കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.
എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“
സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്, നമ്മെ ലഹരി പിടിപ്പിക്കുകയാണ്: ഇതു സൗന്ദര്യമാണ്.
ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ് ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.
(from Testaments Betrayed)
No comments:
Post a Comment