Saturday, January 30, 2016

മിലൻ കുന്ദേര - നിഷ്കാസിതന്റെ പ്രണയം

tumblr_mn3wwo0P4s1r6ym6go1_500


കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്‌: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്‌. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.

എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“

സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്‌, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്‌, നമ്മെ ലഹരി പിടിപ്പിക്കുകയാണ്‌: ഇതു സൗന്ദര്യമാണ്‌.

ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ്‌ ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.

(from Testaments Betrayed)


Saturday, January 23, 2016

കാഫ്ക- പുതിയ വിളക്കുകൾ

kafka (3)

ഇന്നലെ ഞാൻ ആദ്യമായി ഡയറക്റ്റർമാരുടെ ഓഫീസിൽ പോയിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലിക്കാർ അവരുടെ ആവശ്യങ്ങളുന്നയിക്കാൻ എന്നെയാണു ചുമതലപ്പെടുത്തിയത്; വിളക്കുകളുടെ പണിയും എണ്ണവിതരണവുമൊക്കെ വളരെ അപര്യാപ്തമായിരുന്നതിനാൽ ഞാൻ അവിടെ ചെന്ന് എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തി പരിഹാരം വാങ്ങി വരണം. ഓഫീസ് ഇന്നതാണെന്ന് ആളുകൾ ചൂണ്ടിക്കാണിച്ചുതന്നു; ഞാൻ കതകിൽ മുട്ടിയിട്ട് കടന്നുചെന്നു. രക്തപ്രസാദം തീരെയില്ലാത്ത, ശോഷിച്ച ഒരു ചെറുപ്പക്കാരൻ വലിയൊരു മേശയ്ക്കു പിന്നിലിരുന്ന് എന്നെ നോക്കിയൊന്നു മന്ദഹസിച്ചു. അയാൾക്കു തലയനക്കം അല്പം കൂടുതലാണ്‌, ശരിക്കും കൂടുതലാണെന്നും പറയണം. എനിക്കിരിക്കാമോ എന്നു തീർച്ചയാക്കാൻ എനിക്കായില്ല; അടുത്ത് ഒഴിഞ്ഞൊരു കസേരയുണ്ടായിട്ടും, ആദ്യം ചെല്ലുമ്പോൾത്തന്നെ കയറിയിരിക്കുന്നത് ഉചിതമാവില്ല എന്ന വിചാരത്താൽ നിന്നുകൊണ്ടു തന്നെയാണ്‌ ഞാൻ കാര്യം മുഴുവൻ അവതരിപ്പിച്ചത്. പക്ഷേ എന്റെ ഈ എളിമകാട്ടൽ തന്നെ ചെറുപ്പക്കാരനെന്തോ മനക്ളേശമുണ്ടാക്കുന്നുണ്ടെന്നത് ഇടയ്ക്കിടെ അയാൾ മുഖം തിരിക്കുന്നതും പിന്നെ എന്റെ നേരെ നോക്കുന്നതും കണ്ടാൽ  വ്യക്തമായിരുന്നു; അല്ലെങ്കിൽപ്പിന്നെ അയാൾ കസേര നേരെ തിരിച്ചിടണം, അതിനയാൾ തയ്യാറുമല്ല. അതേസമയം അത്രയും നേരം ദൂരെ നോക്കിയും കൊണ്ടിരിക്കാൻ, എത്ര മനഃപൂർവം ശ്രമിച്ചിട്ടും അയാൾക്കു കഴിയുന്നുമില്ല; അതിനാൽ പാതിയ്ക്കു വച്ചു മുഖം തിരിച്ചിട്ട് മച്ചിന്മേൽ ഏറുകണ്ണിട്ടു നോക്കുകയുമാണയാൾ; അതു കണ്ടിട്ട് എനിക്കും അങ്ങോട്ടൊന്നു നോക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ അയാൾ സാവധാനം എഴുന്നേറ്റ് എന്റെ മുതുകത്ത് ഒന്നു തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ശരി, ശരി- ശരി, ശരി’; എന്നിട്ടയാൾ എന്നെ അടുത്തൊരു മുറിയിലേക്കു തള്ളിക്കൊണ്ടുപോയി. കാടു പിടിച്ച താടിയുമായി ഒരു മാന്യദേഹം ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്ന പോലെ ( പണി ബാക്കിയുള്ളതിന്റെ ഒരു സൂചനയും മേശപ്പുറത്തു കാണാനില്ല) അവിടെ ഇരിപ്പുണ്ട്; നിറയെ പൂക്കളും ചെടികളുമുള്ള ഒരു കൊച്ചു പൂന്തോട്ടത്തിലേക്കു തുറക്കുന്ന ഒരു ചില്ലുജാലകവും കാണാനുണ്ട്. ചെറുപ്പക്കാരൻ പിറുപിറുത്ത ചുരുക്കം വാക്കുകൾ മതിയായിരുന്നു ആ മാന്യദേഹത്തിന്‌ ഞങ്ങളുടെ വിവിധങ്ങളായ പരാതികൾ പിടികിട്ടാൻ. പെട്ടെന്നെഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അപ്പോൾ, എന്റെ-’, അദ്ദേഹം ഒന്നു നിർത്തി; എന്റെ പേരറിയണമെന്നുണ്ടാവും എന്നെനിക്കു ചിന്ത പോയിട്ട് സ്വയം പരിചയപ്പെടുത്താൻ ഞാൻ വായ തുറക്കുമ്പോഴേക്കും അദ്ദേഹം ഇടയ്ക്കു കയറി ഇങ്ങനെ പറഞ്ഞു:‘ അതെയതെ, അതൊക്കെ ശരി തന്നെ, എനിക്കു നിങ്ങളുടെ കാര്യമൊക്കെ അറിയാം- നിങ്ങളുടെ അപേക്ഷ, അല്ലെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരുടെയും നിങ്ങളുടെയും അപേക്ഷ, തീർത്തും ന്യായം തന്നെ.ഞാനും ഡയറക്റ്റർ ബോർഡിലെ മറ്റംഗങ്ങളും അതു കാണാതെ പോവുക എന്നതുണ്ടാവില്ല. സ്ഥാപനത്തെക്കാൾ ഞങ്ങളുടെ ജോലിക്കാർക്കാണ്‌ ഞങ്ങൾ ഹൃദയത്തിൽ ഇടം കൊടുക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങളതു വിശ്വസിക്കണം. അങ്ങനെയല്ലേ വേണ്ടതും? ഒരു സ്ഥാപനം പിന്നെയും കെട്ടിപ്പൊക്കാവുന്നതേയുള്ളു; അതിനു പണച്ചിലവേ വരുന്നുള്ളു; പണം പോയിത്തുലയട്ടെ, ഒരു മനുഷ്യജീവൻ പൊലിഞ്ഞാൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞതു തന്നെ; പിന്നെ നമുക്കു ബാക്കിയാവുന്നത് ഒരു വിധവയും കുട്ടികളുമാണ്‌. ഹാ! അതു കൊണ്ടല്ലേ, പുതിയ സുരക്ഷാ ഏർപ്പാടുകളെക്കുറിച്ചും, ദുരിതാശ്വാസത്തെക്കുറിച്ചും, സുഖസൗകര്യങ്ങളെക്കുറിച്ചുമുള്ള ഏതൊരു നിർദ്ദേശത്തെയും ഞങ്ങൾ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നതും! അങ്ങനെയൊരു നിർദ്ദേശവുമായി മുന്നോട്ടുവരുന്ന ഏതൊരാളും ഞങ്ങളുടെ സ്വന്തമാളു തന്നെ. അതിനാൽ നിർദ്ദേശങ്ങൾ നിങ്ങൾ ഞങ്ങളെ ഏല്പിച്ചിട്ടു പോവുക; ഞങ്ങൾ അതു സൂക്ഷ്മപരിശോധന ചെയ്യട്ടെ; സമർത്ഥമായ ചെറിയൊരു പുതുമ കൂട്ടിച്ചേർക്കാൻ അതിനായെന്നു വരികിൽ ഒരിക്കലും ഞങ്ങളതു മറച്ചുവയ്ക്കാൻ പോകുന്നില്ല; എല്ലാം പൂർത്തിയായിക്കഴിഞ്ഞാലുടൻ നിങ്ങളുടെ കൂട്ടർക്ക് പുത്തൻ വിളക്കുകൾ കിട്ടുന്നതുമാണ്‌. ഒപ്പം താഴെയുള്ള സഹപ്രവർത്തകരോട് ഇതുകൂടി പറഞ്ഞേക്കൂ: നിങ്ങളുടെ ഖനിയ്ക്കുൾവശം ഒരു സ്വീകരണമുറിയാക്കി മാറ്റിയാലല്ലാതെ ഞങ്ങൾക്കു വിശ്രമമില്ല; ഒന്നാന്തരം തുകലു കൊണ്ടുള്ള ചെരുപ്പുകളും ധരിച്ചുകൊണ്ടാവും അവിടെ നിങ്ങളുടെ അന്ത്യമുണ്ടാവുക എന്നത് ഞങ്ങൾ ഉറപ്പു വരുത്തിയിരിക്കും; അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടാവുകയുമില്ല. എന്നാൽപ്പിന്നെ, നമുക്കു കാണാം!‘


Friday, January 22, 2016

കാഫ്ക - ദമ്പതിമാർ

fk_doodle_sittingകാഫ്കയുടെ ഒരു സ്കെച്ച്

ബിസിനസ് പൊതുവേ അത്രയ്ക്കു മോശമായതു കാരണം ഓഫീസിലെ ജോലി കഴിഞ്ഞു സമയം കിട്ടിയാൽ ഞാൻ തന്നെ സാമ്പിളുകളുമെടുത്ത് ഇടപാടുകാരെ ചെന്നുകാണാൻ പോകും. പലതിന്റെയും കൂട്ടത്തിൽ കെ.യെ ഒന്നു കാണാൻ പോകണമെന്ന് കുറേ നാളായി ഞാൻ വിചാരിക്കുന്നു; അദ്ദേഹം എന്റെ ഒരു സ്ഥിരം കക്ഷിയായിരുന്ന ആളാണ്‌; പക്ഷേ എനിക്കറിയാത്ത എന്തു കാരണം കൊണ്ടോ കഴിഞ്ഞ ഒരു കൊല്ലമായി ആ ബന്ധം പാടേ നിലച്ചിരിക്കുന്നു. ഈ തരം ഇടർച്ചകൾക്ക് കൃത്യമായിട്ടൊരു കാരണം വേണമെന്നില്ല എന്നതാണു പരമാർഥം; ഒന്നിനും തീർച്ചയില്ലാത്ത ഇപ്പോഴത്തേതുമാതിരി കാലമാണെങ്കിൽ എത്രയും നിസ്സാരമായ എന്തെങ്കിലുമൊന്നു മതി, മനോഭാവം ഒന്നു മാറിയാൽ മതി, കാര്യങ്ങൾ തകിടം മറിയാൻ; അത്രയും നിസ്സാരമായ മറ്റൊരു കാരണം, ഒരു വാക്കു മതി, സകലതും പൂർവസ്ഥിതിയിൽ തിരിച്ചെത്തിക്കാനും. പക്ഷേ കെ.യുടെ മുന്നിൽ എത്തിപ്പെടുക എന്നത് അല്പം വിഷമം പിടിച്ച കാര്യമാണ്‌; ആൾ നല്ല പ്രായമായിരിക്കുന്നു, ആരോഗ്യവും അടുത്ത കാലത്തായി വളരെ മോശമാണ്‌; ബിസിനസ്സിന്റെ കടിഞ്ഞാൺ ഇപ്പോഴും സ്വന്തം കൈകളിൽത്തന്നെയാണെങ്കിലും ഓഫീസിൽ കാണുക ചുരുക്കം; ആളോടു സംസാരിക്കണമെങ്കിൽ വീട്ടിൽ പോയി കാണേണ്ടിവരും; അങ്ങനെയൊരു ബിസിനസ് സന്ദർശനം മാറ്റിവയ്ക്കാൻ നിങ്ങൾക്കു സന്തോഷമേയുണ്ടാവു.

ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ ഞാനെന്തായാലും ഇറങ്ങിപ്പുറപ്പെട്ടു; മനുഷ്യരെ ചെന്നുകാണാൻ പറ്റിയ നേരമല്ല അതെന്നതു ശരിതന്നെ; പക്ഷേ എന്റേതു വ്യക്തിപരമായ സന്ദർശനമൊന്നുമല്ലോ, ബിസിനസ് കാര്യമാണത്. എന്റെ ഭാഗ്യത്തിന്‌ കെ. വീട്ടിൽത്തന്നെയുണ്ടായിരുന്നു; ഭാര്യയുമൊത്ത് പുറത്തുപോയിട്ട് അപ്പോൾത്തന്നെ കയറിവന്നിട്ടേയുള്ളുവെന്നും സുഖമില്ലാതെ കിടക്കുന്ന മകന്റെ മുറിയിലാണവരിപ്പോഴെന്നും ഹാളിൽ വച്ച് എനിക്കറിവു കിട്ടി; അവരെ അവിടെച്ചെന്നു കാണാൻ എന്നോടു പറഞ്ഞു; എനിക്കാദ്യമൊരു മടി തോന്നി; അപ്പോഴേക്കും പക്ഷേ, എനിക്കത്ര ഹിതകരമല്ലാത്ത ഈ സന്ദർശനം എത്രയും വേഗം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്ന ആഗ്രഹം മേൽക്കൈ നേടുകയും, ഓവർക്കോട്ടും തൊപ്പിയും സാമ്പിളുകളുടെ പെട്ടിയുമൊക്കെയായി ഇരുട്ടടച്ച ഒരു മുറിയും കടന്ന് അധികം വെളിച്ചമില്ലാത്ത മറ്റൊരു മുറിയിൽ ഞാൻ ചെന്നെത്തുകയും ചെയ്തു; ചെറിയൊരു സംഘം അവിടെ കൂടിയിരിക്കുന്നു.

സഹജവാസന കൊണ്ടാവാം, എന്റെ നോട്ടം ആദ്യം ചെന്നു വീണത് എനിക്കു നല്ല പരിചയമുള്ള ഒരു സെയിൽസ് ഏജന്റിന്റെ മേലാണ്‌; ഒരു വിധത്തിൽ എന്റെ പ്രതിയോഗി കൂടിയാണയാൾ. അപ്പോൾ എന്നെക്കാൾ മുമ്പേ അയാളിവിടെ നുഴഞ്ഞുകയറിയിരിക്കുന്നു. രോഗിയുടെ കട്ടിലിനു തൊട്ടരികിൽ താനാണു ഡോക്ടറെന്ന മട്ടിൽ സുഖം പറ്റിയിരിക്കുകയാണയാൾ; ബട്ടണുകൾ തുറന്നിട്ട സുന്ദരൻ ഓവർക്കോട്ട് ചുറ്റിനും പറത്തിവിട്ട് പ്രതാപത്തോടിരിക്കുകയാണയാൾ; എതിരില്ലാത്തതു തന്നെ അയാളുടെ ആ ഔദ്ധത്യം; പനിച്ചുചുവന്ന കവിളുകളുമായി അങ്ങനെ കിടന്ന് ഇടയ്ക്കിടെ അയാളെ നോക്കുമ്പോൾ രോഗിയുടെ മനസ്സിലും ഇതുമാതിരി ഒരു ചിന്തയായിരുന്നിരിക്കണം. കെ.യുടെ മകൻ, അയാളും ചെറുപ്പം വിട്ടിരിക്കുന്നു; അസുഖം കാരണമാവാം, ഒതുക്കാതെ വിട്ട കുറ്റിത്താടിയും വച്ച് എന്റെ പ്രായം വരുന്ന ഒരാൾ. അച്ഛൻ കെ. ഉയരം കൂടി, ചുമലുവിരിവുള്ള ഒരു മനുഷ്യൻ- വിട്ടുമാറാത്ത രോഗം കാരണം ആളാകെ ക്ഷയിച്ച് കുനിഞ്ഞും വേയ്ച്ചും നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി- വന്നുകയറിയപാടേ രോമക്കോട്ടുമിട്ടുകൊണ്ടുതന്നെ മകനോടെന്തോ പിറുപിറുക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ, ഉയരം കുറഞ്ഞ്, ദുർബലയായ ഒരു സ്ത്രീ നല്ല ചുറുചുറുക്കോടെ- അതുപക്ഷേ തന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രമേയുള്ളു, മറ്റുള്ളവരെ അവർ കണക്കിലെടുത്തിട്ടുതന്നെയില്ല- കോട്ടൂരാൻ അദ്ദേഹത്തെ സഹായിക്കുന്നതിൽ വ്യാപൃതയാണ്‌; അവർ തമ്മിൽ ഉയരത്തിലുള്ള കാര്യമായ അന്തരം കാരണം നന്നായി ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവർ വിജയം കണ്ടു. യഥാർഥത്തിൽ ബുദ്ധിമുട്ടായത് കെ.യുടെ അക്ഷമയാണെന്നും ശരിക്കു വേണമെങ്കിൽ പറയാം. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിർത്തില്ലാതെ ചാരുകസേര പരതുകയായിരുന്നല്ലോ അദ്ദേഹം; കോട്ടൂരിക്കഴിഞ്ഞയുടനെ ഭാര്യ അതദ്ദേഹത്തിനു മുന്നിലേക്ക് നിരക്കിയിട്ടു കൊടുത്തു. പിന്നെ അവർ രോമക്കോട്ടുമെടുത്ത് അതിൽ സ്വയം മറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു.

എനിക്കു തോന്നി, ഒടുവിലിതാ എന്റെ അവസരമെത്തിയിക്കുന്നു; അവസരമെത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു ചുറ്റുപാടിൽ അതൊരിക്കലുമെത്താൻ പോകുന്നില്ലെന്നുമാണ്‌ എനിക്കു തോന്നിയതെന്നു പറയുന്നതാവും ശരി; അതേസമയം എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശ്യം എനിക്കുണ്ടെങ്കിൽ അതിപ്പോൾത്തന്നെ വേണം താനും; കാരണം സമയം പോകുംതോറും ഒരു ബിസിനസ് കൂടിക്കാഴ്ചയ്ക്കനുകൂലമല്ലാത്ത സ്ഥിതിയാവും ഉണ്ടാവാൻ പോവുക; അനന്തകാലത്തോളം ഇവിടെ കുറ്റിയടിച്ചിരിക്കുക എന്നത്, ഏജന്റിന്റെ ഇരുപ്പു കണ്ടിട്ട് അയാൾ അതാണു ചെയ്യാൻ പോകുന്നതെന്നു തോന്നുന്നു, എന്റെ രീതിയല്ല; തന്നെയുമല്ല, ഞാനയാളെ ഗൗനിക്കാനും പോകുന്നില്ല. അതിനാൽ കൂടുതൽ ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ, മകനുമായിട്ടൊന്നുരണ്ടു വാക്കു പറയാൻ കെ.യ്ക്ക് ഒരാഗ്രഹമുണ്ടെന്നു മനസ്സിലായിട്ടുകൂടി, ഞാനെന്റെ ബിസിനസ്സിന്റെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. ദൗർഭാഗ്യത്തിന്‌ എനിക്കൊരു ശീലമുണ്ടായിരുന്നു, പറഞ്ഞുപറഞ്ഞ് ആവേശം കയറിയാൽ- പെട്ടെന്നാവും അതു സംഭവിക്കുക, രോഗി കിടക്കുന്ന ഈ മുറിയിലാവട്ടെ, അതു വളരെപ്പെട്ടെന്നു സംഭവിക്കുകയും ചെയ്തു- ഞാൻ എഴുന്നേറ്റ് നടന്നുകൊണ്ടു സംസാരിക്കും. സ്വന്തം ഓഫീസിൽ തെറ്റു പറയാനില്ലാത്തൊരു ചിട്ടയാണതെങ്കിലും ഒരന്യഗൃഹത്തിലാവുമ്പോൾ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ അത്. എനിക്കു പക്ഷേ സ്വയം നിയന്ത്രിക്കാനായില്ല, എന്റെ പതിവു സിഗരറ്റു കിട്ടാത്തതിനാൽ പ്രത്യേകിച്ചും. പിന്നെ, എല്ലാ മനുഷ്യർക്കുമുള്ളതാണല്ലോ എന്തെങ്കിലുമൊരു ദുശ്ശീലം; ആ ഏജന്റിന്റെ കാര്യം വച്ചു നോക്കുമ്പോൾ എനിക്കു വലിയ നാണക്കേടു തോന്നേണ്ട കാര്യവുമില്ല. ഉദാഹരണത്തിന്‌ അയാളുടെ ഈ പെരുമാറ്റത്തെക്കുറിച്ചെന്തു പറയണം: തന്റെ കാൽമുട്ടിൽ വച്ചിരിക്കുകയാണ്‌ അയാൾ തന്റെ തൊപ്പി; ഇടയ്ക്കിടെ അയാൾ അതു പിടിച്ചു ഞെക്കുന്നുമുണ്ട്; പിന്നെക്കാണാം, പെട്ടെന്നതെടുത്ത് തന്റെ തലയിൽ വെച്ചമർത്തുകയാണയാൾ; അടുത്ത നിമിഷം അയാൾ അതൂരുന്നുണ്ടെന്നതു ശരിതന്നെ; എന്നാൽക്കൂടി ഒന്നുരണ്ടു സെക്കന്റു നേരത്തേക്ക് അതയാളുടെ തലയിലിരിക്കുന്നുണ്ട്; ഈ നാടകം ഇടയ്ക്കിടെ അയാൾ ആവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റത്തെ മാപ്പർഹിക്കാത്തതെന്നു തന്നെ പറയണം. എനിക്കതു പക്ഷേ ഒരു മനശ്ശല്യമല്ല; എന്റെ ബിസിനസ്സിന്റെ സംഗതികൾ മാത്രമേ എന്റെ മനസ്സിലുള്ളു; ഞാനയാളെ പൂർണ്ണമായും അവഗണിക്കുകയാണ്‌. പക്ഷേ തൊപ്പി കൊണ്ടുള്ള ഈ വിദ്യയിൽ പതറിവീഴുന്ന ചില മനുഷ്യരുണ്ട്. എന്റെ കാര്യമാണെങ്കിൽ, ആവേശത്തിൽപ്പെട്ടുപോയാൽ ഇത്തരം മനശ്ശല്യങ്ങളെ മാത്രമല്ല, സകലരെയും ഞാൻ മറന്നുകളയും; നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്; പക്ഷേ എനിക്കു പറയാനുള്ളതു മുഴുവൻ പറഞ്ഞു കഴിഞ്ഞാലല്ലാതെ, അതുമല്ലെങ്കിൽ എന്തെങ്കിലുമൊരു തടസ്സവാദം ഉയർന്നാലല്ലാതെ, ഞാനൊന്നിനെയും എന്റെ ബോധത്തിലേക്കു പ്രവേശിപ്പിക്കാറില്ല. പറയുന്നതു കേൾക്കാൻ ഒട്ടും അനുകൂലമല്ലാത്ത മനഃസ്ഥിതിയിലാണു കെ. എന്നു ഞാൻ നല്ലവണ്ണം ശ്രദ്ധിച്ചതാണ്‌; ഇരിക്കുന്ന കസേരയുടെ കൈകളിൽ പിടിച്ചുകൊണ്ട് ഞെളിപിരി കൊള്ളുകയാണദ്ദേഹം; എന്നെ മുഖമുയർത്തി ഒന്നു നോക്കുക കൂടിച്ചെയ്യാതെ എന്തോ തിരയുന്ന പോലെ ശൂന്യതയിലേക്ക് ഒഴിഞ്ഞ നോട്ടവുമെറിഞ്ഞിരിക്കുകയാണാൾ; ആ മുഖത്തെ നിർവികാരത കണ്ടാൽ ഞാൻ പറഞ്ഞതിൽ ഒരക്ഷരം പോലും, എന്തിന്‌ എന്റെ സാനിദ്ധ്യത്തെക്കുറിച്ചുള്ള ബോധം പോലും അദ്ദേഹത്തിലേക്കെത്തിയിട്ടില്ലെന്ന് ആരും കരുതിപ്പോകും. രോഗം പിടിച്ചപോലുള്ള ആ പടുതി, എന്നെ സംബന്ധിച്ചിടത്തോളം അശുഭസൂചകമയിരുന്നു അതെങ്കിൽക്കൂടി, അഹിതമായിട്ടെടുക്കാൻ പോയില്ല ഞാൻ; പക്ഷേ സംസാരം നിർത്താൻ പോയില്ല ഞാൻ; എന്റെ വാക്കുകൾ കൊണ്ട്, വാഗ്ദാനം ചെയ്യുന്ന ഇളവുകൾ കൊണ്ട്- എന്റെ വാഗ്ദാനങ്ങൾ കേട്ട് ഞാൻ തന്നെ വിരണ്ടുപോയി, ആരും ആവശ്യപ്പെടാത്ത വാഗ്ദാനങ്ങൾ- എല്ലാം പൂർവസ്ഥിതിയിലാക്കാമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്ന പോലെയായിരുന്നു. ഇടയ്ക്കു വെറുതേയൊന്നു കണ്ണോടിച്ചപ്പോൾ ആ ഏജന്റ് തന്റെ തൊപ്പിയെ വെറുതെ വിട്ടിട്ട് മാറത്തു കൈയും പിണച്ചിരിക്കുന്നതാണു ഞാൻ കണ്ടത്; അതെനിക്കൊരുതരം സംതൃപ്തി നല്കുകയും ചെയ്തു. എന്റെ പ്രഭാഷണം, അതയാളെക്കൂടി ഉദ്ദേശിച്ചുള്ളതായൊരുന്നുവെന്നു സമ്മതിക്കണമല്ലോ, അയാളുടെ പ്ളാനുകൾക്കു കനത്തൊരടിയായെന്നു തോന്നുന്നു. ആ വിജയം നല്കിയ ഊറ്റത്തിൽ ഞാൻ കുറേനേരം കൂടി സംസാരം തുടർന്നേനെ; അപ്പോഴാണ്‌ എന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും അഗണ്യമായൊരു രൂപമായി ഞാൻ വച്ചിരുന്ന മകൻ കിടക്കയിൽ വിഷമിച്ചെഴുന്നേറ്റിരിക്കുന്നതും മുഷ്ടി വിറപ്പിച്ചുകൊണ്ട് എനിക്കു തടയിടുന്നതും. എന്തോ പറയാനാണ്‌, എന്തോ ചൂണ്ടിക്കാട്ടാനാണ്‌ അയാൾ ശ്രമിക്കുന്നതെങ്കിൽക്കൂടി അതിനുള്ള ത്രാണി അയാൾക്കു കിട്ടുന്നില്ല. അതയാളുടെ മനസ്സിന്റെ സഞ്ചാരം കൊണ്ടാണെന്നു ഞാൻ ആദ്യം കരുതിയെങ്കിലും വെറുതെയൊന്നു കെ.യെ നോക്കിയപ്പോൾ അതല്ല കാര്യമെന്ന് എനിക്കു ബോധ്യമായി.

മങ്ങിയ കണ്ണുകൾ മലർക്കെത്തുറന്നു വച്ചിരിക്കുകയാണ്‌ കെ, അവിടെ; അവയിലെ വെളിച്ചം അപ്പോൾ കെടുമെന്നു തോന്നി; ആരോ തന്നെ പിടിച്ചു വച്ചിരിക്കുന്ന പോലെയോ, ആരോ തന്റെ തോളത്തു തട്ടുന്ന പോലെയോ മുന്നിലേക്കി ചാഞ്ഞിരുന്നു വിറയ്ക്കുകയുമാണയാൾ; അയാളുടെ കീഴ്ച്ചുണ്ട്, മോണ വെളിയ്ക്കു കാണുന്ന രീതിയിൽ കീഴ്ത്താടി അങ്ങനെതന്നെ, നിസ്സഹായമായി തൂങ്ങിക്കിടക്കുകയാണ്‌; അയാളുടെ മുഖമപ്പാടെ  നിർജ്ജീവമായിരിക്കുന്നു; ശ്വാസമെടുക്കുന്നുണ്ടെങ്കിലും വിഷമിച്ചാണത്; എന്നിട്ടയാൾ പിടി വിട്ടപോലെ കസേരയുടെ പിന്നിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു; ഏതോ തീവ്രവേദനയുടെ ഒരു ഭാവം മുഖം കടന്നുപോയി; അതോടെ എല്ലാം കഴിയുകയും ചെയ്തു. ഒറ്റക്കുതിപ്പിന്‌ ഞാൻ അയാളുടെ അടുത്തെത്തി ജീവനറ്റു തണുത്ത ആ കൈയിൽ കടന്നുപിടിച്ചു; ഒരു നാഡിമിടിപ്പുമില്ല. അങ്ങനെ അതു കഴിഞ്ഞു. ഹാ, പോട്ടെ, ആൾക്കെന്തായാലും നല്ല പ്രായമായിരിക്കുന്നു. ഇങ്ങനെയൊരു സുഖമരണം ലഭിക്കാനുള്ള ഭാഗ്യം എല്ലാവർക്കുമുണ്ടാവട്ടെ എന്നു നമുക്കാശിക്കുക. പക്ഷേ എന്തൊക്കെ ഇനി ബാക്കി ചെയ്യാൻ കിടക്കുന്നു! ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടതെന്താണ്‌? ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി; പക്ഷേ മകൻ തലയ്ക്കു മീതേ കൂടി വിരിപ്പുകൾ വലിച്ചിട്ടു കഴിഞ്ഞു; നിയന്ത്രണം വിട്ടുള്ള ഏങ്ങലടികൾ കേൾക്കാം; പച്ചമീൻ പോലെ തണുത്ത ഏജന്റാവട്ടെ, കെ.യിൽ നിന്നു രണ്ടു ചുവടു മാത്രമകലെ കസേരയിൽ കനപ്പിച്ചിരിക്കുകയുമാണ്‌; വരാനുള്ളതു വരട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണയാൾ എന്നു വ്യക്തം; അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഞാനേയുള്ളു എന്ന സ്ഥിതിയായിരിക്കുന്നു; അതിൽ ആദ്യത്തേതു തന്നെ ഏറ്റവും ദുഷ്കരവും: താങ്ങാവുന്ന ഒരു രൂപത്തിൽ, എന്നുവച്ചാൽ കണ്ടുപിടിച്ചെടുക്കേണ്ട ഒരു രൂപത്തിൽ, ഭാര്യയെ വിവരം ധരിപ്പിക്കുക. അടുത്ത മുറിയിൽ നിന്ന് അവർ വ്യഗ്രതയോടെ നടന്നടുക്കുന്നത് എന്റെ കാതിൽ വീഴുകയും ചെയ്യുന്നു.

പുറത്തു പോയ അതേ വേഷം ധരിച്ചുകൊണ്ടു തന്നെ- വേഷം മാറ്റാനുള്ള നേരം തന്നെ അവർക്കു കിട്ടിയിട്ടില്ല- സ്റ്റൗവിൽ കാട്ടി ചൂടു പിടിപ്പിച്ച ഒരു ഷർട്ട് അവർ എടുത്തുകൊണ്ടു വന്നിരിക്കുന്നു; അതു ഭർത്താവിനെ ഇടീക്കാൻ നോക്കുകയാണവർ. ‘ആളുറക്കമായി,’ എന്ന് ഒരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടു പറയുമ്പോഴാണ്‌  ഞങ്ങൾ ഒരനക്കവുമില്ലാതെ ഇരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.അല്പം മുമ്പു മാത്രം ഞാൻ അത്ര അറപ്പോടും പേടിയോടും കൂടെ കൈയിലെടുത്ത ആ കൈ  നിഷ്കളങ്കർക്കു മാത്രമുള്ള അതിരറ്റ ആ വിശ്വാസത്തോടെ അവർ കടന്നുപിടിച്ച് കളിയായിട്ടൊന്നു ചുംബിച്ചു; അപ്പോഴതാ - ഞങ്ങൾ മൂന്നു പേരുടെയും മുഖങ്ങൾ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! - കെ.യ്ക്ക് അനക്കം വയ്ക്കുന്നു; ഉച്ചത്തിൽ കോട്ടുവായിട്ടുകൊണ്ട് ഷർട്ടിടാൻ ഇരുന്നുകൊടുക്കുന്നു; അത്രയും നീണ്ടൊരു നടത്തയ്ക്കു പോയി സ്വയം ആയാസപ്പെടുത്തിയതിന്‌ ഭാര്യയുടെ സ്നേഹമസൃണമായ ശകാരം പാതി മുഷിഞ്ഞതും പാതി ഒളിപ്പിച്ചതുമായ ഒരു ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു; താൻ ഉറങ്ങിപ്പോയതിനുള്ള വിശദീകരണമായി, എന്തോ മടുപ്പിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള മറുപടിയും കൊടുക്കുന്നു. എന്നിട്ടു പിന്നെ, അടുത്ത മുറിയിലേക്കു പോകുന്ന വഴി തണുപ്പടിച്ചാലോ എന്നു കരുതി തല്ക്കാലത്തേക്കയാൾ മകന്റെ കിടക്കയിൽത്തന്നെ ചെന്നു കിടക്കുകയുമാണ്‌; ഭാര്യ ധൃതിയിൽ മകന്റെ കാലിനരികിൽ കൊണ്ടുവച്ചുകൊടുത്ത രണ്ടു കുഷനുകൾ അയാൾക്കു തലയിണയുമായി. ഇതേവരെ കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോൾ അതിൽ വിചിത്രമായിട്ടൊന്നും ഞാൻ കണ്ടതുമില്ല. പിന്നെ അയാൾ സായാഹ്നപത്രം കൊണ്ടുവരാൻ പറഞ്ഞു; തന്നെ കാണാൻ വന്നവരെക്കുറിച്ച് ഒരു വിചാരവുമില്ലാതെ അയാൾ അതെടുത്തു നിവർത്തി; അയാൾ അതു വായിക്കാനൊന്നും പോകാതെ അവിടെയുമിവിടെയുമൊക്കെ ഒന്നോടിച്ചുനോക്കുന്നതേയുള്ളു; അതിനിടയിൽ ഞങ്ങൾ മുന്നോട്ടുവച്ച ഓഫറുകളെക്കുറിച്ച് ഒട്ടും സുഖമില്ലാത പലതരം നിരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്; അമ്പരപ്പിക്കുന്ന കൗശലം പ്രകടമാക്കുന്ന നിരീക്ഷണങ്ങൾ; ഈ സമയത്തൊക്കെ മറ്റേക്കൈ കൊണ്ട് ആക്ഷേപിക്കുന്ന ചില ചേഷ്ടകളും കാണിക്കുകയാണയാൾ; നാവു നൊട്ടിക്കൊണ്ട് അയാൾ പറയാതെ പറയുകയാണ്‌, ഞങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ കൊണ്ട് അയാളുടെ വായ വല്ലാതെ കയ്ച്ചിരിക്കുന്നുവെന്ന്. ഏജന്റിന്‌ അസ്ഥാനത്തുള്ള ചില അഭിപ്രായങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല; ഈ കഴിഞ്ഞതിനൊക്കെ ഒരു പരിഹാരം വേണമെന്ന് തന്റേതായ വികാരശൂന്യമായ രീതിയിൽ അയാൾക്കും തോന്നിയിട്ടുണ്ടാവണം; എന്നാൽ അതു നേടിയെടുക്കാൻ ഏറ്റവും മോശമായ വഴിയേ അയാൾ തിരഞ്ഞെടുക്കൂ എന്നതിൽ സംശയിക്കാനുമില്ല. ഞാൻ പെട്ടെന്നു തന്നെ യാത്ര പറഞ്ഞിറങ്ങി. അതിന്‌ ഞാൻ ആ ഏജന്റിനോട് നന്ദിയുള്ളവനാണെന്നു തന്നെ പറയണം; അയാൾ ഇല്ലായിരുന്നുവെങ്കിൽ അത്ര വേഗം ഇറങ്ങിപ്പോരാനുള്ള തീരുമാനമെടുക്കാൻ എനിക്കു കഴിഞ്ഞേക്കണമെന്നില്ല.

ഹാളിൽ വച്ച് ഞാൻ ഫ്രൗ.കെ.യെ വീണ്ടും കണ്ടു. അവരുടെ ദൈന്യരൂപം കണ്ടപ്പോൾ അവരെന്റെ അമ്മയെ ചെറുതായിട്ടൊന്നോർമ്മിപ്പിക്കുന്നുവെന്ന് ഞാൻ അറിയാതൊന്നു പറഞ്ഞുപോയി. അവർ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ ആളുകളെന്തു പറഞ്ഞാലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവരായിരുന്നു അവർ. ഞങ്ങൾ നശിപ്പിക്കുന്നതൊക്കെ അവർ നേരെയാക്കിയിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ എനിക്കമ്മയെ നഷ്ടമായി.’അവർക്കു ചെവി പതുക്കെയാണെന്നു ഞാൻ സംശയിച്ചതിനാൽ വളരെ സാവധാനത്തിലും തെളിച്ചുമാണ്‌ ഞാൻ അത്രയും പറഞ്ഞത്. പക്ഷേ അവർക്കു ചെവി കേൾക്കില്ലെന്നു തോന്നി; കാരണം, ഭാവഭേദമില്ലാതെ അവർ ചോദിച്ചതിതാണ്‌: ‘എന്റെ ഭർത്താവിനെ കണ്ടിട്ടെന്തു തോന്നി?’ പിരിയുമ്പോൾ പറഞ്ഞ ചില വാക്കുകളിൽ നിന്ന് ഞാൻ ശ്രദ്ധിക്കുകയും ചെയ്തു, ഞാനും ആ ഏജന്റും തമ്മിൽ അവർക്കു പിശകിപ്പോയിരിക്കുന്നുവെന്ന്; അല്ലെങ്കിൽ അവർ കുറച്ചുകൂടി തുറന്നു സംസാരിച്ചേനേ എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

എന്നിട്ടു ഞാൻ പടിയിറങ്ങി. ഇറക്കം കയറ്റത്തേക്കാൾ ആയാസകരമായിരുന്നു; അതുതന്നെ അത്ര എളുപ്പവുമായിരുന്നില്ലല്ലോ. ഹാ, എത്ര ബിസിനസ് സന്ദർശനങ്ങൾ വിഫലമായിപ്പോയിരിക്കുന്നു; പക്ഷേ ഏന്തിവലിഞ്ഞു പോകാതിരിക്കാനുമാവില്ല നിങ്ങൾക്ക്.

(1922)


Kafka - The Married Couple

Tuesday, January 19, 2016

ഗുസ്താവ് യനൌഖ് - കാഫ്കയുമായി നടത്തിയ സംഭാഷണങ്ങള്‍

download (1)


മിശിഹായെ തിരിച്ചറിയാൻ കഴിയാതെ പോയതാണ്‌ ജൂതന്മാർക്കു പറ്റിയ വലിയ പിഴയെന്ന് ലിയോൺ ബ്ളോയെ ഉദ്ധരിച്ച് ഗുസ്താവ് യനൌഖ് പറഞ്ഞപ്പോൾ കാഫ്കയുടെ മറുപടി ഇതായിരുന്നു: അതു ശരിയാവാം. അവർക്കു മിശിഹായെ തിരിച്ചറിയാൻ പറ്റാതെ വന്നിരിയ്ക്കാം. പക്ഷേ തന്റെ സൃഷ്ടികൾ തന്നെ തിരിച്ചറിയരുതെന്നു വരുത്തുന്ന ഒരു ദൈവം എത്ര ക്രൂരനാണ്‌! അതേസമയം, തന്റെ കുട്ടികൾക്ക് ബുദ്ധിയോ, വാക്കോ ഉറയ്ക്കാത്ത പ്രായത്തിൽത്തന്നെ ഒരച്ഛൻ താനാരെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാറുമുണ്ട്. അതിരിക്കട്ടെ, തെരുവിൽ നിന്നു സംസാരിക്കേണ്ട വിഷയമല്ല ഇത്. ഞാൻ വീടെത്തിയും കഴിഞ്ഞിരിക്കുന്നു.

*

യൊഹാനസ്. ആർ. ബെക്കർ തന്റെ ഒരു കവിതയിൽ മരണത്തിന്റെ സൗഹൃദസന്ദർശനമാണു ഉറക്കം എന്നെഴുതിയിട്ടുള്ളതായി യനൌഖ് പറഞ്ഞു.
കാഫ്ക തലയാട്ടി: അതു ശരിയാണ്‌. സ്വജീവൻ കൊണ്ടു ഞാൻ വില നല്കേണ്ട ഒരു സന്ദർശകനെ ഓർത്തുള്ള ഭീതിയാകാം എന്റെ ഉറക്കമില്ലായ്മ.

*

എന്താണു സ്നേഹം? വളരെ ലളിതമാണത്. നമ്മുടെ ജീവിതത്തെ ഉയർത്തുകയും, വിപുലപ്പെടുത്തുകയും, പുഷ്ടമാക്കുകയും ചെയ്യുന്നതെന്തും സ്നേഹമാണ്‌. അതിന്റെ ഉയരത്തിലും ആഴത്തിലും. ഒരു മോട്ടോർക്കാറിനുള്ളത്ര കുറച്ചു പ്രശ്നങ്ങളേ സ്നേഹത്തിനുമുള്ളു. ഡ്രൈവർ, യാത്രക്കാർ, വഴി- ഇവ മാത്രമാണ്‌ ആകെയുള്ള പ്രശ്നങ്ങൾ.

*

വ്യക്തിപരമായിട്ടേ ദൈവത്തെ ഗ്രഹിക്കാനാവൂ. ഓരോ മനുഷ്യനുമുണ്ട്, അവന്റേതായൊരു ജീവിതം, അവന്റേതായൊരു ദൈവവും. അവന്റെ സംരക്ഷകനും, അവന്റെ വിധികർത്താവും. തളർവാതം പിടിച്ച ഒരാത്മാവിന്റെ ഊന്നുവടികൾ മാത്രമാണ്‌ പുരോഹിതന്മാരും അനുഷ്ഠാനങ്ങളും.
*

ഗുസ്താവ് യനൌഖ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
‘ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!’
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്‌.‘
‘അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്‌” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.’
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ്‌ “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’
*

തന്റെ കുത്തിക്കുറിക്കലുകൾ പ്രസിദ്ധീകരിച്ചുകാണുമ്പോൾ മനസ്സിടിഞ്ഞുപോവുകയാണെന്നു പറഞ്ഞിട്ട് കഥകൾ പ്രസിദ്ധീകരിക്കാൻ കൊടുത്തതെന്തിനാണെന്നുള്ള യനൌഹിന്റെ ചോദ്യത്തിനു മറുപടിയായി കാഫ്ക ഇങ്ങനെ പറഞ്ഞു:
’അതങ്ങനെയാണ്‌! ഞാൻ എന്തെങ്കിലും എഴുതിയാൽ മാക്സ് ബ്രോഡും, ഫെലിക്സ് വെൽഷും മറ്റെല്ലാ സ്നേഹിതന്മാരും കൂടി അതു കൈക്കലാക്കുകയും, പിന്നെ ഏതെങ്കിലുമൊരു പ്രസാധകനുമായി ഒപ്പിട്ട ഉടമ്പടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്തുകയുമാണ്‌. ഞാനൊരിക്കലും അവർക്കഹിതമായതൊന്നു ചെയ്യുകയില്ല; തികച്ചും വ്യക്തിപരമായ കുറിപ്പുകളും നേരമ്പോക്കുകളും പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതിലാണ്‌ സംഗതി കലാശിക്കുന്നത്. എന്റെ മാനുഷികദൗർബല്യങ്ങൾക്ക് എന്റേതായിട്ടുള്ള തെളിവുകൾ അച്ചടിക്കപ്പെടുകയും, വിൽക്കപ്പെടുകയുമാണ്‌; കാരണം മാക്സ് ബ്രോഡിന്റെ നേതൃത്വത്തിൽ എന്റെ സ്നേഹിതന്മാർക്കു ചിന്ത പോയിരിക്കുന്നു, അവ സാഹിത്യമാണെന്ന്; ഏകാന്തതയുടെ ആ തെളിവു നശിപ്പിക്കാൻ എനിക്കു കെല്പുമില്ല.
ഒന്നു നിറുത്തിയിട്ട് അതേവരെയുള്ള സ്വരത്തിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം പറഞ്ഞു:
ഞാനിപ്പോൾ പറഞ്ഞത് തീർച്ചയായും ഒരതിശയോക്തി തന്നെ, എന്റെ സ്നേഹിതന്മാരോടു കാട്ടുന്ന വിദ്വേഷവും. ആ സംഗതികൾ പ്രസിദ്ധീകരിക്കുന്നതിനു കൂട്ടു നിൽക്കുന്ന രീതിയിൽ അത്രയും ദുഷിച്ചവനും നാണം കെട്ടവനുമായിപ്പോയിരിക്കുന്നു ഞാൻ എന്നതാണു വാസ്തവം. സ്വന്തം ദൗർബല്യത്തിനൊരൊഴിവുകഴിവായി സാഹചര്യങ്ങൾക്ക് അവയ്ക്കില്ലാത്തൊരു കരുത്തു നല്കുകയാണു ഞാൻ. അതൊരു കാപട്യം തന്നെ. പിന്നെ ഞാനൊരു വക്കീലുമല്ലേ. അതിനാൽ എനിക്കൊരിക്കലും തിന്മയെ വിട്ടുനില്ക്കാനുമാവില്ല.’


(ഗുസ്താവ് യനൌഖിന്റെ "കാഫ്കയുമായി നടത്തിയ സംഭാഷണങ്ങള്‍ " എന്ന പുസ്തകത്തില്‍ നിന്ന്‍ )

കാഫ്ക - നിയമത്തിന്റെ കവാടത്തിൽ

389542_418573514881215_1560152883_n

നിയമത്തിന്റെ കവാടത്തിൽ ഒരു ദ്വാരപാലകൻ നിൽക്കുന്നു. ഒരു ഗ്രാമീണൻ അയാളെ സമീപിച്ച്‌ നിയമത്തിന്റെ സന്നിധിയിലേക്കു കടക്കാൻ അനുമതി ചോദിക്കുകയാണ്‌. പക്ഷേ ഈ സമയത്ത്‌ അയാളെ കടത്തിവിടാൻ പറ്റില്ലെന്ന് ദ്വാരപാലകൻ പറയുന്നു. അൽപനേരം ഓർത്തുനിന്നിട്ട്‌ എങ്കിൽ പിന്നീടു തനിക്ക്‌ അനുമതി കിട്ടുമോയെന്ന് ഗ്രാമീണൻ ആരായുന്നു. 'കിട്ടിയേക്കാം,' ദ്വാരപാലകൻ പറയുകയാണ്‌, 'പക്ഷേ ഇപ്പോൾ എന്തായാലുമില്ല.' നിയമത്തിന്റെ കവാടം തുറന്നുതന്നെ കിടക്കുകയാണ്‌; ദ്വാരപാലകൻ ഒരുവശത്തേക്കു മാറിനിൽക്കുകയും ചെയ്തു; അതിനാൽ ഗ്രാമീണൻ കുനിഞ്ഞ്‌ അകത്തേക്കു നോക്കി. ദ്വാരപാലകൻ ഇതുകണ്ടിട്ട്‌ ചിരിച്ചുകൊണ്ടു പറയുകയാണ്‌: 'നിങ്ങൾക്കിത്ര വ്യഗ്രതയാണെങ്കിൽ എന്റെ വിലക്കിരിക്കെത്തന്നെ അകത്തുകടക്കാൻ ഒന്നു ശ്രമിച്ചുകൂടേ? പക്ഷേ ഒന്നോർക്കണം, അതീവശക്ത്തനാണു ഞാൻ; അതേസമയം ദ്വാരപാലകന്മാരിൽ ഏറ്റവും താഴേത്തട്ടിലുള്ളയാളും. കടന്നുചെല്ലുന്ന ഓരോ മുറിക്കു മുന്നിലും ദ്വാരപാലകന്മാരുണ്ട്‌: ഒന്നിനൊന്നു ശക്തന്മാരായവർ. എനിക്കുതന്നെ നേരേനോക്കാനാവാത്തവിധം ഭീഷണനാണ്‌ മൂന്നാമത്തെയാൾ തന്നെ.' ആ ഗ്രാമീണൻ മുൻകൂട്ടിക്കാണാത്ത പ്രതിബന്ധങ്ങളാണിതൊക്കെ. നിയമം, അയാൾ ചിന്തിക്കുകയാണ്‌, എല്ലാവർക്കും എല്ലായ്പ്പോഴും കടന്നുചെല്ലാവുന്നതായിരിക്കണം. പക്ഷേ പിന്നീട്‌ രോമക്കുപ്പായം ധരിച്ച ആ ദ്വാരപാലകനെ, അയാളുടെ കൂർത്തുമൂർത്ത മൂക്കിനെ,നീണ്ടുവിരളമായ താർത്താരിത്താടിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയിട്ട്‌ അനുമതി കിട്ടുന്നതുവരെ കാത്തിരിക്കുകയാണു ഭേദമെന്ന തീരുമാനത്തിൽ അയാൾ എത്തിച്ചേരുന്നു. ദ്വാരപാലകൻ ഒരു പീഠം നൽകിയിട്ട്‌ വാതിലിന്റെ ഒരു വശത്തേക്കു മാറിയിരിക്കാൻ അയാളെ അനുവദിക്കുന്നു. അവിടെ അയാൾ ദിവസങ്ങളായി, വർഷങ്ങളായി ഒറ്റയിരുപ്പിരിക്കുന്നു. അകത്തു കടക്കാൻ അയാൾ പല ശ്രമങ്ങളും നടത്തുന്നു; നിരന്തരമായ നിവേദനങ്ങൾ കൊണ്ട്‌ അയാൾ ദ്വാരപാലകന്റെ സ്വൈരം കെടുത്തുന്നു. ദ്വാരപാലകൻ അയാളുമായി പലപ്പോഴും ചെറിയ സംഭാഷണങ്ങളിലേർപ്പെടാറുണ്ട്‌; അയാളുടെ വീടിനെക്കുറിച്ചും മറ്റുമുള്ള വിശേഷങ്ങൾ തിരക്കാറുണ്ട്‌. അതൊക്കെപ്പക്ഷേ പ്രമാണീമാർ ചെയ്യുന്നപോലെ ഒരലക്ഷ്യമട്ടിലാണ്‌; ഇനിയും അകത്തുകടക്കാറായിട്ടില്ല എന്ന പല്ലവിയോടെയാണ്‌ ഓരോ തവണയും അതവസാനിക്കുന്നതും. യാത്രക്കായി പലതും ഒരുക്കിക്കൊണ്ടുവന്ന ആ മനുഷ്യൻ അതൊക്കെ, അതെത്ര വിലപിടിച്ചതുമായിക്കോട്ടെ, ദ്വാരപാലകനെ വശത്താക്കാനുള്ള ശ്രമങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ദ്വാരപാലകനാവട്ടെ, 'ഞാനിതൊക്കെ വാങ്ങുന്നത്‌ ഒരു വഴിയും ഒഴിവാക്കിയിട്ടില്ല എന്നു നിങ്ങൾക്കുറപ്പുവരാൻ വേണ്ടിയാണ്‌' എന്നു പറഞ്ഞുകൊണ്ട്‌ അതൊക്കെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. അപ്പോന്ന വർഷങ്ങളത്രയും അയാൾ ആ ദ്വാരപാലകനെത്തന്നെ നോക്കിയിരിക്കുന്നു. മറ്റു ദ്വാരപാലകന്മാരുടെ കാര്യം അയാൾ മറന്നുപോകുന്നു. നിയമത്തിന്റെ സന്നിധിയിലേക്കു കടക്കുന്നതിൽ തനിക്കുള്ള ഏകപ്രതിബന്ധം ഈയൊരു ദ്വാരപാലകൻ മാത്രമാണെന്ന് അയാൾ കരുതുന്നു. അയാൾ തന്റെ ദുർവ്വിധിയെ ശപിക്കുന്നു; ആദ്യമൊക്കെ ഉച്ചത്തിലായിരുന്ന കൊടുംശാപങ്ങൾ പിന്നീട്‌ പ്രായമേറുനതോടെ പതിഞ്ഞ മുറുമുറുക്കൽ മാത്രമാകുന്നു. അയാൾ കുട്ടികളെപ്പോലെയാകുന്നു; ഇത്രയും കാലത്തെ നിരീക്ഷണം കൊണ്ട്‌ ദ്വാരപാലകന്റെ രോമക്കുപ്പായത്തിലെ ചെള്ളുകളെ വരെ കണ്ടെത്തിക്കഴിഞ്ഞ അയാൾ അവയോടുപോലും കേണപേക്ഷിക്കുന്നു, ദ്വാരപാലകന്റെ മനസ്സുമാറ്റി തന്നെയൊന്നു സഹായിക്കാൻ. ഒടുവിൽ അയാളുടെ കാഴ്ച മങ്ങിത്തുടങ്ങുന്നു; തനിക്കു ചുറ്റും ഇരുട്ടാവുകയാണോ അതോ കണ്ണുകൾ തന്നെ കബളിപ്പിക്കുകയാണോയെന്ന് അയാൾക്കു മനസ്സിലാവുന്നില്ല. എന്നാൽ നിയമത്തിന്റെ കവാടത്തിൽ നിന്ന് അനിരോധ്യമായി പ്രസരിക്കുന്ന ഒരു ദീപ്തി അയാൾക്കു കാണുമാറാകുന്നു. അയാളുടെ ജീവിതാവസാനം അടുത്തുകഴിഞ്ഞു. മരിക്കുന്നതിനുമുൻപ്‌ ആ ദീർഘകാലത്തെ അനുഭവങ്ങളെല്ലാം കൂടി ദ്വാരപാലകനോടിനിയും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായി അയാളുടെ തലയ്ക്കുള്ളിൽ ഘനീഭവിക്കുന്നു. അയാൾ ദ്വാരപാലകനെ മാടിവിളിക്കുന്നു; മരവിപ്പു കയറിത്തുടങ്ങിയ ശരീരം ഉയർത്താൻ അയാൾക്കു കഴിയുന്നില്ലല്ലോ. ദ്വാരപാലകന്‌ അയാളുടെയടുത്തേക്ക്‌ കുനിഞ്ഞുനിൽക്കേണ്ടിവരുന്നു; അവർ തമ്മിൽ ഉയരത്തിലുള്ള വ്യത്യാസം അത്രയധികമായിരിക്കുന്നു. 'ഇനി നിങ്ങൾക്കെന്താണറിയേണ്ടത്‌?' ദ്വാരപാലകൻ ചോദിക്കുന്നു. 'നിങ്ങൾ തീരെ തൃപ്തിവരാത്തയാളാണല്ലോ.' 'എല്ലാവരും നിയമത്തെ തേടുകയാണ്‌,' ആ മനുഷ്യൻ ചോദിക്കുന്നു. 'എന്നിട്ട്‌ ഇത്രകാലമായിട്ടും മറ്റൊരാൾ അനുവാദം ചോദിച്ചുകൊണ്ട്‌ ഇതുവഴി വരാതെപോയതെന്തുകൊണ്ടാണ്‌?' അയാളുടെ അന്ത്യമായി എന്ന് ദ്വാരപാലകനു മനസ്സിലാകുന്നു. വർദ്ധിച്ചുവരുന്ന ആ ബാധിര്യത്തെ ഭേദിക്കത്തക്കവിധം ഉച്ചത്തിൽ അയാൾ ഇങ്ങനെ വിളിച്ചുപറയുന്നു: 'ഇതുവഴി മറ്റാരെയും കടത്തിവിടാനാവുമായിരുന്നില്ല; കാരണം ഈ കവാടം നിങ്ങൾ ഒരാളെമാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു; ഇനി ഞാൻ ഇതടയ്ക്കാന്‍ പോവുകയാണ്‌.


പ്രത്യക്ഷത്തിൽ നിരർത്ഥകമായ ഒരു യാത്രയുടെയും വിഫലമായ ഒരു കാത്തിരുപ്പിന്റെയും കഥ പറയുകയാണ്‌ ‘നിയമത്തിന്റെ മുന്നിൽ.’ നിയമത്തിന്റെ അനീതികളെക്കുറിച്ചും അസമത്വങ്ങളെക്കുറിച്ചുള്ള ഒരു കഥയാവാം അതെന്ന പോലെ തന്നെ ആത്മനിഷ്ഠതയുടെ ആന്ധ്യത്തെക്കുറിച്ചുമാവാം അതു പറയുന്നത്. നിയമത്തിനു ‘പുറത്ത്’ ഒരു മനുഷ്യൻ കാത്തിരിക്കുന്നതിന്റെ വിവരണമാണതെന്ന പോലെ നിയമത്തിന്റെ ‘സാന്നിദ്ധ്യ’ത്തിലാണയാളുടെ കാത്തിരുപ്പെന്നും വരാം. സഫലമാണ്‌ അയാളുടെ യാത്രയെന്നും വാദിക്കാം: അയാൾ ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ടല്ലോ. പക്ഷേ താൻ എത്തിച്ചേർന്നുവെന്ന് അയാൾ തിരിച്ചറിയുന്നില്ല; അഥവാ, നടന്ന മാറ്റങ്ങൾ അയാൾ തിരിച്ചറിയുന്നില്ല; പഴയ ദേശത്തിൽ നിന്ന് പുതിയ ദേശത്തിനുള്ള വ്യത്യാസങ്ങൾ അയാളുടെ കണ്ണിൽ പെട്ടിട്ടില്ല. എന്തായാലും കടക്കലിനെയും കടന്നുപോകലിനെയും കുറിച്ചുള്ള കഥയല്ല ‘നിയമത്തിന്റെ മുന്നിൽ’ എന്നതു വ്യക്തമാണ്‌. യഥാർത്ഥത്തിൽ അത് കടക്കലും കടന്നുപോകലും ജീവിതാന്ത്യം വരെ നിരന്തരം മാറ്റിവയ്ക്കപ്പെടുന്നതിന്റെ കഥയാണ്‌.

(Paolo Bortoloni- On the Cultures of Exile, Translation and Writing)

ഗ്രാമത്തിൽ നിന്നു വന്ന ആ മനുഷ്യന്‌ നിയമത്തിലേക്കാണോ പ്രവേശനം വേണ്ടത്, അതോ നിയമത്തെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഇടത്തിലേക്കു മതിയെന്നാണോ? നമുക്കറിയില്ല, അതിൽ ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും വരാം; കാരണം നിയമംത്തിന്റെ രൂപം നമുക്കു ദൃശ്യമാകുന്നത് ഒരു സ്ഥലമായിട്ടാണല്ലോ, അതു നടക്കുന്ന ഇടമായിട്ടാണല്ലോ. അതെന്തുമാവട്ടെ, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യന്‌- നിയമത്തിനു മുമ്പേ ഉണ്ടായിരുന്ന ആളുമാണയാൾ, നഗരത്തിനും മുമ്പേ പ്രകൃതി ഉള്ളതുപോലെ- ആ കാവൽക്കാരനെപ്പോലെ എക്കാലവും നിയമത്തിനു മുന്നിൽ നില്ക്കണമെന്നില്ല. ഇപ്പറഞ്ഞയാളും നിയമത്തിനു മുന്നിൽ നില്ക്കുകയാണല്ലോ. എന്നതിനർത്ഥം അയാൾ നിയമത്തെ ആദരിക്കുന്നു എന്നാണ്‌: നിയമത്തിനു മുന്നിൽ നില്ക്കുക, അതിനു മുന്നിൽ ഹാജരാവുക എന്നാൽ അതിനു കീഴടങ്ങുകയും അതിനെ ആദരിക്കുകയും ചെയ്യുക എന്നു തന്നെ; ബഹുമാനം ഒരാളെ അകലത്തു നിർത്തുകയാണ്‌, മറുവശത്തു നിർത്തുകയാണ്‌, അടുപ്പിക്കാതെ, കടത്താതെ എന്നതിനാൽ പ്രത്യേകിച്ചും. നിയമത്തിനു മുന്നിൽ നിന്നുകൊണ്ട് അതിനോടു ബഹുമാനം വേണം എന്നോർമ്മിപ്പിക്കുകയാണ്‌ കാവല്ക്കാരൻ എന്നും ഇതിന്‌ അർത്ഥം വരാം. നിരീക്ഷണത്തിന്റെ ചുമതലയുള്ളതിനാൽ, നിയമത്തിനു മുന്നിൽ കാവൽ നില്ക്കുകയാണയാൾ, അതിനു പുറം തിരിഞ്ഞു നിന്നുകൊണ്ട്, അതിനെ നേരെ നോക്കാതെ, അതിനാൽ അതിന്റെ ‘മുന്നിൽ’ അല്ലാതെയും; എടുപ്പിലേക്കുള്ള കവാടം കാക്കുകയും കോട്ടയ്ക്കു മുന്നിൽ ഹാജരാകുന്ന സന്ദർശകരെ മാന്യമായ ഒരകലത്തു നിർത്തുകയും ചെയ്യേണ്ട കാവല്ക്കാരനാണ്‌ അയാൾ...കഥയിലെ രണ്ടു കഥാപാത്രങ്ങളും, ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യനും കാവല്ക്കാരനും, രണ്ടു പേരും നിയമത്തിനു മുന്നിലാണ്‌; പക്ഷേ സംസാരിക്കേണ്ടതിനായി അവർക്കു മുഖാമുഖം നില്ക്കേണ്ടി വരുന്നതിനാൽ ‘നിയമത്തിനു മുന്നിലെ’ അവരുടെ സ്ഥാനം വിപരീതമാവുന്നു. അവരിൽ ഒരാൾ, കാവല്ക്കാരൻ, നിയമത്തിനു പുറം തിരിഞ്ഞിട്ടാണ്‌, എന്നാലും അയാൾ നില്ക്കുന്നത് നിയമത്തിനു മുന്നിൽ തന്നെ. ഗ്രാമത്തിൽ നിന്നു വന്ന മനുഷ്യൻ, നേരേ മറിച്ച്, നിയമത്തിനു മുന്നിലാണെങ്കിലും എതിർദിശയിലാണ്‌; കടക്കാൻ തയാറായി അതിനു നേരേ നില്ക്കുകയാണയാൾ. നിയമത്തിനു മുന്നിൽ സന്നിഹിതരാണ്‌ രണ്ടു പേരുമെങ്കിലും ഒരാൾ ഒരാൾക്കെതിരുമാണ്‌....

(Derrida- Before the Law)


Kafka - Before the Law

കാഫ്ക - പ്രിയപ്പെട്ട ഫെലിക്സ്

kafka


ഫെലിക്സ് വെൽറ്റ്ഷ് (1884-1964)- കാഫ്കയുടെയും ബ്രോഡിന്റെയും സ്നേഹിതനായിരുന്നു. പില്ക്കാലത്ത് ബൊഹീമിയയിലെ സിയോണിസ്റ്റുകളിൽ പ്രമുഖനായി. എഴുത്തുകാരനും ചിന്തകനുമായിരുന്നു.


ഇല്ല ഫെലിക്സ്, ഒന്നും ശരിയാവില്ല; എന്റെ കാര്യത്തിൽ യാതൊന്നും ഒരു കാലത്തും ശരിയാവാൻ പോകുന്നില്ല. ചില നേരത്ത് എനിക്കു തോന്നിപ്പോകാറുണ്ട്, ഞാൻ ഇപ്പോൾ ഈ ലോകത്തല്ലെന്നും, നരകത്തിലെവിടെയോ അലഞ്ഞുനടക്കുകയാണെന്നും. എന്റെ കുറ്റബോധം ഒരൂന്നുവടിയാണെന്ന്, പുറത്തേക്കൊരു വഴിയാണെന്നാണു നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി. ഈ കുറ്റബോധം എന്നിലുള്ളതിനു കാരണം, പ്രായശ്ചിത്തത്തിന്റെ ഉയർന്ന രൂപമായി ഞാതിനെ കാണുന്നു എന്നതാണ്‌. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു, ഒരു നഷ്ടബോധം മാത്രമാണതെന്ന്. ഇതു കണ്ടെത്തിക്കഴിയേണ്ട താമസം, ആ പ്രായശ്ചിത്തത്തെ പിന്നിലാക്കിക്കൊണ്ട്, അതിനെക്കാൾ ഭയാനകമായും, ഉയർന്നുവരികയായി, താൻ സ്വതന്ത്രനാണെന്ന, മോചിതനാണെന്ന, സംതൃപ്തനാണെന്ന തോന്നൽ...


(റീവയിലെ സാനിറ്റോറിയത്തിൽ നിന്ന് 1913 സെപ്തംബറിൽ എഴുതിയ കത്തിൽ നിന്ന്)

Monday, January 18, 2016

കാഫ്ക - പ്രിയപ്പെട്ട ഓസ്ക്കാർ

1385667_10151737143832198_422786139_n

ഓസ്കാർ പൊള്ളാക്ക് (1883-1915)- പ്രൈമറി ക്ളാസ്സിൽ കാഫ്കയുടെ സഹപാഠിയായിരുന്ന ചെക്ക് കലാചരിത്രകാരൻ. ഒന്നാം ലോകമഹായുദ്ധകാലത്ത് മുന്നണിയിൽ വച്ചു മരിച്ചു.


പ്രിയപ്പെട്ട ഓസ്ക്കാർ,

നീ പോയതിൽ എനിക്കു സന്തോഷം തോന്നുന്നുണ്ടാവാം; ഒരാൾ ചന്ദ്രനിൽ പിടിച്ചുകയറിയിട്ട് അവിടെയിരുന്ന് തങ്ങളെ നോക്കുന്നതറിഞ്ഞാൽ ആളുകൾക്കു സന്തോഷമാവുമല്ലോ, അതു പോലെ. കാരണം, അത്ര ഉയരത്തിലും ദൂരത്തിലും നിന്ന് തങ്ങൾ നിരീക്ഷിക്കപ്പെടുകയാണെന്ന ബോധം, തങ്ങളുടെ ചലനങ്ങളും വാക്കുകളും ആഗ്രഹങ്ങളും അത്രയ്ക്കൊരു കോമാളിത്തമോ വിഡ്ഢിത്തമോ അല്ലെന്നുള്ള ചെറുതല്ലാത്തൊരു ആത്മവിശ്വാസം അവർക്കു നല്കുകയാണ്‌; ചന്ദ്രനിൽ നിന്നുള്ള ചിരിയൊന്നും വാനനിരീക്ഷകരുടെ കാതുകളിൽ പെടാത്തിടത്തോളം കാലം എന്നുമോർക്കണം...

കാട്ടിൽ വഴി തെറ്റിയലയുന്ന കുട്ടികളെപ്പോലെ കൈവിട്ടുപോയിരിക്കുന്നു നാം. നീ എന്റെ മുന്നിൽ വന്നു നിന്ന് എന്നെ നോക്കുമ്പോൾ എന്റെയുള്ളിലുള്ള ദുഃഖങ്ങളെക്കുറിച്ച് നീയെന്തറിയാൻ, നിന്റെ ദുഃഖങ്ങളെക്കുറിച്ച് ഞാനെന്തറിയാൻ. ഇനി ഞാൻ നിന്റെ മുന്നിൽ കമിഴ്ന്നുവീണ്‌ തേങ്ങിക്കരഞ്ഞുകൊണ്ട് ഒക്കെപ്പറഞ്ഞാലും എന്നെക്കുറിച്ച് കൂടുതലായിട്ടു നീയെന്തറിയാൻ? നരകം ചുട്ടുപൊള്ളുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് ആരെങ്കിലുമൊരാൾ പറഞ്ഞാൽ നരകത്തെക്കുറിച്ചു കൂടുതലായിട്ടു നാമൊന്നുമറിയുകയില്ലല്ലോ. ആ ഒരു കാരണം കൊണ്ടു തന്നെ നമ്മൾ മനുഷ്യജീവികൾ ഒരാൾക്കു മുന്നിൽ മറ്റൊരാൾ നില്ക്കേണ്ടത് നരകകവാടത്തിനു മുന്നിലെന്നപോലെ ആദരപൂർവം, സ്നേഹപൂർവം, ആലോചനാപൂർവമായിരിക്കുകയും വേണം...

ചെറുപ്പക്കാർക്കിടയിൽ നീയൊരാളോടു മാത്രമേ ശരിക്കു ഞാൻ സംസാരിച്ചിട്ടുള്ളു. മറ്റാരോടെങ്കിലും ഞാൻ സംസാരിച്ചിട്ടുണ്ടെങ്കിൽ അതു യാദൃച്ഛികമായോ, നിനക്കു വേണ്ടിയോ, നിന്നിലൂടെയോ, നിന്നെ സംബന്ധിച്ചോ ആയിരിക്കും. എനിക്കു നീ, മറ്റു പലതിനുമൊപ്പം, തെരുവിലേക്കു നോക്കാനുള്ള ജനാല കൂടിയായിരുന്നു. ഒറ്റയ്ക്ക് അതിനുള്ള കഴിവെനിക്കില്ലായിരുന്നു. കാരണം, ഉയരമുണ്ടായിട്ടും ജനാലപ്പടിയോളമെത്തിയിരുന്നില്ലല്ലോ ഞാൻ...

ഞാനിപ്പോൾ വായിക്കുന്നത് ഫെക്നർ, എക്കാർട്ട് എന്നിവരെയാണ്‌. സ്വന്തം വീട്ടിൽ നാം തന്നെ തുറന്നുകയറാത്ത ചില മുറികളിലേക്കുള്ള താക്കോൽ പോലെയാണ്‌ ചില പുസ്തകങ്ങൾ...

ഇടയ്ക്കൊന്നു പറയട്ടെ, കുറേ നാളായി എഴുത്തൊന്നും നടന്നിട്ടില്ല. ഞാൻ എഴുതുന്നത് ദൈവത്തിനിഷ്ടമല്ല; എനിക്ക്, എനിക്ക് എഴുതാതിരിക്കാനും വയ്യ. അങ്ങനെ ഒരിക്കലും തീരാത്ത ഒരു മൽപ്പിടുത്തമാണ്‌ ഞങ്ങൾ തമ്മിൽ. ദൈവമാണല്ലോ കരുത്തൻ; അതിന്റെ വേദന നിനക്കൂഹിക്കാവുന്നതിലധികമാണ്‌. ഒരിക്കൽ ഒരു മരമായി വളർന്നേക്കാവുന്ന ഒരു കുറ്റിയിൽ തളച്ചിട്ടിരിക്കുകയാണ്‌ എന്നിലുള്ള ശക്തികളെ; അഴിച്ചു വിട്ടാൽ എനിക്കും എന്റെ രാജ്യത്തിനും അവയെക്കൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടായെന്നു വരാം. പക്ഷേ ആവലാതി പറഞ്ഞതു കൊണ്ടുമാത്രം ഒരാൾക്കു തന്റെ കഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന തിരികല്ലു കുടഞ്ഞു കളയാനാവില്ലല്ലോ; അതയാൾക്കിഷ്ടമാണെങ്കിൽ പ്രത്യേകിച്ചും.

(നവംബർ 9, 1903)

*

പ്രിയപ്പെട്ട ഓസ്ക്കാർ,

ഞാൻ മാർക്കസ് ഓറേലിയസിനെ മാറ്റിവയ്ക്കുകയാണ്‌, വൈമനസ്യത്തോടെ മാറ്റിവയ്ക്കുകയാണ്‌. ഇനിയെനിക്ക് അദ്ദേഹത്തെക്കൂടാതെ ജീവിക്കാൻ കഴിയില്ലെന്നു തോന്നുന്നു; മാർക്കസ് ഓറേലിയസിന്റെ രണ്ടുമൂന്നു സൂക്തങ്ങൾ വായിക്കുന്നതോടെ മനസ്സടക്കവും ചിട്ടയും കൂടുകയാണെനിക്ക്. അതേ സമയം പുസ്തകം ആകെക്കൂടി കാട്ടിത്തരുന്നത് വിവേകമുറ്റ വാക്കും കനത്തൊരു ചുറ്റികയും വിശാലവീക്ഷണവും കൊണ്ട് തന്നെ സംയമനം പാലിക്കുന്ന, ഉരുക്കിന്റെ ദാർഢ്യമുള്ള, സത്യസന്ധനായ ഒരുവനാക്കി മാറ്റാനാഗ്രഹിക്കുന്ന ഒരാളെയാണു താനും. ഒരു വ്യക്തി ഏതു നേരവും “സമാധാനപ്പെടൂ, ഉദാസീനനാവൂ, വികാരങ്ങളെ കാറ്റിൽ പറത്തൂ, സ്ഥിരചിത്തനാവൂ, നല്ലൊരു ചക്രവർത്തിയാവൂ” എന്നിങ്ങനെ സ്വയം ശാസിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു പക്ഷേ സംശയം തോന്നാതെ വയ്യ. നമ്മെ നമ്മിൽ നിന്നുതന്നെ മറയ്ക്കാൻ വാക്കുകൾ ഉപയോഗപ്പെടുമെങ്കിൽ നല്ലതു തന്നെ. പക്ഷേ വാക്കുകളെക്കൊണ്ടു സ്വയം അലങ്കരിച്ചലങ്കരിച്ച് നമ്മുടെ സങ്കല്പത്തിലുള്ള ഒരാളാവാൻ നമുക്കു കഴിഞ്ഞാൽ അതുതന്നെയാവും ഭേദം.

കഴിഞ്ഞ കത്തിൽ നീ ഒരു ന്യായവുമില്ലാതെ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. ഒരാൾ എനിക്കു നേരേ ഒരു തണുത്ത കൈ നീട്ടുമ്പോൾ ഒരുന്മേഷമൊക്കെ എനിക്കു തോന്നുകയാണ്‌; പക്ഷേ അയാൾ എന്റെ കൈയിൽ പിടിയ്ക്കുമ്പോൾ എനിക്കെന്തോ അന്ധാളിപ്പോ പിടികിട്ടായ്കയോ ഒക്കെയാണു തോന്നുന്നത്. വളരെ അപൂർവമായതു കൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നതെന്നാണോ നിന്റെ വിചാരം? അല്ലല്ല, അതു ശരിയല്ല. ചിലരുടെ പ്രത്യേകതയെന്താണെന്നു നിനക്കറിയാമോ? അവർ ഒന്നുമല്ല, പക്ഷേ അവർക്കതു പുറത്തുകാട്ടാനും കഴിയുന്നില്ല; സ്വന്തം കണ്ണുകളെപ്പോലും അവർക്കതു കാണിച്ചു കൊടുക്കാൻ കഴിയാതെ വരികയാണ്‌; അതാണവരുടെ പ്രത്യേകതയും. ഇവരുടെയൊക്കെ സഹോദരൻ എന്നു പറയാവുന്ന ഒരാളുണ്ടായിരുന്നു: ഒന്നുമറിയാത്ത, കാര്യമായിട്ടൊരു വാക്കു പറയാനറിയാത്ത, നൃത്തം ചെയ്യാനറിയാത്ത, ചിരിക്കാനറിയാത്ത ഒരാൾ നഗരത്തിലെ തെരുവുകളിലൂടെ നടന്നു പോവുകയാണ്‌. പക്ഷേ താഴിട്ടു പൂട്ടിയ ഒരു പെട്ടി ഏതു നേരവും അടുക്കിപ്പിടിച്ചിരിക്കുകയുമാണയാൾ. ഇനി ഏതെങ്കിലുമൊരു ദയാലു ചെന്ന് “പെട്ടിയിൽ ഇത്ര സൂക്ഷിച്ചുകൊണ്ടുനടക്കുന്നതെന്താണാവോ” എന്നൊന്നു ചോദിച്ചാൽ ആ മനുഷ്യൻ ഉടനേ തല കുമ്പിട്ട്, നല്ല തീർച്ചയില്ലാത്ത പോലെ ഇങ്ങനെ പറയുകയായി, “എനിക്കൊന്നുമറിയില്ല, സംസാരിക്കാനറിയില്ല, നൃത്തം ചെയ്യാനറിയില്ല, ചിരിക്കാനറിയില്ല, പക്ഷേ ഈ പെട്ടിയിലെന്താണുള്ളതെന്ന് ഞാൻ പറയാനേ പാടില്ല; ഇല്ലില്ല, ഞാൻ പറയില്ല.” അങ്ങനെയൊരു മറുപടി പറഞ്ഞുകേൾക്കുമ്പോൾ സ്വാഭാവികമായും സഹാനുഭൂതിയുമായി വന്നവരൊക്കെ മാറിപ്പോകുമല്ലോ. അതേ സമയം, ഒരു ജിജ്ഞാസ, ഒരു തീർച്ച കിട്ടാത്തതിന്റെ അസ്വസ്ഥത മിക്കവരിലും തങ്ങിനില്ക്കുന്നുമുണ്ട്; അതിനാൽ അവർ പരസ്പരം ചോദിക്കുകയാണ്‌, “ ആ പെട്ടിയിൽ എന്തായിരിക്കും?” പെട്ടി കാരണമായിത്തന്നെ അവർ പലപ്പോഴും അയാളെ കാണാൻ ചെല്ലുന്നുമുണ്ട്. പക്ഷേ അയാൾ മിണ്ടില്ല. എന്തായാലും ജിജ്ഞാസ, ആ മാതിരിയുള്ള ജിജ്ഞാസ നീണ്ടുനില്ക്കാത്തതാണ്‌; തീർച്ച വരാത്തതിന്റെ അസ്വസ്ഥതയാവട്ടെ, അലിഞ്ഞും പോകുന്നു. കാണാനൊരു പ്രാധാന്യവുമില്ലാത്ത, അടച്ചുപൂട്ടിയൊരു പെട്ടി ഒരാൾ ഏതുനേരവും വിശദീകരണമില്ലാത്തൊരുത്കണ്ഠയോടെ കൊണ്ടുനടക്കുന്നത് ആളുകൾ പിന്നെപ്പിന്നെ ഒരു പുഞ്ചിരിയോടെ കാണാൻ തുടങ്ങുകയാണ്‌. അപ്പോഴും നാം ആ പാവത്താനെ ഒരു പകുതി മര്യാദയോടെയാണു കാണുന്നതും; ഒടുവിൽ അയാളൊരു പുഞ്ചിരിയിലേക്ക്, അതിനി വക്രിച്ചതാണെങ്കില്ക്കൂടി,  വന്നേക്കാം. ഇപ്പോൾ പക്ഷേ, ജിജ്ഞാസയ്ക്കു പകരം ഉദാസീനവും അകന്നതുമായ അനുകമ്പയാണ്‌ സ്ഥാനം പിടിച്ചിരിക്കുന്നത്; അതാകട്ടെ, ആ ഉദാസീനതയെക്കാളും അകല്ച്ചയെക്കാളും മോശപ്പെട്ടതുമാണ്‌. പണ്ടത്തേതിനെക്കാൾ എണ്ണത്തിൽ കുറവായ അനുകമ്പാലുക്കൾ ചോദിക്കുകയാണ്‌, “ താനിത്ര സൂക്ഷിച്ച് അതിൽ കൊണ്ടുനടക്കുന്നതെന്താടോ? വല്ല നിധിയോ, പ്രവചനമോ മറ്റോ ആണോ? എന്തായാലും ഒന്നു തുറക്കെന്നേ; രണ്ടായാലും ഞങ്ങൾക്കു വേണം; ഓ, എന്നാലായിക്കോട്ടെ; താൻ അതടച്ചുതന്നെ വച്ചോ; ഞങ്ങൾക്കു തന്നെ വിശ്വാസക്കുറവൊന്നുമില്ല.“ ഈ സമയത്ത് പെട്ടെന്നാരോ ചെവി തുളയ്ക്കുന്ന ഒച്ചയിൽ അലറിക്കരയുന്നതു കേൾക്കുന്നു; ആ മനുഷ്യൻ ആകെ വിരണ്ട് ചുറ്റും നോക്കുന്നു; അത് അയാൾ തന്നെയായിരുന്നു. അയാളുടെ മരണശേഷം പെട്ടിയിൽ കണ്ടത് രണ്ടു പാൽപ്പല്ലുകളായിരുന്നു.

(ജനുവരി 10, 1904, രാത്രി പത്തര)

പ്രിയപ്പെട്ട ഓസ്കാർ,

അത്ര പെട്ടെന്നു മറുപടി എഴുതിയില്ലെങ്കിൽപ്പിന്നെ എഴുതുകയേ വേണ്ടാത്ത സുന്ദരമായ ഒരു കത്തു നീ അയച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞിട്ടാണ്‌ ഞാൻ മറുപടി എഴുതാനിരിക്കുന്നത്‌. മാപ്പർഹിക്കാത്ത കുറ്റമാണതെങ്കിലും എനിക്കു കാരണങ്ങൾ ബോധിപ്പിക്കാനുമുണ്ട്‌. ഒന്നാമതായി, ശ്രദ്ധാപൂർവ്വമായ ആലോചനയ്ക്കു ശേഷം വേണം മറുപടിയെഴുതാനെന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു; കാരണം നിനക്കു മുമ്പയച്ചിട്ടുള്ളതിനെക്കാളൊക്കെ പ്രധാനമാണ്‌ ഈ കത്തിനുള്ള മറുപടിയെന്ന് എനിക്കു തോന്നി. രണ്ടാമതായി, ഹെബ്ബലിന്റെ ഡയറി(1800 പേജു വരും) ഒറ്റയടിയ്ക്കു വായിച്ചുതീർക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. മുമ്പാണെങ്കിൽ വിരസമെന്നു തോന്നുന്ന കഷണങ്ങൾ ഞാൻ ചവച്ചുതുപ്പിക്കളയുമായിരുന്നു. എന്തായാലും ഞാൻ തുടർച്ച വിടാതെ വായിച്ചു. ആദ്യമാദ്യം എനിക്കതൊരു കളി പോലെയായിരുന്നു. പിന്നെപ്പിന്നെ തന്റെ ഗുഹാദ്വാരം വലിയൊരു പാറക്കല്ലുരുട്ടി അടച്ചുവയ്ക്കുന്ന ഗുഹാജീവിയാണു ഞാനെന്ന് എനിക്കു തോന്നിത്തുടങ്ങി; ആദ്യമൊരു തമാശയ്ക്കും പിന്നെ മടുപ്പകറ്റാനുമാണ്‌ അയാൾ അതു ചെയ്യുന്നതെങ്കിലും, പിന്നീട്‌ ഗുഹയ്ക്കുള്ളിൽ കാറ്റും വെളിച്ചവും കടക്കാതാവുമ്പോൾ മനസ്സിരുണ്ടും വിരണ്ടും പാറ ഉരുട്ടിമാറ്റാൻ ഊറ്റത്തോടെ ശ്രമിക്കുകയാണയാൾ. പക്ഷേ അതിനിപ്പോൾ പത്തിരട്ടി ഭാരം വച്ചിരിക്കുന്നു. കാറ്റും വെളിച്ചവും മടങ്ങിവരണമെങ്കിൽ ഉള്ള ശക്തിയൊക്കെയെടുത്ത്‌ അതിനോടു മല്ലിടുക തന്നെവേണം. ഈ ദിവസമത്രയും പേന കൈ കൊണ്ടു തൊടാൻ എനിക്കായിട്ടില്ല. കാരണം, ഇതുപോലൊരു ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ-ഇടയില്ലാതെ ഉയർന്നുയർന്നു പോകുന്ന ഒരു ഗോപുരമാണത്‌, നിങ്ങളുടെ ദൂരദർശിനിക്കുഴൽ അതിലേക്കെത്തുകയുമില്ല-നിങ്ങളുടെ അന്തഃകരണം അടങ്ങിയിരിക്കുന്നതെങ്ങനെ? നിങ്ങളുടെ അന്തഃകരണത്തിനു വലിയ മുറിവുകൾ പറ്റുന്നതു നല്ലതു തന്നെ; കാരണം പിന്നീടു കിട്ടുന്ന ഓരോ നുള്ളിന്റെയും വേദന അത്ര നന്നായിട്ട്‌ അതറിയുമല്ലോ. നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുന പോലെ നമ്മിലേക്കു കൊണ്ടിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്ന പോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണു വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതു കൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷം തരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളുതാനും. പക്ഷേ നമുക്കു വേണ്ടത്‌ ഒരത്യാഹിതം പോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്‌; നമ്മെക്കാളേറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗം പോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായ പോലെ, ഒരാത്മഹത്യ പോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്‌. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം. ഇതാണെന്റെ വിശ്വാസം.

(1904 ജനുവരി 27)

*

Saturday, January 16, 2016

കാഫ്ക - പാലം


 

തണുത്തതും മരച്ചതുമായിരുന്നു ഞാൻ, ഒരു പാലമായിരുന്നു ഞാൻ, ഒരു കൊക്കയ്ക്കു മേൽ കിടക്കുകയായിരുന്നു ഞാൻ. ഒരു വശത്ത്‌ എന്റെ കാൽവിരലുകൾ ആണ്ടിറങ്ങി, മറുവശത്ത്‌ കൈകളും; അടരുന്ന കളിമണ്ണിൽ പല്ലുകൾ കൊണ്ടു ഞാൻ കടിച്ചുപിടിച്ചു. എന്റെ കോട്ടിന്റെ തുമ്പുകൾ ഇരുവശത്തുമായി പാറിക്കിടന്നു. അങ്ങു താഴെയായി സാൽമൺമീനുകൾ നിറഞ്ഞ, തണുത്തൊരരുവി ബഹളം വച്ചൊഴുകുന്നു. കടക്കാനരുതാത്ത ഈ മലകളിലേക്ക്‌ ഒരു സഞ്ചാരിയും ഇതേവരെ തെന്നിയെത്തിട്ടില്ല, ഒരു ഭൂപടത്തിലും ഈ പാലം വരച്ചു ചേർത്തിട്ടുമില്ല. അങ്ങനെ ഞാൻ കാത്തുകിടന്നു, കത്തുകിടന്നേ പറ്റൂ. ഒരു പാലമിട്ടാൽ അതുപിന്നെ പാലമല്ലാതെയാകണമെങ്കിൽ അതു പൊളിഞ്ഞുവീഴണം.

ഒരുദിവസം സന്ധ്യയോടടുപ്പിച്ച്‌-അതാദ്യത്തേതാണോ അതോ ആയിരാമത്തേതോ? എനിക്കറിയില്ല, എനിക്കൊരു പിടിയും കിട്ടുന്നില്ല; എന്റെ ചിന്തകൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്‌, വൃത്തത്തിലാണതിന്റെ സഞ്ചാരം. ഒരു വേനൽക്ക്‌, സന്ധ്യനേരത്ത്‌, അരുവിയുടെ ഗർജ്ജനത്തിനു കനം വച്ചുമിരിക്കുന്നു, ആരോ നടന്നടുക്കുന്നതു ഞാൻ കേട്ടു! എന്നിലേക്ക്‌, എന്നിലേക്ക്‌. നിവർന്നു കിടക്കുക, പാലമേ, കൈവരിയില്ലാത്ത തുലാങ്ങളേ, നിങ്ങളുടെ കൈകളിലേൽപ്പിക്കുന്ന യാത്രക്കാരനെ താങ്ങി നിർത്താൻ തയ്യാറായിക്കോളൂ. അയാളുടെ കാലുകൾ ഉറയ്ക്കുന്നില്ലെങ്കിൽ അയാളറിയാതെ തന്നെ അവയെ നേരേ പിടിച്ചു നിർത്തുക; അയാൾ തടഞ്ഞുവീഴാൻ പോവുകയാണെങ്കിൽപ്പക്ഷേ, നീ നിന്റെ തനിസ്വരൂപമെടുക്കുക, ഒരു മലദൈവത്തെപ്പോലെ അയാളെ കരയിലേക്കെടുത്തെറിയുക.

അയാൾ വന്നു, തന്റെ വടിയുടെ ഇരുമ്പു പിടിപ്പിച്ച കൂർത്ത അഗ്രം കൊണ്ട്‌ എന്നെ ഒന്നു തട്ടിനോക്കി, എന്നിട്ടുപിന്നെ അതു കൊണ്ട്‌ എന്റെ കോട്ടിന്റെ തുമ്പുകൾ പിടിച്ച്‌ നേരെ മടക്കിയിടുകയും ചെയ്തു. അയാൾ കുറേ നേരം തന്റെ വടിയുടെ അറ്റം എന്റെ കാടു പിടിച്ച മുടിയിൽ കുത്തിനിർത്തി; അങ്ങനെ നിന്നു ചുറ്റും നോക്കിയപ്പോൾ അയാൾ എന്റെ കാര്യം മറന്നുപോയതാവാം. അപ്പോഴാണ്‌-മനസ്സു കൊണ്ട്‌ അയാളുടെ പിന്നാലെ കാടുകളും തടങ്ങളും താണ്ടുകയായിരുന്നു ഞാൻ-അയാൾ രണ്ടുകാലുമുയർത്തിക്കൊണ്ട്‌ എന്റെ നടുവിലേക്കൊരു ചാട്ടം. വേദന കൊണ്ടു ഞാൻ നടുങ്ങിപ്പോയി. എന്താണു സംഭവിച്ചതെന്ന് എനിക്കു മനസ്സിലായതുമില്ല. ആരാണിത്‌? കുട്ടിയോ?

സ്വപ്നമോ? വഴിയാത്രക്കാരനോ? ആത്മഹത്യ ചെയ്യാൻ വന്നവനോ? പ്രലോഭിപ്പിക്കാൻ വന്നവനോ? നശിപ്പിക്കാൻ വന്നവനോ? അയാളെ നോക്കാനായി ഞാൻ തലയൊന്നു തിരിച്ചു. പാലം തിരിഞ്ഞുനോക്കുകയോ! മുഴുവനായി തിരിയുന്നതിനു മുമ്പുതന്നെ, ഞാൻ പൊളിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. വീണ ഞാൻ കുതിച്ചൊഴുകുന്ന വെള്ളത്തിനിടയിൽക്കിടന്ന് എപ്പോഴുമെന്നെ ശാന്തരായി നിരീക്ഷിച്ചിരുന്ന കൂർത്ത പാറക്കല്ലുകളിലിടിച്ചു ചീളുകളായി കോർത്തുകിടക്കുകയും ചെയ്തു.


മനുഷ്യജീവിതത്തെ താങ്ങിനിർത്താനും സുരക്ഷിതമായ യാത്ര ഒരുക്കാനുമുള്ള ആത്മവിശ്വാസം കഥയുടെ ആരംഭത്തിൽ പാലത്തിനുണ്ട്. പക്ഷേ കലഹക്കാരനും ശ്രദ്ധയില്ലാത്തവനുമായ ഒരു മനുഷ്യവർഗ്ഗപ്രതിനിധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പാലത്തിന്‌ അതിന്റെ ആത്മവിശ്വാസവും ബലവും നഷ്ടപ്പെടുകയാണ്‌. ഒടുവിൽ തന്റെ യാതനയുടെ ഉറവിടം ഏതെന്നു കണ്ടുപിടിക്കാനുള്ള അന്വേഷണം തന്നെ അതിന്റെ നാശത്തിനും കാരണമാവുകയാണ്‌. അങ്ങനെയൊരു ശ്രം അതു നടത്താതിരുന്നെങ്കിൽ നിസ്സാരമെങ്കിലും സമാധാനപൂർണ്ണമായ തന്റെ അസ്തിത്വം അതിനു തുടർന്നുകൊണ്ടു പോകാമായിരുന്നു. പക്ഷേ കാഫ്കയുടെ കാര്യത്തിൽ എപ്പോഴുമെന്നപോലെ, ആത്മവിശ്വാസവും ബലവുമുള്ള ഒരു ജീവിതത്തിനു വിഘാതമാവുകയാണ്‌ വിശകലനവ്യഗ്രതയും ആത്മപരിശോധനയും. കാഫ്കയുടെ ഹതാശവും പ്രതീക്ഷയറ്റതുമായ ലോകത്ത് പാലത്തെപ്പോലെ ഉറപ്പുള്ളതും വിശ്വാസമർപ്പിക്കാവുന്നതുമായ ഒരു നിർമ്മിതി പോലും സന്ദിഗ്ധാവസ്ഥയിലാകുന്നു. (Philip Grundlehner)


Kafka - The Bridge

Friday, January 15, 2016

കാഫ്ക - നാട്ടുവഴിയിലെ കുട്ടികൾ

downloadlink to image


തോട്ടത്തിന്റെ വേലിക്കപ്പുറത്തു കൂടി വണ്ടികൾ കടന്നുപോകുന്നതു ഞാൻ കേട്ടു; ഇലകളിളകുമ്പോഴത്തെ വിടവുകൾക്കുള്ളിലൂടെ ചിലനേരം ഞാനവയെ കണ്ണിൽ കാണുകയും ചെയ്തു. ആ വേനല്ച്ചൂടിൽ എന്തായിരുന്നു ചക്രക്കാലുകളുടെയും കീലുകളുടെയും ഞരക്കം! കേട്ടാൽ ചൂളിപ്പോകുന്നപോലെ ഉറക്കെച്ചിരിച്ചുകൊണ്ട് പണിക്കാർ പാടത്തു നിന്നു കയറി വരുന്നുണ്ടായിരുന്നു.

അല്പനേരം വിശ്രമിക്കാമെന്നു കരുതി എന്റെ അച്ഛനമ്മമാരുടെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഊഞ്ഞാലിലിരിക്കുകയായിരുന്നു ഞാൻ.

വേലിക്കപ്പുറം എന്തൊക്കെ നടക്കുന്നില്ല: ഓടിക്കുതിച്ചുവരുന്ന കുട്ടികളെ അടുത്ത നിമിഷം കാണാതെയാവുന്നു; ചോളക്കറ്റകൾക്കു മേലിരുപ്പുറപ്പിച്ച ആണും പെണ്ണുമായ പണിക്കാരെക്കേറ്റി വണ്ടികളുരുളുമ്പോൾ ചുറ്റും പൂത്തടങ്ങളിരുളുന്നു; സന്ധ്യയായപ്പോൾ ഊന്നുവടിയുമായി സവാരിക്കിറങ്ങിയ ഒരു മാന്യനെയും ഞാൻ കണ്ടു; കൈ കോർത്തുപിടിച്ചുകൊണ്ട് എതിരേ വന്ന ഒരു കൂട്ടം പെൺകുട്ടികൾ ബഹുമാനത്തോടെ പുല്ലിലേക്കിറങ്ങിനിന്നു.

പിന്നെ കോർക്കുകളൂരിത്തെറിക്കുമ്പോലെ കിളികൾ പറന്നുപൊങ്ങി; കണ്ണുകൾ കൊണ്ടു ഞാൻ അവയെ പിന്തുടർന്നു; ഒറ്റ ശ്വാസത്തിലെന്നപോലെ അവ പൊങ്ങുന്നതു ഞാൻ കണ്ടു; ഒടുവിൽ എനിക്കു തോന്നിത്തുടങ്ങി, അവ പൊങ്ങുകയല്ല, ഞാൻ താഴുകയാണെന്ന്. തല കറങ്ങുമ്പോലെ തോന്നിയെങ്കിലും കയറിൽ ബലക്കെപ്പിടിച്ചുകൊണ്ട് ഞാൻ പതുക്കെ ഇരുന്നാടി. അധികം വൈകിയില്ല, കാറ്റിനു കുളിരു കൂടി, എന്റെ ആട്ടം കനത്തിലായി, കിളികളുടെ സ്ഥാനത്ത് തുടിക്കുന്ന നക്ഷത്രങ്ങളും പ്രത്യക്ഷമായി.

മെഴുകുതിരിവെട്ടത്തിലിരുന്നു ഞാൻ അത്താഴം കഴിച്ചു. ഇരുകൈമുട്ടുകളും മേശ മേൽ കുത്തി പലപ്പോഴും ഞാൻ ചടഞ്ഞുകിടന്നുപോയി; തളർച്ചയോടെയാണു ഞാൻ വെണ്ണ പുരട്ടിയ റൊട്ടി കടിച്ചുതിന്നതും. കണ്ണിയകലമുള്ള ജനാലവിരികൾ ഇളംചൂടുള്ള കാറ്റു പിടിച്ചുയർന്നു; ചിലപ്പോൾ പുറമേ കൂടി കടന്നുപോകുന്ന ഒരാൾ രണ്ടു കൈകളും കൊണ്ട് അതു കൂട്ടിപ്പിടിച്ച് അകത്തേക്കു നോക്കിയെന്നുവരാം, എന്നെ നല്ലവണ്ണം കാണാനായി, അല്ലെങ്കിൽ എന്നോടു സംസാരിക്കാനായി. അപ്പോൾത്തന്നെ മെഴുകുതിരി കെടുകയും ചെയ്യും; വന്നുകൂടിയ പ്രാണികൾ അല്പനേരം കൂടി തിരി കെട്ട പുകയ്ക്കു ചുറ്റും പറന്നുനടക്കും. ഈ സമയത്തു ജനാലയ്ക്കു പുറത്തു നിന്നൊരാൾ എന്നോടെന്തെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ, അകലെയുള്ള മലകളിലോ അല്ലെങ്കിൽ ശൂന്യമായ വായുവിലോ ആണെന്റെ കണ്ണുകൾ എന്ന മട്ടിലാവും ഞാൻ അയാളെ നോക്കുക; എന്റെ മറുപടി കേൾക്കാൻ അയാൾക്കും വലിയ താല്പര്യമില്ലെന്നു തോന്നും.

ഈ നേരത്തൊരു കുട്ടി ജനാല ചാടിക്കടന്നുവന്ന് മറ്റുള്ളവർ പുറത്ത് എന്നെയും കാത്തുനില്ക്കുകയാണെന്നു വിളിച്ചുപറഞ്ഞാൽ പക്ഷേ, ഒരു നെടുവീർപ്പോടെയാണെങ്കിലും ഞാൻ പതുക്കെ എഴുന്നേല്ക്കും.

‘നീയെന്തിനാ ഇങ്ങനെ നെടുവീർപ്പിടുന്നത്? എന്താ കാര്യം? പരിഹരിക്കാൻ പറ്റാത്ത അത്യാഹിതമെന്തെങ്കിലും സംഭവിച്ചോ? നമുക്കതിൽ നിന്നിനി കര കയറാൻ പറ്റില്ലേ? അത്രയ്ക്കെല്ലാം കൈ വിട്ടുപോയോ?‘

ഒന്നും കൈ വിട്ടുപോയിട്ടില്ല. ഞങ്ങൾ വീടിനു മുൻവശത്തു കൂടി പുറത്തേക്കോടി. ’ഹാവൂ, അവസാനം ആളു വന്നല്ലോ! ‘- ’ഒരിക്കലും നീ സമയത്തിനെത്തിയിട്ടില്ല!‘ - ’ ആര്‌, ഞാനോ?‘ - ’നീ തന്നെ; വരണമെന്നില്ലെങ്കിൽ നീ വീട്ടിൽത്തന്നിരുന്നോ.‘ - ’ഒരു കരുണയുമില്ല!‘ - ’എന്ത്? കരുണയില്ലെന്നോ! എന്തുതരം  സംസാരമാണിത്!‘

തല കൊണ്ടിടിച്ചുകൊണ്ടു സന്ധ്യയിലൂടെ ഞങ്ങൾ കുതിച്ചുപാഞ്ഞു. ഞങ്ങൾക്കതു പകലുനേരമായിരുന്നില്ല, രാത്രിയുമായിരുന്നില്ല. ഈ നിമിഷം ഞങ്ങളുടെ കുപ്പായക്കുടുക്കുകൾ പല്ലുകൾ പോലെ തമ്മിലുരയുകയായിരുന്നെങ്കിൽ, അടുത്ത നിമിഷം ഉഷ്ണമേഖലയിലെ കാട്ടുജന്തുക്കൾ പോലെ തീ തുപ്പിക്കൊണ്ടു കുതിക്കുകയായിരുന്നു ഞങ്ങൾ. പഴയകാലയുദ്ധങ്ങളിലെ ഉരുക്കു മാർച്ചട്ട ധരിച്ച കുതിരപ്പടയാളികളെപ്പോലെ തൊഴിച്ചും കുതിച്ചും ഉയർന്നും താണും ഇടവഴി വിട്ടൊരാളൊരാളായി ഞങ്ങൾ പെരുവഴിയിലേക്കു മുന്നേറി. കൂട്ടത്തിൽ ചിലർ വഴിവക്കിലെ കുഴികളിലേക്കുരുണ്ടുവീണു; പൊന്തക്കാടിന്റെ ഇരുട്ടിലേക്കൊരു നിമിഷമേ അവരെ കാണാതായുള്ളു; അടുത്ത നിമിഷം തിട്ടയിൽ നിന്നുകൊണ്ടവർ താഴേക്കു നോക്കി നില്പായി, ഏതോ അജ്ഞാതമനുഷ്യരെപ്പോലെ.

’താഴെ ഇറങ്ങിവാ!‘ - ’നിങ്ങൾക്കു കേറിവന്നൂടേ!‘ - ’എന്നിട്ടു ഞങ്ങളെ തള്ളിത്താഴെയിടാനോ? അതു നടപ്പില്ല. ഞങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല.‘ - ’അത്ര പേടിത്തൊണ്ടനാണു നീയെന്നാണോ പറയുന്നത്? കേറി വാ, കേറി വാടാ.‘ - ’പേടിയോ? നിന്നെയോ! നിനക്കു ഞങ്ങളെ തള്ളിയിടണമല്ലേ? അതൊന്നു കാണട്ടെ!‘ ഞങ്ങൾ കേറിയടിച്ചു; അവർ ഞങ്ങളെ നെഞ്ചത്തു പിടിച്ചു തള്ളി; സ്വമേധയാ എന്നപോലെ ഞങ്ങൾ വഴിവക്കിലെ കുഴിയിലേക്കുരുണ്ടുവീണു.  ഹിതകരമായ മിതത്വമായിരുന്നു ഒക്കെ അവിടെ. പുല്ലിനു ചൂടേറെയുണ്ടായിരുന്നില്ല, ഏറെത്തണുപ്പുമുണ്ടായിരുന്നില്ല. ഉടലിൽ തളർച്ച കേറുന്നതു മാത്രം ഞങ്ങളറിഞ്ഞു.
വലതുവശം ചരിഞ്ഞു തലക്കീഴിൽ കൈ ചൊരുകിവച്ചിരുന്നെങ്കിൽ  നിങ്ങൾക്കവിടെക്കിടന്നു സുഖമായിട്ടുറങ്ങാൻ തോന്നിയേനെ. ശരി തന്നെ, തല ഉയർത്തിപ്പിടിച്ച് അവിടുന്നെഴുന്നേല്ക്കാൻ നിങ്ങൾക്കത്രയ്ക്കാഗ്രഹമുണ്ടായിരുന്നു; എന്നാലും അതിലുമാഴമേറിയൊരു കുഴിയിലാഴാൻ മോഹിക്കുകയുമായിരുന്നു നിങ്ങൾ. പിന്നെ കൈകൾ മുന്നിൽ നീട്ടിപ്പിടിച്ച്, കാലു വളച്ച് വായുവിലേക്കു സ്വയമെടുത്തെറിയാൻ നിങ്ങൾ കൊതിച്ചു- ഇനിയുമാഴം കൂടിയൊരു കുഴിയിലേക്കു കൃത്യമായി ചെന്നു വീഴാൻ. ഇതിനൊരവസാനമുണ്ടാവരുതെന്നും നിങ്ങൾ ആഗ്രഹിച്ചു.

ഏറ്റവുമവസാനത്തെക്കുഴിയിൽ സുഖമായിട്ടുറങ്ങാൻ പാകത്തിനു നിവർന്നുകിടക്കുന്നതിനെക്കുറിച്ച്, കാലുകൾ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചു പ്രത്യേകിച്ചും, നിങ്ങളുടെ ചിന്ത പോയതേയില്ല.; ഇപ്പോൾ കരച്ചിലു വരുമെന്ന ഭാവത്തിൽ, ഒരു രോഗിയെപ്പോലെ നിങ്ങൾ മലർന്നു കിടന്നു. കൈകൾ ഇടുപ്പിൽ കുത്തി, ഇരുണ്ട കാല്പാദങ്ങളുമായി ഒരു കുട്ടി വരമ്പിൽ നിന്നു വഴിയിലേക്കു നിങ്ങൾക്കു മേൽ കൂടി ചാടിക്കടന്നപ്പോൾ നിങ്ങളൊന്നു കണ്ണു ചിമ്മി.

ചന്ദ്രൻ നല്ല ഉയരത്തിലെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തിൽ ഒരു തപാൽവണ്ടി കടന്നുപോയി. എവിടെയും ഒരിളംകാറ്റു വീശി; കുഴിയിൽ കിടന്നും നിങ്ങളതറിഞ്ഞു; അരികിലെ വനത്തിൽ ഇലകൾ മർമ്മരം വയ്ക്കാൻ തുടങ്ങി. ഏകാകിയാവാൻ ഇത്രയ്ക്കൊരാഗ്രഹം നിങ്ങൾക്കു മുമ്പു തോന്നിയിട്ടില്ല.

‘നീ എവിടെപ്പോയി?’ - ‘എല്ലാവരും ഇങ്ങോട്ടു വരൂ!’ - ‘നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു, കളി നിർത്തെടോ!’ - ‘തപാൽവണ്ടി പോയതു നീ കണ്ടില്ലേ?’ - ‘ഇല്ല, അതു പോയോ?’ - ‘പിന്നില്ലാതെ, നീ കിടന്നുറങ്ങുമ്പോഴാണതു പോയത്.’ - ‘ഞാൻ കിടന്നുറങ്ങിയെന്നോ? ആരു പറഞ്ഞു!’ - ‘വായ മൂട്! നിന്റെ മുഖം കണ്ടാലറിയാമല്ലോ.’ - ‘സത്യമായും ഞാൻ ഉറങ്ങിയില്ല!’ - ‘മതി, വാ പോകാം!’

മുമ്പത്തെക്കാൾ അടുത്തുകൂടിയിട്ടാണ്‌ ഇപ്പോൾ ഞങ്ങൾ ഓടിയത്; ചിലർ തമ്മിൽത്തമ്മിൽ കൈ കോർത്തുപിടിക്കുകയും ചെയ്തിരുന്നു; ഇറക്കമായതിനാൽ തല ശരിക്കും ഉയർത്തിപ്പിടിക്കേണ്ടിയുമിരുന്നു. ആരോ ഒരാൾ റെഡ് ഇന്ത്യാക്കാരുടെ വായ്ക്കുരവ പോലത്തെ പോർവിളി മുഴക്കി; മുമ്പില്ലാത്ത മാതിരി കാലുകൾ കുതി കൊള്ളുന്നതു ഞങ്ങളറിഞ്ഞു; ഉയർന്നുചാടുമ്പോൾ ഇടുപ്പിൽ കാറ്റു പിടി മുറുക്കുന്നതും ഞങ്ങളറിഞ്ഞു. ഞങ്ങളെത്തടയാൻ ഒന്നിനുമാവില്ല. അത്രയ്ക്കൂറ്റമായിരുന്നു ഞങ്ങളുടെ ഓട്ടത്തിനെന്നതിനാൽ ഒരാളൊരാളെ പിന്നിലാക്കുമ്പോഴും മാറത്തു കൈ പിണച്ചുവച്ച് നിർമ്മമഭാവത്തോടെ ചുറ്റും നോക്കാൻ ഞങ്ങൾക്കു കഴിയുകയും ചെയ്തിരുന്നു.

പാലത്തിനു മുകളെത്തിയപ്പോൾ ഞങ്ങൾ നിന്നു. ഓടി മുന്നിലെത്തിയവർ തിരിച്ചുനടന്നു. കല്ലുകൾക്കും വേരുകൾക്കുമിടയിലൂടെ വെള്ളം തകൃതിയായി കയറിയിറങ്ങി; രാത്രിയായെന്ന മട്ടേയുണ്ടായില്ല. ഞങ്ങളിലൊരാൾ പാലത്തിന്റെ കൈവരിയിലേക്കു ചാടിക്കയറിയെങ്കിൽ അതിൽ കുറ്റം പറയാനുണ്ടാവുമായിരുന്നില്ല.

അകലെയായി മരങ്ങൾക്കു പിന്നിൽ നിന്ന് ഒരു തീവണ്ടി കാഴ്ചയിലേക്കു വന്നു;  എല്ലാ മുറികളിലും വെളിച്ചം കാണാം; ജനാലകൾ തുറന്നുകിടക്കുകയാണെന്നു വ്യക്തം. ഞങ്ങളിലൊരാൾ പാടാൻ തുടങ്ങി; എല്ലാവർക്കും അപ്പോൾ പാടണമെന്നായി. തീവണ്ടി പോകുന്നതിനെക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ പാട്ടു പാടൽ; ശബ്ദം കൊണ്ടു മാത്രം പോരെന്നതിനാൽ ഞങ്ങൾ കൈകൾ വീശാനും തുടങ്ങി; ഒടുവിൽ എല്ലാം കൂടിക്കലർന്നൊരു കലപില ആയപ്പോൾ ഞങ്ങൾക്കതു വളരെ ഹിതകരമായി തോന്നുകയും ചെയ്തു. സ്വന്തം ശബ്ദം അന്യരുടേതുമായി കൂട്ടിക്കലർത്തുമ്പോൾ ചൂണ്ടയിൽ കൊളുത്തിവലിയ്ക്കുകയാണു നിങ്ങളെയെന്നു തോന്നിപ്പോകും.

അതെ, അങ്ങനെയാണു ഞങ്ങൾ പാടിയത്, പിന്നിൽ കാടുമായി, ആ വിദൂരയാത്രികർക്കൊരു സായാഹ്നസംഗീതസദിരായി. ഗ്രാമത്തിൽ മുതിർന്നവർ ഉറങ്ങിയിരുന്നില്ല; അമ്മമാർ മക്കൾക്കായി കിടക്ക വിരിക്കുകയായിരുന്നു.

ഒടുവിൽ സമയമായി. ഞാൻ തൊട്ടടുത്തു നിന്നയാളെ അതാരെന്നു നോക്കാതെ ചുംബിച്ചു, വേറേ മൂന്നു പേർക്കു കൈ കൊടുത്തു; പിന്നെ ഞാൻ വീട്ടിലേക്കോടി. ആരുമെന്നെ പിന്നിൽ നിന്നു വിളിച്ചില്ല. അവർക്കെന്നെ കാണാൻ പറ്റാത്ത ആദ്യത്തെ കൂട്ടുപാതയിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞ് കാട്ടിലൂടുള്ള വഴിയേ ഓടി. തെക്കുള്ള മഹാനഗരമായിരുന്നു എന്റെ ലക്ഷ്യം; അതിനെക്കുറിച്ച് എന്റെ നാട്ടിൽ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിരുന്നു:

‘എന്തുതരം ആൾക്കാരാണോ അവിടുള്ളത്! അവർക്കുറക്കമില്ലത്രെ!’
‘അതെന്താ അങ്ങനെ?’
‘അവർക്കു ക്ഷീണം വരാറില്ലപോലും.’
‘അതെന്താ അങ്ങനെ?’
‘അതവരു വിഡ്ഢികളായതിനാൽ.’
‘വിഡ്ഢികൾക്കു ക്ഷീണം വരാറില്ലേ?’
‘വിഡ്ഢികൾക്കെങ്ങനെ ക്ഷീണം വരാൻ!’
*

(1913)


താരതമ്യേന സന്തുഷ്ടമായ ഒരു ബാല്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു ആദ്യകാലകഥ. ആഖ്യാതാവ് ആൺകുട്ടിയോ പെൺകുട്ടിയോ ആവാം. അതിരുകളെന്നതില്ലാതെ ഒഴുകിനടക്കുന്ന ദ്രവപ്രായമായ ഒരു സത്തയുടെ അനുഭവങ്ങളും അനുഭൂതികളുമാണു പ്രമേയം. തോട്ടത്തിലിരിക്കുന്ന കുട്ടി പുറത്ത് ആളുകളുടെ പെരുമാറ്റം അറിയുന്നുണ്ട്; കടന്നുപോകുന്ന ചിലർ ജനാലവിരികളിൽ തൊട്ടുനോക്കുന്നുണ്ട്; ഇടയ്ക്കൊരു കുട്ടി ജനാലപ്പടി ചാടി ഉള്ളിലേക്കെത്തുകയും ചെയ്യുന്നു. ഈ കുട്ടി നെടുവീർപ്പിടുന്നുണ്ട്; അതിനു പക്ഷേ പ്രകടമായ കാരണമൊന്നുണ്ടെന്നും തോന്നുന്നില്ല; പിന്നെ അവർ കുഴികളിൽ വീണു കിടക്കുമ്പോൾ ‘കരയാൻ പോകുന്ന’ മട്ടാണവർക്ക്. മുതിർന്നവരെപ്പോലെയല്ല, വ്യക്തി സംഘത്തിലേക്ക് തന്നിഷ്ടം പോലെ കയറിയിറങ്ങുന്നുമുണ്ട്. വിവിധവും വിശദവുമായ അനുഭൂതികളുടെ ലോകത്താണവർ ജീവിക്കുന്നത്. ‘ഇരുട്ടിൽ തല കൊണ്ടിടിച്ചുകൊണ്ടവർ പായുന്നു, കുപ്പായക്കുടുക്കുകൾ തമ്മിലിരുസുമ്പോലത്ര അടുത്തടുത്തും, ഉഷ്ണമേഖലാജീവികളെപ്പോലെ തീ തുപ്പിക്കൊണ്ടും. പക്ഷേ അവരുടെ ഈ തരം ഊർജ്ജസ്വലമായ പ്രവൃത്തികൾക്കു മറ്റൊരു ലക്ഷ്യമില്ല, ഉടലിൽ തങ്ങളറിയുന്ന കാറ്റിനെപ്പോലെ നിരുദ്ദേശ്യമാണത്; തപാലുമായി പോകുന്ന വണ്ടിയ്ക്കും വെളിച്ചം നിറഞ്ഞ ജനാലകൾ തുറന്നിട്ടും കൊണ്ട് അകലെക്കൂടി കടന്നുപോകുന്ന തീവണ്ടികൾക്കുമേ അങ്ങനെ എവിടെയെങ്കിലും എത്തേണ്ടതുള്ളു. കഥയുടെ ഒടുവിലാകുമ്പോൾ പക്ഷേ മോചനത്തിന്റെ ഒരു ബിംബം കടന്നുവരുന്നുണ്ട്: പോരിനിറങ്ങുന്ന റഡ് ഇന്ത്യാക്കാരന്റെ വായ്ക്കുരവയായി; ആഖ്യാതാവായ കുട്ടിയാവട്ടെ, വീട്ടിലേക്കു മടങ്ങിപ്പോവാതെ കഥകളിലെ ആരുമുറങ്ങാത്ത നഗരം തേടി കാട്ടിലേക്കു കടക്കുകയും ചെയ്യുന്നു.

(അവലംബം കാഫ്കയുടെ കഥകൾക്ക് ജോയ്സ് ക്രിക്ക് എഴുതിയ അവതാരിക)


Children on a Country Road

Thursday, January 14, 2016

കാഫ്ക - ഒച്ചപ്പാട്


Great_Noise_by_dontforgetfrank[4]

ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.


(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)


Kafka - Great Noise

കാഫ്ക - ചക്രവർത്തിയിൽ നിന്ന് ഒരു സന്ദേശം

Message-from-the-EmperorLink to image


ചക്രവർത്തി- കഥ ഇങ്ങനെ പോകുന്നു- നിങ്ങൾക്കായി, തന്റെ പ്രജകളിൽ വച്ചേറ്റവും നികൃഷ്ടനായ, രാജകീയസൂര്യനിൽ നിന്നു വിദൂരതയിലേക്കോടിമറഞ്ഞ വെറുമൊരു നിഴലായ നിങ്ങൾക്കായി, നിങ്ങൾക്കു മാത്രമായി ചക്രവർത്തി തന്റെ മരണക്കിടക്കയിൽ നിന്ന് ഒരു സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ദൂതനെ തന്റെ കിടക്കയ്ക്കരികിൽ മുട്ടു കുത്തിച്ച് കാതിൽ സന്ദേശം മന്ത്രിച്ചുകൊടുത്തു; അത്ര പ്രധാനമാണ്‌ അതദ്ദേഹത്തിനെന്നതിനാൽ ദൂതനോട് താൻ പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയാണദ്ദേഹം. അയാൾ അതു ശരിയായിത്തന്നെ ധരിച്ചിരിക്കുന്നുവെന്ന് ഒരു തലയനക്കം കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. പിന്നീട്, തന്റെ മരണത്തിനു സാക്ഷ്യം വഹിക്കാൻ വന്നിരിക്കുന്നവർക്കു മുന്നിൽ വച്ച്- കാഴ്ച മറയ്ക്കുന്ന മതിലുകളെല്ലാം ഇടിച്ചുനിരത്തിയിരുന്നു, ഉന്നതവും വിശാലവുമായ കോണിപ്പടികളിൽ സാമ്രാജ്യത്തിലെ പ്രമാണിമാരെല്ലാം അദ്ദേഹത്തെ വലയം ചെയ്തു തടിച്ചുകൂടിയിരുന്നു- ഇവർക്കെല്ലാം മുന്നിൽ വച്ച് ചക്രവർത്തി ദൂതനു യാത്രാനുമതി നല്കി. ദൂതൻ അപ്പോൾത്തന്നെ പുറപ്പെട്ടുകഴിഞ്ഞു: ക്ഷീണമേശാത്ത, ബലിഷ്ഠനായ ഒരു മനുഷ്യൻ; ആദ്യം ഒരു കൈ നീട്ടി, പിന്നെ മറ്റേക്കൈ നീട്ടി ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അയാൾ കടന്നുപോകുന്നു. വഴിതടസ്സമുണ്ടാകുമ്പോൾ അയാൾ മാറത്തെ സൂര്യമുദ്ര ചൂണ്ടിക്കാട്ടുന്നു. മറ്റാരെക്കൊണ്ടും കഴിയുന്നതിലും ഭംഗിയായി അയാൾ മുന്നേറുന്നു. പക്ഷേ പുരുഷാരം അന്തമെന്നതില്ലാതെ പരന്നുകിടക്കുകയാണ്‌. അവരുടെ പാർപ്പിടങ്ങൾക്കവസാനമില്ല; തനിക്കു മുന്നിൽ തുറന്ന പാടമാണുണ്ടായിരുന്നതെങ്കിൽ അയാൾ എത്രവേഗം പറന്നെത്തിയേനെ; എത്ര മുമ്പേ നിങ്ങളുടെ വാതിലിൽ അയാളുടെ മുഷ്ടിയുടെ ഉജ്ജ്വലമായ മുഴക്കം നിങ്ങൾ കേൾക്കുമായിരുന്നു. അതിനു പകരം പക്ഷേ, എത്ര വ്യർത്ഥമാണ്‌ അയാളുടെ യത്നങ്ങൾ; അയാളിനിയും ഉൾക്കൊട്ടാരത്തിന്റെ മുറികൾ കടന്നുപോന്നിട്ടില്ല; അയാളൊരിക്കലും അവ കടന്നുതീരുകയുമില്ല; ഇനി അതിനായാൽത്തന്നെ അതുകൊണ്ടാകുന്നില്ല; അയാൾക്കു കോണിപ്പടികൾ ഇറങ്ങാൻ യത്നിക്കേണ്ടിവരും; അതിൽ വിജയിച്ചാലും അതുകൊണ്ടായില്ല; അങ്കണങ്ങൾ കടക്കേണ്ടതുണ്ട്; അങ്കണങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ പുറംകൊട്ടാരം; വീണ്ടും കോണിപ്പടികളും അങ്കണങ്ങളും; പിന്നെയുമൊരു കൊട്ടാരം; ആയിരമായിരം വർഷങ്ങൾ അങ്ങനെ; ഒടുവിൽ എല്ലാം പിന്നിട്ട് പുറംകവാടത്തിനു പുറത്തു വരാൻ അയാൾക്കു കഴിഞ്ഞാൽത്തന്നെ- പക്ഷേ അതൊരിക്കലും, ഒരിക്കലും നടക്കാൻ പോകുന്നില്ല- അയാൾക്കു മുന്നിൽ പരന്നുകിടപ്പുണ്ടാവും സാമ്രാജ്യത്തിന്റെ തലസ്ഥാനം: നിറഞ്ഞുകുമിയുന്ന ഉച്ഛിഷ്ടങ്ങളുമായി ലോകത്തിന്റെ കേന്ദ്രബിന്ദു. അതു കടന്നുപോകാൻ ആർക്കുമാവില്ല, മരിച്ചുപോയ ഒരാളുടെ സന്ദേശവും കൊണ്ടുപോകുന്ന ഒരു ദൂതന്‌ ഒരിക്കലുമതാവില്ല- പക്ഷേ നിങ്ങളോ, നിങ്ങൾ നേരമിരുളുമ്പോൾ ജനാലയ്ക്കലിരുന്ന് ഇതെല്ലാം യാഥാർത്ഥ്യമാകുമെന്നു സ്വപ്നം കാണുന്നു.


(ചൈനയിലെ വന്മതിൽ എന്ന അപൂർണ്ണമായ നീണ്ടകഥയുടെ ഒരു ഭാഗം; 1919 ഡിസംബറിൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ ഒരു കഥയായി പ്രസിദ്ധീകരിച്ചു. കഥയിലെ ചക്രവർത്തി അനഭിഗമ്യനാണ്‌; രാജാവും പ്രജയും തമ്മിലുള്ള ദൂരം അനന്തമാണ്‌. അയാളുടെ അധികാരത്തിന്റെ പ്രഭവം രാഷ്ട്രീയമോ നൈതികമോ ദൈവികമോ ആയ പ്രമാണങ്ങളൊന്നുമല്ല, മറിച്ച് പ്രജകളുടെ പരിപൂർണ്ണമായ, എതിരു പറയാത്ത വിധേയത്വമത്രെ. കാഫ്കയുടെ പിതൃരൂപമാണത്, അമൂർത്തമായ അധികാരസ്ഥാപനങ്ങളുടെ മൂർത്തരൂപം. ആ പ്രപഞ്ചകേന്ദ്രത്തിൽ നിന്ന് അതിന്റെ പുറംചക്രവാളത്തിലെ ഒരു നിസ്സാരബിന്ദുവിലേക്ക് ഏതൊരർത്ഥവ്യാപനം നടക്കുമെന്നാണു നാമാശിക്കുക? ആ കേന്ദ്രം തന്നെ ഇല്ലാതായിരിക്കെ നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുന്നു, അതിലുമുപരി പരിഹാസ്യവുമാകുന്നു.

തന്റെ രചനകളിൽ കൃത്യമായ ഒരർത്ഥം തേടുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ഈ അന്യാപദേശമെന്നും പറയാം. മരിക്കാൻ കിടക്കുന്ന തന്റെ ചക്രവർത്തിയിൽ നിന്ന് അതിനിർണ്ണായകമായ ഒരു സന്ദേശം കാത്തിരിക്കുന്ന പ്രജയെപ്പോലെ വായനക്കാരനും വ്യർത്ഥമായി കാത്തിരിക്കുന്നു, എഴുത്തുകാരൻ തനിക്കായി കൊടുത്തയച്ചിരിക്കുന്ന ആത്യന്തികമായ ആ അർത്ഥത്തിനായി.)


A new English translation of the story

Wednesday, January 13, 2016

കാഫ്ക - ലക്ഷ്യം

1309730401_910215_0000000005_album_normal


കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടു വരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരന്‌ ഞാൻ പറഞ്ഞതു മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ ലായത്തിൽ പോയി കുതിരയെ ജീനിയണിച്ച് അതിന്റെ പുറത്തു കയറി. അകലെ ഒരു ബ്യൂഗിൾ വിളി ഞാൻ കേട്ടു. അതെന്താണെന്ന് ഞാൻ അവനോടു ചോദിച്ചു. അവനു യാതൊന്നും അറിയില്ലായിരുന്നു, അവൻ യാതൊന്നും കേട്ടിരുന്നുമില്ല. കവാടത്തിൽ വച്ച് അവൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു: “യജമാനൻ എങ്ങോട്ടു പോകുന്നു?” “എനിക്കറിയില്ല,” ഞാൻ പറഞ്ഞു, “ഇവിടെ നിന്നൊന്നകലെപ്പോവുക. ഇവിടെനിന്നകലെപ്പോവുക. ഇവിടെ നിന്നകലെയ്ക്കകലെയ്ക്കു പോവുക, അങ്ങനെയേ എനിക്കെന്റെ ലക്ഷ്യമെത്താൻ കഴിയൂ.” “അപ്പോൾ അങ്ങെയ്ക്കൊരു ലക്ഷ്യമുണ്ട്?” അവൻ ചോദിച്ചു. “അതെ,” ഞാൻ പറഞ്ഞു, “ അതു ഞാനിപ്പോൾ നിന്നോടു പറഞ്ഞതല്ലേയുള്ളു? ഇവിടെ നിന്നകലെ- അതാണെന്റെ ലക്ഷ്യം.” “അങ്ങു യാത്രയ്ക്കു വേണ്ടതൊന്നും കരുതീട്ടില്ലല്ലോ,” അവൻ പറഞ്ഞു. “എനിക്കൊന്നും ആവശ്യമില്ല,” ഞാൻ പറഞ്ഞു, “അത്ര ദീർഘമാണു യാത്ര എന്നതിനാൽ വഴിയിൽ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ വിശന്നു മരിക്കട്ടെ. ഒരു കരുതലും എന്നെ രക്ഷിക്കില്ല. എന്തെന്നാൽ, ഭാഗ്യത്തിന്‌, ശരിക്കും പരിധിയറ്റൊരു യാത്രയാണത്.”
(1922)


(യജമാനന്‌ തന്റെ ലക്ഷ്യമറിയാം; ആ ലക്ഷ്യം പക്ഷേ, വേലക്കാരനു മനസ്സിലാകുന്നതല്ല. ഒരു സാധാരണക്കാരനു ലഭ്യമല്ലാത്ത ഒരു വീക്ഷണം ആവശ്യപ്പെടുന്ന ലക്ഷ്യമാണത്. യജമാനനും പക്ഷേ, കാര്യമായ വിവരമില്ലാത്ത ഒരു നിയോഗവുമാണത്. ഇവിടെ നിന്നകലെ- ആ കല്പനയാണ്‌ അയാളെ സംബന്ധിച്ചിടത്തോളം തന്റെ നിയോഗം. ചോദ്യങ്ങൾ ഉയരുന്നുവെങ്കിലും വേലക്കാരന്‌ തന്റെ യജമാനനോട് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല; ഒരാൾ പറയുന്നത് മറ്റൊരാൾക്കു പിടി കിട്ടാത്ത രീതിയിൽ അത്ര മൌലികമായ ഒരു വിച്ഛേദം അവർക്കിടയിലുണ്ട്. യാത്രക്കിടയിൽ എന്തു കഴിക്കും എന്നതാണ്‌ വേലക്കാരന്റെ ഉത്ക്കണ്ഠയെങ്കിൽ, നമ്മുടെ ഭൌതികാവശ്യങ്ങൾക്ക് ഒരു സ്ഥാനവുമില്ലാത്ത ഒരു അതിഭൌതികയാത്രയെക്കുറിച്ചാണ്‌ യജമാനൻ സംസാരിക്കുന്നത്. അയാൾ തന്റെ യജമാനനിൽ നിന്നു വേർപെട്ടു പോയിരിക്കുന്നു. അവർ അന്യോന്യം സംസാരിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് വിഭിന്നദിശകളിലേക്കാണ്‌, തമ്മിൽ ബന്ധമില്ലാത്ത യാഥാർത്ഥ്യങ്ങളിലേക്കാണ്‌. ഇത് അസംബന്ധമായി നമുക്കു തോന്നുന്നു. പരസ്പരം നോക്കിനില്ക്കുന്ന രണ്ടു യാഥാർത്ഥ്യങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും പരസ്പരം മൂകരാണ്‌. മനുഷ്യർ പരസ്പരം ചോദ്യം ചോദിക്കുന്നുവെങ്കിലും ഒരു പൊതുബോധത്തിന്റെ അഭാവത്തിൽ വാക്കുകൾ അവരെ ഒഴിഞ്ഞു പോവുകയാണ്‌. ഇതിനെ അസംബന്ധമെന്നു പറയുമ്പോൾ എത്ര ആഴത്തിലാണ്‌ മനുഷ്യൻ മനുഷ്യനിൽ നിന്നകന്നുപോയിരിക്കുന്നതെന്ന് നാം നമുക്കു തന്നെ വെളിപ്പെടുത്തുകയാണ്‌.

( From William Kluback- The Parable, The Paradox, The Question)


My Destination (transl. Alex Flores)

I called for my horse to be brought from the stable. The servant did not

understand me. I myself went into the stable, saddled my horse and mounted.

In the distance I heard a trumpet blast. I asked him what it meant but he

did not know and had not heard it. By the gate he stopped me and asked

"where are you riding to sir?" I answered "away from here, away from here,

always away from here. Only by doing so can I reach my destination." "Then

you know your destination" he asked. "Yes" I said "I have already said so,

'Away-From-Here' that is my destination." "You have no provisions with you"

he said. "I don't need any" I said. "The journey is so long that I will die

of hunger if I do not get something along the way. It is, fortunately, a

truely immense journey."

Revision: 2011/01/08 - 00:18 - © Mauro Nervi

കാഫ്ക - പുതിയ വക്കീല്‍

download


ഞങ്ങള്‍ക്ക്‌ പുതിയൊരു വക്കീല്‍ വന്നിട്ടുണ്ട്‌: ഡോ. ബ്യൂസിഫാലസ്സ്‌. മഹാനായ അലക്‌സാണ്ടറുടെ പടക്കുതിരയായിരുന്ന കാലത്തെ അനുസ്‌മരിപ്പിക്കുന്നതായി വലുതായൊന്നും പുറംകാഴ്‌ചയില്‍ അദ്ദേഹത്തില്‍ കാണാനില്ല; എങ്കിലും ആ വക കാര്യങ്ങള്‍ പരിചയമായ ഏതൊരാള്‍ക്കും ചിലതൊക്കെ കണ്ടെടുക്കാവുന്നതേയുള്ളു. കഴിഞ്ഞൊരു ദിവസം കോടതിയുടെ പടവുകളില്‍ വച്ച്‌, പതിവായി കുതിരപ്പന്തയത്തിന്‌ പോകുന്ന ഒരാളുടെ നിപുണനേത്രങ്ങളുള്ള ഒരു സാധാരണ ശിപായി പോലും ഈ പുതിയ വക്കീലിനെ വിസ്‌മയത്തോടെ തുറിച്ചുനോക്കിനില്‌ക്കുന്നതു ഞാന്‍ കണ്ടു; ഓരോ ചുവടുവയ്‌പിലും മാര്‍ബിള്‍ പടവുകള്‍ മുഴങ്ങുമാറ്‌ ചവിട്ടിക്കുതിച്ചു കയറുകയായിരുന്നു അദ്ദേഹം.

ബ്യൂസിഫാലസ്സിനെ കോടതിയില്‍ പ്രവേശിപ്പിച്ചതിനോട്‌ ബാറിന്റെ അധികാരികള്‍ക്കു പൊതുവെ സമ്മതമാണ്‌. ഇക്കാലത്തെ സാമൂഹ്യക്രമത്തെ സംബന്ധിച്ചിടത്തോളം ബ്യൂസിഫാലസ്സ്‌ വല്ലാത്തൊരു വിഷമസന്ധിയിലായിരിക്കെ, ആ ഒരു കാരണം കൊണ്ടെന്നപോലെ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം ഏറ്റവും കുറഞ്ഞത്‌ മര്യാദയെങ്കിലും അര്‍ഹിക്കുന്നു എന്നാണ്‌ പ്രശംസനീയമായ ഉള്‍ക്കാഴ്‌ചയോടെ അവര്‍ അന്യോന്യം പറയുന്നത്‌. ഇന്ന്‌-ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്‌തുതയാണത്‌- മഹാനായ അലക്‌സാണ്ടര്‍ എന്നു പറയാന്‍ ആരുമില്ല. കൊല ചെയ്യാനറിയാവുന്ന ധാരാളമാള്‍ക്കാരുണ്ട്‌; വിരുന്നുമേശക്കു കുറുകെ കുന്തമെറിഞ്ഞ്‌ സ്വന്തം ചങ്ങാതിയെ വീഴ്‌ത്തുന്നതിനാവശ്യമായ വൈദഗ്‌ധ്യമുള്ളവര്‍ക്കും കുറവൊന്നുമില്ല; മാസിഡോണിയായില്‍ നിന്നു തിരിയാന്‍ ഇടമില്ല എന്നു പറഞ്ഞു പിതാവായ ഫിലിപ്പിനെ പഴിപറയുന്നവരും നിരവധിയാണ്‌- എന്നാല്‍ ഒരാളുപോലും ഇന്‍ഡ്യയിലേക്കുള്ള വഴി നയിക്കാന്‍ പ്രാപ്‌തനായിട്ടില്ല. അക്കാലത്തു തന്നെ ഇന്‍ഡ്യയുടെ കവാടങ്ങള്‍ അപ്രാപ്യമായിരുന്നു; പക്ഷേ രാജാവിന്റെ വാള്‍ അവ എവിടെയാണെന്ന ലക്ഷ്യം നല്‌കിയിരുന്നു. ഇന്ന്‌ ആ കവാടങ്ങള്‍ അന്നത്തേക്കാള്‍ വിദൂരവും ഉന്നതവുമായ മറ്റൊരിടത്തേക്ക്‌ പിന്‍മാറിയിരിക്കുന്നു; ആരും ലക്ഷ്യം നല്‌കാനില്ല; പലരുടെ കൈകളിലും വാളുകളുണ്ട്‌; പക്ഷേ വെറുതേ വീശിനടക്കാന്‍ മാത്രമാണവ; അവയെ പിന്‍തുടരാന്‍ തുനിയുന്ന കണ്ണുകള്‍ കുഴങ്ങിപ്പോവുകയേയുള്ളു. ആയതിനാല്‍ ബ്യൂസിഫാലസ്സ്‌ ചെയ്‌തതുപോലെ നിയമഗ്രന്ഥങ്ങളില്‍ ആണ്ടുമുഴുകുകയാണ്‌ നല്ലതെന്ന്‌്‌ തോന്നിപ്പോകുന്നു. സവാരിക്കാരന്റെ ഭാരമറിയാതെ, പ്രശാന്തമായ വിളക്കുവെട്ടത്തിലിരുന്ന്‌ നമ്മുടെ പുരാതനനിയമസംഹിതകള്‍ താളുമറിച്ചുവായിക്കുകയാണ്‌ അദ്ദേഹം.
(1919)


The New Attorney

We have a new attorney, Dr. Bucephalus. There is little about his external appearance to remind one of the time when he was still Alexander of Macedon's charger. But anyone familiar with such matters can still notice something. Did I not just lately see even a quite simple court attendant stare at the lawyer with the professional eye of a modest racetrack follower as the latter, lifting his legs high, mounted the outside stairs step by step, with a tread that made the marble ring?

The bar has in general approved of Bucephalus' admission. They tell themselves, with amazing insight, that Bucephalus' position under our present social system is a difficult one and that he therefore--and also because of his world-historical significance--deserves to be met halfway. Today, as no one can deny, there is no Alexander the Great. Many, of course, still know how to murder; nor is there any lack of skill at stabbing your friend over the banquet table with a lance; and for many Macedonia is too narrow, so that they curse Philip, the father--but no one, no one can lead us to India. Even in those days India's gates were unattainable, but their direction was designated by the royal sword. Today the gates have been shifted elsewhere and higher and farther away; nobody points out their direction; many hold swords, but only to flourish them, and the glance that tries to follow them becomes confused.

Therefore it may really be best, perhaps, to do as Bucephalus has done and bury oneself in the law books. Free, his flanks unpressed by the thighs of a rider, under a quiet lamp, far from the din of Alexander's battles, he reads and turns the pages of our old books.

കാഫ്ക - ജനാലയിലൂടെ അലസമായി നോക്കുമ്പോള്‍

absent_minded_window_gazing_2_by_dontforgetfrank

ആസന്നമായിക്കഴിഞ്ഞ ഈ വസന്തകാലം നമ്മള്‍ ഏതു രീതിയിലാണ്‌ ചെലവഴിക്കാന്‍ പോകുന്നത്‌? ഇന്നു രാവിലെ നോക്കുമ്പോള്‍ ആകാശത്തിനു നരച്ച നിറമായിരുന്നു; പക്ഷേ ഇപ്പോള്‍ ജനാലയുടെ അടുത്തു വന്നു നില്‌ക്കുമ്പോഴാകട്ടെ, നാം ആശ്ചര്യപ്പെട്ടുപോകുന്നു, ജനലഴിയില്‍ കവിളമര്‍ത്തി നാം നിന്നുപോകുന്നു.
സൂര്യന്‍ അസ്‌തമിക്കാന്‍ തുടങ്ങുകയാണെങ്കില്‍ക്കൂടി അങ്ങുതാഴെ, ചുറ്റും നോക്കി നടന്നുവരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖത്തെ അതു ദീപ്‌തമാക്കുന്നതു നിങ്ങള്‍ക്കു കാണാം; അതേ സമയം അവളെ പിന്നിലാക്കി നടന്നുകേറുന്ന ഒരു പുരുഷന്റെ നിഴല്‍ അവളുടെ മേല്‍ വന്നുവീഴുന്നതും നാം കാണുന്നുണ്ട്‌.
ഇപ്പോള്‍ ആ മനുഷ്യന്‍ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു; പെണ്‍കുട്ടിയുടെ മുഖം പ്രകാശപൂര്‍ണ്ണവുമാണ്‌.
(1913)


Absent-minded Window-gazing

by Franz Kafka

Translated by Willa and Edwin Muir

What are we to do with these spring days that are now fast coming on? Early this morning the sky was gray, but if you go to the window now you are surprised and lean your cheek against the latch of the casement.

The sun is already setting, but down below you see it lighting up the face of the little girl who strolls along looking about her, and at the same time you see her eclipsed by the shadow of the man behind overtaking her.

And then the man has passed by and the little girl's face is quite bright.

കാഫ്ക - പ്രിയപ്പെട്ട ഫെലിസ്

cze24

ഫെലിസ് ബോവർ (1887-1960)- 1912 ഓഗസ്റ്റ് 13ന്‌ മാക്സ് ബ്രോഡിന്റെ വീട്ടിൽ വച്ചു പരിചയപ്പെട്ടു. ഗ്രാമഫോണുകളും പാർലോഗ്രാഫുകളും നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ജോലിക്കാരിയായിരുന്നു. എല്ലു തെഴുത്തതും, ഉള്ളിലെ ഇല്ലായ്മ പുറത്തു കാണിക്കാൻ മടിക്കാത്തതുമായ ആ മുഖംആദ്യം കാഫ്കയെ അത്ര ആകർഷിച്ചില്ല. പിന്നീടു പക്ഷേ കത്തുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. അവർ തമ്മിൽ രണ്ടു തവണ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും കാഫ്ക പിന്മാറുകയായിരുന്നു.


പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

എന്നെക്കുറിച്ച് അത്ര വിദൂരമായ ഒരോർമ്മ പോലും ശേഷിക്കുന്നില്ലെന്നാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേര്‌ ഫ്രാൻസ് കാഫ്ക എന്നാണ്‌; പ്രാഗിൽ ഡയറക്റ്റർ ബ്രോഡിന്റെവിടെ അന്നു രാത്രിയിൽ നിങ്ങളോടാദ്യമായി കുശലം പറഞ്ഞ വ്യക്തി ഞാനായിരുന്നു; അതിനു ശേഷം ഒരു താലിയായാത്രയുടെ ഫോട്ടോകൾ മേശയ്ക്കു മുകളിലൂടെ ഒന്നൊന്നായി നിങ്ങൾക്കെടുത്തു തന്നയാൾ; ഏറ്റവും ഒടുവിലായി, ഇപ്പോൾ ഈ താക്കോൽക്കൂട്ടത്തിൽ പെരുമാറുന്ന ഇതേ കൈ കൊണ്ട് നിങ്ങളുടെ കരം ഗ്രഹിച്ചയാളും- അടുത്ത കൊല്ലം അയാൾ പാലസ്തീനിലേക്കു പോവുമ്പോൾ ഒപ്പം ചെല്ലാമെന്നൊരു വാഗ്ദാനത്തിന്‌ ഉറപ്പു നല്കുകയും ചെയ്തിരുന്നു നിങ്ങൾ.

ഇനി, അങ്ങനെയൊരു യാത്ര നടത്താമെന്നു തന്നെയാണ്‌ ഇപ്പോഴും നിങ്ങളുടെ ആഗ്രഹ മെങ്കിൽ - പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നയാളാണു താനെന്നായിരുന്നു അന്നു നിങ്ങളെന്നോടു പറഞ്ഞത്, അതങ്ങനെയല്ലെന്നതിന്റെ ലക്ഷണമൊന്നും ഞാൻ നിങ്ങളിൽ കണ്ടതുമില്ല- പിന്നെ ചെയ്യാനുള്ള ശരിയായ കാര്യം, മാത്രമല്ല അത്യന്താപേക്ഷിതമായ കാര്യം, യാത്രയെക്കുറിച്ചു നാം ഉടനേതന്നെ ചർച്ച ചെയ്തു തുടങ്ങുക എന്നതാണ്‌. കാരണം, നമ്മുടെ ഒഴിവുദിനങ്ങളുടെ ഓരോ മിനുട്ടും നമുക്കുപയോഗപ്പെടുത്തേണ്ടതായി വരും; അത്ര നീണ്ടൊര വധിക്കാലം, ഒരു പാലസ്തീൻ യാത്രയുടെ കാര്യത്തിൽ വിശേഷിച്ചും, നമുക്കു കിട്ടില്ലെന്നു മോർക്കണമല്ലോ; അതിനു പക്ഷേ സാധ്യമായത്ര ശുഷ്കാന്തിയോടെ നാം സ്വയം ഒരുങ്ങണം, എല്ലാ ഒരുക്കങ്ങളും ഇരുവർക്കും സമ്മതമാവുകയും വേണം.

ഒരു സംഗതി എനിക്കേറ്റുപറയാനുണ്ട്, കേൾക്കുമ്പോൾ മോശമാണെങ്കിലും, ഞാനിതേവരെ പറഞ്ഞുകൊണ്ടു വന്നതിനു നിരക്കാത്തതാണെങ്കിലും: കത്തയയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥിരത യില്ലാത്തയാളാണു ഞാൻ. ടൈപ്പുറൈറ്റർ കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട; കാരണം എഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനെങ്കിൽ എഴുത്തു നടത്താനായി വിരൽ ത്തുമ്പുകളുണ്ടാകുമായിരുന്നല്ലോ. മറുവശം പറഞ്ഞാൽ, എഴുതുന്ന ഓരോ കത്തിനും മടക്കത്ത പാലിൽത്തന്നെ മറുപടി കിട്ടിക്കോളുമെന്ന പ്രതീക്ഷയും എനിക്കില്ല; വരും വരുമെന്ന പ്രതീ ക്ഷയോടെ കാത്തിരുന്ന ഒരു കത്ത് ദിവസങ്ങൾ കഴിഞ്ഞും വരാതിരിക്കുമ്പോൾ നിരാശനാകാ റുമില്ല ഞാൻ; ഇനി ഒടുവിൽ അതു വന്നാൽത്തന്നെ ഞാനൊന്നു നടുങ്ങിയെന്നും വരാം. പുതി യൊരു ഷീറ്റു കടലാസ് ടൈപ്പുറൈറ്ററിൽ തിരുകുമ്പോൾ എനിക്കു ബോധ്യമാവുകയാണ്‌, ഉള്ളതിലധികം വിഷമം പിടിച്ച ഒരാളായിട്ടാണ്‌ ഞാൻ സ്വയം വർണ്ണിച്ചതെന്ന്. അങ്ങനെ യൊരു പിശകു ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്കു കിട്ടേണ്ടതു തന്നെ; ആറു മണിക്കൂർ ഓഫീസുജോലിയ്ക്കു ശേഷം ഇങ്ങനെയൊരു കത്തെഴുതാൻ ഞാനെന്തിനു തീരുമാനിച്ചു, അതും എനിക്കു പരിചയമില്ലാത്ത ഒരു ടൈപ്പുറൈറ്ററിലും?

എന്നാലും, എന്നാലും- ടൈപ്പുറൈറ്റർ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരേയൊരു ദൂഷ്യം പറഞ്ഞുവരുന്നതിന്റെ തുമ്പു പെട്ടെന്നു വിട്ടുപോകും എന്നതാണ്‌ - ഒരു സഹയാത്രികനായി, ഒരു വഴികാട്ടിയായി, ഒരു ബാദ്ധ്യതയായി, ഒരു സ്വേച്ഛാധിപതിയായി, അതുമല്ലെങ്കിൽ ഞാനിനി എന്തായി വരുമോ അതായി എന്നെ തിരഞ്ഞെടുക്കുന്നതിൽ സംശയങ്ങളുയർന്നാലും, പ്രായോഗികമായ സംശയങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്, കത്തുകളിലൂടെ സമ്പർക്കം പുലർത്താനൊരാളെന്ന നിലയിൽ എന്നെ കൂട്ടാൻ ( തല്ക്കാലത്തേക്ക് അതിനെക്കുറിച്ചേ ചിന്തിക്കാനുള്ളൂ) മുൻകൂർ തടസ്സവാദങ്ങളൊന്നും നിങ്ങൾക്കുണ്ടാവില്ലെന്നു കരുതട്ടെ; അതിൽ എനിക്കൊരവസരം തന്നു നോക്കുകയുമാവാം.
എത്രയുമാത്മാർത്ഥതയോടെ,

ഡോ. ഫ്രാൻസ് കാഫ്ക

(1912 സെപ്തംബർ 20നു കാഫ്ക ഫെലിസിനയച്ച ആദ്യത്തെ കത്ത്. ഡയറക്റ്റർ ബ്രോഡെന്നു പറഞ്ഞിരിക്കുന്നത് കാഫ്കയുടെ സ്നേഹിതനായ മാക്സ് ബ്രോഡിന്റെ അച്ഛൻ അഡോൾഫ് ബ്രോഡിനെയാണ്‌; അദ്ദേഹം പ്രാഗിലെ യൂണിയൻ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. മാക്സ് ബ്രോഡിന്റെ സഹോദരി സോഫിയുടെ കസിനാണ്‌ ഫെലിസ്.
താലിയായാത്ര എന്നുദ്ദേശിച്ചിരിക്കുന്നത് 1912ലെ വേനല്ക്കാലത്ത് ബ്രോഡും കാഫ്കയും കൂടി ഗെയ്ഥെയുടെ ജന്മസ്ഥലമായ വെയ്മറിലേക്കു നടത്തിയ യാത്രയാവണം)

*


പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

പതിനഞ്ചു ദിവസം മുമ്പ് രാവിലെ പത്തു മണിയ്ക്ക് എനിക്കു നിങ്ങളുടെ ആദ്യത്തെ കത്തു കിട്ടി; ചില നിമിഷങ്ങൾക്കു ശേഷം ഞാനിരുന്ന് നാലു നെടുങ്കൻ പേജുകൾ നിങ്ങളുടെ പേർക്കെ ഴുതുകയും ചെയ്തു. അതൊരു പാഴ്വേലയായതായി ഞാൻ കരുതുന്നില്ല; കാരണം, മറ്റെന്തു ചെയ്താലും അത്രയുമൊരു സന്തോഷം എനിക്കുണ്ടാവുമായിരുന്നില്ലല്ലോ. എനിക്കാകെയുള്ള ഖേദം, എഴുതിക്കഴിഞ്ഞപ്പോൾ പറയാനാഗ്രഹിച്ചതിന്റെ ചെറിയൊരു തുടക്കം കുറിയ്ക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു എന്നതു മാത്രം. അതിനാൽ കത്തിന്റെ എഴുതാതെ തടുത്തുവച്ച ഭാഗം ദിവസങ്ങളായി മനസ്സിനെ വിടാതെ പിന്തുടരുകയും, അസ്വസ്ഥമാക്കുകയുമായിരുന്നു. ഒടുവിൽ ആ അസ്വസ്ഥതയുടെ സ്ഥാനം നിങ്ങളുടെ മറുപടി വരുമെന്നുള്ള പ്രതീക്ഷയും, പിന്നെ ആ പ്രതീക്ഷയുടെ പടിപടിയായുള്ള നാശവും കൈയടക്കി.
എന്തുകൊണ്ടാണ് എനിക്കെഴുതാതിരുന്നതെന്നൊന്നു പറയൂ- നിങ്ങളുടെ മനസ്സമാധാനം കെടുത്തുന്ന വിഡ്ഡിത്തമെന്തോ എന്റെ കത്തിലുണ്ടായിരുന്നുവെന്നു വരാം; ആ കത്തിന്റെ രീതി വച്ചു നോക്കുമ്പോൾ അതിനു നല്ല സാധ്യതയുമുണ്ട്. പക്ഷേ ഞാനെഴുതിയ ഓരോ വാക്കിന്റെയും പിന്നിലുള്ള സദുദ്ദേശ്യം നിങ്ങളുടെ കണ്ണില്പ്പെടാതെ പോകാൻ വഴിയില്ലല്ലോ- ഒരു കത്ത് അങ്ങനെ വഴി തെറ്റിപ്പോകുമോ? എന്റെ കത്തിനു പിന്നിലെ വ്യഗ്രതയുടെ വലിപ്പം വച്ചുനോ ക്കുമ്പോൾ അതൊരിക്കലും ലക്ഷ്യം കാണാതെവരാൻ പാടില്ലാത്തതാണ്‌; നിങ്ങളുടേതാവട്ടെ, വ്യഗ്രതയോടെ പ്രതീക്ഷിച്ചിരുന്നതും. കത്തുകൾ അവ കാത്തിരിക്കുന്നവരുടെ മനസ്സിലല്ലാതെ മറ്റെവിടെയാണു നഷ്ടപ്പെട്ടുപോവുക, മറ്റൊരു വിശദീകരണം കണ്ടെത്താൻ നമുക്കു കഴിഞ്ഞി ല്ലെങ്കിൽപ്പിന്നെ? അതോ, വീട്ടുകാർക്കത്ര മതിപ്പില്ലാത്ത ആ പലസ്തീൻ യാത്ര കാരണം എന്റെ കത്ത് നിങ്ങളുടെ കൈയിലെത്താതെ പോയതാവുമോ? പക്ഷേ ഒരു കുടുംബത്തിനുള്ളിൽ അങ്ങനെയൊന്നു നടക്കുമോ, അതും നിങ്ങളെപ്പോലൊരാളുടെ കാര്യത്തിൽ? എന്റെ കണക്കു കൂട്ടൽ പ്രകാരം ആ കത്ത് ഞായറാഴ്ച രാവിലെ എത്തേണ്ടതായിരുന്നു.- അപ്പോൾപ്പിന്നെ ശേഷിക്കുന്നത് നിങ്ങൾക്കെന്തോ അസുഖമാണെന്ന ദുഃഖകരമായ സാധ്യത മാത്രം. പക്ഷേ എനിക്കതു വിശ്വാസമല്ല. അത്രയും ആരോഗ്യവതിയും ഉന്മേഷവതിയുമാണല്ലോ നിങ്ങൾ.- പക്ഷേ ഇപ്പോഴേക്കും യുക്തിസഹമായി ചിന്തിക്കാനുള്ള ശേഷി എന്നെ വിട്ടുപോവുകയായി; ഞാൻ ഈ കത്തെഴുതുന്നതാവട്ടെ, ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയൊന്നും വച്ചുകൊണ്ടല്ല, എന്നോടു തന്നെയുള്ള ഒരു കടമ തീർക്കലായിമാത്രം.

നിങ്ങളുടെ വീട്ടിൽ ഈ കത്തു കൊണ്ടുവരുന്ന ഇമ്മാനുവൽ കിർച്സ്ട്രാസെ പോസ്റ്റുമാനായി രുന്നു ഞാനെങ്കിൽ അമ്പരന്നു നില്ക്കുന്ന നിങ്ങളുടെ ഒരു കുടുംബാംഗത്തെയും തട്ടിമാറ്റി, സകല മുറികളും കടന്നുകയറി ഞാൻ നേരേ നിങ്ങളുടെ മുറിയിലെത്തുകയും നിങ്ങളുടെ കൈയിൽ അതു വച്ചുതരികയും ചെയ്യുമായിരുന്നു; അങ്ങനെയുമല്ല, നിങ്ങളുടെ മുറിയുടെ വാതിലിനു പുറത്തു നിന്നുകൊണ്ട് ഞാൻ നിർത്താതെ മണിയടിക്കുമായിരുന്നു, എന്റെ സന്തോഷത്തി നായി, എല്ലാ പിരിമുറുക്കങ്ങളുമയയ്ക്കുന്ന സന്തോഷത്തിനായി!

(1912 ഒക്റ്റോബർ 13)


( ഇമ്മാനുവൽ
കിർച്സ്ട്രാസെ- ബെര്‍ലിനിൽ ഫെലിസ് താമസിക്കുന്ന തെരുവ്‌.)

*


പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,

ഞാൻ ഇങ്ങനെ സംബോധന ചെയ്യുന്നതു കൊണ്ടു വിരോധം തോന്നരുതേ, ഈയൊരു സന്ദർഭത്തിലെങ്കിലും. കാരണം, നിങ്ങൾ പലപ്പോഴും ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാനാണെങ്കിൽ തികച്ചും വ്യക്തിപരമായ പലതും എനിക്കു പരാമർശിക്കേണ്ടിവരും; അവയൊക്കെ വെറുമൊരു ‘ഫ്രൗളിൻ ബോവറോ’ടു പറയാൻ എനിക്കു പറ്റുകയുമില്ല. മറ്റൊരു കാര്യം, ഈ പുതിയ സംബോധനാരൂപം അത്ര മോശമാ ണെന്ന് എനിക്കു തോന്നുന്നുമില്ല. അതല്ലെങ്കിൽ ഇത്രയും സംതൃപ്തിയോടെ, നീണ്ടുനില്ക്കുന്ന സംതൃപ്തിയോടെ എനിക്കിത് ആലോചിച്ചെടുക്കാനും കഴിയുമായിരുന്നില്ലല്ലോ.

എന്റെ ജീവിതമെന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ എഴുതാനുള്ള ശ്രമങ്ങളായിരുന്നു, മിക്കപ്പോഴും പരാജയപ്പെട്ടവയും. പക്ഷേ എഴുതാത്ത സമയത്ത് നിലത്തു ചടഞ്ഞുവീഴുക യാണു ഞാൻ; പിന്നെയെന്നെ കുപ്പത്തൊട്ടിയിലേക്കെടുത്തിടുകയേ വേണ്ടു. എന്റെ കരുത്തു കൾ എന്നും വളരെ തുച്ഛമായിരുന്നു. അന്നതെനിക്കത്ര ബോധ്യമായിരുന്നില്ലെങ്കില്ക്കൂടി, വൈകാതെ എനിക്കു മനസ്സിലായി, എന്റെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നിയതു കൈവ രിക്കാൻ മാത്രമുള്ള കരുത്തു ബാക്കിയുണ്ടാവണമെങ്കിൽ എല്ലാ വശത്തും ഞാനല്പാല്പം ലോഭിക്കേണ്ടിവരുമെന്ന്, എല്ലാ വശത്തും ഞാനല്പം ത്യജിക്കേണ്ടിവരുമെന്നും. അങ്ങനെ ചെയ്യാതെ ( എന്റെ ദൈവമേ, ഈയൊരൊഴിവുദിവസം പോലും എനിക്കു സമാധാനം കിട്ടുന്നില്ല; എനിക്കു ഡ്യൂട്ടി ഓഫീസറുടെ ജോലി തന്നിരിക്കുകയാണ്‌; ആളുകളുടെ വരവു തന്നെ, ഒരു പിശാചിൻ പറ്റത്തെ അഴിച്ചുവിട്ടപോലെ). എന്റെ ശക്തിക്കുമപ്പുറത്തേക്കു പോകാൻ ഞാനൊന്നു ശ്രമിച്ചുപോയാൽ, മുറിപ്പെട്ടവനും, നിന്ദിതനും, ബലഹീനനുമായി പിന്നോട്ടടിക്കു കയാണു ഞാൻ. അതേസമയം, തല്ക്കാലത്തേക്കെന്നെ അസന്തുഷ്ടനാക്കുന്ന അതേ വസ്തുത തന്നെയാണ്‌ കാലാന്തരത്തിൽ എനിക്കാത്മവിശ്വാസം തരുന്നതും; കണ്ടെത്തുക അത്ര ദുഷ്ക രമാണെങ്കില്ക്കൂടി എനിക്കായിട്ടെവിടെയോ ഒരു ഭാഗ്യനക്ഷത്രം തിളങ്ങിനില്പ്പുണ്ടെന്നും, അതിന്റെ ദൃഷ്ടിയ്ക്കു കീഴിൽ ജീവിതം നയിക്കുക സാധ്യമാണെന്നുമുള്ള ഒരു ചിന്ത എനിക്കുണ്ടായി വരുന്നു. എഴുത്തിനു വേണ്ടി ഞാൻ ബലി കൊടുത്ത സംഗതികളുടെ വിശദമായ ഒരു പട്ടിക ഒരിക്കൽ ഞാൻ തയാറാക്കുകയുണ്ടായി; എഴുത്തിന്റെ പേരിൽ എനിക്കു വിലക്കപ്പെട്ട പലതി ന്റെയും. ഇങ്ങനെയൊരു വിശദീകരണം കൊണ്ട് അവയുടെ നഷ്ടം സഹിച്ചുപോകാൻ എനിക്കു കഴിയുന്നു എന്നു വേണമെങ്കിലും പറയാം.

ഞാൻ മെലിഞ്ഞയാളാണെന്ന പോലെതന്നെ ( എന്നെപ്പോലെ മെലിഞ്ഞൊരാൾ എന്റെ പരിചയത്തിലില്ല, സാനിറ്റോറിയങ്ങൾ എനിക്കപരിചിതവുമല്ല) എഴുത്തിനെ സംബന്ധിച്ചിട ത്തോളം ഉപരിപ്ളവമെന്നു പറയാവുന്ന, കവിഞ്ഞൊഴുകുന്ന എന്ന അർത്ഥത്തിൽ, യാതൊന്നും എന്റെ കാര്യത്തിലില്ല. എന്നെ ഉപയോഗപ്പെടുത്താനിച്ഛിക്കുന്ന, അഥവാ ഉപയോ ഗപ്പെടുത്തുന്ന ഒരതീതശക്തിയുണ്ടെങ്കിൽ അതിന്റെ കാരുണ്യത്തിനു കീഴ്പ്പെട്ടവനാണു ഞാൻ, കൈ നീട്ടിയെടുക്കാവുന്ന ഒരുപകരണം എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെയെങ്കിലുമായി. അതുമല്ലെങ്കിൽ യാതൊന്നുമല്ല ഞാൻ; ഭീകരമായ ഒരു ശൂന്യതയിലേക്ക് എടുത്തെറിയപ്പെടുക യാണു ഞാൻ.

ഇപ്പോഴിതാ, നിങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കു കൂടി ഇടം കണ്ടെത്താനായി ഞാൻ എന്റെ ജീവിതത്തെ വിപുലപ്പെടുത്തിയിരിക്കുന്നു; ഉണർന്നിരിക്കുന്ന സമയത്തിൽ ഒരു കാൽ മണി ക്കൂർ പോലുമില്ല ഞാൻ നിങ്ങളെക്കുറിച്ചോർക്കാത്തതായി; മറ്റൊന്നും തന്നെ ചെയ്യാത്ത കാൽ മണിക്കൂറുകൾ എത്രയോ. അതും പക്ഷേ, എന്റെ എഴുത്തിനോടു ബന്ധപ്പെട്ടാണിരിക്കുന്നത്; എന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതു തന്നെ എന്റെ എഴുത്തിന്റെ കേറ്റിറക്കങ്ങളാണ്‌; ഊഷര മായ ഒരു കാലമാണെങ്കിൽ നിങ്ങളിലേക്കു തിരിയാനുള്ള ധൈര്യം തന്നെ എനിക്കുണ്ടാവില്ല...

എഴുതാൻ വേണ്ടി മാത്രമായി ഇണക്കിവച്ചിരിക്കുകയാണു ഞാൻ എന്റെ ജീവിതരീതിയെ; അതിൽ ഏതെങ്കിലും ഭേദപ്പെടുത്തലുകൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ എന്റെ എഴുത്തിനോടു കൂടുതൽ ഇണങ്ങിച്ചേരാൻ വേണ്ടി മാത്രവുമായിരിക്കും. എത്ര ഹ്രസ്വമാണു കാലം; പരിമിത മാണ്‌ എന്റെ കരുത്തുകൾ; ഓഫീസാകട്ടെ, ഒരു പേടിസ്വപ്നം; താമസിക്കുന്നിടം ഒച്ചയൊഴിയാ ത്തതൊന്നും; ഒരു നേർജീവിതം സാദ്ധ്യമല്ലെങ്കിൽ ഉപായത്തിൽ ഞെരുങ്ങിക്കടന്നുപോകാ നുള്ള വൈദഗ്ദ്ധ്യമെങ്കിലും കാണിക്കണം. താൻ പറയാൻ ഉദ്ദേശിക്കുന്നതല്ല, തന്‍റെ തളര്ച്ച യാണ്‌ താനെഴുതുന്നതിൽ വ്യക്തമായും ഭംഗിയായും പ്രകടമാവുന്നതെന്ന തിരിച്ചറിവിന്റെ ശാശ്വതദുഃഖത്തിനു മുന്നിൽ സ്വന്തം നേരം വിദഗ്ദ്ധമായി ചിട്ടപ്പെടുത്തുന്നതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി ഒന്നുമല്ലാതാവുന്നു...

ഇപ്പോഴും ഞാൻ അധികമൊന്നും പറഞ്ഞിട്ടില്ല, ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല; കത്തവ സാനിപ്പിക്കേണ്ടിയുമിരിക്കുന്നു. പക്ഷേ ഒരുത്തരം പോലും, അതിലുമുറപ്പായി ഒരു ചോദ്യം പോലും നഷ്ടപ്പെടാൻ പോകുന്നില്ല. രണ്ടു പേർക്ക് അന്യോന്യം കാണാതെ, അന്യോന്യം സംസാരിക്കാതെ അന്യന്റെ ഭൂതകാലത്തിന്റെ വലിയൊരു ഭാഗം ശരിക്കുമൊരു മിന്നായം പോലെ വെളിപ്പെട്ടുകിട്ടുന്നുവെങ്കിൽ അതൊരുതരം ആഭിചാരം തന്നെ; അതു പക്ഷേ, പുറമേ തോന്നുന്നില്ലെങ്കിൽത്തന്നെ, ഒരു ദുർമന്ത്രവാദപ്രയോഗമാണ്‌; ഫലം സുനിശ്ചിതമെങ്കിൽക്കൂടി അപായഭീതി കൂടാതെ നാമതെടുത്തുപയോഗിക്കുകയുമരുത്. അതിനാൽ ഞാനതു വെളിവാക്കു ന്നില്ല; നിങ്ങൾക്കതൂഹിക്കാനാവുമോയെന്നു നോക്കട്ടെ. ഏതു മാന്ത്രികസൂത്രവും പോലെ അത്ര സംക്ഷിപ്തമാണിതും. വിട; നിങ്ങളുടെ കൈത്തലത്തിനു മേൽ തങ്ങിനിന്നുകൊണ്ട് ഈ ആശി സ്സിനെ ഞാനൊന്നുറപ്പിക്കുകയും ചെയ്യട്ടെ.

സ്വന്തം ഫ്രാന്‍സ് കാഫ്ക

(1912 നവംബ 1)

*


പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌,

നിങ്ങൾ ഒടുവിലയച്ച രണ്ടു കത്തുകൾക്കു മുമ്പുള്ള ഒന്ന് (നിങ്ങൾ പറയുമ്പോലെ നിങ്ങളുടെ 'ഒടുവിലത്തെ കത്തുക'ളല്ല) എന്നെ ആശയക്കുഴപ്പത്തിലാക്കി; ശരിയ്ക്കും; നിങ്ങളുടെ ഒടുവി ലത്തെ കത്ത്‌ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നപോലെ അത്ര മോശമാണതെന്ന് എനിക്കറിയില്ലായിരുന്നു. അത്രയ്ക്കും എന്നെക്കുറിച്ചൊരു തീർച്ചയില്ലാത്തവനായിപ്പോയോ ഞാൻ? എന്നിലൊളിഞ്ഞുകിടക്കുന്ന അക്ഷമ, പ്രതിവിധിയില്ലാത്ത അസംതൃപ്തി ഇതൊക്കെ എന്റെ പേനത്തുമ്പിൽ കണ്ണിൽപ്പെടാവുന്നവിധം നിന്നു വിറയ്ക്കുന്നുവോ? ഞാനെന്താണർത്ഥ മാക്കുന്നതെന്ന് എന്റെ കത്തുകൾ പറഞ്ഞിട്ടു വേണമോ ഞാനറിയാൻ? എത്ര മ്ലാനമാണ്‌ എന്റെ ചുറ്റുപാടുകൾ! എന്നിട്ട്‌ ഉള്ള ശക്തിയൊക്കെയെടുത്ത്‌ നിങ്ങളെക്കൂടി ഞാനതിലേക്കു വലിച്ചിഴയ്ക്കുകയും!

എന്റെ ജീവിതത്തെക്കുറിച്ച്‌ ശരിയ്ക്കൊരു ചിത്രം നിങ്ങൾക്കു കിട്ടിയിട്ടുണ്ടോയെന്ന് എനിക്കറി യില്ല; ഉണ്ടെങ്കിൽ എന്റെ വികാരശീലത്തെ, തൊട്ടാൽ പിടഞ്ഞെഴുന്നേൽക്കാൻ തയാറായി ക്കിടക്കുന്ന ആ പൊറുതികേടിനെ ( അതെന്നിൽ നിന്നു പുറത്തു ചാടിയാൽപ്പിന്നെ ചലനമറ്റ കല്ലു പോലെ കിടപ്പുമാണു ഞാൻ) മനസ്സിലാക്കാൻ നിങ്ങൾക്കതു സഹായകമാകുമായിരുന്നു. ഒരിരുപതു തവണ ഞാൻ നിങ്ങളുടെ കത്തു വായിച്ചിരിക്കുന്നു, കൈയിൽക്കിട്ടിയ ഉടനേതന്നെ പലതവണ; ടൈപ്പുറൈറ്ററിന്റെ മുന്നിലിരുന്ന് പലതവണ; അതും കഴിഞ്ഞ്‌ ഒരിടപാടുകാരൻ മേശയ്ക്കു മുന്നിലിരിയ്ക്കുമ്പോൾ അപ്പോൾ കിട്ടിയിട്ടേയുള്ളുവെന്ന മാതിരി ഒരു തവണ ഞാനതു വായിച്ചു; തെരുവിൽ വച്ചു ഞാനതു വായിച്ചു; ഇപ്പോഴിതാ വീട്ടിൽ വച്ചും. പക്ഷേ എന്തു ചെയ്യ ണമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല, ബലം കെട്ടുപോയ പോലൊരു തോന്നൽ. നിങ്ങ ളുടെ അരികത്തായിരുന്നുവെങ്കിൽ മിണ്ടാതിരുന്നേനെ ഞാൻ; പക്ഷേ നമ്മളിത്ര അകന്നിരിയ്ക്കെ എനിയ്ക്കെഴുതാതെ വയ്യ, അല്ലെങ്കിൽ ദുഃഖിച്ചു മരിക്കും ഞാൻ. ആ കരസ്പർശം നിങ്ങളെക്കാ ളേറെ എനിക്കാണു വേണ്ടിയിരുന്നതെന്നുണ്ടാവുമോ? സാന്ത്വനിപ്പിക്കുന്ന കരസ്പർശമല്ല, കരുത്തു പകരുന്ന കരസ്പർശം. ഇന്നലെ ക്ഷീണം കൂടിക്കൂടി മരിക്കാൻ തയാറായിരുന്നു ഞാൻ; ഒടുവിൽ പലേ ചാഞ്ചാട്ടങ്ങൾക്കും ശേഷം രാത്രിയിലിരുന്നുള്ള എഴുത്തുപേക്ഷിക്കാമെന്നു ഞാൻ തീരുമാനിച്ചു. പകരം രണ്ടു മണിക്കൂർ തെരുവുകളിലൂടെ ഞാൻ അലഞ്ഞുനടന്നു; കീശ യിൽ കിടന്ന കൈകൾ തണുപ്പു കൊണ്ടു മരവിക്കുമെന്നായപ്പോഴാണ്‌ ഞാൻ വീട്ടിലേക്കു മടങ്ങിയത്‌. പിന്നെ ആറു മണിക്കൂർ ഞാൻ ബോധം കെട്ടുറങ്ങി; നിങ്ങളും അസുഖകരമായ ഏതോ സംഭവവുമടങ്ങിയ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഒരോർമ്മയുമുണ്ട്‌. ഇതാദ്യമായി ട്ടാണ്‌ ഞാൻ നിങ്ങളെ സ്വപ്നം കാണുന്നതും, അതെനിക്കോർമ്മയിൽ നിൽക്കുന്നതും- ഇതു പറയുമ്പോൾ എനിക്കോർമ്മ വരികയാണ്‌: രാത്രിയിൽ ആകെ എന്റെ ഉറക്കം ഞെട്ടിയത്‌, അതും ഒരു നിമിഷത്തേക്കു മാത്രം, ഈ സ്വപ്നം കണ്ടിട്ടായിരുന്നു. രാവിലെ പതിവിലും നേരത്തേ ഞാനുണർന്നു; ഞങ്ങളുടെ വേലക്കാരി വീട്ടിലേക്കു ചവിട്ടിക്കുതിച്ചുവന്നിട്ട്‌ ഒരു നിലവിളിയോടെ- പാതിമയക്കത്തിൽ ഞാനതു കേട്ടത്‌ ശരിക്കും പേറ്റുനോവിന്റെ നിലവിളി പോലെയായിരുന്നു- പ്രഖ്യാപിക്കുകയാണ്‌, എന്റെ പെങ്ങൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചുവെന്ന്. അൽപനേരം കൂടി ഞാൻ കട്ടിലിൽത്തന്നെ കിടന്നു- എന്തടിയന്തിരമായാലും അത്ര പെട്ടെന്ന് എന്നെ എഴുന്നേൽപ്പിക്കുക എളുപ്പമല്ല, എല്ലാ വാതിലുകൾക്കു പിന്നിലും ഒച്ച കേട്ടുതുടങ്ങുമ്പോഴാണ്‌ ഞാനുണരുക- ഈ പ്രസവത്തിൽ ഞങ്ങളുടെ വേലക്കാരി ഇത്ര താൽപര്യമെടുക്കാൻ എന്തു പറ്റി എന്നാലോചിക്കുകയായിരുന്നു ഞാൻ; അതും ആങ്ങളയും അമ്മാവനുമായ എനിക്ക്‌ ഒരു തരി പോലും താല്പര്യം തോന്നുന്നില്ലെ ന്നിരിക്കെ - തോന്നുന്നത്‌ അസൂയ മാത്രം, എന്റെ പെങ്ങളോട്‌, അതിലുമുപരി അവളുടെ ഭർത്താ വിനോട്‌, ഉത്കടമായ ഒരസൂയ; കാരണം, എനിക്കൊരു കുട്ടിയുണ്ടാവുക എന്നതില്ല; മറ്റതിലും സുനിശ്ചിതമാണിത്‌- (ആ വലിയ ദൗർഭാഗ്യത്തെ ആവശ്യമില്ലാതെ ഞാൻ പരാമർശിക്കു ന്നില്ല.)
അങ്ങനെ, നല്ലൊരുറക്കത്തിനു ശേഷം, കാര്യമില്ലാത്ത കരുതലിന്റെ പേരിൽ തുലച്ച ഒരു രാത്രിയ്ക്കു ശേഷം ഇത്രയ്ക്കാണെന്റെ ഉന്മേഷം. എത്രയും പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌!

നിങ്ങളുടെ, ഫ്രാൻസ്‌ കെ.

(1912 നവംബർ 8 )

*


പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,

ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ്‌ എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂച കമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തി ലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാ വുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാ താവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതി ക്കട്ടെ; ആ വാക്കുകൾ തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന്‌ മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.

വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.

സ്വന്തം ഫ്രാൻസ്.കെ.

(1912 നവംബർ 8)

*


പ്രിയപ്പെട്ട ഫ്രൌളിൻ ഫെലിസ്,

നിങ്ങൾ ഇനിയെനിക്കു കത്തെഴുതരുത്; ഞാനും നിങ്ങൾക്കെഴുതുകയില്ല. എന്റെ കത്ത് നിങ്ങളുടെ സന്തോഷം നശിപ്പിക്കുകയേയുള്ളു; ഞാനാകട്ടെ, ഇനിയേതു സഹായം കൊണ്ടും രക്ഷ കിട്ടാത്തവനും. ഇതു സ്വയം ബോദ്ധ്യമാകാനായി ഘടികാരത്തിൽ മണിയടിക്കുന്നതും കേട്ട് രാത്രി മുഴുവൻ ഉറങ്ങാതെ കിടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എനിക്ക്; നിങ്ങൾക്കു ഞാൻ ആദ്യത്തെ കത്തെഴുതുമ്പോൾത്തന്നെ എനിക്കതു ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടുകൂടി നിങ്ങൾക്കു മേൽ എന്നെ വച്ചുകെട്ടാൻ ഞാൻ ശ്രമിച്ചുവെങ്കിൽ ശപിക്കപ്പെടാൻ തീർത്തും യോഗ്യനെന്നേ എന്നെക്കുറിച്ചു പറയാനുള്ളു, ഇതിനകം ശപിക്കപ്പെട്ടവനായിട്ടില്ല ഞാനെങ്കിൽ. നിങ്ങളുടെ കത്തുകൾ മടക്കിവേണമെന്നാണെങ്കിൽ തീർച്ചയായും ഞാനവ തിരിച്ചയക്കാം, അവ കൈയിൽ വയ്ക്കാനാണ്‌ ഞാൻ ഇഷ്ടപ്പെടുക എങ്കിൽക്കൂടി. ഇനിയല്ല, നിങ്ങൾക്കു നിർബ്ബന്ധമാണെങ്കിൽ അതിന്റെ സൂചനയായി ഒരു പോസ്റ്റുകാർഡ് ഒന്നുമെഴു താതെ എന്റെ പേർക്കയക്കുക. നേരേ മറിച്ച്, ഞാനയച്ച കത്തുകൾ നിങ്ങൾ തന്നെ സൂക്ഷിച്ചുവയ്ക്കുക എന്നു ഞാൻ അപേക്ഷിക്കട്ടെ. ഇനി എന്നെ, ഈ പ്രേതത്തെ എത്രയും വേഗം മറന്നുകളഞ്ഞേക്കൂ. മുമ്പത്തെപ്പോലെ സന്തോഷവതിയായി, മനസ്സമാധാനത്തോടെ ജീവിതം തുടരുകയും ചെയ്യൂ.

(1912 നവംബർ 9നെഴുതിയത്; ഇതു പക്ഷേ പോസ്റ്റു ചെയ്തിട്ടില്ല.)

*


ഫ്രൗളിൻ ഫെലിസ്!

കേൾക്കുമ്പോൾ ശരിക്കും കിറുക്കെന്നു തോന്നുന്ന ഒരു സഹായാഭ്യർത്ഥന നടത്താൻ പോവുക യാണു ഞാൻ; ഈ കത്തു കിട്ടുന്നതെനിക്കാണെങ്കിൽ അങ്ങനെ തന്നെയാണെനിക്കും തോന്നുക. ഏറ്റവും കരുണ കാട്ടുന്ന ഒരാളെപ്പോലും വിധേയനാക്കാവുന്ന ഒരു പരീക്ഷയുമാ ണിത്. ഇതാണു കാര്യം:

ഞായറാഴ്ച എനിക്കു കിട്ടുന്ന വിധത്തിൽ ആഴ്ചയിലൊരിക്കൽ മാത്രം എനിക്കെഴുതുക- നിത്യേന യുള്ള നിങ്ങളുടെ കത്തുകൾ താങ്ങാനെനിക്കാവുന്നില്ല, അതിനുള്ള ത്രാണി എനിക്കില്ല. ഒരുദാ ഹരണം പറഞ്ഞാൽ, നിങ്ങളുടെ ഒരു കത്തിനു മറുപടി എഴുതിയിട്ട് പുറമേ പ്രശാന്തത ഭാവിച്ചു കൊണ്ട് കിടക്കയിൽ പോയിക്കിടക്കുകയാണു ഞാൻ; പക്ഷേ എന്റെ ഹൃദയം കിടന്നു പിടയ്ക്കു കയായിരിക്കും, നിങ്ങളെക്കുറിച്ചല്ലാതെ മറ്റൊരു ബോധവുമെനിക്കുണ്ടാവുകയുമില്ല. നിനക്കുള്ള താണു ഞാൻ, ഇങ്ങനെയല്ലാതെ അതിനെ വെളിപ്പെടുത്താനാവില്ല; അതു തന്നെ അത്ര ശക്ത വുമല്ല. അതേ കാരണം കൊണ്ടു തന്നെ നിങ്ങൾ എന്തു വേഷമാണ് ധരിച്ചിരിക്കുന്നതെന്നറിയ ണമെന്നുമെനിക്കില്ല; എനിക്കു ജീവിതത്തെ നേരിടാനാവാത്ത രീതിയിൽ അതെന്നെ കുഴപ്പ ത്തിലാക്കുകയാണ്‌; അതുകൊണ്ടു തന്നെയാണ്‌ നിങ്ങൾക്കെന്നോടു താത്പര്യമുണ്ടെന്നറിയണ മെന്നെനിക്കില്ലാത്തതും. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ ഞാനിങ്ങനെ ഓഫീസിലോ വീട്ടിലോ കുത്തിയിരിക്കുമോ? പകരം, കണ്ണുമടച്ച് ഒരു ട്രെയിനിൽ ചാടിക്കയറി നിങ്ങളുടെയ ടുത്തെത്തിയിട്ട് കണ്ണു തുറക്കുകയല്ലേ ചെയ്യുക? ഹാ, ഞാനങ്ങനെ ചെയ്യാത്തതിന്‌ ദുഃഖകര മായ, ദുഃഖകരമായ ഒരു കാരണമുണ്ട്. ഞാൻ അധികം വലിച്ചുനീട്ടുന്നില്ല: എനിക്കു തികയുന്ന ത്രയേ ഉള്ളു എന്റെ ആരോഗ്യം; പിതൃത്വം പോകട്ടെ, വിവാഹത്തിനു തന്നെ തികയില്ലത്. അതേ സമയം നിങ്ങളുടെ കത്തു വായിക്കുമ്പോൾ വിഗണിക്കാനാവാത്തതിനെക്കൂടി വിഗണി ക്കാമെന്ന് എനിക്കു തോന്നുകയും ചെയ്യുന്നു.

എനിക്കിപ്പോൾ നിങ്ങളുടെ മറുപടി കിട്ടിയിരുന്നുവെങ്കിൽ! ഞാൻ നിങ്ങളെ എന്തുമാത്രം യാത നപ്പെടുത്തുന്നു, അനക്കമറ്റ നിങ്ങളുടെ മുറിയിൽ ഈ കത്തു വായിക്കാൻ നിങ്ങളെ തള്ളിവിടു കയാണു ഞാൻ; അതും നിങ്ങളുടെ മേശപ്പുറത്തു വന്നുവീണവയിൽ വച്ചേറ്റവും ആഭാസകര മായ ഒന്നും! സത്യം പറയട്ടെ, ഒരു ദുർഭൂതത്തെപ്പോലെ നിങ്ങളുടെ ധന്യനാമത്തെ വേട്ടയാ ടുകയാണു ഞാനെന്ന് ചിലനേരം എനിക്കു തോന്നിപ്പോവുന്നു! ഇനിയെനിക്കെഴു തരുതെന്ന് നിങ്ങളോടപേക്ഷിച്ചുകൊണ്ടും, അങ്ങനെയൊരു വാഗ്ദാനം എന്റെ ഭാഗത്തു നിന്നു നല്കിക്കൊ ണ്ടുമുള്ള ശനിയാഴ്ചത്തെ ആ കത്തു ഞാൻ പോസ്റ്റു ചെയ്തിരുന്നെങ്കിൽ. ദൈവമേ, ആ കത്തയ ക്കുന്നതിൽ നിന്നെന്നെ വിലക്കിയതെന്തായിരുന്നു? എല്ലാം ഭംഗിയായി വരും. പക്ഷേ സമാധാനപരമായ ഒരു പരിഹാരം ഇപ്പോൾ സാധ്യമാണോ?  ആഴ്ചയിലൊരിക്കൽ മാത്രം കത്തെഴുതുന്നുവെന്നത് നമ്മെ തുണയ്ക്കുമോ? ഇല്ല, ഇങ്ങനെയുള്ള പ്രയോഗങ്ങൾ കൊണ്ട് എന്റെ ദുരിതം ശമിക്കുമെങ്കിൽ അതത്ര ഗൗരവമുള്ളതാവുകയുമില്ല. ഞായറാഴ്ച കിട്ടുന്ന കത്തു കൾ പോലും താങ്ങാനുള്ള കെല്പ്പെനിക്കുണ്ടാവുകയില്ലെന്ന് ഇപ്പോൾത്തന്നെ ഞാൻ മുൻകൂട്ടി കണ്ടുതുടങ്ങുന്നു. അതിനാൽ, ശനിയാഴ്ച നഷ്ടപ്പെടുത്തിയ അവസരത്തിനു പകരമായി ഈ കത്തിനൊടുവിൽ ശേഷിച്ച ഊർജ്ജമൊക്കെയെടുത്തുകൊണ്ട് ഞാൻ നിങ്ങളോടാവശ്യപ്പെടു കയാണ്‌: നാം നമ്മുടെ ജീവിതങ്ങൾക്കു വില കല്പ്പിക്കുന്നുവെങ്കിൽ ഇതൊക്കെ ഉപേക്ഷി ക്കുക.

നിങ്ങളുടെ സ്വന്തം എന്നു ഞാൻ ഈ കത്തവസാനിപ്പിക്കുമെന്നെനിക്കുണ്ടായിരുന്നോ? ഇല്ല, അത്രയും സത്യവിരുദ്ധമായി മറ്റൊന്നുമുണ്ടാവില്ല. എന്നെന്നും എന്നോടു തന്നെ തളയ്ക്കപ്പെ ട്ടവനാണു ഞാൻ, അതാണു ഞാൻ, അതിനോടു പൊരുത്തപ്പെട്ടു വേണം ജീവിച്ചുപോവാൻ ഞാൻ നോക്കേണ്ടതും.

ഫ്രാൻസ്

(1912 നവംബർ 11)


*...പിരമിഡോണും ആ വക സംഗതികളുമൊക്കെയെടുത്തു ദൂരെക്കളയൂ! മരുന്നുകടക്കാരനടുത്തേക്കല്ല, നേരേ തലവേദനകളുടെ മൂലകാരണങ്ങളിലേക്കു പോകൂ! നിങ്ങളുടെ തലവേദനകളുടെ ഉറവകൾ എവിടെയൊളിഞ്ഞുകിടക്കുന്നു എന്നു മനസ്സിലാക്കാനും വേണ്ടി നിങ്ങളുടെ ജീവിതത്തിന്റെ ദീർഘമായൊരു ഭാഗം പരിശോധിക്കാൻ എനിക്കായിട്ടില്ല എന്നതു കഷ്ടം തന്നെ. ഈ മരുന്നുകൾ ഉണ്ടാക്കുന്ന കൃത്രിമത്വം തലവദനകളേക്കാൾ അസഹ്യമാവില്ലേ നിങ്ങൾക്ക്? ഒന്നുമല്ലെങ്കിലും പ്രകൃത്യാ ഉണ്ടാവുന്ന പീഡകളാണല്ലോ അവ. ഒക്കെപ്പറഞ്ഞു കഴിയുമ്പോൾ, ഒരാളു വഴിയേ ഇനിയൊരാൾക്കു രോഗശമനം സാദ്ധ്യമാവൂ, ഒരാളിൽ നിന്നേ മറ്റൊരാൾക്കു വേദന പകരൂ എന്നുള്ളതുപോലെ; നിങ്ങളുടെ തലവേദനകൾ ഇപ്പോൾ എന്റേതാകുന്നതും അതുപോലെ…

*


പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ ശല്യപ്പെടുത്താതിരിക്കട്ടെ; നിനക്കു ശുഭരാത്രി നേരണമെന്നേ എനിക്കുള്ളു; അതിനായി എഴുതി വന്ന പേജിന്റെ പകുതിയ്ക്കു വച്ചു ഞാൻ നിർത്തിപ്പോരുക യായിരുന്നു. ഇനി നിനക്കു കത്തെഴുതാൻ എനിക്കാകാതെ വരുമോയെന്ന് എനിക്കു പേടിയാ വുന്നു; കാരണം, ഒരാൾക്കു കത്തെഴുതണമെങ്കിൽ (നിനക്കു ഞാൻ ഏതു പേരും നൽകുമെന്നി രിക്കെ ഒരു തവണ 'ഒരാൾ' എന്ന പേരും ഇരിക്കട്ടെ) അയാളുടെ മുഖത്തെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടായിരിക്കണം; നിന്റെ മുഖത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ എനിക്കുണ്ട്‌; അവിടെയല്ല പ്രശ്നം; അതിനെക്കാൾ വ്യക്തതയുള്ള മറ്റൊരു ചിത്രം അടുത്ത കാലത്തായി മനസ്സിലേക്കെ ത്തുകയാണ്‌: നിന്റെ ചുമലിൽ തങ്ങിനിൽക്കുന്ന എന്റെ മുഖം; പാതി അമർത്തിയതും അസ്പ ഷ്ടവുമായ ശബ്ദത്തിൽ നിന്റെ ചുമലിനോട്‌, നിന്റെ വേഷത്തോട്‌, എന്നോടു സംസാരിക്കുക യാണ്‌ ആ മുഖം; പറയുന്നതെന്താണെന്ന് നിനക്കു പിടി കിട്ടുന്നുമില്ല.

നീ ഉറക്കമാണോ? അതോ വായിച്ചുകൊണ്ടിരിക്കുകയോ- അതെനിക്കു തൃപ്തിയല്ല. അതോ ഇപ്പോഴും ആ നാടകത്തിന്റെ പരിശീലനത്തിലോ? അങ്ങനെയാവരുതേയെന്ന് ആത്മാർത്ഥ മായിട്ടാഗ്രഹിക്കുകയാണു ഞാൻ. എപ്പോഴും പതുക്കെയോടുന്നതെങ്കിലും ഒരിക്കലും തകരാറിലാ വാത്ത എന്റെ വാച്ചിൽ ഇപ്പോൾ ഒന്നിന്‌ ഏഴു മിനുട്ടായിരിക്കുന്നു. അന്യരെക്കാളധികം നീയുറ ങ്ങണമെന്ന കാര്യം മറക്കരുതേ. എനിക്ക്‌ ഉറക്കം കുറവാണ്‌, മിക്കവരെക്കാളും അത്ര കുറവ ല്ലെങ്കിലും. ഞാൻ മിച്ചം പിടിച്ച ഉറക്കം നിന്റെ അരുമക്കണ്ണുകളിലല്ലാതെ മറ്റെവിടെ സൂക്ഷിച്ചു വയ്ക്കാൻ.

വേണ്ടാത്ത സ്വപ്നങ്ങളും വേണ്ട കേട്ടോ! നിന്റെ കിടക്കയ്ക്കു ചുറ്റും മനസ്സു കൊണ്ടൊരു പര്യടനം നടത്തുകയാണു ഞാൻ, നിശ്ശബ്ദത പാലിക്കണമെന്നുള്ള ശാസനയുമായി. അവിടെ സകല തിലും ഒരു ചിട്ട സ്ഥാപിച്ചതിൽപ്പിന്നെ ( ഇമ്മാനുവെൽ കിർച്സ്ട്രാസെയിൽ നിന്ന് ഒരു കുടി യനെ ആട്ടിയോടിയ്ക്കുകയും ചെയ്തു ഞാൻ) ഞാൻ മടങ്ങിപ്പോരുകയാണ്‌, എന്റെയുള്ളിലും ഒരുമാ തിരി ചിട്ടയുമായി, എന്റെ എഴുത്തിലേക്ക്‌; നേരേ ഉറക്കത്തിലേക്ക്‌ എന്നുമാവാം.

ഞാൻ നിനക്കു കത്തെഴുതുന്ന സമയത്ത്‌ നീ എന്തു ചെയ്യുകയാണെന്നതിനെക്കുറിച്ച്‌ ഒരേകദേ ശചിത്രം തരാൻ ഒരിക്കലും മടിക്കരുതേ. എങ്കിൽ ഞാനെന്റെ ഊഹങ്ങൾ അതുമായി ഒത്തു നോക്കും; കഴിയുമെങ്കിൽ നീ വസ്തുതകളെ എന്റെ ഊഹങ്ങളോടടുപ്പിക്കാനും ശ്രമിക്കണം. നിരവധി ശ്രമങ്ങൾക്കു ശേഷം അവ സമാനമാവുകയും നമുക്കെന്നും തീർച്ചയുള്ള ഒരൊറ്റ യാഥാർത്ഥ്യമായി മാറുകയും ചെയ്താൽ എത്ര അവിശ്വസനീയമായിരിക്കുമത്‌!- ഇതാ ഇപ്പോൾ ഒരു മണി അടിയ്ക്കുന്നു, പ്രാഗിലെ സമയം.

വിട, ഫെലിസ്‌, വിട! ആ പേരു നിനക്കെങ്ങനെ കിട്ടി? എന്നെ വിട്ടു പറന്നുപോവുകയുമരുതേ! അങ്ങനെയൊന്ന് എങ്ങനെയോ പെട്ടെന്നെന്റെ മനസ്സിലേക്കു കടന്നുവന്നു. അതിനി ചിറകു വച്ചൊരു വാക്കാണ്‌ വിട എന്നതു കൊണ്ടാവാം. അത്യുന്നതങ്ങളിലേക്കു പറന്നുയരുന്നത്‌ അത്യസാധാരണമായ ആനന്ദം നൽകുമെന്നെനിക്കു തോന്നുന്നു, നിന്നിൽ ഞാൻ അള്ളിപ്പിടി ച്ചിരിക്കുന്നതുപോലെ തന്നിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വൻഭാരത്തിൽ നിന്നു മുക്തനാവാൻ അതുകൊണ്ടു കഴിയുമെങ്കിൽ. അങ്ങനെയൊരാശ്വാസത്തിന്റെ മാടിവിളിയ്ക്കലിൽ വീണുപോവു കയുമരുതേ! നിനക്കെന്നെ കൂടാതെ കഴിയില്ലെന്ന മിഥ്യയിൽ പിടിച്ചുതൂങ്ങൂ; അതിനെക്കുറിച്ച്‌ കാര്യമായി ചിന്തിക്കൂ. അതുകൊണ്ട്‌ നിനക്കു ദ്രോഹമൊന്നും ഉണ്ടാവാൻ പോകുന്നില്ല; ഇനി എന്നെങ്കിലും ഒരിക്കൽ എന്നെ കൈയൊഴിയണമെന്നു നിനക്കു തോന്നിയാൽ അതിനുള്ള മനോബലം നിനക്കുണ്ടായിരിക്കുകയും ചെയ്യും. ഈ ജീവിതത്തിൽ സ്വപ്നം കാണാൻ കൂടി കഴിയാത്തൊരു വരമാണു നീ എനിക്കു തന്നത്‌; അതാണു വാസ്തവം, ഉറക്കത്തിൽ തല കുലുക്കി നീയതു നിഷേധിച്ചാലും.

ഫ്രാൻസ്‌

(1912 നവംബർ 14)

*


പ്രിയപ്പെട്ടവളേ, എന്നെ ഇങ്ങനെ പീഡിപ്പിക്കരുതേ! ഇന്നും ഒരു കത്തില്ല; രാത്രിക്കു ശേഷം പകലു വരുമെന്നുറപ്പുള്ള പോലെ ഇന്നു കത്തു വരുമെന്നു ഞാനുറപ്പിച്ച ഈ ശനിയാഴ്ചയും. പൂർണ്ണമായിട്ടൊരു കത്തു വേണമെന്നാരു നിർബന്ധിക്കുന്നു? രണ്ടു വരി മതി, ഒരാശംസ,ഒരു കവർ, ഒരു കാർഡ്‌! നാലു കത്തുകൾക്കു ശേഷവും (ഇതഞ്ചാമത്തേതാണ്‌) ഒരു വാക്ക്‌ നിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മഹാമോശം, ഇതു ശരിയല്ല. ഈ അന്തമറ്റ നാളുകൾ ഞാനെങ്ങനെ കഴിച്ചുകൂട്ടാൻ - ജോലി ചെയ്യുക, സംസാരിക്കുക, ഞാനെന്തു ചെയ്യണമെന്നു മറ്റുള്ളവർ പ്രതീ ക്ഷിക്കുന്നുവോ അതു ചെയ്യുക? ഇനി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നുമാവാം; നിനക്ക തിനു നേരം കിട്ടിയില്ലെന്നു മാത്രമാവാം; നാടകത്തിന്റെ പരിശീലനമോ ചർച്ചയോ തടസ്സമാ യതാണെന്നും വരാം. എന്നാൽക്കൂടി ഒരു കൊച്ചുമേശയ്ക്കടുത്തു ചെന്ന് ഒരു പെൻസിലെടുത്ത്‌ ഒരു കടലാസ്സുതുണ്ടിൽ 'ഫെലിസ്‌' എന്നെഴുതി എന്റെ പേർക്കയയ്ക്കുന്നതിൽ ആരു നിനക്കൊരു തടസ്സമാവാൻ എന്നൊന്നു പറയൂ. എനിക്കതു വലിയൊരു കാര്യമാകുമായിരുന്നു. നീ ജീവിച്ചി രിക്കുന്നു എന്നതിന്‌ ഒരടയാളം; ജീവനുള്ള ഒന്നിൽ പറ്റിപ്പിടിയ്ക്കാൻ ഞാൻ നടത്തുന്ന ശ്രമങ്ങ ളിൽ എനിക്കൊരുറപ്പും. നാളെ ഒരു കത്തു വരും, വരണം; ഇല്ലെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല. എങ്കിൽ എല്ലാം ശരിയാവും; കൂടുതൽ കത്തുകൾക്കായുള്ള തീരാത്ത മുറവിളികൾ കൊണ്ട്‌ ഞാൻ പിന്നെ നിന്നെ ശല്യപ്പെടുത്തുകയുമില്ല. പക്ഷേ നാളെ ഒരു കത്തു വന്നാൽ തിങ്കളാഴ്ച ഈ പരാതികളുമായി ഓഫീസിൽ നിന്നെ കാണാൻ വരുന്നത്‌ അധികപ്പറ്റാ വുകയും ചെയ്യും. എന്നാൽക്കൂടി എനിക്കവ പ്രകടമാക്കാതിരിക്കാൻ വയ്യ; കാരണം നീ എനി ക്കെഴുതാതിരുന്നാൽ ഒരു ന്യായവാദം കൊണ്ടും ആ തോന്നലെനിക്കൊഴിവാക്കാൻ പറ്റില്ല, നീ എന്നിൽ നിന്നു മാറിപ്പോവുകയാണെന്ന്, നീ അന്യരോടു സംസാരിക്കുകയാണെന്ന്, നീ എന്നെ മറക്കുകയാണെന്നും. ഞാനിതു നിശ്ശബ്ദമായി സഹിക്കണമെന്നാണോ? നിന്റെയൊരു കത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നതും ഇതാദ്യമായിട്ടല്ല ( അതു നിന്റെ കുറ്റം കൊണ്ടല്ല എന്ന് എനിക്കു ബോധ്യമുണ്ടെങ്കിൽക്കൂടി) ; ഇതിനൊപ്പം വയ്ക്കുന്ന ഒരു പഴയ കത്ത്‌ അതിനു തെളിവുമാണ്‌.

(1912 നവംബർ 15)


. പ്രിയപ്പെട്ടവളേ, ഇന്നു സ്വന്തം എഴുത്തിലേക്കു തിരിയുന്നതിനു മുമ്പ് ഞാൻ നിനക്കെഴുതുക യാണ്‌, നിന്നെ ഞാൻ കാത്തിരുത്തുകയാണെന്ന തോന്നലൊഴിവാക്കുന്നതിനായി; എനിക്കെ തിരെയല്ല, അരികിൽത്തന്നെ നീയുണ്ടാകുന്നതിനായി; സ്വന്തമെഴുത്തിനാവശ്യമായ മനസ്സമാ ധാനം കിട്ടുന്നതിനായി; ഒരു രഹസ്യം പറഞ്ഞാൽ കഴിഞ്ഞ കുറച്ചു ദിവസമായി അത്ര കുറച്ചേ ഞാനെഴുതിയിട്ടുള്ളു, ഒരു വസ്തുവും എഴുതിയിട്ടില്ലെന്നുതന്നെയും പറയാം. അത്രയ്ക്കു നിന്നിൽ മുഴുകിയിരിക്കുകയാണു ഞാൻ, അത്രയ്ക്കു നിന്നെയുമോർത്തിരിക്കുകയാണു ഞാൻ.

രണ്ടു പുസ്തകങ്ങളിൽ, അവ സമയത്തിനു തന്നെ എത്തിച്ചേരുമോയെന്ന് എനിക്കു സംശയ മുണ്ട്, ഒന്നു നിന്റെ കണ്ണുകൾക്കുള്ളതാണ്‌, മറ്റേത് നിന്റെ ഹൃദയത്തിനും. ആദ്യത്തേത്, നല്ല താണെങ്കിൽത്തന്നെയും, ഞാൻ നോക്കിയെടുത്തതാണെന്നു പറയാൻ വയ്യ; ഇതിനും മുമ്പ് ഞാൻ നിനക്കു തരേണ്ട പുസ്തകങ്ങൾ വേറെ എത്രയോ കിടക്കുന്നു; ഇതുകൊണ്ടു ഞാൻ ഉദ്ദേ ശിക്കുന്നത് യാദൃച്ഛികമായ ഒന്നു പോലും നമുക്കിടയിൽ അനുവദനീയമാണ്‌, കാരണം അതനി വാര്യമായി മാറുകയാണ്‌ എന്നു കാണിക്കാനാണ്‌. പക്ഷേ പ്രണയപാഠം* എത്രയോ വർഷങ്ങ ളായി എനിക്കെത്ര പ്രിയപ്പെട്ടൊരു പുസ്തകമാണെന്നോ, എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടോ മൂന്നോ ആളുകളെപ്പോലെ. എപ്പോഴാകട്ടെ, എവിടെയാകട്ടെ, അതൊന്നു തുറന്നുനോക്കുമ്പോഴേക്കും ഞാൻ ഞെട്ടിപ്പോവുകയാണ്‌, അതിനു ഞാൻ അടിപ്പെട്ടുപോവു കയാണ്‌; അതെഴുതിയ മനുഷ്യന്റെ ആത്മീയപുത്രനാണു ഞാനെന്ന്, ബലം കുറഞ്ഞവനും ചാതുര്യമില്ലാത്തവനുമായ ഒരു മകനായിട്ടെങ്കിൽക്കൂടി,  എനിക്കു തോന്നിപ്പോവുകയാണ്‌. നീ ഫ്രഞ്ച് വായിക്കാറുണ്ടോയെന്നൊന്നു പറയൂ. എങ്കിൽ നിനക്കതിന്റെ പുതിയ ഫ്രഞ്ചുപതിപ്പു കൂടി ഞാൻ നല്കാം. നേരല്ലെങ്കിൽക്കൂടി ഫ്രഞ്ചു വായിക്കാറുണ്ടെന്നു തന്നെ നീ പറയൂ; കാരണം അത്ര കേമമാണ്‌ ഈ ഫ്രഞ്ചുപതിപ്പ്.

നിന്റെ പിറന്നാളിന്‌ (നിന്റെ അമ്മയുടെ പിറന്നാളുമായി അതൊത്തുവരുന്നുവല്ലേ, അത്രയ്ക്കും അവരുടെ ജീവിതത്തിന്റെ നേരിട്ടൊരു തുടർച്ചയാണോ നിന്റെ ജീവിതം?) മറ്റാരൊക്കെ ആശംസകൾ നേർന്നാലും ഞാനതു ചെയ്യാൻ പാടില്ല; കാരണം, നിനക്കു നേരാൻ കാര്യങ്ങൾ പലതുണ്ടെങ്കിലും അതൊക്കെ അതേസമയം എനിക്കു നേരേ തിരിയുകയും ചെയ്യും- അതി നാൽ എനിക്കവയെ പുറത്തേക്കെടുക്കാനുമാവില്ല; വെറും സ്വാർത്ഥതാത്പര്യമാവും എന്റെ വായിൽ നിന്നു പുറത്തുവരിക. ഞാനൊന്നും പറയുന്നില്ല, ഒരാശംസയുമർപ്പിക്കുന്നില്ല എന്നുറപ്പു വരുത്താനായി, ഒരിക്കൽ മാത്രം എന്നെയൊന്നനുവദിക്കൂ, അതും എന്റെ ഭാവനയിൽ മാത്രം, നിന്റെ ഓമനച്ചുണ്ടുകളിൽ ഒന്നു ചുംബിക്കാൻ.

(1912 നവംബർ 15, രാത്രി പതിനൊന്നര മണി)

*(പ്രണയപാഠം - ഫ്ളോബേറിന്റെ നോവൽ, education sentimentale)

*


പ്രിയപ്പെട്ടവളേ, എത്രയും പ്രിയപ്പെട്ടവളേ! നിന്നെ, ആരോഗ്യമുള്ളൊരു വ്യക്തിയെ ദീനക്കാ രിയാക്കിയതിന്റെ ഖ്യാതി എത്രയും ഹീനനായ ഈ ജന്തുവിനിരിക്കട്ടെ! നിന്റെ ആരോഗ്യം നോക്കൂ, ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ, നീ നിന്റെ ആരോഗ്യം നോക്കണമെന്ന്, എന്നെ യോർത്തെങ്കിലും ഞാൻ കാരണക്കാരനായ ആ രോഗത്തിൽ നിന്ന് നീ മുക്തി നേടണമെന്ന്! എന്നിട്ട് കത്തെഴുതാത്തതിന്റെ പേരിൽ നിന്നോടു നീരസപ്പെടാനുള്ള ധൈര്യം ഞാൻ കാണി ക്കുകയും! സ്വന്തം ഉത്കണ്ഠകളിലും അഭിലാഷങ്ങളിലും കെട്ടിപ്പൊതിഞ്ഞിരിക്കുന്ന ഞാൻ നിനക്കു സുഖമില്ലാത്തതാവാമെന്നുള്ള സാധ്യത പോലും മനസ്സിൽ കാണാതെ നീ റിഹേഴ്സ ലിനോ, വിരുന്നിനോ പോയതാവാമെന്നുള്ള കഥയില്ലാത്ത സംശയങ്ങളും മനസ്സിൽ താലോലി ച്ചിരിക്കുകയായിരുന്നു. സത്യം, വൻകരകളാണു നമ്മെ വേർതിരിക്കുന്നതെങ്കിൽ, ഏഷ്യയിലെ വിടെയോ ആണ്‌ നിന്റെ താമസമെങ്കിൽ ഇതിലധികം അകലാനില്ല നാം. നിന്റെ ഓരോ കത്തും, അവ എത്ര ചെറുതായിക്കോട്ടെ, വായിച്ചാൽ തീരാത്തവയാണെനിക്കവ ( ദൈവമേ, ഇന്നു സകലതും കുറ്റം പറച്ചിലുകളാവുകയാണല്ലോ, ഇന്നത്തെ കത്ത് ചെറുതൊന്നുമായിരു ന്നില്ല, ഞാനർഹിക്കുന്നതിലും കൃത്യം പതിനായിരമിരട്ടി ദീർഘിച്ചതാണത്), ഞാനതിന്റെ താഴത്തെ കൈയൊപ്പു വരെ വായിക്കുന്നു, പിന്നെ ആദ്യേ വായിച്ചുതുടങ്ങുന്നു, അങ്ങനെയത് ചാക്രികമായി തുടരുകയാണ്‌. പക്ഷേ ഒടുവിൽ എനിക്കു സമ്മതിക്കേണ്ടിവരികയാണ്‌, അവസാനത്തെ വാചകത്തിനു ശേഷം ഒരു കുത്തുണ്ടെന്ന്, നീ എഴുന്നേറ്റ് മറഞ്ഞുകളഞ്ഞി രിക്കുന്നുവെന്ന്; എന്നെ സംബന്ധിച്ചിടത്തോളം നീ മറഞ്ഞത് ഇരുട്ടിലുമാണ്‌. ഹതാശനാവാൻ മറ്റെന്തു വേണം!

പക്ഷേ ഇന്നു നിന്റെ കത്തു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവല്ലോ. നിന്നെപ്പോലെ നിശ്ചയദാർഢ്യം എനിക്കില്ല; ബർലിനിലേക്കു വരാനൊന്നും ഞാനാലോചിച്ചില്ല; നിന്റെ കത്തു വരാതെ കട്ടിലിൽ നിന്നെഴുന്നേല്ക്കുന്നില്ല എന്നു ഞാനങ്ങു തീരുമാനിക്കുകയായിരുന്നു; ആ തീരുമാനത്തിന്‌ പ്രത്യേകിച്ചൊരു നിശ്ചയദാർഢ്യത്തിന്റെ ആവശ്യവുമില്ല; എഴുന്നേല്ക്കാൻ കഴിയാത്തത്ര അസന്തുഷ്ടനായിരുന്നു ഞാൻ. എന്റെ നോവൽ സംശയത്തിനിടയില്ലാത്ത വിധത്തിൽ താഴേക്കു പോയിരിക്കുന്നുവെന്ന് കഴിഞ്ഞ രാത്രിയിൽ എനിക്കു തോന്നുകയും ചെയ്തു; ഇറക്കത്തിന്റെ ഏറ്റവും താഴത്തെ പടിയിലായിരുന്നു ഞാൻ; എന്നിട്ടുകൂടി രജിസ്റ്റർ ചെയ്ത ആ കത്ത് കൈയിൽ വാങ്ങുമ്പോഴത്തെ എന്റെ സന്തോഷം എത്ര വിശദമായി എന്റെ ഓർമ്മയിലുണ്ടായിരുന്നുവെന്നോ; തല പൊക്കി നോക്കുമ്പോഴൊക്കെ ഞാൻ കണ്ടത്, ഞാൻ, എത്രയും നികൃഷ്ടനായ ഞാൻ, പരമാനന്ദത്തിൽ മുഴുകി മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന താണ്‌! അതിനും തലേ രാത്രിയിൽ ഇതു രണ്ടാമതായി ഞാൻ നിന്നെ സ്വപ്നവും കണ്ടു. ഒരു പോസ്റ്റുമാൻ നിന്റെ രണ്ട് രജിസ്റ്റേഡ് കത്തുകൾ കൊണ്ടുവന്നിരിയ്ക്കുകയാണ്‌, എന്നു പറഞ്ഞാൽ ഓരോ കൈയിലും ഓരോന്നു പിടിച്ച് എന്റെ കൈയിലേക്കയാൾ തരികയാണ്‌; ആവിയെ ഞ്ചിന്റെ പിസ്റ്റണുകൾ തള്ളിവരുന്നതുപോലെ അത്ര കണിശത്തിലാണ്‌ അയാളുടെ കൈക ളുടെ ചലനങ്ങളും. ദൈവമേ, ഇന്ദ്രജാലക്കത്തുകളായിരുന്നവ! പേജു പേജായി ഞാൻ വലിച്ചെടുത്തിട്ടും കവറുകളൊഴിയുന്നില്ല. ഒരു കോണിപ്പടിയുടെ പാതി കേറി നില്ക്കുന്ന ഞാൻ (ഇതിന്റെ പേരിൽ എന്നെ പഴിക്കരുതേ) പടികളുടനീളം വായിച്ചുകഴിഞ്ഞ പേജുകൾ എടുത്തി ടുകയുമാണ്‌, കവറുകളിൽ നിന്ന് കൂടുതൽ കത്തുകൾ പുറത്തെടുക്കാൻ. കോണിപ്പടിയുടെ താഴെ നിന്നു മുകൾഭാഗം വരെ വായിച്ച കടലാസ്സുകൾ ചിതറിക്കിടക്കുകയായിരുന്നു; മെരുക്കമില്ലാത്ത കടലാസ്സുകൾ

പക്ഷേ ഇന്നു കാലത്ത് പോസ്റ്റുമാനെ ആകർഷിച്ചുവരുത്താൻ വേറേ ഉപായങ്ങൾ പ്രയോഗി ക്കേണ്ടിവന്നുവെനിക്ക്. ഞങ്ങളുടെ പോസ്റ്റുമാന്മാർ തീരെ കൃത്യനിഷ്ഠയില്ലാത്തവരായിപ്പോയി. 11.15 ആകേണ്ടിവന്നു നിന്റെ കത്ത് എന്റെ കൈയിൽ കിട്ടാൻ; കട്ടിലിൽ കിടന്നുകൊണ്ട് പത്തു തവണ ഞാൻ കോണിത്തളത്തിലേക്ക് ആളെ വിട്ടു, അതു കൊണ്ട് പോസ്റ്റുമാൻ പ്രത്യക്ഷനായേക്കുമെന്ന പോലെ; എഴുന്നേല്ക്കാൻ എനിക്കു ധൈര്യം വന്നില്ല; ഒടുവിൽ 11.15 ആയപ്പോൾ നിന്റെ കത്ത് എനിക്കു കൈയിൽ കിട്ടുന്നു, ഞാനതു വലിച്ചുപൊളിച്ച് ഒറ്റ ശ്വാസ ത്തിൽ വായിക്കുന്നു. നിനക്ക് സുഖമില്ലെന്നറിഞ്ഞത് എന്റെ സന്തോഷം കളഞ്ഞു; പക്ഷേ ഇതാ എന്റെ തനിപ്രകൃതം പുറത്തു വരികയാണ്‌: നിനക്ക് അസുഖമൊന്നുമില്ലാതിരുന്നിട്ടും നീയെനിയ്ക്കു കത്തെഴുതാതിരുന്നെങ്കിൽ അതിലുമധികം അസന്തുഷ്ടനാവുമായിരുന്നു ഞാൻ. ഇപ്പോൾപക്ഷേ നാം വീണ്ടും ഒരാൾ മറ്റൊരാളുടേതായിരിക്കുന്നു; ദൃഢമായൊരു കൈയിൽ പിടിച്ചുകൊണ്ട് നമുക്കന്യോന്യം ആരോഗ്യം നേരാം; നല്ല ആരോഗ്യത്തോടെ നമ്മുടെ ജീവിതം തുടർന്നുപോവട്ടെ. - ഇപ്പോഴും, ഒരുത്തരവും ഞാൻ നല്കിയിട്ടില്ല; ഉത്തരങ്ങൾ പക്ഷേ, പറഞ്ഞു തന്നെ കേൾക്കാനുള്ളവയാണ്‌; എഴുത്തിലൂടെ അത്രയ്ക്കൊന്നും നേടാനാനില്ല, കൂടിപ്പോയാൽ വരാനിരിക്കുന്ന ആനന്ദത്തിന്റെ രുചി നാവിലൊന്നറിയാനായെങ്കിലായി. അതെന്തുമാകട്ടെ, ഇന്നു തന്നെ ഞാൻ വീണ്ടും നിനക്കെഴുതുന്നുണ്ട്; കുറേ പരക്കം പാച്ചിലുകൾ വേറേ നടത്താനു ണ്ടെങ്കില്ക്കൂടി; മനസ്സിടിഞ്ഞ് കിടക്കയിൽ കിടക്കുമ്പോൾ തോന്നിയ ഒരു കഥ വന്ന് തന്നെ എഴുതാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെങ്കില്ക്കൂടി.

സ്വന്തം ഫ്രാൻസ്

(1912 നവംബർ17)

*


പ്രിയപ്പെട്ടവളേ, എനിക്കെത്രയും പ്രിയപ്പെട്ടവളേ, ഇപ്പോൾ സമയം രാത്രി ഒന്നര. ഇന്നു രാവിലത്തെ കത്തിലൂടെ ഞാൻ നിന്റെ ഹൃദയം മുറിപ്പെടുത്തിയോ? ബന്ധുക്കളോടും സുഹൃത്തു ക്കളോടുമുള്ള നിന്റെ ബാധ്യതകളെപ്പറ്റി ഞാനെന്തറിയാൻ? നീ ആ കഷ്ടപ്പാടുകളും കൊണ്ടിരി ക്കുമ്പോഴാണ്‌ അതൊക്കെ ഏറ്റെടുത്തതിന്റെ പേരിൽ എന്റെവക കുറ്റപ്പെടുത്തലുകൾ. ദയവു ചെയ്ത്, പ്രിയപ്പെട്ടവളേ, എനിക്കു മാപ്പു തരൂ! മാപ്പു തന്നിരിക്കുന്നു എന്നതിനു തെളിവായി നീ ഒരു റോസാപ്പൂവയച്ചാൽ മതി. ശരിക്കു പറഞ്ഞാൽ എനിക്കു ക്ഷീണമല്ല, ഒരു മരവിപ്പും ഭാര വുമാണ്‌; എന്തു വാക്കാണ്‌ അതിനുപയോഗിക്കേണ്ടതെന്ന് എനിക്കറിയുന്നുമില്ല. ഇതേ എനിക്കു പറയാനുള്ളു: എന്റെ കൂടെ നില്ക്കുക, എന്നെ വിട്ടു പോകരുത്. ഇനി എന്റെ ഉള്ളിൽ തന്നെയുള്ള എന്റെ ശത്രുക്കളിലൊരാൾ- ഇന്നു രാവിലത്തെപ്പോലെ- നിനക്കു കത്തെഴുതിയാൽ അവനെ വിശ്വസിക്കേണ്ട, അവനെ കണ്ട ഭാവം നടിക്കേണ്ട; നീ നേരെ എന്റെ ഹൃദയത്തി ലേക്കു നോക്കൂ. ജീവിതം അത്ര കഠിനവും ശോകമയവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണൊരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിർത്തുക? പിടിച്ചടുപ്പിക്കാനാണു കൈകൾ. പക്ഷേ എന്റെ ഈ കൈ നിന്റെ കൈയിൽ, എനിക്കനു പേക്ഷണീയമായിത്തീർന്ന നിന്റെ കൈയിൽ പിടിച്ചതു മൂന്നേ മൂന്നു നിമിഷങ്ങളിൽ മാത്രം: ഞാൻ മുറിയിൽ കയറിവന്നപ്പോൾ, പാലസ്തീനിലേക്കു കൂടെ വരാമെന്നു നീ വാക്കു തന്നപ്പോൾ, പിന്നെ ഞാൻ, വിഡ്ഡിയായ ഈ ഞാൻ, ലിഫ്റ്റിലേക്കു കയറാൻ നിന്നെ വിട്ടപ്പോൾ.

എന്നാൽ ഞാനിനി നിന്നെയൊന്നു ചുംബിച്ചോട്ടെ? ഈ ദുരിതം പിടിച്ച കടലാസ്സിൽ? ജനാല തുറന്നിട്ട് രാത്രിവായുവിനെ ചുംബിക്കുന്ന പോലെയാണത്.

പ്രിയപ്പെട്ടവളേ, എന്നോടു കോപം തോന്നരുതേ! അതേ ഞാൻ ചോദിക്കുന്നുള്ളു.

(1912 നവംബർ 20)

*


പ്രിയപ്പെട്ടവളേ, രണ്ടു മണിക്കൂർ മുമ്പേ നിനക്കെഴുതാതിരുന്നതു ഭാഗ്യമായി; അല്ലെങ്കിൽ എന്റെ അമ്മയെക്കുറിച്ചു ഞാനെഴുതുന്നതു വായിച്ച് നീയെന്നെ വെറുത്തേനെ. എന്റെ മനസ്സ് ഇപ്പോൾ കുറച്ചൊന്നടങ്ങിയിരിക്കുന്നു; കുറച്ചുകൂടി ആത്മവിശ്വാസത്തോടെ എനിക്കെഴുതാമെന്നാ യിരിക്കുന്നു. എന്റെ ഉൾക്കലക്കം മാറിയെന്നല്ല; എന്നാലും അതു ക്രമേണ മാറിക്കോളും, സ്വന്തനിലയ്ക്കല്ലെങ്കിൽ നിന്നോടുള്ള സ്നേഹം കൊണ്ടെങ്കിലും. നിന്റെയൊരു കത്ത് എന്റെ അമ്മ വായിക്കാനിടയായെങ്കിൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം എനിക്കു തന്നെ യാണ്‌; മാപ്പർഹിക്കാത്ത അപരാധമാണത്. നിന്റെ കത്തുകൾ ഒപ്പം കൊണ്ടുനടക്കുകയെന്നത് എന്റെ ശീലമാണെന്ന് ഞാൻ മുമ്പു പറഞ്ഞിട്ടിട്ടുണ്ടല്ലോ; എനിക്കൊരു ദൈനന്ദിനബല മാണത്. അവ ഒപ്പമുണ്ടെങ്കിൽ കുറച്ചുകൂടി നന്നായി, യോഗ്യമായി കാര്യങ്ങൾ നടത്താമെ ന്നുണ്ടെനിക്ക്. എന്തിനു പറയുന്നു, അന്നത്തെ ആ ദുരിതം പിടിച്ച നാളുകളിലെപ്പോലെ ഞാനിപ്പോൾ നിന്റെ കത്തുകളെല്ലാം കൈയിൽ വയ്ക്കാറില്ല, ഏറ്റവും ഒടുവിലത്തെ ഒന്നോ രണ്ടോ ഒഴികെ. ഈ അനർത്ഥമുണ്ടാകാൻ കാരണവുമതാണ്‌. വീട്ടിലെത്തിയാൽ ഞാൻ സാധാരണയായി ഷർട്ടു മാറ്റാറുണ്ട്; ഇട്ടിരുന്നത് എന്റെ മുറിയിലെ ഹാങ്ങറിൽ തൂക്കിയിടും. അമ്മ ഞാനില്ലാത്ത നേരത്ത് എന്റെ മുറിയിലൂടെ കടന്നുപോകുമ്പോൾ (സ്വീകരണമുറിയ്ക്കും അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറിയ്ക്കുമിടയിലെ ഇടനാഴിയാണ്‌, അഥവാ പൊതുവഴിയാണ്‌ എന്റെ മുറി) പോക്കറ്റിൽ നിന്നു തള്ളിനില്ക്കുന്ന കത്തു കാണുകയും, സ്നേഹത്തിന്റെ ഭാഗമായ അതിജിജ്ഞാസ കാരണം അതെടുത്തു വായിക്കുകയും, എന്നിട്ടു നിനക്കെഴുതുകയുമായിരുന്നു. അമ്മയ്ക്കെന്നെ എത്ര സ്നേഹമാണോ, അതേ അളവിൽത്തന്നെ അവർക്കെന്നെ മനസ്സിലാ വുകയുമില്ല. ഈ മനസ്സിലാകായ്ക കാരണം അനവധാനത അവരുടെ സ്നേഹത്തിന്റെ ഭാഗമാ വുകയാണ്‌. ചിലനേരം അവരുടെ സ്നേഹം എനിക്കു പിടികിട്ടാതെയുമാകുന്നു.

ഇന്നത്തെ കത്തുകളെല്ലാം ഒന്നായിട്ടെടുത്തു മറുപടി പറയുകയാണു ഞാൻ. ആഹാരത്തെയും ഉറക്കത്തെയും സംബന്ധിച്ചുള്ള നിന്റെ ഉപദേശങ്ങൾ അത്രയ്ക്കെന്റെ മനസ്സമാധാനം കെടു ത്താൻ പോകുന്നില്ല, എനിക്കൊരുമിച്ചു ജീവിക്കേണ്ടിവരുന്ന വൈരുദ്ധ്യങ്ങൾക്ക് മിതമായിട്ടെ ങ്കിലും പര്യാപ്തമായൊരു പരിഹാരമായി ഇന്നത്തെ എന്റെ ജീവിതരീതി കണ്ടെത്താനായതിൽ സന്തുഷ്ടനാണു ഞാനെന്നു മുമ്പു നിന്നോടു പറഞ്ഞിട്ടുള്ളതോർക്കുമ്പോൾ. പക്ഷേ ഇന്ന്, കത്തു കൾ സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും, തന്റേതായിട്ടൊന്നും അച്ഛനമ്മാരുടെ കണ്ണിൽപ്പെടാതെ പോകാത്തതിനെക്കുറിച്ചും മാക്സ് ചില സൂചനകൾ നല്കിയപ്പോൾ ( അവന്റെ അച്ഛന്റെ തുരന്നു നോട്ടം എനിക്കനുഭവമാണ്‌) അവൻ പറഞ്ഞുവരുന്നത് ആ വിഷയത്തെക്കുറിച്ച് നിന്റെ കത്തുകളിലുള്ളതുമായി ( ഞാൻ സംസാരിച്ചുനില്ക്കുന്ന ഒരാളുടെ മുഖം പോലെ പ്രത്യക്ഷമാണ്‌ നിന്റെ കത്തുകളെനിക്ക് ഇന്നും എന്നും) ഒത്തുപോകുന്നതു ഞാൻ കണ്ടു. വൈകാതെ എല്ലാമ ല്ലെങ്കിലും, സകലതും തുറന്നുപറയാൻ മാക്സിനെ നിർബ്ബന്ധിക്കാനാവശ്യമായതെങ്കിലും ഞാൻ കണ്ടുപിടിക്കുകയും ചെയ്തു.
എന്നോടു പൊറുക്കണമെന്നു നിന്നോടാവശ്യപ്പെടാൻ എനിക്കു കഴിയുകയില്ല; അത്ര കാരുണ്യ വതിയായ നീ പോലും എന്നോടെങ്ങനെ പൊറുക്കാൻ? ഈ അപരാധം ഞാൻ സഹിച്ചു തന്നെയാവണം; അതെന്നെ പിരിയാനും പോകുന്നില്ല. ഒക്കെ ഭംഗിയായി വരികയായിരുന്നു. നീയെനിക്കു നല്കാൻ പോകുന്ന സന്തോഷം മനസ്സമാധാനത്തോടെ അനുഭവിക്കുന്നതും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാൻ. ക്രിസ്തുമസ്സവധിയെക്കുറിച്ചുള്ള നിന്റെ പരാമർശം അളവറ്റൊരു പ്രത്യാശ എന്നിൽ നിറയ്ക്കുകയും ചെയ്തിരുന്നു. ഇന്നു കാലത്ത് നികൃഷ്ടമായ എന്റെ ഓഫീസിലി രുന്നു നിനക്കെഴുതിയ കത്തിൽ അതു വെളിപ്പെടുത്താൻ ഞാൻ ധൈര്യപ്പെട്ടില്ലെന്നേയുള്ളു - അപ്പോഴാണ്‌ എന്റെ അമ്മ കയറിവരുന്നതും സകലതും തട്ടിത്തകർക്കുന്നതും. അച്ഛനമ്മമാർ എന്റെ കണ്ണിൽ എന്നും പീഡകരായിരുന്നു; ഏതാണ്ടൊരു കൊല്ലം മുമ്പു വരെയും ഞാനവരെ, ഒരു പരിധി വരെ ലോകത്തെയും, ഉദാസീനതയോടെയേ കണ്ടിരുന്നുമുള്ളു, ജീവനില്ലാത്ത എന്തോ ഒന്നു പോലെ. ഇന്നെനിക്കു മനസ്സിലാവുന്നു അതു വെറും ഉൾഭയവും ആധിയും അസന്തുഷ്ടിയുമായിരുന്നുവെന്ന്. അച്ഛനമ്മമാർക്ക് നിങ്ങളെ തങ്ങളിലേക്ക്, നിങ്ങളോടിര ക്ഷപ്പെടാൻ ശ്രമിക്കുന്ന ആ പഴയ നാളുകളിലേക്കു വലിച്ചു താഴ്ത്തണമെന്നേയുള്ളു. സ്നേഹം കാരണമാണവർ അതു ചെയ്യുന്നതും; അതു തന്നെയാണതിനെ അത്ര ഭയാനകമാക്കുന്നതും. ഇനി ഞാൻ നിർത്തണം; ഇതു കൈവിട്ടുപോയേക്കുമെന്ന മുന്നറിയിപ്പായി കടലാസിന്റെ അറ്റമെത്തുകയും ചെയ്തിരിക്കുന്നു.

(1912 നവംബർ 21 )

clip_image001
clip_image003

എനിക്ക് അഞ്ചു വയസ്സോ മറ്റോ ആയിരുന്നപ്പോളെടുത്ത ഒരു ഫോട്ടോ അയക്കുന്നു; മുഖത്തെ കോപഭാവം അന്നൊരു തമാശയ്ക്കെടുത്തുവച്ചതാണ്‌; അതു മനഃപൂർവ്വമായിരുന്നോ എന്ന് ഇന്നെ നിക്കു സംശയം തോന്നുന്നു. എന്തായാലും നീയതു തിരിച്ചയയ്ക്കണം, കാരണം അതെന്റെ അച്ഛനമ്മമാരുടെ വകയാണ്‌, എല്ലാം അവരുടെ വകയാണ്‌, എല്ലാറ്റിലും അവർക്കൊരു ഭാഗം വേണമെന്നുമുണ്ട്‌.( ഇന്നുതന്നെ വേണമായിരുന്നു ഞാൻ നിന്റെ അമ്മയെക്കുറിച്ചെഴുതാൻ!) അതു തിരിച്ചയച്ചാൽ മറ്റുള്ളവ ഞാൻ അയച്ചുതരാം, അടുത്തകാലത്തെടുത്ത മോശപ്പെട്ട, കഥയില്ലാത്ത ഒന്നുൾപ്പെടെ; അതു വേണമെങ്കിൽ നിനക്കു കൈയിൽ വയ്ക്കാം. ഈ ഫോട്ടോ യിൽ എനിക്ക് അഞ്ചു വയസ്സാവാൻ വഴിയില്ല; രണ്ടാകാനാണു സാദ്ധ്യത; അതിനൊരു തീരു മാനമെടുക്കാൻ കുട്ടികളെ സ്നേഹിക്കുന്ന നീ തന്നെ കൂടുതൽ യോഗ്യ. ചുറ്റും കുട്ടികളുള്ളപ്പോൾ കണ്ണടയ്ക്കാനാണ്‌ എനിക്കിഷ്ടം.

ഫ്രാൻസ്‌

(1912 നവംബർ 21)

*


പ്രിയപ്പെട്ടവളേ,  ഞാൻ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ! രാത്രി വളരെ വൈകി യിരിക്കുന്നു; ഞാൻ എന്റെ കൊച്ചുകഥ മാറ്റിവച്ചുകഴിഞ്ഞു; കഴിഞ്ഞ രണ്ടു രാത്രികളിൽ ഞാന തിൽ കാര്യമായി പണിയെടുത്തിട്ടുമില്ല; അതാകട്ടെ വലിയൊരു കഥയായി രൂപം മാറുക യുമാണ്‌. പൂർണ്ണമായാൽത്തന്നെ ഞാനതെങ്ങനെ നിനക്കു വായിക്കാൻ തരും? വായിക്കാവുന്ന രിതിയിലല്ല അതെഴുതിയിരിക്കുന്നത്; ഇനി അതുമൊരു തടസ്സമല്ലെങ്കില്ക്കൂടി - ഭംഗിയുള്ള കൈപ്പ ടയിലെഴുതുക എന്നൊരൗദാര്യം ഞാനിതേവരെ നിന്നോടു കാണിച്ചിട്ടില്ലല്ലോ - വായിക്കാനായി അയച്ചുതരാൻ എനിക്കത്ര താത്പര്യവുമില്ല; ഞാൻ നിനക്കതു വായിച്ചുകേൾപ്പിക്കാം. അതെ, ആ കഥ നിന്നെ വായിച്ചുകേൾപ്പിക്കുക- അല്പം പേടിപ്പെടുത്തുന്ന ഒന്നായതു കൊണ്ട് എനിക്കു നിന്റെ കൈ എടുത്തുപിടിക്കേണ്ടിയും വരും. രൂപാന്തരം എന്നാണ്‌ ആ കഥയ്ക്കു പേര്‌. നീ ശരിയ്ക്കും ഞെട്ടിപ്പോകും; അതിലൊരു വാക്കു പോലും കേൾക്കണമെന്നുണ്ടാവില്ല നിനക്ക്. കഷ്ടം! ദിനംപ്രതിയുള്ള കത്തുകൾ കൊണ്ടുതന്നെ ഞാൻ നിന്നെ എന്തുമാത്രം ഭയപ്പെടുത്തുന്നു. പ്രിയപ്പെട്ടവളേ, ഭേദപ്പെട്ട ഈ എഴുത്തുകടലാസ്സിൽ പുതിയൊരു ജീവിതത്തിനു നമുക്കു തുടക്ക മിടാം. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ ആകാശത്തേക്കു പോകുന്നതായി ഞാനറിയുന്നു, അവിടെയാണു നീയിരിക്കുന്നതെന്നപോലെ. നീ അവിടെയല്ലാതെ എന്നോടൊപ്പം ഈ പടുകു ഴിയിലായിരുന്നെങ്കിൽ. സംശയം വേണ്ടാ, അത്രയും അഗാധമായ ഗർത്തങ്ങളാണവ. ഇനി മുതൽ എത്ര മനസ്സമാധാനത്തോടെ നാം പരസ്പരം കത്തെഴുതുന്നുവോ – അങ്ങനെയൊരനു ഗ്രഹമെങ്കിലും ദൈവം നമുക്കു നല്കട്ടെ- അത്ര സ്പഷ്ടമായി നിനക്കതു കണ്ണിൽപ്പെടുകയും ചെയ്യും. അങ്ങനെയാണെങ്കിൽക്കൂടി നീ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ! അതെ, അശാന്തിയുടെയും ബലഹീനതയുടെയും തുണയ്ക്കു ചെല്ലുകയാവാം സ്വസ്ഥതയുടെയും ശക്തി യുടെയും നിയോഗം.

ആകെ മനസ്സു കെട്ടിരിക്കുകയാണു ഞാനിപ്പോൾ; ഞാൻ എഴുതാൻ തന്നെ പാടില്ലായിരു ന്നുവെന്നും തോന്നുന്നു. പക്ഷേ എന്റെ കഥയിലെ നായകനും ദുരിതം പിടിച്ചതായിരുന്നു ഇന്നത്തെ ദിവസം; അയാളുടെ ദൗർഭാഗ്യത്തിന്റെ അവസാനമില്ലാത്ത അന്ത്യഘട്ടം തുടങ്ങു കയാണ്‌. അപ്പോൾ ഞാനെങ്ങനെ ഉന്മേഷവാനാവാൻ! നീ എനിക്കെഴുതുന്ന ഒരു തുണ്ടു കടലാസ്സു പോലും കീറിക്കളയാതിരിക്കാൻ ഈ കത്തു പ്രേരകമാവുമെങ്കിൽ വിലപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു കത്തു തന്നെയിത്. ഞാൻ ഏതുനേരവും വിഷാദിച്ചിരിക്കുക യാണെന്നു കരുതരുതേ. ഞാൻ അങ്ങനെയല്ല. ഒന്നൊഴിച്ചാൽ എനിക്കത്രയധികം പരിതപി ക്കാനൊന്നുമില്ല; ആശയ്ക്കു വകയില്ലാത്ത ഈയൊരു കറുത്ത പാടിന്റെ കാര്യമൊഴിച്ചാൽ ബാക്കിയൊക്കെ ശുഭകരമാകാവുന്നതേയുള്ളു; സന്തോഷപ്രദവും, നിന്റെ സഹായത്താൽ വിസ്മയകരവുമാകാവുന്നതേയുള്ളു. ഞായറാഴ്ച, എനിക്കതിനു സമയവും കഴിവുമുണ്ടെങ്കിൽ, എല്ലാം ഞാൻ നിന്നിലേക്കു തുറന്നു വിടാൻ പോവുകയാണ്‌. മടിയിൽ കൈയും വച്ചുകൊണ്ട് ഒരു മഹാപ്രളയത്തിനു നിനക്കു സാക്ഷിയാവാം. ഇനി പ്രിയേ, ഞാൻ കിടക്കാൻ പോവുക യായി. നിനക്കു സന്തുഷ്ടമായ ഒരു ഞായറാഴ്ച ലഭിക്കട്ടെ, എനിക്കു നിന്റെ മനസ്സിലുള്ളതു ചിലതും.

ഫ്രാൻസ്

(1912 നവംബർ 23)

*


പ്രിയപ്പെട്ടവളേ, എത്രയും ജുഗുപ്ത്സാവഹമായ ഈ കഥ* ഞാൻ ഒരിക്കൽക്കൂടി മാറ്റിവയ്ക്കുക യാണ്‌, നിന്നെക്കുറിച്ചോർമ്മിച്ച് എനിക്കൊന്നുന്മേഷവാനാവാൻ. ഇന്നത്തോടെ അതു പാതിയും തീർന്നിരിക്കുന്നു, ആകപ്പാടെ എനിക്കത്ര തൃപ്തിക്കുറവുമില്ല; പക്ഷേ തീരാത്തത്ര ജുഗുപ്ത്സാവഹമാണത്. നോക്കൂ, ഈവകയൊക്കെ പുറത്തുവരുന്നത് നീ കുടിയേറിയ അതേ ഹൃദയത്തിൽ നിന്നു തന്നെയാണ്‌, അസൗകര്യങ്ങൾ സഹിച്ചും നീ താമസിക്കുന്ന അതേ ഹൃദയ ത്തിൽ നിന്ന്. എന്നാൽ അതോർത്തു നീ മനസ്സു വിഷമിപ്പിക്കുകയും വേണ്ട; ആരു കണ്ടു, എഴുതിയെഴുതി വിമോചിതനാവുന്നതോടെ മാലിന്യങ്ങൾ മാറി നിനക്കർഹനായേക്കില്ല ഞാനെന്ന്; ഇനിയും പുറന്തള്ളാൻ എത്രയോ ബാക്കി കിടക്കുന്നുവെന്നതു ശരിയാണെങ്കിലും, ഈ ഇടപാടിന്‌ രാത്രികളുടെ ദൈർഘ്യം മതിയാവുകയില്ലെങ്കിലും?

ഇനി, ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിന്റെ ആഗ്രഹമതായതു കൊണ്ട്, അതെളുപ്പമാണെന്നതു കൊണ്ടും, നിന്റെ കാതിൽ ഞാൻ മന്ത്രിക്കട്ടെ, എനിക്കു നിന്നെ എന്തുമാത്രം സ്നേഹമാണെന്ന്. നിന്നെ ഞാനത്രയ്ക്കും സ്നേഹിക്കുന്നു ഫെലിസ്; എനിക്കു നീ സ്വന്തമാവുകയാണെങ്കിൽ ചിരായു സ്സിനു ഞാൻ കൊതിക്കുമായിരുന്നു; പക്ഷേ ഓർക്കുക, ആരോഗ്യമുള്ള ഒരുവനായി, നിനക്കു നിരക്കുന്നവനായി. അതെ, അങ്ങനെയാണത്, നീയതു മനസ്സിലാക്കുകയും വേണം. ചുംബന ത്തെക്കവിഞ്ഞതൊന്നാണത്; അതു ബോദ്ധ്യമാവുമ്പോൾ നിന്റെ കൈയിൽ പതിയെ തലോടു കയല്ലാതെ കാര്യമായി മറ്റൊന്നും ചെയ്യാൻ എനിക്കു ശേഷിക്കുന്നുമില്ല. അതുകൊ ണ്ടാണ്‌ പ്രിയപ്പെട്ടവളേ എന്നല്ലാതെ ഫെലിസ് എന്നു വിളിയ്ക്കാൻ എനിക്കിഷ്ടം; പ്രിയേ എന്ന ല്ലാതെ നീയെന്നും. അതേസമയം കഴിയുന്നത്ര കാര്യങ്ങൾ നിന്നോടു പറയണമെന്നുമെനിക്കു ള്ളതിനാൽ പ്രിയപ്പെട്ടവളേ എന്നു വിളിക്കാനും എനിക്കിഷ്ടം തന്നെ, ഇനി മറ്റെന്തു പേരു വിളിയ്ക്കാനും.

(1912 നവംബർ 24)

* രൂപാന്തരം


…കണ്ണീരു കണ്ടാൽ എനിക്കു പേടി വരും. എനിക്കു കരച്ചിൽ വരാറില്ല. മറ്റുള്ളവരുടെ കണ്ണീരാവട്ടെ, എനിക്കപരിചിതമായ, എനിക്കു മനസ്സിലാവാത്ത ഒരു പ്രതിഭാസവും. ഇത്രയും കൊല്ലത്തിനിടയിൽ ഒരിക്കലേ ഞാൻ കരഞ്ഞിട്ടുള്ളു; അത് രണ്ടുമൂന്നു മാസം മുമ്പായിരുന്നു; അന്നു ഞാൻ ശരിക്കും കസേരയിലിരുന്നു വിറയ്ക്കുകയായിരുന്നു. എന്റെ നിയന്ത്രണം വിട്ട തേങ്ങൽ കേട്ട് അടുത്ത മുറിയിൽ കിടക്കുന്ന അച്ഛനും അമ്മയും എഴുനേറ്റുവരുമോയെന്നു എന്നു ഞാൻ ഭയന്നു. ഒരു രാത്രിയിൽ നടന്ന സംഭവമാണിത്; അതിനു കാരണമായതോ, ഞാൻ എഴുതിക്കൊണ്ടിരുന്ന നോവലിലെ ഒരു ഭാഗവും. പക്ഷേ പ്രിയപ്പെട്ടവളേ, നിന്റെ കരച്ചിൽ എന്നെ വേവലാതിപ്പെടുത്തുന്നു; അതോ അത്ര പെട്ടെന്ന് നിനക്കു കരച്ചിൽ വരാറുണ്ടോ? നീ എപ്പോഴും കരയാറുണ്ടോ? ഇനിയഥവാ, ഞാനാണോ അതിനു കാരണമായത്? അതെ, ഞാൻ തന്നെ. പറയൂ, നിന്നോടിത്രയും കടപ്പെട്ട മറ്റൊരാളുണ്ടാവുമോ, എന്നെപ്പോലെ ഒരു കാരണ വുമില്ലാതെ ഇത്രയും നിന്നെ വേദനിപ്പിക്കുന്നവൻ? നീ പറയാതെ തന്നെ എനിക്കതറിയാം. പക്ഷേ ഞാനതു വേണമെന്നു വച്ചു ചെയ്യുന്നതല്ല എന്നു നീ അറിയണം, ഫെലിസ്…നിന്റെ മനോഹരമായ ഈറൻകണ്ണുകളിൽ ഞാനൊന്നു ചുംബിക്കട്ടെ?

(1912 നവംബർ 28)

*


പ്രിയപ്പെട്ടവളേ, വളരെക്കുറച്ചു വാക്കുകൾ മാത്രം; നേരം വൈകിയിരിക്കുന്നു, വളരെ വൈകി യിരിക്കുന്നു; നാളെ കുറെ പണിയെടുക്കാനുള്ളതുമാണ്‌. ഒടുവിൽ എന്റെ ആ കൊച്ചുകഥയുടെ കാര്യത്തിൽ എനിക്കൊരല്പം ഉത്സാഹം തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നെ അധികമധികം അതിനുള്ളിലേക്കോടിച്ചു കയറ്റാൻ നോക്കുകയാണ്‌ ചുറ്റികയടികൾ പോലിടിയ്ക്കുന്ന എന്റെ ഹൃദയം; പക്ഷേ അതിൽ നിന്നൂരിപ്പോരാൻ എന്റെ കഴിവിനൊത്തു ഞാൻ ശ്രമിക്കുകയും വേണം; കഠിനയത്നമാണതെന്നതിനാൽ, ഉറക്കം പിടിക്കാൻ ഏറെ നേരമെടുക്കുമെ ന്നതിനാലും എനിക്കെത്രയും വേഗം ചെന്നുകിടന്നേ മതിയാവൂ.

പ്രിയപ്പെട്ടവളേ, എന്റെ ഞായറാഴ്ച അങ്ങനെതന്നെ നിനക്കു സമർപ്പിച്ചിരിക്കുകയായിരുന്നു, അതിന്റെ സന്തുഷ്ടവും അല്ലാത്തതുമായ ചിന്തകളൊക്കെയുമായി. യൂളൻബർഗ് വായനയുടെ കാര്യത്തിൽ ഉദാസീനനാവാൻ എത്രവേഗം എനിക്കു കഴിഞ്ഞു! എന്നിട്ടെത്രവേഗം നിന്നിൽ ത്തന്നെ ഞാനാമഗ്നനുമായി! രാവിലെ ഞാൻ ആകെ നടന്നത് സ്റ്റേഷനിൽ കത്തു പോസ്റ്റു ചെയ്യാനായി മാത്രം. പ്രിയപ്പെട്ടവളേ, ഇപ്പോഴും നീ എന്റെ സ്വന്തമാണ്‌, ഇപ്പോഴും ഞാൻ സന്തുഷ്ടനുമാണ്‌; പക്ഷേ എത്ര കാലത്തേക്ക്? ഒരരക്ഷണം പോലും നിന്നെ സംശയിക്കാ തെയാണ്‌ ഞാനിതു പറയുന്നത് പ്രിയപ്പെട്ടവളേ. പക്ഷേ ഞാൻ നിന്റെ വഴി മുടക്കുകയാണ്‌, നിനക്കൊരു തടസ്സമാണു ഞാൻ. നിനക്കു ഞാൻ വഴിമാറിത്തരേണ്ട ഒരു കാലം വരും; അതിന്നോ നാളെയോ എന്നത് എന്റ സ്വാർത്ഥതയുടെ വ്യാപ്തിയെ മാത്രം ആശ്രയിച്ചാണി രിക്കുന്നത്. ആർജ്ജവവും ആണത്തവുമുള്ള ഒരു രീതിയിൽ അതു നിർവഹിക്കാൻ കഴിയു മോയെന്ന് എനിക്കു സംശയമായിരിക്കുന്നു. എന്നെക്കുറിച്ചേ എനിക്കു വിചാരമുള്ളു; എനിക്കു നീ നഷ്ടപ്പെട്ടാൽ എനിക്കെന്റെ ജീവിതവും നഷ്ടപ്പെട്ടു: ആ സത്യം മറച്ചുവയ്ക്കാൻ, അതാണെന്റെ കടമയെങ്കിലും, എനിക്കു കഴിയുകയുമില്ല. പ്രിയപ്പെട്ടവളേ, കൈയെത്തുന്ന ദൂരത്താണ്‌, വെറും എട്ടു റയിൽവേമണിക്കൂർ ദൂരത്താണ്‌ എന്റെ സന്തോഷമിരിക്കുന്നതെന്നു തോന്നിയാലും അസാദ്ധ്യമാണത്, അചിന്ത്യമാണത്.

നിർത്തില്ലാത്ത ഈ ആവലാതികൾ കണ്ടു വിരണ്ടുപോകരുതേ, പ്രിയപ്പെട്ടവളേ; മുമ്പൊരു നാൾ ഞാൻ തൊടുത്തുവിട്ടതുപോലൊരു കത്ത് ഇവയ്ക്കു പിന്നാലെ ഉണ്ടാവില്ലെന്നു ഞാൻ ഉറപ്പു തരുന്നു. പക്ഷേ എനിക്കു നിന്നെ വീണ്ടുമൊന്നു കാണണം, ദീർഘനേരം, കഴിയുന്നത്ര നേരം, കാലമളക്കാൻ ഘടികാരങ്ങളില്ലാതെ എനിക്കു നിന്റെ കൂടെ ഇരിക്കണം; ഈ വേനല്ക്കാലത്തതു നടക്കുമോ, വസന്തത്തിലെങ്കിലും?

പ്രിയപ്പെട്ടവളേ, രസിപ്പിക്കുന്നതെന്തെങ്കിലും പറഞ്ഞാൽക്കൊള്ളാമെന്നെനിയ്ക്കുണ്ട്; പക്ഷേ അങ്ങനെയൊന്ന് സ്വാഭാവികമായിട്ടെനിക്കു വരികയില്ല; അതിനും പുറമേ എന്റെ കണ്മുന്നിൽ കിടക്കുന്ന എന്റെ കഥയിലെ നാലു കഥാപാത്രങ്ങളും കരച്ചിലിലുമാണ്‌, അല്ലെങ്കിൽ സന്തോഷ മില്ലാത്ത മാനസികാവസ്ഥയിലാണവർ. പക്ഷേ രസിപ്പിക്കുന്നൊരു കത്ത് പത്തു മണിയ്ക്കുണ്ടാ വുമെന്നതുറപ്പ്; അതിനുള്ള ചുംബനം എനിക്കിപ്പോൾത്തന്നെ കിട്ടുകയും വേണം. ചുണ്ടുക ളിലതുമായി ഞാനുറങ്ങാൻ പോകും.

(1912 ഡിസംബർ 1)

*


...നീയൊരിക്കൽ എന്നോടു പറഞ്ഞിരുന്നല്ലോ ഒരു ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു കഴിയുക എന്നത് നിന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തുമെന്ന്; നേരേ മറിച്ച് ഒരു ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു കഴിയുമ്പോഴാണ്‌ എനിക്കു മനസ്സിനു സ്വസ്ഥത കിട്ടുക എന്നൊരു മറുപടി ഞാനന്നു പറഞ്ഞിട്ടുമുണ്ടാവണം. ശരിക്കും യാഥാർഥ്യമാണത്; കഴിഞ്ഞകൊല്ലം മഞ്ഞുകാലത്ത് വടക്കൻബൊഹീമിയയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യേണ്ടിവന്നപ്പോൾ ഞാനതു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കാഴ്ചവട്ടത്തിലൊതുങ്ങുന്ന നാലു ചുമരുകളും പൂട്ടിയിടാവുന്ന ഒരു വാതിലുമായി ഒരു ഹോട്ടൽ മുറിയുടെ വിശാലത സ്വന്തമായിക്കിട്ടുക; തന്റെ സ്വകാര്യവസ്തുക്കളിൽ ഇന്നിന്നവ ഭിത്തിയലമാരകളുടെ ഇന്നിന്ന കോണുകളിൽ, മേശപ്പുറങ്ങളിൽ, ഹാങ്ങറുകളിൽ ഒതുങ്ങിക്കിടക്കുകയാണെന്നറിയുക- ഊർജ്ജം തുടിയ്ക്കുന്നതും, ഇപ്പോഴത്തേതിലും ഭേദപ്പെട്ട ചിലതു ചെയ്യാനുദ്ദിഷ്ടവുമായ ഒരു ശിഷ്ടജീവിതത്തിനുടമയാണു താനെന്ന അസ്പഷ്ടമായൊരനുഭൂതി എന്നും അതെനിക്കു നല്കിയിട്ടുണ്ട്; അതിനി സ്വന്തം അതിരുകൾക്കുമപ്പുറത്തേക്കു കടന്ന ഒരു നൈരാശ്യം ഒരു ഹോട്ടൽ മുറിയുടെ തണുത്ത ശവക്കല്ലറയിൽ സ്വസ്ഥത കണ്ടെത്തുന്നതാണെന്നു പറയുന്നതാവും കൂടുതൽ ശരി. അതെന്തായാലും അവ എനിക്കു മനസ്സമാധാനം നല്കിയിട്ടുണ്ട്; ഞാനിന്നേവരെ താമസിച്ചിട്ടുള്ള മിക്ക ഹോട്ടലുകളെക്കുറിച്ചും നല്ലതേ എനിക്കു പറയാനുമുള്ളു...

*


കരയൂ, പ്രിയേ, കരയൂ, കരയാനുള്ള കാലം വന്നുവല്ലോ! എന്റെ കഥയിലെ* നായകൻ അല്പം മുമ്പു ജീവൻ വെടിഞ്ഞിരിക്കുന്നു. നിനക്കൊരാശ്വാസത്തിനു വേണ്ടിപ്പറയുകയാണ്‌, അയാൾ മരിച്ചത് മനസ്സമാധാനത്തോടെയും തന്റെ വിധിയോടു പൊരുത്തപ്പെട്ടും കൊണ്ടുതന്നെ. കഥ പൂർണ്ണമായെന്നു പറയാനാവില്ല; അതിനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ; ഞാനതു നാളത്തേക്കു മാറ്റിവയ്ക്കുകയാണ്‌. നേരവും വളരെ വൈകിയിരിക്കുന്നു; ഇന്നലത്തെ കലക്കത്തിൽ നിന്നു പുറത്തുവരാൻ ഏറെനേരമെടുത്തു ഞാൻ. കഥയുടെ ചില ഭാഗങ്ങളിൽ എന്റെ ക്ഷീണിതമായ മാനസികാവസ്ഥയും, മറ്റു തടസ്സങ്ങളും, ബാഹ്യമായ വേവലാതികളും മുഴച്ചുനിൽക്കുന്നുവെന്നത് പരിതാപകരം തന്നെ. കുറച്ചുകൂടി വെടിപ്പായി ഇതു ചെയ്തുതീർക്കാമായിരുന്നുവെന്നത് എനിക്കറിയാത്തതല്ല; ആർദ്രമായ ചില ഭാഗങ്ങളിലാണ്‌ അതു പ്രകടമാവുന്നതും. എന്നെ എന്നും കാർന്നുതിന്നുന്ന ഒരു ബോധ്യമാണിത്: അല്പം കൂടി അനുകൂലമായ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ, എനിക്കുള്ളതായി ഞാനറിയുന്ന സർഗ്ഗശേഷി വച്ചുകൊണ്ട്, അതിന്റെ ശക്തിയും ചിരസ്ഥായിത്വവും കണക്കിലെടുക്കാതെ തന്നെ, നിലവിലുള്ളതിനേക്കാൾ വെടിപ്പായ, ഫലപ്രദമായ, സുഘടിതമായ ഒരു കൃതി എനിക്കെഴുതാമായിരുന്നു. ഒരു യുക്തിവാദം കൊണ്ടും തുരത്താനാവാത്തൊരു തോന്നലാണത്; അതേസമയം യഥാർത്ഥത്തിലുള്ളതല്ലാതെ മറ്റൊരു സാഹചര്യവുമില്ലെന്നും, അതല്ലാതെ മറ്റൊന്നിനെയും കണക്കിലെടുക്കാൻ പാടില്ലെന്നു പറയുന്നതിലും യുക്തിയുണ്ട്. അതെന്തുമാകട്ടെ, കഥ നാളെ പൂർത്തിയാക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ; അടുത്ത ദിവസം നോവലിലേക്കു കടക്കാമെന്നും...

(1912 ഡിസംബർ 6-7)

*രൂപാന്തരം എന്ന കഥ

*


പ്രിയപ്പെട്ടവളേ, ആകെ ക്ഷീണിതനാണു ഞാനിന്ന്, സ്വന്തമെഴുത്തിന്റെ കാര്യത്തിൽ തീരെ അതൃപ്തനും; അതിനാൽ ചില വരികളെഴുതാനേ എനിക്കു കഴിഞ്ഞുള്ളു ( എന്റെ ഉള്ളിന്റെയുള്ളിലെ ഉദ്ദേശ്യം നടപ്പിൽ വരുത്താനുള്ള കരുത്തെനിക്കുണ്ടായിരുന്നെങ്കിൽ നോവലിന്റെ എഴുതിയ ഭാഗങ്ങളൊക്കെക്കൂടി ചുരുട്ടിക്കൂട്ടിയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയുമായിരുന്നു ഞാൻ); പക്ഷേ നിനക്കെഴുതിത്തന്നെയാവണമെനിയ്ക്ക്; ഉറങ്ങാൻ പോകുന്നതിനു മുമ്പെഴുതുന്ന അവസാനത്തെ വാക്കുകൾ നിനക്കെഴുതുന്നവയായിരിക്കണം; എങ്കിൽ അവസാനനിമിഷം സകലതിനും പുതിയൊരർത്ഥം കൈവരുന്നു; സ്വന്തമെഴുത്തിലൂടെ ഒരിക്കലും എനിക്കതു കഴിയില്ല. ശുഭരാത്രി, യാതന തിന്നുന്ന സാധുക്കുട്ടീ. ഏതു ദയാർദ്രമായ കൈകൾക്കും മോചനം നല്കാനാവാത്തൊരു ശാപമാണ്‌ എന്റെ കത്തുകളിൽ വീണുകിടക്കുന്നത്. അവ നിന്റെ മേൽ അടിച്ചേല്പ്പിക്കുന്ന യാതനകൾ മാഞ്ഞുപോയേക്കാമെങ്കിലും മറ്റൊരു രൂപത്തിൽ, ഭീകരമായി നിന്നെ വന്നാക്രമിക്കാൻ തലയുയർത്തുകയാണവ. പാവം, എന്നും ക്ഷീണിതയായ പ്രിയപ്പെട്ട കുട്ടീ! തമാശയോടെ ചോദിച്ചതിന്‌ തമാശയായി ഒരുത്തരം: പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ ഒരിഷ്ടവുമില്ല! പുറത്തു ഹുങ്കാരമിടുന്ന ഈ കാറ്റ്! കടലാസ്സും മുന്നിൽ വച്ച്, ഇനിയൊരു സമയത്ത് ഈ കത്തു നിന്റെ കൈകളിലിരിക്കുമെന്നു വിശ്വാസം വരാതെ ഞാനിരിക്കുന്നു; നമുക്കിടയിൽ എത്ര വലിയൊരു ദൂരമാണുള്ളതെന്ന ബോധം എന്റെ നെഞ്ചിൽ വന്നടിയുന്നു. കരയരുതേ, പ്രിയപ്പെട്ടവളേ! അന്നു രാത്രിയിൽ ഞാൻ കണ്ട ശാലീനയായ ആ പെൺകുട്ടി, അവൾ കരയുകയോ? അവൾ കരയുമ്പോൾ ഞാനെങ്ങനെ അവളുടെ അരികത്തില്ലാതിരിക്കും? പക്ഷേ കണ്ണീരിനുള്ള കാരണമില്ല പ്രിയേ. ഒന്നു ക്ഷമിക്കൂ, നിന്റെ അമ്മ വായിച്ചിരിക്കാവുന്ന കത്തുകളുടെ കാര്യത്തിൽ എന്തു വേണമെന്നതിനെക്കുറിച്ച് നാളെ ഞാൻ ചില തീരുമാനങ്ങളെടുക്കും, എടുക്കണം, എത്രയും അതിശയകരമായവ, എത്രയും ആശ്വാസപ്രദമായവ, എത്രയും ഉജ്ജ്വലമായവ. അതുകൊണ്ട് എന്റെ കൈ - പ്രണയം കൊണ്ട്, അതിനാൽ ഇന്ദ്രജാലം കൊണ്ടു സമ്പന്നമായ, ഈ സമയം ബെർലിനു നേർക്കു ചൂണ്ടുന്ന എന്റെ കൈ - എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടെങ്കിൽ അതിതാണ്‌: ഒന്നാശ്വസിക്കൂ, ഈ ഞായറാഴ്ചയെങ്കിലും! എന്റെ പ്രയത്നം കൊണ്ടെന്തെങ്കിലും ഫലമുണ്ടായോ? അതോ എന്റെ നോവലിന്റെ കാര്യത്തിലെന്ന പോലെ നിന്റെ കാര്യത്തിലും പരാജിതനായിട്ടു വേണമോ ഞാൻ ചെന്നു കിടക്കുക? അങ്ങനെയെങ്കിൽ ശപിക്കപ്പെട്ടവനായിപ്പോകട്ടെ ഞാൻ, പുറത്തു വീശുന്ന ഈ കൊടുങ്കാറ്റിന്റെ വേഗത്തിലും. അങ്ങനെയൊന്നുമല്ല, നീയിന്നും നൃത്തം പഠിക്കാൻ പോയിട്ടുണ്ടാവാം, ആകെത്തളർന്നിട്ടുമുണ്ടാവാം. നിന്നെ ഞാൻ കുറ്റപ്പെടുത്തുകയല്ല, പ്രിയപ്പെട്ടവളേ. എനിക്കു നിന്നെ സഹായിക്കണമെന്നേ ഉണ്ടായിരുന്നുള്ളു; പക്ഷേ എന്തു പറയണമെന്ന് എനിക്കു മനസ്സിലാവുന്നില്ല. അല്ല, യഥാർത്ഥ ഉപദേഷ്ടാക്കളെ കണ്ടാൽ എന്നെപ്പോലിരിക്കുകയുമില്ലല്ലോ. ശുഭരാത്രി! ക്ഷീണം കാരണം ഞാൻ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. എന്റെ സന്തോഷത്തിനു വേണ്ടിയാണു ഞാനിതു ചെയ്യുന്നത്, എന്റെ ഹൃദയമൊന്നു തണുക്കാൻ;  ക്ഷീണിച്ചുതളർന്ന, കണ്ണീരിൽ കുതിർന്ന, വിദൂരചുംബനങ്ങളാൽ ചുവന്നുകലങ്ങിയ കണ്ണുകൾ വേണം ഇതു വായിക്കാനെന്നതു ഞാനോർക്കുന്നുമില്ല.

(1912 ഡിസംബർ 14)


...നിനക്കത്രപെട്ടെന്നു കോപം വരാറുണ്ടോ? പൊതുവേ എനിക്കങ്ങനെയില്ല, പക്ഷേ വന്നാൽ മറ്റേതു നേരത്തേക്കാളും ദൈവസാമീപ്യം ഞാനനുഭവിക്കുന്നത് അപ്പോഴാണെന്നു തോന്നിപ്പോവാറുണ്ട്. പൊടുന്നനേ ഉടലുടനീളം ചോര തിളയ്ക്കാൻ തുടങ്ങുമ്പോൾ, കീശകൾക്കുള്ളിൽക്കിടന്നു മുഷ്ടികൾ പുളയുമ്പോൾ, തന്റേതായ സർവ്വതും ആത്മനിയന്ത്രണത്തിൽ നിന്നു വിഘടിച്ചു മാറുമ്പോൾ, സ്വയം നിയന്ത്രിക്കാനുള്ള ഈ കഴിവില്ലായ്മ ഒരു ബലമായി- മറ്റൊരർത്ഥത്തിൽ, എന്നല്ല, ശരിയായ അർത്ഥത്തിൽ ഒരു ബലമായി സ്വയം വെളിപ്പെടുമ്പോൾ- അപ്പോൾ നിങ്ങൾക്കു ബോദ്ധ്യപ്പെടുകയാണ്‌, തുടക്കത്തിലേ കോപത്തെ നിയന്ത്രിക്കേണ്ടതുള്ളുവെന്ന്. ഇന്നലെ രാത്രിയിൽത്തന്നെ ഞാനൊരാളെ കൈയോങ്ങി മുഖത്തടിയ്ക്കുന്ന വക്കു വരെയെത്തിയതാണ്‌, അതും ഒരു കൈ കൊണ്ടല്ല, രണ്ടു കൈയും കൊണ്ട്; ഒരിക്കലല്ല, പലതവണ. ഒടുവിൽ വാക്കുകൾ കൊണ്ടു ഞാൻ തൃപ്തനാവുകയായിരുന്നു; പക്ഷേ അവ അത്ര കടുത്തതുമായിരുന്നു...

(1912 ഡിസംബർ 22)

*


പ്രിയപ്പെട്ടവളേ, എനിക്കെഴുതാൻ കഴിയാതെയാൽ എന്തു സംഭവിയ്ക്കും? ആ നിമിഷമെത്തിക്കഴിഞ്ഞുവെന്ന് എനിക്കു തോന്നിപ്പോവുന്നു; കഴിഞ്ഞ ഒരാഴ്ചയായി യാതൊന്നും ഞാൻ നേടിയിട്ടില്ല; പോയ പത്തു രാത്രികൾക്കിടയ്ക്ക്‌ (തുടരെത്തുടരെയുണ്ടായ തടസ്സങ്ങൾക്കിടയിലാണ്‌ ഞാൻ പണിയെടുത്തതെന്നും സമ്മതിക്കണം) ഒരിക്കലേ ശരിക്കുമെനിക്കു പ്രചോദനമുണ്ടായെന്നു പറയാനുള്ളു. ക്ഷീണം സ്ഥായിയായിരിക്കുന്നെനിയ്ക്ക്‌; ഉറങ്ങാനുള്ള അതിമോഹം എന്റെ തലയ്ക്കുള്ളിൽക്കിടന്നു വട്ടം ചുറ്റുകയാണ്‌. എന്റെ തലയോട്ടിയ്ക്കു മേലറ്റം ഇടതും വലതുമായി വല്ലാത്ത മുറുക്കം. ഇന്നലെ ഞാനൊരു കൊച്ചുകഥ തുടങ്ങിവച്ചതാണ്‌; എനിക്കത്രയ്ക്കു പ്രിയപ്പെട്ടതും, പേന തൊട്ടപ്പോഴേക്കും കണ്മുന്നിൽ തുറന്നുകിട്ടിയെന്നെനിയ്ക്കു തോന്നിയതും; ഇന്നതാകെ അടഞ്ഞുകൂടിയിരിയ്ക്കുന്നു; എന്തു സംഭവിക്കുമെന്നു ഞാൻ ചോദിക്കുമ്പോൾ എന്നെക്കുറിച്ചല്ല ഞാനാലോചിക്കുന്നത്‌; ഇതിലും വഷളായ കാലങ്ങൾ കടന്നുപോന്ന ഞാൻ ഇന്നും ഏറെക്കുറെ ജീവനോടെ ഇരിക്കുന്നണ്ടല്ലോ; എനിക്കായിട്ടെഴുതാനല്ല ഞാൻ പോകുന്നതെങ്കിൽ അത്രയുമധികം നേരം നിനക്കെഴുതാൻ എനിക്കു കിട്ടും; നിന്റെ സാമീപ്യമനുഭവിക്കാനും: ചിന്തിച്ചും, എഴുതിയും, ആത്മാവിനുള്ള ശക്തിയൊക്കെയെടുത്തു പൊരുതിയും ഞാൻ സൃഷ്ടിച്ചെടുത്ത ആ സാമീപ്യം- പക്ഷേ പിന്നെ നിനക്ക്‌, നിനക്കെന്നെ സ്നേഹിക്കാനാവില്ല. അതു പക്ഷേ, എനിക്കായിട്ടുള്ള എന്റെയെഴുത്തു നടക്കാത്തതു കൊണ്ടല്ല, മറിച്ച്‌ ഈ എഴുതാതിരിക്കുക എന്നത്‌ എന്നെ ഇപ്പോഴത്തേതിലും നികൃഷ്ടനും, സമനില തെറ്റിയവനും, മനസ്സുറപ്പു കുറഞ്ഞവനുമാക്കുമെന്നുമുള്ളതു കൊണ്ടാണ്‌; അങ്ങനെയൊരു ജീവിയെ സ്നേഹിക്കാൻ നിനക്കു കഴിയണമെന്നില്ല. പ്രിയപ്പെട്ടവളേ, തെരുവുകളിലെ സാധുകുട്ടികൾക്ക്‌ സന്തോഷം പകരുന്നവളാണു നീയെങ്കിൽ എന്റെ കാര്യത്തിലും അതു കാണിക്കേണമേ; അവരെപ്പോലെ തന്നെ സാധുവാണ്‌ ഈ ഞാനും. നിനക്കറിയില്ല, വിൽക്കാത്ത സാധനങ്ങളുമായി സന്ധ്യയ്ക്കു വീട്ടിലേക്കു മടങ്ങുന്ന കിഴവനുമായി എനിക്കു തോന്നുന്ന അടുപ്പം- അവർക്കൊക്കെ നീ എന്തു ചെയ്തുകൊടുക്കുമോ, അതൊക്കെ എന്റെ കാര്യത്തിലും കാണിക്കേണമേ; അതിനി മറ്റു പലതിനെയുമെന്നപോലെ ഇതിനെയും നിന്റെ അമ്മ ദ്വേഷിക്കുമെങ്കിൽക്കൂടി (ഏവരും സ്വന്തം ഭാരങ്ങൾ നിരുപാധികം ചുമലേറ്റണം; അച്ഛനമ്മമാരുടെ കാര്യത്തിൽ സ്വന്തം മക്കളുടെ നിഷ്കളങ്കപ്രകൃതിയെച്ചൊല്ലിയുള്ള കോപമാണത്‌): ചുരുക്കത്തിൽ നീയെന്നെ തുടർന്നും സ്നേഹിക്കുമെന്നൊന്നു പറയൂ; എന്റെ പെരുമാറ്റം ഏതുവിധമായിരുന്നാലും എന്തു ത്യാഗം ചെയ്തും എന്നെ സ്നേഹിക്കൂ; അതിനായി എന്തു നാണക്കേടു സഹിക്കാനും തയാറാണു ഞാൻ- അല്ല, പറഞ്ഞുപറഞ്ഞു ഞാനെങ്ങോട്ടാണോ ഈ പോകുന്നത്‌?

ഒരു മനസ്സിന്റെ കാടു കയറിയ ചിന്തകളാണിവ, അതും ഒരൊഴിവുദിവസം, അതിനു വിശ്രമം കിട്ടേണ്ട ദിവസം! സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ഓഫീസിൽത്തന്നെ കുത്തിയിരുന്ന് ഒരു കൊടുങ്കാറ്റു പോലെ കുടിശ്ശികജോലികൾ ചെയ്തുതീർക്കേണ്ടതല്ലേ ഞാൻ? മനസ്സു മൊത്തം തന്റെ ജോലിയിലായ, കണിശക്കാരനും, ചിട്ടക്കാരനുമായ ഒരുദ്യോഗസ്ഥനാവേണ്ടതല്ലേ ഞാൻ? പിന്നെയൊരു വാദം ബാക്കിയുള്ളത്‌, ആദ്യത്തെ ഈ രണ്ടവധിദിവസങ്ങൾ കൊണ്ട്‌ ഞാനന്ധാളിച്ചുപോയതാവാമെന്നും, എവിടെത്തുടങ്ങണമെന്ന് ധൃതി കാരണം ഞാൻ മറന്നതാവാമെന്നുമുള്ളതാണ്‌; എന്തായാലും ഇതിലും നല്ലൊരു ക്രിസ്തുമസ്‌ എന്റെ ഓർമ്മയിലില്ലെന്നതും ശരിയാണല്ലോ (നിനക്കു വേണ്ടി പഴയ ഡയറികളിൽ ചിലതിൽ ഞാൻ പരതിനോക്കാം) - പക്ഷേ ഈ വാദങ്ങളൊന്നും ഗൗരവത്തിലെടുക്കരുതേ. ഇവിടെയും, മറ്റെവിടെയുമെന്നപോലെ, കണക്കിലെടുക്കാനുള്ളത്‌ ഒന്നുകിൽ-അല്ലെങ്കിൽ എന്നതു മാത്രം. ഒന്നുകിൽ എനിക്കൊരു സംഗതി ചെയ്യാം, അല്ലെങ്കിൽ ഇല്ല; ഇത്തവണ വിഷയം അവസാനിക്കുന്നത്‌ 'അല്ലെങ്കിൽ' എന്നതിൽ.

'നീയെന്നെ സ്നേഹിക്കുന്നുണ്ടോ, ഫെലിസ്‌?' എന്ന ചോദ്യത്തിനുത്തരമായി കൂറ്റൻ 'ഉവ്വു’കളുടെ അവസാനിക്കാത്ത ഒരു നിര ഒന്നിനു പിന്നാലെ ഒന്നായി പിന്തുടരുമെന്നുള്ള കാലത്തോളം മറ്റെന്തിനെയും കീഴ്പ്പെടുത്താവുന്നതേയുള്ളു.

ഫ്രാൻസ്‌

(1912 ഡിസംബർ 23-24)

*


നോവൽ ഒരല്പം മുന്നോട്ടു പോയിരിക്കുന്നു; കഥ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ ഞാനതിൽ വിടാതെ പിടിച്ചിരിക്കുകയുമാണ്‌. കഥയുടെ തുടക്കം മുതല്ക്കു തന്നെ ഞാനെന്നെ വേണ്ടതിലധികം ഞെരുക്കിക്കളഞ്ഞു; തുടക്കത്തിൽ നാലു കഥാപാത്രങ്ങൾ സംസാരിക്കണമെന്നും, സകലതിലും ഊർജ്ജസ്വലമായി പങ്കു കൊള്ളണമെന്നുമാണ്‌ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, രൂപമെടുത്ത്, കഥയുടെ ഗതിയ്ക്കും ഒഴുക്കിനുമൊപ്പം വികസിക്കുന്നത്രയും കഥാപാത്രങ്ങളെ ഭാവന ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. തുടങ്ങുമ്പോൾപ്പക്ഷേ, രണ്ടു പേരെ വരുതിയിൽ നിർത്താനേ എനിക്കായുള്ളു; അതേസമയം നാലു പേർ മുന്നോട്ടു വരികയും രംഗം കൈയടക്കാൻ ശ്രമിക്കുകയും, ഒപ്പം എഴുത്തുകാരന്‌ രണ്ടു പേരെ കാണാനുള്ള കണ്ണേയുള്ളുവെന്നും വന്നാൽപ്പിന്നെ ഫലം ദുഃഖകരമാവുന്നു, സാമൂഹ്യമായൊരു വൈഷമ്യം തന്നെയാവുന്നു. ഈ രണ്ടു പേർ മുഖംമൂടിയ്ക്കുള്ളിൽ നിന്നു പുറത്തു വരാൻ വിസമ്മതിക്കുകയാണ്‌. പക്ഷേ എന്റെ കണ്ണുകൾ രംഗമാകെ ഓടിനടക്കുന്നതു കൊണ്ട് ഈ രണ്ടു പേരുടെ ചില നിഴലുകൾ അവയ്ക്കു ഗ്രഹിക്കാനായെന്നും വരാം; അപ്പോൾപ്പക്ഷേ, ഉറപ്പുള്ള മറ്റേ രണ്ടു കഥാപാത്രങ്ങൾ തല്ക്കാലത്തേക്കു പരിത്യക്തരാവുകയും, അനിശ്ചിതത്വത്തിലാവുകയും, ഒടുവിൽ എല്ലാം കൂടി തകർന്നു വീഴുകയും ചെയ്യുകയാണ്‌. എന്തു കഷ്ടം!

ഞാനിപ്പോഴെന്തായാലും ശരിക്കു ക്ഷീണിച്ചിരിക്കുകയാണ്‌; സകലതരത്തിലുമുള്ള തടസ്സങ്ങൾ കാരണം പകൽ ഉറക്കമേ നടന്നിട്ടില്ല; ജോലിയുള്ള ദിവസം ഇതിലുമധികം ഞാൻ ഉറങ്ങും. നിന്നോടു പറയാൻ പലതുമുണ്ട്; ഇപ്പോൾ പക്ഷേ ക്ഷീണം ആ വെള്ളക്കുഴലിന്റെ ടാപ്പടച്ചിരിക്കുന്നു. നോവലെഴുതുന്നതിനു പകരം എന്റെ ആഗ്രഹം പോലെ നിനക്കു ഞാൻ കത്തെഴുതിയിരുന്നെങ്കിൽ! കത്തെഴുതിത്തുടങ്ങാൻ എന്തു വ്യഗ്രതയായിരുന്നെനിക്ക്; നീ കൈയിലെടുക്കുമെന്നതിനാൽ എഴുതും മുമ്പ് ചുംബനങ്ങൾ കൊണ്ട് ഈ കടലാസു മൂടാനും. പക്ഷേ ഞാനിപ്പോൾ ക്ഷീണിതനാണ്‌, എന്റെ മനസ്സും മ്ളാനമാണ്‌; നിന്‍റെ ചുംബനങ്ങളെക്കാൾ എനിക്കിന്നാവശ്യം ഓജസ്സുറ്റ നിന്റെ നോട്ടമാണ്‌; ഇന്നത്തെ ഫോട്ടോയിൽ ഞാനതു കാണുന്നുമുണ്ട്. ആ ചിത്രത്തിൽ എനിക്കു ഹിതകരമല്ലാത്ത ഒന്നിനെക്കുറിച്ചു മാത്രം ഞാനിന്നു പറയട്ടെ: നിന്റെ കണ്ണുകൾ എന്റെ കണ്ണുകളെ നേരിടാൻ വിസമ്മതിക്കുന്നു, അവയെന്നെ അവഗണിക്കുകയാണ്‌; ഞാനത് എങ്ങനെയൊക്കെ പിടിച്ചു നോക്കിയാലും മറ്റെവിടെയ്ക്കോ നോട്ടം മാറ്റാൻ നിനക്കു കഴിയുന്നുണ്ട്, ഒരു വികാരക്ഷോഭവുമില്ലാതെ, മനഃപൂർവം നോട്ടം മാറ്റുകയാണെന്നപോലെ. നേരേ മറിച്ച് ഒരു ചുംബനം കൊണ്ട് മുഖമപ്പാടെ എന്നിലേക്കു വലിച്ചടുപ്പിക്കാനുള്ള അവസരവും എനിക്കുണ്ട്; അതു ഞാൻ പ്രയോജനപ്പെടുത്തുകയാണ്‌, ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് വീണ്ടും ഞാനതു ചെയ്യും, ഉണരുമ്പോൾ പിന്നെയും ഞാനതു ചെയ്യും. പറയത്തക്കതാണിതെങ്കിൽ ഞാൻ പറയട്ടെ, എന്റെ ചുണ്ടുകൾ നിനക്കു മാത്രമുള്ളവയാണ്‌, മറ്റാരെയും ഞാൻ ചുംബിക്കാറില്ല, എന്റെ അച്ഛനമ്മമാരെ, സഹോദരിമാരെ ആരെയും; തടുത്താൽ നില്ക്കാത്ത അമ്മായിമാർക്കു കിട്ടുന്നതോ, വിമുഖമായ കവിളത്തെ ഒരിടവും.

(1912 ഡിസംബർ 25)

*


പ്രിയപ്പെട്ടവളേ, മോശപ്പെട്ടൊരു ഞായറാഴ്ചയായിരുന്നു ഇത്. അതിന്റെ പ്രക്ഷുബ്ധതകൾ മുൻകൂട്ടിക്കണ്ടിട്ടെന്ന പോലെ രാവിലെ മുഴുവൻ ഞാൻ കട്ടിലിൽ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. അതേ സമയം ഫാക്റ്ററിയുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനായി രാവിലെ തന്നെ ഞാൻ എവിടെയോ പോകേണ്ടതുമായിരുന്നു. (അന്യരുടെ കണ്ണില്പ്പെടുന്നില്ലെങ്കിലും) എന്നെ ആധിപ്പെടുത്തുകയാണത്, മനഃസാക്ഷിക്കുത്തുണ്ടാക്കുകയാണത്. എന്തായാലും ഈ ഞായറാഴ്ചയെക്കുറിച്ച് ഇത്രയും മതി; ഇപ്പോൾത്തന്നെ പതിനൊന്നര ആയിരിക്കുന്നു. എന്റെ തലയ്ക്കുള്ളിലെ പിരിമുറുക്കവും പിടച്ചിലുകളും ഈയാഴ്ച വരെ ഞാനറിയാത്തതൊന്നാണ്‌; ഇതിന്റെയൊക്കെ ദുരന്തഫലം ഇനി എന്റെ എഴുത്തു നടക്കില്ല എന്നതു തന്നെ. എഴുതാതിരിക്കുക, എന്നിട്ടും എഴുതാനുള്ള ഒരു വ്യഗ്രത, വ്യഗ്രത, ആർത്തുവിളിയ്ക്കുന്നൊരു വ്യഗ്രതയും!

അതിരിക്കട്ടെ, ഇന്നലത്തെ കത്ത് എന്നെ അത്രയും അസൂയാലുവാക്കിയതിന്റെ കാരണം എനിക്കിപ്പോൾ കുറച്ചു കൂടി കൃത്യമാകുന്നു. എന്റെ ഫോട്ടോ ഇഷ്ടമാകാത്ത പോലെ തന്നെ എന്റെ പുസ്തകവും *(നിരീക്ഷണങ്ങ) നിനക്കിഷ്ടമായിട്ടില്ല. അതു വലിയ വിഷയമാക്കാനില്ല, കാരണം, അതിൽ എഴുതിയിരിക്കുന്നതു മിക്കതും പഴഞ്ചൻ കാര്യങ്ങളാണ്‌; എന്നാല്ക്കൂടി എന്റെ ഒരംശം തന്നെയാണത്; അതിനാൽ നിനക്കജ്ഞാതമായ എന്റെ ഒരംശവും. അതും പക്ഷേ വലിയ വിഷയമാക്കേണ്ട കാര്യമില്ല; സർവതിലും അത്ര തീക്ഷ്ണമായി ഞാൻ നിന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നുവെന്നിരിക്കെ, സ്വന്തം കാലു വച്ച് ആ പുസ്തകം തട്ടിയെറിയുന്ന ആദ്യത്തെ ആളാകാൻ ഞാൻ തയാറാകേണ്ടതായിരുന്നു. വർത്തമാനകാലത്തിൽ നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഭൂതകാലം അതിനു തോന്നിയിടത്തു പോയി കൂടിക്കോട്ടെ, വേണമെങ്കിൽ ഭാവിയെക്കുറിച്ചുള്ള ഭീതികൾ പോലെ അത്ര ദൂരത്തിലും. പക്ഷേ നീ എന്തുകൊണ്ടെന്നോടു പറയുന്നില്ല, രണ്ടു വാക്കിൽ എന്നോടു പറയുന്നില്ല, നിനക്കതിഷ്ടമായില്ലെന്ന്! - നിനക്കതിഷ്ടമായില്ലെന്ന് നീ പറയണമെന്നില്ല (അതെന്തായാലും സത്യമാകാനിടയില്ല), നിനക്കതിന്റെ തലയും വാലും പിടി കിട്ടുന്നില്ലെന്നു മാത്രം പറയാമായിരുന്നല്ലോ. ഹതാശമായ കാലുഷ്യമാണതു നിറയെ, അഥവാ, ഒടുങ്ങാത്ത വിഹ്വലതക്കളിലേക്കുള്ള നിമിഷദർശനങ്ങളെന്നും പറയാം; അത്രയടുത്തു ചെന്നു നോക്കിയാലേ എന്തെങ്കിലുമൊന്നു കണ്ണില്പ്പെട്ടുവെന്നു വരൂ. അതിനാൽ നിനക്കു പുസ്തകം ഇഷ്ടപ്പെട്ടില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളു; അതേ സമയം അനുകൂലവും ദുർബലവുമായ ഒരു നിമിഷത്തിൽ അതു നിന്നെ വശീകരിച്ചേക്കാനും മതി എന്ന പ്രത്യാശ ബാക്കി നില്ക്കുകയും ചെയ്യുന്നു. എന്താണതു കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഒരാൾക്കും പിടി കിട്ടാൻ പോകുന്നില്ല; അതെനിക്കു വളരെ വ്യക്തമാണ്‌, വ്യക്തവുമായിരുന്നു. ധൂർത്തനായ ആ പ്രസാധകൻ അതിനു വേണ്ടി തുലച്ച പണവും അദ്ധ്വാനവും എന്റെ മനസ്സിനെ വേട്ടയാടുകയാണ്‌. തികച്ചും യാദൃച്ഛികമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. ഇനിയൊരിക്കൽ വേണമെങ്കിൽ അതിനെക്കുറിച്ചു ഞാൻ നിന്നോടു പറയാം; സ്വന്തനിലയ്ക്ക് അങ്ങനെയൊരു കാര്യം എന്റെ മനസ്സിലുദിക്കുക എന്നതുണ്ടാവില്ല. ഇതൊക്കെ ഞാൻ നിന്നോടു പറയുന്നത് നിന്റെ ഭാഗത്തു നിന്നുള്ള ഉറച്ചതല്ലാത്ത ഒരഭിപ്രായത്തിൽ അസ്വാഭാവികമായി യാതൊന്നും ഞാൻ കാണില്ല എന്നു നിനക്കു വ്യക്തമാകാൻ വേണ്ടി മാത്രമാണ്‌. പക്ഷേ നീ യാതൊന്നും മിണ്ടിയില്ല; എന്തോ പറയാനുണ്ടെന്ന ഒരു സൂചന നല്കുകയല്ലാതെ നീ അതു പറയുകയുണ്ടായില്ല. പ്രിയപ്പെട്ടവളേ, നോക്കൂ, നീ എന്റെ നേർക്കു തിരിയുമ്പോൾ അതെല്ലാറ്റിനോടും കൂടിയാണെന്നെനിക്കു തോന്നണം എന്നാണെന്റെ ആഗ്രഹം; യാതൊന്നും, എത്ര നിസ്സാരമാണതെങ്കില്പ്പോലും, പിടിച്ചുവയ്ക്കരുത്. എന്തെന്നാൽ നാം ഒരാൾ മറ്റൊരാൾക്കുള്ളതല്ലേ, അല്ലെങ്കിൽ എന്റെ വിചാരമെങ്കിലും അതല്ലേ. നിന്റെ നല്ലൊരു ബ്ളൗസ് നല്ലതാണെന്ന കാരണം കൊണ്ടു മാത്രം എനിക്കിഷ്ടപ്പെടണമെന്നില്ല; പക്ഷേ നീ അതിട്ടു കണ്ടാൽ ഞാനതിഷ്ടപ്പെടുകയും ചെയ്യും. എന്റെ പുസ്തകം പുസ്തകമാണെന്നതു കൊണ്ടു മാത്രം നീ ഇഷ്ടപ്പെടുന്നില്ല; പക്ഷേ അതെഴുതിയതു ഞാനാണെന്നു വരുമ്പോൾ നീ അതു തീർച്ചയായും ഇഷ്ടപ്പെടും; എങ്കിൽ നീ അതു പറയുകയും വേണം, രണ്ടും പറയണം.

പ്രിയപ്പെട്ടവളേ, ഈ ദീർഘപ്രഭാഷണത്തിന്റെ പേരിൽ നിനക്കെന്നോടു കോപം തോന്നുകയില്ല എന്നെനിക്കുറപ്പുണ്ട്; എന്തെന്നാൽ നമ്മൾ രണ്ടു പേരിൽ നീയാണു വ്യക്തത; എനിക്കു സ്വന്തമായിട്ടുള്ള വ്യക്തതയൊക്കെ അന്നത്തെ ആ ആഗസ്റ്റ് രാത്രിയിൽ നിന്നോടു പഠിച്ചതേയുള്ളു എന്നാണെന്റെ തോന്നൽ. വേണ്ടത്ര ഞാൻ പഠിച്ചില്ലെന്നത് ഇന്നലെ ഞാൻ കണ്ടൊരു സ്വപ്നത്തിൽ നിന്ന് നിനക്കു മനസ്സിലാവുകയും ചെയ്യും.

ഇല്ലില്ല, ഇപ്പോൾ ഞാനതു വർണ്ണിക്കാൻ പോകുന്നില്ല; കാരണം, എനിക്കിപ്പോൾ ഓർമ്മ വരുന്നു, നീ സങ്കടപ്പെടുകയാണെന്ന്, വെള്ളിയാഴ്ച രാത്രിയിലെങ്കിലും നീ സങ്കടപ്പെട്ടിരുന്നുവെന്ന്. അപ്പോൾ അതാണല്ലേ വീട്ടിൽ നിന്നെ വേവലാതിപ്പെടുത്തുന്നത്? അതിനെക്കുറിച്ച് എനിക്കൊരൂഹവുമുണ്ടായിരുന്നില്ല. അതെന്റെ മൗഢ്യം കൊണ്ടായിരിക്കണം. പാവം കുട്ടീ, അങ്ങനെയൊന്നിലേക്കു വലിച്ചിഴക്കപ്പെടുക, ഭയങ്കരമാണത്! ഇവിടെ അതങ്ങനെയല്ല; എന്റെ അമ്മ എന്റെ അച്ഛന്റെ സമർപ്പിതയായ അടിമയാണ്‌; എന്റെ അച്ഛൻ അമ്മയുടെ സമർപ്പിതനായ ശാസകനും; വീട്ടിലെ ഒരുമയ്ക്കടിസ്ഥാനവും അതു തന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ചനുഭവിച്ച ദുഃഖങ്ങൾ, കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രത്യേകിച്ചും, എന്റെ അച്ഛന്റെ അനാരോഗ്യം ഒന്നുകൊണ്ടുള്ളതു മാത്രമായിരുന്നു. രക്തക്കുഴലുകൾ കട്ടിപിടിക്കലാണ്‌ അദ്ദേഹത്തിന്റെ രോഗം; പക്ഷേ ഇപ്പോഴുള്ള യോജിപ്പു കാരണം അതു ശരിക്കും കുടുംബത്തിന്റെ കാതലിനെ സ്പർശിച്ചിട്ടുമില്ല.

അടുത്ത മുറിയിൽ അച്ഛൻ കിടന്നുരുളുന്നത് ഈ നിമിഷം എനിക്കു കേൾക്കാം. ബലവും വലിപ്പവുമുള്ള ഒരാളാണദ്ദേഹം; ഭാഗ്യത്തിന്‌ അടുത്ത കാലത്തായി അസുഖം കുറച്ചു ഭേദമുണ്ട്; പക്ഷേ ഏതു നേരവും ഭീഷണി ഉയർത്തുന്ന ഒന്നാണദ്ദേഹത്തിന്റെ രോഗം. കുടുംബത്തിന്റെ യോജിപ്പിനെ തകിടം മറിക്കുന്നതൊന്നുണ്ടെങ്കിൽ അതു ഞാൻ മാത്രമാണ്‌; വർഷങ്ങൾ കടന്നുപോകുന്നതോടെ അതു കൂടുതൽ കൂടുതൽ ആ വിധമാവുകയുമാണ്‌. എന്തു ചെയ്യണമെന്ന ഒരന്ധാളിപ്പിലായിപ്പോകാറുണ്ട് ഞാൻ പലപ്പോഴും; വല്ലാത്തൊരു കുറ്റബോധം തോന്നുകയുമാണെനിക്ക്, എന്റെ അച്ഛനമ്മമാരോട്, സകലരോടും. അങ്ങനെ എനിക്കുമുണ്ട് എന്റെ വക ദുഃഖങ്ങൾ, എന്റെ പ്രിയപ്പെട്ട വിദൂരയായ പെൺകുട്ടീ, കുടുംബത്തിനുള്ളിലും, അതു വഴിയും; നിന്നെക്കാളേറെ ഞാനിതർഹിക്കുന്നുവെന്ന പ്രത്യേകതയേയുള്ളു. മുമ്പ്, ഒരിക്കലല്ല, രാത്രിയിൽ ജനാലയുടെ കൊളുത്തിൽ തിരുപ്പിടിച്ചുകൊണ്ടു ഞാൻ നിന്നിരിക്കുന്നു, ജനാല തുറന്ന് സ്വയം പുറത്തേക്കെടുത്തെറിയുക എന്നത് എന്റെ കടമ തന്നെയാണെന്ന തോന്നലോടെ. പക്ഷേ ആ കാലമൊക്കെ കടന്നുപോയിരിക്കുന്നു; ഇന്നിപ്പോൾ നീയെന്ന സ്നേഹിക്കുന്നുവെന്ന അറിവ് മുമ്പെന്നത്തേതിനേക്കാളും ആത്മവിശ്വാസമുള്ള ഒരുവനാക്കി മാറ്റിയിരിക്കുന്നു എന്നെ.

ശുഭരാത്രി, പ്രിയപ്പെട്ടവളേ, വിഷാദപ്പെടുന്ന ചുണ്ടുകളും ആശ്വസിപ്പിക്കാൻ മതിയാവും;  ഒരുനാളുമടർന്നുപോരണമെന്നില്ലാതെ മറ്റേയാളിൽ തങ്ങിനില്ക്കാൻ ആ വിഷാദം ചുണ്ടുകൾക്കൊരു ഹേതുവുമാകും.

ഫ്രാൻസ്

(1912 ഡിസംബർ 29)

*നിരീക്ഷണങ്ങള്‍ - കാഫ്കയുടെ ആദ്യത്തെ പുസ്തകം

*


പ്രിയപ്പെട്ടവളേ, തൊഴുതുപിടിച്ചുകൊണ്ട് ഞാൻ നിന്നോടപേക്ഷിക്കുകയാണ്‌, എന്റെ നോവലിനെപ്രതി അസൂയയരുതേ. എന്റെ നോവലിലുള്ളവർക്ക്* നിന്റെ അസൂയയുടെ സൂചനയെന്തെങ്കിലും കിട്ടിയാൽ അവർ എന്നെയും വിട്ടു പാഞ്ഞൊളിയ്ക്കും. ഇപ്പോൾത്തന്നെ അവർ എന്റെ പിടിയിൽ നിൽക്കുന്നത് അവരുടെ ഷർട്ടിന്റെ കൈയിന്മേലുള്ള ചെറിയൊരു പിടുത്തം കൊണ്ടു മാത്രമാണ്‌. ഒന്നോർത്തു നോക്കൂ, അവർ എന്നെ വിട്ടു പാഞ്ഞാൽ എനിക്കവരുടെ പിന്നാലെ പായേണ്ടിവരും, അതിനി അങ്ങു നരകം വരെയാണെങ്കിൽ അതു വരെയും; അവിടെയാണവർക്കു സുഖമെന്നതു പറയേണ്ടതുമില്ലല്ലോ. എന്റെ നോവൽ ഞാൻ തന്നെ, എന്റെ കഥകൾ ഞാൻ തന്നെ- എവിടെ, ഞാൻ ചോദിക്കുകയാണ്‌, എത്ര ചെറുതെങ്കിലുമായ അസൂയയക്കൊരിടം? എല്ലാം ഭംഗിയായി നടക്കുമ്പോൾ എന്റെ കഥാപാത്രങ്ങളെല്ലാം കൂടി കൈ കോർത്തുപിടിച്ച് നിന്റെ നേർക്കു വരികയാണ്‌, നിന്റെ മാത്രം പാദസേവ ചെയ്യാൻ. നിന്റെ സാന്നിദ്ധ്യത്തിലാണെങ്കിൽപ്പോലും ഞാൻ എന്റെ നോവലിൽ നിന്നു പിൻവലിയുക എന്നതില്ല; അതിനായാൽത്തന്നെ അതെനിക്കൊരു ഗുണവും ചെയ്യാൻ പോകുന്നുമില്ല, കാരണം എഴുത്തിലൂടെയാണ്‌ എനിക്കു ജീവിതത്തിന്മേൽ ഒരു പിടുത്തം കിട്ടുന്നത്...ഇതോർമ്മവയ്ക്കൂ, ഫെലിസ്, എനിക്കെന്റെ എഴുത്തു നഷ്ടമായാൽ എനിക്കു നീയും നഷ്ടമാകും, മറ്റെല്ലാം നഷ്ടമാകും.

1913 ജനുവരി 2-3

*അമേരിക്ക

*


പ്രിയപ്പെട്ടവളേ, എഴുതിയെഴുതി നേരം വീണ്ടും വൈകിയിരിക്കുന്നു. എന്നും പുലർച്ചയ്ക്കു രണ്ടു മണിയ്ക്ക് എനിക്കാ ചൈനാക്കാരൻ പണ്ഡിതനെ ഓർമ്മ വരും. എന്തു കഷ്ടം, എന്നെ വിളിക്കുന്നത് എന്റെ കാമുകിയല്ല, ഞാൻ അവൾക്കെഴുതാൻ ആഗ്രഹിക്കുന്ന കത്തു മാത്രമാണ്‌. ഞാനെഴുതുമ്പോൾ അരികിൽ വന്നിരിക്കാൻ തോന്നുന്നുവെന്ന് അന്നൊരിക്കൽ നീയെന്നോടു പറഞ്ഞതല്ലേ? കേൾക്കൂ, അങ്ങനെ വന്നാൽ എനിക്കെഴുതാൻ പറ്റില്ല(അല്ലെങ്കിലും ഞാൻ കാര്യമായിട്ടൊന്നും ചെയ്യാനും പോകുന്നില്ല); പക്ഷേ അങ്ങനെ വന്നാൽ എനിക്കെഴുതാനേ പറ്റില്ല. കാരണം, എഴുതുക എന്നാൽ അത്രയ്ക്കമിതമായി സ്വയം വെളിപ്പെടുത്തുക എന്നുതന്നെ. ആത്മപ്രകാശനത്തിന്റെയും സമർപ്പണത്തിന്റെയും ആ പാരമ്യത്തിലായിരിക്കെ അന്യരുമായുള്ള സമ്പർക്കത്തിന്റെ കാര്യത്തിൽ തനിക്കു ചേതം പറ്റുന്നുവെന്നറിയുന്ന ഒരു മനുഷ്യജീവി, സ്ഥിരബുദ്ധി അയാൾക്കുണ്ടെങ്കിൽ, അതിൽ നിന്നു പിന്തിരിയാനേ നോക്കൂ. കഴിയുന്നത്ര ആയുസ്സു നീട്ടിക്കൊണ്ടുപോകാൻ ആർക്കാണാഗ്രഹമില്ലാത്തത്? എഴുതാൻ പക്ഷേ അത്രയുമളവിലുള്ള ആത്മപ്രകാശനവും സമർപ്പണവും തന്നെ മതിയാകുന്നില്ല. അസ്തിത്വത്തിന്റെ മേൽമണ്ണിൽ നിന്നു കിനിയുന്ന എഴുത്ത് - മറ്റൊരു വഴിയില്ലാത്തതിനാലും, ഉള്ളുറവകളെല്ലാം വരണ്ടതിനാലും - ഒന്നുമല്ല; യഥാര്‍ത്ഥമായൊരു വികാരം ആ പ്രതലത്തെ ഒന്നു പിടിച്ചുകുലുക്കേണ്ട താമസം, ഒക്കെ തകർന്നു വീഴുകയും ചെയ്യുന്നു. അതു കൊണ്ടാണ്‌ എഴുതുമ്പോൾ മതിയാവുന്നത്ര ഏകാകിയായിരിക്കാൻ നിങ്ങൾക്കു കഴിയാത്തത്; എഴുതുമ്പോൾ മതിയാവുന്നത്ര നിശ്ശബ്ദത നിങ്ങൾക്കു കിട്ടാത്തത്; രാത്രി പോലും മതിയാവുന്നത്ര രാത്രിയാവാത്തത്. അതുകൊണ്ടു തന്നെയാണ്‌ ഉള്ള സമയം നിങ്ങൾക്കു മതിയാകാതെ വരുന്നതും; അത്ര ദീർഘമാണു പാതകൾ, വഴി തെറ്റുക വളരെയെളുപ്പവും. ചിലനേരം നിങ്ങൾ ഭയന്നുപോകുന്നു; ഒരു നിയന്ത്രണവും കൊണ്ടല്ല, ഒരു പ്രലോഭനവും കൊണ്ടല്ല,തിരിഞ്ഞോടാനുള്ള അമിതമായൊരാഗ്രഹം - അതിനുള്ള കഠിനശിക്ഷ പിന്നീടു നിങ്ങൾക്കു കിട്ടാതിരിക്കുന്നുമില്ല - നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു. നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ചുണ്ടുകളിൽ നിന്നൊരു ചുംബനം പൊടുന്നനേ വന്നുവീണാൽപ്പിന്നെ പറയുകയും വേണോ! പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എനിക്കേറ്റവും ഉചിതമായ ജീവിതരീതി വിശാലവും താഴിട്ടു പൂട്ടിയതുമായ ഒരു നിലവറയുടെ ഏറ്റവുമുള്ളിലുള്ള ഒരു മുറിയിൽ എഴുതാനുള്ള സാമഗ്രികളും ഒരു വിളക്കുമായി ഇരിക്കുക എന്നതാണെന്ന്. ആഹാരം പുറമേ നിന്നു കൊണ്ടുവന്ന് എന്റെ മുറിയിൽ നിന്നു വളരെയകലെയായി വച്ചിരിക്കും, നിലവറയുടെ പുറംവാതിലിനും പുറത്തായി. നിലവറയ്ക്കുള്ളിലൂടെ ഗൗണുമിട്ടുകൊണ്ട് ആഹാരത്തിനടുത്തേക്കുള്ള നടത്ത മാത്രമായിരിക്കും എന്റെ വ്യായാമം. പിന്നെ ഞാൻ മേശയ്ക്കരികിൽ മടങ്ങിയെത്തി സാവധാനം, ചിന്താധീനനായി ആഹാരം കഴിക്കും. എന്നിട്ടുടനേ തന്നെ എഴുത്തു തുടരുകയും ചെയ്യും. ഞാനെന്തുമാതിരി എഴുതുമെന്നോ! എത്രയാഴത്തിലുള്ള കയങ്ങളിൽ നിന്നായിരിക്കും ഞാനതിനെ വലിച്ചുയർത്തിക്കൊണ്ടുവരിക! അതും ഒരായാസവുമില്ലാതെ! ഏകാഗ്രതയുടെ പാരമ്യത്തിൽ ആയാസമെന്നതേയില്ലല്ലോ. അധികകാലത്തേക്ക് അതു തുടർന്നുകൊണ്ടുപോകാൻ എനിക്കു കഴിയുകയില്ല എന്നതേ ഒരു ബുദ്ധിമുട്ടുള്ളു; ആദ്യത്തെ ഇടർച്ച തന്നെ - ഇന്നത്തെ ചുറ്റുപാടിൽ അതിനു നല്ല സാദ്ധ്യതയുമുണ്ട് - ഗംഭീരമായൊരുന്മാദത്തിൽ കലാശിക്കുമെന്നതു തീർച്ച. എന്തു തോന്നുന്നു, പ്രിയപ്പെട്ടവളേ? നിന്റെ ഈ നിലവറജീവിയോട് അകലം പാലിക്കരുതേ.

ഫ്രാൻസ്

(1913 ജനുവരി 14)

*


പ്രിയപ്പെട്ടവളേ, എന്നെ നിന്നിലേക്കെടുക്കൂ, അണച്ചുനിർത്തൂ, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ; ദിവസങ്ങൾ എന്നെ തട്ടിയുരുട്ടുകയാണ്‌; കലർപ്പറ്റ സന്തോഷമെന്നത് നിനക്കൊരിക്കലും എന്നിൽ നിന്നു കിട്ടുകയില്ലെന്നത് നീ മനസ്സിലാക്കണം; കലർപ്പറ്റ യാതനകൾ മാത്രം, അതെത്ര വേണമെങ്കിലും- എന്നാലും എന്നെ പറഞ്ഞയക്കരുതേ. ഞാൻ നിന്നോടു ബന്ധിതനായിക്കിടക്കുന്നത് പ്രേമമൊന്നുകൊണ്ടുമാത്രമല്ല; പ്രേമം അത്രയ്ക്കൊന്നുമില്ല, പ്രേമം വരും, പോകും, പിന്നെയും വരും; പക്ഷേ നിന്റെ സത്തയോട് എന്നെ തളച്ചിട്ടിരിക്കുന്ന എന്റെ ദാഹം എന്നുമുണ്ടാവും; അതുപോലെ, പ്രിയപ്പെട്ടവളേ, നീയുമുണ്ടാവണം...

(1913 ജനുവരി 19)

*


...ഇന്നു രാവിലെ അസ്വസ്ഥമായ ഒരുറക്കത്തിനു ശേഷം എഴുന്നേൽക്കുന്നതിനു മുമ്പ് അത്ര ദുഃഖിതനായിരുന്നു ഞാൻ; ജനാലയിലൂടെ സ്വയം പുറത്തേക്കെടുത്തെറിയാനല്ല ( എന്റെ ദുഃഖത്തിനു നിരക്കാത്തത്ര ഓജസ്സുള്ള പ്രവൃത്തിയായിപ്പോയേനേയത്), ജനാലയിലൂടെ സ്വയമെടുത്തു ചൊരിയാനാണ്‌ എനിക്കു തോന്നിയത്.

പക്ഷേ ഇപ്പോൾ നിന്റെ കത്തു കിട്ടിയ സ്ഥിതിയ്ക്ക്, പ്രിയപ്പെട്ടവളേ, ഇനിയൊരിക്കലും യാതൊന്നും നമുക്കിടയിൽ കടന്നുവരരുതേയെന്നൊരു നിർദ്ദേശം വയ്ക്കാൻ തിടുക്കപ്പെടുകയാണു ഞാൻ; നാം രണ്ടുപേരും അതിനുത്തരവാദികളല്ലല്ലോ. എത്ര ദീർഘമാണു നമുക്കിടയിലെ ദൂരം; അതു താണ്ടുക എന്നെ നിരന്തരമായ കർമ്മമേൽപ്പിക്കുന്ന യാതനയോർക്കുമ്പോൾ ചിലനേരം ഞാനെന്റെ കൈവിട്ടുപോവുകയാണ്‌, ഒരു നിമിഷത്തേക്കു ഞാൻ ചിതറിപ്പോവുകയാണ്‌. ഇതിനോടൊപ്പം കൂട്ടിച്ചേർത്തുനോക്കൂ, മൂന്നു സാദ്ധ്യതകൾ മാത്രമറിയുന്ന എന്റെ മാനസികാവസ്ഥയെ: പൊട്ടിത്തെറിക്കുക, തകർന്നടിയുക, അല്ലെങ്കിൽ ശോഷിച്ചുതീരുക. ഈ മൂന്നു സാദ്ധ്യതകളുടെ നിരന്തരമായ ഒരു പരമ്പരയായിരുന്നു എന്റെ ജീവിതമാകെ. ആരാധ്യയായ എന്റെ പാവം പ്രിയപ്പെട്ടവളേ, ഈ കാലുഷ്യത്തിൽ നീയും വന്നുപെട്ടുവല്ലോ! ഞാൻ പൂർണ്ണമായും നിനക്കുള്ളതാണ്‌; എന്റെ മുപ്പതു കൊല്ലത്തെ ജീവിതത്തെ നിരീക്ഷിച്ചതിൽ നിന്ന് ഇത്രയും എനിക്കു പറയാനാവും.

(1913 ജനുവരി 21)

*


ശനിയാഴ്ച ഒരു മണിയ്ക്ക് വീട്ടിലെത്തി.

നീയറിയണം, പ്രിയപ്പെട്ടവളേ, ഒരു സംശയത്തിനുമിടനല്കാത്ത രിതിയിൽ ദൈവം നിന്നെ എന്റെ കൈകളിലേല്പിച്ചിരിക്കുകയാണെന്നപോലെ അത്രയും സ്നേഹവും താത്പര്യവുമാണ്‌ എനിക്കു നിന്നോടുള്ളതെന്ന്.

(1913 ജനുവരി 26)

*


ഹെബ്ബലിന്റെ* കത്തുകളുമായി ഞാനിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു; ഇപ്പോൾ രാത്രി കുറേ വൈകിയുമിരിക്കുന്നു. വേദന തുറന്നു പറയാനറിയുന്നൊരു മനുഷ്യനായിരുന്നു അദ്ദേഹം, സത്യം തുറന്നുപറയാനും; ഉള്ളിന്റെയുള്ളിൽ സ്വയം അത്ര ഉറപ്പുള്ളയാളായിരുന്നു അദ്ദേഹം എന്നതാണതിനു കാരണം. ആ വ്യക്തിത്വത്തിൽ ഒരു ചെറുരേഖ പോലുമില്ല മിഴിവില്ലാത്തതായി; പതർച്ച എന്നത് അദ്ദേഹത്തിനില്ല. എന്നിട്ടും മുപ്പതാമത്തെ വയസ്സു മുതൽ രണ്ടു സ്ത്രീകളുമായി അദ്ദേഹം ബന്ധം പുലർത്തിയിരിക്കുന്നു, രണ്ടു കുടുംബങ്ങളെ നോക്കിനടത്തിയിരിക്കുന്നു, രണ്ടിലും മരണങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. താൻ ചെയ്യുന്നതെന്തിനെക്കുറിച്ചുമുള്ള വിവരണം ഇങ്ങനെ തുടങ്ങാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു: ‘തെളിഞ്ഞ മനഃസാക്ഷിയാണ്‌ പ്രവൃത്തിയുടെ ഉരകല്ലെങ്കിൽ...’. ഈ തരം മനുഷ്യരിൽ നിന്ന് എത്രയകലെയാണു ഞാൻ! സ്വന്തം മനഃസാക്ഷിയെ ഒരിക്കലെങ്കിലും പരിശോധിച്ചുനോക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ ശിഷ്ടായുസ്സു മൊത്തം പിന്നെ ആ മനഃസാക്ഷിയുടെ ഉയർച്ചതാഴ്ചകളും നോക്കി ഇരിക്കേണ്ടിവന്നേനെ ഞാൻ. അതിനാൽ ഞാനിഷ്ടപ്പെടുക, അതിനു പുറം തിരിഞ്ഞിരിക്കുകയാണ്‌, അതുമാതിരിയുള്ള ആത്മപരിശോധനകളുമായി ഒരേർപ്പാടും വയ്ക്കാതിരിയ്ക്കുകയാണ്‌. തനിയ്ക്കു പിന്നിൽ എന്താണു നടക്കുന്നതെന്ന ശങ്ക പ്രബലമാവുമ്പോഴേ എന്റെ മനസ്സൊന്നിടിയുന്നുള്ളു.

ഫ്രാൻസ്

(1913 ജനുവരി 26)

* ഫ്രീഡ്രിച്ച് ഹെബ്ബൽ (1813-1863)- ജർമ്മൻ നാടകകൃത്ത്

*


മനസ്സല്പം കുഴഞ്ഞ അവസ്ഥയിലാണ്‌ ഞാൻ എഴുതാനിരിക്കുന്നത്; ഒന്നിനോടൊന്നു ബന്ധമില്ലാത്ത പലതുമെടുത്തു വായിച്ചതിപ്പോൾ ഒന്നിനോടൊന്നു കൂടിച്ചേരുകയാണ്‌; ഈ തരം വായന കൊണ്ട് ഒരു പരിഹാരം കണ്ടെത്താമെന്നാണു നിങ്ങൾ മോഹിക്കുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി; ഒരു ചുമരിൽ ചെന്നുമുട്ടുകയാണു നിങ്ങൾ; അതു മറികടക്കാനുമാവില്ല. ഇതിൽ നിന്നെത്ര വ്യത്യസ്തമാണു പ്രിയപ്പെട്ടവളേ, നിന്റെ ജീവിതം. തന്റെ സഹജീവികളോടു ബന്ധപ്പെട്ടല്ലാതെ ഒരനിശ്ചിതത്വം നീ അനുഭവിച്ചിട്ടുണ്ടോ? നിന്റെ ഉള്ളിന്റെയുള്ളിൽ, അന്യരോടൊരു ബന്ധവുമില്ലാതെ, പല ദിശകളിലേക്കു നയിക്കുന്ന വ്യത്യസ്തസാധ്യതകൾ തുറക്കുന്നതും, അതുവഴി നിന്റെ ഓരോ ചലനത്തിലും വിലക്കു വന്നുവീഴുന്നതുമായ ഒരനുഭവം നിനക്കെന്നെങ്കിലും ഉണ്ടായിക്കാണുമോ? അന്യരെക്കുറിച്ചൊരു ചിന്തയും കടന്നുവരാതിരിക്കുമ്പോഴും തന്നെക്കുറിച്ചുമാത്രമോർത്തു ഹതാശയായിട്ടുണ്ടോ നീയെന്നെങ്കിലും? സ്വയം നിലത്തേക്കു വലിച്ചെറിയാനും അന്ത്യവിധിയുടെ നാളു കഴിഞ്ഞും അവിടെത്തന്നെ ചടഞ്ഞുകിടക്കാനും തോന്നുന്നത്ര ഹതാശയായിട്ടുണ്ടോ നീ? എത്രയ്ക്കുണ്ട് നിന്റെ ദൈവവിശ്വാസം? നീ സിനഗോഗിൽ പോകാറുണ്ട്; പക്ഷേ അടുത്തൊന്നും നീ പോയിട്ടില്ലെന്ന് എനിക്കുറപ്പാണ്‌. ഏതു വിശ്വാസമാണു നിന്നെ താങ്ങിനിർത്തുന്നത്, യഹൂദമതമോ അതോ ദൈവമോ? നിനക്കെന്നെങ്കിലും ബോധ്യമായിട്ടുണ്ടോ, അതിപ്രാധാന്യമുള്ള ഒരു കാര്യവുമാണിത്,  നീയും, മനസ്സുറപ്പു തരുന്നത്ര വിദൂരവും, ഒരുപക്ഷേ അനന്തവുമായ ഒരൗന്നത്യം അല്ലെങ്കിൽ അഗാധതയുമായി ഒരവിച്ഛിന്നബന്ധമുള്ളതായി? ആ ബോധം മനസ്സിൽ ഒഴിയാതെ കൊണ്ടുനടക്കുന്ന ഒരുവന്‌ യജമാനനില്ലാത്ത നായയെപ്പോലെ മൂകമായി യാചിക്കുന്ന കണ്ണുകളോടെ അലഞ്ഞുനടക്കുക്കേണ്ട കാര്യമില്ല; തണുക്കുന്ന മഞ്ഞുകാലരാത്രിയിൽ, ചൂടുള്ള മെത്തയും ജീവിതവുമാണതെന്നപോലെ, ശവമാടത്തിലേക്കിഴഞ്ഞുകയറിക്കിടക്കാൻ കൊതിക്കുകയും വേണ്ടയാൾക്ക്. ഓഫീസിലേക്കുള്ള പടി കയറുമ്പോൾ, ഒരു കോണിത്തളത്തിലേക്ക് മുകളിൽ നിന്നുരുരുണ്ടുവീഴുകയാണു താൻ, സന്ദിഗ്ധമായ വെളിച്ചത്തിൽ മുനിഞ്ഞുകത്തിയും, പതനത്തിന്റെ വേഗത്താൽ പിരിഞ്ഞുകൂടിയും, അക്ഷമയാൽ തലയിട്ടറഞ്ഞും കൊണ്ടെന്ന് അയാൾക്കു സങ്കല്പ്പിക്കുകയും വേണ്ട.

ഒരുതരത്തിലുമുള്ള മാനുഷികബന്ധത്തിനും പറ്റാത്തവനാണു ഞാൻ എന്നു മനസ്സു കൊണ്ടു ചിലനേരത്തെനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട് . തീർച്ചയായും എന്റെ സഹോദരിയോട് എനിക്ക് ആത്മാർത്ഥമായ സ്നേഹമുണ്ട്; എന്നോടൊപ്പം ലെയിറ്റ്മെർറ്റ്സിലേക്കു വരാമെന്ന് അവൾ പറഞ്ഞപ്പോൾ മനസ്സിൽ തട്ടിയ സന്തോഷം എനിക്കുണ്ടായി; ഇങ്ങനെയൊരു യാത്രയുടെ ആനന്ദം അവൾക്കു നല്കുന്നതിനും, അവളെ വേണ്ടവിധം പരിരക്ഷിക്കുന്നതിനും- ആരെയെങ്കിലും പരിരക്ഷിക്കുക എന്നതാണ്‌ എന്റെ ഗോപ്യമായ, സ്ഥായിയായ അഭിലാഷം; എനിക്കു ചുറ്റുമുള്ളവർ അതു കണ്ടറിയുകയോ അതിനുള്ള കഴിവ് എനിക്കുണ്ടെന്നു വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നാവാം- കഴിയുന്നതിൽ എനിക്കാഹ്ളാദവുമുണ്ടായിരുന്നു. പക്ഷേ, മൂന്നുനാലു മണിക്കൂർ ഒരുമിച്ചുള്ള യാത്രയും, ഒരേ വണ്ടിയിലെ ഇരുപ്പും, ഒരുമിച്ചുള്ള പ്രഭാതഭക്ഷണവും കഴിഞ്ഞ് കോടതിയിലേക്കു പോകാനായി ലെയിറ്റ്മെരിറ്റ്സിൽ വച്ചു യാത്ര പറയുമ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിടുകയായിരുന്നു ഞാൻ; വീണ്ടും തനിച്ചായപ്പോൾ എന്റെ സഹോദരിയുടെ സാന്നിദ്ധ്യത്തിൽ ഒരിക്കലുമെനിക്കനുഭവിക്കാനാവാത്ത ഒരു ലാഘവം എനിക്കുണ്ടായി. പ്രിയപ്പെട്ടവളേ, എന്തുകൊണ്ടാണിതിങ്ങനെ? നീ സ്നേഹിക്കുന്ന ആരുടെയെങ്കിലും കാര്യത്തിൽ വിദൂരമായിട്ടെങ്കിലും ഇതിനു സമാനമായ ഒരനുഭവം നിനക്കുണ്ടായിട്ടുണ്ടോ? അസാധാരണമെന്നു പറയാവുന്ന ഒരു സാഹചര്യവുമായിരുന്നില്ലത്; വളരെ സൗഹൃദമായിട്ടാണ്‌ ഞങ്ങൾ പിരിഞ്ഞത്; ആറു മണിക്കൂറിനു ശേഷം അത്രയും സൗഹൃദത്തോടെ തന്നെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. ഒരിക്കൽ സംഭവിക്കുന്നതുമല്ലിത്; നാളെ, മറ്റേന്നാൾ, ഇനിയേതുനാളാവട്ടെ, ഇതുതന്നെ ആവർത്തിക്കും. - പ്രിയപ്പെട്ടവളേ, നിന്റെ കാൽച്ചുവട്ടിൽ ആശ്വാസം കൊണ്ടു കിടക്കുക, അതുതന്നെ ഭേദം.

ഫ്രാൻസ്

(1913 ഫെബ്രുവരി 9)

*


...ഇന്നലെ രാത്രി ഞാൻ നിനക്കെഴുതിയില്ല; മൈക്കൽ കോൽഹാസ്സു* കാരണം ഞാൻ കിടക്കാൻ വൈകി. (നീയതു വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കരുത്! ഞാനതു നിന്നെ വായിച്ചുകേൾപ്പിക്കാം!) തലേ രാത്രിയിൽ വായിച്ച ചെറിയൊരു ഭാഗമൊഴിച്ചു ബാക്കി ഒറ്റയിരുപ്പിനു ഞാൻ വായിച്ചുതീർത്തു. പത്താമത്തെ തവണയാവണം. യഥാർത്ഥഭക്തിയോടെ ഞാൻ വായിക്കുന്നൊരു കഥയാണിത്; അതെന്നെ ആശ്ചര്യത്തിന്റെ തിരകളിലേറ്റിക്കൊണ്ടുപോവുകയാണ്‌; ഒരുവിധം ദുർബ്ബലവും, അല്പം അശ്രദ്ധയോടെ എഴുതിയതുമായ അവസാനഭാഗമില്ലായിരുന്നുവെങ്കിൽ പൂർണ്ണത തികഞ്ഞ ഒന്നായേനേയത്; എന്റെ അഭിപ്രായത്തിൽ ഈ ലോകത്തു സാദ്ധ്യമല്ലാത്ത തരം ഒരു പൂർണ്ണത. ( എന്റെ വിശ്വാസം, ഏറ്റവും മഹത്തായ സാഹിത്യകൃതികളിൽപ്പോലും മാനുഷികദൗർബല്യത്തിന്റെ ഒരു കൊച്ചുവാലുണ്ടെന്നും, നാമൊന്നു സൂക്ഷിച്ചുനോക്കിയാൽ ആ വാലൊന്നാടുകയും കൃതിയുടെ ആകെക്കൂടിയുള്ള ഉദാത്തവും ദിവ്യവുമായ ഭാവത്തെ കലുഷമാക്കുകയും ചെയ്യുമെന്നാണ്‌.)

പ്രിയപ്പെട്ടവളേ, ദയവായി ഒന്നു പറയൂ, ഇത്രയും സന്തോഷരഹിതനായ ഒരു ചെറുപ്പക്കാരനെ നീയെന്തിനു പ്രേമിക്കാനായി തിരഞ്ഞെടുത്തുവെന്ന്; അയാളുടെ ആ സന്തോഷരാഹിത്യം കാലം പോകെ നിന്നിലേക്കും പടരുകയില്ലേ? ഇന്നു പുറത്തു നടക്കാൻ പോവുമ്പോൾ ഒപ്പം വിവേകവും മര്യാദയുമുള്ള ഒരു ചെറുപ്പക്കാരിയുണ്ടായിരുന്നു; അവളെ എനിയ്ക്കു വലിയ കാര്യവുമാണ്‌. പക്ഷേ സ്വന്തം ജീവിതത്തെക്കുറിച്ച് അവൾ പരാതി പറഞ്ഞപ്പോൾ എനിയ്ക്കു മനം പുരട്ടുന്ന പോലെ തോന്നി. (മൂന്നുമാസത്തിലൊരിക്കൽ ഞാനവളെ കാണാറുണ്ട്.) പിന്നീടു പക്ഷേ, എല്ലാവരും അത്താഴത്തിനിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ അവളെ കളിയാക്കാൻ തുടങ്ങിയപ്പോൾ മിന്നലിന്റെ വേഗത്തിലാണ്‌ അവൾ തിരിച്ചടിച്ചത്, ജയവും അവൾക്കായിരുന്നു. സന്തോഷരാഹിത്യത്തിന്റെ ഒരു പ്രഭയാവണം ഞാൻ പ്രസരിപ്പിക്കുന്നത്. എന്നാലും വേവലാതിപ്പെടരുതേ, പ്രിയപ്പെട്ടവളേ, എന്നും എന്നോടൊപ്പമുണ്ടാവണമേ! എന്നോടു വളരെയടുത്ത്!

(1913 ഫെബ്രുവരി 9)

*ഹെയിൻറിച്ച് വോൺ ക്ളെയ്സ്റ്റിന്റെ(1777-1811) ചെറുകഥ

*


...താൻ എഴുതാനോ പറയാനോ ആഗ്രഹിക്കുന്നത് പൂർണ്ണമായി പ്രകാശനം ചെയ്യാനുള്ള ശക്തി ഒരാൾക്കുണ്ടായിക്കോളണമെന്നില്ല എന്ന അഭിപ്രായക്കാരനല്ല ഞാൻ. ഭാഷയുടെ ദൗർബല്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും, വാക്കുകളുടെ പരിമിതികളും വികാരങ്ങളുടെ അപാരതയും തമ്മിലുള്ള താരതമ്യങ്ങളുമൊക്കെ തീർത്തും യുക്തിക്കു നിരക്കാത്തതുമാണ്‌. അപാരമായ വികാരം ഹൃദയത്തിലെന്നപോലെ വാക്കുകളിലും അപാരമായിത്തന്നെ തുടരും. ഉള്ളിൽ സ്ഫുടമായിരുന്നത് വാക്കുകളിലും സ്ഫുടമായിരുന്നേ മതിയാവൂ. അതിനാൽ ഭാഷയെക്കുറിച്ചാരും വേവലാതിപ്പെടേണ്ടതില്ല; വേവലാതിപ്പെടുന്നുവെങ്കിലത് ആ വാക്കുകൾ കാണുമ്പോൾ അവനവനെ ഓർത്തിട്ടായാൽ മതി. തന്റെ തന്നെയുള്ളിൽ കാര്യങ്ങൾ ശരിക്കും ഏതുവിധത്തിലാണെന്നാരു കണ്ടു? നാം യഥാർത്ഥത്തിലെന്താണോ അത്, പ്രക്ഷുബ്ധമോ, കുഴഞ്ഞൊട്ടുന്നതോ, ചതുപ്പു പോലത്തേതോ ആയ ഈയൊരു അന്തരാത്മാവു മാത്രമാണ്‌. പക്ഷേ നമ്മളിൽ നിന്നു വാക്കുകളെ പുറത്തെടുക്കുന്ന ആ നിഗൂഢകർമ്മം നമ്മുടെ ആത്മജ്ഞാനത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരികയുമാണ്‌; അതിന്റെ മൂടുപടം മാറിയിട്ടില്ലെങ്കിലും നമുക്കു മുന്നിലുണ്ടത്, കാണുമ്പോൾ അത്ഭുതപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയി…

(1913 ഫെബ്രുവരി 18)

*


വൈകി, വൈകി. പലതരം ആൾക്കാരുമായിക്കൂടി ഒരു വൈകുന്നേരം കൂടി പാഴാക്കി. ആശ്രയിക്കാനായി യാതൊന്നുമില്ലാത്തതിനാൽ - എന്റെ എഴുത്തു നടക്കുന്നില്ല, നീ ബെർലിനിലും - ആർക്കും എവിടെയ്ക്കും വലിച്ചിഴയ്ക്കാനായി ഞാനെന്നെ വിട്ടുകൊടുക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരി വികൃതിയായ തന്റെ മകനെക്കുറിച്ചു സംസാരിച്ചു; ഉള്ളതിൽ ഭേദം അതായിരുന്നു - അതുപോലും, ശരിക്കു പറഞ്ഞാൽ, സഹിച്ചിരിക്കാൻ എനിക്കു കഴിഞ്ഞില്ല; ഞാൻ അവരുടെ നേർക്ക് ഉദാസീനമായ നോട്ടങ്ങൾ എറിഞ്ഞുകൊണ്ടിരുന്നു- അവളിൽ ഒരു വശ്യതയൊക്കെ ഞാൻ കണ്ടുവെങ്കിലും. എന്റെ യാന്ത്രികമായ കണ്ണിളക്കങ്ങൾ കണ്ട് അവരൊന്നു കുഴങ്ങിയിട്ടുണ്ടാവണം. ശ്രദ്ധ മാറിപ്പോകാതിരിക്കാനായി ചുണ്ടു കടിച്ചുപിടിച്ചു ഞാനിരുന്നു; പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും ഞാൻ അവിടെയായിരുന്നില്ല; മറ്റെവിടെയുമായിരുന്നില്ല എന്നതും തീർച്ച; അപ്പോൾ ആ രണ്ടു മണിക്കൂർ നേരം ഞാനെന്നൊരാൾ ഉണ്ടായില്ലെന്നു വരുമോ? അങ്ങനെ തന്നെയായിരിക്കണം; എന്തെന്നാൽ, അതിലുമധികം എന്റെ സാന്നിദ്ധ്യം പ്രകടമായേനേ കസേരയിൽ കിടന്നുറങ്ങുകയായിരുന്നു ഞാനെങ്കിൽ.

എന്തായാലും ആ കുറവു നികത്താനും മാത്രം ഹൃദ്യമായൊരു പ്രഭാതമാണ്‌ എനിക്കു കിട്ടിയത്. ഓഫീസിലേക്കു പോകുമ്പോൾ സകലതും മൃഗീയവും മടുപ്പിക്കുന്നതുമാണെന്ന തോന്നൽ എന്നെ വിട്ടുമാറിയിരുന്നില്ല; അതിനാൽ നേരം വൈകിയിട്ടില്ലെങ്കില്ക്കൂടി ഞാനൊന്നു വേഗം കൂട്ടി നടന്നു, മറ്റൊന്നിനുമല്ല, ലോകത്തിന്റെ നീചതയിൽ ചെറുതായൊരു ചലനമെങ്കിലും കടത്തിവിടാൻ, അങ്ങനെയെങ്കിലും അതിന്റെ അസഹ്യത ഒന്നു കുറയ്ക്കാൻ. പക്ഷേ നിന്റെ കത്തു കൈയിൽ കിട്ടിയപ്പോൾ, രാത്രി മുഴുവൻ ആശിച്ചു കിടന്നതൊന്നു വായിക്കാനായപ്പോൾ- എന്നോടൊപ്പം സാൻ റാഫേലിലേക്കു വരാൻ നിനക്കു താത്പര്യമുണ്ടെന്ന്, അല്ലെങ്കിൽ അതു നിന്റെ ചിന്തയിലുണ്ടെന്ന്- അപ്പോൾ അത്തരം കാര്യങ്ങൾ നടക്കാനുള്ള സാദ്ധ്യതയ്ക്കിനിയുമിടമുള്ള ഒരു ലോകം ആഴ്ചകളായിട്ടതിനില്ലാതിരുന്ന ഒരു മുഖഭാവം എടുത്തണിയുകയായിരുന്നു. അങ്ങനെ നീ എന്റെ കൂടെ വരും, നമ്മൾ അവിടെ ഒരുമിച്ചായിരിക്കും, കടപ്പുറത്തെ കൈവരിയിൽപ്പിടിച്ച് നാമടുത്തടുത്തു നില്ക്കും, പനമരങ്ങൾക്കടിയിൽ ഒരേ ബെഞ്ചിൽ നാമടുത്തടുത്തിരിക്കും, നടക്കുന്ന കാര്യങ്ങളൊക്കെ ‘അടുത്തടുത്താ’യിരിക്കും നടക്കുക. സർവതിൽ നിന്നും എന്നെന്നേക്കുമായി പലായനം ചെയ്ത് ഏതു കൂടണയാനാണോ ഞാൻ കൊതിച്ചത്, ആ ഹൃദയം എന്റെ തൊട്ടരികെ നിന്നു മിടിക്കുന്നുണ്ടാവും. എന്റെ മുഖത്തു കൂടി ഒരു കിടുങ്ങൽ കടന്നുപോകുന്നത് ഇപ്പോഴും ഞാനറിയുന്നു. അസാദ്ധ്യമായതിനെ ഭാവന ചെയ്യുക എന്നാൽ ഇങ്ങനെയായിരിക്കണം; അതെന്തായാലും ഒരു യക്ഷിക്കഥയുടെ മട്ടിലേ നീ അതിനെക്കുറിച്ചെഴുതിയിട്ടുള്ളു: ‘അങ്ങയ്ക്കു പറ്റിയ സുന്ദരമായൊരിടം ഞാൻ കണ്ടുപിടിയ്ക്കും, എന്നിട്ടവിടെ ഒറ്റയ്ക്കു വിട്ടിട്ടു ഞാൻ പോരും.’ കേൾക്കൂ, പ്രിയപ്പെട്ടവളേ, അതിന്റെ അസാദ്ധ്യത നീ അതു പറയാനുപയോഗിച്ച രീതിയിൽത്തന്നെയുണ്ട്; ഒരുമിച്ചൊരു യാത്രയ്ക്ക് അവശ്യം വേണ്ട മുന്നുപാധികളായ ദിവ്യാത്ഭുതങ്ങൾ ഒന്നിനു പിമ്പൊന്നായി നടന്നുവെന്നു തന്നെയിരിക്കട്ടെ; തൊട്ടടുത്ത നിമിഷം ജെനോവയിലേക്കു പുറപ്പെടാനുള്ള തീവണ്ടിയ്ക്കരികിൽ നില്ക്കുകയാണു നാമെന്നുമിരിക്കട്ടെ - ഒടുവിലെനിക്കു മാറിനില്ക്കേണ്ടിവരും, അതെന്റെ നിസ്സന്ദേഹമായ ധർമ്മമായിരിക്കും. എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഈ അവസ്ഥ സ്ഥിരമായിരിക്കുമെന്ന സാദ്ധ്യത പരിഗണിച്ചും, നിന്റെ സഹയാത്രികനാവുക എന്നാഗ്രഹിക്കാൻ ഒരിക്കലും ഞാൻ ധൈര്യപ്പെടില്ല. ഒറ്റയ്ക്ക്, ഒരു തീവണ്ടിമുറിയുടെ മൂലയ്ക്ക്, അതാണെന്റെയിടം; അവിടെയാണു ഞാനിരിക്കേണ്ടതും. നീയുമായുള്ള എന്റെ സമ്പർക്കം, എന്റെ അവസാനത്തെ കഴഞ്ചു ശക്തിയുമെടുത്തു നിലനിർത്താൻ ഞാൻ ശ്രമിക്കുന്ന ആ ബന്ധം, അതൊരിക്കലും ഇങ്ങനെയൊരു യാത്രാസൗഹൃദം കാരണമായി അപകടപ്പെട്ടുകൂടാ.

ഫ്രാൻസ്

(1913 ഫെബ്രുവരി 20)

*


കഴിഞ്ഞൊരു ദിവസം എയിസ്സെൻഗാസ്സെയിലൂടെ നടന്നു പോവുമ്പോൾ അരികിൽ ആരോ പറയുന്നതു കേട്ടു:“ഈ കാൾ* എന്തു ചെയ്യുകയാണ്‌?” ഞാൻ തിരിഞ്ഞുനോക്കി; എന്നെ ഒട്ടും ശ്രദ്ധിക്കാതെ തന്നോടു തന്നെ സംസാരിച്ചുകൊണ്ട് നടന്നുപോവുകയാണൊരാൾ; ആ ചോദ്യം സ്വയം ചോദിച്ചതും അയാൾ തന്നെ. പക്ഷേ എന്റെ ഭാഗ്യം കെട്ട നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരും അതായിപ്പോയി; നിരുപദ്രവിയായ ആ വഴിയാത്രക്കാരൻ താനറിയാതെ എന്നെ കളിയാക്കുകയായിരുന്നു; കാരണം അതൊരിക്കലും ഒരു പ്രോത്സാഹനമായിട്ടെടുക്കാൻ എനിക്കാവില്ല.

മുൻപൊരു ദിവസം എന്റെ അമ്മാവന്റെ കത്തിനെക്കുറിച്ചു സംസാരിക്കുമ്പോൾ നീ എന്നോടു ചോദിച്ചിരുന്നല്ലോ, എന്റെ പ്ളാനും പദ്ധതിയുമൊക്കെ എന്താണെന്ന്. നിന്റെ ചോദ്യം അന്നെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞിരുന്നു; ഇന്ന് ഈ അപരിചിതന്റെ ചോദ്യം വീണ്ടും അതെന്നെ ഓർമ്മിപ്പിക്കുകയാണ്‌. എന്തിനു പറയുന്നു, എനിക്കൊരു പ്ളാനുമില്ല, പദ്ധതിയുമില്ല; ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ എനിക്കു കഴിയില്ല; ഭാവിലേക്കു ഞാൻ തല കുത്തി വീണുവെന്നു വരാം, ഭാവിയിൽ ഞാൻ കിടന്നരഞ്ഞുവെന്നു വരാം, ഭാവിയിലേക്കു ഞാൻ തട്ടിവീണുവെന്നു വരാം, അതെന്നെക്കൊണ്ടാവും; ഇതിലുമൊക്കെ ഭംഗിയായി എനിക്കു ചെയ്യാനാവുന്നത് മേലനങ്ങാതെ കിടക്കുകയെന്നതുമാണ്‌. പ്ളാനും പദ്ധതിയും- സത്യം പറയട്ടെ, അങ്ങനെയൊരു വകയേ എനിക്കില്ല; ഒക്കെ ഭംഗിയായി നടക്കുമ്പോൾ വർത്തമാനകാലത്തിൽ ആണ്ടുമുങ്ങുകയാണു ഞാൻ; കാര്യങ്ങൾ മോശമാവുമ്പോൾ ഭാവിയെയെന്നല്ല, വർത്തമാനകാലത്തെപ്പോലും പഴിക്കുകയുമാണു ഞാൻ.

(1913 ഫെബ്രുവരി 28)

*അമേരിക്ക എന്ന നോവലിലെ നായകൻ കാൾ റോസ്സ്മാൻ

*


മനോഹരമായ പൂക്കളടക്കം ചെയ്ത ഈ പെട്ടിയ്ക്കർഹനാവാനും വേണ്ടി ഞാനെന്തു ചെയ്തു? അങ്ങനെയെന്തെങ്കിലും ചെയ്തതായി എന്റെ ഓർമ്മയിലില്ല; പെട്ടിയ്ക്കുള്ളിൽ ഒരു ഭൂതത്തെയാണ്‌ ഒളിപ്പിച്ചുവച്ചിരുന്നതെങ്കിൽ, അവൻ എടുത്തുചാടി എന്റെ മൂക്കിൽ കടിച്ചുതൂങ്ങിക്കിടന്നിരുന്നുവെങ്കിൽ, പിന്നെ ആയുശ്ശേഷം ഞാനവനെയും തൂക്കി നടക്കേണ്ടിവന്നിരുന്നുവെങ്കിൽ അതായേനേ കൂടുതൽ ഉചിതം എന്നെനിക്കു തോന്നിപ്പോവുന്നു. നിനക്കറിയുമോ പൂക്കളെ എനിക്കത്ര കാര്യമല്ലെന്ന്, ഇപ്പോൾ ഞാനവയെ ആസ്വദിക്കുന്നെങ്കിൽ അതു നീ അയച്ചതു കൊണ്ടു മാത്രമാണെന്ന്, എന്നാല്ക്കൂടി നേരിട്ടല്ല, നിനക്കവയോടുള്ള മമതയിലൂടെയാണ്‌ ഞാനവയെ ആസ്വദിക്കുന്നതെന്ന്? പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ കഴിയാത്തതിന്റെ പേരിൽ കുട്ടിക്കാലം മുതല്ക്കേ ഞാൻ പലപ്പോഴും വ്യാകുലപ്പെട്ടിട്ടുണ്ട്. ഈ കഴിവുകേടാവട്ടെ, ഒരു പരിധി വരെ സംഗീതമാസ്വദിക്കാനുള്ള എന്റെ കഴിവുകേടിനോടും ബന്ധപ്പെട്ടിരിക്കുന്നു; അങ്ങനെയൊരു ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നെങ്കിലും പറയാം. പൂക്കളുടെ സൗന്ദര്യം എനിക്കു കണ്ണിൽപ്പെടാറേയില്ല; ഒരു റോസാപ്പൂ ഉദാസീനമായി നോക്കിനില്ക്കേണ്ടൊരു വസ്തുവാണെനിക്ക്; രണ്ടായാൽ അത്രയ്ക്കും ഒന്നുപോലായെന്നു മാത്രം; പൂക്കളടുക്കിയതിലാവട്ടെ, എന്തെങ്കിലുമൊരു ക്രമമോ അർത്ഥമോ കണ്ടെത്താൻ എനിക്കൊരിക്കലും കഴിയാറുമില്ല. ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോടു പ്രത്യേകിച്ചൊരാഭിമുഖ്യം എനിക്കുണ്ടെന്നു മറ്റുള്ളവരെ ബോധിപ്പിക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നമുക്കു സ്വയം ബോദ്ധ്യമുള്ള ഏതു കുറവിന്റെയും കാര്യത്തിലെന്നപോലെ, പൂക്കളോട് അവ്യക്തമായൊരു മമതയുള്ളവരെ, അതവരുടെ സ്വഭാവത്തിന്റെ ഏതെങ്കിലും ഘടകത്തിൽ പ്രകടമാവണമെന്നുമില്ല, കബളിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്‌, എന്റെ അമ്മയ്ക്കു നല്ല ഉറപ്പാണ്‌ ഞാൻ പൂക്കളെ സ്നേഹിക്കുന്ന ഒരാളാണെന്ന്; കാരണം ആളുകൾക്കവ സമ്മാനിക്കുന്നത് എനിക്കിഷ്ടമാണ്‌; കമ്പിയിൽ കോർത്ത പൂക്കൾ കണ്ടാൽ ഞാൻ കിടുങ്ങിവിറച്ചുപോവുകയും ചെയ്യും. പക്ഷേ കമ്പി എന്നെ ആധിപ്പെടുത്തുന്നത് പൂക്കൾ കാരണമല്ല; ഞാൻ എന്നെക്കുറിച്ചേ ചിന്തിക്കുന്നുള്ളു; ആ ഒരു കാരണം കൊണ്ടാണ്‌ ജീവനുള്ള ഒരു ദേഹത്ത് ആ ലോഹക്കഷണം പിരിഞ്ഞുകയറുന്നത് എന്നെ പേടിപ്പെടുത്തുന്നതും...

(1913 മാർച്ച് 11)

*


തുടക്കം തന്നെ ഒരു മഷിപ്പാടോടെ; എന്നാൽ ഞാൻ കടലാസു മാറ്റുന്നുമില്ല; നാളു ചെല്ലുന്തോറും അയഥാർത്ഥമായിക്കൊണ്ടുവരുന്ന, ശൂന്യതയിൽ നിന്നാവാഹിച്ചു വരുത്തുന്ന എന്റെ എഴുത്തിന്‌ (നീയതു ശ്രദ്ധിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവളേ?) അങ്ങനെയെങ്കിലും ഒരല്പം യാഥാർത്ഥ്യം കൈവന്നുവെന്നാകട്ടെ. -അല്ലാതെ വളരെക്കുറച്ചു വാക്കുകൾ മാത്രം; നേരം വളരെ വൈകിയിരിക്കുന്നു; ഫെലിക്സിന്റെ കൂടെ ‘മറ്റേയാൾ’ എന്ന സിനിമാറ്റോഗ്രാഫിനും, അതു കഴിഞ്ഞ് ഒന്നു നടക്കാനും പോയി. ഇന്നത്തേതിന്റെ തനിയാവർത്തനമാവരുത് നാളെ രാവിലെയും എന്നതിനായി ഞാനിനി എഴുതാനും പോകുന്നില്ല. നിനക്കറിയുമോ, പ്രിയപ്പെട്ടവളേ, തന്റെയാ തികഞ്ഞ സ്ഥൈര്യം കൊണ്ട് ഓഫീസിൽ എന്റെ ബോസ് എനിക്കൊരു ബലമാണെന്ന്; അദ്ദേഹത്തിന്റെ മാതൃക പിന്തുടരാനുള്ള കഴിവെനിക്കില്ല; എന്നാലും എനിക്കദ്ദേഹത്തെ അനുകരിക്കാം, ബോധപൂർവം ഒരു പരിധി വരെ; അതു കഴിഞ്ഞാൽ അബോധപൂർവമായി; അതും കഴിഞ്ഞാൽ എനിക്കദ്ദേഹത്തെ നിരീക്ഷിച്ചിരിക്കാനെങ്കിലുമാവുന്നു; അങ്ങനെ എനിക്കാശ്രയിക്കാൻ എന്തെങ്കിലുമുണ്ടെന്നുമാവുന്നു; ഇന്നദ്ദേഹത്തിനു സുഖമില്ലായിരുന്നു. അദ്ദേഹം ഓഫീസിൽ വരാത്തപ്പോൾ രാവിലെയും ഉച്ചയ്ക്കും തപാൽ മുഴുവൻ വിതരണം ചെയ്യേണ്ട ജോലി എനിക്കാണ്‌. ആകെ മനസ്സു കെട്ട് ഒരു ചാരുകസേരയിൽ കിടക്കുകയായിരുന്നു ഞാൻ; ആളുകൾ വരുന്നുണ്ടായിരുന്നു; ഞാനാരെയും കണ്ടുമില്ല, കേട്ടുമില്ല; എനിക്കൊരു താത്പര്യവുമില്ലാത്ത കത്തുകൾ ഒരു തറഞ്ഞ നോട്ടത്തോടെ ഞാനെടുത്തു നോക്കി; ഈ നേരത്ത് ഞാൻ എന്റെ വീട്ടിൽ എന്റെ കിടക്കയിൽ കിടക്കേണ്ടതായിരുന്നല്ലോ എന്ന ചിന്ത തന്നെയായിരുന്നു എന്റെ മനസ്സിൽ; അതും - ഒന്നു സങ്കല്പിച്ചുനോക്കൂ - എന്റെ കിടക്ക തന്നെ വേണമെന്നും ഞാൻ പറയുന്നില്ല; എന്തെങ്കിലുമൊരു മാറ്റം വരുത്തുന്ന രീതിയിൽ ഒതുങ്ങി മാറിയിരുന്നൊന്നു വിശ്രമിച്ചാൽത്തന്നെ മതി. ഇതൊരു പരിധി വരെ വിശദീകരിക്കാനുള്ളതേയുള്ളു: ഉറക്കം എനിക്കു കുറവാണ്‌; അതും ഒരു തുടർച്ച കിട്ടാത്തതും; ഞാനങ്ങനെ വ്യായാമം ചെയ്യാറുമില്ല; എന്നെക്കൊണ്ടു തന്നെ എനിക്കു മതിയായിരിക്കുന്നു; ഇതൊക്കെക്കൂടി എന്നെ ചാരുകസേരയിൽ കൊണ്ടുകിടത്തുകയായിരുന്നു. ഇന്നു നിന്റെ കത്തു വരാത്തത് എനിക്കൊട്ടും വിശ്വസിക്കാൻ പറ്റിയില്ല; അതു കൊണ്ടസന്തുഷ്ടനാവാനോ അസ്വസ്ഥനാവാനോ ഉള്ള ബലം എനിക്കു ശേഷിച്ചിരുന്നില്ല (ഒരിക്കൽക്കൂടി ഞാനാവർത്തിക്കട്ടെ പ്രിയപ്പെട്ടവളേ, എഴുതാൻ ഒരിക്കൽ നിനക്കു സമയം കിട്ടിയില്ലെന്നാണെങ്കിൽ ഇതിനൊന്നും ഒട്ടും പ്രാധാന്യവുമില്ല); എനിക്കതത്ര മനസ്സിലായില്ലെന്നു മാത്രം; ഞാനതിനെക്കുറിച്ച് അത്ര ചിന്തിക്കാൻ പോയില്ലെങ്കിലും, അർത്ഥമില്ലാത്ത ഈ ചടഞ്ഞിരിപ്പിന്‌ അതും ഒരു കാരണമായെന്നു തീർച്ച.ഉച്ച വരെ ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടായതുമില്ല. ഒരസുഖക്കാരനെപ്പോലെ ഞാൻ വീട്ടിലേക്കു നടന്നു, ഇനിയുമെത്ര ദൂരം മുന്നിൽക്കിടക്കുന്നു എന്ന ചിന്തയൊഴിയാത്ത മനസ്സുമായി. പക്ഷേ എനിക്കസുഖമൊന്നുമില്ല; കാഴ്ചയ്ക്ക് എനിക്കൊരു മാറ്റവും വന്നിട്ടുമില്ല; മൂക്കിനു മുകൾഭാഗത്തായി ഒരു വര വീണിട്ടുണ്ടെന്നു മാത്രം, കണ്ടാലറിയുന്നവിധം നര കേറിക്കേറി വരുന്നുണ്ടെന്നു മാത്രം.

ഫ്രാൻസ്

(1913 മാർച്ച് 14)

*


നീ പറഞ്ഞതു ശരിയാണു ഫെലിസ്; അടുത്ത കാലത്തായി നിനക്കു കത്തെഴുതാൻ ഞാൻ സ്വയം അത്രമാത്രം നിർബ്ബന്ധിച്ചാലേ കഴിയൂ എന്നായിരിക്കുന്നു; പക്ഷേ നിനക്കെഴുതലും എന്റെ ജീവിക്കലും തമ്മിൽ അത്രയ്ക്കടുത്തുവരികയും ചെയ്തിരിക്കെ, ജീവിക്കാനും എനിക്കു സ്വയം നിർബ്ബന്ധിക്കേണ്ടിവരുന്നു. അങ്ങനെയല്ലേ?
അതുമല്ല മൂലസ്രോതസ്സിൽ നിന്ന് ഒരു വാക്കു പോലും എന്നിലേക്കു വരുന്നുമില്ല; വഴിയിലെവിടെയോ വച്ച്, വളരെ ആകസ്മികമായി, വളരെ പ്രയാസപ്പെട്ടും കൈയിലാക്കുകയാണു ഞാനെന്നേയുള്ളു. ഒരിക്കൽ, ജീവിതവും എഴുത്തും എനിക്കൊന്നായിരുന്ന കാലത്ത് ഞാൻ നിനക്കെഴുതിയിരുന്നല്ലോ, ഒരനുഭൂതി യഥാർത്ഥമാണെങ്കിൽ അനുയോജ്യമായ വാക്കുകൾ തേടി അതലയേണ്ടിവരില്ലെന്ന്, അവ മുന്നിൽ വന്നു നിന്നുതരുമെന്ന്, അവ തന്നെയും അതിനു പ്രേരകമാവാമെന്ന്? അതൊരുപക്ഷേ സത്യമല്ലെന്നു വരാം.

പക്ഷേ എത്ര പതറാത്ത കൈ കൊണ്ടാവട്ടെ ഞാനെഴുതുന്നത്, അതെങ്ങനെ കൈവരിക്കാൻ, ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതൊക്കെ: ഒരേപോലെ ഗൗരവമുള്ളതാണ്‌ എന്റെ രണ്ടപേക്ഷകളുമെന്നു നിന്നെ ബോദ്ധ്യപ്പെടുത്തുക: ‘എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുക’ അതുപോലെ ‘എന്നെ വെറുക്കുക’.

പക്ഷേ നീ എന്നെക്കുറിച്ചു വേണ്ടവിധം ചിന്തിക്കുന്നില്ലെന്നു ഞാൻ ഗൗരവമായിത്തന്നെ പറയുകയാണ്‌. ഉണ്ടെങ്കിൽ ആ നരച്ച മുടി നീ എനിക്കയച്ചുതരുമായിരുന്നല്ലോ. ചെന്നികളിൽ മാത്രമല്ല എന്റെ മുടി നരച്ചിരിക്കുന്നത്, എന്റെ തലയാകെ നര കേറുകയാണ്‌; ഒരാൾ കഷണ്ടിയാണെങ്കിൽത്തന്നെ നിനക്കയാളെ സഹിക്കാൻ പറ്റില്ലെന്നോർക്കുമ്പോൾ നര ഒന്നുകൂടി വെളുക്കുകയുമാണ്‌.

പറഞ്ഞ ഡയറി എഴുതാൻ എനിക്കു മനസ്സു വരുന്നുമില്ല, ഫെലിസ്. ( ഫെ എന്നെഴുതാൻ എന്റെ പേന പിന്നെയും വിസമ്മതിക്കുകയാണ്‌; സ്കൂൾകുട്ടികൾക്കോ വെറും പരിചയക്കാർക്കോ അതു മതി; ഫെലിസ് എന്നാൽ അതിലുമധികമാണ്‌; ശരിയ്ക്കും അതൊരാശ്ളേഷം തന്നെയാണ്‌. വാക്കുകളെ ആശ്രയിക്കുന്ന, ഈയൊരു കാര്യത്തിലെന്നപോലെ പ്രകൃതം കൊണ്ടും, എന്നെപ്പോലൊരാൾ അങ്ങനെയൊരവസരം വിട്ടുകളയുമെന്നു കരുതാമോ?) അതു നിറയെ അസഹ്യമായ കാര്യങ്ങളായിരിക്കും, തീർത്തും അസാദ്ധ്യമായ കാര്യങ്ങൾ; അവ കത്തുകളായല്ലാതെ, വെറുമൊരു ഡയറിയായി വായിക്കാൻ നിന്നെക്കൊണ്ടു കഴിയുമോ, പ്രിയപ്പെട്ടവളേ? ആ വാഗ്ദത്തം ഞാൻ മുൻകൂറായി ആവശ്യപ്പെടുകയാണ്‌.

ഇന്നുച്ചയ്ക്കു ഞാനെഴുതി, എന്റെ ബർലിൻയാത്ര എന്നെ മാത്രമാശ്രയിച്ചാണിരിക്കുന്നതെന്നപോലെ; അതു ഞാൻ കത്തെഴുതിയതിന്റെ തിടുക്കം കൊണ്ടു വന്നുപോയതാണ്‌; മറ്റെന്തിലുമുപരി നിനക്കതിനെക്കുറിച്ചുള്ള വീക്ഷണത്തിലാണ്‌ ആ യാത്രയുടെ ഭാവി എന്നു ഞാൻ പറയേണ്ടല്ലോ.

വിട, പ്രിയപ്പെട്ടവളേ. എന്റെ യാത്രയ്ക്കുള്ള വിഘാതത്തെക്കുറിച്ച് നാളെ പകൽ ഞാനെഴുതാം.

ഫ്രാൻസ്

(1913 മാർച്ച് 17)

*


എനിക്കൊരിക്കലും നിന്നെ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ്‌ എന്റെ ഭയം ( അതി നെക്കാൾ മോശപ്പെട്ടതൊന്ന് പറയാനും കേൾക്കാനുമുണ്ടാവില്ലെന്നതു തീർച്ച). കൂടിപ്പോയാൽ ആലോചനയില്ലാതെ കൂറു കാണിക്കുന്ന ഒരു നായയെപ്പോലെ നീ അശ്രദ്ധമായി നീട്ടിക്കാണിക്കുന്ന കൈയിൽ മുഖമുരുമ്മാൻ എനിക്കായെന്നു വരാം; അതു പക്ഷേ പ്രേമത്തിന്റെയല്ല, നിശബ്ദതയ്ക്കും നിത്യവിരഹത്തിനും വിധിക്കപ്പെട്ട ഒരു ജന്തുവിന്റെ നൈരാശ്യത്തിന്റെ ലക്ഷണമേയാകുന്നുള്ളു. നിന്റെ അരികിലിരുന്ന് നിന്റെ ദേഹത്തിന്റെ നിശ്വാസവും ജീവനും അനുഭവിക്കുമ്പോൾത്തന്നെ യഥാർത്ഥത്തിൽ ഈ മുറിയിലിരിക്കുമ്പോഴത്തേതിനെക്കാൾ അകലെയായിരിക്കും നിന്നിൽ നിന്നും ഞാൻ . എനിക്കൊരിക്കലും നിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ല; നീ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോഴോ, തലയ്ക്കു കൈ കൊടുത്തിരിക്കുമ്പോഴോ നിന്റെ ശ്രദ്ധയിലേക്കു വരാൻ പോകുന്നില്ല ഞാൻ. കൈ കോർത്തുപിടിച്ച് ഈ ലോകം മുഴുവൻ നാം കടന്നുപോകും; അത്ര യോജിപ്പാണു നമുക്കെന്നു തോന്നിയാലും സത്യത്തിൽ നിന്നേറെയകലെയായിരിക്കുമത്. ചുരുക്കത്തിൽ നിനക്കപായം പറ്റാവുന്നത്ര നീ എന്നിലേക്കു ചാഞ്ഞാൽക്കൂടി നിന്നിൽ നിന്ന് എന്നെന്നേക്കുമായി ബഹിഷ്കൃതനായിരിക്കും ഞാൻ.

ഇതു സത്യമാണെങ്കിൽ ഫെലിസ്- അങ്ങനെയല്ലെന്ന് എനിക്കു തോന്നലുമില്ല- ആറു മാസം മുമ്പേ നിന്നിൽ നിന്നു പിരിയുന്നതിനു മതിയായ കാരണങ്ങൾ എനിക്കുണ്ടായിരുന്നു; അത്രയും തന്നെ കാരണങ്ങളുണ്ടായിരുന്നു, നീയുമായി ഒരു മാമൂൽബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനും; എന്തെന്നാൽ ഇന്ന് ഈ ലോകത്ത് എന്നെ - ഈ ലോകത്തിനു ചേരാത്ത എന്നെ - താങ്ങിനിർത്തുന്ന ദുർബലശക്തികളിൽ നിന്നുള്ള വിച്ഛേദമായിരിക്കും അങ്ങനെയൊരു ബന്ധത്തിന്റെ പരിണതഫലം.

ഞാൻ നിർത്തുകയാണു ഫെലിസ്. ഇന്നത്തേക്കുള്ളതു ഞാൻ എഴുതിക്കഴിഞ്ഞു.

(1913 ഏപ്രിൽ 1)

*


...എന്റെ എഴുത്തിനോടുള്ള എന്റെ മനോഭാവത്തിനും ആളുകളോടുള്ള എന്റെ മനോഭാവത്തിനും മാറ്റം വരാൻ പോകുന്നില്ല; താല്കാലികമായ ഏതെങ്കിലും സാഹചര്യത്തിന്റെ സൃഷ്ടിയല്ല, എന്റെ പ്രകൃതത്തിന്റെ ഭാഗം തന്നെയാണത്. എന്റെ എഴുത്തു നടക്കണമെങ്കിൽ എനിക്കു വേണ്ടത് ഏകാന്തതയാണ്‌; അതു പക്ഷേ, താപസന്റേതല്ല, എനിക്കത്രയും പോരാ; മരിച്ചവരുടെ ഏകാന്തത തന്നെ വേണമെനിക്ക്. എഴുത്ത്, ആ അർത്ഥത്തിൽ മരണത്തെക്കാൾ ഗാഢമായ ഒരു നിദ്രയുമാണ്‌; മരിച്ചവരെ ശവമാടങ്ങളിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനാർക്കും കഴിയുകയുമില്ല എന്നപോലെതന്നെ എന്നെയും രാത്രിയിൽ എന്റെ എഴുത്തുമേശയ്ക്കു പിന്നിൽ നിന്നു പറിച്ചെടുക്കാൻ പാടില്ല, അതിനു കഴിയുകയുമില്ല. ആളുകളുമായുള്ള എന്റെ ബന്ധത്തെ ഇതേതെങ്കിലും തരത്തിൽ ബാധിക്കുന്നുവെന്നല്ല; നിയതവും നിരന്തരവും കർക്കശവുമായ ഈയൊരു രീതിയിലേ എന്റെ എഴുത്തു നടക്കൂ എന്നേ ഇതിനർത്ഥമുള്ളു; ഈ വഴിയേ തന്നെയായിരിക്കും എന്റെ ജീവിതമെന്നും. പക്ഷേ നീ പറയുന്നതുപോലെ നിനക്കു ‘കുറച്ചു വിഷമ’മായിരിക്കും അത്. എനിക്കേതുകാലത്തും ആളുകളെ പ്രതി ഇങ്ങനെയൊരു ഭയമായിരുന്നു; ശരിക്കു പറഞ്ഞാൽ ആളുകളെയല്ല, എന്റെ ക്ഷീണപ്രകൃതിയുടെ മേൽ അവരുടെ കടന്നുകയറ്റത്തെയാണു ഞാൻ പേടിക്കുന്നത്...

ജോലിയോ? എന്നെങ്കിലുമൊരു ദിവസം ജോലി ഉപേക്ഷിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനെത്തുമെന്ന വിചാരമേ അസ്ഥാനത്താണ്‌; അതേ സമയം, മുന്നോട്ടു പോകാനുള്ള കഴിവിന്റെ അഭാവത്താൽ ജോലി ഉപേക്ഷിക്കാൻ ഒരു ദിവസം ഞാൻ നിർബന്ധിതനായിത്തീരും എന്ന വിചാരം ഒട്ടും അസ്ഥാനത്തല്ല താനും. ഇക്കാര്യത്തിൽ എനിക്കുള്ള അരക്ഷിതബോധവും ഉത്കണ്ഠയും ഭീകരമാണ്‌; ഇവിടെയും എന്റെ എഴുത്തു തന്നെ പ്രഥമവും പ്രധാനവുമായ കാരണവും. നിന്നെയും എന്നെയും കുറിച്ചുള്ള എന്റെ ആധികൾ ജീവിതത്തിന്റെ ആധികളാണ്‌, ജീവിതത്തിന്റെ ഘടനയുടെ ഭാഗമാണവ; അക്കാരണത്താൽ എന്റെ ഓഫീസുജോലിയുമായി പൊരുത്തപ്പെട്ടുപോവുകയും ചെയ്യുമവ. പക്ഷേ എഴുത്തും ജോലിയും തമ്മിൽ രജ്ഞിപ്പുണ്ടാവലെന്നതില്ല; കാരണം എഴുത്തിന്റെ ഗുരുത്വകേന്ദ്രം ആഴത്തിലാണ്‌, ജോലിയുടേത് പ്രതലത്തിലും. താഴേക്കു പോവുക, മുകളിലേക്കുയരുക- ഈ പ്രക്രിയയ്ക്കിടയിൽ കീറിപ്പറിഞ്ഞുപോകും ഞാൻ എന്നതു നിശ്ചയം....

(1913 ജൂൺ 26)

*


എനിക്കു ഭീതി തോന്നുന്നു ഫെലിസ്, സ്വസ്ഥമായൊരു രാത്രിയ്ക്കു ശേഷം സുന്ദരമായൊരു പ്രഭാതത്തിൽ പ്രസന്നമായ ഒരു പകലിന്റെ പ്രതീക്ഷയും വച്ചുകൊണ്ടിരിക്കുന്ന നിന്റ കൈകളിലേക്ക് പാതാളത്തിൽ നിന്നുള്ള സന്ദേശങ്ങൾ പോലെ നാരകീയമായ എന്റെ കത്തുകൾ വന്നുചേരുന്നതു മനസ്സിൽ കാണുമ്പോൾ. പക്ഷേ ഞാനെന്തു ചെയ്യാൻ, ഫെലിസ്? നീ ഒടുവിലയച്ച കത്തുകളിലും പോസ്റ്റുകാർഡുകളിലും നിനക്കെന്നോടുള്ള സാമീപ്യം, നിന്റെ സഹായം, നിന്റെ ദൃഢനിശ്ചയം ഇതൊന്നും ഞാൻ കാണുന്നില്ലല്ലോ; അതിനെക്കുറിച്ചൊരു തീർച്ചയില്ലാതെ എനിക്കു നിന്റെ അച്ഛനമ്മമാരുമായി ബന്ധപ്പെടാനും കഴിയില്ല; കാരണം എനിക്കു ജനങ്ങളുമായി യഥാർത്ഥത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ അതു നീയൊരാൾ വഴി തന്നെ വേണം; ഭാവിയിലും നീ തന്നെയായിരിക്കും ആ ബന്ധം സ്ഥാപിച്ചെടുക്കേണ്ടയാൾ. അതിനാൽ ഇന്നലത്തെ കത്തിന്‌ നിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണു ഞാൻ. നിനക്കെന്റെ അവസ്ഥ മനസ്സിലാകുന്നില്ലേ, ഫെലിസ്? ഞാനേല്പിക്കുന്ന യാതനയെക്കാൾ എത്രയോ വലുതാണ്‌ ഞാൻ സ്വയമനുഭവിക്കുന്ന യാതന- അതുകൊണ്ടു പക്ഷേ, അതത്ര വലിയ കാര്യമാണെങ്കിൽത്തന്നെ, ഞാനൊരുതരത്തിലും കുറ്റവിമുക്തനാവാനും പോകുന്നില്ല.

(1913 ആഗസ്റ്റ് 12 )

*


ഇനി സമാധാനപ്പെടൂ, ഫെലിസ്. നിനക്കൊഴിവു കിട്ടിയ ദിവസമാണ്‌, വേനൽക്കാലവുമാണ്‌. ആകാംക്ഷകൾക്കിടം കൊടുക്കരുത്, അകത്തും പുറത്തും. വേണ്ടതൊക്കെ ഞാൻ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞുകഴിഞ്ഞു; അവർക്കു വായിച്ചുപോകാവുന്നതും, ഒപ്പം കാര്യങ്ങൾ മനസ്സിലാവുന്നതുമായ വിധത്തിൽ സാരമായതിനെ സത്യമായതിനോടു യോജിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അതെന്തായാലും നമുക്കിടയിൽ ഇനി മേലിൽ ആധികളെയും ഭീതികളെയും കുറിച്ചുള്ള വർത്തമാനങ്ങളൊന്നുമുണ്ടാവരുത്. അവയിൽ ശേഷിച്ചവ നമ്മുടെ പല്ലുകൾക്കിടയിൽക്കിടന്നരയട്ടെ. അടുത്തകാലത്തയച്ച കത്തുകളിലെ കുറ്റപ്പെടുത്തലുകൾ മിക്കതും ന്യായമില്ലാത്തതായിരുന്നുവെന്നു ഞാൻ സമ്മതിക്കുന്നു; അവയെക്കുറിച്ചിനി വിസ്തരിച്ചു ചർച്ച ചെയ്യണമെന്നും ഞാൻ വിചാരിക്കുന്നില്ല. അതേ സമയം നിന്റെ കത്തുകളിലെ ഏതെങ്കിലും ഭാഗം വായിച്ചു മനസ്സു വ്രണപ്പെട്ടതിൽ നിന്നല്ല ആ കുറ്റപ്പെടുത്തലുകൾ ജനിച്ചതെന്നും നീ മനസ്സിലാക്കണം; ആഴത്തിലുള്ള ഏതോ ഉത്ക്കണ്ഠകളിലാണ്‌ അതിന്റെ ഉറവുകൾ. നമുക്കവയെ മറന്നുകളയാം! ഈ വക സംഗതികൾ കൊണ്ട് നിന്നെ ദുരിതപ്പെടുത്താതിരിക്കാൻ ഞാനൊരു വഴി കണ്ടുകഴിഞ്ഞു. മനസ്സിൽ വന്നു തിടുക്കപ്പെടുത്തുന്നവയൊക്കെ എഴുതിവയ്ക്കുക, പക്ഷേ അയക്കരുത്. സമാധാനത്തോടെ ഒരുമിച്ചിരുന്നു നമുക്കവ വായിക്കാവുന്ന ഒരു കാലം വന്നുവെന്നു വരാം; ഒരു പക്ഷേ, ഒരു പക്ഷേ, വെസ്റ്റർലന്റിൽ നിന്നുള്ള ഏതൊരു കത്തിന്റെയും അലസസഞ്ചാരം കൊണ്ടു സാധിക്കുന്നതിനെക്കാൾ എളുപ്പത്തിലും വേഗത്തിലും ആത്മവിശ്വാസം പകരുന്ന ഒരു നോട്ടവും ഒരു കൈപിടിച്ചമർത്തലും കൊണ്ട് എല്ലാമെല്ലാം പരിഹൃതമായെന്നും വരാം. ഞാൻ ഒടുവിലേൽപ്പിച്ച യാതനകളെ ഞാനുമായുള്ള ചേർച്ചയിലന്തർഭവിച്ച, തുടക്കമിട്ടുകഴിഞ്ഞതുമായ, ആത്മബലിയുടെ ഭാഗമായിട്ടു കണക്കാക്കൂ, ഫെലിസ്. ഇത്രയേ എനിക്കു പറയാനാവൂ. എന്റെ കത്തിനെക്കുറിച്ച് നിന്റെ അച്ഛനും അമ്മയും നിന്നെ വിളിച്ചു ചോദിക്കുമ്പോൾ നിന്റെ ആലോചനയിലും നിന്റെ മറുപടിയിലും ഇതു കൂടി ഉൾപ്പെടുത്തൂ.

ഇനി മുതൽ ഇത്രയധികം കത്തുകൾ എന്റെ പേർക്കയക്കുകയുമരുത്. നിരന്തരമായ കത്തെഴുത്ത് എവിടെയോ പിശകിയിട്ടുള്ളതിന്റെ ലക്ഷണമാണ്‌. സമാധാനത്തിനു കത്തുകളുടെ പിൻബലം വേണ്ട. ലോകത്തിന്റെ കണ്ണുകൾക്കു മുന്നിൽ നീ എന്റെ ഭാവിവധുവാകുന്നതു കൊണ്ട് യാതൊന്നും മാറാൻ പോകുന്നില്ല. എന്നാൽക്കൂടി സംശയങ്ങളുടെയും ഭീതികളുടെയും ബാഹ്യപ്രകടനങ്ങൾക്കവസാനമായി എന്നതിന്റെ ലക്ഷണമെങ്കിലുമാണത്. അതുകൊണ്ടു തന്നെ അത്രയധികം കത്തുകളുടെ ആവശ്യവും ഇനി മേലിലില്ല; മുറ തെറ്റാതെ, ഒരു തലനാരിഴയുടെ വീതിയ്ക്കു പോലും പിഴയ്ക്കാത്ത കൃത്യതയോടെ അയക്കുന്ന കത്തുകളുടെ ആവശ്യമേ ഇനിയുള്ളു. നിന്റെ ഭാവിവരനാവുന്നതോടെ കത്തുകൾ കൃത്യമായി അയക്കുന്നുവെങ്കിൽക്കൂടി എത്ര മോശം കത്തെഴുത്തുകാരനായി ഞാൻ മാറിയിരിക്കുന്നുവെന്നു കണ്ട് നീ അത്ഭുതപ്പെടുകയും ചെയ്യും. ബന്ധങ്ങൾ അധികമധികം ദൃഢമാവുമ്പോള്‍ കത്തുകൾ കഥയില്ലായ്മകളുമാവും.

(1913 ആഗസ്റ്റ് 15)

*


നോക്കൂ ഫെലിസ്, നിനക്കെന്നെക്കുറിച്ചു വേണ്ടത്ര ആലോചനയില്ലെന്നു പറഞ്ഞു ഞാൻ നീരസപ്പെട്ടത് എത്ര ശരിയായി. അതോ അപായത്തിലേക്കിറങ്ങിപ്പോകുന്ന നേരത്ത് നിന്റെ മനസ്സിൽ ഞാനായിരുന്നുവോ? അല്ല, നിന്റെ മനസ്സിൽ ഞാൻ വരാൻ ഒരു വഴിയുമില്ല. നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ? ഇപ്പോഴും നിന്റെ ചങ്കിടിപ്പു മാറിയിട്ടില്ലെന്നോ! വേണ്ട ഫെലിസ്, ഇക്കാര്യത്തിൽ നീ എന്നെപ്പോലെയാകുന്നത് എനിക്കിഷ്ടമല്ല. എന്റെ തളർന്ന ഞരമ്പുകൾക്കാവതുള്ള വഴിയിലൂടെ എന്റെ ഹൃദയം യാത്ര പോകട്ടെ; പക്ഷേ നിന്റെ ഹൃദയം അതിന്റെ സ്വാഭാവികവും പ്രശാന്തവുമായ മാർഗ്ഗത്തിലൂടെതന്നെ മുന്നോട്ടു പോകണം. ഒരു മാനസികാഘാതം കാരണമായി തൊണ്ടവേദന വരുമോ? ആ ഭാഗം എനിക്കു വ്യക്തമായില്ല. നീ ഡോക്ടറെ കണ്ടുവോ? പറയൂ ഫെലിസ്, എന്നെ കണ്ടുമുട്ടുന്നതിനു മുമ്പ് ഇതിലധികം പ്രതിരോധശേഷി നിനക്കുണ്ടായിരുന്നതല്ലേ? ആ തിരകളെക്കാളൊക്കെ അപരാധിയായതു ഞാൻ തന്നെയല്ലേ? കഴിഞ്ഞ അരക്കൊല്ലത്തിനിടെ ഞാൻ സ്വയമേല്പിച്ച പീഡനത്തിന്റെ പകുതിയേ ഞാൻ നിനക്കേല്പിച്ചിട്ടുള്ളുവെങ്കിൽക്കൂടി- അതിന്റെ ഫലമായിട്ടെന്താ, ഭാവിയിൽ എന്നെക്കാളേറെ നിന്നെ ഭീതിപ്പെടുത്താനായി എന്റെ മുടി നാൾക്കുനാൾ നരച്ചുവെളുക്കുകയാണ്‌. ഒരിക്കൽ നീയെഴുതിയിരുന്നല്ലോ, കഷണ്ടിക്കാരനായ ഒരാൾ കല്യാണമാലോചിക്കാൻ വരുന്നതു നിനക്കു പേടിയാണെന്ന്; ഇന്നിതാ, മിക്കവാറും നരച്ച ഒരുത്തൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നു.
ഇന്നത്തെ കത്ത് ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുന്നു, ഒരു സംഗതിയിലെങ്കിലും വിരുദ്ധധ്രുവങ്ങളിലാണു നാമെന്ന്. സംഭാഷണം നിനക്കു രസിക്കും, നിനക്കതു വളരെ ആവശ്യവുമാണ്‌; നിനക്കു ചേർന്നതു മനുഷ്യരുമായി നേരിട്ടുള്ള ഇടപഴകലാണ്‌; എഴുത്ത് നിന്നെ കുഴക്കുന്നു; വികലമായ ഒരു പകരം വയ്ക്കൽ മാത്രമാണു നിനക്കത്, പലപ്പോഴും അതുപോലുമല്ല; നീ മറുപടി അയക്കാത്ത എത്രയോ കത്തുകളുണ്ടായിരുന്നു; നിന്റെ കാരുണ്യവും സന്മനസ്സും ഓർക്കുമ്പോൾ ഒരു കാരണമേ അതിനുള്ളു- നിന്റെ പ്രകൃതത്തിനു ചേരാത്തതാണ്‌ എഴുതുക എന്നത്; അതേ സമയം ഏതിനെക്കുറിച്ചും സ്വന്തം അഭിപ്രായം പറഞ്ഞു വ്യക്തമാക്കാനാണെങ്കിൽ നിനക്കതു സമ്മതവുമായിരിക്കും.
എന്റെ കാര്യത്തിൽ നേരേ മറിച്ചാണത്. സംസാരം എന്റെ പ്രകൃതത്തിനു തീരെ ചേർന്നതല്ല. ഞാൻ എന്തു പറഞ്ഞാലും തെറ്റിപ്പോകുന്നു, എന്റെ നോട്ടത്തിൽ. പറയുമ്പോൾ പറയുന്നതിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെട്ടുപോവുകയാണ്‌ എന്റെ കാര്യത്തിൽ. അതങ്ങനെയാവാതെ വഴിയില്ല എന്നാണ്‌ എന്റെ തോന്നലും; കാരണം, ഒരായിരം ബാഹ്യഘടകങ്ങൾക്കും ബാഹ്യമായ നിയന്ത്രണങ്ങൾക്കും നിരന്തരം വിധേയമാകേണ്ടതാണ്‌ വാക്ക്. അങ്ങനെ ഞാൻ നിശ്ശബ്ദനാകുന്നു, അതങ്ങനെയായേ പറ്റൂ എന്നതിനാൽ മാത്രമല്ല, ആ ബോധ്യം എനിക്കുള്ളതിനാലും. ആത്മപ്രകാശത്തിന്‌ എനിക്കു പറഞ്ഞിട്ടുള്ള ഉപാധി എഴുത്തൊന്നു മാത്രമാണ്‌; നമ്മളൊരുമിച്ചുള്ള കാലത്തായാൽപ്പോലും അതങ്ങനെ തുടരുകയും ചെയ്യും. പ്രകൃതം കൊണ്ടുതന്നെ പറയാനും കേൾക്കാനും വിധേയയായ നിന്നെപ്പോലൊരാൾക്ക് ഞാനെഴുതുന്നത്- അതിലെനിക്കാവുന്നത് എത്രയെങ്കിലുമാവട്ടെ- എന്റെ മുഖ്യമായ, ആകെയുള്ള സംഭാഷണരൂപമായാൽ നിനക്കതു പര്യാപ്തമാവുമോ (അതു സംബോധന ചെയ്യുന്നത് മറ്റാരെയുമല്ല, നിന്നെയാണെന്നു വന്നാൽക്കൂടി)?

ഫ്രാൻസ്

(1913 ആഗസ്റ്റ് 20 )

*


ചർച്ച ചെയ്യാതൊന്നും ബാക്കിയില്ല. ഫെലിസ്‌, അതിനെക്കുറിച്ചു നീ പേടിക്കേണ്ട; ഒരു പക്ഷേ സർവ്വപ്രധാനമായ വിഷയം നിനക്കിനിയും പൂർണ്ണമായി പിടി കിട്ടിയിട്ടില്ലെന്നും വരാം. ഇതൊരു കുറ്റപ്പെടുത്തലല്ല, കുറ്റപ്പെടുത്തലിന്റെ ലാഞ്ഛന പോലുമല്ല. മനുഷ്യസാദ്ധ്യമായതൊക്കെ നീ ചെയ്തുകഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ നിനക്കുള്ളിലില്ലാത്തത്‌ നിനക്കു പിടികിട്ടലുമില്ല. ആർക്കുമതാവില്ല. ജീവനുള്ള പാമ്പുകളെപ്പോലെ എല്ലാ ഉത്കണ്ഠകളും ഭീതികളും ഉള്ളിൽ കൊണ്ടുനടക്കുന്നതു ഞാൻ മാത്രമാണല്ലോ; അവയെ കണ്ണെടുക്കാതെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതും ഞാൻ മാത്രമാണല്ലോ; അവ എന്താണെന്നറിയുന്നതും എനിക്കു മാത്രം. നീ അവയെക്കുറിച്ചറിയുന്നത്‌ എന്നിലൂടെ മാത്രം, എന്റെ കത്തുകളിലൂടെ മാത്രം ; അവയെക്കുറിച്ച്‌ എന്റെ കത്തുകളിലൂടെ നിനക്കു കിട്ടുന്ന അറിവിന്‌ യാഥാർത്ഥ്യവുമായുള്ള ബന്ധം -അതിന്റെ ഭീകരതയിൽ, തുടർച്ചയിൽ, അളവിൽ, അദമ്യതയിൽ- അതിനോട്‌ എന്റെ എഴുത്തിനുള്ളത്ര പോലുമുണ്ടായിരിക്കുകയുമില്ല. ഇതൊക്കെ എനിക്കു ബോധ്യമാകുന്നത്‌ അത്രയും കാരുണ്യവും ആത്മവിശ്വാസവും നിറഞ്ഞ ഇന്നലത്തെ കത്തു വായിക്കുമ്പോഴാണ്‌; അതെഴുതുമ്പോൾ ബർലിനിൽ വച്ച്‌ എന്നെക്കുറിച്ചുള്ള ഓർമ്മകളൊക്കെ നീ മറന്നിട്ടുണ്ടാവണം. നിന്നെ കാത്തിരിക്കുന്ന ജീവിതം വെസ്റ്റർലാൻഡിൽ നിന്റെ മുന്നിലൂടെ ഉലാത്തുന്ന സന്തുഷ്ടരായ ദമ്പതികളുടേതല്ല; കൈകൾ കോർത്തുപിടിച്ചുള്ള സല്ലാപങ്ങളല്ല. മറിച്ച്‌ നിരുന്മേഷവാനായ, മിണ്ടാട്ടമില്ലാത്ത, അതൃപ്തനായ, ദീനക്കാരനായ ഒരു മനുഷ്യന്റെ അരികിലുള്ള ആശ്രമജീവിതമാണ്‌. ആ മനുഷ്യനാകട്ടെ, ഇതു ഭ്രാന്താണെന്നു നിനക്കു തോന്നുകയും ചെയ്യും, അദൃശ്യമായ സാഹിത്യത്തോട്‌ അദൃശ്യമായ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കിടക്കുകയുമാണ്‌; ആരെങ്കിലും അടുത്തേക്കു ചെന്നാൽ ആരോ ആ ചങ്ങലകളിൽ തൊട്ടുവെന്നു പറഞ്ഞ്‌ അലറിവിളിയ്ക്കുകയുമാണയാൾ.

(1913 ആഗസ്റ്റ്‌ 22)

*


പ്രിയപ്പെട്ട ഫെലിസ്‌, അർദ്ധജാഡ്യത്തിൽ നിന്ന് വേലക്കാരി എന്നെ വിളിച്ചുണർത്തിയിട്ട്‌ നിന്റെ കത്ത്‌ എനിക്കു തന്നു. ഇപ്പോൾ എന്റെ രാത്രികൾക്കു പതിവായ അർദ്ധബോധാവസ്ഥയിൽ എന്റെ തലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന നിറം കടുത്ത ചിത്രങ്ങൾക്കു ചേർന്ന ഒരനുബന്ധമായിരുന്നു അത്‌. പക്ഷേ അവർ ആ കത്തു കൊണ്ടുവരുന്നത്‌ ഇനി ഏതു നേരത്താവട്ടെ, നീയും നമ്മുടെ ഭാവിയും മാത്രം വിഷയമായ എന്റെ ചിന്തകളോട്‌ അതു സ്വാഭാവികമായി ചേർന്നുപോവുകയും ചെയ്യും.

പാവം ഫെലിസ്‌! മറ്റാരോടുമൊപ്പമല്ല, നിന്നോടൊപ്പമാണു ഞാൻ ഏറ്റവുമധികം വേദന തിന്നുന്നതെന്നതും, മറ്റാരുമല്ല, ഞാനാണ്‌ നിന്നെ ഏറ്റവുമധികം വേദന തീറ്റിയ്ക്കുന്നതുമെന്നത്‌ ഒരേസമയം ഭയാനകമാണ്‌, ന്യായവുമാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ നടുക്കു വച്ചൊടിയുകയാണു ഞാൻ. താൻ തന്നെ മിനക്കെട്ടേൽപ്പിക്കുന്ന പ്രഹരങ്ങൾ കൊള്ളാതിരിക്കാൻ തല താഴ്ത്തുകയാണു ഞാൻ. ഇതിലും മോശപ്പെട്ടൊരു ശകുനം നമുക്കു വേറെ വേണമോ!

എഴുതാനുള്ളൊരു വാസനയല്ല, പ്രിയപ്പെട്ട ഫെലിസ്‌, ഒരു വാസനയല്ല, എന്റെ ആത്മാവങ്ങനെതന്നെയാണത്‌. ഒരു വാസനയെ പിഴുതെടുത്ത്‌ ചവിട്ടിയരയ്ക്കാവുന്നതേയുള്ളു. പക്ഷേ ഞാനിതാണ്‌; എന്നെയും പിഴുതെടുത്തു ചവിട്ടിയരയ്ക്കാവുന്നതേയുള്ളു എന്നതിൽ സംശയമില്ല; അപ്പോൾ നിന്റെ കാര്യമോ? നീ പരിത്യക്തയാവും, എന്നിട്ടും എന്നോടൊപ്പം ജീവിക്കുകയും ചെയ്യും. എനിക്കു വിധിച്ച വഴിയേ ഞാൻ ജീവിക്കുകയാണെങ്കിൽ താൻ പരിത്യക്തയായതായി നിനക്കു തോന്നും; ആ വഴിയേയല്ല ഞാൻ ജീവിക്കുന്നതെങ്കിൽ നീ ശരിയ്ക്കും പരിത്യക്തയാവുകയും ചെയ്യും. ഒരു വാസനയല്ല, വാസനയല്ല! അതാണെന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ ഒരംശത്തെപ്പോലും നിർണ്ണയിക്കുന്നതും, അതിനവലംബമായിരിക്കുന്നതും. എന്റെ രീതികളോടു താൻ പഴകിക്കോളുമെന്നു നീ പറയുന്നു; എത്രയ്ക്കസഹ്യമായ യാതനകൾക്കിടയിലായിരിക്കുമത്‌! ഞാൻ നിന്നോടു മുമ്പേ പറഞ്ഞിട്ടുള്ള പോലെ, ശരൽക്കാലത്തും മഞ്ഞുകാലത്തുമെങ്കിലും ദിവസത്തിൽ ഒരു മണിക്കൂറു മാത്രം ഒരുമിച്ചു കഴിയാൻ കിട്ടുന്ന ഒരു ജീവിതം മനസ്സിൽ കാണാൻ ശരിയ്ക്കും നിനക്കു കഴിയുമോ? അകലെ, തനിക്കു ചേർന്നതും പരിചിതവുമായൊരു ചുറ്റുപാടിൽ നിനക്കിരുന്നു ഭാവന ചെയ്യാമെങ്കിലും വിവാഹിതയായൊരു സ്ത്രീയ്ക്ക്‌ ഏകാന്തത അതിഭാരമാകുന്നൊരു ജീവിതം? ആശ്രമം എന്ന സങ്കൽപ്പത്തിനു മുന്നിൽത്തന്നെ നീ ചൂളിപ്പിന്മാറും; എന്നിട്ടു നീ പ്രകൃതത്താൽത്തന്നെ (ചുറ്റുപാടു കൊണ്ടും ) ആശ്രമജീവിതം നയിക്കാൻ പ്രേരിതനായ ഒരു മനുഷ്യനോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും? നമുക്കൊന്നു ശാന്തരാവുക, ഫെലിസ്‌, ശാന്തരാവുക! സമചിത്തതയോടെ, ശ്രദ്ധിച്ചാലോചിച്ചെഴുതിയ ഒരു കത്ത്‌ നിന്റെ അച്ഛനിൽ നിന്ന് ഇന്നെനിക്കു കിട്ടിയിരുന്നു; അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ എന്റെ അവസ്ഥ ഭ്രാന്തു പിടിച്ചതെന്നു പറയണം. പക്ഷേ നിന്റെ അച്ഛന്റെ കത്തു പ്രശാന്തമാണെങ്കിൽ അതു ഞാൻ അദ്ദേഹത്തെ കബളിപ്പിച്ചതു കൊണ്ടു മാത്രമാണ്‌. അദ്ദേഹത്തിന്റെ കത്ത്‌ സൗഹാർദ്ദപൂർണ്ണവും മറയില്ലാത്തതുമാണെങ്കിൽ, എന്റേതാവട്ടെ, പ്രിയപ്പെട്ട ഫെലിസ്‌, നിന്നെ ആക്രമിയ്ക്കാൻ എന്നെ, നിന്റെ ശാപമായ എന്നെ നിരന്തരം തള്ളിവിടുന്ന നിന്ദ്യമായ നിഗൂഢലക്ഷ്യങ്ങളെ ഒളിപ്പിച്ചുവയ്ക്കാനുള്ള ഒരു തിരശ്ശീല മാത്രമായിരുന്നു. നിന്റെ അച്ഛൻ സ്വാഭാവികമായും തീരുമാനങ്ങളൊന്നുമെടുക്കുന്നില്ല; നീയും നിന്റെ അമ്മയും തമ്മിലുള്ള ഒരു ചർച്ചയ്ക്കു വിട്ടുകൊടുക്കുകയാണ്‌ അദ്ദേഹമതിനെ. നിന്റെ അച്ഛനോടു സത്യസന്ധത കാണിയ്ക്കൂ ഫെലിസ്‌, എനിക്കതായിട്ടില്ലെന്നിരിയ്ക്കെ. ഞാനാരാണെന്ന് അദ്ദേഹത്തോടു പറയൂ, ചില കത്തുകളും കാണിച്ചു കൊടുക്കൂ; പ്രേമം കൊണ്ടന്ധനായ ഞാൻ, ഇന്നുമന്ധനായ ഞാൻ കത്തുകളും അപേക്ഷകളും പ്രാർത്ഥനകളും കൊണ്ടു നിന്നെ തള്ളിവിട്ട ഈ ശപ്തവലയത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹായത്തോടെ പുറത്തു കടക്കൂ.

(1913 ആഗസ്റ്റ്‌ 24)

*


അങ്ങയ്ക്ക് സ്വന്തം മകളെ അറിയാമല്ലോ: പ്രസരിപ്പും, ആരോഗ്യവും, തന്റേടവുമുള്ള പെൺകുട്ടിയാണവൾ; അവൾക്ക് ജീവിക്കാൻ പ്രസരിപ്പും, ആരോഗ്യവും, ഓജസ്സുമുള്ള ആളുകൾ ചുറ്റിനും വേണം. ഒരേയൊരു സന്ദർശനത്തിൽ നിന്നേ അങ്ങയ്ക്ക് എന്നെക്കുറിച്ചറിയൂ (അതുതന്നെ മതിയാവുമെന്നു കൂട്ടിച്ചേർക്കാൻ തുടങ്ങുകയായിരുന്നു ഞാൻ); ഒരഞ്ഞൂറു കത്തുകളിലായി ഞാൻ എന്നെക്കുറിച്ച് അങ്ങയുടെ മകളോടു പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ എനിക്കു കഴിയില്ല. പക്ഷേ പ്രധാനപ്പെട്ട ഈയൊരു വസ്തുതയുടെ കാര്യം ഒന്നു പരിഗണിയ്ക്കൂ: എന്റെ അസ്തിത്വമാകെ ലക്ഷ്യം വയ്ക്കുന്നത് സാഹിത്യമൊന്നിനെ മാത്രമാണ്‌. എന്റെ മുപ്പതാമത്തെ വയസ്സു വരെയും ആ ലക്ഷ്യത്തിൽ നിന്നു വ്യതിചലിയ്ക്കാതിരിയ്ക്കാൻ ഞാൻ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്; അതിനെ കൈവിടുന്ന നിമിഷം എന്റെ ജീവിതവും നിലയ്ക്കും. ഞാൻ എന്തൊക്കെയാണോ, ഞാനെന്തല്ലയോ, അതെല്ലാം ഈയൊന്നിന്റെ ഫലമാണ്‌. ഞാൻ മിണ്ടാട്ടമില്ലാത്തവനാണ്‌, സംസർഗ്ഗമില്ലാത്തവനാണ്‌, പരുക്കനാണ്‌, സ്വാർത്ഥിയാണ്‌, രോഗഭീതി ഒഴിയാത്തവനാണ്‌, വാസ്തവത്തിൽ അനാരോഗ്യവാനുമാണ്‌. ഇതൊന്നിന്റെ പേരിലും ഞാൻ മനസ്താപപ്പെടുന്നുമില്ല: ഉന്നതമായ ഒരനിവാര്യതയുടെ ഈ ഭൂമിയിലെ പ്രതിഫലനമാണത്. ( എന്നെക്കൊണ്ട് ശരിക്കും എന്തു സാദ്ധ്യമാകുമെന്നുള്ളതല്ല, ഇവിടെ പ്രശ്നം; ഇതിന്‌ അതുമായി ബന്ധവുമില്ല.)

എന്റെ വീട്ടുകാരോടൊപ്പമാണ്‌ ഞാൻ ജീവിക്കുന്നത്; എത്രയും ദയാലുക്കളായ, എത്രയും സ്നേഹസമ്പന്നരായ മനുഷ്യർക്കിടയിൽ - എന്നാൽ ഒരന്യനെക്കാൾ അന്യനാണ്‌ ഞാനവിടെ. ഈ അടുത്ത കുറേ കൊല്ലങ്ങളായി എന്റെ അമ്മയോട് ദിവസം ഇരുപതു വാക്കുകളിൽ കൂടുതൽ ഞാൻ സംസാരിച്ചിട്ടില്ല; നിത്യേനയുള്ള ഒരു കുശലം ചോദിക്കലല്ലാതെ അച്ഛനുമായി മറ്റൊരിടപാടുമില്ല. കെട്ടിച്ചുവിട്ട പെങ്ങന്മാരോടും, അവരുടെ ഭർത്താക്കന്മാരോടും ഞാൻ മിണ്ടാറേയില്ല, അവരോട് എനിക്കൊരു വിരോധവുമില്ലെങ്കിലും. കുടുംബജീവിതത്തെക്കുറിച്ച് ഒരു ധാരണയും എനിക്കില്ല.

ഇങ്ങനെയുള്ള ഒരു മനുഷ്യനോടൊപ്പമാണോ അങ്ങയുടെ മകൾ, ആരോഗ്യമുള്ള പ്രകൃതം കൊണ്ടുതന്നെ സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിനർഹയായവൾ, ജീവിക്കേണ്ടത്? അധികസമയവും സ്വന്തം മുറിയിൽ അടച്ചിരിക്കുകയോ, തനിയേ അലഞ്ഞുനടക്കുകയോ ചെയ്യുന്ന ഒരാളോടൊപ്പം, മറ്റാരെ സ്നേഹിക്കുന്നതിലുമധികമായി അയാൾ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽക്കൂടി, ഇങ്ങനെയൊരു ആശ്രമജീവിതം അവൾ സഹിക്കണമെന്നുണ്ടോ- അയാൾക്കു തന്റെ ജീവിതത്തിന്റെ വിളി തള്ളിക്കളയാനാവില്ല എന്നതു കൊണ്ടുമാത്രം? സ്വന്തം അച്ഛനമ്മമാരിൽ നിന്നും, കുടുംബത്തിൽ നിന്നും, ഏതൊരുവിധമായ സാമൂഹ്യബന്ധത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടുള്ള ഒരു ജീവിതം അവൾ സഹിക്കണോ- എനിയ്ക്ക്, ഏറ്റവുമടുത്ത സുഹൃത്തിനു നേരെയും കതകടച്ചു താഴിടുന്ന എനിയ്ക്ക്, ഇങ്ങനെയല്ലാതൊരു വിവാഹജീവിതം ഭാവന ചെയ്യാനുള്ള കഴിവില്ല എന്നതു കൊണ്ടുമാത്രം? ഇതു താങ്ങാൻ അവൾക്കാകുമോ? അതും എന്തിനു വേണ്ടി? എന്റെ എഴുത്തിനു വേണ്ടിയോ? അവളുടെ കണ്ണിൽ, ഒരുപക്ഷേ എന്റെ കണ്ണിലും, സംശയാസ്പദമായ ഒന്നിനു വേണ്ടിയോ? അതിനായി ഒരു വിദേശനഗരത്തിൽ അവൾ ജീവിക്കണോ, ഒരു യഥാർത്ഥവിവാഹമാവാതെ, സ്നേഹവും സൗഹൃദവും മാത്രമുള്ള ഒരു ബന്ധമായി പരിണമിക്കാവുന്ന ഒരു വിവാഹത്തിലെ കണ്ണിയായി?

(1913 ആഗസ്റ്റ് 28 ന്‌ ഫെലിസിന്റെ അച്ഛനയച്ച കത്ത്. ഇതു പക്ഷേ ഫെലിസ് അച്ഛനെ കാണിയ്ക്കാൻ പോയില്ല.)

*


പ്രിയപ്പെട്ട ഫെലിസ്‌, നിനക്കെന്നെ അറിയില്ല, ഞാനെത്ര നികൃഷ്ടനാണെന്നു നിനക്കറിയില്ല; ആ നികൃഷ്ടതയുടെ വേരു കിടക്കുന്നത്‌ സാഹിത്യമെന്നോ, ഇനി മറ്റെന്തു പേരിട്ടോ നിനക്കു വിളിയ്ക്കാവുന്ന ആ കാതലിലുമാണ്‌.എത്ര പരിതാപം പിടിച്ചൊരെഴുത്തുകാരൻ; അതു നിന്നെ ബോദ്ധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞിട്ടില്ലെന്നോർക്കുമ്പോൾ എന്നോടു തന്നെ രോഷം കൊള്ളുകയുമാണു ഞാൻ. ( ഇന്നതിരാവിലെ മുതൽ, ഈ നേരവും, ഇടതുചെന്നിയിൽ കൈ അമർത്തിവച്ചിരിക്കുകയാണു ഞാൻ; ഇല്ലെങ്കിൽ ഇന്നെനിയ്ക്കനങ്ങാൻ പറ്റില്ല.)

എന്നെ വിലക്കുന്നതു വസ്തുതകളാണെന്നു പറഞ്ഞാൽ ശരിയായിരിക്കില്ല; അതു ഭയമാണ്‌, കീഴടക്കാനാവാത്തൊരു ഭയമാണ്‌, സന്തോഷം കൈവരിക്കുന്നതിലുള്ള ഭയമാണ്‌, ഏതോ മഹിതലക്ഷ്യത്തിനായി സ്വയം പീഡിപ്പിക്കുന്നതിനുള്ള തൃഷ്ണയും ശാസനയുമാണ്‌. എനിക്കു മാത്രം വിധിച്ചിട്ടുള്ള ആ ഭാരവണ്ടിയുടെ ചക്രങ്ങൾക്കടിയിൽ പ്രിയപ്പെട്ടവളേ, നിനക്കും വന്നുവീഴേണ്ടിവരുന്നുവെന്നത്‌ തികച്ചും ഭീകരം തന്നെ. എന്റെ നിയോഗം ഇരുട്ടു തന്നെയെന്ന് എന്റെ മനഃസാക്ഷി നിശ്ചയിച്ചിരിക്കുന്നു; അതേസമയം നിന്റെ ആകർഷണത്തിൽപ്പെടാതിരിക്കാനും എനിക്കു കഴിയുന്നില്ല; രണ്ടും തമ്മിൽ പൊരുത്തപ്പെടലുമില്ല; ഇനി നാമതിനു ശ്രമിച്ചാൽത്തന്നെ പ്രഹരങ്ങൾ എനിക്കും നിനക്കും മേൽ ഒരേപോലെ വന്നുവീഴുകയും ചെയ്യും.

പ്രിയപ്പെട്ടവളേ, നീയെന്താണോ, അതല്ലാതെയാകണം നീയെന്നു ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല; എന്തായാലും ഞാൻ സ്നേഹിക്കുന്നതു നിന്നെയാണ്‌, ഏതെങ്കിലും മരീചികയെയല്ലല്ലോ. അപ്പോഴും പക്ഷേ, എന്റെ അസ്തിത്വം കൊണ്ടു തന്നെ ഞാൻ നിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ആ നിഷ്ഠുരത ബാക്കി നിൽക്കുന്നു; ഈ വൈരുദ്ധ്യം എന്നെ കടിച്ചുകീറുകയാണ്‌. മറ്റൊരു പോംവഴിയില്ലെന്നതിനു തെളിവുമാണത്‌.

നീ ഇവിടെയുണ്ടായിരിക്കുകയും, നീയനുഭവിക്കുന്ന കഷ്ടപ്പാടു ഞാൻ കാണുകയും ചെയ്തിരുന്നെങ്കിൽ (അതു മാത്രമല്ല, അകലെക്കിടന്നു നീ കഷ്ടപ്പെടുന്നതാണ്‌ കൂടുതൽ മോശം), സഹായിക്കാൻ എനിക്കു കഴിയുമായിരുന്നെങ്കിൽ, നമുക്കുടനേ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആലോചനയ്ക്കൊന്നും നിൽക്കാതെ ഞാൻ സകലതിനെയും അതിന്റെ വഴിയ്ക്കു വിടുമായിരുന്നു, ഭാഗ്യക്കേടിനെപ്പോലും അതിന്റെ വഴിയ്ക്കു പോകട്ടേയെന്നു വയ്ക്കുമായിരുന്നു. ഇപ്പോൾപ്പക്ഷേ പരിഹാരത്തിനുള്ള മാർഗ്ഗമതല്ല. ഇന്നെനിയ്ക്കു കിട്ടിയ നിന്റെ ആത്മഹത്യാപരമായ അരുമക്കത്തു വായിച്ചതിനു ശേഷം നിന്റെ ഹിതം പോലെ കിടക്കട്ടെയെല്ലാമെന്ന്, ഇനി മേലിൽ നിന്നെ യാതനപ്പെടുത്തരുതെന്ന് വാഗ്ദാനം ചെയ്യാനുള്ള വക്കിലെത്തിയിരുന്നു ഞാൻ. പക്ഷേ എത്ര തവണ അതൊക്കെ വാഗ്ദാനം ചെയ്തിരിക്കുന്നു ഞാൻ! എന്റെ കാര്യത്തിൽ ഉറപ്പു പറയാൻ ഞാനാളല്ല. നിന്റെ അടുത്ത കത്തോടെ, അതുമല്ലെങ്കിൽ ഇന്നു രാത്രിയിൽത്തന്നെയുമാവാം, ആ ഭയം തിരിച്ചുവരികയായി; എനിക്കതിൽ നിന്നു രക്ഷപ്പെടാൻ കഴിയുന്നില്ല; നമ്മുടെ വിവാഹനിശ്ചയത്തിന്റെ ഈ കാലം കഴിച്ചുകൂട്ടുക അസാദ്ധ്യമാണെനിയ്ക്ക്‌. ഇതേവരെ എല്ലാ മാസവും ആവർത്തിച്ചിരുന്നത്‌ ഇനി മുതൽ എല്ലാ ആഴ്ചയും ആവർത്തിയ്ക്കും. വരുന്ന ഓരോ കത്തും പേടിപ്പെടുത്തുന്ന സൂചനകൾക്കുള്ള അവസരങ്ങളാവും; എന്റെയുള്ളിൽ മുരളുന്ന ആ ഭീകരമായ പമ്പരം പിന്നെയും കറങ്ങിത്തുടങ്ങും. അതു നിന്റെ പിഴയല്ല, അതൊരിക്കലും അങ്ങനെയായിരിരുന്നിട്ടുമില്ല, ഫെലിസ്‌; അതിലാകെക്കൂടിയുള്ള അപ്രായോഗികതയിലാണ്‌ പിഴ വന്നിരിക്കുന്നത്‌. ഉദാഹരണത്തിന്‌, നീ ഒടുവിലയച്ച കത്തു ഞാൻ വായിച്ചു; അതെന്നിൽ ജനിപ്പിച്ച പരിഭ്രമം നിനക്കു സ്വപ്നം കാണാൻ കഴിയില്ല. സമ്മതം നൽകുന്നതിലേക്കു നിന്റെ അച്ഛനമ്മമാരെ നയിച്ച പര്യാലോചനകളാണ്‌ എന്റെ മുന്നിൽ കിടക്കുന്നത്‌. ആ പര്യാലോചനകളെ ഞാനെന്തിനു പരിഗണിയ്ക്കണം? ആ പര്യാലോചനകളെ ഞാൻ വെറുത്തു. നിന്റെ അമ്മയ്ക്ക്‌ ഭാവിൽ എന്നോടു തോന്നാവുന്ന സ്നേഹത്തെക്കുറിച്ച്‌ നീ എഴുതിയിരിക്കുന്നു! അവരുടെ സ്നേഹവും കൊണ്ട്‌ ഞാനെന്തു ചെയ്യാൻ? ഒരിക്കലും അതു തിരിച്ചുകൊടുക്കാൻ കഴിയാത്ത ഞാൻ, അവരുടെ സ്നേഹത്തിനർഹനാവണം താനെന്നൊരിക്കലുമാഗ്രഹിക്കാത്ത, അതിനു കഴിയാത്ത ഞാൻ! അവരുമായുള്ള ദീർഘമായ ചർച്ചകൾ പോലും എന്നെ കൊടുംഭീതിയ്ക്കടിമയാക്കി. നമ്മുടെ വിവാഹനിശ്ചയവും ഒഴിവുകാലവും തമ്മിലുള്ള ബന്ധവും, ആ ബന്ധത്തെ വാച്യമായി പ്രകടിപ്പിച്ചതും തന്നെ എന്നെ സംഭീതനാക്കി. ഇതു ഭ്രാന്തു തന്നെ, ഞാനതു വ്യക്തമായി കാണുന്നുണ്ട്‌; അതേ സമയം പറിച്ചെടുത്തുകളയാനാവാത്തതുമാണത്‌, എനിക്കതറിവുമുണ്ട്‌.

ഇതൊക്കെപ്പക്ഷേ എന്റെ തനിപ്രകൃതത്തിന്റെ വെറും ലക്ഷണങ്ങൾ മാത്രവുമാണ്‌; അവ നിന്നെ നിർത്തില്ലാതെ കരണ്ടുതിന്നുകയും ചെയ്യും. ഇതൊന്നു കണ്ണു തുറന്നു കാണൂ, ഫെലിസ്‌; നിന്റെ മുന്നിൽ സാഷ്ടാംഗം വീണുകിടന്നു ഞാൻ പ്രാർത്ഥിക്കുകയാണ്‌ എന്നെയൊന്നു തള്ളിമാറ്റാൻ; മറ്റെന്തായാലും നാമിരുവരുടെയും നാശമാവും ഫലം. ഇതാണ്‌ ജനുവരിയിൽ ഞാനെഴുതിയതെന്നാണ്‌ എന്റെ വിശ്വാസം; അതു വീണ്ടും പൊട്ടിപ്പുറത്തുവരികയാണ്‌, അതിനെ അടക്കിവയ്ക്കാനാവില്ല. നിന്റെ മുന്നിൽ എന്നെ പിളർന്നുകാട്ടാൻ എനിക്കായാൽ നീയും ഇതുതന്നെ പറയും.

(1913ആഗസ്റ്റ്‌ 30)

*


...നിന്നെ ഞാൻ സ്നേഹിക്കുന്നു, ഫെലിസ്, ഒരു മനുഷ്യജീവിയെന്ന നിലയിൽ എന്നിൽ നല്ലതായിട്ടുള്ളതൊക്കെയും വച്ച്, ജീവനുള്ള മനുഷ്യർക്കിടയിൽ ജീവനുള്ളതായിരിക്കാൻ എന്നെ അർഹനാക്കുന്നതൊക്കെയും വച്ച്. അതത്രയധികമില്ലെങ്കിൽ അത്രയ്ക്കേയുള്ളു ഞാൻ. നിന്നെ നീയായ മാതിരി ഞാൻ സ്നേഹിക്കുന്നു; നിന്നിൽ എനിക്കു സമ്മതമായിട്ടുള്ളതിനെ, സമ്മതമല്ലാത്തതിനെയും, സർവതിനെയും, സർവതിനെയും. മറ്റെന്തൊക്കെ ശരിയാണെങ്കിലും പക്ഷേ, നിനക്കെന്നോടുള്ള മനോഭാവം ഈ വിധമല്ല. എന്നിൽ നിനക്കതൃപ്തിയുണ്ട്, എന്നെ സംബന്ധിച്ച പല കാര്യങ്ങളിലും നിനക്കു പ്രതിഷേധമുണ്ട്, എന്നെ മറ്റൊരാളാക്കണമെന്ന് നിനക്കാഗ്രഹമുണ്ട്. ഞാൻ ‘കുറേക്കൂടി യഥാർത്ഥലോകത്തു ജീവിക്കണം’, ‘കാര്യങ്ങളെ വരുന്നപോലെ കാണണം’, എന്നിങ്ങനെ. ഇങ്ങനെ ഒരാഗ്രഹം നിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നാണു വരുന്നതെങ്കിൽ, നിനക്കു ബോദ്ധ്യമാകുന്നില്ലേ, ഫെലിസ്, നിനക്കെന്നെ വേണ്ടാതായിരിക്കുന്നുവെന്ന്, എന്നെ പിന്നിലാക്കി കടന്നുപോകാനാണു നിന്റെ ആഗ്രഹമെന്ന്? ആളുകളെ മാറ്റാൻ നോക്കുന്നതെന്തിനാണു ഫെലിസ്? അതു ശരിയല്ല. ആളുകളെ ഒന്നുകിൽ അവരെന്താണോ, അതുപോലെ കൈക്കൊള്ളുക, അല്ലെങ്കിൽ അങ്ങനെതന്നെ വിട്ടുകളയുക. അവരെ മാറ്റാൻ പറ്റില്ല, അതവരുടെ സന്തുലനം തകർക്കുകയേയുള്ളു. ഒറ്റയൊറ്റ ഭാഗങ്ങൾ ഇണക്കിച്ചേർത്തല്ലല്ലോ, ഒരു മനുഷ്യജീവിയെ സൃഷ്ടിച്ചിരിക്കുന്നത്; ഏതെങ്കിലുമൊരു ഭാഗം അടർത്തിയെടുത്തിട്ട് പകരം മറ്റേതെങ്കിലും വയ്ക്കാൻ പറ്റില്ല. മറിച്ച്, ഒരു പൂർണ്ണതയാണയാൾ; ഒരറ്റത്തു പിടിച്ചു വലിച്ചാൽ നിങ്ങൾക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, മറ്റേയറ്റം പിടയ്ക്കാൻ തുടങ്ങും. എന്നാൽക്കൂടി, ഫെലിസ്- നിനക്കു സമ്മതമല്ലാത്ത പലതും എന്നിലുണ്ടെന്ന, അവയെ മാറ്റിയെടുക്കണമെന്ന ആഗ്രഹം നിനക്കുണ്ടെന്ന വസ്തുത, അതിനെപ്പോലും ഞാൻ സ്നേഹിക്കുന്നു; നീ അതറിയണം എന്നേ എനിക്കുള്ളു.

ഇനി തീരുമാനിക്കൂ, ഫെലിസ്! നിന്റെ ഒടുവിലത്തെ കത്ത് കൃത്യമായ ഒരു തീരുമാനമായിരുന്നില്ല; ചില ചോദ്യചിഹ്നങ്ങളെങ്കിലും അതിൽ ശേഷിക്കുന്നു. ഞാൻ എന്നെ കാണുന്നതിനെക്കാൾ വ്യക്തമായി നീ നിന്നെക്കണ്ടിരുന്നതാണല്ലോ. അക്കാര്യത്തിൽ ഇപ്പോൾ നീ എന്നെക്കാൾ താഴെയാവരുത്.

ഇനി അവസാനമായി, ഈ കത്തു താഴെയിടുന്ന ആ കൈയിൽ ഞാനൊന്നു ചുംബിക്കട്ടെ.

(1914 ജനുവരി 2)

*


…യുദ്ധത്തിനു ശേഷം ഞാൻ ബർലിനിലേക്കു വരുന്നുണ്ട്. അവിടെ വന്നാൽ ഒന്നാമതായി ചെയ്യാനുള്ളത് ഏതെങ്കിലും മാളത്തിലേക്കിഴഞ്ഞു കയറി ആത്മപരിശോധന നടത്തുക എന്നുള്ളതാണ്‌. എന്തായിരിക്കും അതിന്റെ ഫലം? എന്തിനു പറയുന്നു, എന്നിലെ ജീവിക്കുന്ന മനുഷ്യൻ ശുഭാപ്തിവിശ്വാസിയാണ്‌; അതിൽ അത്ഭുതപ്പെടാനില്ല. ചിന്തിക്കുന്ന മനുഷ്യനു പക്ഷേ ഒരു വിശ്വാസവുമില്ല. എന്നാൽക്കൂടി ആ ചിന്തിക്കുന്ന മനുഷ്യനും വാദിക്കുന്നത് ആ മാളത്തിൽ വച്ച് ഞാൻ എന്റെ കഥ കഴിക്കുകയാണെങ്കിൽ അതിലും മികച്ചതൊന്ന് ഞാൻ ചെയ്യാനില്ല എന്നാണ്‌. പക്ഷേ നിന്റെ കാര്യമോ, ഫെലിസ്? നിന്റെ മേൽ എനിക്കു യാതൊരവകാശവുമില്ല, ആ മാളത്തിൽ നിന്നു ഞാൻ പുറത്തു വന്നാലല്ലാതെ, ഏതു വിധേനയെങ്കിലും പുറത്തു വന്നാലല്ലാതെ. അതുവരെ നീ എന്റെ സ്വരൂപം കാണില്ല; എന്തെന്നാൽ നിനക്കു ഞാനിപ്പോൾ ഒരു വികൃതിക്കുട്ടിയാണ്‌, ഒരു ഭ്രാന്തൻ, അല്ലെങ്കിൽ അതുപോലെന്തോ; ആ വികൃതിക്കുട്ടിക്കു മേൽ താനർഹിക്കാത്ത അനുകമ്പ ചൊരിയുകയുമാണു നീ...

ഞാൻ അധികമൊന്നും എഴുതാത്തതെന്തു കൊണ്ടാണെന്ന് നീ പരിഭവപ്പെടുന്നു. ഇപ്പോൾ പറഞ്ഞതു വച്ചു നോക്കുമ്പോൾ ഞാൻ എന്തെഴുതാൻ? എഴുത്തുകാരന്റെയും വായനക്കാരന്റെയും ഞരമ്പുകളിൽ ഒരേപോലെ പിടിച്ചുവലിക്കുകയല്ലേ, ഓരോ വാക്കും; അവയ്ക്കു വേണ്ടിയിരുന്നതോ, സാന്ത്വനമായിരുന്നു, സന്തോഷം നൽകുന്ന പ്രവൃത്തികളായിരുന്നു...

(1916 ജനുവരി 18ന്‌ )

*


...എന്റെ മൌനത്തെക്കാൾ ഭയാനകമല്ലേ എന്റെ കത്തുകൾ:? അതിനെക്കാൾ ഭയാനകമല്ലേ എന്റെ ജീവിതം? ഞാൻ നിന്റെ മേൽ ഏല്പിക്കുന്ന പീഡനങ്ങളെക്കാൾ ഭിന്നമല്ലാത്തതും? എനിക്കുള്ള ശക്തി വച്ചും നിന്റെ സഹായം കൊണ്ടും കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു പരിഹാരവും ഞാൻ കാണുന്നില്ല, ആ പ്രക്രിയക്കിടയിൽ അരഞ്ഞു പൊടിയാവുകയാണു ഞാനെങ്കിൽക്കൂടി. അല്ലാതൊന്ന് എന്റെ അറിവിലില്ല. ഈ തരം എഴുത്തിനോട് മൌനത്തെ താരതമ്യം ചെയ്യാമോ? മൌനമല്ലേ തമ്മിൽ ഭേദം? എന്റെ കാൽക്കീഴിൽ പെട്ടെന്നൊരു സൂത്രവാതിൽ തുറന്നു ഞാൻ ഉള്ളിലെവിടെയോ പോയി മറഞ്ഞുവെങ്കിൽ? ഭാവിയിൽ കിട്ടാനിരിക്കുന്ന ഏതോ സ്വാതന്ത്ര്യവും പ്രതീക്ഷിച്ചുകൊണ്ട് എന്റെ ശക്തിയുടെ നിന്ദ്യമായ ശേഷിപ്പുകൾ അവിടെ സുരക്ഷിതമായിക്കിടക്കട്ടെ...

(1916 ജനുവരി 24)


പ്രിയപ്പെട്ടവളേ, ഒരൊഴിഞ്ഞുമാറലുമില്ല,പടിപടിയായുള്ള വെളിപ്പെടുത്തലുമില്ല, അതും നിന്നോട്. ഒഴിഞ്ഞുമാറലെന്തെങ്കിലുമുണ്ടായെങ്കിൽ ഇന്നേ ഞാൻ നിനക്കെഴുതുന്നുള്ളു എന്നതു മാത്രം. നിന്റെ മൗനമായിരുന്നില്ല എന്റെ മൗനത്തിനു കാരണം. നിന്റെ മൗനം എന്നെ അത്ഭുതപ്പെടുത്തിയില്ല; എന്നെ അത്ഭുതപ്പെടുത്തിയത് അനുകമ്പയോടെ നീ അയച്ച മറുപടിയാണ്‌. എന്റെ ഒടുവിലത്തെ രണ്ടു കത്തുകൾ, പതിവുരീതിയിലുള്ളതെങ്കിലും, ബീഭത്സമായിരുന്നു; എങ്ങനെ അവയ്ക്കു മറുപടി പറയാൻ, നേരിട്ടായാലും വളച്ചുകെട്ടിയിട്ടായാലും; എനിക്കറിയാം: എഴുതുമ്പോൾ ഉറങ്ങിപ്പോവുകയാണു ഞാൻ; പെട്ടെന്നു തന്നെ ഞാൻ ഞെട്ടിയുണരുന്നുണ്ടെങ്കിലും വൈകിപ്പോയിരിക്കും. അതല്ല എന്റെ സ്വഭാവത്തിലെ ഏറ്റവും മോശപ്പെട്ട ഘടകം എന്നുകൂടി പറയട്ടെ. എന്റെ മൗനത്തിനുള്ള കാരണമിതാ: എന്റെ ഒടുവിലത്തെ കത്തിനു രണ്ടു നാൾ പിമ്പ്, കൃത്യമായി പറഞ്ഞാൽ നാലാഴ്ച മുമ്പ്, രാവിലെ അഞ്ചു മണിയടുപ്പിച്ച് എന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു രക്തസ്രാവമുണ്ടായി. ഒരുവിധം കടുത്തതുമായിരുന്നു; ഒരു പത്തു മിനുട്ടോ അതിൽ കൂടുതലോ നേരത്തേക്ക് എന്റെ തൊണ്ടയിൽ നിന്നതു കുത്തിയൊലിക്കുകയായിരുന്നു; അതവസാനിക്കുകയില്ലെന്ന് എനിക്കു തോന്നിപ്പോയി. അടുത്ത ദിവസം ഞാൻ ഡോക്ടറെ പോയിക്കണ്ടു; അന്നും പിന്നെ പലപ്പോഴും അദ്ദേഹമെന്നെ പരിശോധിക്കുകയും എക്സ് റേയെടുത്തു നോക്കുകയും ചെയ്തു; അതിനു ശേഷം മാക്സിന്റെ നിർബന്ധം കാരണം ഞാനൊരു സ്പെഷ്യലിസ്റ്റിനെ ചെന്നുകണ്ടു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ പറയട്ടെ, എന്റെ രണ്ടു ശ്വാസകോശങ്ങളിലും ക്ഷയരോഗം ബാധിച്ചിരിക്കുന്നു. പെട്ടെന്നൊരു രോഗം വന്നുബാധിച്ചത് എനിക്കൊരു അത്ഭുതമായിരുന്നില്ല; അതുപോലെ ഞാൻ ചോര തുപ്പുന്നതും; വർഷങ്ങളായുള്ള എന്റെ ഉറക്കക്കുറവും തലവേദനകളും ഗുരുതരമായൊരു രോഗത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു; പീഡിതമായ എന്റെ ചോരയ്ക്ക് പൊട്ടിപ്പുറത്തേക്കൊഴുകുകയല്ലാതെ മറ്റൊരു തരമില്ലെന്നുമായി; അതു പക്ഷേ മറ്റൊന്നുമല്ലാതെ ക്ഷയരോഗം തന്നെയാവുക, അതും മുപ്പത്തിനാലാമത്തെ വയസ്സിൽ രാത്രിക്കു രാത്രി എന്നെ വന്നടിച്ചിടുക, കുടുംബത്തിൽ ഇങ്ങനെയൊരു ചരിത്രമില്ലാതിരിക്കുക- അതെന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ആകട്ടെ, ഇതു കൈയേല്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ; ഒരു കണക്കിന്‌ ചോരയോടൊപ്പം എന്റെ തവേദനകളും ഒഴുകിപ്പോയ പോലെ തോന്നുന്നു. അതിന്റെ ഇപ്പോഴത്തെ ഗതി മുൻകൂട്ടിക്കാണാൻ കഴിയില്ല; ഭാവിയിൽ അതെന്താവുമെന്നുള്ളത് അതിനു മാത്രമറിയുന്ന രഹസ്യവുമാണ്‌; അതിന്റെ ഗതിവേഗം ഒന്നു കുറയ്ക്കാൻ എന്റെ പ്രായം തുണച്ചുവെന്നും വരാം. അടുത്തയാഴ്ച കുറഞ്ഞതൊരു മൂന്നു മാസത്തേക്ക് ഞാൻ നാട്ടുമ്പുറത്തേക്കു പോവുകയാണ്‌, സുറാവുവിൽ (പോസ്റ്റോഫീസ് ഫ്ളോഹൗ) ഓട്ട്ലയുടെ അടുത്ത്; എനിക്കു ജോലിയിൽ നിന്നു പിരിയണമെന്നുണ്ടായിരുന്നു; അങ്ങനെ എന്നെ വിടാതിരിക്കുകയാണ്‌ നല്ലതെന്ന് എന്റെ നന്മയെക്കരുതി അവർ തീരുമാനിച്ചു; കുറച്ചൊക്കെ വികാരഭരിതമായ വിടവാങ്ങൽദൃശ്യങ്ങൾ (ശീലം കൊണ്ടാവാം, എനിക്കതു വേണ്ടെന്നു വയ്ക്കാനായിട്ടില്ല) എന്റെ അപേക്ഷയ്ക്കൊരു തടയായെന്നും വരാം; അങ്ങനെ ഞാനിപ്പോഴും ഒരു സ്ഥിരം ജീവനക്കാരൻ തന്നെ; ശമ്പളമില്ലാത്ത അവധി എനിക്കനുവദിച്ചു കിട്ടുകയും ചെയ്തു. തീർച്ചയായും ഞാൻ ഈ സംഗതിയൊക്കെ ഒരു രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തല്ക്കാലത്തേക്ക് അച്ഛനമ്മമാരിൽ നിന്ന് ഞാനിതു മറച്ചു വയ്ക്കുകയാണ്‌. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ ഒരു പരീക്ഷണം പോലെ, എനിക്കു ചെറിയൊരു ക്ഷീണം തോന്നുന്നുവെന്നും അതിനാൽ നീണ്ടൊരവധി ചോദിക്കാൻ പോവുകയാണെന്നും അമ്മയോടു വെറുതേയൊന്നു സൂചിപ്പിച്ചപ്പോൾ അതിൽ വിശേഷിച്ചൊന്നുമില്ലാത്തതുപോലെയാണ്‌ അമ്മയതിനെ കണ്ടത്; അമ്മയ്ക്ക് ഒരു സംശയവും ഉണ്ടായതുമില്ല ( അമ്മയാകട്ടെ, എത്രയും ചെറുതായൊരു സൂചന നല്കിയാൽ അനന്തകാലം എനിക്കവധി നല്കാൻ തയ്യാറുമാണ്‌) ; അതു കണ്ടപ്പോൾ ഞാനതങ്ങനെ വിട്ടു; അച്ഛന്റെ കാര്യത്തിലും സംഗതി ഇപ്പോൾ നില്ക്കുന്നത് ഈ അവസ്ഥയിലാണ്‌.

അപ്പോൾ കഴിഞ്ഞ നാലാഴ്ചയായി, ശരിക്കു പറഞ്ഞാൽ ഒരാഴ്ചയായി (കൃത്യമായ പരിശോധന നടന്നത് അതിനു മുമ്പല്ലോ) ഞാൻ കൊണ്ടുനടക്കുന്ന രഹസ്യം ഇതായിരുന്നു. ‘പ്രിയപ്പെട്ട പാവം ഫെലിസ്’- അതായിരുന്നു ഞാൻ ഒടുവിലെഴുതിയ വാക്കുകൾ; ഇനിയുള്ള എന്റെ എല്ലാ കത്തുകൾക്കും ഇതായിരിക്കുമോ അന്ത്യവാക്യം? ഈ കത്തി നേരേ വന്നു കുത്തുക മാത്രമല്ല, തിരിഞ്ഞുവന്ന് പുറത്തു കുത്തുകയും ചെയ്യുന്ന തരമാണ്‌.

ഫ്രാൻസ്

ഒടുവിലായി, ഞാനിപ്പോൾ വല്ലാതെ ക്ളേശിക്കുകയാണെന്നു നിനക്കു തോന്നാതിരിക്കാനുമായി: അങ്ങനെയല്ല. അന്നു രാത്രി മുതൽ ഞാൻ ചുമയ്ക്കുന്നുണ്ടെന്നതു ശരി തന്നെ, എന്നാലും അത്ര മോശമെന്നു പറയാനില്ല. ചിലപ്പോൾ നേരിയ പനി വരാറുണ്ട്, ചിലപ്പോൾ രാത്രിയിൽ ഒന്നു വിയർത്തെന്നും ശ്വാസം മുട്ടൽ പോലെ വന്നുവെന്നും വരും; അതൊഴിവാക്കിയാൽ കഴിഞ്ഞ കുറേക്കൊല്ലങ്ങൾ കൂടി എന്റെ ആരോഗ്യം നല്ല നിലയിലാണെന്നു പറയാം. തലവേദനകൾ ഒഴിഞ്ഞുപോയിരിക്കുന്നു; അന്നത്തെ അഞ്ചു മണിക്കു ശേഷം പണ്ടത്തേതിനെക്കാൾ നല്ല ഉറക്കവും കിട്ടുന്നുണ്ട്. എന്തായാലും അതു വരെ എന്നെ അലട്ടിയത് തലവേദനകളും ഉറക്കക്കുറവുമായിരുന്നല്ലോ.

(തനിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിച്ചതിനു ശേഷം 1917 സെപ്തംബർ 9നു കാഫ്ക ഫെലിസിനെഴുതിയ കത്ത്)

*