നില്ല; ഫാക്റ്ററിയുടെ ചുമതല മുഴുവൻ അങ്ങയുടെ തലയിൽ വച്ചുതന്നിട്ട്‌ ഞാൻ എന്റെ പാടു നോക്കിപ്പോയി; ഓട്ട്ലയുടെ* പിടിവാശിക്ക്‌ ഒത്താശ ചെയ്തു; അച്ഛനു വേണ്ടി ചെറിയൊരു സഹായം പോലും ഞാൻ ചെയ്യുന്നില്ല ( ഒരു നാടകടിക്കറ്റു പോലും ഞാൻ ഇതേവരെ എടുത്തുകൊടുത്തിട്ടില്ല); അതേസ മയം കൂട്ടുകാർക്കു വേണ്ടി എന്തു ചെയ്യാനും എനിക്കൊരു മടിയുമില്ല. എന്നെക്കുറിച്ചുള്ള അങ്ങ യുടെ ഈ വിലയിരുത്തലിൽ നിന്നു വ്യക്തമാവുന്നത്‌, ഞാൻ അത്ര മര്യാദകെട്ടവനോ, ദുഷ്ടനോ അല്ലെങ്കിൽക്കൂടി (എന്റെ ഒടുവിലത്തെ വിവാഹാലോചനയുടെ കാര്യം ഒഴിച്ചുനിർ ത്തിയാൽ) ഉദാസീനത, അകൽച്ച, നന്ദികേട്‌ ഇത്രയും അങ്ങ്‌ എന്നിൽ ആരോപിക്കുന്നുവെ ന്നാണ്‌. തന്നെയുമല്ല, ഒക്കെ എന്റെ പിശകു കൊണ്ടാണെന്ന വിധത്തിലാണ്‌ അങ്ങു വിരൽ ചൂണ്ടുന്നതും; എന്റെ ഭാഗത്തു നിന്നുള്ള അത്ര ചെറിയൊരു ഗതിമാറ്റം കൊണ്ടുതന്നെ സകലതും എത്രയും വ്യത്യസ്തമായേനേയെന്നാണ്‌ അങ്ങയുടെ നിലപാട്‌; ഇക്കാര്യത്തിൽ താൻ പഴി കേൾക്കേണ്ടതില്ല, അഥവാ അങ്ങനെയുണ്ടെങ്കിൽ അത്‌ എന്നോട്‌ ഇത്രധികം ആനുകൂല്യം കാണിച്ചതിനു മാത്രമായിരിക്കും താനും.

അങ്ങയുടെ ഈ പതിവുവിശകലനം കൃത്യമാണെന്നു ഞാൻ സമ്മതിച്ചുതരുന്നുണ്ടെങ്കിൽ അത്‌ നമ്മൾ തമ്മിലുള്ള അകൽച്ചയുടെ കാര്യത്തിൽ താൻ തീർത്തും നിരപരാധിയാണെന്ന അങ്ങയുടെ നിലപാട്‌ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നതു കൊണ്ടുമാത്രമാണ്‌. പക്ഷേ അക്കാര്യത്തിൽ അതേ അളവിൽ നിരപരാധി തന്നെ ഞാനും. അങ്ങയെക്കൊണ്ടും ഇക്കാര്യം സമ്മതിപ്പിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞാൽ ഒരുതരം ശാന്തി- പുതിയൊരു ജീവിതമല്ല, നമുക്കു രണ്ടാൾക്കും അതിനുള്ള *പ്രായം കഴിഞ്ഞിരിക്കുന്നു-സാധ്യമായെന്നുവരാം; അങ്ങയുടെ ഈ നിർത്തില്ലാത്ത കുറ്റപ്പെടുത്തൽ അവസാനിക്കുമെന്നല്ല, അതിനൊരു കുറവുണ്ടായെന്നെങ്കിലും വന്നേക്കാം.

വിചിത്രമെന്നു തോന്നാം, ഞാൻ എന്താണർത്ഥമാക്കുന്നതെന്നതിനെക്കുറിച്ച്‌ അങ്ങയ്ക്ക്‌ ചെറിയൊരൂഹമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാവാം, അടുത്തൊരു ദിവസം അങ്ങെന്നോടു പറയുകയുണ്ടായി, ‘എനിക്കു നിന്നോട്‌ ഒരു ഇഷ്ടക്കുറവും ഉണ്ടായിട്ടില്ല; പിന്നെ, മറ്റച്ഛന്മാർ ചെയ്യുന്നതു പോലെ ഞാൻ അതൊന്നും പുറമേ കാണിച്ചിട്ടില്ലെങ്കിൽ അഭിനയം എനിക്കത്ര വശമില്ലെന്നേ അതു കൊണ്ടർത്ഥമാക്കാനുള്ളു.' അച്ഛാ, ഇനി ഞാനൊന്നു പറയട്ടെ, അങ്ങ യ്ക്ക്‌ എന്നോടുള്ള സന്മനസ്സിനെ ഞാൻ അങ്ങനെ സംശയിച്ചിട്ടൊന്നുമില്ല; എന്നാൽക്കൂടി അങ്ങയുടെ ഈ അഭിപ്രായം തെറ്റാണെന്നുതന്നെ ഞാൻ കരുതുന്നു. അങ്ങയ്ക്ക്‌ അഭിനയ മറിയില്ല, അതു സത്യം തന്നെ; എന്നുവച്ച്‌ മറ്റച്ഛന്മാർ അഭിനയക്കാരാണെന്നു വാദിക്കുന്നത്‌ തന്റെ പക്ഷമാണു ശരിയെന്നു സ്ഥാപിക്കാനുള്ള അന്ധമായ പിടിവാശി കൊണ്ടുമാത്രമാണ്‌; അതല്ലെങ്കിൽ - ഇതാണ്‌ യഥാർത്ഥസംഗതിയെന്ന് എനിക്കു തോന്നുന്നു- നമ്മൾ തമ്മിലുള്ള ബന്ധത്തിൽ എന്തോ പിശകുണ്ടെന്നും, അതങ്ങനെയായതിൽ തനിക്കുമൊരു പങ്കുണ്ടെന്നും, എന്നാൽ അതു തന്റെ കുറ്റം കൊണ്ടല്ലെന്നും പരോക്ഷമായി സമ്മതിക്കുകയാണത്‌. ഇതാണ്‌ അങ്ങുദ്ദേശിക്കുന്നതെങ്കിൽ അക്കാര്യത്തിൽ നമുക്കു യോജിപ്പായിക്കഴിഞ്ഞു.

ഞാൻ ഈവിധമായത്‌ അങ്ങയുടെ സ്വാധീനമൊന്നുകൊണ്ടു മാത്രമാണെന്നു പറയാൻ പോവുകയല്ല ഞാൻ. അതു വലിയൊരു കടത്തിപ്പറച്ചിലാകും (ഈ വിഷയത്തെക്കുറിച്ചു പറയുമ്പോൾ കടത്തിപ്പറയാനുള്ള ഒരു പ്രവണത എനിക്കുണ്ടുതാനും.) അങ്ങയുടെ സ്വാധീന ലേശമേൽക്കാതെയാണു ഞാൻ വളർന്നുവന്നതെങ്കിൽക്കൂടി അങ്ങയുടെ ഹിതത്തിനൊത്ത ഒരാളാവുമായിരുന്നില്ല എന്നതിനാണു കൂടുതൽ സാധ്യത എന്നെനിക്കു തോന്നുന്നു. ഇന്നത്തെ പ്പോലെതന്നെ ദുർബലനും, ഉത്കണ്ഠാകുലനും, സംശയാത്മാവും, അസ്വസ്ഥനുമായിരുന്നേനെ ഞാൻ; റോബർട്ട്‌ കാഫ്കയുമല്ല*, കാൾ ഹെർമനുമല്ല*; എന്നാൽക്കൂടി എന്റെ ഇന്നത്തെ അവസ്ഥയിൽ നിന്നു വ്യത്യസ്തനാകുമായിരുന്നു ഞാൻ, നമ്മൾ ഒരുമിച്ചുപോവുകയും ചെയ്തേനെ. അങ്ങയെ ഒരു കൂട്ടുകാരനായി, മാനേജരായി, അമ്മാവനായി, മുത്തശ്ശനായി, ഒരമ്മായിയച്ഛനായിക്കൂടിയും (ഒരൽപം വിസമ്മതത്തോടെയാണെങ്കിലും) കാണാൻ എനിക്കു സന്തോഷമേയുണ്ടാവു. അച്ഛനെന്ന നിലയിൽ മാത്രമാണ്‌ അങ്ങയുടെ പ്രബലസാന്നിദ്ധ്യം എനിക്കു താങ്ങാനാവാതെ വരുന്നത്‌. എന്റെ സഹോദരന്മാർ ചെറുപ്പത്തിലേ മരിച്ചുപോയിരു ന്നതു കൊണ്ടും, പിന്നെയും വളരെക്കാലം കഴിഞ്ഞിട്ടാണ്‌ സഹോദരിമാർ പിറക്കുന്നതെന്നതും കാരണം ഞാനൊറ്റയ്ക്ക്‌ എല്ലാ ആഘാതങ്ങളും താങ്ങേണ്ടിവന്നു; അതിനുള്ള ത്രാണി എനിക്കുണ്ടായിരുന്നുമില്ല.
നമ്മെ രണ്ടുപേരെയും ഒന്നു താരതമ്യം ചെയ്തുനോക്കൂ: ഞാൻ, വളരെ സംക്ഷിപ്തമായി പറഞ്ഞാൽ, കാഫ്കയുടെ അടിത്തറയിലുള്ള ഒരു ലോവി*; പക്ഷേ ജീവിക്കാനും വിജയി ക്കാനും കീഴടക്കാനുമുള്ള ആ കാഫ്കാഇച്ഛാശക്തിയല്ല എന്നെ നയിക്കുന്നത്‌, മറിച്ച്‌, നിഗൂഢവും കാതരവും മറ്റൊരു ദിശ തെരഞ്ഞെടുത്തുനീങ്ങുന്നതും പലപ്പോഴും പരാജയമടയുന്ന തുമായ ലോവിപ്രചോദനമാണ്‌. അങ്ങാണെങ്കിലോ, ഒരു യഥാർത്ഥകാഫ്ക- ബലത്തിൽ, ആരോഗ്യത്തിൽ, ദഹനശക്തിയിൽ, ഒച്ചയുടെ കനത്തിൽ, വാഗ്വൈഭവത്തിൽ, ആത്മസം തൃപ്തിയിൽ, മേല്‍ക്കോയ്മയിൽ, സ്ഥൈര്യത്തിൽ, മനഃസാന്നിദ്ധ്യത്തിൽ, മനുഷ്യസ്വഭാവ ജ്ഞാനത്തിൽ, വലിയ തോതിൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയിൽ; ഒപ്പം ഈ ഗുണങ്ങ ളോടു ചേർന്നുവരുന്ന സകല ദൗർബല്യങ്ങളും പിഴവുകളുമുണ്ട്‌; അങ്ങയുടെ പ്രകൃതവും ചിലനേരത്തെ ക്ഷോഭപ്രകൃതിയും അങ്ങയെ അവയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ഫിലിപ്‌ അമ്മാവൻ, ലുഡ്‌വിഗ്‌ അമ്മാവൻ , ഹെൻറിച്ച്‌ അമ്മാവൻ *എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ അങ്ങയുടെ ജീവിതാദർശം ഒരു യഥാർത്ഥകാഫ്കയുടേതല്ലെന്നും വരാം. ഇതസാധാരണമായിരിക്കുന്നു; പക്ഷേ ഇതെങ്ങനെ വന്നുവെന്ന്എനിക്ക്‌ ശരിക്കു പിടി കിട്ടുന്നില്ല. എന്നാൽക്കൂടി അങ്ങയെക്കാൾ പ്രസരിപ്പുള്ളവരും, ഔപചാരികതയില്ലാത്തവരും, കടുംപിടുത്തങ്ങളില്ലാത്തവരും, കാർക്കശ്യം കുറഞ്ഞവരുമായിരുന്നു അവർ.( ഇക്കാര്യത്തിൽ അങ്ങയിൽ നിന്നു പലതും ഞാൻ സ്വായത്തമാക്കിയിട്ടുണ്ടെന്നും പറയട്ടെ; ആ പൈതൃകത്തെ ഞാൻ നന്നായി സൂക്ഷിച്ചുപോന്നിട്ടുമുണ്ട്‌; അങ്ങയ്ക്കുള്ളതുപോലെ അവയുടെ വിരുദ്ധഗുണ ങ്ങൾ എനിക്കില്ലെന്നും ഞാൻ സമ്മതിക്കുന്നു). പക്ഷേ ഇക്കാര്യത്തിൽ അങ്ങും പല ഘട്ടങ്ങ ളിലൂടെ കടന്നുപോയിരിക്കുന്നു. സ്വന്തം മക്കൾ (ഞാൻ പ്രത്യേകിച്ചും) നിരാശപ്പെടുത്തുന്നതിനു മുമ്പുള്ള കാലം അങ്ങ്‌ പ്രസരിപ്പുള്ളവനായിരുന്നിരിക്കാം (വിരുന്നുകാരുള്ളപ്പോൾ അങ്ങു തീർത്തും മറ്റൊരാളാകുമായിരുന്നു); സ്വന്തം മക്കളിൽ നിന്ന്‍ (ഒരുപക്ഷേ വല്ലിയെ* ഒഴിച്ചു നിർത്തിയാൽ) തനിക്കു കിട്ടാത്ത ആ ഊഷ്മളത ഇപ്പോൾ തന്റെ പേരക്കുട്ടികളും മരുമകനും കാണിക്കുന്നുവെന്നതിനാൽ അങ്ങു വീണ്ടും ആ പഴയ ഉന്മേഷം വീണ്ടെടുത്തുവെന്നും വരാം.

അതെന്തുമാകട്ടെ, അത്രയ്ക്കു വ്യത്യസ്തരായിരുന്നു നമ്മൾ; ആ വ്യത്യസ്തതകൾ നാമിരുവർക്കും അപകടകരവുമായിരുന്നു; മന്ദഗതിയിൽ വികാസം പ്രാപിക്കുന്ന ഞാനെന്ന ശിശുവും പൂർണ്ണവളർച്ചയെത്തിയ പുരുഷനായ അങ്ങുമായുള്ള ഏർപ്പാട്‌ എങ്ങനെയായിരിക്കു മെന്ന് ആരെങ്കിലും ഒരാൾ മുൻകൂട്ടിക്കണ്ടിരുന്നെവെങ്കിൽ അതിങ്ങനെയായിരിക്കും: അങ്ങെന്നെ കാൽക്കീഴിലിട്ടരച്ചു നാമാവശേഷമാക്കുകയാണ്‌. എന്തായാലും അങ്ങനെയൊന്നു ണ്ടായില്ല; ഒരു ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്‌ പ്രവചനസാദ്ധ്യമല്ലല്ലോ; ഇനിയതല്ല, സംഭവിച്ചത്‌ അതിനെക്കാൾ മോശമായതൊന്നാണെന്നും വരാം. ഇതു പറയു മ്പോൾ ഞാൻ അങ്ങയെ കുറ്റക്കാരനായി കാണുകയാണെന്ന് അങ്ങു വിചാരിക്കരുതേ. അങ്ങെന്റെ മേൽ ചെലുത്തിയ പ്രഭാവം അങ്ങു വിചാരിച്ചാലും തടുക്കാനാവാത്തതായിരുന്നു. അതേസമയം എന്റെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും ദുഷ്ടബുദ്ധി കൊണ്ടാണ്‌ ഞാൻ ആ പ്രഭാവത്തിനു കീഴ്പ്പെട്ടതെന്നും അങ്ങു കരുതരുത്‌.
കരളുറപ്പില്ലാത്ത കുട്ടിയായിരുന്നു ഞാൻ. എന്നാൽക്കൂടി എല്ലാ കുട്ടികളെയും പോലെ ഞാൻ പിടിവാശിക്കാരനുമായിരുന്നു. അമ്മയാണെന്നെ വഷളാക്കിയതെന്നു വരാം; പക്ഷേ മെരുക്കാൻ പ്രയാസമുള്ള കുട്ടിയായിരുന്നു ഞാൻ എന്നു പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ല; ദാക്ഷിണ്യത്തോടെയുള്ള ഒരു നോട്ടമോ, ഒരു തലോടലോ, അലിവുള്ള ഒരു വാക്കോ എന്റെ വഴിക്കു വന്നിരുന്നുവെങ്കിൽ അങ്ങെന്നിൽ നിന്നു തേടിയത്‌ എന്നിൽ നിന്നു കിട്ടിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ, ഉള്ളിൽ അനുകമ്പയും ആർദ്രതയുമുള്ള ഒരാളാണങ്ങ്‌ (ഇനിയെഴുതുന്നത്‌ അതിനു വിരുദ്ധവുമല്ല, ഒരു കുട്ടിയുടെ കണ്ണിലൂടെ ഞാൻ അങ്ങയെ എങ്ങനെ കണ്ടുവെന്നേ ഇതു കൊണ്ട്‌ ഉദ്ദേശിക്കുന്നുള്ളു); പക്ഷേ ഉപരിതലം തുരന്നുചെന്ന് ഉള്ളിലെ കാരുണ്യം കണ്ടെത്താനുള്ള ക്ഷമയോ, ധൈര്യമോ എല്ലാ കുട്ടികൾക്കും ഉണ്ടായി ക്കൊള്ളണമെന്നില്ലല്ലോ. ഊറ്റം, ഒച്ച, ക്ഷോഭം- അങ്ങെന്തൊക്കെയാണോ, അതൊക്കെ ക്കൊണ്ടേ അങ്ങയ്ക്കും തന്റെ മകനെ പരുവപ്പെടുത്താൻ കഴിയൂ; എന്റെ കാര്യത്തിലാവട്ടെ, ഈ മാർഗ്ഗങ്ങൾ വളരെ സൗകര്യപ്രദമായി അങ്ങയ്ക്കു തോന്നുകയും ചെയ്തു, കാരണം ശക്തനും ധൈര്യവാനുമായ ഒരാളായി എന്നെ വാർത്തെടുക്കുകയായിരുന്നല്ലോ അങ്ങയുടെ ഉന്നം.

എന്നെ വളർത്താൻ ആദ്യകാലങ്ങളിൽ അങ്ങു സ്വീകരിച്ച മാർഗ്ഗങ്ങൾ കൃത്യമായി ഓർത്തെടുക്കാനും വിവരിക്കാനും എനിക്കു കഴിയില്ല എന്നതു ശരിതന്നെ; എന്നാൽക്കൂടി സമീപകാലത്തെ എന്റെ അനുഭവത്തിൽ നിന്നും, ഫെലിക്സിനോടുള്ള* അങ്ങയുടെ പെരുമാ റ്റത്തിൽ നിന്നും അതിനെക്കുറിച്ച്‌ ഏകദേശമൊരു ധാരണ രൂപീകരിക്കാൻ എനിക്കു കഴിയു മെന്നു തോന്നുന്നു. അന്ന് ഇന്നത്തേക്കാൾ ചെറുപ്പമായിരുന്നു അങ്ങെന്നും, അതിനാൽ കൂടുതൽ ഊർജ്ജ്വസ്വലനും, പരുക്കനും, സാഹസികനുമായിരുന്നുവെന്നും എനിക്കു നല്ല ബോധ്യമുണ്ട്‌; എന്നുമാത്രമല്ല, ബിസിനസ്സുമായി നടന്നിരുന്നതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും എന്നെ കാണാനുള്ള നേരം അങ്ങയ്ക്കു കിട്ടിയിരുന്നില്ല എന്നും, അതുകാരണം അങ്ങെന്നിലുണ്ടാ ക്കിയ പ്രഭാവം അത്ര വലുതായിരുന്നുവെന്നും, അതുമായി പൊരുത്തപ്പെടാൻ എനിക്കത്ര വിഷമമായിരുന്നുവെന്നും എനിക്കറിയാം.
ആദ്യകാലത്തെക്കുറിച്ച്‌ എനിക്കു നേരിട്ടൊരോർമ്മയുള്ളത്‌ ഒരു സംഭവത്തെക്കുറിച്ചു മാത്രമാണ്‌. അതങ്ങയ്ക്കും ഓർമ്മയുണ്ടാവണം. ഒരു ദിവസം രാത്രിയിൽ ഞാൻ വെള്ളത്തിനു വേണ്ടി ചിണുങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ദാഹിച്ചിട്ടല്ല എന്നതെനിക്കു വ്യക്തമാണ്‌; ഒരു പക്ഷേ വെറുതേ ശല്യപ്പെടുത്താനുള്ള ഒരാഗ്രഹം കൊണ്ടാവാം, അതുമല്ലെങ്കിൽ എനിക്ക തൊരു നേരമ്പോക്കായി തോന്നിയതുകൊണ്ടുമാവാം. ഭീഷണികളൊന്നും വിലപ്പോവാതെ വന്നപ്പോൾ അങ്ങെന്നെ കട്ടിലിൽ നിന്നെടുത്ത്‌ ആ വേഷത്തിൽ ഇടനാഴിയിൽ കൊണ്ടു പോയി അടച്ചിട്ട വാതിലിനു പുറത്തു നിർത്തി. അതു തെറ്റായിരുന്നുവെന്നല്ല ഞാൻ പറയുന്നത്‌; അന്നു രാത്രിയിൽ സമാധാനം കിട്ടാൻ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല എന്നതു ശരിയായി രിക്കാം; പക്ഷേ ഇവിടെ ഞാനിതു പരാമർശിക്കുന്നത്‌, ഒരു കുട്ടിയെ വളർത്താൻ അങ്ങു സ്വീകരിച്ചിരുന്ന മാർഗ്ഗങ്ങൾ ഏതു വിധമായിരുന്നുവെന്ന്‌ ഉദാഹരിക്കാൻ വേണ്ടിമാത്രമാണ്‌; അവ എന്നെ എങ്ങനെ ബാധിച്ചു എന്നു കാണിക്കാനും. അതിനു ശേഷം ഞാൻ അനുസരണ ക്കാരനായി മാറി എന്നു ഞാൻ ഉറപ്പിച്ചുപറയാം; പക്ഷേ അതെന്നെ കാര്യമായി ക്ഷതപ്പെടുത്തു കയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം അത്ര സ്വാഭാവികമായ ഒരു കാര്യം, വെള്ള ത്തിനു വേണ്ടിയുള്ള ആ പിടിവാശി: അതിനു വെളിയിൽ ഇറക്കിവിടുക എന്ന അസാധാര ണമായ ഭീകരത- രണ്ടും തമ്മിൽ പൊരുത്തപ്പെടുത്താൻ എന്റെ അന്നത്തെ സ്വഭാവം വച്ച്‌ എനിക്കു കഴിഞ്ഞില്ല. ഇതു നടന്നു വർഷങ്ങൾക്കു ശേഷവും ഭയാനകമായ ഒരു ഭാവന എന്നെ വേട്ടയാടിക്കൊണ്ടിരുന്നു: കൂറ്റനായ ഒരു മനുഷ്യൻ, എന്റെ അച്ഛൻ, പരമാധികാരി, രാത്രിയിൽ ഒരു കാരണവുമില്ലാതെ എന്നെ കട്ടിലിൽ നിന്നെടുത്ത്‌ ഇടനാഴിയിൽ കൊണ്ടുനിർത്തുന്നു; അതിനർത്ഥം അങ്ങയ്ക്കു ഞാൻ അത്ര നിസ്സാരനായിരുന്നു എന്നാണല്ലോ.
അതു ചെറിയൊരു തുടക്കം മാത്രമായിരുന്നു; പക്ഷേ പലപ്പോഴും എന്നെ കീഴമർത്തുന്ന ഞാൻ ആരുമല്ല എന്ന ബോധം (ഒരു കണക്കിൽ വളരെ കുലീനവും സാർത്ഥകവുമായ ഒരു വികാരവുമാണത്‌) അങ്ങയുടെ സ്വാധീനത്തിൽ നിന്നാണ്‌ എനിക്കു കിട്ടിയത്‌. എനിക്കു വേണ്ടി യിരുന്നത്‌ ചെറിയൊരു പ്രോത്സാഹനം, അൽപ്പമൊരു മമത, വഴിയൊന്നു തെളിച്ചിടുക എന്നതു മാത്രമായിരുന്നു; പകരം അങ്ങു ചെയ്തതോ, എന്റെ വഴി തന്നെ കെട്ടിയടയ്ക്കുക യാണ്‌; ഞാൻ മറ്റൊരു വഴിയിലൂടെ പോകട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ്‌ അങ്ങതു ചെയ്തത്‌ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അതിനു പാകപ്പെട്ടവനായിരുന്നില്ല ഞാൻ. ഉദാഹരണത്തിന്‌ ഞാൻ സല്യൂട്ടും ചെയ്ത്‌ ചുണയോടെ മാർച്ചു ചെയ്തു പോകുമ്പോൾ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഒരു സൈനികജീവിതം എന്റെ ചിന്തയിലുണ്ടാ യിരുന്നില്ല; അതുപോലെ, ഞാൻ നന്നായി ആഹാരം കഴിക്കുമ്പോൾ, ഭക്ഷണസമയത്ത്‌ ബിയറു കഴിക്കുമ്പോൾ, അങ്ങയ്ക്കിഷ്ടപ്പെട്ട വാക്കുകൾ ഉപയോഗിച്ച്‌ അങ്ങയെ അനുകരിച്ചു സംസാരിക്കുമ്പോൾ- അപ്പോഴൊക്കെ അങ്ങെന്നെ പ്രോത്സാഹിപ്പിച്ചു; പക്ഷേ ഇതിനൊന്നിനും എന്റെ ഭാവിയോട്‌ ഒരു ബന്ധമുണ്ടായിരുന്നില്ല. ഇന്നും താൻ കൂടി ഉൾപ്പെടുന്ന ഒരു സംഗതി യിലേ അങ്ങെന്നെ പ്രോത്സാഹിപ്പിക്കാറുള്ളു; അങ്ങയുടെ ആത്മാഭിമാനത്തിന് ഇടിവേൽക്കു മെന്നു വരുമ്പോൾ മാത്രം; അത്‌ ഞാൻ കാരണം അങ്ങയുടെ ആത്മാഭിമാനത്തിന് മുറിവേൽ ക്കുമ്പോഴാവാം (ഉദാഹരണത്തിന്‌ എന്റെ വിവാഹനിശ്ചയം); അല്ലെങ്കിൽ എന്നിലൂടെ അതിനു ക്ഷതം പറ്റുമ്പോഴുമാവാം(ഉദാഹരണത്തിന്‌ പെപ്പാ* എന്നെ ചീത്ത പറയുമ്പോൾ). ആ നേരത്ത്‌ എനിക്കു പ്രോത്സാഹനം കിട്ടുന്നു; എന്റെ വിലയെക്കുറിച്ച്‌ എന്നെ ഓർമ്മപ്പെടു ത്തുന്നു; എനിക്കു ചേർന്ന ബന്ധങ്ങൾ വേറെ എത്രയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, പെപ്പായെ പഴി പറഞ്ഞു നാനാവിധമാക്കുന്നു. എന്റെ ഈ പ്രായത്തിൽ പ്രോത്സാഹനങ്ങൾ കൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്ന കാര്യമിരിക്കട്ടെ, എന്തു സഹായമാണ്‌ അതുകൊണ്ടെ നിക്കു കിട്ടാൻ പോകുന്നത്‌? അതെനിക്കൊരു പ്രശ്നമേയല്ലാതിരിക്കെ എനിക്കതു കൊണ്ടെന്തു കാര്യം?

ആ കാലത്ത്‌ അങ്ങയുടെ പ്രോത്സാഹനം എനിക്കു ഗുണകരമായേനെ. അങ്ങയുടെ ഭൗതികസാന്നിദ്ധ്യം കൊണ്ടുതന്നെ മനസ്സിടിഞ്ഞവനായിരുന്നു ഞാൻ. ഉദാഹരണത്തിന്‌, നീന്താൻ പോകുമ്പോൾ ഒരേ മുറിയിൽ വച്ചു നാം വസ്ത്രം മാറിയിരുന്നത്‌ ഞാൻ ഇപ്പോ ഴോർക്കുന്നു. എല്ലും തൊലിയുമായി, ക്ഷീണിച്ചു മെലിഞ്ഞ ഞാനൊരാൾ; അങ്ങയോ, മാറു വിരിഞ്ഞ്‌, ബലത്തു കൂറ്റനായ ഒരാളും. മുറിയ്ക്കുള്ളിൽ നില്ക്കുമ്പോൾത്തന്നെ ഒരു നികൃഷ്ട രൂപമാണു ഞാൻ അങ്ങയുടെ കണ്ണിൽ, ലോകത്തിന്റെയാകെ കണ്ണിൽ (അങ്ങായിരുന്നല്ലോ സകലതിനും എനിക്കു മാനദണ്ഡം) എന്നെനിക്കു തോന്നി. എന്നിട്ടു പിന്നെ, മറ്റുള്ളവരുടെ കണ്മുന്നിലൂടെ അങ്ങയുടെ കൈയും പിടിച്ചു ഞാൻ, ഒരു കുഞ്ഞസ്ഥികൂടം, കാലിൽ ചെരുപ്പി ല്ലാതെ, ചുവടുറയ്ക്കാതെ പുറത്തേയ്ക്കു വരും. എങ്ങനെ നീന്തണമെന്ന്‌ അങ്ങു കാണിച്ചുത രുന്നത്‌ എനിക്കനുകരിക്കാനാവുന്നില്ല ( നല്ല ഉദ്ദേശ്യത്തോടെയാണ്‌ അങ്ങയുടെ പ്രവൃത്തിയെ ങ്കിലും യഥാർഥത്തിൽ എന്നെ കടുത്ത നാണക്കേടിനടിപ്പെടുത്തുകയാണത്‌); ഞാൻ കൊടും നൈരാശ്യത്തിലേക്കാണ്ടുപോകുന്നു, അങ്ങനെയുള്ള നിമിഷങ്ങളിൽ സകല മേഖലകളിലും എനിക്കുള്ള ദുരനുഭവങ്ങൾ ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ അങ്ങ്‌ ആദ്യം വസ്ത്രം മാറ്റി പുറത്തിറങ്ങിയിരുന്നപ്പോൾ എനിക്കല്പം കൂടി മനസ്സമാധാനം കിട്ടിയിരുന്നു; അങ്ങു വന്നെന്നെ ആട്ടിയിറക്കുന്നത്രയും നേരം അന്യർക്കു മുന്നിൽ സ്വയം പ്രദർശിപ്പിക്കുക എന്ന നാണക്കേടൊഴിവാക്കി എനിക്കു മുറിയിൽത്തന്നെ ഇരിക്കാമായിരുന്നല്ലോ. എന്റെ മനോവിഷമം അങ്ങു ശ്രദ്ധിക്കാത്തതിന്റെ പേരിൽ എനിക്കങ്ങയോടു നന്ദി തോന്നിയിരുന്നു; എന്റെ അച്ഛന്റെ ശരീരം എനിക്കൊരഭിമാനവുമായിരുന്നു. ആ വ്യത്യസ്തതയുടെ ഒരംശം ഇന്നും നമുക്കിടയിൽ നിലനില്ക്കുന്നു എന്നും പറഞ്ഞുകൊള്ളട്ടെ.

ഇതിനോടു ചേർന്നുപോകുന്നതായിരുന്നു അങ്ങയുടെ ധൈഷണികമായ മേല്‍ക്കോയ്മ. സ്വപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്‌ ഇന്നത്തെ നിലയിലേക്ക്‌ അങ്ങുയർന്നതെന്നതിനാൽ താൻ ചെയ്യുന്നതെന്തിനെക്കുറിച്ചും അളവറ്റൊരാത്മവിശ്വാസം അങ്ങയ്ക്കുണ്ടായിരുന്നു. കുട്ടി യായിരുന്നപ്പോൾ അതെന്റെ മനസ്സിനെ അത്രയ്ക്കു കുഴക്കിയിരുന്നില്ലെങ്കിലും, അതിലുമെ ത്രയോ അധികമായിരുന്നു വളർന്നുവരുന്ന ഒരു ചെറുപ്പക്കാരനിൽ അതിന്റെ പ്രഭാവം. സ്വന്തം ചാരുകസേരയിൽ കിടന്ന്‌ അങ്ങു ലോകം ഭരിച്ചു. അങ്ങയുടെ അഭിപ്രായം മാത്രം ശരി, മറ്റുള്ള തൊക്കെ വെറും ഭ്രാന്ത്‌, ഭോഷ്ക്ക്‌. അതേ സമയം അത്രയും അളവറ്റ ഒരാത്മവിശ്വാസത്തി നുടമയായിരുന്നു അങ്ങെന്നതിനാൽ താൻ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധ മാകുന്നത്‌ അങ്ങയ്ക്കു പ്രശ്നമേ ആയിരുന്നില്ല. അപ്പോഴും അങ്ങയുടെ ഭാഗം ശരിയായിരിക്കു കയും ചെയ്യും. ഒരു വിഷയത്തെക്കുറിച്ച്‌ അങ്ങയ്ക്ക്‌ ഒരഭിപ്രായവും ഇല്ലെങ്കിലാവട്ടെ, ആ വിഷയത്തെക്കുറിച്ചു വരാവുന്ന മറ്റെല്ലാ അഭിപ്രായങ്ങളും പിശകിയേ പറ്റൂ. ഉദാഹരണത്തിന്‌ അങ്ങയ്ക്കു ചെക്കുകളെ അധിക്ഷേപിക്കാം, പിന്നെ ജർമ്മൻകാരെ, ജൂതന്മാരെ, അതും എന്തെങ്കിലും ചിലതിന്റെ പേരില്ല, അടച്ചൊരാക്ഷേപമാണ്‌; ഒടുവിൽ അങ്ങൊരാൾ മാത്രം ശേഷിക്കുന്നു. എല്ലാ സ്വേച്ഛാധിപതികൾക്കുമുള്ള ദുർജ്ഞേയമായ ആ സ്വഭാവവിശേഷം, യുക്തിയുടെയല്ല, താനെന്ന വ്യക്തിയുടെ അടിസ്ഥാനത്തിൽ സ്വന്തം അവകാശം സ്ഥാപിച്ചെ ടുക്കുന്ന ആ രീതി, അങ്ങും അതു കൈക്കൊള്ളുകയായിരുന്നു. അങ്ങനെയാണ്‌ അന്നെനിക്കതു തോന്നിയത്‌.

ഇനി, എന്റെ കാര്യത്തിൽ അങ്ങയുടെ ഭാഗം പലപ്പോഴും വളരെ ശരിയായിരുന്നുവെന്നത്‌ ആശ്ചര്യകരമായിരിക്കുന്നു; തമ്മിൽ സംസാരിക്കുമ്പോൾ അതു പ്രത്യേകിച്ചു പറയേണ്ടതുമില്ല, തമ്മിൽ സംസാരം എന്നൊന്നുണ്ടായിട്ടുണ്ടെങ്കിൽ; യഥാർഥത്തിലും അങ്ങനെ തന്നെയാ യിരുന്നു. അതില്പക്ഷേ ദുരൂഹമായിട്ടെന്തെങ്കിലുമുണ്ടെന്നു പറയാനുമില്ല. എന്തെന്നാൽ എന്റെ ഓരോ ചിന്തയും അങ്ങയുടെ കഠിനമായ സമ്മർദ്ദത്തിൻ കീഴിലാണല്ലോ നടക്കേണ്ടിയിരുന്നത്‌, അങ്ങയുടെ ചിന്തയുമായി യോജിക്കാത്തവ പോലും- അവ പ്രത്യേകിച്ചും. എന്റെ ചിന്തകൾ, അങ്ങയിൽ നിന്നു സ്വതന്ത്രമാണവയെന്നു തോന്നിയാൽ പോലും, തുടക്കത്തിലേ തന്നെ അങ്ങ യുടെ കർക്കശവും ധൃഷ്ടവുമായ ന്യായവിധിയുടെ ഭാരം പേറുന്നവയായിരുന്നു. ആ ഭാരവും സഹിച്ചുകൊണ്ട്‌ പൂർണ്ണവും സ്ഥായിയുമായ ഒരു തലത്തിലേക്ക്‌ ഒരു ചിന്തയെ വികസിപ്പി ക്കുക എന്നത്‌ മിക്കവാറും അസാധ്യം തന്നെയായിരുന്നു എനിക്ക്‌. ഉദാത്തമായ എന്തെങ്കിലും ചിന്തയുടെ കാര്യമൊന്നുമല്ല ഞാൻ പറയുന്നത്‌, ബാല്യത്തിലെ കൊച്ചുകൊച്ചുദ്യമങ്ങളെക്കുറി ച്ചാണ്‌. എന്തിനെയെങ്കിലും കുറിച്ചു നിങ്ങൾക്കൊരു സന്തോഷം തോന്നുന്നു, അതു മനസ്സിൽ നിറയുന്നു, വീട്ടിലെത്തി നിങ്ങൾ അതിനെക്കുറിച്ചൊന്നു പറയുകയാണ്‌, അതിനു മറുപടി വരു ന്നത്‌ ഇതായിരിക്കും: വിപരീതാർഥത്തിലുള്ള ഒരു ദീർഘനിശ്വാസം, ഒരു തലകുലുക്കൽ, വിരൽ കൊണ്ട്‌ മേശപ്പുറത്തൊരു തട്ടും- ‘ ഓ, ഇതാണോ ഇത്ര വലിയ കാര്യം?’, അല്ലെങ്കിൽ ‘അവന്റെയൊരു വേവലാതികൾ!’, അല്ലെങ്കിൽ ‘ഇതിനൊന്നും എനിക്കിപ്പോൾ നേരമില്ല!’, അല്ലെങ്കിൽ ‘ഇതിനാണോ ഇത്ര പുകിൽ!’ ശരിയാണ്‌, അങ്ങയുടെ ജീവിതം തന്നെ വേവലാ തികൾ നിറഞ്ഞതായിരിക്കെ ബാലിശമായ നിസ്സാരതകൾക്കു കാതു കൊടുക്കാൻ അങ്ങയ്ക്കെ വിടെ നേരം? അതായിരുന്നില്ല പക്ഷേ, വിഷയം. വിഷയം, കുട്ടിയ്ക്കു നിരന്തരം ഇച്ഛാഭംഗ ങ്ങൾ വരുത്താതിരിക്കാൻ, അവന്റെ പ്രകൃതത്തിനു വിരുദ്ധമാണ്‌ സ്വന്തം പ്രകൃതം എന്നതിനാൽ അങ്ങയെക്കൊണ്ടാവില്ല എന്നതായിരുന്നു; അതു തന്നെയല്ല, ഈ വിരോധം അതിനുള്ള അവസരങ്ങൾ കൂടിവരുന്നതനുസരിച്ച്‌ വർദ്ധിച്ചു വർദ്ധിച്ചു വന്നൊടുവിൽ ഒരിക്കലെങ്കിലും എന്റെ തന്നെ അഭിപ്രായമാണ്‌ അങ്ങയ്ക്കെന്നു വന്നാൽ കൂടി അതിനുമനുവദിക്കാത്ത ഒരു സ്വഭാവദാർഢ്യമായി മാറുകയും ചെയ്യുന്നു; ആത്യന്തികമായി കുട്ടിയുടെ മേൽ വച്ചുകെട്ടുന്ന ഈ നൈരാശ്യങ്ങൾ സാധാരണജീവിതത്തിന്റേതുമായിരുന്നില്ല, മറിച്ച്‌- സകലതിനും മാനദണ്ഡം അങ്ങായിരുന്നു എന്നതിനാൽ- മർമ്മത്തിൽ കൊള്ളുന്നതുമായിരുന്നു. ധൈര്യം, നിശ്ചയ ദാർഢ്യം, ആത്മവിശ്വാസം, എന്തിന്റെയെങ്കിലും പേരിലുള്ള സന്തോഷം ഇതൊന്നും നീണ്ടുനി ന്നിരുന്നില്ല, ഇതിനൊക്കെ അങ്ങെതിരായിരുന്നു എന്നതു കാരണം, അല്ലെങ്കിൽ അങ്ങെ യ്ക്കെതിർപ്പുണ്ടാകാം എന്ന വിശ്വാസം കാരണം; ഞാൻ ബന്ധപ്പെടുന്ന എന്തിലും ആ വിശ്വാസം നിശ്ചയമായും ശരിയായിരിക്കുകയും ചെയ്യും.

ചിന്തകളുടെ കാര്യത്തിൽ മാത്രമല്ല, ആളുകളുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. ഏതെങ്കിലുമൊരാളുടെ പേരിൽ ഞാൻ ചെറുതായൊരു താത്പര്യം പ്രകടിപ്പിക്കേണ്ട താമസം,-എന്റെ പ്രകൃതം വച്ച്‌ അതധികമങ്ങനെ ഉണ്ടാവാനും പോകുന്നില്ല- എനിക്കെന്തു തോന്നുമെന്ന വിചാരമില്ലാതെ, എന്റെ വിലയിരുത്തലിൽ എന്തെങ്കിലും ന്യായമുണ്ടോയെന്ന ആലോചനയു മില്ലാതെ, അധിക്ഷേപവും അപവാദവുമായി അങ്ങു ചാടിവീഴുകയായി. ശിശുക്കളെപ്പോലെ നിഷ്കളങ്കരായവർ, ആ യിദ്ദിഷ്‌ നടൻ ലോവി* ഉദാഹരണം, അതിനിരകളായിട്ടുണ്ട്‌. അയാ ളെക്കുറിച്ചൊന്നുമറിയാതിരുന്നിട്ടും അങ്ങയാളെ, ഭീകരമായ ആ പ്രയോഗം ഞാനിപ്പോളോർക്കു ന്നില്ല, ഒരു കീടത്തോടുപമിച്ചു; എനിക്കു താത്പര്യമുള്ളവരുടെ കാര്യം വരുമ്പോൾ അങ്ങയുടെ നാവിൻ തുമ്പത്തു റെഡിയായിട്ടുള്ള നായ്ക്കളെയും ചെള്ളുകളെയും കുറിച്ചുള്ള ആ *പഴഞ്ചൊല്ല്‌ അങ്ങെടുത്തു പ്രയോഗിക്കുകയും ചെയ്തു. ലോവിയുടെ കാര്യം ഞാൻ പ്രത്യേകിച്ചോർക്കാൻ കാരണം അയാളെക്കുറിച്ചുള്ള അങ്ങയുടെ പ്രസ്താവം ഇങ്ങനെയൊരു കുറിപ്പോടെ ഞാൻ എഴുതിവച്ചിരുന്നു എന്നതാണ്‌: എന്റെ അച്ഛൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച്‌ (അദ്ദേഹ ത്തിന്‌ അയാളെ അറിയുകപോലുമില്ല) സംസാരിക്കുന്നത്‌ ഈ വിധത്തിലാണ്‌; അതിനു കാരണം അയാൾ എന്റെ സ്നേഹിതനായിപ്പോയി എന്നതു മാത്രം. ഒരു മകന്റെ സ്നേഹമോ നന്ദിയോ ഇല്ലെന്നു പറഞ്ഞ്‌ അദ്ദേഹമെന്നെ എന്നെങ്കിലും കുറ്റപ്പെടുത്തിയാൽ അന്നെനിക്കെ ടുത്തു പ്രയോഗിക്കാൻ ഇതുണ്ടാവും. എന്തു മാത്രം മനോവേദനയും നാണക്കേടുമാണ്‌ അങ്ങെന്റെ മേൽ ഏല്പിക്കുന്നതെന്ന കാര്യം അങ്ങറിയാതെപോകുന്നല്ലോ എന്നത്‌ എക്കാലവും എനിക്കൊരു ദുരൂഹതയായിരുന്നു; സ്വന്തം ശക്തിയെക്കുറിച്ച്‌ അങ്ങയ്ക്കൊരു ധാരണയു മില്ലാത്തപോലെയായിരുന്നു അത്‌. ഞാനും വാക്കുകൾ കൊണ്ട്‌ അങ്ങയെ മുറിവേല്പിച്ചിട്ടുണ്ട്‌ എന്നതു ശരിതന്നെ; പക്ഷേ ആ ബോധം എനിക്കുണ്ടായിരുന്നു. എനിക്കതു പ്രയാസമുണ്ടാക്കി യിരുന്നു, എന്നാൽ അവയെ തടയാനുള്ള ആത്മനിയന്ത്രണം എനിക്കില്ലാതെ പോയി; പറയു മ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നല്ലോ എന്ന ഖേദം എന്നെ ബാധിച്ചുകഴിയും. അങ്ങ യ്ക്കു പക്ഷേ രണ്ടാമതൊന്നാലോചിക്കാതെ തന്റെ വാക്കുകളെടുത്തു പെരുമാറാം; അതിന്റെ പേരിൽ ആരോടും അങ്ങയ്ക്ക് ഖേദപ്രകടനം നടത്തേണ്ടതില്ല, ആ സമയത്തും അതിനു ശേഷവും- അങ്ങയ്ക്കു മുന്നിൽ നിരായുധനായിപ്പോവുകയായിരുന്നു ഞാന്‍.

പക്ഷേ കുട്ടികളുടെ ശിക്ഷണത്തിന്റെ കാര്യത്തിൽ അങ്ങയുടെ പൊതുവേയുള്ള സമീപനം ഇങ്ങനെ തന്നെയായിരുന്നു. അതിനുള്ളൊരു വാസന അങ്ങയ്ക്കുണ്ടായിരുന്നുവെന്ന്‌ എനിക്കു തോന്നുന്നു; അങ്ങയുടെ തരത്തില്‍പെട്ട ഒരു വ്യക്തിയുടെ വളർച്ചയ്ക്ക്‌ അങ്ങയുടെ ചിട്ടകൾ തീർച്ചയായും ഗുണം ചെയ്തേനെ; അങ്ങനെയൊരാളായിരുന്നുവെങ്കിൽ അയാൾ അങ്ങ് പറയുന്നതിലെ യുക്തിയുക്തത കണ്ടറിഞ്ഞ്‌, അതിനപ്പുറമൊന്നും ചിന്തിച്ചു തല പുണ്ണാക്കാൻ പോകാതെ അങ്ങു പറയുന്നത്‌ അതേപടി അനുസരിച്ചുനടന്നേനെ. പക്ഷേ, കുട്ടിയായ എനിക്ക്‌ അങ്ങയുടെ ആക്രോശങ്ങൾ ദൈവകല്പനകളായിരുന്നു; ഞാനതു മറന്നില്ല; ലോകത്തെ വിലയിരുത്താൻ, അതിലുമുപരി അങ്ങയെ വിലയിരുത്താനുള്ള പരമപ്രധാനമായ ഉപാധിയായി അതെന്നോടൊപ്പമുണ്ടായിരുന്നു; അതിൽ അങ്ങു പൂർണ്ണമായും പരാജയപ്പെടു കയും ചെയ്തു. ഭക്ഷണസമയത്താണു ഞാൻ മിക്കപ്പോഴും അങ്ങയോടൊപ്പമുണ്ടാവുക എന്ന തിനാൽ ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാവും പ്രധാനമായും അങ്ങ യുടെ ശിക്ഷണം. മേശപ്പുറത്ത്‌ എന്തു കാണുന്നുവോ, അതു കഴിച്ചിരിക്കണം; അതിന്റെ ഗുണ ത്തെക്കുറിച്ച്‌ ഒരു ചർച്ചയും പാടില്ല- അങ്ങയ്ക്കു പക്ഷേ പലപ്പോഴുമത്‌ വായിൽ വയ്ക്കാൻ കൊള്ളാത്തതായിരുന്നു, പിണ്ണാക്കായിരുന്നു, ആ പോത്ത്‌ (വേലക്കാരി) കൊണ്ടുപോയി നശി പ്പിച്ചതായിരുന്നു. അങ്ങയുടെ കൂറ്റൻ വിശപ്പിനു ചേരുന്നപടി, ചൂടാറാൻ നില്ക്കാതെ, വലിയ ഉരുളകളാക്കി, വാരിവാരി അങ്ങു വിഴുങ്ങുമ്പോൾ അതിനൊപ്പമെത്താൻ കുട്ടിയ്ക്കു പണിപ്പെടേ ണ്ടിവന്നു; മേശയ്ക്കു ചുറ്റും ഗൗരവം നിറഞ്ഞ നിശബ്ദതയായിരിയ്ക്കും; ഇടയ്ക്കിടെ അതിനെ ഭേദിച്ചുകൊണ്ട്‌ അങ്ങയുടെ ശാസനകൾ കേൾക്കാം: ‘ആദ്യം വാരിക്കഴിക്കാൻ നോക്ക്‌, സംസാരമൊക്കെ പിന്നെയാകാം,’ ‘ വേഗം, വേഗം, വേഗം’, ‘കണ്ടോ, ഞാൻ കഴിച്ചു കഴിഞ്ഞിട്ട്‌ എത്ര കാലമായി.‘ എല്ലുകൾ കടിച്ചുടയ്ക്കാൻ പാടില്ല. പക്ഷേ അങ്ങയ്ക്കതാവാം. വിനാഗിരി ഒച്ചയുണ്ടാക്കിക്കുടിക്കരുത്‌, പക്ഷേ അങ്ങയ്ക്കാവാം. റൊട്ടി നേരേ മുറിയ്ക്കുക എന്നതാണു പ്രധാനം. ചാറൊലിക്കുന്ന കത്തി കൊണ്ടാണ്‌ അങ്ങതു ചെയ്യുന്നതെന്നത്‌ വിഷയ മേയല്ല. തറയിൽ എച്ചിലു വീഴാൻ പാടില്ല. പക്ഷേ ഭക്ഷണം കഴിയുമ്പോൾ ഏറ്റവുമധികം എച്ചിലു വീണിരിക്കുന്നത്‌ അങ്ങയുടെ കസേരയ്ക്കടിയിലായിരിക്കും. ഭക്ഷണത്തിനിരിക്കു മ്പോൾ അതല്ലാതെ മറ്റൊന്നുമരുത്‌. അങ്ങയ്ക്കു പക്ഷേ നഖം മുറിയ്ക്കാം, പെൻസിൽ മുന കൂർപ്പിക്കാം, പല്ലുകുത്തിയെടുത്ത്‌ ചെവി വൃത്തിയാക്കാം. അച്ഛാ, ഞാൻ പറയുന്നത്‌ ശരിയായ അർഥത്തിലെടുക്കണേ: തീർത്തും നിസ്സാരമായ വിശദാംശങ്ങളായിരിക്കാം ഇതൊക്കെ. എനി ക്കവ പീഡാജനകമായത്‌ സകലതിനും മാനദണ്ഡമായ അങ്ങ്‌ എന്നിൽ ചുമത്തിയ കൽപന കളെ സ്വയം അനുസരിക്കുന്നില്ല എന്നു വന്നപ്പോഴാണ്‌. ഇതെന്റെ ലോകത്തെ മൂന്നു ഭാഗങ്ങ ളായി തിരിച്ചു: ഒന്നിൽ, എനിക്കു മാത്രമായി സൃഷ്ടിച്ചതും, എന്തു കാരണം കൊണ്ടോ എനിക്കു പൂർണ്ണമായി അനുസരിക്കാനാവാത്തതുമായ നിയമങ്ങൾക്കു വിധേയനായി ഞാൻ, അടിമ, ജീവിക്കുന്നു; പിന്നെ എന്റെ ലോകത്തു നിന്ന്‌ അനന്തദൂരമകലെ രണ്ടാമതൊരു ലോകത്ത്‌ ഭരണവും, ഉത്തരവുകളിറക്കലും, അവ അനുസരിക്കപ്പെടാത്തതിലെ ഈർഷ്യയുമൊക്കെയായി അങ്ങു ജീവിക്കുന്നു; ഒടുവിൽ, ആരെയും അനുസരിക്കേണ്ടതില്ലാതെ മറ്റു മനുഷ്യർ സന്തോഷ ത്തോടെ ജീവിക്കുന്ന മൂന്നാമത്തെ ലോകം. എനിക്കെന്നും അവമാനമായിരുന്നു; അങ്ങയുടെ കല്പനകളെ അനുസരിക്കുക- അതൊരവമാനമായിരുന്നു; അല്ലെങ്കിൽ ധിക്കരിച്ചുനടക്കുക- അതും അവമാനമായിരുന്നു; ഞാൻ അങ്ങയെ ധിക്കരിച്ചു നടക്കുന്നതെങ്ങനെ? അല്ലെങ്കിൽ, അങ്ങയുടെ ബലമോ, വിശപ്പോ, ചുണയോ ഇല്ലാത്തതു കാരണം അങ്ങയുടെ കല്പനകൾ അനുസരിക്കാൻ പറ്റാതെവരിക; അതായിരുന്നു ഏറ്റവും വലിയ അവമാനം. കുട്ടിയുടെ ചിന്ത- വികാരമല്ല- പോയത്‌ ഈ വഴിക്കാണ്‌.

എന്റെ അന്നത്തെ അവസ്ഥ ഫെലിക്സിന്റെ* ഇന്നത്തെ സ്ഥിതിയുമായി തട്ടിച്ചു നോക്കു മ്പോൾ കുറച്ചുകൂടി വ്യക്തമായേക്കാം. അങ്ങ് അവനെ കൈകാര്യം ചെയ്യുന്നതും അതേപോലെ തന്നെ- മാത്രമല്ല, തീർത്തും ഭീകരമായ ഒരു മുറ കൂടി അവന്റെ മേൽ അങ്ങു പ്രയോഗിക്കു ന്നുണ്ട്‌: ഭക്ഷണസമയത്ത്‌ വെടിപ്പില്ലാത്ത എന്തെങ്കിലും അവന്റെ ഭാഗത്തു നിന്നുണ്ടായെ ങ്കിലാവട്ടെ, എന്നോടു പറഞ്ഞിട്ടുള്ള ‘എന്തൊരു പന്നി!’ എന്നു മാത്രം പറഞ്ഞാൽ പോരാ അങ്ങയ്ക്ക്‌; കൂടെ ‘ഒന്നാന്തരമൊരു ഹെർമ്മൻ തന്നെ!’ അല്ലെങ്കിൽ ‘തന്തയ്ക്കു ചേർന്ന മകൻ!’ എന്നുകൂടി കൂട്ടിച്ചേർത്താലേ അങ്ങയ്ക്കു തൃപ്തിയാവൂ. അതൊരു പക്ഷേ- ഒരുപക്ഷേ എന്നേ പറയാനാവൂ- ഫെലിക്സിനെ അടിസ്ഥാനപരമായി ബാധിക്കുന്നില്ലായിരിക്കാം; അങ്ങ വനു വെറുമൊരു മുത്തശ്ശൻ മാത്രമാണല്ലോ; വിശേഷിച്ചും പ്രധാനപ്പെട്ടൊരാളെങ്കിലും എനിക്കാ യിരുന്ന മാതിരി എല്ലാമല്ല അങ്ങവന്‌. അതുമല്ല, ബഹളമില്ലാത്തതും, പാകം വന്നതെന്നു പറ യാവുന്നതുമായ ഒരു പ്രകൃതമാണല്ലോ ഫെലിക്സിന്റേത്‌; ഇടിനാദം പോലത്തെ ഒച്ച കേട്ട്‌ അവ നൊന്നു പകച്ചുപോയേക്കാമെങ്കിലും അതവനെ സ്ഥായിയായി ബാധിക്കാൻ പോകുന്നില്ല. അതിനും പുറമെ വളരെച്ചുരുക്കമായേ അവന്‌ അങ്ങയോടൊപ്പം കഴിയേണ്ടിവരുന്നുമുള്ളു; പിന്നെ മറ്റു സ്വാധീനങ്ങളും അവനു മേലുണ്ട്‌. അവനെ സംബന്ധിച്ചിടത്തോളം വെറുമൊരു കൗതുകവസ്തു മാത്രമാണങ്ങ്‌; തനിക്കു വേണ്ടത്‌ അതിൽ നിന്ന്‍ അവനു നോക്കിയെടുക്കാം. പക്ഷേ അങ്ങെനിക്കൊരു കൗതുകമായിരുന്നില്ല; വേണ്ടതു നോക്കിയെടുക്കേണ്ടതായിരുന്നില്ല, മൊത്തമായിട്ടെടുക്കേണ്ടതായിരുന്നു.

അതും ഒരു പ്രതിഷേധവുമില്ലാതെ ഞാനെടുക്കേണ്ടിയുമിരുന്നു; കാരണം , താന്‍ അംഗീകരി ക്കാത്തതോ, താൻ നിർദ്ദേശിക്കാത്തതോ ആയ ഒരു കാര്യത്തെക്കുറിച്ച്‌ അങ്ങയുമായി സമാധാ നത്തോടെ സംസാരിക്കുക എന്നത്‌ അസാദ്ധ്യം തന്നെയായിരുന്നല്ലോ; അങ്ങയുടെ നിർബന്ധ ബുദ്ധി അതിനനുവദിക്കുകയില്ല. തന്റെ ഹൃദയം പെട്ടെന്നു ചഞ്ചലപ്പെട്ടുപോകുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നൊരു വിശദീകരണം അടുത്തകാലത്തായി അങ്ങു നല്കുന്നുണ്ട്‌. എന്നാൽ ഇങ്ങനെയല്ലാതിരുന്ന ഒരു കാലം എന്റെ ഓർമ്മയിലേയില്ല; ഇനി ഹൃദയചാഞ്ചല്യ ത്തെപ്പിടിച്ചുള്ള ഈ പറച്ചിൽ തന്റെ അധികാരം കൂടുതൽ കർശനമായി അടിച്ചേല്പ്പിക്കുന്നതിനുള്ളൊരു തന്ത്രം മാത്രമാണെന്നും വരാം; മറ്റേയാളിൽ എതിർപ്പിന്റെ ശേഷിച്ച ശ്വാസത്തെക്കൂടി അതു ഞെക്കിക്കൊല്ലുമല്ലോ. ഇതൊരു വിമർശനമല്ലേയല്ല, വെറും വസ്തുതാവിവരണം മാത്രം. ഓട്ട്ലയെക്കുറിച്ച്‌ അങ്ങു പറയാറുണ്ട്‌: ‘ അവളോടു സംസാരിക്കാനേ പറ്റില്ല- ചാടിക്കടിക്കാൻ വരും’; ഒന്നാമതായി, അവൾ ചാടിക്കടിക്കാനൊന്നും വരാറില്ല എന്നതാണു പരമാർഥം. പറയുന്ന വിഷയത്തെ വ്യക്തിയുമായി കൂട്ടിക്കുഴയ്ക്കുകയാണങ്ങ്‌; വിഷയം അങ്ങയുടെ മേൽ ചാടിവീഴുകയാണ്‌; ഉടനേ മറ്റേയാൾക്കു പറയാനുള്ളതൊന്നും കേൾക്കാൻ നില്ക്കാതെ അങ്ങൊരു നിഗമനത്തിലെത്തുകയും ചെയ്യുകയാണ്‌. പിന്നെപ്പറയുന്നതൊക്കെ അങ്ങയെ കൂടുതൽ വെറി പിടിപ്പിക്കുകയേയുള്ളു, ബോധ്യപ്പെടുത്തുകയില്ല. അതിനു ശേഷം അങ്ങയുടെ മുഖത്തു നിന്നു വരുന്നതിതായിരിക്കും: ‘നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ ചെയ്തോ; ഞാൻ പിടിച്ചു കെട്ടിയിടാനൊന്നും വരുന്നില്ല; മുതിർന്നില്ലേ, എനിക്കിനി ഉപദേശി ക്കാനൊന്നുമില്ല’- ഇതൊക്കെപ്പറയുന്നതാവട്ടെ കോപവും ശാപവും ഉള്ളിലൊതുക്കിയ കാറിയ ഒച്ചയിലും. ഇന്നിതോർക്കുമ്പോൾ കുട്ടിക്കാലത്തെപ്പോലെ ഞാൻ കിടുങ്ങിപ്പോകുന്നില്ലെങ്കിൽ അതിനു കാരണം നാമിരുവരും പങ്കുവയ്ക്കുന്ന നിസ്സഹായതയിലേക്കു കിട്ടിയ ഒരുൾക്കാഴ്ചയ്ക്ക്‌ കുട്ടി ഒറ്റയ്ക്കനുഭവിച്ച കുറ്റബോധം വഴിമാറിക്കൊടുത്തതുകൊണ്ടു മാത്രമാണ്‌.

സമാധാനത്തോടെ ഒത്തുപോകാൻ നമുക്കു കഴിയാത്തതിന്‌ വളരെ സ്വാഭാവികമായ മറ്റൊരു പരിണതഫലം കൂടിയുണ്ടായി: എന്റെ വായടഞ്ഞു. മറ്റൊരു ചുറ്റുപാടായിരുന്നെങ്കിലും ഞാൻ വലിയ പ്രഭാഷകനൊന്നുമാവാൻ പോകുന്നില്ല; പക്ഷെ തട്ടിത്തടയാത്ത, സാമാന്യമായ മനുഷ്യഭാഷ എനിക്കു സ്വായത്തമായേനെ. എന്നാൽ തുടക്കത്തിലേ അങ്ങെനിക്കു വാക്കു വിലക്കി. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്‌!’-അങ്ങയുടെ ഭീഷണിയും, അതിനകമ്പടി യായ ഉയർത്തിയ കൈയും അതില്പിന്നെ എന്നെപ്പിരിയാതെ കൂടി. അങ്ങയിൽ നിന്നെനിക്കു കിട്ടിയത്‌ -സ്വന്തം കാര്യം വരുമ്പോൾ കേമനായൊരു പ്രഭാഷകനായിരുന്നല്ലോ അങ്ങ്‌- പതറിയതും വിക്കുന്നതുമായ ഒരു സംസാരരീതിയായിരുന്നു; അതുപോലും പക്ഷേ, അങ്ങയ്ക്ക് അധികപ്പറ്റായിരുന്നു; ഒടുവിൽ ഞാൻ വായ തുറക്കാതെയായി; ആദ്യം അതൊരു ധിക്കാരം കാണിക്കലായിരുന്നിരിക്കാം; പിന്നീടത്‌ അങ്ങയുടെ സാന്നിദ്ധ്യത്തിൽ ചിന്തിക്കാനോ സംസാ രിക്കാനോ എനിക്കു കഴിയാത്തതു കൊണ്ടുതന്നെയായി. അങ്ങായിരുന്നു എന്റെ യഥാർഥ ഉപ ദേഷ്ടാവെന്നതിനാൽ എന്റെ ജീവിതത്തിന്റെ സമസ്തമേഖലകളിലും അതിന്റെ ഛായ വീഴു കയും ചെയ്തു. ഞാൻ ഒരുകാലത്തും അങ്ങയെ അനുസരിച്ചുനടന്നിട്ടില്ലെന്നാണ്‌ അങ്ങു വിശ്വ സിക്കുന്നതെങ്കിൽ എടുത്തുപറയേണ്ടൊരു പിശകായിരിക്കുമത്‌. അങ്ങു വിശ്വസിക്കുമ്പോലെ, അങ്ങു കുറ്റപ്പെടുത്തുമ്പോലെ ‘എന്നുമെതിർപ്പ്‌’ എന്നതായിരുന്നില്ല സത്യമായും അങ്ങയോടുള്ള എന്റെ ജീവിതപ്രമാണം. നേരേമറിച്ച്‌ ഇത്രയും അനുസരണശീലം ഞാൻ കാണിക്കാതിരുന്നെ ങ്കിൽ അങ്ങയ്ക്കെന്നിൽ ഇതിലും തൃപ്തി തോന്നിയേനെ. അങ്ങനെയല്ല ഉണ്ടായത്‌; എന്നെ വളർത്താൻ അങ്ങുപയോഗിച്ച മുറകളൊന്നും കുറിയ്ക്കു കൊള്ളാതെ പോയില്ല; ഒരു നീക്ക ത്തിലും പെടാതെ പോയില്ല ഞാൻ; ഇന്നത്തെ ഈ ഞാൻ (എന്റെ അടിസ്ഥാനപ്രകൃതിയും എന്റെ ജീവിതത്തിന്‌ എന്റെ മേലുണ്ടായ സ്വാധീനവും കണക്കിലെടുത്തുകൊണ്ടുതന്നെ) അങ്ങ യുടെ ശിക്ഷണത്തിന്റെയും എന്റെ അനുസരണയുടെയും അനന്തരഫലമത്രെ. എന്നിട്ടുകൂടി ഈ ഫലം അങ്ങയ്ക്കു മനോവേദനയുണ്ടാക്കുന്നെങ്കിൽ (തന്റെ ശിക്ഷണത്തിന്റെ ഫലമാണി തെന്നംഗീകരിക്കാൻ അബോധപൂർവമായി അങ്ങു ശ്രമിക്കുന്നുണ്ടെന്നതു നിശ്ചയം) അതിനു കാരണം ഞാനെന്ന കളിമണ്ണ്‌ അങ്ങയുടെ കൈകൾക്ക്‌ അത്രയ്ക്കന്യമായിരുന്നു എന്നതു തന്നെ. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്‌!’ എന്നു പറയുമ്പോൾ അങ്ങുദ്ദേശിച്ചത്‌ എന്നിലുള്ള നിഷേധശക്തികളുടെ വായടയ്ക്കുക എന്നതായിരുന്നു; പക്ഷേ എനിക്കു താങ്ങാ നാവാത്തതായിരുന്നു അതിന്റെ പ്രഭാവം; അത്രയും മെരുങ്ങിപ്പോയിരുന്നു ഞാൻ; ഞാൻ ഒന്നും മിണ്ടാതെയായി; ഞാനങ്ങയെ ഒളിച്ചുനടന്നു; അങ്ങയിൽ നിന്നത്രയകലെ, അങ്ങയുടെ അധി കാരം നേരിട്ടെങ്കിലും എന്നിലേക്കെത്താത്തൊരു ദൂരത്തെത്തിയിട്ടേ ഒന്നനങ്ങാൻ കൂടി ഞാൻ ധൈര്യപ്പെട്ടുള്ളു. എന്നാൽ എന്നെ കാണുമ്പോൾ സകലതും ‘എതിർപ്പാ’യി അങ്ങയ്ക്കു തോന്നി; അതേസമയം അങ്ങയുടെ ബലത്തിന്റെയും എന്റെ ദൗർബല്യത്തിന്റെയും സ്വാഭാവി കപരിണാമമായിരുന്നു ഒക്കെയും.

എന്റെ ശിക്ഷണത്തിനായി അങ്ങെടുത്തുപയോഗിച്ചിരുന്ന അങ്ങേയറ്റം ഫലപ്രദവും, എന്റെ കാര്യത്തിലെങ്കിലും, ഒരിക്കലും പിഴയ്ക്കാത്തതുമായ ഭാഷണതന്ത്രങ്ങൾ ഇവയായി രുന്നു: അധിക്ഷേപം, ഭീഷണി, വിപരീതാർഥപ്രയോഗം, വിദ്വേഷമൊളിപ്പിച്ച ചിരി, പിന്നെ-വിചിത്രമെന്നു പറയട്ടെ- ആത്മാനുകമ്പയും.

അങ്ങെന്നെ നേരിട്ടധിക്ഷേപിച്ചതായി എന്റെ ഓർമ്മയിലില്ല. അതിന്റെ ആവശ്യവുമുണ്ടായി രുന്നിലല്ലല്ലോ: അങ്ങയുടെ കൈവശം മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ടായിരുന്നു. തന്നെയുമല്ല, വീട്ടിലും, കടയിൽ പ്രത്യേകിച്ചും, അന്യരുടെ തലകൾ ലക്ഷ്യമാക്കി തൊടുത്തുവിടുന്ന എത്ര യെങ്കിലും അധിക്ഷേപങ്ങൾ കൂട്ടമായി വന്ന്‌ എന്നെ പൊതിഞ്ഞിരുന്നു; ചെറിയ കുട്ടിയായ ഞാൻ പലപ്പോഴും അതുകേട്ട്‌ പകച്ചുനിന്നുപോയിട്ടുണ്ട്‌; ആ വാക്കുകളുടെ ലക്ഷ്യസ്ഥാനത്ത്‌ സ്വയം നിർത്തിനോക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല, കാരണം, ആ വാക്കുകൾ കൊണ്ട്‌ അങ്ങധിക്ഷേപിക്കുന്നവർ എന്നെക്കാൾ മോശക്കാരായിരുന്നില്ലല്ലോ; അങ്ങയ്ക്കവരോടുള്ള അതൃപ്തി എന്നോടുള്ള അതൃപ്തിയെക്കാൾ ഒട്ടുമധികവുമായിരുന്നില്ല. ഇവിടെയും അങ്ങയുടെ നിരപരാധിത്വവും അപ്രമാദിത്വവും എനിക്കു പിടികിട്ടാത്തതായിരുന്നു. താനെന്താണു ചെയ്യുന്ന തെന്ന്‌ രണ്ടാമതൊന്നാലോചിക്കാതെ അങ്ങയ്ക്ക്‌ അധിക്ഷേപങ്ങൾ വിളിച്ചുപറയാം- അതേ സമയം മറ്റുള്ളവർ മോശം വാക്കുപയോഗിച്ചാൽ അങ്ങതിനെ പഴിയ്ക്കും, വിലക്കുകയും ചെയ്യും.

അധിക്ഷേപത്തിനു ബലം കിട്ടാനായി ഭീഷണികളും അങ്ങെടുത്തുപയോഗിച്ചിരുന്നു; എന്നെയാണ്‌ അവ പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്‌. ‘ഞാൻ നിന്നെ പിച്ചിക്കീറും-മീനിനെപ്പോലെ!’ എന്നതുപോലെയുള്ള ഭീഷണികൾ കേട്ട്‌ ഞാൻ വിരണ്ടുപോയിട്ടുണ്ട്‌. അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നറിയാമായിരുന്നെങ്കിൽ കൂടി (പക്ഷേ ചെറിയ കുട്ടിയായിരിക്കുമ്പോൾ അതെനിക്കറിയില്ലായിരുന്നു); അതിനും പോരുന്നയാളാണ ങ്ങെന്ന ധാരണ ബലപ്പെടുത്താൻ അതിനായി. മറ്റൊരു ഭീകരാനുഭവമുള്ളതിതായിരുന്നു: എന്നെ പിടികൂടാനെന്നപോലെ ഒച്ചയും കൂട്ടി അങ്ങെന്നെ മേശയ്ക്കു ചുറ്റുമിട്ടോടിയ്ക്കും; ഒടുവിൽ അമ്മ വന്ന്‌ എന്നെ രക്ഷപ്പെടുത്തുകയാണെന്നു ഭാവിക്കും. കുട്ടിയ്ക്കു വീണ്ടും തോന്നുകയാണ്‌, അങ്ങയുടെ കാരുണ്യം കൊണ്ടാണ്‌ താൻ ജീവനോടിരിക്കുന്നതെന്ന്‌, അർഹതയില്ലാതെ അങ്ങയിൽ നിന്നു കിട്ടിയൊരു ദാനമാണ്‌ താൻ ഈ കൊണ്ടുനടക്കുന്ന ജീവിതമെന്ന്‌. അനുസരണകേടിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള അങ്ങയുടെ ഭീഷണി കളെക്കുറിച്ചു പരാമർശിക്കേണ്ടതും ഇവിടെത്തന്നെ. അങ്ങയ്ക്കു ഹിതമല്ലാത്ത എന്തിനെ ങ്കിലും ഞാനൊരുങ്ങുകയും, അതു പരാജയപ്പെടുകയേയുള്ളൂവെന്ന്‌ അങ്ങു ഭീഷണിപ്പെടു ത്തുകയും ചെയ്തുകഴിഞ്ഞാല്പിന്നെ അതു പരാജയപ്പെട്ടിരിക്കും, അപ്പോൾത്തന്നെയല്ലെങ്കിൽ അധികം വൈകാതെ; അത്രയ്ക്കായിരുന്നു അങ്ങയുടെ അഭിപ്രായങ്ങളോട്‌ എനിക്കുള്ള ഭയവും ബഹുമാനവും. സ്വന്തമായി എന്തെങ്കിലുമൊന്നു ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു നഷ്ടപ്പെട്ടു. എന്റെ മനസ്സുറപ്പു നഷ്ടപ്പെട്ടു, സംശയങ്ങൾ ഒഴിയാതെയായി. എനിക്കു പ്രായമേറുന്നതോടെ എന്റെ നിഷ്ഫലതയ്ക്ക് കൂടുതൽ തെളിവുകൾ അങ്ങയ്ക്കു കൈയിലാവു കയായിരുന്നു; ഒരുവിധത്തിൽ പറഞ്ഞാൽ, കാലക്രമേണ അങ്ങയുടെ വിലയിരുത്തൽ ശരി യാവുകയായിരുന്നു. അങ്ങൊരാൾ കാരണമാണു ഞാൻ ഈ വിധമായതെന്നു സ്ഥാപിക്കാനല്ല ഞാൻ ശ്രമിക്കുന്നതെന്നും ആവർത്തിക്കട്ടെ; നേരത്തേയുണ്ടായിരുന്ന ഒന്നിനെ ബലപ്പെടുത്തു കയേ അങ്ങു ചെയ്തിട്ടുള്ളു; എന്നെ സംബന്ധിച്ചിടത്തോളം അത്രയും പ്രബലനായ അങ്ങ്‌ സ്വന്തം കരുത്തു മുഴുവൻ അതിനായി വിനിയോഗിക്കുകയും ചെയ്തു.

ശിക്ഷണത്തിൽ വിപരീതാർഥപ്രയോഗത്തിന്റെ സാധ്യതകൾ അങ്ങു കാര്യമായിത്തന്നെ പ്രയോജനപ്പെടുത്തിയിരുന്നു. എനിക്കു മേൽ അങ്ങയ്ക്കുള്ള അധീശത്വത്തിനു ചേർന്നു പോകുന്നതുമായിരുന്നു അത്‌. അങ്ങയുടെ ശാസനകൾക്ക്‌ പൊതുവേ ഇങ്ങനെയൊരു രൂപമാ യിരിക്കും: ‘നിനക്കതങ്ങനെ ചെയ്താൽ പോരായിരുന്നോ? നിന്നെക്കൊണ്ടതു പറ്റില്ലായി രിക്കും, അല്ലേ? അല്ല പിന്നെ, നിനക്കതിനു നേരവുമെവിടിരിക്കുന്നു!’ എന്നിങ്ങനെ. ഈ ഓരോ ചോദ്യത്തിനും അകമ്പടിയായി വിദ്വേഷമൊളിപ്പിച്ച ഒരു ചിരിയും വിദ്വേഷമൊളിപ്പിച്ച ഒരു മുഖവുമുണ്ടാകും. താനെന്തു തെറ്റു ചെയ്തു എന്നറിയും മുമ്പേ കുട്ടിയ്ക്കു ശിക്ഷ കിട്ടിക്കഴിഞ്ഞു. ആ ഭത്സനങ്ങളാവട്ടെ, ഭ്രാന്തു പിടിപ്പിക്കുന്നവയുമായിരുന്നു: കോപിച്ചുപോലും നേരിട്ടൊര ക്ഷരം മിണ്ടിക്കൂടാത്തൊരാളെപ്പോലെയാണു നിങ്ങൾ; മൂന്നാമതൊരാളാണു നിങ്ങൾ; പ്രത്യക്ഷ ത്തിൽ അമ്മയോടാണു പറയുന്നതെങ്കിലും അവിടെയിരിക്കുന്ന എന്നെ കൊള്ളിച്ചാണ്‌ അങ്ങു സംസാരിക്കുന്നത്‌- ഉദാഹരണത്തിന്‌: ‘നമ്മുടെ കേമനായ പുത്രനിൽ നിന്ന്‌ അത്രയൊക്കെ പ്രതീക്ഷിക്കാൻ പറ്റുമോ?’ എന്ന രിതിയിൽ. ( ഈ കളി തിരിച്ചുമുണ്ട്‌: അമ്മയുണ്ടെങ്കിൽ അങ്ങയോടു നേരിട്ടു സംസാരിക്കാൻ എനിക്കു ധൈര്യം വരില്ല; പിന്നീട്‌ അതൊരു ശീലമായി ക്കഴിഞ്ഞപ്പോൾ അതു സ്വപ്നം കാണാൻ കൂടി എനിക്കു കഴിയാതെയായി. അങ്ങയോടു ചോദിക്കേണ്ട ചോദ്യങ്ങൾ അടുത്തിരിക്കുന്ന അമ്മയോടു ചോദിക്കുന്നതായിരുന്നു കുട്ടിയ്ക്കു കൂടുതൽ സുരക്ഷിതം; അവൻ ചോദിക്കും: ‘അച്ഛനു സുഖമല്ലേ?’ അപ്രതീക്ഷിതമായ അപായ ങ്ങളിൽ നിന്ന്‌ അവൻ അങ്ങനെ സ്വയം രക്ഷിച്ചുപോന്നു.) അത്ര വഷളായ വിപരീതാർഥ പ്രയോഗങ്ങളെ ഞാൻ എത്രയും അനുകൂലിച്ച സന്ദർഭങ്ങളുണ്ടായിരുന്നുവെന്നും പറയട്ടെ; അതായത്‌ അവയുടെ ലക്ഷ്യം മറ്റൊരാളായിരുന്നെങ്കിൽ, ഉദാഹരണത്തിന്‌, വർഷങ്ങളായി എനിക്കു പിടുത്തമില്ലാത്ത എല്ലി*. മിക്കവാറും ഓരോ ഭക്ഷണത്തിനു ശേഷവും അങ്ങ്‌ അവളെക്കുറിച്ചു പറയുന്നത്‌ വിദ്വേഷത്തിന്റെയും അവജ്ഞയുടെയും ഒരു വിരുന്നായിരുന്നു എനിക്ക്‌: ‘മേശയും കഴിഞ്ഞു പത്തു മീറ്റർ അകന്നിരുന്നാലേ പറ്റൂ അവൾക്ക്‌; അത്രയും ചീര്‍ത്തതല്ലേ പെണ്ണ്‌!’ എന്നിട്ട്‌ തന്റെ കസേരയിലിരുന്ന്‌ ദയവോ തമാശയോ തരിമ്പുമില്ലാതെ, തന്റെ ഏറ്റവും കടുത്ത ശത്രുവാണവളെന്നപോലെ അവളുടെ ഇരിപ്പിനെ വികൃതമായിട്ടനു കരിക്കും അങ്ങ്‌. ഇതും ഇതുപോലുള്ള സംഗതികളും എത്ര തവണ ആവർത്തിച്ചിരിക്കുന്നു; ഇതു കൊണ്ടങ്ങു നേടിയത്‌ എത്ര തുച്ഛവുമായിരുന്നു. വിഷയത്തിനു ചേർന്ന അനുപാതത്തിലായിരു ന്നില്ല അങ്ങയുടെ രോഷത്തിന്റെയും വിദ്വേഷത്തിന്റെയും വിനിയോഗം എന്നതായിരുന്നു അതിനു കാരണമെന്നെനിക്കു തോന്നുന്നു. മേശയ്ക്കടുത്തു നിന്നു കുറച്ചു ദൂരെമാറി ഇരിയ്ക്കുന്നു എന്ന നിസ്സാരവസ്തുതയിൽ നിന്നു ജനിച്ചതല്ല അങ്ങയുടെ കോപമെന്നും, നേരത്തേതന്നെ പൂർണ്ണതയിലുള്ള ഒന്ന്‌ അവസരം വന്നപ്പോൾ ആഞ്ഞടിക്കുകയായിരുന്നു എന്നുമാണ്‌ നിങ്ങൾക്കു തോന്നുക. അവസരം ഏതുനേരത്തുമാകാം എന്നു ബോധ്യമാകുന്നതോടെ അതു നിങ്ങളെ അലട്ടാതെയാകുന്നു; ഭീഷണികൾക്കു നിർത്തില്ലാതെ വരുമ്പോൾ നിങ്ങളിൽ അതേശാതെയുമാകുന്നു. എന്തായാലും തല്ലു കിട്ടാൻ പോകുന്നില്ല എന്നു ക്രമേണ നിങ്ങൾക്കു ബോധ്യമാകുന്നു. ദുർമ്മുഖം കാട്ടുന്ന, ശ്രദ്ധയില്ലാത്ത, അനുസരണയില്ലാത്ത കുട്ടിയാവുന്നു നിങ്ങൾ; എപ്പോഴും എന്തിൽ നിന്നോ പലായനം ചെയ്യാൻ നോക്കുകയാണു നിങ്ങൾ; ആ പലായനം മുഖ്യമായും തന്നിലേക്കുതന്നെയുമാകുന്നു. അങ്ങനെ അങ്ങു സഹിച്ചു, അങ്ങനെ നമ്മൾ സഹിച്ചു. അടുത്ത കാലത്ത്‌ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന ഒരു കത്തിന്റെ പേരിൽ ‘എന്തു നല്ല ആൾക്കാർ!’ എന്ന്‌ പല്ലിറുമ്മിയും, കാറിയ ചിരിയോടെയും (നരകം എങ്ങനെയിരിക്കുമെന്ന്‌ കുട്ടിയ്ക്ക്‌ ആദ്യമായിട്ടൊരു ധാരണ കിട്ടുന്നത്‌ ആ ചിരിയിൽ നിന്നാണ്‌) അങ്ങു പറയുമ്പോൾ അങ്ങയുടെ വീക്ഷണത്തിൽ അതു ശരി തന്നെയായിരുന്നു.

സ്വന്തം മക്കളോടുള്ള ഈ മനോഭാവത്തിനു തീരെ യോജിക്കാത്ത ഒന്നായിട്ടു തോന്നിയിരുന്നു ഇടയ്ക്കിടെ എല്ലാവരും കേൾക്കെയുള്ള അങ്ങയുടെ പരാതി പറച്ചിൽ. കുട്ടിയായിരിക്കുമ്പോൾ ഞാനതു കാര്യമായിട്ടെടുത്തിട്ടേയില്ല എന്നു സമ്മതിക്കട്ടെ; അങ്ങനെയൊരു സഹതാപം അങ്ങു പ്രതീക്ഷിക്കുന്നതു തന്നെ എനിക്കു മനസ്സിലാകാത്തതായിരുന്നു. എല്ലാ അർഥത്തിലും ഒരതികായനായിരുന്നല്ലോ അങ്ങ്‌; ഞങ്ങളുടെ സഹായം പോകട്ടെ, അനുകമ്പ പോലും അങ്ങ യ്ക്കെന്തിന്‌? എത്രയോ തവണ ഞങ്ങളെ പുച്ഛിച്ചു തള്ളിയിരിക്കുന്നതുപോലെ ഞങ്ങളുടെ സഹായത്തെയും അങ്ങു പുച്ഛിച്ചു തള്ളുമെന്നതു തീർച്ച. അതിനാൽ ഞാൻ അങ്ങയുടെ പരിദേ വനങ്ങളെ മുഖവിലയ്ക്കെടുക്കാൻ പോയില്ല; അതിനു പിന്നിൽ മറ്റെന്തോ ഒളിച്ചിരിപ്പുണ്ടെന്നു ഞാൻ സംശയിച്ചു. സ്വന്തം മക്കളെപ്രതി അങ്ങു ദുഃഖമനുഭവിക്കുന്നുണ്ടെന്ന്‌ പില്ക്കാലത്തേ എനിക്കു മനസ്സിലായുള്ളു; മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഒരു കുട്ടിയുടെ മനസ്സു തുറന്ന സഹതാപത്തിനു പാത്രമാകേണ്ടിയിരുന്ന അങ്ങയുടെ പരാതികൾ അക്കാലത്തു പക്ഷേ, കുട്ടികളെ പഠിപ്പിക്കാനും അവരെ ഇകഴ്ത്താനുമുള്ള പ്രകടനപരമായ മറ്റൊരടവായി ട്ടാണു ഞാൻ കണക്കിലെടുത്തത്‌; അത്രയും ഫലവത്തല്ല അതെങ്കില്ക്കൂടി ഹാനികരമായ ഒരു പാർശ്വഫലം അതുകൊണ്ടുണ്ടായി: ഗൗരവമായിട്ടെടുക്കേണ്ട സംഗതികളെ അങ്ങനെയെടു ക്കാതിരിക്കാൻ കുട്ടി ശീലിച്ചുപോയി.

ഭാഗ്യത്തിന്‌ ഇതിനൊക്കെ അപവാദങ്ങളുമുണ്ടായിരുന്നുവെന്നു സമ്മതിക്കണം; എല്ലാം ഉള്ളിലൊതുക്കി അങ്ങു നിശ്ശബ്ദനായിരിക്കുന്നതു കാണുമ്പോൾ സ്നേഹത്തിന്റെയും കരുണയു ടെയും ശക്തികൾ തങ്ങളുടെ വഴി മുടക്കുന്ന സർവതിനെയും മറികടന്ന്‌ എന്റെ ഹൃദയത്തെ വന്നുതൊട്ടിരുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്‌. അപൂർവമെങ്കിലും വിസ്മയാവഹമായിരുന്നു അത്‌. ഉദാഹരണത്തിന്‌, നല്ല ചൂടുള്ള വേനല്ക്കാലത്ത്‌ ഉച്ചഭക്ഷണവും കഴിഞ്ഞ്‌ കടയിലെ മേശപ്പു റത്തു ചാരി അങ്ങു ക്ഷീണിച്ചു മയങ്ങുന്നതു കാണുമ്പോൾ; ജോലി ചെയ്തു തളർന്നിരിക്കുക യാണെങ്കിലും ഞായറാഴ്ചകളിൽ വേനലവധിക്കു ഞങ്ങളോടൊപ്പം നാട്ടിലേക്കു പോരുന്നതു കാണുമ്പോൾ; അമ്മ സുഖമില്ലാതെ കിടക്കുമ്പോൾ ബുക്ക്‌ ഷെൽഫിൽ പിടിച്ചുനിന്നുകൊണ്ട്‌ അങ്ങു തേങ്ങുന്നതു കാണുമ്പോൾ; അല്ലെങ്കിൽ കഴിഞ്ഞ തവണ ഞാൻ അസുഖമായി കിടക്കു മ്പോൾ എന്നെ കാണാനായി കാലൊച്ച കേൾപ്പിക്കാതെ അങ്ങ്‌ ഓട്ട്ലയുടെ മുറിയിലേക്കു കടന്നു വന്നപ്പോൾ. അങ്ങു പക്ഷേ എന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതി വാതില്ക്കൽ നിന്ന്‌ നോക്കി കൈ വീശിക്കാണിച്ചതേയുള്ളു. അങ്ങനെയുള്ള അവസരങ്ങളിൽ സന്തോഷം കൊണ്ടു നിങ്ങൾ കിടക്കയിൽ കിടന്നു തേങ്ങിക്കരയും; ഇന്നിതെഴുതി വയ്ക്കുമ്പോൾ അയാൾ വീണ്ടും തേങ്ങിപ്പോകുന്നു.

എത്രയും മനോഹരമായ വിധത്തിൽ പുഞ്ചിരിയ്ക്കുന്ന ഒരു രീതി അങ്ങയ്ക്കുണ്ടായിരുന്നു; അത്ര അപൂർവമെങ്കിലും തൃപ്തിയും സമ്മതവും പ്രകടമാക്കുന്ന ആ പുഞ്ചിരി അതു ലക്ഷ്യമാ ക്കുന്നയാളെ എന്തെന്നില്ലാതെ സന്തോഷിപ്പിക്കാൻ സമർഥമായിരുന്നു. അതിൽ ഒരോഹരി എന്റെ ബാല്യത്തിൽ എനിക്കും കിട്ടിയിരുന്നതായി ഞാനോർക്കുന്നില്ല; എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടാവുമെന്നു വിശ്വസിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. അങ്ങയുടെ കണ്ണിൽ ഞാൻ അപരാധിയായിട്ടില്ലാതിരുന്ന ആ കാലത്ത്‌, ഞാൻ അങ്ങയുടെ കൂറ്റൻ പ്രതീക്ഷയാ യിരുന്ന ആ കാലത്ത്‌ അങ്ങെനിക്കെന്തിനതു നിഷേധിക്കണം? അതെന്തുമാകട്ടെ, കാരുണ്യ ത്തിന്റേതായി മനസ്സിൽ തട്ടിയ ആ ഭാവങ്ങളും എന്നിലെ കുറ്റബോധത്തെ വർദ്ധിപ്പിക്കാനും, ലോകത്തെ ഇനിയും ദുർഗ്രഹമാക്കാനുമേ ഉപകരിച്ചിട്ടുള്ളു.

അതൊക്കെ വിട്ട്‌ പ്രത്യക്ഷവും സ്ഥായിയുമായതിലേക്കു ഞാൻ ഒതുങ്ങട്ടെ. അങ്ങയ്ക്കു മുന്നിൽ ഞാൻ എന്തെങ്കിലുമൊക്കെയാണെന്നു സ്ഥാപിക്കാനായി, ഒപ്പം ഒരുതരം പ്രതികാര ബുദ്ധിയോടെയും, ഞാൻ അങ്ങയിൽ കണ്ട ചില പെരുമാറ്റവിശേഷങ്ങളെ നിരീക്ഷിക്കാനും, ഓർത്തുവയ്ക്കാനും, പെരുപ്പിച്ചുകാട്ടാനും തുടങ്ങി. ഉദാഹരണത്തിന്‌, തന്നെക്കാളുയർന്ന പദ വിയിലുള്ളവരെ കണ്ടാൽ, മിക്കവരും യഥാർഥത്തിൽ അങ്ങനെ ആയിരുന്നില്ല എന്നതാണു വാസ്തവം, അങ്ങയുടെ കണ്ണു മഞ്ഞളിച്ചുപോകുമായിരുന്നു; അവർ ഏതോ രാജസഭയിലെ അംഗങ്ങളാണെന്നപോലെ അങ്ങവരെക്കുറിച്ചു വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും (അതേ സമയം അങ്ങയ്ക്ക്‌, എന്റെ അച്ഛന്‌ സ്വന്തം വിലയെക്കുറിച്ച്‌ ഒരുറപ്പു വരാൻ ഇങ്ങനെ ചിലതു വേണ്ടിവരുന്നല്ലോയെന്നു കാണുമ്പോൾ എന്റെ മനസ്സു മുറിപ്പെടുകയും ചെയ്യും). അതുമല്ലെ ങ്കിൽ സഭ്യമല്ലാത്ത പ്രയോഗങ്ങളോടുള്ള അങ്ങയുടെ പ്രതിപത്തി എന്റെ നിരീക്ഷണത്തിനു വിധേയമായി. എത്രയുമുച്ചത്തിൽ അതും തട്ടിവിട്ടിട്ട്‌ അങ്ങു പൊട്ടിച്ചിരിക്കുന്നതു കണ്ടാൽ അത്രയും കേമമായ എന്തോ ഒന്ന്‌ അങ്ങു പറഞ്ഞിരിക്കുന്നുവെന്ന്‌ മറ്റുള്ളവർ ധരിച്ചുകൊ ള്ളണം; യഥാർഥത്തിൽ പച്ചത്തെറിയായിരിക്കുമത്‌. (അതേസമയം അങ്ങയുടെ ഓജസ്സിന്റെ മറ്റൊരുദാഹരണവുമായിരുന്നു അത്‌, അതിനു മുന്നിൽ ഞാൻ നാണം കെടുകയും ചെയ്തു.) സ്വാഭാവികമായും ഇതുമാതിരി നിരീക്ഷണങ്ങൾ നിരവധിയുണ്ടായി; എനിക്കതൊരു സന്തോ ഷവുമായിരുന്നു; കാരണം, അടക്കം പറയാനും തമാശ പറയാനുമുള്ള അവസരങ്ങൾ കിട്ടുക യാണല്ലോ എനിക്ക്‌. ചിലനേരം അതങ്ങയുടെ ശ്രദ്ധയിൽ പെട്ടിരുന്നു, അതങ്ങയെ നീരസ പ്പെടുത്തുകയും ചെയ്തിരുന്നു; വിദ്വേഷമാണ്‌, ബഹുമാനമില്ലായ്മയാണ്‌ അതെന്ന്‌ അങ്ങു കരുതി. ഞാൻ പറയുന്നതു വിശ്വസിക്കൂ, എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മരക്ഷോ പായം തന്നെയായിരുന്നു അത്‌- ഫലം കാണാത്തതെന്നും പറയട്ടെ. ദൈവങ്ങളെയും രാജാ ക്കന്മാരെയും പറ്റി തമാശ പറയുമ്പോലെയായിരുന്നു അത്‌, ഒരുതരം വിരോധഭക്തി.

അതുമല്ല, എനിക്കങ്ങയോടുള്ള നിലപാടു തന്നെയായിരുന്നു അങ്ങയ്ക്കെന്നോടുമെന്നതി നാൽ സ്വരക്ഷ കണക്കാക്കിയുള്ള മറുതന്ത്രത്തിന്‌ അങ്ങും ശ്രമിച്ചു. എന്തു സുഖമായ ജീവിത മാണെന്റേതെന്നും, എന്തു കാര്യമായിട്ടാണെന്നെ നോക്കുന്നതെന്നും ആവർത്തിച്ചാവർത്തിച്ച്‌ അങ്ങെന്നെ ഓർമ്മിപ്പിക്കും. അതു ശരി തന്നെയെന്നു ഞാൻ സമ്മതിക്കുന്നു, പക്ഷേ അന്നു നിലനിന്നിരുന്ന അവസ്ഥയിൽ അതുകൊണ്ട്‌ എനിക്കെന്തെങ്കിലും പ്രയോജ നമുണ്ടായി എന്നു വിശ്വസിക്കാൻ എനിക്കു പറ്റില്ല.

അമ്മയ്ക്കെന്നെ എന്തുമാത്രം ഇഷ്ടമായിരുന്നു എന്ന കാര്യവും ഞാൻ അംഗീകരിക്കുന്നു. അതും പക്ഷേ അച്ഛനോടു ബന്ധപ്പെട്ടായിരുന്നതിനാൽ നല്ല ബന്ധമെന്നു പറയാനില്ല. താനറി യാതെയെങ്കിലും, നായാട്ടിൽ കാടിളക്കുന്നവന്റെ ഭാഗമായിരുന്നു അമ്മയ്ക്ക്‌. അങ്ങയുടെ ശിക്ഷണരീതി കൊണ്ട്‌ എന്നിൽ ധിക്കാരമോ, അനിഷ്ടമോ, അതുമല്ല വെറുപ്പു തന്നെയോ ഉട ലെടുക്കുകയും, അതുവഴി രണ്ടുകാലിൽ നിവർന്നുനില്ക്കാൻ എനിക്കായി എന്നും കരുതുക; അങ്ങനെയൊരസാധ്യസാധ്യത പോലും അമ്മ തന്റെ അനുകമ്പ കൊണ്ട്‌, വിവേകപൂർവമായ ഉപദേശം കൊണ്ട്‌ ( എന്റെ ബാല്യത്തിന്റെ കാലുഷ്യത്തിൽ വിവേകത്തിന്റെ ഉടലെടുത്ത രൂപ മായിരുന്നു അമ്മ), എനിക്കു വേണ്ടി വക്കാലത്തു പറഞ്ഞുകൊണ്ട്‌ ഇല്ലാതാക്കുകയും, എന്നെ വീണ്ടും അങ്ങയുടെ വലയത്തിലേക്ക്‌ ഓടിച്ചുകയറ്റുകയും ചെയ്തു. അമ്മയുടെ ഇടപെടലില്ലാ യിരുന്നുവെങ്കിൽ ഞാൻ അതു പൊളിച്ചു പുറത്തുപോരുമായിരുന്നു- എന്റെ ഗുണത്തിന്‌, അങ്ങ യുടെ ഗുണത്തിനും. ഇനിയഥവാ, ഒരനുരഞ്ജനത്തിനും സാധ്യതയില്ലെന്നിരിക്കട്ടെ, അമ്മ യെന്നെ രഹസ്യമായി സംരക്ഷിക്കും, രഹസ്യമായിട്ടെന്തെങ്കിലും തരും, അനുവാദം തരും- അപ്പോൾ ഞാൻ വീണ്ടും അങ്ങയുടെ കണ്ണിൽ ഒളിച്ചുനടക്കുന്ന ജന്തുവായി, ചെയ്ത കുറ്റത്തെ ക്കുറിച്ചു ബോധമുള്ള ചതിയനായി, തനിക്കവകാശപ്പെട്ടതു പോലും ഒളിച്ചെടുക്കേണ്ട വിധ ത്തിൽ വിലകെട്ടവനുമായി. സ്വാഭാവികമായും, എനിക്കവകാശപ്പെട്ടതല്ലെന്ന്‌ എനിക്കു പോലു മറിയാവുന്നവ സ്വന്തമാക്കാൻ ആ വഴികളെടുക്കുക എന്റെ ശീലമായി. ഇതും എന്റെ കുറ്റ ബോധം കൂട്ടുകയായിരുന്നു.

അങ്ങെന്നെ നാളിതുവരെ തല്ലിയിട്ടില്ലെന്നു പറയുന്നതും പരമാർഥം തന്നെ. പക്ഷേ അങ്ങ്‌ ഒച്ച വയ്ക്കുന്ന ആ രീതി, അങ്ങയുടെ മുഖം ചുവന്നുതുടുക്കുന്ന ആ രീതി, തിടുക്കത്തിൽ ബൽറ്റ ഴിച്ച്‌ എടുക്കാൻ പാകത്തിൽ കസേര മേലിടുന്ന ആ രീതി- ഇതൊക്കെ അത്രയും തന്നെ മോശ മായിരുന്നു. ഒരാളെ തൂക്കിക്കൊല്ലാൻ പോകുന്ന പോലെയാണത്‌. അയാളെ ശരിക്കും തൂക്കി ക്കൊല്ലുകയാണെങ്കിൽ അയാൾ ചത്തു, അതോടെ കാര്യവും കഴിഞ്ഞു. പകരം, തൂക്കിക്കൊ ലയുടെ പ്രാരംഭച്ചടങ്ങുകളൊക്കെക്കഴിഞ്ഞ്‌, കൊലക്കയർ കണ്മുന്നിൽ തൂങ്ങിക്കിടക്കുന്നതു കാണുമ്പോഴാണ്‌ ശിക്ഷയിളവു നല്കിയ കാര്യം അയാളെ അറിയിക്കുന്നതെങ്കിൽ ശിഷ്ടാ യുസ്സു മുഴുവൻ അയാൾ ആ യാതന പേറിനടന്നുവെന്നു വരാം. ഇതുമാത്രമല്ല, തല്ലേണ്ട നിര വധി സന്ദർഭങ്ങളുണ്ടായിട്ടും അവസാനനിമിഷം കരുണ തോന്നി താനതു വേണ്ടെന്നു വയ്ക്കു കയായിരുന്നു എന്ന രീതിയിലുള്ള അങ്ങയുടെ പറച്ചിലുകൾ എന്നിൽ വീണ്ടും കുറ്റബോധം കുത്തിനിറയ്ക്കുകയായിരുന്നു. എങ്ങനെ നോക്കിയാലും അങ്ങയുടെ മുന്നിൽ കുറ്റബോധം തോന്നുന്നവനായി ഞാൻ മാറി .

വർഷങ്ങളായി അങ്ങെന്നെ വിമർശിച്ചുപോന്നു ( നേരിട്ടും അന്യരുടെ മുന്നിൽ വച്ചും - അതെന്തു നാണക്കേടാണെന്ന ബോധം അങ്ങയ്ക്കുണ്ടായിരുന്നില്ല- സ്വന്തം മക്കളുടെ കാര്യം പൊതുകാര്യമായിരുന്നു അങ്ങയ്ക്ക്‌), താൻ പണിയെടുക്കുന്നതു കൊണ്ട്‌ ഞാൻ കഷ്ടതകളറി യാതെ, പ്രശാന്തവും ഊഷ്മളവും സമൃദ്ധവുമായൊരു ജീവിതം ജീവിക്കുകയാണെന്ന്‌. അക്ഷ രാർഥത്തിൽത്തന്നെ എന്റെ തലച്ചോറിൽ ചാലു കീറിയേക്കാവുന്ന വാചകങ്ങളാണ്‌ എന്റെ മനസ്സിൽ വരുന്നത്‌; ഉദാഹരണത്തിന്‌: ‘ഏഴു വയസ്സുള്ളപ്പോൾ ഞാൻ നാട്ടിലൂടെ ഉന്തുവ ണ്ടിയും തള്ളി നടന്നിട്ടുണ്ട്‌‘. ’തിന്നാൻ ഉരുളക്കിഴങ്ങു കിട്ടിയാൽ അതുതന്നെ ഭാഗ്യമായിരുന്നു‘. ’മഞ്ഞുകാലത്തു വേണ്ടത്ര തുണിയില്ലാത്ത കാരണം എത്രയോ കൊല്ലം എന്റെ കാലുകൾ വെടിച്ചുകീറിയിട്ടുണ്ട്‌‘. ’എന്നെ കച്ചവടത്തിനു പിസെക്കിലേക്കയക്കുമ്പോൾ ഞാൻ വെറും കുട്ടിയായിരുന്നു‘. ’പട്ടാളത്തിലായിരുന്നപ്പോൾപ്പോലും എനിക്കു വീട്ടിൽ നിന്നൊന്നും കിട്ടിയി ട്ടില്ല, അന്നും ഞാൻ വീട്ടിലേക്കു കാശയച്ചിരുന്നു‘. ‘എന്നിട്ടും, എന്നിട്ടും അച്ഛൻ എനിക്കച്ഛനാ യിരുന്നു. ഇന്നതൊക്കെപ്പറഞ്ഞാൽ ആർക്കു മനസ്സിലാവാൻ! ഈ കുട്ടികൾക്ക്‌ അതിനെക്കുറി ച്ചെന്തെങ്കിലുമറിയുമോ? ഇത്രയും കഷ്ടതകൾ ആരനുഭവിച്ചിരിക്കുന്നു! ഇതൊക്കെപ്പറഞ്ഞാൽ ഇന്നത്തെ ഏതെങ്കിലുമൊരു കുട്ടിയ്ക്കു മനസ്സിലാവുമോ?’ മറ്റൊരു സാഹചര്യമായിരുന്നെ ങ്കിൽ കുട്ടികളെ വളർത്താനുള്ള ഒന്നാന്തരം ഉപാധികളായേനേ ഇത്തരം കഥകൾ; തങ്ങളുടെ അച്ഛന്മാർ കടന്നുപോന്ന അതേ യാതനകളും ഇല്ലായ്മകളും അതിജീവിക്കാനുള്ള ചങ്കുറപ്പും ബലവും അതവർക്കു നല്കുമായിരുന്നു. അങ്ങയ്ക്കു പക്ഷേ, അതല്ല വേണ്ടിയിരുന്നത്‌; എന്തെന്നാൽ അങ്ങയുടെ പ്രയത്നഫലത്താൽത്തന്നെ ആ സാഹചര്യത്തിനു മാറ്റം വന്നുക ഴിഞ്ഞു. അങ്ങു ചെയ്തതു പോലെ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഒരവസരം ഇന്നു നിലനി ല്ക്കുന്നില്ല. അങ്ങനെയൊരവസരം സൃഷ്ടിക്കാനുള്ള ഒരേയൊരു മാർഗ്ഗമാവട്ടെ, ഹിംസയും കലാപവും നിറഞ്ഞതുമായിരിക്കും; വീട്ടിൽ നിന്നു ഞാൻ പുറത്തു കടക്കണം ( അങ്ങനെ യൊന്നു ചെയ്യാനുള്ള നിശ്ചയദാർഢ്യവും ഊർജ്ജവും എനിക്കുണ്ടായിരുന്നെങ്കിലത്തെ കാര്യമാണു പറയുന്നത്‌, മറ്റു വഴികളിലൂടെ അമ്മ എനിക്കെതിരു നില്ക്കുകയുമരുത്‌). അങ്ങ യ്ക്കു പക്ഷേ അതൊന്നുമല്ല വേണ്ടിയിരുന്നത്‌. അങ്ങയുടെ വാക്കുകളിൽ അതു നന്ദികേടും, വിഡ്ഢിത്തവും, അനുസരണകേടും, വഞ്ചനയും, ഭ്രാന്തുമായിരുന്നു. അങ്ങനെ ഒരു വശത്തു കൂടി സ്വന്തം ജീവിതവും കഥകളും ഉദാഹരിച്ച്‌ ഞങ്ങളെ അതിലേക്കാകർഷിക്കുകയും, നാണം കെടുത്തുകയും ചെയ്യുമ്പോൾത്തന്നെ, മറുവശത്തുകൂടി ഞങ്ങളെ അങ്ങു കർശനമായി വിലക്കു കയും ചെയ്തു. അല്ലെങ്കില്പിന്നെ, ഒരുദാഹരണം പറഞ്ഞാൽ, ഓട്ട്ളയുടെ *സുറാവുസാഹസം, അതിന്റെ ആനുഷംഗികമായ ചുറ്റുപാടുകൾ ഒഴിവാക്കി നോക്കുമ്പോൾ, അങ്ങയെ സന്തോഷി പ്പിക്കേണ്ടതായിരുന്നില്ലേ? ഗ്രാമത്തിൽ താമസമാക്കാനായിരുന്നു അവൾക്കു താത്പര്യം- അവിടെ നിന്നാണല്ലോ അങ്ങു വന്നത്‌; ജോലിയും അതിന്റെ കഷ്ടപ്പാടും അവൾക്കറിയണമാ യിരുന്നു- അങ്ങറിഞ്ഞപോലെതന്നെ; അങ്ങയുടെ പ്രയത്നത്തിന്റെ ഫലമനുഭവിച്ചു ജീവിക്ക ണമെന്നും അവൾക്കുണ്ടായിരുന്നില്ല- അച്ഛനെ ആശ്രയിക്കാതെ ജീവിച്ച അങ്ങയെപ്പോലെ തന്നെ. അതൊക്കെ അത്രയും ഭയാനകമായ ഉദ്ദേശ്യങ്ങളായിരുന്നോ? ഇതൊക്കെത്തന്നെ യല്ലേ അങ്ങു കാണിച്ചുതന്നതും പഠിപ്പിച്ചുതന്നതും? ഓട്ട്ളയുടെ ഉദ്ദേശ്യങ്ങൾ ഒടുവിൽ ഒന്നുമാകാതെപോയി എന്നതു സത്യം തന്നെ; വേണ്ടതിലധികം ഒച്ചയും ബഹളവുമൊക്കെ യായി അവളതിനെ അബദ്ധമാക്കി എന്നു പറയുന്നതും സത്യം തന്നെ; സ്വന്തം അച്ഛനമ്മ മാരുടെ പേരിൽ അങ്ങനെയൊരു പരിഗണന അവൾ കാണിച്ചതുമില്ല. അതിനു പക്ഷേ അവളെ മാത്രം പഴിച്ചാൽ മതിയോ? അന്നത്തെ സാഹചര്യവും, അതിനുമുപരി, അങ്ങവളിൽ നിന്ന്‌ അത്ര അകന്നിരിക്കുകയായിരുന്നു എന്ന വസ്തുതയും കൂടി കണക്കിലെടുക്കേണ്ടതല്ലേ? കടയിൽ ഒപ്പമുണ്ടായിരുന്നപ്പോൾ അവൾക്കങ്ങയിൽ നിന്നുള്ള അകല്‍ച്ച സുറാവുവിൽ പോയ തിനു ശേഷമുള്ള അകല്‍ച്ചയിൽ നിന്ന്‌ ഒട്ടും കുറവൊന്നുമായിരുന്നില്ലല്ലോ, അങ്ങനെയല്ലെന്നു തെളിയിക്കാൻ അങ്ങു ശ്രമിച്ചിട്ടുണ്ടെങ്കില്ക്കൂടി. പ്രോത്സാഹനമോ, ഉപദേശമോ, മേൽനോ ട്ടമോ നല്കി, അല്ലെങ്കിലതും വേണ്ട, അതൊന്നു പൊറുത്തുകൊടുത്തെങ്കിലും, ആ സാഹസ ത്തിൽ നിന്നു നല്ലതെന്തെങ്കിലുമൊന്നു സൃഷ്ടിക്കാനുള്ള അധികാരം അങ്ങയ്ക്കുണ്ടായിരുന്ന തല്ലേ?

ഇതുമാതിരി അനുഭവങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ തമാശയായിട്ടാണെങ്കിലും മനം കടുപ്പിച്ച്‌ അങ്ങു പറയാറുണ്ടായിരുന്നു, എന്തു സുഖജീവിതമാണു ഞങ്ങളുടേതെന്ന്‌. ഒരർഥ ത്തിൽ പറഞ്ഞാൽ അതൊരു തമാശയേയല്ല. അങ്ങു കഷ്ടപ്പെട്ടു നേടിയത്‌ ഞങ്ങൾക്ക്‌ അങ്ങയിൽ നിന്നു ദാനം കിട്ടി. പുറംലോകത്തെ ജീവിതസമരം- അങ്ങയ്ക്കതിൽ തുടക്ക ത്തിലേ ഏർപ്പെടേണ്ടിവന്നുവെന്നേയുള്ളു, കാലക്രമേണ ഞങ്ങൾക്കും അതിലേക്കിറങ്ങേ ണ്ടിവന്നു- അതു ഞങ്ങൾക്കു ജീവിതം കുറേ ജീവിച്ച ശേഷം നേരിടേണ്ടിവന്ന ഒന്നായിരുന്നു; മുതിർന്നവരെങ്കിലും കുട്ടികളുടെ കരുത്തേ ഞങ്ങൾക്കുണ്ടായിരുന്നുമുള്ളു. അതു കാരണം ഞങ്ങ ളുടെ അവസ്ഥ അങ്ങയുടേതിനെക്കാൾ മോശമായിരുന്നുവെന്നല്ല ഞാൻ പറഞ്ഞുവരുന്നത്‌; അതു മിക്കവാറും തുല്യനിലയിലായിരുന്നിരിക്കാം (നമ്മുടെ സ്വഭാവപ്രകൃതികൾ തമ്മിലുള്ള വ്യത്യാസം ഇവിടെ കണക്കിൽ വരുന്നില്ല); അങ്ങു ചെയ്യുന്നതു പോലെ ലോകത്തിനു മുന്നിലെ ടുത്തു വീശാൻ, അതുപയോഗിച്ച്‌ അന്യരെ നാണം കെടുത്താൻ ദുരിതം നിറഞ്ഞൊരു ഭൂതകാലം ഞങ്ങൾക്കില്ലാതെ പോയെന്നു മാത്രം. അങ്ങയുടെ മഹത്തരവും വിജയകരവുമായ പ്രയത്ന ങ്ങളുടെ ഫലങ്ങൾ ആസ്വദിക്കാനും, ആ യത്നങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോയി പുഷ്ടി പ്പെടുത്താനും അതുവഴി അങ്ങയെ സന്തുഷ്ടനാക്കാനും എനിക്കു കഴിയുമായിരുന്നുവെന്നതും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ നമുക്കിടയിലെ മാനസികമായ അകല്ച്ച അതിനു തടസ്സം നിന്നു. അങ്ങു തന്നതൊക്കെ ഞാൻ ആസ്വദിച്ചു; അതു പക്ഷേ, നാണക്കേടും മനംമടുപ്പും തളർച്ചയും കുറ്റബോധവും അനുഭവിച്ചുകൊണ്ടായിരുന്നു. അതിനാലാണ്‌, ഒരു ഭിക്ഷക്കാരന്റെ നന്ദിയേ എനിക്കങ്ങയോടുള്ളൂ; സ്വന്തമായി ചെയ്ത പ്രവൃത്തികളിലൂടെ നന്ദി കാണിക്കാൻ എനിക്കു കഴിയില്ല.

ഈ ശിക്ഷണരീതിയുടെ ഏറ്റവും പ്രകടമായ ഫലമെന്തായിരുന്നുവെന്നാൽ, എത്രയും വിദൂരമായിപ്പോലും അങ്ങയെ ഓർമ്മിപ്പിക്കുന്ന സകലതിലും നിന്നു ഞാൻ പലായനം ചെയ്തുവെന്നതാണ്‌. ഒന്നാമതായി ബിസിനസ്സു തന്നെ. അതെനിക്കിഷ്ടമായിരുന്നു, കുട്ടിക്കാ ലത്ത്‌, തെരുവിലെ ഒരു കട മാത്രമായിരുന്ന നാളുകളിൽ പ്രത്യേകിച്ചും: എന്തൊരാളും അനക്ക വുമായിരുന്നു; രാത്രിയിൽ ആകെ വെളിച്ചവും; കാണാനും കേൾക്കാനും എന്തൊക്കെ; ഇട യ്ക്കൊക്കെ ഒന്നു സഹായിക്കാൻ നിങ്ങൾക്കു കഴിയുന്നു; അതു വഴി ശ്രദ്ധയാകർഷിക്കാനും നിങ്ങൾക്കു കഴിയുന്നു; അതിനൊക്കെയുപരി അങ്ങയുടെ കച്ചവടമിടുക്കിന്റെ കേമത്തത്തെ ആദരവോടെ നിങ്ങൾ കണ്ടുനില്ക്കുന്നു: അങ്ങു സാധനങ്ങൾ വില്ക്കുന്നത്, ആളുകളെ കൈകാര്യം ചെയ്യുന്നത്, ഇടയ്ക്കിടെ തമാശ പൊട്ടിക്കുന്നത്- എത്രവേണമെങ്കിലും കണ്ടുനി ല്ക്കാമായിരുന്നു അതൊക്കെ; സംശയം തോന്നുന്ന ഇടപാടുകളിൽ മിന്നൽ പോലെ അങ്ങു കൃത്യമായിട്ടൊരു തീരുമാനമെടുക്കുന്നു; പിന്നെ, അങ്ങു ഒരു സാധനം പൊതിഞ്ഞുകൊടുക്കു ന്നത്‌, ഒരു പെട്ടി തുറക്കുന്നത്‌- കണ്ടുനില്ക്കേണ്ട കാഴ്ചകളായിരുന്നു ഒക്കെ, ഒരു കുട്ടിക്കു പഠി ക്കാൻ അത്ര മോശപ്പെട്ട ഇടവുമായിരുന്നില്ല എന്തായാലും. എന്നാൽ കാലക്രമേണ നാനാവശ ങ്ങളിലൂടെയും അങ്ങെനിയ്ക്കൊരു ഭീതിയായി വന്നതോടെ അങ്ങും കടയും എനിക്കൊന്നു തന്നെയായി, എനിക്കു പിന്നെ സ്വസ്ഥത കിട്ടാത്തൊരിടമായി കടയും. മുൻവിധി കൂടാതെ പണ്ടു ഞാൻ അംഗീകരിച്ചതൊക്കെ പിന്നെയെനിക്കു പീഡനങ്ങളായി മാറി, എനിക്കവ നാണക്കേടായിത്തോന്നി, പ്രത്യേകിച്ചും ജോലിക്കാരോടുള്ള അങ്ങയുടെ പെരുമാറ്റം. എനിക്കറിയില്ല, ഒരുപക്ഷേ എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെ തന്നെയായിരിക്കാം; ( ഞാൻ അസിക്യുരാസോണി ജനെറാലി*യിലായിരിക്കുമ്പോൾ അവിടെയും ഇതുപോലെ തന്നെയാ യിരുന്നു; ജോലി രാജി വക്കുന്നതിനു കാരണമായി ഞാൻ ഡയറക്റ്ററോടു പറഞ്ഞതിതാണ്‌ ( മുഴു വൻ സത്യമല്ലെങ്കിലും, മുഴുവൻ നുണയുമായിരുന്നില്ല അത്‌): ഈ ചീത്തപറച്ചിലും ശപിക്കലു മൊന്നും -അതെന്നെ നേരിട്ടു ബാധിക്കുന്നതായിരുന്നില്ല എന്നും പറയട്ടെ- കേൾക്കാൻ എനിക്കു പറ്റില്ലെന്ന്‌: അത്ര പെട്ടെന്നു മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരിക്കുന്നു വീട്ടിൽ വച്ചു തന്നെ എനിക്കത്‌.) പക്ഷേ എന്റെ ബാല്യത്തിൽ അന്യസ്ഥാപനങ്ങളുടെ കാര്യം എന്റെ വിഷയമായിരുന്നില്ലല്ലോ. പക്ഷേ കടയിൽ വച്ച്‌ അങ്ങു ജോലിക്കാരോടു കുരച്ചുചാടു ന്നതു കാണുമ്പോൾ ലോകത്തൊരിടത്തും അങ്ങനെയൊന്നുണ്ടാവില്ലെന്നാണ്‌ അക്കാലത്തെ നിക്കു തോന്നിയിരുന്നത്‌. ചീത്തപറച്ചിൽ മാത്രമല്ല, പീഡനങ്ങൾ വേറെയുമുണ്ടായിരുന്നു. ഉദാഹരണത്തിന്‌, മറ്റുള്ളവയുമായി കൂടിക്കലരരുതെന്നു വച്ചിട്ട്‌ അങ്ങു സാധനങ്ങൾ കൗണ്ടറി ൽ നിന്നു തട്ടിമാറ്റുന്നത്‌- കോപം കൊണ്ടു കണ്ണു കാണാത്തതെന്നേ അതിനെന്തെങ്കിലുമൊരു ന്യായം പറയാനുള്ളു- , ജോലിക്കാരൻ അതു പിന്നെ പെറുക്കിയെടുത്തു വയ്ക്കണം. അതുമല്ലെ ങ്കിൽ കാസരോഗിയായ ഒരു ജോലിക്കാരനെക്കുറിച്ച്‌ അങ്ങു സ്ഥിരം പറഞ്ഞിരുന്ന ഒരു പ്രയോഗം: ‘ആ പേട്ടുനായയ്ക്കു പോയി ചത്തൂടേ’. ജോലിക്കാരെ അങ്ങു വിളിച്ചിരുന്നത്‌ ‘ കൂലിക്കെടുത്ത ശത്രുക്കൾ’ എന്നായിരുന്നു, അവർ അതായിരുന്നുവെന്നതിൽ സംശയവുമില്ല; അവർ അങ്ങനെയാവുന്നതിനു മുമ്പുതന്നെ എനിക്കു തോന്നിയിരുന്നു, അങ്ങവരുടെ ‘ശമ്പളം കൊടുക്കുന്ന ശത്രു’വാണെന്ന്‌. അതുപോലെ, അങ്ങയ്ക്ക്‌ അനീതി കാണിക്കാൻ കഴിയും എന്ന വലിയ പാഠം ഞാൻ പഠിക്കുന്നതും അവിടെ നിന്നുതന്നെ; അതെന്നോടാണു കാണിച്ചിരുന്ന തെങ്കിൽ അത്ര പെട്ടെന്നു ഞാനതു ശ്രദ്ധിക്കുമായിരുന്നില്ല, കാരണം, അങ്ങാണു ശരിയെന്നതു മുൻകൂട്ടി അംഗീകരിച്ചിരുന്നതിനാൽ അത്രയും വലിയൊരു കുറ്റബോധം എന്നിൽ വളർന്നുവ ന്നിരുന്നല്ലോ. പക്ഷേ എന്റെ ബാല്യകാലവീക്ഷണത്തിൽ- പില്ക്കാലത്തതിനു നേരിയൊരു ഭേദപ്പെടുത്തൽ വന്നുവെന്നേയുള്ളു, പൂർണ്ണമായങ്ങു മാറിയിട്ടില്ല- അവർ അന്യരാണ്‌, നമുക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്‌, അതുകാരണം എന്നും അങ്ങയെ പേടിച്ചു കഴിയേണ്ടവരുമാ യിരുന്നു. ഇതു ഞാനൊന്നു കടത്തിപ്പറയുകയാണെന്നതു ശരിയായേക്കാം, അങ്ങെന്നിൽ ഭീതി വിതയ്ക്കുന്നതുപോലെയാണ്‌ അവരിലും അങ്ങയുടെ പ്രഭാവമെന്ന്‌ ഞാൻ കരുതി. അങ്ങനെ യായിരുന്നുവെങ്കിൽ അവർക്കു ജീവനോടൊരിക്കാൻ തന്നെ കഴിയുമായിരുന്നില്ല; പക്ഷേ മുതിർന്നവരായ സ്ഥിതിയ്ക്ക്‌, മിക്കവരും നെഞ്ചുറപ്പുള്ളവരായ സ്ഥിതിയ്ക്ക്‌ അങ്ങയുടെ അധിക്ഷേപങ്ങൾ അവർക്കു കുടഞ്ഞുകളയാനേ ഉണ്ടായിരുന്നുള്ളു; ഒടുവിൽ അവരെക്കാളതു ദ്രോഹം ചെയ്തത്‌ അങ്ങയ്ക്കുമായിരുന്നു. പക്ഷേ അതു കാരണം കടയിൽ നില്ക്കുന്നത്‌ എനിക്കൊരു യാതനയായി മാറി; എനിക്കങ്ങയോടുള്ള ബന്ധത്തെ നിരന്തരം ഓർമിപ്പിക്കുന്ന തായി അത്‌:

ഉടമസ്ഥനെന്ന നിലയിൽ അങ്ങയ്ക്കതിനോടുള്ള താത്പര്യം ഒഴിവാക്കിയാലും, എവി ടെയും കേറി ഭരിക്കുന്ന പ്രകൃതം ഒഴിവാക്കിയാലും, ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ മാത്രം നോക്കിയാൽ, അങ്ങയോടു പഠിച്ചവരെക്കാളൊക്കെയെത്രയോ ഭേദമായിരുന്നു അങ്ങ്‌; അതിനാൽ ആരെങ്കിലും എന്തെങ്കിലും നേടിയാൽ അതങ്ങയെ തൃപ്തിപ്പെടുത്താനും പോകു ന്നില്ല. അതുപോലെ ഞാനും അങ്ങയെ തൃപ്തനാക്കുക എന്നതുണ്ടാവില്ല. അതിനാൽ ഞാൻ എന്നെയും ആ ജോലിക്കാരുടെ ഗണത്തിൽ പെടുത്തി. എങ്ങനെയാണ്‌ കുടുംബാംഗമല്ലാത്ത ഒരാൾക്കു മേൽ ഇത്രയും അധിക്ഷേപങ്ങൾ വയ്ച്ചുകെട്ടുന്നതെന്നതും എനിക്കന്നു മനസ്സിലാ കാതെപോയി. അങ്ങനെ, അത്രയും കോപിഷ്ടരും മനസ്സുകെട്ടിരിക്കുന്നവരുമായി ഞാൻ കരുതിയ ജോലിക്കാരെ അങ്ങയോടും അങ്ങയുടെ കുടുംബത്തോടും രഞ്ജിപ്പിക്കാൻ ഞാൻ ശ്രമിച്ചു; മറ്റൊന്നിനുമല്ലെങ്കിൽ എന്റെ സ്വന്തം രക്ഷയ്ക്കായിരുന്നു അത്‌. അതിനു പക്ഷേ സാധാരണരിതിയിൽ മര്യാദയോടെയുള്ള പെരുമാറ്റം പോരായിരുന്നു, അവര്‍ക്കു മുന്നിൽ അത്രയും താഴുകയും വേണമായിരുന്നു; ആദ്യം അഭിവാദ്യം ചെയ്യുന്നതു ഞാനായാൽ പോരാ, കഴിയുമെങ്കിൽ അവരുടെ പ്രത്യഭിവാദ്യം ഒഴിവാക്കുകയും വേണം. എത്ര നിസ്സാരനായിക്കോട്ടെ ഞാൻ, ഈ ഞാൻ അവരുടെ കാലു നക്കിയാൽപ്പോലും യജമാനനെന്ന പേരിൽ അങ്ങ്‌ അവ രുടെ തലയ്ക്കു മേലേല്പിക്കുന്ന പ്രഹരങ്ങൾക്ക്‌ മതിയായൊരു പരിഹാരമാകില്ലത്‌. എന്റെ സഹജീവികളോട്‌ ഇങ്ങനെ തുടങ്ങിയ ബന്ധം ബിസിനസ്സിന്റെ അതിരുകളും ഭേദിച്ച്‌ ഭാവിയി ലേക്കു വളർന്നു ( എന്റെ കാര്യത്തിലെന്ന പോലെ അപകടകരവും ദൂരവ്യാപകവുമല്ലെങ്കിൽ പ്പോലും, ഓട്ട്ളയുടെ ചില ഇഷ്ടങ്ങളും ഇതു കണക്കായിരുന്നു: പാവപ്പെട്ടവരോടുള്ള സഹ വാസം, വേലക്കാരികൾക്കൊപ്പം ചെന്നിരിക്കുക- അതു കണ്ടാൽ അങ്ങയ്ക്കു വെറി പിടിക്കു മായിരുന്നു). വന്നുവന്ന്‌ എനിക്കു കടയെ അത്ര ഭയമായിത്തുടങ്ങി; എന്തായാലും ജിംനേഷ്യ ത്തിൽ* ചേരുന്നതിനു മുമ്പു തന്നെ ഞാൻ അതിൽ നിന്നു പിൻവാങ്ങിത്തുടങ്ങിയിരുന്നു; ജിംനേഷ്യം എന്നെ വീണ്ടും അകലേക്കു കൊണ്ടുപോവുകയും ചെയ്തു. അതിനും പുറമേ എന്റെ കഴിവുകൾ പോരാ അതിനെന്നെനിക്കു തോന്നുകയും ചെയ്തു; അങ്ങയെത്തന്നെ അതു പിഴി ഞ്ഞെടുക്കുകയാണെന്ന്‌ അങ്ങു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. പിന്നെയങ്ങു ശ്രമിച്ചു (ഇന്നുമതെ ന്റെ മനസ്സിനെ സ്പർശിക്കുന്നു, എന്നെ നാണിപ്പിക്കുകയും ചെയ്യുന്നു), താന്‍ കെട്ടിപ്പൊക്കിയ ബിസിനസ്സിനോടുള്ള എന്റെ അനിഷ്ടം ആ തരത്തിലൊരു പാടവം എനിക്കില്ലാത്തതു കൊണ്ടാണെന്ന്‌, എന്റെ തലയ്ക്കുള്ളിൽ മറ്റെന്തോ വലിയ ആശയങ്ങൾ കൂടു കൂട്ടിയിരിക്കു ന്നതു കൊണ്ടാണെന്നു വ്യാഖ്യാനിച്ച്‌ തനിക്കല്പമെങ്കിലും സ്വീകാര്യമാക്കാൻ. അങ്ങു തന്നിൽ നിന്നുതന്നെ പിഴിഞ്ഞെടുത്ത ഈ വ്യാഖ്യാനം അമ്മയ്ക്കും സന്തോഷപ്രദമായിരുന്നു; മിഥ്യാ ഭിമാനിയായ ഞാൻ, സ്വയം നീതീകരിക്കാൻ എന്തെങ്കിലുമൊന്നു തേടിനടന്ന ഞാൻ, ഞാനും അതു വിശ്വസിച്ചു. പക്ഷേ ബിസിനസിൽ നിന്നെന്നെ പുറം തിരിപ്പിച്ചത്‌ അത്തരം ‘വലിയ ആശയങ്ങളാ’യിരുന്നുവെങ്കിൽ( ഇപ്പോൾ, ഇപ്പോൾ മാത്രമാണ്‌ ശരിക്കും ഞാനതിനെ ആത്മാ ർഥമായി വെറുത്തുതുടങ്ങിയത്‌), മറ്റൊരു പ്രകാരത്തിലായിരുന്നല്ലോ അവ പ്രകടമാകേണ്ടി യിരുന്നത്‌; മറിച്ച്‌, ഒരു മികവും കാണിക്കാതെ സ്കൂളും ജിംനേഷ്യവും കടന്ന്‌ ഒരു ഗുമസ്തന്റെ മേശയ്ക്കു പിന്നിൽ വന്നടിയുകയായിരുന്നല്ലോ ഞാൻ.

അങ്ങയിൽ നിന്നു രക്ഷ നേടണമെങ്കിൽ കുടുംബത്തിൽ നിന്നും, അമ്മയിൽ നിന്നു കൂടിയും രക്ഷ നേടണമായിരുന്നു ഞാൻ. അമ്മയെ എപ്പോഴും ആശ്രയിക്കാമായിരുന്നുവെന്നതു സത്യം തന്നെ, അതും പക്ഷേ അങ്ങയോടു ബന്ധപ്പെട്ടായിരുന്നു. അമ്മയ്ക്ക്‌ അങ്ങയെ അത്ര സ്നേഹമായിരുന്നു, അത്രയ്ക്കു ഭക്തിയും കൂറുമായിരുന്നു; അതിനാൽ കുട്ടിയുടെ സമരത്തിൽ സ്വതന്ത്രമായ ഒരു ആത്മീയശക്തിയാവാൻ അമ്മയ്ക്കു പറ്റുമായിരുന്നില്ല. എന്തായാലും കുട്ടിയ്ക്കു തോന്നിയതു ശരിയുമായിരുന്നു; വർഷങ്ങൾ കഴിയുന്തോറും അമ്മ അധികമധികം അങ്ങയുടെ വരുതിയിൽപ്പെട്ടുപോവുകയായിരുന്നു. തന്റെ കാര്യത്തിൽ, എത്രയും ഇടുങ്ങിയ അതിരുകൾക്കുള്ളിലാണെങ്കിൽക്കൂടിയും, സ്വന്തം സ്വാതന്ത്ര്യം, അങ്ങയുടെ മനസ്സിനെ മുറിപ്പെടുത്താതെതന്നെ കാത്തുപോരാൻ അമ്മയ്ക്കു കഴിഞ്ഞിരുന്നു; എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ കുട്ടികളെക്കുറിച്ച്‌-പ്രത്യേകിച്ച്‌ ഓട്ട്ലയുടെ വിഷമം പിടിച്ച കാര്യത്തിൽ- അങ്ങയുടെ വിലയിരുത്തലുകളും അഭിപ്രായങ്ങളും അമ്മ അന്ധമായി ഏറ്റുപാടാൻ തുടങ്ങി. കുടുംബത്തിൽ അമ്മയുടെ സ്ഥിതി എത്ര യാതനാനിർഭരവും തളർത്തുന്നതുമായിരുന്നുവെന്ന കാര്യം ഞാൻ തീർച്ചയായും മറക്കുന്നില്ല. അമ്മ കടയിൽ പണിയെടുക്കുന്നു, വീട്ടുകാര്യങ്ങൾ നോക്കുന്നു, കുടുംബത്തിൽ ആർക്കസുഖം വന്നാലും അവരെ ശുശ്രൂഷിക്കുന്നു; പക്ഷേ അതി ന്റെയൊക്കെ പാരമ്യം നമുക്കിരുവർക്കുമിടയിലെ മധ്യസ്ഥയായി അവരനുഭവിച്ച യാതനകളാ യിരുന്നു. അച്ഛൻ അമ്മയുടെ കാര്യത്തിൽ എക്കാലവും ശ്രദ്ധാലുവായിരുന്നു, അവരോട്‌ എന്നും സ്നേഹവുമായിരുന്നു; ഇക്കാര്യത്തിൽ പക്ഷേ, ഞങ്ങൾ അവരെ ഞെരുക്കിയത്രയും തന്നെ അച്ഛനും അവരെ ഞെരുക്കി. ഒരു കരുണയുമില്ലാതെ അവരെ പ്രഹരിക്കുകയായിരുന്നു നാം, അങ്ങ്‌ അങ്ങയുടെ വശത്തു നിന്നുകൊണ്ട്‌, ഞങ്ങൾ ഞങ്ങളുടെ വശത്തു നിന്നുകൊണ്ടും. അതൊരു നേരമ്പോക്കു പോലെയായിരുന്നു, ആരെയും ദ്രോഹിക്കണമെന്ന്‌ നമ്മുടെ മനസ്സിലു ണ്ടായിരുന്നില്ല; അങ്ങു ഞങ്ങളോടും ഞങ്ങൾ അങ്ങയോടും നടത്തുന്ന യുദ്ധമേ നമ്മുടെ ചിന്തയിലുണ്ടായിരുന്നുള്ളു- നാം ചവിട്ടിക്കുഴച്ച യുദ്ധഭൂമിയോ, അമ്മയും. ഞങ്ങളുടെ പേരിൽ അങ്ങ്‌ അവരോട്‌ കാണിച്ച ക്രൂരത- അത്‌ അങ്ങയുടെ കുറ്റം കൊണ്ടാണെന്ന്‌ ഞാൻ പറയു കയില്ല- ഒരു കുട്ടിയുടെ ശിക്ഷണത്തിനു സഹായകവുമായിരുന്നില്ല. അല്ലാതെതന്നെ ഞങ്ങൾ ക്കവരോടുള്ള നീതീകരിക്കാനാവാത്ത പെരുമാറ്റത്തിന്‌ അതൊരു നീതീകരണം നല്കുകയാ യിരുന്നു. അങ്ങു കാരണം ഞങ്ങളിൽ നിന്നും, ഞങ്ങൾ കാരണം അങ്ങയിൽ നിന്നും എന്തൊക്കെ അനുഭവിക്കേണ്ടിവന്നു അവർ; ഞങ്ങളെ ലാളിച്ചു വഷളാക്കുന്നു എന്ന അങ്ങ യുടെ ശരിയായ കുറ്റാരോപണത്തിന്റെ പേരിൽ അനുഭവിച്ചിരുന്നതിനു പുറമേയാണല്ലോ അത്‌; ഇനി ആ ‘വഷളാക്കൽ’ തന്നെ അങ്ങയുടെ ചിട്ടകൾക്കെതിരെ അബോധപൂർവവും നിശ്ശബ്ദവുമായ ഒരു പ്രതിഷേധസൂചനയാണെന്നും വരാം. തീർച്ചയായും അമ്മ ഇതൊക്കെ സഹിച്ചു പിടിച്ചുനിന്നത്‌ അവർക്കു നമ്മളോടെല്ലാമുള്ള സ്നേഹത്തിൽ നിന്നും, ആ സ്നേഹ ത്തിൽ നിന്നുണ്ടായ സന്തോഷത്തിൽ നിന്നും ശക്തി സംഭരിച്ചിട്ടാവണം.

എല്ലാ സഹോദരിമാരും എന്റെ ഭാഗത്തായിരുന്നില്ല. അങ്ങയുമായുള്ള ബന്ധത്തിൽ ഏറ്റവും സംതൃപ്ത വല്ലി ആയിരുന്നു. അമ്മയോട്‌ ഏറ്റവും അടുപ്പം അവൾക്കായിരുന്നു; അവരെ പ്പോലെതന്നെ അധികം വിഷമമില്ലാതെ, അധികം ക്ഷതമേല്ക്കാതെയും അവൾ അങ്ങയുടെ ഇച്ഛാശക്തിക്കു കീഴടങ്ങി. അവൾ അമ്മയെ ഓർമ്മിപ്പിച്ചു എന്ന ഒരു കാരണം കൊണ്ടുതന്നെ അല്പം കൂടി മയത്തിലായിരുന്നു അവളോടുള്ള അങ്ങയുടെ പെരുമാറ്റം; അതേസമയം കാഫ്കാപ്രകൃതം അവളിൽ അത്രയ്ക്കുണ്ടായിരുന്നതുമില്ല. അങ്ങയ്ക്കു വേണ്ടിയിരുന്നതും അതായിരിക്കണം: കാഫ്കയുടെ ലക്ഷണം കാണിക്കാത്തൊരാളിൽ നിന്ന്‌ അങ്ങയ്ക്കു പോലും അതാവശ്യപ്പെടാൻ പറ്റില്ലല്ലോ; പിന്നെ, ഞങ്ങളുടെ കാര്യത്തിലെന്നപോലെ, നഷ്ട പ്പെട്ടുപോയേക്കാവുന്ന ഒന്ന്‌ ബലം പ്രയോഗിച്ചു വീണ്ടെടുക്കാമെന്ന വിശ്വാസം അവളുടെ കാര്യത്തിൽ അങ്ങയ്ക്കുണ്ടായിരുന്നതുമല്ല. അതെന്തായാലും, കാഫ്കയുടേതായ എന്തെങ്കിലും ഗുണം സ്ത്രീകളിൽ പ്രത്യക്ഷപ്പെട്ടുകാണുന്നതിനോട്‌ അങ്ങയ്ക്കു പ്രത്യേകിച്ചു മമതയൊ ന്നുമുണ്ടായിരുന്നുമില്ലല്ലോ. ഞങ്ങൾ ഇടങ്കോലിട്ടില്ലായിരുന്നെങ്കിൽ വല്ലിയ്ക്ക്‌ അങ്ങയോടുള്ള ബന്ധം കുറച്ചുകൂടി ഊഷ്മളമായേനെ.

അങ്ങയുടെ വലയം ഭേദിക്കുന്നതിൽ പൂർണ്ണമെന്നു പറയാവുന്ന വിജയം ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതു എല്ല്ലിയാണ്‌*. അവളുടെ ബാല്യകാലം വച്ചു നോക്കുകയാ ണെങ്കിൽ അവളിൽ നിന്നു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്‌. അത്രയ്ക്കും ചുണകെട്ട, മടിപിടിച്ച, ധൈര്യമില്ലാത്ത, ദേഷ്യക്കാരിയായ, കുറ്റബോധം മനസ്സിൽ കൊണ്ടു നടക്കുന്ന, അതിവിനയം കാട്ടുന്ന, ആർത്തി പിടിച്ച, പിശുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ; അവളോടു സംസാരിക്കുന്നതു പോകട്ടെ, ഒന്നു നോക്കാൻ കൂടി പ്രയാസമായിരുന്നു എനിക്ക്‌; അത്രയ്ക്കും അവൾ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയായിരുന്നു; അങ്ങയുടെ ശിക്ഷണമെന്ന ശാപത്തിനടിമയായിരുന്നു അവളും. അവളുടെ പിശുക്കാണ്‌ എനിക്ക്‌ തീരെ സഹിക്കാൻ പറ്റാതിരുന്നത്‌; അത്‌ അതിലുമധികം, അങ്ങനെ സാധ്യമാണെങ്കിൽ, എനിക്കുമു ണ്ടായിരുന്നല്ലോ. ആഴത്തിലുള്ള അസന്തുഷ്ടിയുടെ ഉറപ്പുള്ളൊരു ലക്ഷണമാണ്‌ പിശുക്ക്‌. ഒന്നിനെക്കുറിച്ചും ഒരുറപ്പുമില്ലാതിരുന്ന എനിക്ക്‌ വാസ്തവത്തിൽ സ്വന്തമെന്നു പറയാൻ എന്റെ കൈയിലുള്ളതോ, വായിലുള്ളതോ, ഒന്നുമല്ലെങ്കിൽ അവിടേക്കുള്ള വഴിയിലുള്ളതോ മാത്രമായിരുന്നു; അതേ ദുരിതാവസ്ഥയിലായിരുന്ന എല്ലിക്ക്‌ അതെന്നിൽ നിന്നപഹരിക്കാ നായിരുന്നു ഏറെയിഷ്ടം. അതൊക്കെപ്പക്ഷേ മാറിമറിഞ്ഞു, വളരെ ചെറുപ്പത്തിൽത്തന്നെ- അതാണു പ്രധാനം- അവൾ വീടുപേക്ഷിച്ചുപോയി കല്യാണം കഴിക്കുകയും, അമ്മയാവുകയും, പ്രസരിപ്പും ചങ്കൂറ്റവും ധൈര്യവും ത്യാഗശീലവും നിസ്വാർഥതയും പ്രതീക്ഷയും സ്വായത്തമാക്കു കയും ചെയ്തു. ആ മാറ്റം അങ്ങു കാണാതെപോയത്‌, അതിനർഹമായ അംഗീകാരം കൊടുക്കാ ത്തത്‌ എത്രയും അവിശ്വസനീയമായിരിക്കുന്നു; അവളോടെന്നുമുണ്ടായിരുന്ന വെറുപ്പു കാരണം, മനസ്സിനടിയിൽ ഇന്നും സൂക്ഷിക്കുന്ന ആ വെറുപ്പു കാരണം അങ്ങയുടെ കണ്ണുകൾ അത്രയ്ക്കും അന്ധമായിപ്പോയി; പിന്നെ, എല്ലി ഇപ്പോൾ നമ്മോടൊപ്പം താമസമില്ലാത്തതിനാൽ ആ വെറുപ്പു കൊണ്ടു കാര്യമില്ലെന്നു മാത്രം; അതുമല്ല, അങ്ങയ്ക്കു ഫെലിക്സിനോടുള്ള സ്നേഹവും, കാളിനോടു* കാണിക്കുന്ന പരിഗണനയും കാരണം അതത്ര പ്രധാനമല്ലാതെയും വന്നിരിക്കുന്നു. ഗെർറ്റി* മാത്രമേ ചിലനേരത്ത്‌ അതനുഭവിക്കേണ്ടി വന്നിട്ടുള്ളു.

ഓട്ട്ളയുടെ കാര്യമാണെങ്കിൽ, അവളെക്കുറിച്ചെഴുതാൻ തന്നെ എനിക്കു ധൈര്യം വരു ന്നില്ല; കാരണം, എനിക്കറിയാം, അവളുടെ കാര്യമെഴുതിയാൽ, ഈ കത്ത്‌ അങ്ങയിൽ എന്തു ഫലമുണ്ടാക്കണമെന്നാണോ ഞാൻ ഉദ്ദേശിച്ചത്‌, അതൊക്കെ അപകടത്തിലാവുമെന്ന്‌. സാധാരണഗതിയിൽ, എന്നു പറഞ്ഞാൽ അവൾ വിശേഷിച്ചെന്തെങ്കിലും പ്രശ്നത്തിലോ ദുരിതത്തിലോ ചെന്നുപെട്ടിട്ടില്ലെങ്കിൽ, അങ്ങയ്ക്കവളോടു വിദ്വേഷം മാത്രമേയുള്ളു. അങ്ങു തന്നെ എന്നോടു സമ്മതിച്ചിട്ടുള്ളതുമാണ്‌, അവൾ തന്നെ മനഃപൂർവം വേദനിപ്പിക്കുകയും ആധിപ്പെടുത്തുകയുമാണെന്ന്‌, അവളുടെ പേരിൽ താൻ മനസ്സു നീറി നടക്കുമ്പോൾ അവൾ കളിച്ചും ചിരിച്ചും നടക്കുകയാണെന്ന്‌. ഇത്രയും വലിയൊരു തെറ്റിദ്ധാരണ നിങ്ങൾക്കിടയി ലുണ്ടാകണമെങ്കിൽ എത്ര ഭീകരമായ അകല്ച്ചയാണ്‌ ( ഞാനും അങ്ങും തമ്മിലുള്ളതിനേ ക്കാൾ ഭീകരം) നിങ്ങൾ തമ്മിലുണ്ടായിരിക്കുന്നത്‌! അങ്ങയുടെ കാഴ്ചയിൽ വരാത്തത്ര അകലത്തായിരിക്കുന്നു അവൾ; അവളുണ്ടായിരിക്കണമെന്നു താൻ കരുതുന്നിടത്ത്‌ ഒരു മായാരൂപത്തെ കൊണ്ടുനിർത്തുകയാണങ്ങ്‌. അവളെക്കൊണ്ട്‌ അങ്ങ്‌ അത്രയും കഷ്ടപ്പെ ട്ടിരിക്കുന്നു എന്നു ഞാൻ സമ്മതിക്കുന്നു. ഈ കുഴപ്പം പിടിച്ച സംഗതിയുടെ അടിത്തട്ടു വരെ കാണാൻ എനിക്കായിട്ടില്ലെങ്കിലും, ഏറ്റവും മികച്ച കാഫ്കാആയുധങ്ങൾ കൊണ്ടു സജ്ജയായ ഒരു ലോവിയാണ്‌ അവൾ എന്നെനിക്കു തോന്നുന്നു. നമുക്കു തങ്ങളിൽ യുദ്ധമെന്നു പറയാൻ ഒന്നുമുണ്ടായിട്ടില്ലല്ലോ; എന്റെ കഥ പെട്ടെന്നു കഴിഞ്ഞിരുന്നു; പിന്നെ ശേഷിച്ചത്‌ പലായനം, വിദ്വേഷം, ദുഃഖം, ആത്മസംഘർഷം ഇതൊക്കെയായിരുന്നു. പക്ഷേ നിങ്ങൾ രണ്ടും ഏതുനേ രവും നിലയെടുത്തുനില്ക്കുന്നവരായിരുന്നു, എതുനേരവും തയ്യാറെടുത്ത്‌, ഊർജ്ജം സംഭരി ച്ചുനില്ക്കുന്നവരായിരുന്നു. കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്‌, അത്രയ്ക്കു ഹതാ ശവും. ആദ്യമൊക്കെ നിങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നല്ലോ; ഇന്നും ഓട്ട്ളയിലാണ്‌, അങ്ങും അമ്മയും തമ്മിലുള്ള വിവാഹത്തിന്റെയും, അതുവഴി ഒരുമിച്ചുചേർന്ന ശക്തികളുടെയും ഏറ്റവും സ്പഷ്ടമായ പ്രതിനിധാനം കണ്ടെത്താനാവുക. ഏതൊന്നാണ്‌ അച്ഛനും മകളും തമ്മിലുള്ള പൊരുത്തം അപഹരിച്ചതെന്ന്‌ എനിക്കറിയില്ല; എന്നാലും എന്റെ കാര്യത്തിൽ സംഭവിച്ചതു തന്നെയാണ്‌ അവിടെയും സംഭവിച്ചതെന്നു വിശ്വസിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. അങ്ങയുടെ ഭാഗത്ത്‌ അങ്ങയുടെ സ്വേച്ഛാപ്രകൃതം; അവളുടെ ഭാഗത്താണെങ്കിൽ ലോവീകുടുംബക്കാരുടെ ധിക്കാരം, പെട്ടെന്നു വികാരം കൊള്ളൽ, നീതിബോധം, ക്ഷമകേട്‌, ഇതിനൊക്കെ പിന്തുണയായി കാഫ്കാകുടുംബത്തിന്റെ ഓജസ്സ്‌ തനിക്കുണ്ടെന്ന ബോധവും. ഞാനും അവളെ സ്വാധീനിച്ചിട്ടുണ്ടാവാം, അതുപക്ഷേ ഞാൻ മുൻകൈയെടുത്തിട്ടൊന്നുമല്ല; ഞാനുണ്ട്‌ എന്നതുകൊണ്ടുമാത്രമുണ്ടായ ഒരു സ്വാധീനമായിരിക്കണമത്‌. ഒടുവിലെത്തിയ വ്യക്തി എന്ന നിലയ്ക്ക്‌ അവൾ വന്നുചേർന്നത്‌ അധികാരബന്ധങ്ങൾ ഉറച്ചുകഴിഞ്ഞ ഒരു വ്യവസ്ഥിതിയിലേക്കായിരുന്നു; തന്റേതായ ഒരു വിലയിരുത്തലിനു സഹായകമായ വിധം തെളിവുകളുടെ അത്രയും വലിയൊരു കൂമ്പാരം അവൾക്കു മുന്നിൽ കിടക്കുന്നുമുണ്ടായിരു ന്നല്ലോ. ആരുടെ കൈകളിലേക്കാണ്‌ താൻ ചെന്നുവീഴേണ്ടത്‌ , അങ്ങയുടെയോ, അങ്ങയുടെ ശത്രുക്കളുടെയോ, എന്നൊരു ചാഞ്ചാട്ടം തുടക്കത്തിൽ അവൾക്കുണ്ടായിരുന്നു എന്നും എനിക്കു സങ്കല്പിക്കാവുന്നതേയുള്ളു. അന്നുപക്ഷേ, ആ അവസരം അങ്ങു നഷ്ടപ്പെടുത്തി; അങ്ങവളെ തള്ളിമാറ്റുകയായിരുന്നു; മറിച്ചാണുണ്ടായിരുന്നതെങ്കിൽ രണ്ടുപേരും കൂടി കേമമായൊരു ജോഡിയായേനെ. അതുവഴി എനിക്കൊരു സഖ്യകക്ഷിയെ നഷ്ടപ്പെടുമായിരുന്നു എന്നതു ശരിയാണെങ്കിൽക്കൂടി, രണ്ടുപേരും ചേർന്നുനില്ക്കുന്ന ആ കാഴ്ച എത്രയും മതിയായ പരിഹാരമാകുമായിരുന്നു എനിക്ക്‌. തന്റെ സന്തതികളിൽ ഒരാളെങ്കിലും തനിക്കു പൂർണ്ണതൃപ്തി നല്കുന്നുവെന്നതു കണ്ടിട്ടുണ്ടാകുന്ന സന്തോഷം അങ്ങയിലും മാറ്റങ്ങൾ വരുത്തുമായിരുന്നു- എനിക്കും അതു ഗുണപ്പെട്ടേനെ. പക്ഷേ അതൊക്കെ ഇന്നൊരു സ്വപ്നം മാത്രമായിരിക്കുന്നു. ഓട്ട്ളയ്ക്ക്‌ സ്വന്തം പിതാവുമായി ഒരു സമ്പർക്കവുമില്ല; എന്നെപ്പോലെ അവൾക്കും ഈ ലോകത്ത്‌ താനായിട്ടൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. തന്റേടം, ആരോഗ്യം, സാഹസി കത ഇതിലൊക്കെ അവളെന്നെ എത്രമാത്രം കവച്ചുവയ്ക്കുന്നുവോ, അത്രയുമളവിൽത്തന്നെ ദുഷ്ടയും വഞ്ചകിയുമായിരുന്നു അവൾ, അങ്ങയുടെ കണ്ണിൽ. അതെനിക്കു മനസ്സിലാവും: അങ്ങയുടെ വീക്ഷണത്തിൽ അവൾക്കങ്ങനെയാവാതെ പറ്റില്ല. തീർച്ചയായും അങ്ങയുടെ കണ്ണുകളിലൂടെ സ്വയം നിരീക്ഷിക്കാനും, അങ്ങയുടെ ദുഃഖത്തിൽ സഹതപിക്കാനും, വിഷാദം തോന്നാനും- നൈരാശ്യത്തിൽ വീഴാനല്ല, അതെനിക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്‌- അവൾക്കും കഴിയും. ഇതിനു വിപരീതമെന്നു തോന്നുന്ന വിധത്തിൽ ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും, അടക്കം പറയുന്നതും, ചിരിക്കുന്നതും, അങ്ങയുടെ പേരു പറയുന്നതുമൊക്കെ അങ്ങു പല പ്പോഴും കണ്ടിട്ടുണ്ടെന്നതു ഞാൻ സമ്മതിക്കുന്നു. ധിക്കാരികളായ ഗൂഢാലോചനക്കാരെയാണ്‌ അങ്ങപ്പോൾ മനസ്സിൽ കാണുന്നത്‌. വല്ലാത്ത ഗൂഢാലോചനക്കാർ തന്നെ. ഞങ്ങളുടെ ചിന്തക ളിലെന്നപോലെ സംസാരത്തിലും അങ്ങൊരു മുഖ്യവിഷയം തന്നെയായിരുന്നു; പക്ഷേ അങ്ങ യ്ക്കെതിരെ തന്ത്രങ്ങൾ മെനയാനായിരുന്നില്ല ഞങ്ങൾ ഒരുമിച്ചുകൂടിയത്‌; മറിച്ച്‌, എല്ലാ യത്ന വുമെടുത്ത്‌, തമാശയും ഗൗരവവും സ്നേഹവും കോപവും ധിക്കാരവും ഈർഷ്യയും വിധേയ ത്വവും കുറ്റബോധവുമൊക്കെയായി, മനസ്സിന്റെയും ഹൃദയത്തിന്റെയും ശേഷികളെല്ലാമു പയോഗപ്പെടുത്തി, അങ്ങയ്ക്കും ഞങ്ങൾക്കുമിടയിൽ പരിഹാരമാകാതെ കിടക്കുന്ന ഭീകര മായ ആ വിചാരണയെ തലനാരിഴ കീറി ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നു; ആ വിചാര ണയിൽ താനാണു ന്യായാധിപനെന്ന്‌ അങ്ങു നിരന്തരം അവകാശപ്പെടാറുണ്ടെങ്കിൽക്കൂടി മുഖ്യ ഭാഗത്തെങ്കിലും ( എനിക്കു പിശകു പറ്റാമെന്നതു ഞാൻ സമ്മതിക്കുന്നു) യഥാർഥത്തിൽ കേസിലെ ഒരു കക്ഷിയായിരുന്നു അങ്ങ്‌, ഞങ്ങളെപ്പോലെതന്നെ ദുർബലനും ആന്ധ്യം ബാധിച്ചവനും.

അങ്ങയുടെ ശിക്ഷണരീതി മൊത്തത്തിൽ ഏതു വിധത്തിൽ ഫലിച്ചുവെന്നതിനു മതിയാ യൊരുദാഹരണമാണ്‌ ഇർമ്മയുടെ* കാര്യം. ഒരു വശത്തു നിന്നു നോക്കുമ്പോൾ അവൾ പുറമേ നിന്നു വരുന്നു, അങ്ങയുടെ കൂടെ ജോലിക്കു ചേരുമ്പോൾ അവൾ മുതിർന്നിരിക്കുന്നു; ജോലി തരുന്നയാളെന്ന നിലയ്ക്കുള്ള ഒരു ബന്ധമേ അവൾക്കങ്ങയോടുള്ളു; അതു കാരണം ഭാഗികമായിട്ടേ അങ്ങയുടെ സ്വാധീനം അവൾക്കേല്ക്കേണ്ടിവരുന്നുമുള്ളു, അതുമല്ല അതിനെ ചെറുക്കാൻ കഴിവുള്ള പ്രായത്തിലുമാണവൾ. മറ്റൊരു വശത്താകട്ടെ പക്ഷേ, അവൾക്കങ്ങ യോടു രക്തബന്ധമുണ്ട്‌, തന്റെ അച്ഛന്റെ സഹോദരനെന്ന നിലയ്ക്ക്‌ അവൾക്കങ്ങയോടു ബഹുമാനമാണ്‌, അതിനാൽ ഒരു തൊഴിലുടമയെന്നതിനേക്കാൾ അധികാരം അവൾക്കു മേൽ ചുമത്താൻ അങ്ങയ്ക്കു കഴിയുകയും ചെയ്യും. എന്നിട്ടുകൂടി ഈ പെൺകുട്ടി, അത്ര ആരോഗ്യ വതിയല്ലാതിരുന്നിട്ടും സമർത്ഥയും ബുദ്ധിമതിയും അദ്ധ്വാനിയും വിനയവതിയും വിശ്വസ്തയും നിസ്വാർത്ഥയുമായ ഈ പെൺകുട്ടി, അങ്ങയെ ജോലി തരുന്നയാൾ എന്ന നിലയിൽ ബഹുമാ നിക്കുകയും അമ്മാവനെന്ന നിലയിൽ സ്നേഹിക്കുകയും ചെയ്തിരുന്ന ഈ കുട്ടി, മുമ്പും പിമ്പും പല ജോലികളിലും തന്റെ മികവു കാണിച്ചവൾ- അവൾ അങ്ങയുടെ കണ്ണിൽ നല്ലൊരു ക്ളാർക്ക്‌ ആയില്ല. വാസ്തവമെന്തെന്നാൽ, ഞങ്ങളുടെ കൂടി സമ്മർദ്ദത്തിന്റെ ഫലമായിട്ടാ ണെന്നു സമ്മതിക്കട്ടെ, മക്കൾക്കങ്ങയോടുള്ള ബന്ധത്തിനു തുല്യമായിട്ടുള്ള ഒന്നിലേക്കാണ്‌ അവൾ തള്ളിയിടപ്പെട്ടത്‌; മറ്റുള്ളവരെ (ഇർമ്മ ഉൾപ്പെടെ) തന്റെ വിധേയരാക്കാൻ അങ്ങ യുടെ വ്യക്തിത്വത്തിനുണ്ടായിരുന്ന ശക്തിയാകട്ടെ, അവൾക്കു മേലും അതിന്റെ പ്രഭാവം ചെലുത്തി, അവളെ മറവിക്കാരിയും ശ്രദ്ധയില്ലാത്തവളുമാക്കി ( അതും പക്ഷേ അങ്ങയുടെ കാര്യത്തിൽ മാത്രമായിരുന്നുവെന്നു ഞാൻ വിശ്വസിക്കട്ടെ, ഒരു കുട്ടി കടന്നുപോകേണ്ടിവരുന്ന ആഴമേറിയ യാതന അവൾ സഹിച്ചിട്ടില്ലെന്നും); പരപരിഹാസവും ധിക്കാരത്തിന്റെ ഒരു ഛായ കൂടിയും ( അതിനുള്ള പ്രാപ്തി അവൾക്കുണ്ടായിരുന്നെങ്കിൽ) അവളിൽ വളർത്തി. ഇതൊക്കെ പറയുമ്പോൾ, അവളുടെ അനാരോഗ്യവും മറ്റസംതൃപ്തികളും മോശപ്പെട്ട കുടുംബജീ വിതവുമൊന്നും ഞാൻ കണക്കിലെടുക്കുന്നില്ലെന്നും പറയട്ടെ. അങ്ങയ്ക്കവളോടുള്ള ബന്ധ ത്തെക്കുറിച്ച്‌ എനിക്കു കൃത്യമായൊരു വെളിച്ചം കിട്ടിയത്‌ അങ്ങ് അവളെക്കുറിച്ചു നടത്തിയ ഈയൊരു പരാമർശത്തിൽ നിന്നായിരുന്നു (ഞങ്ങൾക്കതൊരു ക്ളാസ്സിക്‌ തന്നെയായിരുന്നു): ദൈവദൂഷണം പോലെ തോന്നുമെങ്കിലും മറ്റുള്ളവരോടുള്ള അങ്ങയുടെ പെരുമാറ്റത്തിലെ ജാഗ്ര തക്കുറവിന്‌ അസാധാരണമായൊരു ഉദാഹരണമായിരുന്നു അത്‌: ‘കിടന്നിടം വൃത്തികേടാക്കി യിട്ടാണ്‌ ആളു ചത്തത്‌.’

അങ്ങയുടെ സ്വാധീനവലയങ്ങളും അവയിൽ നിന്നു വിട്ടുപോരാൻ ഞങ്ങൾ നടത്തിയ യുദ്ധങ്ങളും വർണ്ണിക്കാനാണെങ്കിൽ എത്രയോ ബാക്കി കിടക്കുന്നു; പക്ഷേ എനിക്കു കാലുറ യ്ക്കാത്തൊരു ദേശമാണത്‌; പലതും എനിക്കു കെട്ടിച്ചമയ്ക്കേണ്ടിയും വരും. അതിനും പുറമേ, ബിസിനസ്സിനും കുടുംബത്തിനും അകലെയായിരിക്കുമ്പോൾ അങ്ങു കൂടുതൽ കാരുണ്യ വാനും, സന്തോഷവാനും, പരചിന്തയുള്ളവനും സഹാനുഭൂതിയുള്ളവനും(പുറമെ കൂടിയും എന്നാണു ഞാൻ അർഥമാക്കുന്നത്‌) ആവുകയായിരുന്നു; വിദേശയാത്ര നടത്തുന്ന ഒരു സ്വേച്ഛാധിപതിയുടെ കാര്യം പോലെയാണത്‌; അവിടെ അയാൾ തന്റെ ദുഷ്പ്രമത്തത കാണി ക്കേണ്ടതില്ലല്ലോ; ഏറ്റവും താഴെക്കിടയിലുള്ളവരുമായിപ്പോലും അയാൾക്കു സ്വതന്ത്രമായി ഇടപഴകാം. വാസ്തവം പറയണമല്ലോ, ഫ്രാൻസെൻസ്ബാദിൽ വച്ചെടുത്ത ഫോട്ടോകളിൽ മുഖം മുഷിഞ്ഞ മറ്റു കൊച്ചുമനുഷ്യർക്കിടയിൽ പ്രസരിപ്പോടെ നീണ്ടു നിവർന്നു നില്ക്കുന്ന അങ്ങയെ കണ്ടാൽ വിദേശയാത്ര നടത്തുന്ന ഒരു രാജാവിനെപ്പോലെ തന്നെയുണ്ട്‌. അങ്ങ യുടെ കുട്ടികൾക്കും അതു കൊണ്ടു ഗുണമുണ്ടായേനെ; അതിനു പക്ഷേ, കുട്ടികളായിരിക്കുമ്പോൾ ത്തന്നെ അതു തിരിച്ചറിയാനുള്ള കഴിവ്‌ അവർക്കുണ്ടാവുകയും വേണമായിരുന്നു; അതു സാദ്ധ്യ മായിരുന്നില്ലല്ലോ. അങ്ങനെയെങ്കിൽ എനിക്ക് അങ്ങയുടെ സ്വാധീനത്തിന്റെ ഏറ്റവും ഉള്ളിലു ള്ളതും, കർക്കശവും, ഇടുങ്ങിയതുമായ വൃത്തത്തിനുള്ളിൽ പെട്ടുകിടക്കുകയും വേണ്ടിയിരുന്നില്ല; യഥാർഥത്തിൽ സംഭവിച്ചതതാണ്‌.

ഇതു വഴി, അങ്ങു പറയുന്നതു പോലെ, കുടുംബചിന്ത എന്നത്‌ എനിക്കില്ലാതെ പോയോ? അങ്ങനെയല്ല,നിഷേധാർഥത്തിലാണ്‌ അതെന്നിൽ പ്രകടമായതെന്നേയുള്ളു; അങ്ങയിൽ നിന്നു വിട്ടുപോരാൻ ഉള്ളിൽ നടക്കുന്ന ( ഒരിക്കലും പൂർത്തിയാകാത്ത) യത്നം. പക്ഷേ കുടുംബ ത്തിനു വെളിയിലുള്ളവരോടുള്ള എന്റെ ബന്ധത്തെയും അങ്ങയുടെ സ്വാധീനം മോശമായി ബാധിച്ചു. ഞാൻ മറ്റുള്ളവർക്ക്‌ എന്തും ചെയ്തുകൊടുക്കുന്നത്‌ സ്നേഹവും ആത്മാർത്ഥതയും കൊണ്ടാണെന്നും, അങ്ങയ്ക്കും വീട്ടുകാർക്കും യാതൊന്നും ചെയ്യാത്തത്‌ എന്റെ ഹൃദയശൂന്യ തയും കള്ളത്തരവും കൊണ്ടാണെന്നുമാണ്‌ അങ്ങു ധരിച്ചിരിക്കുന്നതെങ്കിൽ അങ്ങയ്ക്കു തെറ്റി. ഒരു പത്താമത്തെത്തവണ ഞാൻ ആവർത്തിക്കട്ടെ: മറ്റേതു ചുറ്റുപാടായിരുന്നാലും ഇത്ര തന്നെ ഭീരുവും ലജ്ജാലുവുമായിരുന്നേനെ ഞാൻ; പക്ഷേ അവിടെ നിന്ന്‌ ഞാൻ ഇന്നെത്തി നില്ക്കുന്നിടത്തേക്കുള്ള വഴി ദീർഘവും ഇരുളടഞ്ഞതുമായിരുന്നു. [ഈ കത്തിൽ ഇതേവരെ ഞാൻ മനഃപൂർവം മറച്ചുപിടിച്ചതായി (അങ്ങില്‍ നിന്നും എന്നില്‍ നിന്നും) കാര്യമായിട്ടൊ ന്നുമില്ല. ഇവിടം മുതൽ പക്ഷേ, ഏറ്റുപറയാൻ അത്രയും ദുഷ്കരമായ ചിലത്‌ എനിക്കു മറച്ചു വയ്ക്കേണ്ടിവരും. ഞാനിതിവിടെ പറയുന്നത്‌ അങ്ങുമിങ്ങും മങ്ങിയും മാഞ്ഞും വ്യക്തത പോരാതെയാണു ചിത്രം കാണപ്പെടുന്നതെങ്കിൽ അതിനു കാരണം തെളിവുകളുടെ അഭാവമാ ണെന്ന്‌ അങ്ങു ധരിച്ചുപോകരുതെന്നതിനാലാണ്‌: നോക്കിയാൽ കണ്ണഞ്ചിപ്പോകുന്നത്ര തെളി ച്ചമുള്ള തെളിവുകൾ ചിത്രത്തിൽ വേറെ കിടപ്പുണ്ട് .ഒരിടനില കണ്ടെത്തുക ദുഷ്കരമാണ്‌.] അതെന്തുമാകട്ടെ, ഞാൻ മുമ്പു സൂചിപ്പിച്ചത്‌ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. അങ്ങയുടെ സാന്നിദ്ധ്യത്തിൽ എനിക്കെന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു; പകരമെനിക്കു കിട്ടിയതോ, അതിരറ്റ ഒരു കുറ്റബോധവും. ( ഈ അതിരില്ലായ്മ മനസ്സിൽ വച്ചുകൊണ്ട്‌ ഞാൻ ഒരാളെക്കു റിച്ച്‌ കൃത്യമായി ഇങ്ങനെ എഴുതിയിട്ടുണ്ട്‌: ‘താൻ മരിച്ചാലും നാണക്കേടു ബാക്കിനില്ക്കുമെ ന്നായിരുന്നു അയാളുടെ ഭയം.’)* മറ്റുള്ളവരോടൊപ്പം നില്ക്കുമ്പോൾ പെട്ടെന്നു മറ്റൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നില്ല; മറിച്ച്‌ എന്റെ കുറ്റബോധം കൂടുകയാണു ചെയ്തത്‌. ഞാൻ മുമ്പു പറഞ്ഞപോലെ കടയിൽ വച്ച്‌ അങ്ങവരോടു ചെയ്യുന്ന പാപങ്ങൾക്ക്‌ ഞാനായിട്ടൊരു നിവൃത്തി കാണണമെന്നായിരുന്നു എന്റെ തോന്നൽ. അതുമല്ലല്ലോ, ഞാനിടപെടുന്ന ഏതൊരാ ളെക്കുറിച്ചും ഒരെതിരഭിപ്രായം (പ്രകടമായും അല്ലാതെയും) അങ്ങയ്ക്കവരെക്കുറിച്ചു പറയാനു ണ്ടാവും; അതിന്റെ ഉത്തരവാദിത്തവും മനസ്സാ ഞാനേറ്റു. ബിസിനസ്സിലാവട്ടെ, വീട്ടിലാവട്ടെ, ഒട്ടു മിക്കവരെയും ( എന്റെ ബാല്യത്തിൽ ഏതെങ്കിലും രീതിയിൽ പ്രാധാന്യമുള്ളവരായി ഞാൻ കണ്ടിരുന്ന ആരെങ്കിലുമൊരാളുണ്ടോ, വിമർശനം കൊണ്ട്‌ അങ്ങു പിച്ചിച്ചീന്താത്തതായി?) അവിശ്വാസത്തോടെ കാണണമെന്നാണല്ലോ അങ്ങെന്നെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടി രുന്നത്‌; വിചിത്രമെന്നു പറയട്ടെ, അങ്ങയ്ക്കൊരു ഭാരമായിരുന്നില്ല ആ അവിശ്വാസം ( അതു കൊണ്ടുനടക്കാനുള്ള കരുത്ത്‌ അങ്ങയ്ക്കുണ്ടായിരുന്നു; ഒരു ഭരണാധികാരിയുടെ ലക്ഷണവുമാ യിരുന്നു അത്‌); കുട്ടിയായ എനിക്കു പക്ഷേ, അതിനെ സാധൂകരിക്കുന്ന യാതൊന്നും എവി ടെയും കണ്ണില്പ്പെട്ടിരുന്നില്ല; എല്ലായിടത്തും ഞാൻ കണ്ടത്‌ എനിക്കൊരിക്കലും കൈയെത്തി പ്പിടിക്കാനാവാത്തത്ര മികവു കാണിക്കുന്നവരെയാണ്‌; അതെന്നോടു തന്നെയുള്ള അവിശ്വാസ മായി മാറി, മറ്റെല്ലാവരോടുമുള്ള ബന്ധത്തിലെ തീരാത്ത ഉത്കണ്ഠയായി. അങ്ങനെ അന്യരും അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ളൊരിടമായില്ല എനിക്ക്‌. ഇക്കാര്യത്തിൽ അങ്ങു സ്വയം കബളിപ്പിക്കുകയായിരുന്നു; അതിനു കാരണം എനിക്കന്യരോടുള്ള ബന്ധത്തെക്കുറിച്ചു വ്യക്ത മായൊരു ധാരണ അങ്ങയ്ക്കില്ലാത്തതും, കുടുംബത്തിൽ നിന്നു കിട്ടാത്തത്‌ പുറമേ നിന്നു ഞാൻ സമ്പാദിക്കുകയാണെന്ന സംശയവും അസൂയയും (അങ്ങയ്ക്കെന്നെ ഇഷ്ടമല്ലെന്ന ല്ലല്ലോ ഞാൻ പറയുന്നത്‌?) കലർന്ന വിചാരവുമാവണം. കുടുംബത്തിനു പുറത്തെ എന്റെ ജീവിതം മറ്റൊന്നാണെന്നാവാം അങ്ങു കരുതിയത്‌. ആനുഷംഗികമായി പറയട്ടെ, ശരിക്കു മെന്റെ കുട്ടിക്കാലത്തേ സ്വന്തം വിലയിരുത്തലിനോടുള്ള അവിശ്വാസത്തിൽ നിന്ന്‌ എനി ക്കൊരു സാന്ത്വനം ലഭിച്ചിട്ടുള്ളു; ഞാൻ സ്വയം പറയും: ‘താൻ ഒക്കെ വല്ലാതെ പെരുപ്പിച്ചു കാണുകയാണ്‌, വെറും നിസ്സാരമായവയെ വലിയ അപവാദങ്ങളായി കാണുകയാണ്‌.’ ഈ സാന്ത്വനമാകട്ടെ, ലോകപരിചയം കൂടിവന്നതോടെ എനിക്കു മിക്കവാറും നഷ്ടപ്പെട്ട ഒന്നുമായിരുന്നു.

മതത്തിലും അങ്ങയിൽ നിന്നൊരു രക്ഷ എനിക്കു കിട്ടിയില്ല. എന്തെങ്കിലുമൊരു രക്ഷ കിട്ടുമെന്നു വിചാരിക്കാവുന്നൊരിടമായിരുന്നു അത്‌; കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, അതിനുള്ളിൽ വച്ചു നാം പരസ്പരം കണ്ടേത്തിയേക്കുമായിരുന്നുവെന്നോ, അതിൽ നിന്നു നാം ഒരുമിച്ചു തുടങ്ങുമായിരുന്നുവെന്നോ പ്രതീക്ഷിക്കാവുന്നൊരിടം. പക്ഷേ എന്തു മാതിരി യഹൂദമ തമായിരുന്നു എനിക്കങ്ങയിൽ നിന്നു കിട്ടിയത്‌! ഇത്രയും കാലത്തിനുള്ളിൽ വ്യത്യസ്തമായ മൂന്നുതരം വീക്ഷണങ്ങളാണ്‌ എനിക്കതിനോടുണ്ടായിരിക്കുന്നത്‌.

കുട്ടിയായിരിക്കുമ്പോൾ ഞാൻ സ്വയം കുറ്റപ്പെടുത്തിയിരുന്നു, ഇടയ്ക്കിടെ ദേവാലയ ത്തിൽ പോകാത്തതിനും, നോമ്പെടുക്കാത്തതിനും മറ്റും. ഞാനെന്തോ തെറ്റു ചെയ്യുകയാണെ ന്നായിരുന്നു എന്റെ വിശ്വാസം, എന്നോടല്ല, അങ്ങയോട്‌; കുറ്റബോധം എന്നെ കീഴ്പ്പെടുത്തി- അതുപക്ഷേ അവസരം നോക്കിക്കിടക്കുകയായിരുന്നുവെന്നേയുള്ളു.

പില്ക്കാലത്ത്‌, മുതിർന്ന കുട്ടിയായപ്പോൾ എനിക്കു മനസ്സിലായില്ല, ജൂതമതത്തിന്റെ തീർത്തും നിസ്സാരമായ ഒരവശിഷ്ടത്തിന്റെ ഉടമയായ അങ്ങയ്ക്കെങ്ങനെ സമാനമായ ഒരവശിഷ്ടത്തിൽ പിടിച്ചുതൂങ്ങാത്തതിന്റെ പേരിൽ ( ഭക്തി കാണിക്കാനെങ്കിലും, എന്നാ ണങ്ങു പറഞ്ഞത്‌) എന്നെ കുറ്റപ്പെടുത്താനാവുമെന്ന്‌. എനിക്കു കാണാൻ പറ്റിയിടത്തോളം ശരിക്കുമൊരു അവശിഷ്ടം തന്നെയായിരുന്നു അത്‌, ഒരു തമാശ; അതുപോലുമല്ല. അങ്ങു വർഷത്തിൽ നാലു ദിവസം ദേവാലയത്തിൽ പോയിരുന്നു; അങ്ങയ്ക്കു കൂടുതൽ അടുപ്പം ഒരു താത്പര്യവുമില്ലാതെ അവിടെ വന്നുപോകുന്നവരോടായിരുന്നു, അതിനെ ഗൗരവത്തിലെടുക്കു ന്നവരോടായിരുന്നില്ല; ഒരു ചടങ്ങു കഴിക്കുന്നപോലെ അങ്ങു പ്രാർത്ഥനകളിൽ പങ്കുകൊണ്ടു; ചിലനേരത്ത്‌ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അപ്പോൾ നടക്കുന്ന പ്രാർത്ഥനയുടെ ഏട്‌ പുസ്തകത്തിൽ അങ്ങെനിക്കു കാണിച്ചു തന്നിരുന്നു; പിന്നെ ദേവാലയത്തിനുള്ളിലായിരിക്കു ന്നിടത്തോളം നേരം ( അതായിരുന്നു പ്രധാനം) ഇഷ്ടമുള്ളിടത്ത്‌ എനിക്കു ചുറ്റിക്കറങ്ങി നടക്കാമായിരുന്നു. അങ്ങനെ കോട്ടുവായിട്ടും ഉറക്കം തൂങ്ങിയും മണിക്കൂറുകൾ കഴിച്ചുകൂട്ടുന്ന തിനിടയിൽ (പില്ക്കാലത്ത്‌ അത്രയും മുഷിച്ചിൽ ഞാൻ അനുഭവിച്ചിരിക്കുന്നത്‌ ഡാൻസ്‌ ക്ളാസ്സിൽ വച്ചാണെന്നു തോന്നുന്നു) അവിടെ കിട്ടുന്ന അല്പം ചില വിനോദങ്ങളിൽ ആനന്ദം കണ്ടെത്താൻ ഞാൻ ശ്രമിച്ചു; ഉദാഹരണത്തിന്‌ പെട്ടകം* തുറക്കുമ്പോൾ; അതു കാണുമ്പോൾ എനിക്കോർമ്മ വന്നിരുന്നത്‌ മേളകളിലെ ഷൂട്ടിംഗ്‌ ഗാലറിയായിരുന്നു. അവിടെപ്പക്ഷേ ഉന്ന ത്തിൽ കൊള്ളിച്ചാൽ ഒരു വാതിൽ തുറന്ന്‌ രസമുള്ളതെന്തെങ്കിലും പുറത്തു വരുമായിരുന്നെ ങ്കിൽ, ഇവിടെ എന്നും കാണാനുള്ളത്‌ *തലയറ്റ ഒരേ പാവകളെത്തന്നെയായിരുന്നുവെന്നേ യുള്ളു. അതിനും പുറമേ പേടിച്ചു വിരണ്ടാണ്‌ ഞാൻ അതിനുള്ളിൽ കഴിഞ്ഞിരുന്നത്‌; അത്രയ ധികം ആളുകളെ കാണുന്നതു മാത്രമല്ല( അതു പറയേണ്ട കാര്യമില്ലല്ലോ), തോറയിൽ നിന്നു വായിക്കാൻ എന്നെയും വിളിച്ചേക്കാം എന്നൊരിക്കൽ അങ്ങു പറഞ്ഞതും അതിനു കാരണ മായി. അങ്ങനെയൊരു സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട്‌ വർഷങ്ങൾ ഞാൻ പേടിച്ചു വിറ ച്ചിരുന്നു. ഇതല്ലാതെ മറ്റൊന്നും എന്റെ മുഷിച്ചിലിനെ കാര്യമായി ശല്യപ്പെടുത്താനുണ്ടാ യിരുന്നില്ല; പിന്നെയൊന്നുണ്ടായെന്നു പറയാൻ എന്റെ ബാർ- മിത്‌ സ്വായുടെ* സമയത്തു മാത്രം; അതിനു പക്ഷേ അപഹാസ്യമായ ഒരു മനഃപാഠമേ വേണ്ടിവന്നുള്ളു; അതിൽ നിന്നു ണ്ടായത്‌ അപഹാസ്യമായ ഒരു പരീക്ഷ പാസ്സാകൽ പോലെയൊന്നും. പിന്നെ ചിലപ്പോൾ തോറാ വായിക്കാൻ അങ്ങയെ വിളിക്കുമ്പോൾ അങ്ങതു വലിയ മോശം വരാതെ നിർവഹിച്ചു വരുന്നതും ഞാൻ കണ്ടിട്ടുണ്ട്‌; ചില നാളുകളിൽ മരിച്ചവർക്കുള്ള പ്രാർത്ഥന നടക്കുമ്പോൾ അങ്ങു ദേവാലയത്തിൽ നിന്നിട്ട്‌ എന്നെ പറഞ്ഞയക്കും. കുറേക്കാലത്തേക്ക്‌, എന്നെ പറഞ്ഞ യക്കുന്നതും എന്റെ അറിവ്‌ അത്രയ്ക്കാഴമുള്ളതല്ലാത്തതും കാരണമാവാം, മോശപ്പെട്ടതെന്തോ ചെയ്യാനാണ്‌ അങ്ങ്‌ ദേവാലയത്തിൽ നില്ക്കുന്നതെന്ന്‌ എനിക്കു തോന്നിയിരുന്നു. അപ്പോൾ ദേവാലയത്തിൽ ഇങ്ങനെയൊക്കെയായിരുന്നു മതവിശ്വാസത്തിന്റെ സ്ഥിതി; വീട്ടിലാകട്ടെ, അതിലും പരിതാപകരമായിരുന്നു; പെസഹായുടെ ആദ്യരാത്രിയോടെ അതു കഴിയും. അതും പക്ഷേ, വളർന്നുവരുന്ന ഞങ്ങൾ കുട്ടികളുടെ സ്വാധീനം കാരണമാകാം, ( ആ സ്വാധീനത്തിന്‌ അങ്ങെന്തിനു വഴങ്ങിക്കൊടുത്തു? അതു കൊണ്ടുവന്നത്‌ അങ്ങായതു കൊണ്ടുതന്നെ.) പൊട്ടിച്ചി രിയുമൊക്കെയായി ഒരു പ്രഹസനമായിരുന്നു. അങ്ങനെ വിശ്വാസമെന്ന പേരിൽ എനിക്കു പകർന്നുകിട്ടിയത്‌ ഇത്രയൊക്കെയായിരുന്നു; അങ്ങയുടേതായി അതിൽ കൂട്ടിച്ചേർത്തത്‌ പെരു ന്നാളുകളിൽ അച്ഛനോടൊപ്പം വരുന്ന ‘കോടീശ്വരനായ ഫുക്കിന്റെ മക്കളെ’ ചൂണ്ടിക്കാട്ടുന്ന അങ്ങയുടെ കൈ മാത്രം. ഇങ്ങനെയൊരു വസ്തു വച്ചുകൊണ്ട്‌ ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കഴിയുന്നതും വേഗം അതിനെ ഒഴിച്ചുവിടുക എന്നതല്ലാതെ മറ്റെന്തായിരിക്കുമെന്ന്‌ എനിക്കൊരു ധാരണയുമില്ലായിരുന്നു; അതിനെ ഒഴിച്ചുവിടുക എന്നതു തന്നെയാണ്‌ ഏറ്റവും ബഹുമാന്യമായ പ്രവൃത്തിയായി എനിക്കു തോന്നിയത്‌.

അതിനും ശേഷം മറ്റൊരു വീക്ഷണത്തിലൂടെ ഞാൻ അതിനെ കണ്ടുതുടങ്ങി; അതിലും ദുഷ്ടമനസ്സോടെ ഞാൻ അങ്ങയെ വഞ്ചിക്കുകയായിരുന്നുവെന്നു വിശ്വസിക്കാൻ അങ്ങ യ്ക്കു കഴിയുന്നതെങ്ങനെ എന്ന്‌ എനിക്കൊരു ധാരണയുമുണ്ടായി. ഗ്രാമത്തിലെ അടഞ്ഞ സമൂഹം വിട്ടു പോരുമ്പോൾ ജൂതദമതത്തിന്റെ ചില അവശിഷ്ടങ്ങൾ കൂടി അങ്ങു കൂടെക്കൊ ണ്ടുപോന്നിരുന്നു; അത് അത്രയധികമൊന്നും ഉണ്ടായിരുന്നില്ല; നഗരത്തിലെ ജീവിതവും പട്ടാളത്തിലെ സേവനവും കഴിഞ്ഞപ്പോൾ അതു ശോഷിച്ചുശോഷിച്ച്‌ മിക്കവാറും ഇല്ലാതാ വുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കൂടി ഒരുതരം ജൂതജീവിതം നിലനിർത്താൻ അങ്ങയുടെ ചെറുപ്പത്തിലെ ഓർമ്മകളും ബിംബങ്ങളും മതിയാകുമായിരുന്നു, ആ തരം താങ്ങ്‌ അത്രയധികം ആവശ്യമില്ലാത്ത ഒരു കൂട്ടത്തിലാണ്‌ അങ്ങയുടെ പിറവി എന്നാതിനാൽ പ്രത്യേകിച്ചും; പിന്നെ, സമൂഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങളുമായി കൂടിക്കുഴഞ്ഞാലല്ലാതെ മതപരമായ സന്ദേഹങ്ങൾ കൊണ്ടുലയുന്നതുമായിരുന്നില്ല അങ്ങയുടെ പ്രകൃതം. അടിസ്ഥാനപരമായി നോക്കുമ്പോൾ അങ്ങയുടെ ജീവിതത്തെ നയിച്ചിരുന്ന വിശ്വാസമെന്നത്‌ ജൂതമതത്തിലെ ഒരു പ്രത്യേകവർഗം കൊണ്ടുനടന്നിരുന്ന അഭിപ്രായങ്ങൾ ആത്യന്തികസത്യങ്ങളാണെന്ന അങ്ങയുടെ വിശ്വാസമായിരുന്നു; ആ അഭിപ്രായങ്ങൾ അങ്ങയുടെ പ്രകൃതത്തിന്റെതന്നെ ഘടകമായി മാറിപ്പോയിരുന്നതിനാൽ തന്നെത്തന്നെ വിശ്വസിക്കലുമായിരുന്നു അത്‌. അതി ല്പോലും ആവശ്യത്തിനുള്ളത്ര ജൂതത്തമൊക്കെയുണ്ടായിരുന്നു; പക്ഷേ കൈമാറേണ്ട ഒരു പാരമ്പര്യമെന്ന നിലയ്ക്ക്‌ കുട്ടിയ്ക്കതു പോരായിരുന്നു: പകര്‍ന്നു കൊടുക്കുമ്പോഴേക്കും ചോർന്നു പോകാനുള്ളതേയുണ്ടായിരുന്നുള്ളു അത്‌. അങ്ങയുടെ ചെറുപ്പകാലത്തെ ഓർമ്മകളായിരുന്നു അതിന്റെ ഒരു ഭാഗം; അതെന്തായാലും മറ്റൊരാൾക്കു പങ്കുവയ്ക്കാൻ കഴിയില്ലതന്നെ; അങ്ങ യുടെ ഭീഷണമായ വ്യക്തിത്വമായിരുന്നു മറ്റേ ഭാഗം. ജൂതമതത്തിന്റെ പേരിൽ അങ്ങനുഷ്ഠി ച്ചിരുന്ന ഒരു പിടി നിസ്സാരതകൾക്ക്‌ ( ആ നിസ്സാരതയ്ക്കു ചേർന്ന അലക്ഷ്യഭാവം ആ ചടങ്ങു കഴിക്കലിലും കാണാം) അതിലും കവിഞ്ഞ എന്തെങ്കിലുമൊരു അർത്ഥമുണ്ടെന്ന്‌ ഭയം കൊണ്ടു ശ്രദ്ധ കൂർത്ത ഒരു കുട്ടിയെ മനസ്സിലാക്കിക്കുക അസാദ്ധ്യം തന്നെയായിരുന്നു. അങ്ങയ്ക്ക തൊക്കെ പഴയൊരു കാലത്തിന്റെ ഓർമ്മയുണർത്തുന്ന വസ്തുക്കളായിരുന്നു; അതു കൊണ്ടാണ്‌ എനിക്കവ കൈമാറാൻ അങ്ങാഗ്രഹിച്ചതും; അതേസമയം അങ്ങയ്ക്കു തന്നെ അതിന്റെയൊക്കെ അർത്ഥം നഷ്ടപ്പെട്ടുകഴിഞ്ഞ സ്ഥിതിയ്ക്ക്‌ പ്രേരണ ചെലുത്തിയോ, ഭീഷ ണിപ്പെടുത്തിയോ അല്ലാതെ അതെങ്ങനെ കൈമാറാൻ? അതു വിജയിക്കാൻ പോകുന്നില്ല എന്നത്‌ ഒരു വശത്ത്‌; മറുവശത്ത്‌ തന്റെ ഭാഗം ദുർബലമാണെന്നംഗീകരിക്കാനുള്ള മടി കാരണം എന്റെ ബാഹ്യമായ പിടിവാശി അങ്ങയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യും.

ഇതെല്ലാം കൂടി ഒറ്റപ്പെട്ടൊരു പ്രതിഭാസമല്ല. താരതമ്യേന മതവിശ്വാസം നിലനിന്നിരുന്ന ഗ്രാമങ്ങളിൽ നിന്ന്‌ നഗരങ്ങളിലേക്കു കുടിയേറിയ പരിവർത്തനകാലത്തെ തലമുറയില്പ്പെട്ട ജൂതന്മാരുടെ കാര്യത്തിൽ പൊതുവേ സംഭവിച്ച ഒന്നാണത്‌. അങ്ങനെയൊരവസ്ഥ മുൻപേ നിലനിന്നിരുന്നതു തന്നെ; പാരുഷ്യങ്ങൾ അനേകമായിരുന്ന നമ്മുടെ ബന്ധത്തിലേക്ക്‌ നീറ്റുന്ന മറ്റൊന്നു കൂടി അതു കൊണ്ടുവന്നു എന്നുമാത്രം. നേരേ മറിച്ച്‌, ഈ വിഷയത്തിലും, ഞാൻ ചെയ്യുന്ന പോലെ, അങ്ങും താൻ നിരപരാധിയാണെന്നു വിശ്വസിക്കേണ്ടിവരും; പക്ഷേ ആ നിരപരാധിത്വം അങ്ങു തെളിയിക്കേണ്ടത്‌ അങ്ങയുടെ പ്രകൃതവും ആ കാലഘട്ടത്തിന്റെ പ്രത്യേകതയും അടിസ്ഥാനമാക്കിയായിരിക്കണം, അല്ലാതെ ബാഹ്യമായ ചുറ്റുപാടുകൾ വച്ചല്ല, മറ്റു ജോലികളും ആധികളുമുള്ളതിനാൽ തനിക്കതിൽ ശ്രദ്ധയൂന്നാൻ പറ്റാതെ പോയി എന്നു പ്രഖ്യാപിച്ചിട്ടല്ല. അവിശ്വസിക്കേണ്ടതില്ലാത്ത തന്റെ നിരപരാധിത്വത്തെ അന്യർക്കെതിരെ ന്യായീകരണമില്ലാത്ത നീരസമായി അങ്ങു വളച്ചൊടിച്ചിരുന്നത്‌ ഈ രീതിയിലായിരുന്നല്ലോ. എവിടെയുമെന്നപോലെ ഇവിടെയും അത്രവേഗം ഖണ്ഡിക്കാവുന്ന ഒരു വാദമാണത്‌. അങ്ങു സ്വന്തം കുട്ടികൾക്കു നല്കേണ്ടിയിരുന്ന ശിക്ഷണത്തിലെ ഏതെങ്കിലും ഒരിനമല്ല ഇവിടത്തെ പ്രശ്നം, മറിച്ച്‌ അനുകരണീയമായ ഒരു ജീവിതമാണ്‌. അങ്ങയുടെ മതവിശ്വാസം ഒന്നുകൂടി ബലത്തതായിരുന്നുവെങ്കിൽ അത്രയ്ക്കു ബലമുണ്ടായേനേ അങ്ങയുടെ ജീവിതമെന്ന മാതൃക യ്ക്കും; അതു പറയേണ്ടതുമില്ലല്ലോ. ഇതും ഒരു വിമർശനമായിട്ട്‌ അങ്ങെടുക്കരുത്‌, അങ്ങയുടെ വിമർശനങ്ങളെ ചെറുക്കാനുള്ള ഒരു ശ്രമമെന്നേയുള്ളൂ ഇത്‌. അടുത്ത കാലത്തായി ഫ്രാങ്ക്ളിൻ* തന്റെ ചെറുപ്പകാലത്തെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ വായിച്ചുകൊണ്ടിയിക്കുകയാ ണല്ലോ അങ്ങ്‌. ഞാൻ ആ പുസ്തകം അങ്ങയ്ക്ക് വായിക്കാൻ തന്നത്‌ വേണമെന്നു വച്ചിട്ടു തന്നെയാണ്‌- അതുപക്ഷേ അങ്ങു പരിഹാസരൂപേണ പറഞ്ഞപോലെ സസ്യാഹാരശീല ത്തെക്കുറിച്ച്‌ അതിൽ ചെറിയൊരു ഭാഗമുള്ളതു കൊണ്ടൊന്നുമല്ല- മറിച്ച്‌, ഗ്രന്ഥകാരനും അദ്ദേ ഹത്തിന്റെ പിതാവും തമ്മിലും, അദ്ദേഹവും തന്റെ മകനും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച്‌ മകനു വേണ്ടിയെഴുതിയ ആ ഓർമ്മക്കുറിപ്പുകളിൽ അത്ര സ്വാഭാവികമായ ശൈലിയിൽ അദ്ദേഹം വിവരിച്ചിട്ടുള്ളതു കൊണ്ടാണ്‌. അതിൽ പ്രത്യേകിച്ചൊരു ഭാഗം ചൂണ്ടിക്കാട്ടാനൊന്നും ഞാനില്ല.

ജൂതമതസംബന്ധമായ വിഷയങ്ങളിൽ ഞാൻ കൂടുതൽ താത്പര്യമെടുക്കുന്നു എന്ന തോന്നലിനെത്തുടർന്ന്‌ അടുത്ത കാലത്തായി അങ്ങയിൽ ദൃശ്യമായ മനോഭാവം അങ്ങയുടെ മതവിശ്വാസത്തെ സംബന്ധിച്ച്‌ എനിക്കുണ്ടായിരുന്ന അഭിപ്രായത്തെ ശരിവയ്ക്കുന്നതാ യിരുന്നു. ഞാനെന്തു ചെയ്താലും, എന്റെ താത്പര്യങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ചു പ്രത്യേകിച്ചും, അതിലൊരു വിപ്രതിപത്തി അങ്ങയ്ക്കു മുൻകൂറായിട്ടുണ്ടാവും; അതങ്ങ്‌ ഇവി ടെയും കാണിച്ചു. ആ പൊതുസ്വഭാവമിരിക്കെത്തന്നെ ഇവിടെയെങ്കിലും അങ്ങൊരു ചെറിയ വിട്ടുവീഴ്ച കാണിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചുപോയി. എന്തൊക്കെയായാലും അങ്ങയുടെ തന്നെ മതവിശ്വാസമാണല്ലോ ഇവിടെ ഉയിരെടുക്കുന്നത്‌, ഒപ്പം നമുക്കിടയിൽ പുതിയൊരു ബന്ധത്തിനുള്ള സാധ്യതയും. ഈ വക സംഗതികളിൽ അങ്ങെന്തെങ്കിലും താത്പര്യമെടുത്തി രുന്നുവെങ്കിൽ അതുകൊണ്ടുതന്നെ ഞാനതിനെ സംശയത്തോടെയേ വീക്ഷിക്കുമായിരുന്നുള്ളു എന്ന സത്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. ഇക്കാര്യത്തിൽ ഞാൻ അങ്ങയെക്കാൾ ഏതെങ്കിലും തരത്തിൽ ഭേദമാണെന്നു സ്വപ്നം കാണാൻ തന്നെ ഞാനില്ല. പക്ഷേ അതൊന്നും പരീക്ഷിക്ക പ്പെടുക പോലുമുണ്ടായില്ല. മധ്യവർത്തി ഞാനായതു കൊണ്ടുമാത്രം ജൂതമതം അങ്ങയ്ക്കു ജുഗു പ്സാവഹമായി, വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ കൊള്ളാത്തവയായി; അങ്ങയ്ക്കവ ‘മനംപുരട്ട ലുണ്ടാക്കി’. അതിനർത്ഥം എന്റെ ചെറുപ്പത്തിൽ അങ്ങെനിയ്ക്കു കാണിച്ചുതന്ന തരം ജൂതമത മാണു സത്യമായതെന്നും, അതിനതീതമായി മറ്റൊന്നുമില്ലെന്നുമാവാം. പക്ഷേ അങ്ങതിൽ വാശി കാണിക്കുമെന്നത്‌ ചിന്തിക്കാൻ കൂടി പറ്റാത്തതായിരുന്നു. പക്ഷേ അങ്ങനെയെങ്കിൽ അങ്ങയുടെ ‘മനംപുരട്ടൽ’ (അതിന്റെ ഉന്നം ഒന്നാമതായി ജൂതമതമല്ല, ഞാനാണെന്ന പര മാർത്ഥം വേറെ) കൊണ്ടർത്ഥമാകുന്നത്‌ സ്വന്തം വിശ്വാസവും അക്കാര്യത്തിൽ എനിക്കു കിട്ടിയ ശിക്ഷണവും പോരായ്മ നിറഞ്ഞതായിരുന്നു എന്നു സമ്മതിക്കുകയാണ്‌, അതിനെക്കു റിച്ചോർമ്മപ്പെടുത്തുന്നതു തനിക്കൊട്ടും ഇഷ്ടമല്ല എന്നു പറയുകയാണ്‌, അങ്ങനെയൊരോർമ്മ പ്പെടുത്തലിനെ തുറന്ന വിദ്വേഷം കൊണ്ടു നേരിടുമെന്നാണ്‌. ഇതിനിടയ്ക്കു പറയട്ടെ, ഞാൻ പുതുതായി സമ്പാദിച്ച ജൂതവിശ്വാസത്തെക്കുറിച്ച്‌ അങ്ങയ്ക്കുള്ള നിഷേധാർത്ഥത്തിലുള്ള മതിപ്പ്‌ അതിശയോക്തിപരമായിരുന്നു; ഒന്നാമതായി എന്റെ വിശ്വാസം അങ്ങയുടെ ശാപം പേറുന്നതായിരുന്നു; രണ്ടാമതായി, അതിന്റെ പൂർണ്ണവികാസത്തിന്‌ സഹജീവികളോടുള്ള എന്റെ അടിസ്ഥാനബന്ധം നിർണ്ണായകവുമായിരുന്നു- എന്നു പറഞ്ഞാൽ എനിക്കതു പ്രാണഹരമായിരുന്നു.

എന്റെ എഴുത്തിനോടും, അങ്ങയ്ക്കറിയാത്തതായി അതിനോടു ബന്ധപ്പെട്ടവയോടുമുള്ള അങ്ങയുടെ അനിഷ്ടം കുറച്ചുകൂടി ന്യായയുക്തമായിരുന്നു. ഇവിടെ സ്വന്തം പരിശ്രമം കൊണ്ടു തന്നെ ഞാൻ അങ്ങയിൽ നിന്ന്‌ ഒരല്പം സ്വാതന്ത്ര്യം നേടുകയായിരുന്നു; ഒരു കാലടിയ്ക്കടി യില്പെട്ടു വാലു ഞെരിഞ്ഞുപോയ ഒരു പുഴു സ്വയം വലിച്ചുപറിച്ചെടുത്ത്‌ ശേഷിച്ച അഗ്രഭാഗ വുമായി ഇഴഞ്ഞുപോകുന്നതാണ്‌ അതെന്നെ ഓർമ്മപ്പെടുത്തുന്നതെന്ന കാര്യം ഞാൻ മറച്ചുവ യ്ക്കുന്നുമില്ല. താരതമ്യേന സുരക്ഷിതനാണു ഞാനവിടെ; എനിക്കു ശ്വാസം വിടാമെന്നായിരി ക്കുന്നു; എന്റെ എഴുത്തിനോടുള്ള അങ്ങയുടെ അനിഷ്ടവും എനിക്കത്ര അഹിതമാവുന്നില്ല. എന്റെ അഹന്തയ്ക്കും ഉത്കർഷേച്ഛയ്ക്കുമേല്ക്കുന്ന പ്രഹരങ്ങളായിരുന്നു എന്റെ പുസ്തക ങ്ങൾ വരുമ്പോൾ അങ്ങയുടെ പ്രതികരണം (ഞങ്ങൾക്കിടയിൽ ഐതിഹാസികരൂപം വരി ച്ചിരുന്നു അവ) : ‘എന്റെ കട്ടിലിന്റെ തലയ്ക്കലെ മേശപ്പുറത്തു വച്ചേക്കൂ!’ എന്റെ പുസ്തക ങ്ങൾ വരുന്ന സമയത്തു മിക്കവാറും അങ്ങു ചീട്ടുകളിയിലായിരിക്കുമല്ലോ. പക്ഷേ എനിക്കാ പ്രതികരണം സ്വീകാര്യവുമായിരുന്നു; അതിനു കാരണം ധിക്കാരപരമായ എന്റെ വിദ്വേഷം മാത്രമല്ല, നമ്മുടെ ബന്ധത്തെക്കുറിച്ച്‌ എനിക്കുള്ള കാഴ്ചപ്പാടിനെ വീണ്ടുമതു ശരിവയ്ക്കുന്നു എന്നതു കൊണ്ടു മാത്രമല്ല, അതിനൊക്കെയുമടിയിൽ ആ വാക്കുകൾക്ക്‌ ഇങ്ങനെയൊരത്ഥം കൂടി ഞാൻ കേൾക്കുന്നുവെന്നതു കൊണ്ടുകൂടിയാണ്‌: ‘നീയിപ്പോൾ സ്വതന്ത്രനാണ്‌!’ അതൊരു വ്യാമോഹമായിരുന്നു എന്നതു സത്യം തന്നെ; ഞാൻ സ്വതന്ത്രനായിരുന്നില്ല; അല്പം കൂടി ശുഭ പ്രതീക്ഷയോടെ പറഞ്ഞാൽ, ഞാൻ ഇനിയും സ്വതന്ത്രനായിട്ടില്ല. ഞാൻ എഴുതിയതൊക്കെ അങ്ങയെക്കുറിച്ചായിരുന്നു, അങ്ങയുടെ നെഞ്ചത്തു തല ചായ്ച്ച് കരഞ്ഞുകൊണ്ടു പറയാൻ കൊതിച്ചതൊക്കെയാണ്‌ ഞാൻ എഴുതിവച്ചത്‌. അങ്ങയിൽ നിന്നു മനഃപൂർവം ദീർഘിപ്പിച്ച ഒരു വേറിടലായിരുന്നു അത്‌; അതിലേക്കെന്നെ തള്ളിയിട്ടത്‌ അങ്ങായിരുന്നുവെങ്കിലും ഞാൻ നിശ്ചയിച്ച ദിശയിലേക്കാണ്‌ അതു നീങ്ങിയത്‌. പക്ഷേ എത്ര തുച്ഛമായിരുന്നു അതെല്ലാം! അതിനെക്കുറിച്ചു പരാമർശിക്കാൻ എന്തെങ്കിലുമൊരു കാരണമുണ്ടെങ്കിൽ അതു സംഭവിച്ചത്‌ എന്റെ ജീവിതത്തിലാണ്‌ എന്നതു മാത്രമേയുള്ളു- മറ്റെവിടെയായാലും അതു ശ്രദ്ധയിൽ പെടാതെ പോകുമായിരുന്നു- , എന്റെ ജീവിതത്തെ ഭരിച്ചത്‌ അതായിരുന്നു എന്നതും: ബാല്യത്തിൽ ഒരു മുന്നറിയിപ്പായി, പിന്നീടൊരു പ്രത്യാശയായി, പിന്നെ പലപ്പോഴും കൊടുംനൈരാശ്യമായും; ഞാന്‍ ജീവിതത്തിൽ ആകെയെടുത്ത ചുരുക്കും ചില തീരുമാനങ്ങളെടുക്കാൻ -അങ്ങയുടെ രൂപത്തിൽ- അതെന്നോടു കല്പിക്കുകയും ചെയ്തു.

ഉദാഹരണത്തിന്‌ ഞാൻ തെരഞ്ഞെടുത്ത തൊഴിൽ. അക്കാര്യത്തിൽ അങ്ങെനിക്കു പൂർണ്ണസ്വാതന്ത്ര്യം തന്നുവെന്നും, അതങ്ങയുടെ ഔദാര്യത്തിന്റെയും സഹിഷ്ണുതയുടെയും ഗുണമായിരുന്നുവെന്നും ഞാൻ സമ്മതിക്കുന്നു. അതേസമയം ജൂതമദ്ധ്യവർഗ്ഗം തങ്ങളുടെ പുത്രന്മാരോടു പെരുമാറുന്ന പൊതുരീതിയ്ക്ക്‌ അങ്ങും വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും കാണണം; അതായിരുന്നു അങ്ങയ്ക്കു മാനദണ്ഡം- അല്ലെങ്കിൽ ആ വർഗ്ഗത്തിന്റെ മൂല്യങ്ങ ളെയാണ്‌ അങ്ങു പിൻപറ്റിയത്‌. ഒടുവിലായി, എന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ അങ്ങയ്ക്കുണ്ടാ യിരുന്ന ഒരു ധാരണപ്പിശകും അതിൽ ഒരു പങ്കു വഹിച്ചു. പരമാർത്ഥമെന്തെന്നാൽ, പിതാക്കന്മാർക്ക്‌ പുത്രന്മാരെച്ചൊല്ലിയുള്ള അഭിമാനത്തിൽ നിന്ന്‌, എന്റെ യഥാർത്ഥജീവി തത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്‌, എന്റെ അനാരോഗ്യത്തിൽ നിന്നു സഞ്ചയിച്ച നിഗമനങ്ങളിൽ നിന്ന്‌ അങ്ങെന്നെ കരുതിപ്പോന്നത്‌ സൂക്ഷ്മബുദ്ധിയായ ഒരു ജോലിക്കാ രനാണു ഞാനെന്നാണ്‌. അങ്ങയുടെ വീക്ഷണത്തിൽ കുട്ടിയായിരിക്കുമ്പോൾ ഞാൻ പഠിത്ത ത്തിൽത്തന്നെ ശ്രദ്ധയൂന്നിയിരുന്നു, പില്ക്കാലത്ത്‌ എന്റെ എഴുത്തിലും. അതിനു പക്ഷേ യാഥാർത്ഥ്യവുമായി വിദൂരസാമ്യം പോലുമില്ല. ഞാൻ അധികമൊന്നും പഠിച്ചില്ലെന്നും, യത്നമെ ടുത്ത്‌ യാതൊന്നും പഠിച്ചിട്ടില്ലെന്നും പറഞ്ഞാൽ അതായിരിക്കും കുറെക്കൂടി ശരിയും, അതിശ യോക്തി കുറഞ്ഞതും; ഇടത്തരം ഓർമ്മശക്തിയും സാമാന്യമായ തരത്തിലുള്ള ബുദ്ധിയുമുള്ള സ്ഥിതിയ്ക്ക്‌ എന്തോ ചിലതു മനസ്സിൽ തങ്ങിനിന്നുവെന്നുമാത്രം; അതുപക്ഷേ എടുത്തുപറ യാനും വേണ്ടിയൊന്നുമില്ലതാനും. എന്തായാലും എന്റെ അറിവിന്റെ ആകെത്തുക, പ്രത്യേകിച്ചും അതിന്റെ അടിസ്ഥാനം, പുറമെയ്ക്കു സ്ഥിരവും അലട്ടില്ലാത്തതുമായ ഒരു ജീവിതത്തിൽ വിനിയോഗിച്ച സമയത്തിന്റെയും ധനത്തിന്റെയും തോതു വച്ചു നോക്കുമ്പോൾ തീർത്തും ദയനീയമായിരുന്നു, എനിക്കു പരിചയമുള്ള വളരെപ്പേരെ അപേക്ഷിച്ചു നോക്കുമ്പോൾ വിശേഷിച്ചും. ദയനീയമാണത്‌, പക്ഷേ എനിക്കു മനസ്സിലാകുന്നതും. ചിന്താശേഷിയുണ്ടാ യതില്പിന്നെ സ്വന്തം ബൗദ്ധികാസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിൽ അത്രധികം ഉത്കണ്ഠാ കുലനായിരുന്നു ഞാൻ; മറ്റുള്ളതൊന്നും എനിക്കൊരു വിഷയമേ ആയിരുന്നില്ല. നമ്മുടെ നാട്ടിലെ ജൂതവിദ്യാർത്ഥികൾ പൊതുവേ ഒരല്പം വിചിത്രസ്വഭാവികളായിരിക്കുമല്ലോ -എത്രയും അപൂർവമായ ജനുസ്സുകളെ അവർക്കിടയിൽ കണ്ടെത്താം; പക്ഷേ എന്റേതു പോലെ തണുത്ത ഒരുദാസീനത, മറച്ചുവയ്ക്കാൻ മിനക്കെടാത്ത, നാശമില്ലാത്ത, ബാല്യത്തിന്റെ നിസ്സഹായത നിറഞ്ഞ, പരിഹാസ്യതയോളമെത്തുന്ന, മൂഢമായ രീതിയിൽ പരിതൃപ്തമായ ഒരുദാസീനത, തന്നിൽത്തന്നെ അടങ്ങിയവനും, നിർവികാരമായ ഒരു ഭാവനാശേഷിയ്ക്കുടമയുമായ ഒരു കുട്ടിയുടെ ലക്ഷണം, അതു മറ്റൊരാളിലും ഞാന്‍ കണ്ടിട്ടിട്ടില്ല; അതു പക്ഷേ ഭയവും കുറ്റബോ ധവും കൊണ്ടു ഞെരിഞ്ഞ എന്റെ ഞരമ്പുകൾക്കുള്ള ഒരേയൊരു പ്രതിരോധവുമായിരുന്നു. എന്റെ ഉത്കണ്ഠകൾക്കേ എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നുള്ളു, അതും അത്ര വ്യത്യസ്ത മായ രീതികളിൽ. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉദാഹരണം. കണ്ണില്പ്പെടാ തെയായിരുന്നു അതിന്റെ തുടക്കം: ദഹനത്തെ സംബന്ധിച്ച്‌ ഇടയ്ക്കൊക്കെ ചെറിയൊരു വേവലാതി, മുടി കൊഴിച്ചിൽ, ഇടിഞ്ഞ ചുമലുകൾ അങ്ങനെ ചിലതൊക്കെ; പിന്നെയത്‌ പടിപടിയായി തീക്ഷ്ണത കൂടി ശരിക്കുമൊരു രോഗത്തില്ച്ചെന്നു കലാശിക്കുകയായിരുന്നു. ഇതൊക്കെ എന്തിന്റെ പേരിലായിരുന്നു? യഥാർത്ഥത്തിലത്‌ ശരീരത്തിന്റെ രോഗമായിരു ന്നില്ല. യാതൊന്നിലും എനിക്കൊരു തീർച്ചയുണ്ടായിരുന്നില്ല എന്നതിനാൽ, ഓരോ നിമിഷവും സ്വന്തം അസ്തിത്വം എനിക്കാവർത്തിച്ചുറപ്പിക്കേണ്ടി വന്നിരുന്നു എന്നതിനാൽ, എനിക്കെ ന്റേതെന്നു പറയാവുന്ന, നിസ്സന്ദേഹമായ, എന്റേതു മാത്രമായ, ഞാനൊരാളാൽ നിർണ്ണയിക്ക പ്പെടുന്ന ഒരാസ്തി എനിക്കില്ലായിരുന്നു എന്നതിനാൽ, സത്യത്തിൽ പൈതൃകം നിഷേധിക്ക പ്പെട്ട ഒരു കുട്ടിയായിരുന്നു ഞാനെന്നതിനാൽ എനിക്കേറ്റവും സമീപസ്ഥമായ ഒന്നിൽ, എന്റെ സ്വന്തം ശരീരത്തിൽ എനിക്കു തീർച്ച നഷ്ടപ്പെടുക എന്നതു സ്വാഭാവികം മാത്രമായിരു ന്നല്ലോ. ഞാൻ കുതിച്ചുപൊങ്ങി, പക്ഷേ എന്റെ ഉയരവുമായി പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞില്ല,എനിക്കു താങ്ങാനാവാത്തതായിരുന്നു ആ ഭാരം; എന്റെ ചുമലുകൾ ഇടിഞ്ഞു; ജിംനാസ്റ്റിൿസു ചെയ്യുന്നതു പോകട്ടെ, ഒന്നനങ്ങാൻ കൂടി എനിക്കു ഭയമായി; അങ്ങനെ ഞാൻ ബലം കെട്ടവനായി; തടസ്സമില്ലാതെ നടന്നുപോന്നതൊക്കെ - എന്റെ ദഹനശക്തി, ഉദാഹ രണം- ഞാൻ ആശ്ചര്യത്തോടെ കണ്ട ദിവ്യാത്ഭുതങ്ങളായി. അക്കാരണം മതിയായിരുന്നു അതു നഷ്ടപ്പെടാനും. അങ്ങനെ എല്ലാതരത്തിലുമുള്ള രോഗഭീതികൾക്കും വഴി തുറക്കുകയായിരുന്നു; ഒടുവിൽ, വിവാഹം കഴിക്കാനുള്ള എന്റെ ആഗ്രഹത്തിനു മേൽ ( അതിലേക്കു ഞാൻ പിന്നെ വരാം) എനിക്കെടുക്കേണ്ടിവന്ന മനുഷ്യശേഷിക്കുമപ്പുറത്തുള്ള യത്നത്തിന്റെ ഫലമായി എന്റെ ശ്വാസകോശങ്ങൾ ചോര ഛർദ്ദിച്ചു; ഇക്കാര്യത്തിൽ ഷോൺബോൺപലൈസിലെ* ഫ്ളാറ്റു തന്നെ മതിയായ കാരണമായിരിക്കാം- ആ ഫ്ളാറ്റെടുത്തത്‌ എന്റെ എഴുത്തിന്‌ അതു വേണ്ടിവ രുമെന്നു ഞാൻ വിശ്വസിച്ചതു കൊണ്ടായിരുന്നുവെങ്കിലും. അപ്പോൾ അങ്ങു സങ്കല്പ്പിച്ച പോലെ അമിതാദ്ധ്വാനം കൊണ്ടൊന്നുമല്ല ഇങ്ങനെയൊക്കെ വന്നത്‌. നല്ല ആരോഗ്യമുള്ള കാലത്ത്‌ ഞാൻ സോഫയിൽ മടിപിടിച്ചുകിടന്ന സമയത്തിന്റെ ദൈർഘ്യമെടുത്താൽ അങ്ങ്‌ ഒരായുസ്സിലെടുത്ത വിശ്രമത്തിന്റെ- രോഗം ബാധിച്ചു കിടന്ന നാളുകളുൾപ്പെടെ- പതിന്മടങ്ങു വരുമത്‌. തിരക്കും നടിച്ച്‌ ഞാൻ അങ്ങയുടെ മുന്നിൽ നിന്നു പാഞ്ഞുപോയിരുന്നത്‌ എന്റെ മുറി യിലെ സോഫയിൽ ചെന്നുകിടക്കാനായിരുന്നു. ഞാൻ ആകെച്ചെയ്ത ജോലിയുടെ കണ ക്കൊന്നെടുത്തുനോക്കിയാൽ , ഓഫീസിലെയും (അവിടെ എന്റെ ആലസ്യം അങ്ങനെയങ്ങു ശ്രദ്ധയില്പ്പെടാൻ പോകുന്നില്ല, പിന്നെ പേടി കാരണം അതിനൊരതിരുമുണ്ടായിരുന്നു) വീട്ടി ലെയുമുൾപ്പെടെ, അതു വളരെക്കുറച്ചേയുണ്ടാവു; പ്രകൃതം കൊണ്ടു ഞാൻ അലസനല്ലെന്നു തോന്നുന്നു; പക്ഷേ എനിക്കു ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ ജീവിച്ചിരുന്നിടത്ത്‌ ഞാൻ അവമതിക്കപ്പെട്ടു, ഞാൻ തിരസ്കൃതനായി, എന്നെ അടിച്ചൊതുക്കി; മറ്റൊരിടത്തേക്കു രക്ഷ പ്പെടാൻ ഞാൻ കഠിനയത്നങ്ങൾ തന്നെ നടത്തിയെങ്കിലും അതൊരിക്കലും ജോലിയിലൂടെയാ യിരുന്നില്ല; കാരണം, ചെറിയ ചില അപവാദങ്ങളൊഴിച്ചാൽ എന്റെ കഴിവിനപ്പുറത്തുള്ള തായിരുന്നു അത്‌.

ഒരു തൊഴിലു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടിയപ്പോഴത്തെ എന്റെ അവസ്ഥയാണു ഞാൻ ഈ പറഞ്ഞത്‌. അതേ സമയം അങ്ങനെയൊരു സ്വാതന്ത്ര്യം എടുത്തുപയോഗി ക്കാനുള്ള കെല്പെനിക്കുണ്ടായിരുന്നോ? ഒരു തൊഴിലിൽ ചേർന്നു വിജയിക്കാമെന്നുള്ള ആത്മവിശ്വാസം എനിക്കു ബാക്കി നില്പ്പുണ്ടായിരുന്നോ? സ്വയം വിലയിരുത്താൻ ഞാനാ ശ്രയിച്ചത്‌ പുറമേയുള്ള വിജയങ്ങളെയായിരുന്നില്ല, മറിച്ച്‌ അങ്ങയെയായിരുന്നു. ഒരു നിമിഷ നേരത്തേക്ക്‌ അതെനിക്കൊരു ബലം നലികിയിരുന്നെവെന്നേയുള്ളു; അതേ സമയം അങ്ങ യുടെ ഭാരമാകട്ടെ, എന്നും ബലത്തതായിരുന്നു, എന്നെ വലിച്ചു താഴ്ത്തുന്നതായിരുന്നു. ഞാൻ ഒരു കാലത്തും ഒന്നാം ക്ളാസ്സു കടക്കാൻ പോകുന്നില്ല, ഞാൻ കരുതി- പക്ഷേ ഞാൻ അതൊ പ്പിച്ചെടുത്തു; എനിക്കൊരു സമ്മാനം കൂടി കിട്ടി. എന്നാൽ ഞാൻ *ജിംനേഷ്യത്തിലേക്കുള്ള പ്രവേശനപരീക്ഷയിൽ എന്തായാലും തോല്ക്കും- ഇല്ല, അങ്ങനെയുമുണ്ടായില്ല, അതിലും ഞാൻ വിജയിച്ചു. പക്ഷേ അതുകൊണ്ടെനിക്ക് ആത്മവിശ്വാസമുണ്ടായില്ല; എനിക്കുറപ്പാ യിരുന്നു-അങ്ങയുടെ മുഖത്തെ നിഷേധഭാവം അതിനെനിക്കു മതിയായ തെളിവുമായിരുന്നു- ഞാനെത്രത്തോളം വിജയിക്കുന്നുവോ, അത്രയും മോശമായിരിക്കും തുടർന്നുണ്ടാകാൻ പോകു ന്നതെന്ന്‌. പലപ്പോഴും മനക്കണ്ണിൽ ഞാൻ കണ്ടു- അദ്ധ്യാപകരുടെ ഭയാനകമായ ഒരു യോഗം ചേർന്നിരിക്കുകയാണ്‌, ഞാൻ ഒന്നാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, പിന്നെ രണ്ടാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, അതും കഴിഞ്ഞു മൂന്നാം ക്ളാസ്സിലും ഞാനെങ്ങനെ വിജയിച്ചു എന്ന അപൂർവവും അപഹാസ്യവുമായ സംഗതി അന്വേഷിച്ചു കണ്ടുപിടിയ്ക്കാൻ; കുട്ടികളിൽ വച്ച്‌ ഏറ്റവും കഴിവു കെട്ടവനും, അറിവില്ലാത്തവനുമായ ഞാൻ എങ്ങനെ ഈ ക്ളാസ്സിൽ കടന്നുകൂടി എന്ന്‌ അവർക്കറിയണം- എല്ലവരുടെയും ശ്രദ്ധ എന്റെ മേലായ സ്ഥിതിയ്ക്ക്‌ സ്വാഭാവികമായും എന്നെ കഴുത്തിനു പിടിച്ച്‌ പുറത്തു തള്ളുകയും ചെയ്യും; ഇങ്ങനെയൊരു പേക്കിനാവിൽ നിന്നു മോചിതരായ മറ്റു നീതിമാന്മാർക്കു സന്തോഷിക്കുകയുമാവാം. മനസ്സിൽ ഇത്തരം ധാരണകളുമായി ജീവിച്ചുപോകാൻ ഒരു കുട്ടിയ്ക്കു സാധ്യമല്ല. സാഹചര്യം ഇതായി രിക്കെ, ഞാനെങ്ങനെ പഠനത്തിൽ ശ്രദ്ധിക്കാൻ? എന്നിൽ താത്പര്യത്തിന്റെ ഒരു തീപ്പൊരി കൊളുത്താൻ ആർക്കാവും? ക്ളാസ്സുകളിൽ എനിക്കുള്ള താത്പര്യം, ക്ളാസുകളിലെന്നല്ല, ആ നിർണ്ണായകകാലഘട്ടത്തിൽ എനിക്കു ചുറ്റുമുള്ള സകലതിലുമുള്ള എന്റെ താത്പര്യം, ബാങ്കിനെ കബളിപ്പിക്കുന്ന ഒരു ക്ളാർക്ക്‌ താൻ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന അറി വോടെ, തന്റെ നിത്യജോലിയിൽ കാണിക്കുന്ന താത്പര്യം പോലെയേ ഉണ്ടായിരുന്നുള്ളു. പ്രധാനവിഷയത്തെ അപേക്ഷിച്ച്‌ എത്രയും വിദൂരവും തുച്ഛവുമായിരുന്നു അത്‌. മെട്രിക്കുലേ ഷൻ വരെ ഇതിങ്ങനെ പോയി; അതു ഞാൻ ജയിക്കുകയും ചെയ്തു, കള്ളത്തരം കാണിച്ചു കൊണ്ട്‌; അതോടെ ഒക്കെ നിലയ്ക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ്‌. ജിംനേ ഷ്യത്തിലെ സമ്മർദ്ദങ്ങളൊക്കെ ഇരിക്കെത്തന്നെ തന്നിൽത്തന്നെ മുഴുകിക്കഴിയാൻ എനിക്കു സാധിച്ചിരുന്നുവെങ്കിൽ, സ്വതന്ത്രനായ സ്ഥിതിയ്ക്ക്‌ അതേതു വരെപ്പോകാം? അപ്പോൾ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ യഥാർത്ഥത്തിൽ ഞാൻ സ്വതന്ത്രനായിരുന്നില്ല, കാരണം എനിക്കറിയാമായിരുന്നു: മുഖ്യവിഷയം മറ്റൊന്നായിരിക്കെ ഏതു തൊഴിലായാലും എനിക്ക തൊക്കെ ഒരുപോലെയാണെന്ന്‌; സ്കൂളിലെ പാഠ്യവിഷയങ്ങളോട്‌ എനിക്കുണ്ടായിരുന്ന അതേ ഉദാസീനത തന്നെയാണ്‌ ഇവിടെയുമുള്ളതെന്ന്‌. അപ്പോൾ ആ ഉദാസീനതയ്ക്ക്‌ ഇടം കൊടുക്കുന്നതും, എന്റെ ദുരഭിമാനത്തെ അത്രയ്ക്കങ്ങു പരിക്കേല്പ്പിക്കാത്തതുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുക എന്നതേ എനിക്കു ചെയ്യാനുള്ളു. സ്വാഭാവികമായും അതിനു പറ്റി യത്‌ നിയമമായിരുന്നു. ദുരഭിമാനത്തിന്റെയോ, മൂഢമായ പ്രതീക്ഷയുടെയുടെയോ പുറത്ത്‌ എതിർദിശയിലേക്കുള്ള ചില ദുർബലമായ പരിശ്രമങ്ങൾ നടത്തിയത്‌- രണ്ടാഴചത്തെ കെമി സ്റ്റ്‌റി പഠനം, അല്ലെങ്കിൽ അരക്കൊല്ലത്തെ ജർമ്മൻ- എന്റെ ബോധ്യങ്ങൾ ശരിയാണെന്നു വരുത്താനേ ഉതകിയുള്ളു. അങ്ങനെ ഞാൻ നിയമം പഠിച്ചു. അതിനർത്ഥം, പരീക്ഷയ്ക്കു മുമ്പുള്ള കുറേ മാസങ്ങൾ സ്വന്തം മാനസികാരോഗ്യം തകർത്തുകൊണ്ട്‌ അക്ഷരാർത്ഥത്തിൽ അറുക്കപ്പൊടി തിന്ന്‌ എനിക്കു ജീവിക്കേണ്ടിവന്നു എന്നാണ്‌; അതാകട്ടെ, എനിക്കു മുമ്പ്‌ ഒരാ യിരം വായകൾ ചവച്ചുതുപ്പിയതും. ഒരർത്ഥത്തിൽ എന്റെ അഭിരുചിക്കു യോജിച്ചുപോകുന്ന തുമായിരുന്നു അതെന്നും പറയാം, ജിംനേഷ്യത്തിലെ പഠനവും പില്ക്കാലത്ത്‌ എനിക്കു കിട്ടിയ ജോലിയുമൊക്കെ; എല്ലാം എന്റെ ദുരവസ്ഥയുമായി പൂർണ്ണമായി ഒത്തുപോകുന്നതു തന്നെ. എന്തായാലും ഇക്കാര്യത്തിൽ ഞാൻ നല്ല ദീർഘവീക്ഷണം കാണിച്ചുവെന്നു പറയണം; കുട്ടി യായിരിക്കുമ്പോൾത്തന്നെ എന്റെ പഠനത്തെയും തൊഴിലിനെയും കുറിച്ച്‌ ഏറെക്കുറെ വ്യക്ത മായ ഒരു ധാരണ എനിക്കുണ്ടായിരുന്നു. അതുവഴി ഒരു മോചനം ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല; ആ മോഹം ഞാൻ പണ്ടേ കൈവിട്ടിരിക്കുന്നു.

പക്ഷേ സ്വന്തം വിവാഹത്തിന്റെ പ്രാധാന്യവും സാധ്യതയും പരിഗണിക്കുന്നതിൽ ഞാൻ അങ്ങനെയൊരു ദീർഘവീക്ഷണം പ്രകടിപ്പിച്ചതേയില്ല. ഇത്‌, എന്റെ അതേവരെയുള്ള ജീവി തത്തിലെ ഏറ്റവും വലിയ ഭീകരത, ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ എന്റെ മേൽ വന്നു പതി ച്ചത്‌. കുട്ടി മുതിർന്നത്‌ അത്ര സാവകാശത്തിലായിരുന്നു; ഇത്തരം കാര്യങ്ങൾ പുറമേയ്ക്കെ ങ്കിലും അത്ര ദൂരത്തുമായിരുന്നു; ഇടയ്ക്കൊക്കെ അതിനെക്കുറിച്ചൊക്കെ ചിന്തിക്കേണ്ട ആവശ്യം വന്നിരുന്നുവെന്നേയുള്ളു; സ്ഥിരവും നിർണ്ണായകവുമായ ഒരു യാതന, അത്രയും തീക്ഷ്ണവുമായ ഒന്ന്‌, അതൊരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാൻ ഒരു വഴിയുമു ണ്ടായിരുന്നില്ല. പരമാർത്ഥം പറഞ്ഞാൽ വിവാഹത്തിനുള്ള എന്റെ പരിശ്രമങ്ങൾ അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ള വൻതോതിലുള്ള ശ്രമങ്ങളായിരുന്നു, ഞാൻ അത്രയ്ക്കും പ്രതീക്ഷയർ പ്പിച്ചതും- അതേ തോതിൽ കനത്തതായിരിക്കും അതിന്റെ പരാജയമെന്നും അതിനർത്ഥമു ണ്ടായിരുന്നു.

അതിനോടു ബന്ധപ്പെട്ട സകലതിലും ഞാനൊരു പരാജയമായിരുന്നു എന്നതിനാൽ വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ അങ്ങയെ ബോധ്യപ്പെടുത്തുന്നതിലും ഞാൻ പരാജ യമായേക്കും എന്നാണെന്റെ ഭീതി. എന്നാൽത്തന്നെയും ഈ കത്തിന്റെ വിജയം ആശ്രയിച്ചി രിക്കുന്നത്‌ അതിനെത്തന്നെയാണ്‌; എന്തെന്നാൽ ഒരു ഭാഗത്ത്‌ എന്റെ സ്വാധീനത്തിലുള്ള ശക്തികൾ എന്റെ പരിശ്രമങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ മറുഭാഗത്ത്‌ അങ്ങയുടെ ശിക്ഷണ ഫലമായി കൈവന്നുവെന്നു ഞാൻ വിവരിച്ച നിഷേധാത്മകശക്തികൾ- ബലഹീനത, ആത്മവിശ്വാസമില്ലായ്മ, കുറ്റബോധം- ആർത്തിരമ്പിവന്നു നിലയുറപ്പിക്കുകയും, എനിക്കും വിവാഹത്തിനുമിടയിൽ ഒരു കന്മതിൽ കെട്ടുകയുമായിരുന്നു. എന്റെ വിശദീകരണം എനിക്കു തന്നെ ദുഷ്കരമായിരിക്കുന്നു, കാരണം എത്രയോ പകലുകളും രാവുകളും അതിനെക്കുറിച്ചു തന്നെ ചിന്തിച്ചും, ചുഴിഞ്ഞന്വേഷിച്ചും എനിക്കുതന്നെ അതിനെക്കുറിച്ച്‌ ഒരു വ്യക്തതയില്ലാ തായിരിക്കുന്നു. ഒരു വിശദീകരണം എളുപ്പമാക്കുന്ന എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത്‌ ഈ വിഷയത്തെക്കുറിച്ച്‌ അങ്ങയ്ക്കുള്ള പൂർണ്ണമായ തെറ്റിദ്ധാരണയാണ്‌; ആ തെറ്റിദ്ധാരണയെ അല്പമൊന്നു തിരുത്താൻ നോക്കുന്നത്‌ അത്രയ്ക്കു പ്രയാസമുള്ളതായി എനിക്കു തോന്നുന്നില്ല.

ഒന്നാമതായി, വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ പരാജയത്തെ അങ്ങു കാണു ന്നത്‌ മറ്റു പരാജയങ്ങളുടെ പരമ്പരയിൽ ഒന്നായിട്ടാണ്‌; അടിസ്ഥാനപരമായി എനിക്കതിൽ വിയോജിപ്പുമില്ല, പക്ഷേ ആ പരാജയങ്ങൾക്കു കാരണമായി ഞാൻ നേരത്തേ മുമ്പോട്ടു വച്ച വിശദീകരണത്തെ അങ്ങയ്ക്കംഗീകരിക്കേണ്ടി വരുമെന്നേയുള്ളു. യഥാർത്ഥത്തിൽ അതും ആ പരമ്പരയിൽ പെട്ടതു തന്നെ; എന്റെ കാര്യത്തിൽ അതിനുള്ള പ്രാധാന്യം അങ്ങത്രയ്ക്കു വില കുറച്ചു കാണുന്നുവെന്നുമാത്രം. എത്രയ്ക്കെന്നുപറഞ്ഞാൽ, അതിനെക്കുറിച്ചു സംസാരിക്കുമ്പോ ഴൊക്കെ തികച്ചും വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചായിരിക്കും നാം സംസാരിക്കുക. വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാ യിരുന്നുവോ, അത്ര പ്രധാനമായിരുന്നില്ല ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അങ്ങയുടെ ഒരു ജീവിതാനുഭവവും എന്നു പറയാൻ കൂടി ധൈര്യപ്പെടുകയാണു ഞാൻ. അത്രയും പ്രാധാന്യ മുള്ള യാതൊന്നും അങ്ങയുടെ ജീവിതത്തിലുണ്ടായിട്ടില്ലെന്നർത്ഥമാക്കുകയല്ല ഞാൻ. മറിച്ച്‌, എന്റേതിനെക്കാൾ സംഭവബഹുലവും കലുഷവുമായിരുന്നു അത്‌; പക്ഷേ അക്കാരണം കൊണ്ടുതന്നെ എന്റെ കാര്യത്തിൽ സംഭവിച്ചതു പോലെയൊന്ന്‌ അങ്ങയുടെ ജീവിത്തതിൽ ഉണ്ടായതുമില്ല. ഒരാൾക്ക്‌ ഉയരം കുറഞ്ഞ അഞ്ചു പടികളും, ഇനിയൊരാൾക്ക്‌ ആ അഞ്ചു പടികളുടെ അത്ര ഉയരമുള്ള ഒരു പടിയും ചാടിക്കയറേണ്ടിവരുന്നതു പോലെയാണത്‌; ഒന്നാമന്‌ ഒരു കാൽവയ്പ്പിൽ അഞ്ചല്ല, വേറെ നൂറും ആയിരവും പടികൾ ചാടിക്കയറാം; അത്രയും മഹത്തരവും ഊർജ്ജസ്വലവുമായ ഒരു ജീവിതമാകാം അയാൾ നയിച്ചിട്ടുണ്ടാവുക; പക്ഷേ അയാൾ കയറിപ്പോയ ഒരു പടിയും അയാളെ സംബന്ധിച്ച്‌ അത്ര പ്രാധാന്യമുള്ളതാ യിരിക്കുകയില്ല, രണ്ടാമന്‌ ആദ്യത്തെ ആ ഒരു പടിയെന്നതു പോലെ; തന്റെ എല്ലാ ശക്തിയും സംഭരിച്ചിട്ടും അയാൾക്കതിലേക്കു കാലെടുത്തു വയ്ക്കാനാകുന്നില്ല, അതിൽ കയറിനി ല്ക്കാനാകുന്നില്ല, അതിനപ്പുറം കടക്കാനുമാകുന്നില്ല.

വിവാഹം കഴിക്കുക, കുടുംബമായി ജീവിക്കുക, വന്നുചേരുന്ന കുട്ടികളെയൊക്കെ കൈക്കൊള്ളുക, അരക്ഷിതമായ ഈ ലോകത്ത്‌ അവർക്കു താങ്ങായി നില്ക്കുക, എന്തെ ങ്കിലും മാർഗ്ഗനിർദ്ദേശം പോലും നല്കുക- ഇതാണ്‌ ഒരു മനുഷ്യനു കൈവരിക്കാവുന്നതിന്റെ അങ്ങേയറ്റം എന്നാണ്‌ എന്റെ ബോദ്ധ്യം. പലരും അത്‌ അനായാസമായി നടത്തിക്കൊണ്ടു പോകുന്നുവെന്നത്‌ മറിച്ചൊരു തെളിവാകുന്നില്ല; കാരണം, ഒന്നാമതായി മിക്കവർക്കും അതിനു കഴിയാറില്ല, രണ്ടാമതാകട്ടെ, ആ ചുരുക്കം പേരുടെ കാര്യത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടല്ല അങ്ങനെയാവുന്നത്‌, അതങ്ങനെ ആയിപ്പോകുന്നതാണ്‌. എന്റെ മനസ്സിലുള്ള ‘അങ്ങേയറ്റം’ അതല്ല എന്നു ഞാൻ സമ്മതിക്കുന്നു; എന്നാൽത്തന്നെയും വളരെ മഹത്താ യതും ആദരവർഹിക്കുന്നതുമാണത്‌ (‘ചെയ്യുന്നതും’ ‘സംഭവിച്ചുപോകുന്നതും’ തമ്മിൽ അത്ര യ്ക്കൊരു വേർതിരിവില്ല എന്നതോർക്കുമ്പോൾ പ്രത്യേകിച്ചും.) ആത്യന്തികമായി നോക്കു മ്പോൾ ഈ ‘അങ്ങേയറ്റം’ എന്ന പ്രശ്നം പോലുമില്ല, ഏറെക്കുറെ അതിനോടടുത്തുവരാനുള്ള ദുർബലമെങ്കിലും മാന്യമായ ഒരു ശ്രമം മാത്രം. ചൂടു കിട്ടാൻ സൂര്യന്റെ കേന്ദ്രത്തിലേക്കു തന്നെ പറന്നുചെല്ലണമെന്നില്ലല്ലോ; അതിനു പക്ഷേ, വല്ലപ്പോഴും വെയിലു വീഴുന്ന ഭൂമിയുടെ വൃത്തി യുള്ള ചെറിയൊരു കോണിലേക്കിഴഞ്ഞുകേറുകയും വേണം.

അപ്പോൾ അതിനേതു വിധം സജ്ജനായിരുന്നു ഞാൻ? എത്ര മോശമാകാമോ, അത്രയും മോശമായി. ഞാൻ ഇതേവരെ പറഞ്ഞുകൊണ്ടുവന്നതിൽ നിന്ന്‌ അതു വ്യക്തമാകും. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തി നേരിട്ടു ചെയ്യേണ്ട ഒരുക്കങ്ങളിൽ, അഥവാ, അടിസ്ഥാനസൗക ര്യങ്ങൾ തയ്യാറാക്കുന്നതിൽ അങ്ങയുടെ കാര്യമായ ഇടപെടലുണ്ടായില്ല, പുറമെയ്ക്കെങ്കിലും. അതങ്ങനെയാവാതെയും പറ്റില്ല; കാരണം, ഇവിടെ നിർണ്ണായകഘടകങ്ങൾ ലൈംഗികത യെ സംബന്ധിച്ചു വർഗ്ഗത്തിന്റെയും രാഷ്ട്രത്തിന്റെയും കാലത്തിന്റെയും മര്യാദകളാണല്ലോ. എന്നിട്ടുകൂടി ഇതിലും അങ്ങയുടെ ഇടപെടലുണ്ടായി, കാര്യമായിട്ടല്ലെങ്കിലും- കാരണം ഇത്തരം ഇടപെടലിന്‌ പരസ്പരവിശ്വാസം നല്ല കണക്കിനുണ്ടായിരിക്കണം; ഈ നിർണ്ണായകമുഹൂ ർത്തത്തിനെത്രയോ കാലം മുമ്പ്‌ നമുക്കിരുവർക്കും അതു നഷ്ടപ്പെട്ടുമിരിക്കുന്നു; അത്ര സന്തോ ഷത്തോടെയല്ല അങ്ങിടപെട്ടതും; കാരണം നമ്മുടെ ആവശ്യങ്ങൾ എത്രയോ വ്യത്യസ്തമായി രുന്നു; എന്നെ ആഴത്തിൽ സ്പർശിക്കുന്ന ഒന്ന്‌ അങ്ങയെ ഒന്നു തൊട്ടുതലോടണമെന്നുപോ ലുമില്ല; നേരേ മറിച്ചും. അങ്ങയുടെ കാര്യത്തിൽ നിഷ്കളങ്കമായ ഒന്ന്‌ എന്റെ കാര്യം വരു മ്പോൾ അപരാധമായെന്നു വരാം, നേരേ മറിച്ചും; അങ്ങയ്ക്ക്‌ ഒരു പോറലുമേല്പ്പിക്കാത്ത ഒന്ന്‌ എന്റെ ശവപ്പെട്ടിയുടെ മൂടിയായെന്നും വരാം.

അമ്മയോടും അങ്ങയോടുമൊപ്പം ഒരു വൈകുന്നേരം നടക്കാനിറങ്ങിയത്‌ എന്റെ ഓർമ്മയിൽ വരുന്നു- ഇപ്പോൾ ബാങ്കു നില്ക്കുന്ന ജോസഫ്പ്ലാറ്റ്സിൽ വച്ചാണത്‌; ഇക്കാര്യ ങ്ങളെക്കുറിച്ച്‌ വിഡ്ഡിയെപ്പോലെ ഞാൻ കേമത്തം കാണിച്ചു സംസാരിച്ചു, അഹന്തയോടെ, സമചിത്തതയോടെ( അതു വ്യാജമായിരുന്നു), വികാരശൂന്യനായി( അതു യഥാർത്ഥമായി രുന്നു), അങ്ങയോടു സംസാരിക്കുമ്പോൾ മിക്കവാറും പറ്റുന്നപോലെ വിക്കലോടെ. നിങ്ങൾ രണ്ടുപേരും ചേർന്ന്‌ എന്നെ അറിയിക്കാതെ കാര്യങ്ങൾ നടത്തുകയാണെന്ന്‌ ഞാൻ പരാ തിപ്പെട്ടു; എന്നെ ചിത്രത്തിൽ കൊണ്ടുവരാൻ എന്റെ സഹപാഠികൾ വേണ്ടിവന്നുവെന്ന്‌; ഞാൻ എത്രയോ ഭയങ്കരമായ അപകടങ്ങളിൽ പെട്ടുപോകേണ്ടതായിരുന്നുവെന്ന്‌( അത്‌ എന്റെ ധൈര്യം കാണിക്കാൻ പറഞ്ഞ എന്റെ ശൈലിയിലുള്ള പെരുംനുണകളായിരുന്നു: എന്റെ ഭീരുത്വവും വച്ചുകൊണ്ട്‌ ഞാൻ എന്തപകടങ്ങളെ നേരിടാനാണു പോകുന്നത്‌, നഗര ത്തിലെ കുട്ടികൾ സമാന്യമായി കാണിക്കുന്ന കിടക്കകളിലെ ചില പാപങ്ങളല്ലാതെ?); ഇപ്പോൾ ഭാഗ്യത്തിന്‌ എല്ലാം എനിക്കു മനസ്സിലായിരിക്കുന്നുവെന്നും, എനിക്കിനി ഉപദേശ ത്തിന്റെയൊന്നും ആവശ്യമില്ലെന്നും, എല്ലാം ഭംഗിയായി കഴിഞ്ഞിരിക്കുന്നുവെന്നുമുള്ള സൂച നയും നല്കി ഞാൻ അവസാനിപ്പിച്ചു. ഞാൻ അതിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയത്‌ പ്രധാനമായും ആ വക കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത്‌ എനിക്കു സന്തോഷം നല്കി എന്നതു കൊണ്ടും, പിന്നെ ജിജ്ഞാസ കൊണ്ടും, ഒടുവിലായി, എന്തിന്റെയോ പേരിൽ നിങ്ങളി രുവരോടുമുള്ള പക വീട്ടാനുമായിരുന്നു. അങ്ങതു കാര്യമായിട്ടെടുത്തതേയില്ല, അതായിരു ന്നല്ലോ അങ്ങയുടെ പ്രകൃതം; ഇത്തരം കാര്യങ്ങൾക്കിറങ്ങുമ്പോൾ അപകടം വരാതിരിക്കാൻ ചില ഉപദേശങ്ങൾ തരാമെന്ന മട്ടിലെന്തോ പറയുക മാത്രമേ അങ്ങു ചെയ്തുള്ളു. ഒരുപക്ഷേ അങ്ങനെയൊരു മറുപടി തന്നെയാവാം ഞാൻ അങ്ങയിൽ നിന്നു പ്രതീക്ഷിച്ചതും; ഇറച്ചിയും മറ്റു നല്ല വസ്തുക്കളും കുത്തിച്ചെലുത്തി വീർത്ത്‌, മെയ്യനങ്ങാത്ത, തന്നിൽത്തന്നെ തത്പര നായ ഒരു കുട്ടിയുടെ കാമാർത്തിക്കു നിരക്കുന്ന ഉത്തരമായിരുന്നല്ലോ അത്‌; അതേസമയം എനിക്കതു നാണക്കേടായെന്ന്‌, അല്ലെങ്കിൽ നാണക്കേടുണ്ടാക്കിയിരിക്കുമെന്ന്‌ ഞാൻ സങ്ക ല്പ്പിച്ചു; ഇനി അതിനെക്കുറിച്ച്‌ നിങ്ങളുമായി സംസാരിക്കാൻ പറ്റില്ലെന്നു വച്ചുകൊണ്ട്‌ (ആഗ്രഹം അതായിരുന്നില്ലെങ്കിലും) ഗർവത്തോടെ ഞാൻ സംസാരം അവസാനിപ്പിക്കു കയായിരുന്നു.

അന്ന്‌ അങ്ങെനിക്കു നല്കിയ മറുപടിയെ വിലയിരുത്തുക എളുപ്പമല്ല; ഒരു വശത്തു നിന്നു നോക്കുമ്പോൾ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഒരാർജ്ജവം, ആദിമമെന്നു പറയാവുന്നത്‌ അതിലുണ്ട്‌; മറ്റൊരു വശത്താകട്ടെ, അതു നല്കുന്ന സന്ദേശം ആധുനികവും ചങ്കൂറ്റമുള്ള തുമായിരുന്നു. അന്നെനിക്ക്‌ എത്ര വയസ്സായിരുന്നുവെന്ന്‌ ഓർമ്മ വരുന്നില്ല, എന്തായാലും പതി​നാറു കടക്കില്ല. അങ്ങനെയൊരു ബാലന്‌ പക്ഷേ, ആ മറുപടി വളരെ വിചിത്രമായി തോന്നിയിരിക്കണം; ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഒരു പാഠം അങ്ങയിൽ നിന്നെനിക്കു കിട്ടുന്നത്‌ അന്നാദ്യമായിട്ടായിരുന്നു എന്ന വസ്തുത നമ്മൾ തമ്മിലുള്ള അകലത്തിന്റെ ഒരടയാളവുമായിരുന്നു. പക്ഷേ അതിന്റെ യഥാർത്ഥവിവക്ഷ- അന്നേ എനിക്കതു മനസ്സിൽ പതിഞ്ഞുവെങ്കിലും പില്ക്കാലത്തേ എനിക്കതിനെക്കുറിച്ച്‌ പാതിബോധമെങ്കിലും ഉണ്ടാവു ന്നുള്ളു- ഇതായിരുന്നു: എന്നോട്‌ ചെയ്യാൻ അങ്ങുപദേശിക്കുന്ന കാര്യം, അങ്ങയുടെ അഭിപ്രാ യത്തിൽ, ആ പ്രായത്തിലുള്ള എന്റെ അഭിപ്രായത്തിലും, അത്ര മലിനമാണ്‌. ആ മാലിന്യ മൊന്നും എന്റെ ദേഹം വീട്ടിലേക്കു വലിച്ചുകൊണ്ടുവരുന്നില്ല എന്നതിൽ അങ്ങു ശ്രദ്ധ വച്ചിരു ന്നുവെന്നതിനു കുറഞ്ഞ പ്രാധാന്യമേയുള്ളു; സ്വയം സംരക്ഷിക്കാൻ, സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്‌. പ്രധാനകാര്യം, സ്വയം നല്കിയ ഉപദേശത്തിൽ നിന്നു വേറിട്ടു നില്ക്കുകയായിരുന്നു അങ്ങെന്നുള്ളതാണ്‌: വിവാഹിതൻ, കറ പുരളാത്തവൻ, ഈവക കാര്യങ്ങളിൽ നിന്നൊക്കെ ഉയരത്തിൽ നില്ക്കുന്നവൻ. വിവാഹവും അസഭ്യമായിട്ടെന്തോ ആണെന്ന വിചാരം എനിക്കുണ്ടായിരുന്നതിനാൽ അതിനെക്കുറിച്ച്‌ എനിക്കു കിട്ടിയ സാമാന്യ ജ്ഞാനം സ്വന്തം അച്ഛനമ്മമാരിൽ പ്രയോഗിച്ചുനോക്കാൻ എനിക്കസാദ്ധ്യവുമായിരുന്നു. ഇതങ്ങയെ കൂടുതൽ നിർമ്മലനാക്കി, കൂടുതൽ ഉയരത്തിൽ പ്രതിഷ്ഠിച്ചു. സ്വന്തം വിവാഹ ത്തിനു മുമ്പ്‌ അങ്ങ്‌ സ്വയം ഇങ്ങനെയൊരു ഉപദേശം നല്കിയിരിക്കുമോ എന്ന ചിന്ത പോലും എനിക്കത്രയ്ക്കചിന്ത്യമായിരുന്നു. അങ്ങനെ മണ്ണിന്റെ കറ പുരളാത്ത വിശുദ്ധനാവുകയായി രുന്നു അങ്ങ്‌. അങ്ങനെയുള്ള ഒരാളാണ്‌ ഒളിവില്ലാത്ത കുറച്ചു വാക്കുകൾ ഉപയോഗിച്ചുകൊണ്ട്‌ എന്നെ ആ മാലിന്യത്തിലേക്ക്‌, അതാണെന്റെ ഭാഗധേയമെന്ന പോലെ, തള്ളിവിടുന്നത്‌. അങ്ങനെ ലോകമെന്നത്‌ അങ്ങും ഞാനും മാത്രമടങ്ങിയതായിരുന്നതിനാൽ- അങ്ങനെയൊരു ധാരണയിൽ എനിക്ക്‌ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല- ഈ ലോകത്തിന്റെ നൈർമല്യം അങ്ങയിൽ അവസാനിക്കുകയായിരുന്നു , അങ്ങയുടെ ഉപദേശം ഹേതുവായി അതിന്റെ മാലിന്യം എന്നിൽ നിന്നു തുടങ്ങുകയും. അങ്ങെന്റെ മേൽ ഇങ്ങനെയൊരു വിധി ന്യായം ഇറക്കിയെങ്കിൽ അതിനുള്ള വിശദീകരണം അതിൽ നിന്നുതന്നെ കിട്ടുകയില്ല; എനിക്കു പണ്ടേയുള്ള കുറ്റബോധവും അങ്ങയുടെ ഭാഗത്തു നിന്നുള്ള അത്രയും കടുത്ത അവ ജ്ഞയും കൊണ്ടേ അതു വിശദീകരിക്കാനാവൂ. അങ്ങനെ മറ്റൊന്നു കൂടി എന്റെ അന്തരാത്മാവി നെപ്പിടിച്ചുലയ്ക്കുകയായിരുന്നു- അത്ര കഠോരമായും.

നമ്മൾ രണ്ടുപേരും കുറ്റക്കാരല്ലെന്നതിന്‌ ഏറ്റവും വ്യക്തമായ ഉദാഹരണമാണിതെന്നു തോന്നുന്നു. , ബീ യ്ക്ക്‌ ചില ഉപദേശങ്ങൾ നല്കുകയാണ്‌, ഒന്നുമൊളിയ്ക്കാതെയും തന്റെ ജീവിതവീക്ഷണത്തിനു നിരക്കുന്നതും; അത്ര സുന്ദരമൊന്നുമല്ലെങ്കിലും നഗരത്തിൽ പതിവുള്ള താണത്‌; ഒരുപക്ഷേ ആരോഗ്യത്തിനു കേടു വരുത്താത്തതും. ഈ ഉപദേശം ബീ യ്ക്ക്‌ ഒരുത രത്തിലുള്ള ധാർമ്മികബലവും നല്കുന്നില്ല; വർഷങ്ങളുടെ പരിചയം കൊണ്ട്‌ അയാൾ അപക ടത്തിന്റെ വഴിയിൽ നിന്നു മാറിനടക്കാൻ പഠിക്കുമെന്നു കരുതാതിരിക്കാൻ ന്യായവുമില്ല; അതി നൊക്കെപ്പുറമേ, അയാൾ ഇങ്ങനെ ഒരുപദേശം സ്വീകരിച്ചുകൊള്ളണമെന്ന നിർബന്ധ വുമില്ല; എന്തായാലും, ബീ യുടെ ലോകം തകർന്നു തരിപ്പണമാകാൻ പോകുന്ന അവസര ത്തിലൊന്നുമല്ല ഉപദേശം ഉണ്ടായിരിക്കുന്നതും. അങ്ങനെയൊന്നാണു പക്ഷേ സംഭവിച്ചത്‌- അതിനു കാരണം അങ്ങ്‌ ആയതും ഞാൻ ബി ആയതും.

നമ്മൾ രണ്ടുപേരും പഴി കേൾക്കേണ്ടവരല്ലെന്നത്‌ വിശാലമായ ഒരർത്ഥത്തിൽ കാണാനും എനിക്കു കഴിയുന്നുണ്ട്‌; നമ്മൾ തമ്മിൽ ഇതു പോലൊരു ഏറ്റുമുട്ടൽ ഇരുപതു വർഷ ത്തിനു ശേഷം വ്യത്യസ്തമായ ഒരു സന്ദർഭത്തിൽ നടന്നിരിക്കുന്നല്ലോ. നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക്‌ അതു ഭീകരം തന്നെയായിരുന്നുവെങ്കിലും ഹാനികരമായിരുന്നില്ല- മുപ്പത്താറു കഴിഞ്ഞ എന്നിൽ ഹനിക്കപ്പെടാനായി എന്തിരിക്കുന്നു ബാക്കി? വിവാഹം കഴിക്കാനുള്ള എന്റെ അവസാനത്തെ പദ്ധതിയെക്കുറിച്ച്‌ അങ്ങയോടു പറഞ്ഞതിനെത്തുടർന്നുള്ള കലുഷമായ ദിവസങ്ങളിലൊന്നിൽ അങ്ങു നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ കാര്യമാണു ഞാൻ പരാമർശിക്കുന്നത്‌. അങ്ങു പറഞ്ഞതിന്റെ ഏകദേശരൂപം ഇതായിരുന്നു: ‘അവൾ ഏതോ കാണാന്‍ ഭംഗിയുള്ള ബ്ലൗസുമെടുത്തിട്ടുകൊണ്ടുവന്നു-പ്രേഗിലെ ജൂതത്തികൾക്ക്‌ അതൊക്കെ നല്ല വശമാണല്ലോ-, അതു കണ്ടപാടെ നീ അവളെക്കേറിയങ്ങ്‌ കല്യാണം കഴിക്കാനും തീരുമാനിച്ചു. എത്രയും വേഗം, ഒരാഴ്ചയ്ക്കുള്ളിൽ, നാളെ, ഇന്നുതന്നെ. എനിക്കു നിന്റെ മനസ്സിലിരുപ്പു പിടികിട്ടുന്നില്ല; മുതിർന്ന ഒരുത്തൻ; നഗരത്തിൽ ജീവിക്കുന്നവൻ; എന്നിട്ട്‌ ആദ്യം കാണുന്ന പെണ്ണിനെ പോയി വിവാഹം കഴിക്കാനേ നിനക്കു തോന്നിയുള്ളു? ഇതി നൊക്കെ വേറെ വഴികളൊന്നുമില്ലേ? നിനക്കു പേടിയാണെങ്കിൽ പറഞ്ഞോ, ഞാൻ കൂടെ വരാം.’ ഇത്രയൊന്നുമല്ല അങ്ങു പറഞ്ഞത്‌, ഇതിനെക്കാൾ വെട്ടിത്തുറന്നുമാണ്‌; പക്ഷേ എനിക്കതിന്റെ വിശദാംശങ്ങൾ ഓർമ്മയിൽ വരുന്നില്ല; എന്റെ കാഴ്ച മങ്ങിപ്പോയിരിക്കണം; അമ്മയുടെ പെരുമാറ്റമാണു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്‌: അങ്ങയുടെ അഭിപ്രായത്തോടു പൂർണ്ണമായ യോജിപ്പായിരുന്നുവെങ്കിലും മേശപ്പുറത്തു നിന്ന്‌ എന്തോ എടുത്തുകൊണ്ട്‌ അമ്മ മുറി വിട്ടു പോവുകയായിരുന്നു.

മുമ്പൊരിക്കലും അങ്ങെന്നെ വാക്കുകൾ കൊണ്ട്‌ ഇത്രയും മുറിപ്പെടുത്തിയിട്ടുണ്ടാവില്ല, തന്റെ അവജ്ഞ ഇത്രയും തുറന്നു പ്രകടിപ്പിച്ചിട്ടുമില്ല. ഇരുപതുകൊല്ലം മുമ്പ്‌ ഇതേ മാതിരി അങ്ങെന്നോടു സംസാരിക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ മിടുക്കു കാണിക്കുന്ന ഒരു കുട്ടിയോ ടുള്ള ബഹുമാനം അങ്ങയുടെ കണ്ണുകളിൽ കണ്ടെത്താമായിരുന്നു; ഇനിയും പൊന്തയിൽ തല്ലി നേരം കളയാതെ ഇവനെ നേരേ ജീവിതത്തിലേക്കു കടത്തിവിടാവുന്നതേയുള്ളു. ഇന്നു പക്ഷേ ആ പരിഗണന അങ്ങയുടെ അവജ്ഞയുടെ ആഴം കൂട്ടുകയാണു ചെയ്യുക; എന്തെന്നാൽ ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കാൻ തുടങ്ങിയ കുട്ടി അവിടെത്തന്നെ തറഞ്ഞുനിന്നുപോ യിരിക്കുന്നു; അങ്ങയുടെ കണ്ണിൽ ഇന്നവന്‌ ഒരനുഭവത്തിന്റെയെങ്കിലും സമ്പത്തുണ്ടായിട്ടില്ല, മറിച്ച്‌ ഇരുപതു കൊല്ലത്തിന്റെ ദൈന്യമാണ്‌ അവൻ കൂട്ടിവച്ചിരിക്കുന്നത്‌. ഞാൻ ഒരു പെൺകുട്ടിയെ തിരഞ്ഞെടുക്കുന്നത്‌ അങ്ങയെ സംബന്ധിച്ച്‌ ഒരു വിഷയമേ ആയിരുന്നില്ല. ഒരു സംഗതി നടത്തിക്കൊണ്ടുപോകാനുള്ള എന്റെ ആത്മബലത്തെ അങ്ങ്‌ (അബോധപൂർവ മായി) അമർത്തിപ്പിടിക്കുകയായിരുന്നു; ഇന്നാകട്ടെ, അതിനിത്ര വിലയേയുള്ളുവെന്ന്‌ അങ്ങ്‌ (അബോധപൂരവമായി) വിശ്വസിക്കുകയും ചെയ്യുന്നു. രക്ഷപ്പെടാൻ മറ്റു ദിശകളിലൂടെ ഞാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച്‌ അങ്ങയ്ക്കു യാതൊന്നുമറിയില്ലായിരുന്നു, അതിനാൽ ഈ വിവാഹശ്രമത്തിലേക്ക്‌ എന്നെ നയിച്ച ചിന്താധാരയെക്കുറിച്ചും അങ്ങയ്ക്കു യതൊരു ധാരണയുമുണ്ടായില്ല; അതങ്ങയ്ക്ക്‌ ഊഹിച്ചെടുക്കേണ്ടിയിരുന്നു; ആ നിഗമനമാകട്ടെ, എന്നെക്കുറിച്ച്‌ അങ്ങയ്ക്കുള്ള പൊതുധാരണയ്ക്ക്‌ ചേർന്നുപോകുന്നതുമായിരുന്നു: അത്രയ്ക്കു താണതും, നിന്ദ്യവും, അപഹാസ്യവും. ആ രീതിയിൽത്തന്നെ അതെന്റെ മുഖത്തു നോക്കിപ്പ റയാനും അങ്ങയ്ക്ക്‌ ഒരു നിമിഷം പോലും അറച്ചുനില്ക്കേണ്ടിയും വന്നില്ല. ഈ വിവാഹം വഴി ഞാൻ അങ്ങയ്ക്കു വരുത്തുന്ന പേരുദോഷത്തിനു മുന്നിൽ അന്ന്‌ അങ്ങെനിക്കേല്പ്പിച്ച ദ്രോഹം ഒന്നുമല്ലെന്നായിരുന്നു അങ്ങയുടെ അഭിപ്രായം.

വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ കാര്യത്തിൽ അങ്ങയ്ക്കു തിരിച്ചുപറയാൻ എന്തൊക്കെയുണ്ടെന്ന്‌ എനിക്കറിയാത്തതല്ല: അതൊക്കെ അങ്ങു പറയുകയും ചെയ്തിട്ടുണ്ട്‌- എഫുമായുള്ള* വിവാഹനിശ്ചയത്തിൽ നിന്ന്‌ രണ്ടു തവണ ഒഴിഞ്ഞുമാറിയിട്ട്‌ വീണ്ടുമതു പുതു ക്കാൻ നോക്കുന്ന ഒരാളുടെ തീരുമാനങ്ങളിൽ തനിക്കത്ര മതിപ്പില്ലെന്നും, വിവാഹനിശ്ചയം ആഘോഷിക്കാൻ അച്ഛനെയും അമ്മയെയും ബർലിനിലേക്കു ഞാൻ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയിട്ട്‌ അതെല്ലാം വൃഥാവിലായെന്നുമൊക്കെ. അതൊക്കെ സത്യം തന്നെ- പക്ഷേ അങ്ങനെയൊന്നിലേക്കു കാര്യങ്ങൾ എത്തിയതെങ്ങനെ?

രണ്ടു വിവാഹശ്രമങ്ങൾക്കും പിന്നിലെ അടിസ്ഥാനപരമായ ആശയം തികച്ചും ന്യായം തന്നെയായിരുന്നു: കുടുംബമായി ജീവിക്കുക, സ്വതന്ത്രനാവുക. അങ്ങയ്ക്ക്‌ അഹിതം തോന്നേണ്ട ആശയമൊന്നുമല്ല അത്‌; പക്ഷേ, ഇങ്ങനെയൊരു കുട്ടിക്കളിയുണ്ടല്ലോ, ഒരാൾ മറ്റൊരാളുടെ കൈയിൽ പിടിച്ചിട്ട്‌, ശരിക്കും പിടിച്ചുവച്ചിട്ട്‌, ഇങ്ങനെ വിളിച്ചുപറയുകയാണ്‌: ‘പൊയ്ക്കോ, പൊയ്ക്കോ, താനെന്താ പോകാത്തത്‌?’ അതു പോലെയാണത്‌ യഥാർത്ഥ ത്തിൽ. നമ്മുടെ കാര്യത്തിൽ അതല്പം കൂടി സങ്കീർണ്ണമാണെന്നേയുള്ളു; കാരണം, ‘പൊയ്ക്കോ’ എന്നു പറയുമ്പോൾ അങ്ങതു ശരിക്കും അർത്ഥമാക്കുക തന്നെയാണ്‌; അങ്ങ യുടെ വ്യക്തിബലം കൊണ്ട്‌ താനറിയാതെ തന്നെ അങ്ങെന്നെ പിടിച്ചുനിർത്തുക യായിരുന്നല്ലോ; ശരിക്കു പറഞ്ഞാൽ പിടിച്ചുതാഴ്ത്തുകയായിരുന്നു.

രണ്ടു പെൺകുട്ടികളുടെ കാര്യത്തിലും എന്റെ തിരഞ്ഞെടുപ്പ്‌ ഒട്ടും മോശമായിരുന്നില്ല, എനിക്കവർ വീണുകിട്ടുകയായിരുന്നു എന്നതു ശരിയാണെങ്കിൽത്തന്നെയും. ഭീരുവും, സംശയാലുവും, അമാന്തക്കാരനുമായ ഞാൻ പെട്ടെന്ന്‌ ഒരു ബ്ലൗസിന്റെ ആകർഷണത്തിൽ വീണുപോയിട്ട്‌ ഒരു തീരുമാനമെടുത്തു എന്ന്‌ അങ്ങു വിശ്വസിക്കുമ്പോൾ അങ്ങയുടെ തികഞ്ഞ തെറ്റിദ്ധാരണയുടെ മറ്റൊരു ലക്ഷണമാണു പ്രകടമാവുന്നത്‌. മറിച്ച്‌ സാമാന്യയുക്തിക്കു ചേരുന്ന വിവാഹങ്ങളാകുമായിരുന്നു രണ്ടും, രാവും പകലും, ആദ്യത്തെത്തവണ വർഷങ്ങ ളായി, രണ്ടാമത്തെത്തവണ മാസങ്ങളും, ആ പദ്ധതിയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു എന്റെ ചിന്താശേഷിയൊക്കെ എന്നാണ്‌ അതുകൊണ്ടർത്ഥമാക്കുന്നതെങ്കിൽ.

രണ്ടുപേരിൽ ഒരാളും എന്നെ നിരാശപ്പെടുത്തിയില്ല- ഞാനാണ്‌ ഇരുവരെയും നിരാശ പ്പെടുത്തിയത്‌. ഇന്ന്‌ എനിക്കവരെക്കുറിച്ചുള്ള വിലയിരുത്തൽ ഞാൻ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന കാലത്തേതിൽ നിന്ന്‌ ഒട്ടും മാറിയിട്ടില്ല.

എന്റെ രണ്ടാമത്തെ ശ്രമത്തിന്റെ കാര്യത്തിൽ എനിക്കാദ്യമുണ്ടായ അനുഭവത്തിൽ നിന്നു ഞാൻ പാഠം പഠിച്ചില്ല , മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞാനൊരു ഗൗരവം കാണിച്ചില്ല എന്നുള്ള അങ്ങയുടെ ചിന്തയും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല. അതു രണ്ടും രണ്ടാണ്‌- ആദ്യത്തേതിൽ നിന്നുള്ള അനുഭവങ്ങൾ കൊണ്ടുതന്നെയാണ്‌ രണ്ടാമത്തേതിൽ എനിക്കു പ്രതീക്ഷയുണ്ടായതും; അതിൽ കൂടുതൽ പ്രത്യാശയ്ക്കും ഞാൻ വഴി കണ്ടു. വിശദാംശങ്ങളി ലേക്കൊന്നും ഞാൻ പോകുന്നില്ല.

എന്നിട്ടു പിന്നെ ഞാനെന്തുകൊണ്ടു വിവാഹം ചെയ്തില്ല? ചില തടസ്സങ്ങളുണ്ടായിരുന്നു, എവിടെയുമെന്നപോലെ; ജീവിതമെന്നത്‌ എന്തായാലും അത്തരം തടസ്സങ്ങളെ കണക്കി ലെടുത്തുതന്നെ മുന്നോട്ടു പോവുകയുമാണല്ലോ. പക്ഷേ അടിസ്ഥാനപരമായ തടസ്സം, ഒറ്റ യൊറ്റ തടസ്സങ്ങളുമായി അതിനു ബന്ധമൊന്നുമില്ല, വിവാഹത്തിന്‌ മാനസികവും ആത്മീയ വുമായി കഴിവുള്ളവനല്ല ഞാൻ എന്നതായിരുന്നു. അതിന്റെ ബാഹ്യമായ ലക്ഷണങ്ങളായി രുന്നു, വിവാഹം കഴിക്കാൻ തീരുമാനമെടുത്ത നിമിഷം മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നത്‌; രാവും പകലും എന്റെ തല പൊള്ളുകയാണ്‌; എന്റേത്‌ ജീവിതമേ അല്ലാതായിക്ക ഴിഞ്ഞു; നൈരാശ്യത്തിൽ വീണു ചഞ്ചലപ്പെടുകയാണു ഞാൻ. ഈ അവസ്ഥ വരുത്തിവച്ചത്‌ എന്റെ ആധികളാണെന്നു ഞാൻ പറയുന്നില്ല, എന്റെ വിഷാദസ്വഭാവവും, ചുഴിഞ്ഞുനോക്കാ നുള്ള പ്രവണതയും കാരണം എണ്ണമറ്റ വേവലാതികൾ പിന്നാലെ കൂടുന്നതിൽ അസ്വാഭാവി കത ഒന്നുമില്ലെങ്കിലും. ഇതൊന്നുമല്ല പക്ഷേ, നിർണ്ണായകമായ ഘടകം; ശവം തിന്നുതീർ ക്കുന്ന പുഴുക്കളെപ്പോലെയേയുള്ളു അവ; ശരിക്കും നിർണ്ണായകമായ പ്രഹരം വരുന്നത്‌ മറ്റൊരിടത്തു നിന്നാണ്‌. ഉത്കണ്ഠയുടെയും ബലഹീനതയുടെയും ആത്മനിന്ദയുടെയും ഒരുമിച്ചുള്ള സമ്മർദ്ദമാണത്‌.

ഞാനിതൊന്നുകൂടി വിശദമാക്കാൻ നോക്കാം. മറ്റെവിടെയുമെന്നതിനെക്കാൾ കൂടുതലായി ഇവിടെയാണ്‌, വിവാഹം കഴിക്കാനുള്ള എന്റെ ഈ ശ്രമത്തിലാണ്‌, അങ്ങയുമായുള്ള എന്റെ ബന്ധത്തിലെ പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന ഘടകങ്ങളുടെ ഏറ്റുമുട്ടൽ തീക്ഷ്ണമാകുന്നത്‌. പരിപൂർണ്ണമായ ആത്മവിമോചനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പ്രതി ജ്ഞയാണ്‌ വിവാഹം. എനിക്കൊരു കുടുംബമുണ്ടാകും- എന്റെ അഭിപ്രായത്തിൽ ഒരാൾക്കു കൈവരിക്കാവുന്നതിൽ വച്ചേറ്റവും ഉന്നതമായ നേട്ടമാണത്‌; എന്നു പറഞ്ഞാൽ, അങ്ങു കൈവരിച്ചവയിൽ വച്ചേറ്റവും ഉന്നതമായതും അതു തന്നെയാണ്‌. അങ്ങനെ ഞാൻ അങ്ങ യ്ക്കു തുല്യനാവുന്നു, പഴയതും, പുതിയതുമായ സകല നാണക്കേടുകളും വിസ്മൃതമാവുന്നു. ഇതൊരു യക്ഷിക്കഥ പോലെയാണെന്നതു ഞാൻ സമ്മതിക്കുന്നു; അതിനെ സംശയാസ്പ ദമാക്കുന്ന ഘടകവും അതു തന്നെ. എത്രയോ ഉന്നതമാണത്‌; അത്രയും കൈവരിക്കുക അസാദ്ധ്യം തന്നെയാണ്‌. തടവിൽ കിടക്കുന്ന ഒരാൾക്ക്‌ അവിടെ നിന്നു രക്ഷപ്പെടാൻ മാത്ര മല്ല -അതു ചിലപ്പോൾ സാദ്ധ്യമാകാവുന്നതേയുള്ളു- അതിനൊപ്പം, അപ്പോൾത്തന്നെ, തടവ റയുടെ സ്ഥാനത്ത്‌ തനിക്കായി ഒരു സുഖവാസകേന്ദ്രം പണിയാനുള്ള ഉദ്ദേശ്യമാണുള്ളതെന്നു പറയുന്ന പോലെയാണത്‌. രക്ഷപ്പെടുകയാണെങ്കിൽ അയാൾക്കു തന്റെ പണി നടക്കില്ല; ഇനി പണിയാൻ പോയാലോ, രക്ഷപ്പെടൽ നടക്കുകയുമില്ല. അങ്ങയുമായുള്ള അസന്തു ഷ്ടമായ ബന്ധത്തിൽ നിന്ന്‌ എനിക്കൊരു മുക്തി വേണമെങ്കിൽ സാധ്യമായിടത്തോളം അങ്ങയുമായി ഒരു ബന്ധവുമില്ലാത്ത എന്തെങ്കിലുമൊന്നു ഞാൻ ചെയ്യണം; വിവാഹമാണ്‌ ഏറ്റവും ഉന്നതവും മാന്യവുമായ മോചനമാർഗ്ഗമെന്നതിൽ സംശയമില്ല; അതേ സമയം, അങ്ങയോട്‌ ഏറ്റവും അടുത്ത ബന്ധമുള്ളതും അതു തന്നെ. അപ്പോൾ പുറത്തുകടക്കാൻ ശ്രമിക്കുക എന്നാൽ അതൊരുതരം ഭ്രാന്താണെന്നേ വരുന്നുള്ളു; ഓരോ ശ്രമത്തിനും ശേഷം അതിനുള്ള ശിക്ഷയായി ഭ്രാന്തു പിടിക്കുകയാണ് നിങ്ങൾക്ക്.

ഈ അടുത്ത ബന്ധം തന്നെയാണ്‌ ഒരു തരത്തിൽ വിവാഹത്തിലേക്ക്‌ എന്നെ ആകർ ഷിക്കുന്നതും. അതു മൂലം നമുക്കിടയിൽ വരുന്ന തുല്യതയാണ്‌ എന്റെ മനസ്സിൽ വരുന്നത്‌; ആ തുല്യത എത്ര മനോഹരമാണെന്ന്‌ മറ്റാരെക്കാളുമേറെയായി അങ്ങയ്ക്കു മനസ്സിലാവുകയും ചെയ്യും: കാരണം, അപ്പോൾ ഞാൻ സ്വതന്ത്രനും, നന്ദിയുള്ളവനും, കുറ്റബോധമില്ലാത്തവനും, സത്യസന്ധനുമായ ഒരു മകനായിരിക്കും; അങ്ങയോ, മനശ്ശല്യങ്ങളകന്ന, അധികാരത്തിന്റെ മുഷ്കില്ലാത്ത, ദയാര്ദ്രനായ, ചരിതാർത്ഥനായ പിതാവും. പക്ഷേ അങ്ങനെയൊന്നുണ്ടായി വരണമെങ്കിൽ ഇതേവരെ നടന്നതൊക്കെ നടന്നിട്ടില്ലെന്നു ഗണിക്കേണ്ടിവരും, എന്നു പറഞ്ഞാൽ, നമ്മെത്തന്നെ മായ്ച്ചുകളയേണ്ടിവരും.

പക്ഷേ നമ്മൾ നമ്മളായ സ്ഥിതിയ്ക്ക്‌ വിവാഹം എനിക്കു വിലക്കപ്പെട്ടിരിക്കുന്നു; കാരണം അത്‌ അങ്ങയുടെ അധീനത്തിലുള്ള ദേശമത്രെ. ലോകത്തിന്റെ ഭൂപടം ചുരുളഴിച്ചിട്ട്‌ അങ്ങതിൽ നീണ്ടുനിവർന്നു കിടക്കുന്നതായി ഞാൻ ചിലനേരം സങ്കല്പ്പിച്ചുപോകാറുണ്ട്‌. അങ്ങയുടെ ശരീരം മറയ്ക്കാത്തതോ, അങ്ങയുടെ കൈ എത്താത്തതോ ആയ പ്രദേശം മാത്രമേ എനിക്കു ജീവിക്കാനായി വിധിക്കപ്പെട്ടിട്ടുള്ളു എന്നെനിക്കു തോന്നിപ്പോവും. അങ്ങ യുടെ വ്യാപ്തിയെക്കുറിച്ചുള്ള എന്റെ സങ്കല്പം വച്ചു നോക്കുമ്പോൾ അങ്ങനെയുള്ള പ്രദേശങ്ങൾ എത്രയും ചുരുക്കമാണ്‌, അത്രയും വിഷണ്ണവുമാണവ- വിവാഹം അതിൽ പെടുന്നുമില്ല.

ഈ താരതമ്യം തന്നെ തെളിവാണ്‌, ബിസിനസ്സിൽ നിന്നെന്നപോലെ വിവാഹത്തിൽ നിന്നും സ്വന്തം ദൃഷ്ടാന്തം വഴി അങ്ങെന്നെ ആട്ടിയോടിക്കുകയായിരുന്നുവെന്നു സമർത്ഥി ക്കാനല്ല എന്റെ ശ്രമമെന്ന്‌. നേരേ മറിച്ചാണത്‌- എന്തൊക്കെ വിദൂരസാമ്യമുണ്ടായാല്പോലും. അങ്ങയുടേത്‌ എന്റെ കണ്മുന്നിലുള്ള മാതൃകാദാമ്പത്യമായിരുന്നു -സ്ഥിരതയിൽ, പരസ്പരസ ഹായത്തിൽ, കുട്ടികളുടെ എണ്ണത്തിൽ; കുട്ടികൾ വളർന്ന്‌ അങ്ങയുടെ മനസ്സമാധാനത്തെ അധികമധികം ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾക്കൂടി അങ്ങയുടെ വിവാഹബന്ധത്തെ അതു കാര്യമായി സ്പർശിച്ചതേയില്ല. ഈ ഉദാഹരണത്തിൽ നിന്നായിരിക്കാം വിവാഹത്തെക്കുറി ച്ചുള്ള എന്റെ ആദർശം രൂപപ്പെട്ടതും. വിവാഹത്തിനുള്ള എന്റെ ആഗ്രഹം നിഷ്ഫലമായി പ്പോയത്‌ മറ്റു ചില കാരണങ്ങളാലായിരുന്നു. സ്വന്തം കുട്ടികളുമായുള്ള അങ്ങയുടെ ബന്ധത്തി ലാണതു കിടക്കുന്നത്‌- ഈ കത്തിന്റെ ഏകവിഷയവും അതു തന്നെ.

സ്വന്തം അച്ഛനമ്മമാരോടു ചെയ്ത പാതകങ്ങൾക്ക്‌ പില്ക്കാലത്ത്‌ തന്റെ കുട്ടികൾ അതേ നാണയത്തിൽ പകരം വീട്ടുമോയെന്ന ഭീതി കാരണമാണ്‌ ചിലർ വിവാഹം കഴിക്കുന്നതിൽ നിന്നൊഴിഞ്ഞുമാറുന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്‌.എന്റെ കാര്യത്തിൽ അതു പ്രസക്തമേയ ല്ലെന്നാണ്‌ എന്റെ വിശ്വാസം; കാരണം എന്റെ കുറ്റബോധം ഉത്ഭവിക്കുന്നതുതന്നെ അങ്ങയിൽ നിന്നുമാണ്‌; തുല്യതയില്ലാത്തതാണതെന്ന ബോധവും അതിനുണ്ട്‌- സത്യത്തിൽ ആ ബോധം തന്നെ എന്റെ ആത്മപീഡനത്തിൽ കാര്യമായ പങ്കു വഹിക്കുകയും ചെയ്യുന്നു: ഒരാവർത്തനം അസാദ്ധ്യമാണ്‌. എന്തായാലും മിണ്ടാട്ടമില്ലാത്ത, മ്ളാനിയായ, ഉത്സാഹമില്ലാത്ത, ചിന്താകു ലനായ ഒരു പുത്രനെ എനിക്കു തന്നെ സഹിക്കാൻ പറ്റില്ലെന്നേ ഞാൻ പറയൂ; ഞാൻ അവനെ കളഞ്ഞിട്ട്‌ ഓടിപ്പോയേക്കാം; എന്റെ വിവാഹത്തിന്റെ കാര്യം വന്നപ്പോൾ അങ്ങാദ്യം ആലോ ചിച്ചപോലെ, മറ്റൊരു നാട്ടിലേക്കു ഞാൻ കുടിയേറിയെന്നും വന്നേക്കാം. അപ്പോൾ വിവാഹ ത്തിന്റെ കാര്യത്തിലുള്ള എന്റെ കഴിവുകേടിന്‌ അതും ഭാഗികമായ ഒരു കാരണമായിട്ടുണ്ടാവാം.

പക്ഷേ അതിലൊക്കെ വച്ച്‌ ഏറ്റവും പ്രധാനമായിരുന്നു എന്നെച്ചൊല്ലിയുള്ള എന്റെ ഉത്കണ്ഠ. അതിനെ മനസ്സിലാക്കേണ്ടത്‌ ഈ വിധമാണ്‌: നേരത്തേ ഞാൻ സൂചിപ്പിച്ച താണല്ലോ, എന്റെ എഴുത്തും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വഴി സ്വാതന്ത്ര്യത്തിനുള്ള ചെറിയ ചില ശ്രമങ്ങൾ, പലായനത്തിനുള്ള ശ്രമങ്ങൾ, ഒട്ടും ഫലം കാണാത്തവയും, ഞാൻ നടത്തിയിരുന്നുവെന്ന്‌. അതൊന്നും എന്നെ എങ്ങും കൊണ്ടെത്തിക്കാൻ പോകുന്നില്ല: അതി നുള്ള തെളിവുകൾ എത്രയെങ്കിലും എന്റെ കൈവശമുണ്ട്‌. എന്നാല്ക്കൂടി എനിക്കവയെ കാത്തു സൂക്ഷിക്കാതെ വയ്യ- കൃത്യമായി പറഞ്ഞാൽ ജീവിതം തന്നെ എനിക്കിതായിരുന്നു: എനിക്കു തടുക്കാവുന്ന ഒരപകടവും- അതിനുള്ള സാദ്ധ്യത പോലും- അവയെ സമീപിക്കാതെ നോക്കുക. അങ്ങനെയൊരു അപകടസാദ്ധ്യതയാണു വിവാഹം; ശരി തന്നെ, ഏറ്റവും വലിയ പിന്തുണ യ്ക്കുള്ള സാദ്ധ്യതയുമാണത്‌; പക്ഷേ ഒരപകടത്തിനുള്ള സാദ്ധ്യതയാണതെന്നതു തന്നെ എനിക്കു മതിയായ കാരണമായി. അതങ്ങനെയൊരപകടമായിപ്പോയാൽ ഞാനെന്തു ചെയ്യും! തെളിയിക്കാൻ പറ്റാത്തതെങ്കിലും നിസ്തർക്കമായ അങ്ങനെയൊരു ബോധവും വച്ചുകൊണ്ട്‌ ഞാനെങ്ങനെ ഒരു വിവാഹബന്ധം തുടർന്നുകൊണ്ടുപോകും! അതിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എന്റെ മനസ്സൊന്നു ചാഞ്ചാടുമെങ്കില്ക്കൂടി അനന്തരഫലം സുനിശ്ചിതമാണ്‌: അതു കൂടാതെ ഞാൻ കഴിക്കണം. കൈയിലുള്ള ഒരു പക്ഷിയെയും പൊന്തയിലുള്ള മറ്റു രണ്ടിനെയും കുറിച്ചുള്ള ഉപമ അതിവിദൂരമായ ഒരർത്ഥത്തിലേ ഇവിടെ പ്രയോഗത്തിൽ വരുന്നുള്ളു. എന്റെ കൈയിൽ യാതൊന്നുമില്ല: പൊന്തയിലാവട്ടെ, എല്ലാമുണ്ടു താനും. എന്നാല്ക്കൂടി എനിക്കു തിരഞ്ഞെടുക്കേണ്ടി വരുന്നത്‌ ഒന്നുമില്ലായ്മയെയാണ്‌; എന്റെ സമരവും എന്റെ ജീവിതത്തിന്റെ അടിയന്തിരാവശ്യങ്ങളും അങ്ങനെയൊരു തീരുമാനത്തിന്‌ എന്നെ നിർബന്ധിക്കുകയാണ്‌. എന്റെ തൊഴിലിന്റെ കാര്യത്തിലും ഇങ്ങനെയൊരു തിരഞ്ഞെ ടുപ്പാണല്ലോ എനിക്കു നടത്തേണ്ടിവന്നത്‌.

പക്ഷേ വിവാഹത്തിനുള്ള ഏറ്റവും വലിയ വിഘാതമായി ഞാൻ കണ്ടത് എന്നിൽ അത്രയ്ക്കാഴത്തിൽ വേരോടിയ ഈയൊരു ബോധ്യമായിരുന്നു: ഒരു കുടുംബത്തിനു വഴികാ ട്ടുക പോകട്ടെ, അതിനെ പരിപാലിക്കാൻ തന്നെ അങ്ങയിൽ സ്വാഭാവികമായി ഇഴുകിച്ചേർ ന്നിരിക്കുന്നതായി ഞാൻ കണ്ട നല്ലതും ചീത്തയുമായ സകലതും വേണ്ടിയിരിക്കുന്നു. എന്നു പറഞ്ഞാൽ, ശക്തി, പരപുച്ഛം, നല്ല ആരോഗ്യം, ഒരു പരിധി വരെയുള്ള അമിതത്വം, സംഭാഷണവൈഭവം, അനഭിഗമ്യത, ആത്മവിശ്വാസം, മറ്റാരിലും തൃപ്തിയില്ലായ്മ, ലോകത്തിനു മേൽ ഒരധീശത്വമനോഭാവം, സ്വേച്ഛാപരത, മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ജ്ഞാനം, ആരിലും വിശ്വാസമില്ലായ്മ, ഒപ്പം, ഒരു ന്യൂനതയുമില്ലാത്ത മറ്റു ഗുണങ്ങളായ പരിശ്രമശീലം, മനസ്സാന്നിദ്ധ്യം, ധൈര്യം എന്നിവയും. അതേസമയം ഇതിലൊന്നുപോലും എനിക്കില്ല, ഉണ്ടെങ്കിൽത്തന്നെ അത്രയും കുറഞ്ഞ അളവിലും; അങ്ങനെയുള്ള ഞാനാ ണാണോ വിവാഹമെന്ന സാഹസത്തിനൊരുമ്പെടുക- അതും സ്വന്തം ദാമ്പത്യത്തിൽ അങ്ങയ്ക്കു തന്നെ എന്തുമാത്രം മല്ലു പിടിയ്ക്കേണ്ടിവരുന്നുവെന്നും, സ്വന്തം മക്കളുടെ കാര്യ ത്തിൽ അങ്ങൊരു തികഞ്ഞ പരാജയമായിരിക്കുന്നുവെന്നും കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കെ? ഇങ്ങനെയൊരു ചോദ്യം വാച്യമായി ഞാൻ സ്വയം ചോദിച്ചിരുന്നുവെന്നല്ല, അതിനൊരു മറുപടി വാച്യമായി ഞാൻ നല്കിയിരുന്നുവെന്നുമല്ല; അല്ലാതെ സാമാന്യബോധം വച്ചുതന്നെ എനിക്കതു കൈകാര്യം ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളു; അങ്ങയെക്കണക്കല്ലാത്ത മറ്റു ചിലരെ ( ഉദാഹരണത്തിന്‌ റിച്ചാർഡമ്മാവൻ) എനിക്കു ചൂണ്ടിക്കാണിക്കാമായിരുന്നു; അതൊന്നും കണക്കാക്കാതെ എനിക്കു വിവാഹം കഴിക്കാമായിരുന്നു; ഞാനതിനടിയില്പ്പെട്ടു ഞെരിഞ്ഞുതകർന്നില്ലെന്നും വരുമായിരുന്നു- അതുതന്നെ വലിയൊരു കാര്യമാകുമായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ അധികമായിരുന്നു. പക്ഷേ ഞാൻ അങ്ങനെ യൊരു ചോദ്യം ചോദിക്കാൻ പോയില്ല; മറിച്ച് കുട്ടിക്കാലം മുതലേ അനുഭവമായിരുന്നല്ലോ എനിക്കത്. വിവാഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഓരോ കൊച്ചുകാര്യത്തിലും ഞാൻ ആത്മപരിശോധന നടത്തിയിരുന്നു; സ്വന്തം ദൃഷ്ടാന്തവും ശിക്ഷണവും കൊണ്ട് അങ്ങെന്നെ എന്റെ കഴിവില്ലായ്മ ബോദ്ധ്യപ്പെടുത്തിയിരുന്ന ഓരോ കൊച്ചുകാര്യത്തിലും. ഓരോ ചെറിയ കാര്യത്തിലും ശരിയാകുന്നതും, അതിലൊക്കെ അങ്ങയുടെ ഭാഗം ശരിയായിരുന്നുവെന്നു വരുന്നതുമായ ഒന്ന് ഏറ്റവും വലിയ കാര്യത്തിൽ, വിവാഹത്തിന്റെ കാര്യത്തിലും ശരിയാ യിരുന്നേ പറ്റൂ. വിവാഹത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതു വരെയുള്ള എന്റെ ജീവിതം മനശ്ശല്യ ങ്ങളും വിപൽസൂചനകളുമിരിക്കെത്തന്നെ കണക്കുകളൊന്നും കൃത്യമായി വയ്ക്കാൻ മിനക്കെ ടാതെ അന്നന്നത്തെ കാര്യം തള്ളിക്കൊണ്ടുപോകുന്ന ഒരു വ്യാപാരിയുടേതായിരുന്നു. ചെറിയ ചില ലാഭങ്ങൾ ഉണ്ടാക്കുന്നത് അത്രയും അപൂർവമായതിനാൽ അയാൾ അതിനെ മനസ്സിലിട്ടു താലോലിക്കുകയും, തന്റെ ഭാവനയിൽ അതിനെ പെരുപ്പിച്ചു കാണുകയും ചെയ്യുമ്പോൾ ത്തന്നെ ബാക്കിയൊക്കെ നഷ്ടങ്ങളാണയാൾക്ക്. എല്ലാം കണക്കിൽ കൊള്ളിക്കുമ്പോൾ ത്തന്നെ വരവും ചെലവും പൊരുത്തപ്പെടുത്താൻ അയാൾ മുതിരുന്നില്ല. അപ്പോഴാണ്‌ അയാൾ കണക്കുകൾ ശരിപ്പെടുത്തേണ്ട കാലം വരുന്നത്, എന്നു പറഞ്ഞാൽ വിവാഹം ചെയ്യാനുള്ള എന്റെ ശ്രമമുണ്ടാകുന്നത്. അന്നുവരെയുള്ള വലിയ തുകകൾ കണക്കു കൂട്ടിനോക്കുമ്പോൾ ഉണ്ടായ ചെറിയ ലാഭങ്ങൾ പോലും ഒന്നുമല്ലാതെയാകുന്നു, ശേഷിക്കുന്നത് അത്രയും വമ്പിച്ച ഒരൊറ്റ ബാധ്യതയും. ഭ്രാന്തു പിടിക്കാതെ ഇനി പോയി വിവാഹം കഴിച്ചോളൂ!

ഇങ്ങനെ അവസാനിക്കുന്നു അങ്ങയുമൊത്ത് ഇതുവരെയുള്ള എന്റെ ജീവിതം; ഭാവിയി ലേക്ക് അതു കരുതിവച്ചിരിക്കുന്നതും ഈ തരമൊക്കെത്തന്നെ..

അങ്ങയോടുള്ള ഭയത്തിനു കാരണമായി ഞാൻ നിരത്തിയ ന്യായങ്ങൾ പരിശോധിച്ചിട്ട് അങ്ങയുടെ മറുപടി ഇതായിരിക്കാം: ‘ഞാനും നീയും തമ്മിലുള്ള ബന്ധം ഈ വിധമായതിന്റെ പഴി നിനക്കാണെന്നു സമർത്ഥിച്ചിട്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാ റുകയാണു ഞാനെന്നായിരിക്കും നിന്റെ മനസ്സിലിരുപ്പ്. പക്ഷേ എന്റെ വിശ്വാസം അങ്ങനെ യല്ല; പുറമേ നീയെന്തൊക്കെ കാണിച്ചാലും നീയും സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴി ഞ്ഞുമാറുകയാണ്‌; എന്നു തന്നെയല്ല, സംഗതികൾ നീ നിനക്കനുകൂലമായി മാറ്റുകയും ചെയ്യുക യാണ്‌. ഒന്നാമതായി താൻ തെറ്റുകാരനല്ലെന്നും, തനിക്കൊരു ചുമതലയില്ലെന്നും പറഞ്ഞൊഴി യുകയാണു നീ- അക്കാര്യത്തിൽ നമ്മുടെ പോക്ക് ഒരേ വഴിയിലൂടെ തന്നെ. എന്നിട്ടു പക്ഷേ, ഞാൻ എല്ലാ കുറ്റവും എന്റെ മനസ്സിലുള്ളപോലെ തുറന്ന രീതിയിൽ നിന്റെ മേൽ ചുമത്തു മ്പോൾ നീയാകട്ടെ, ‘വലിയ മിടുക്കനും’ ‘വലിയ ദയാലു’വും ചമഞ്ഞ് സകല പിഴകളിൽ നിന്നും ഒഴിവാക്കുകയാണെന്നെ. ശരി തന്നെ, നിനക്കതിൽ വലിയ വിജയം കണ്ടെത്താനും കഴിയു ന്നില്ല ( അതിലധികം നീ പ്രതീക്ഷിക്കുന്നുമില്ല, ഉവ്വോ?); സ്വഭാവത്തെയും വൈരുദ്ധ്യങ്ങളെയും നിസ്സഹായതയെയും കുറിച്ചുള്ള നിന്റെ സുന്ദരപ്രയോഗങ്ങളൊക്കെയിരിക്കെത്തന്നെ വരികൾ ക്കിടയിൽ തെളിഞ്ഞു വരുന്നത് അക്രമി ഞാനായിരുന്നുവെന്നും, നീ ചെയ്തതൊക്കെ സ്വര ക്ഷയ്ക്കുള്ളതു മാത്രമായിരുന്നുവെന്നുമാണ്‌. അങ്ങനെ സ്വന്തം ആത്മവഞ്ചനയിലൂടെ സ്വയം തൃപ്തനാവാൻ വേണ്ടത് നീ നേടിക്കഴിഞ്ഞുകാണും; കാരണം നീ മൂന്നു കാര്യങ്ങൾ തെളിയിച്ചു കഴിഞ്ഞല്ലോ: ഒന്നാമതായി നീ നിരപരാധിയാണെന്ന്, രണ്ടാമത് ഞാനാണു കുറ്റക്കാരനെന്ന്, മൂന്നാമതാകട്ടെ, ശുദ്ധമായ ഹൃദയവിശാലതയോടെ എനിക്കു മാപ്പു തരാൻ തല്പരനാണു താനെന്നുമാത്രമല്ല, അതിനുമുപരി ഞാൻ നിരപരാധിയാണെന്ന്, സത്യത്തിനു നിരക്കുന്നതല്ല അതെങ്കിൽക്കൂടി, തെളിയിക്കാനും, സ്വയം വിശ്വസിപ്പിക്കാനും കൂടി തനിക്കു മടിയില്ലെന്നും. അത്രയും കൊണ്ടു തന്നെ നീ തൃപ്തനാവേണ്ടതാണ്‌, പക്ഷേ നിനക്കതു പോരാ. അവസാനത്തെ തുള്ളി വരെ എന്നെ ഊറ്റിയെടുത്തു ജീവിക്കാനാണ്‌ നിന്റെ പുറപ്പാട്. നമ്മൾ തമ്മിൽ യുദ്ധത്തി ലാണെന്ന കാര്യം ഞാൻ സമ്മതിച്ചു; പക്ഷേ യുദ്ധങ്ങൾ രണ്ടു തരമാണ്‌. വീരോചിതമായ യുദ്ധത്തിൽ സ്വതന്ത്രരായ രണ്ടു പ്രതിയോഗികൾ അന്യോന്യം ബലം പരീക്ഷിക്കുകയാണ്‌; അവർ സ്വന്തം നിലയ്ക്കു നില്ക്കുന്നു, സ്വന്തം നിലയ്ക്കു തോല്ക്കുന്നു, സ്വന്തം നിലയ്ക്കു ജയിക്കുന്നു. പിന്നെ കീടങ്ങളുടെ യുദ്ധമുണ്ട്; അവ കടിയ്ക്കുക മാത്രമല്ല, സ്വന്തം ജീവൻ നിലനിർത്താൻ ചോരയൂറ്റിക്കുടിക്കുകയും ചെയ്യും. അതാണു യുദ്ധം തൊഴിലാക്കിയവന്റെ രീതി; നീയും അതു തന്നെ. ജീവിക്കാൻ യോഗ്യനല്ല നീ; പക്ഷേ അങ്ങനെയൊരവസ്ഥയിലും ഒരുവിധ മനശ്ശല്യമോ ആത്മനിന്ദയോ കൂടാതെ സുഖജീവിതം കഴിക്കാനായി നീ തെളിയിക്കുകയാണ്‌, ജീവിക്കാൻ വേണ്ടുന്ന യോഗ്യതയൊക്കെ നിനക്കുണ്ടായിരുന്നുവെന്നും ഞാനതു കവർന്നെടുത്ത് സ്വന്തം കീശയിലാക്കിയിരിക്കുകയാണെന്നും. ജീവിക്കാൻ യോഗ്യനല്ലെങ്കിൽ നിനക്കിനിയെന്തു പേടിക്കാൻ- ഉത്തരവാദി ഞാനല്ലേ. നിനക്കു സുഖമായി മലർന്നു കിടന്നാൽ മതി; ശാരീരി കവും മാനസികവുമായി നിന്നെ ജീവിതത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകേണ്ട ചുമതല എനിക്കു വിട്ടുതന്നിരിക്കുകയാണല്ലോ. ഒരുദാഹരണം: വിവാഹം കഴിക്കണമെന്ന് അടുത്ത കാലത്ത് നിനക്കൊരാഗ്രഹമുണ്ടായി; അതേസമയം തന്നെ -അതു നീ ഈ കത്തിൽ സമ്മതി ക്കുന്നുമുണ്ടല്ലോ- വിവാഹം കഴിക്കണമെന്നും നിനക്കില്ല. പക്ഷേ, ഇക്കാര്യത്തിൽ നീ മുന്നിട്ടിറ ങ്ങാതെ ഇങ്ങനെയൊരു ബന്ധം കൊണ്ട് എന്റെ സല്പ്പേരിനുണ്ടാകാവുന്ന കളങ്കം ചൂണ്ടി ക്കാട്ടി ഞാനതിനെ വിലക്കണമെന്നൊരു സഹായം എന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാ യിരുന്നു നിന്റെ ആഗ്രഹം. പക്ഷേ അങ്ങനെയൊന്ന് എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിരു ന്നില്ല. ഒന്നാമതായി ‘നിന്റെ സന്തോഷത്തിനൊരു വിലങ്ങുതടി’യാവാൻ എനിക്കാഗ്രഹമു ണ്ടായിരുന്നില്ല, മറ്റെന്തിലുമെന്നപോലെ ഇതിലും; രണ്ടാമതായി, സ്വന്തം മകനിൽ നിന്ന് ഇങ്ങനെയൊരു ആരോപണം കേൾക്കാൻ എനിക്കൊട്ടുമാഗ്രഹമില്ല. അതേസമയം സ്വന്തം വികാരങ്ങളെയൊന്നും പുറത്തു കാണിക്കാതെ വിവാഹത്തിന്റെ കാര്യം നിനക്കുതന്നെ വിട്ടുത ന്നിട്ടും എന്തെങ്കിലും ഗുണമുണ്ടായോ? യാതൊന്നുമുണ്ടായില്ല. ആ വിവാഹത്തിനോടുള്ള എന്റെ ഇഷ്ടക്കേട് അതു നടത്താൻ ഒരു തടസ്സമാകുമായിരുന്നില്ല- മറിച്ച് ആ പെണ്ണിനെത്തന്നെ വിവാഹം ചെയ്യാൻ നിനക്കതൊരു അധികപ്രേരണയാവുകയേ ചെയ്യൂ; അങ്ങനെയാവുമ്പോൾ നിന്റെ ‘രക്ഷപ്പെടാനുള്ള ശ്രമം’ (അങ്ങനെയാണല്ലോ നീ പറയുക) പൂർണ്ണവുമായി. ഇനി, വിവാഹം കഴിക്കാൻ ഞാൻ സമ്മതം തന്നാൽക്കൂടി അതുകൊണ്ട് നിന്റെ കുറ്റപ്പെടുത്തൽ അവസാനിക്കുകയുമില്ല; താൻ വിവാഹം കഴിക്കാതിരിക്കാൻ ആകെയുള്ള കാരണം ഞാനാ ണെന്ന് നീ സമർത്ഥിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ. ആത്യന്തികമായി നോക്കിയാൽ മറ്റെ ന്തിലുമെന്നപോലെ ഇക്കാര്യത്തിലും നീ എനിക്കു തെളിവു നല്കിക്കഴിഞ്ഞു, എന്റെ ആരോപ ണങ്ങൾ ഓരോന്നും ന്യായമുള്ളതായിരുന്നുവെന്ന്, അക്കൂട്ടത്തിൽ പ്രത്യേകിച്ചും ന്യായീകരണ മുള്ള ഒരാരോപണം കാണാനില്ലെന്ന്, അതായത് ആത്മവഞ്ചന, കപടവിനയം, അന്യന്റെ ചോരയൂറ്റിക്കുടിക്കൽ എന്നിവയ്ക്കുള്ള നിന്റെ മിടുക്ക്. എനിക്കധികം തെറ്റു പറ്റിയിട്ടില്ലെങ്കിൽ നിന്റെ ഈ കത്തിലൂടെ നീ ഈ നിമിഷവും എന്റെ ചോരയൂറ്റിക്കുടിക്കുകയാണ്‌.‘

ഇതിനെന്റെ മറുപടി, ഈ എതിർവാദം, ഇതു ഭാഗികമായി അങ്ങയ്ക്കെതിരെയും തിരിയ്ക്കാ വുന്നതേയുള്ളു, രൂപമെടുക്കുന്നത് അങ്ങയിലല്ല, വാസ്തവത്തിൽ എന്നിലാണെന്നായിരിക്കും. മറ്റാരെക്കുറിച്ചെങ്കിലുമുള്ള അങ്ങയുടെ അവിശ്വാസം എനിക്ക് എന്നിൽത്തന്നെയുള്ള അവിശ്വാ സത്തോളം വരികയില്ല; അങ്ങാണല്ലോ അതെന്നിൽ കടത്തിവിട്ടത്. അങ്ങയുടെ എതിർവാദ ത്തിന്‌ ഒരുതരത്തിലുള്ള ന്യായീകരണമുണ്ടെന്നതു ഞാൻ നിഷേധിക്കുന്നില്ല; നമ്മൾ തമ്മിലുള്ള ബന്ധത്തിന്‌ അതു പുതിയൊരു സ്വഭാവം കൂടി നല്കുകയാണല്ലോ. സ്വാഭാവികമായും, തെളി വുകൾ എന്റെ കത്തിൽ കൃത്യമായി ഇണങ്ങിച്ചേരുന്നതുപോലെ യഥാർത്ഥജീവിതത്തിലും സംഭവിക്കണമെന്നില്ല; ജീവിതമെന്നത് ഒരു ചൈനീസ് പ്രഹേളികയൊന്നുമല്ലല്ലോ. എന്നാൽ ക്കൂടി ഈയൊരെതിർവാദത്തിൽ നിന്നു ജനിക്കുന്ന ഒരു നീക്കുപോക്കു വഴി- അതിന്റെ വിശദാം ശങ്ങൾ വിവരിക്കാനുള്ള കഴിവെനിക്കില്ല, അതിനെനിക്കാഗ്രഹവുമില്ല- എന്റെ അഭിപ്രായ ത്തിൽ സത്യത്തോടു കുറച്ചുകൂടി അടുത്തുവരുന്ന ചിലതു നമുക്കു നേടാനായെന്നുവരാം; അതു വഴി നമുക്കല്പം മനശ്ശാന്തി ലഭിച്ചുവെന്നും വരാം, നമ്മുടെ ജീവിതവും നമ്മുടെ മരണവും അല്പം കൂടി ക്ളേശരഹിതമായെന്നും വരാം.

ഫ്രാൻസ്


ദേവാലയം – ജൂതന്മാരുടെ ആരാധനാലയമായ സിനഗോഗ്

ഫ്രാന്സേന്‍സ്ബാദ് – ചെക്കോസ്ലോവാക്യയിലെ ഒരു റിസോര്‍ട്ട്; ഹെര്‍മ്മന്‍ കാഫ്കയും ജൂലി കാഫ്കയും 1919ലെ വേനല്‍ക്കാലത്ത് അവിടെയായിരുന്നു.

നമുക്കു രണ്ടാൾക്കും അതിനുള്ള പ്രായം കഴിഞ്ഞിരിക്കുന്നു- 1919 നവംബറിൽ കാഫ്കയ്ക്ക് 36 വയസ്സാണ്‌, അച്ഛന്‌ 67.

ലോവി- കാഫ്കയുടെ അമ്മയുടെ കുടുംബം

റോബര്‍ട്ട് കാഫ്ക – ഹെര്‍മ്മന്‍ കാഫ്കയുടെ സഹോദരന്‍ ഫിലിപ്പിന്റെ മകന്‍; കാഫ്ക ആരാധനയോടെ കണ്ടിരുന്നതാണ് അയാളുടെ ആരോഗ്യവും പ്രസരിപ്പും.

കാ ഹെര്‍മ്മന്‍ - കാഫ്കയുടെ സഹോദരി എല്ലിയെ വിവാഹം കഴിച്ച ബിസിനസ്സുകാരന്‍; ഊര്‍ജസ്വലനും ധൂര്ത്തനും.

ഫിലിപ്പ് അമ്മാവന്‍...- ഹെര്‍മ്മന്‍ കാഫ്കയുടെ സഹോദരന്മാര്‍; ഈ കത്തെഴുതുന്ന കാലത്ത് മൂന്നു പേരും മരിച്ചുപോയിരിക്കുന്നു.

വല്ലി – കാഫ്കയുടെ രണ്ടാമത്തെ സഹോദരി, വലേറി.

ഫെലിക്സ് – ഫെലിക്സ് ഹെര്‍മ്മന്‍, കാഫ്കയുടെ സഹോദരി, എല്ലിയുടെ മകന്‍

പെപ്പ – ജോസഫ് ഡേവിഡ്; കാഫ്കയുടെ സഹോദരി ഓട്ട്ളയെ വിവാഹം കഴിച്ചു.

ലോവി – കാഫ്ക വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന യിദ്ദിഷ് നടന്‍ ഇസാക്ക് ലോവി. അയാളെക്കുറിച്ച് അച്ഛന്‍ ഇങ്ങനെ പറഞ്ഞുവെന്ന് 1911 നവംബര്‍ 3ന്‍റെ ഡയറിയില്‍ കാഫ്ക എഴുതുന്നു: “നായയോടോത്തു കിടന്നാല്‍ ദേഹത്തു ചെള്ളുമായിട്ടെഴുന്നേല്‍ക്കാം.”

ഓട്ട്ലയുടെ സുറാവുസാഹസം -പ്രാഗിനു പുറത്തുള്ള സുറാവു എന്ന ഗ്രാമത്തിൽ ഓട്ട്ലയുടെ കൃഷി; യുദ്ധാനന്തരം വിത്തും വളവും കിട്ടാതായപ്പോൾ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

അസിക്യുരാസോണി ജനെറാലി - 1907-08ൽ കാഫ്ക ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനി.

ജിംനേഷ്യം- 1893-1901 കാലത്ത് കാഫ്ക പഠിച്ചിരുന്ന പ്രാഥമികവിദ്യാലയം

ഗെർറ്റി - കാഫ്കയുടെ സഹോദരി, എല്ലിയുടെ രണ്ടാമത്തെ കുട്ടി

ഇർമ്മ- കാഫ്കയുടെ അമ്മാവൻ ഹെയ്ൻറിച്ചിന്റെ മകൾ

താൻ മരിച്ചാലും...” - കാഫ്കയുടെ വിചാരണ എന്ന നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്‌.

പെട്ടകം- സിനഗോഗിന്റെ കിഴക്കേയറ്റത്ത് തിരശീല കൊണ്ടു മൂടിയിട്ടിരിക്കുന്ന അലമാര; ഇതിലാണ്‌ തോറ (ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ)എഴുതിയ ചുരുണകൾ സൂക്ഷിക്കുന്നത്.

തലയറ്റ പാവകൾ- തോറ എഴുതിയ ചുരുണകൾ

ബാർ മിത് സ്വ- ജൂതാചാരപ്രകാരം ആൺകുട്ടി പ്രായപൂർത്തിയെത്തുന്ന പതിമൂന്നാം വയസ്സിൽ നടത്തുന്ന ചടങ്ങ്.

ഫ്രാങ്ക്ളിന്റെ ഓർമ്മക്കുറിപ്പുകൾ- അമേരിക്കൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ ആത്മകഥ.

റിച്ചാർഡമ്മാവൻ - കാഫ്കയുടെ അമ്മാവൻ റിച്ചാർഡ് ലോവി.

No comments:

Post a Comment