Friday, January 22, 2016

കാഫ്ക - ദമ്പതിമാർ

fk_doodle_sittingകാഫ്കയുടെ ഒരു സ്കെച്ച്

ബിസിനസ് പൊതുവേ അത്രയ്ക്കു മോശമായതു കാരണം ഓഫീസിലെ ജോലി കഴിഞ്ഞു സമയം കിട്ടിയാൽ ഞാൻ തന്നെ സാമ്പിളുകളുമെടുത്ത് ഇടപാടുകാരെ ചെന്നുകാണാൻ പോകും. പലതിന്റെയും കൂട്ടത്തിൽ കെ.യെ ഒന്നു കാണാൻ പോകണമെന്ന് കുറേ നാളായി ഞാൻ വിചാരിക്കുന്നു; അദ്ദേഹം എന്റെ ഒരു സ്ഥിരം കക്ഷിയായിരുന്ന ആളാണ്‌; പക്ഷേ എനിക്കറിയാത്ത എന്തു കാരണം കൊണ്ടോ കഴിഞ്ഞ ഒരു കൊല്ലമായി ആ ബന്ധം പാടേ നിലച്ചിരിക്കുന്നു. ഈ തരം ഇടർച്ചകൾക്ക് കൃത്യമായിട്ടൊരു കാരണം വേണമെന്നില്ല എന്നതാണു പരമാർഥം; ഒന്നിനും തീർച്ചയില്ലാത്ത ഇപ്പോഴത്തേതുമാതിരി കാലമാണെങ്കിൽ എത്രയും നിസ്സാരമായ എന്തെങ്കിലുമൊന്നു മതി, മനോഭാവം ഒന്നു മാറിയാൽ മതി, കാര്യങ്ങൾ തകിടം മറിയാൻ; അത്രയും നിസ്സാരമായ മറ്റൊരു കാരണം, ഒരു വാക്കു മതി, സകലതും പൂർവസ്ഥിതിയിൽ തിരിച്ചെത്തിക്കാനും. പക്ഷേ കെ.യുടെ മുന്നിൽ എത്തിപ്പെടുക എന്നത് അല്പം വിഷമം പിടിച്ച കാര്യമാണ്‌; ആൾ നല്ല പ്രായമായിരിക്കുന്നു, ആരോഗ്യവും അടുത്ത കാലത്തായി വളരെ മോശമാണ്‌; ബിസിനസ്സിന്റെ കടിഞ്ഞാൺ ഇപ്പോഴും സ്വന്തം കൈകളിൽത്തന്നെയാണെങ്കിലും ഓഫീസിൽ കാണുക ചുരുക്കം; ആളോടു സംസാരിക്കണമെങ്കിൽ വീട്ടിൽ പോയി കാണേണ്ടിവരും; അങ്ങനെയൊരു ബിസിനസ് സന്ദർശനം മാറ്റിവയ്ക്കാൻ നിങ്ങൾക്കു സന്തോഷമേയുണ്ടാവു.

ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ ഞാനെന്തായാലും ഇറങ്ങിപ്പുറപ്പെട്ടു; മനുഷ്യരെ ചെന്നുകാണാൻ പറ്റിയ നേരമല്ല അതെന്നതു ശരിതന്നെ; പക്ഷേ എന്റേതു വ്യക്തിപരമായ സന്ദർശനമൊന്നുമല്ലോ, ബിസിനസ് കാര്യമാണത്. എന്റെ ഭാഗ്യത്തിന്‌ കെ. വീട്ടിൽത്തന്നെയുണ്ടായിരുന്നു; ഭാര്യയുമൊത്ത് പുറത്തുപോയിട്ട് അപ്പോൾത്തന്നെ കയറിവന്നിട്ടേയുള്ളുവെന്നും സുഖമില്ലാതെ കിടക്കുന്ന മകന്റെ മുറിയിലാണവരിപ്പോഴെന്നും ഹാളിൽ വച്ച് എനിക്കറിവു കിട്ടി; അവരെ അവിടെച്ചെന്നു കാണാൻ എന്നോടു പറഞ്ഞു; എനിക്കാദ്യമൊരു മടി തോന്നി; അപ്പോഴേക്കും പക്ഷേ, എനിക്കത്ര ഹിതകരമല്ലാത്ത ഈ സന്ദർശനം എത്രയും വേഗം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്ന ആഗ്രഹം മേൽക്കൈ നേടുകയും, ഓവർക്കോട്ടും തൊപ്പിയും സാമ്പിളുകളുടെ പെട്ടിയുമൊക്കെയായി ഇരുട്ടടച്ച ഒരു മുറിയും കടന്ന് അധികം വെളിച്ചമില്ലാത്ത മറ്റൊരു മുറിയിൽ ഞാൻ ചെന്നെത്തുകയും ചെയ്തു; ചെറിയൊരു സംഘം അവിടെ കൂടിയിരിക്കുന്നു.

സഹജവാസന കൊണ്ടാവാം, എന്റെ നോട്ടം ആദ്യം ചെന്നു വീണത് എനിക്കു നല്ല പരിചയമുള്ള ഒരു സെയിൽസ് ഏജന്റിന്റെ മേലാണ്‌; ഒരു വിധത്തിൽ എന്റെ പ്രതിയോഗി കൂടിയാണയാൾ. അപ്പോൾ എന്നെക്കാൾ മുമ്പേ അയാളിവിടെ നുഴഞ്ഞുകയറിയിരിക്കുന്നു. രോഗിയുടെ കട്ടിലിനു തൊട്ടരികിൽ താനാണു ഡോക്ടറെന്ന മട്ടിൽ സുഖം പറ്റിയിരിക്കുകയാണയാൾ; ബട്ടണുകൾ തുറന്നിട്ട സുന്ദരൻ ഓവർക്കോട്ട് ചുറ്റിനും പറത്തിവിട്ട് പ്രതാപത്തോടിരിക്കുകയാണയാൾ; എതിരില്ലാത്തതു തന്നെ അയാളുടെ ആ ഔദ്ധത്യം; പനിച്ചുചുവന്ന കവിളുകളുമായി അങ്ങനെ കിടന്ന് ഇടയ്ക്കിടെ അയാളെ നോക്കുമ്പോൾ രോഗിയുടെ മനസ്സിലും ഇതുമാതിരി ഒരു ചിന്തയായിരുന്നിരിക്കണം. കെ.യുടെ മകൻ, അയാളും ചെറുപ്പം വിട്ടിരിക്കുന്നു; അസുഖം കാരണമാവാം, ഒതുക്കാതെ വിട്ട കുറ്റിത്താടിയും വച്ച് എന്റെ പ്രായം വരുന്ന ഒരാൾ. അച്ഛൻ കെ. ഉയരം കൂടി, ചുമലുവിരിവുള്ള ഒരു മനുഷ്യൻ- വിട്ടുമാറാത്ത രോഗം കാരണം ആളാകെ ക്ഷയിച്ച് കുനിഞ്ഞും വേയ്ച്ചും നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി- വന്നുകയറിയപാടേ രോമക്കോട്ടുമിട്ടുകൊണ്ടുതന്നെ മകനോടെന്തോ പിറുപിറുക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ, ഉയരം കുറഞ്ഞ്, ദുർബലയായ ഒരു സ്ത്രീ നല്ല ചുറുചുറുക്കോടെ- അതുപക്ഷേ തന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രമേയുള്ളു, മറ്റുള്ളവരെ അവർ കണക്കിലെടുത്തിട്ടുതന്നെയില്ല- കോട്ടൂരാൻ അദ്ദേഹത്തെ സഹായിക്കുന്നതിൽ വ്യാപൃതയാണ്‌; അവർ തമ്മിൽ ഉയരത്തിലുള്ള കാര്യമായ അന്തരം കാരണം നന്നായി ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവർ വിജയം കണ്ടു. യഥാർഥത്തിൽ ബുദ്ധിമുട്ടായത് കെ.യുടെ അക്ഷമയാണെന്നും ശരിക്കു വേണമെങ്കിൽ പറയാം. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിർത്തില്ലാതെ ചാരുകസേര പരതുകയായിരുന്നല്ലോ അദ്ദേഹം; കോട്ടൂരിക്കഴിഞ്ഞയുടനെ ഭാര്യ അതദ്ദേഹത്തിനു മുന്നിലേക്ക് നിരക്കിയിട്ടു കൊടുത്തു. പിന്നെ അവർ രോമക്കോട്ടുമെടുത്ത് അതിൽ സ്വയം മറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു.

എനിക്കു തോന്നി, ഒടുവിലിതാ എന്റെ അവസരമെത്തിയിക്കുന്നു; അവസരമെത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു ചുറ്റുപാടിൽ അതൊരിക്കലുമെത്താൻ പോകുന്നില്ലെന്നുമാണ്‌ എനിക്കു തോന്നിയതെന്നു പറയുന്നതാവും ശരി; അതേസമയം എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശ്യം എനിക്കുണ്ടെങ്കിൽ അതിപ്പോൾത്തന്നെ വേണം താനും; കാരണം സമയം പോകുംതോറും ഒരു ബിസിനസ് കൂടിക്കാഴ്ചയ്ക്കനുകൂലമല്ലാത്ത സ്ഥിതിയാവും ഉണ്ടാവാൻ പോവുക; അനന്തകാലത്തോളം ഇവിടെ കുറ്റിയടിച്ചിരിക്കുക എന്നത്, ഏജന്റിന്റെ ഇരുപ്പു കണ്ടിട്ട് അയാൾ അതാണു ചെയ്യാൻ പോകുന്നതെന്നു തോന്നുന്നു, എന്റെ രീതിയല്ല; തന്നെയുമല്ല, ഞാനയാളെ ഗൗനിക്കാനും പോകുന്നില്ല. അതിനാൽ കൂടുതൽ ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ, മകനുമായിട്ടൊന്നുരണ്ടു വാക്കു പറയാൻ കെ.യ്ക്ക് ഒരാഗ്രഹമുണ്ടെന്നു മനസ്സിലായിട്ടുകൂടി, ഞാനെന്റെ ബിസിനസ്സിന്റെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. ദൗർഭാഗ്യത്തിന്‌ എനിക്കൊരു ശീലമുണ്ടായിരുന്നു, പറഞ്ഞുപറഞ്ഞ് ആവേശം കയറിയാൽ- പെട്ടെന്നാവും അതു സംഭവിക്കുക, രോഗി കിടക്കുന്ന ഈ മുറിയിലാവട്ടെ, അതു വളരെപ്പെട്ടെന്നു സംഭവിക്കുകയും ചെയ്തു- ഞാൻ എഴുന്നേറ്റ് നടന്നുകൊണ്ടു സംസാരിക്കും. സ്വന്തം ഓഫീസിൽ തെറ്റു പറയാനില്ലാത്തൊരു ചിട്ടയാണതെങ്കിലും ഒരന്യഗൃഹത്തിലാവുമ്പോൾ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ അത്. എനിക്കു പക്ഷേ സ്വയം നിയന്ത്രിക്കാനായില്ല, എന്റെ പതിവു സിഗരറ്റു കിട്ടാത്തതിനാൽ പ്രത്യേകിച്ചും. പിന്നെ, എല്ലാ മനുഷ്യർക്കുമുള്ളതാണല്ലോ എന്തെങ്കിലുമൊരു ദുശ്ശീലം; ആ ഏജന്റിന്റെ കാര്യം വച്ചു നോക്കുമ്പോൾ എനിക്കു വലിയ നാണക്കേടു തോന്നേണ്ട കാര്യവുമില്ല. ഉദാഹരണത്തിന്‌ അയാളുടെ ഈ പെരുമാറ്റത്തെക്കുറിച്ചെന്തു പറയണം: തന്റെ കാൽമുട്ടിൽ വച്ചിരിക്കുകയാണ്‌ അയാൾ തന്റെ തൊപ്പി; ഇടയ്ക്കിടെ അയാൾ അതു പിടിച്ചു ഞെക്കുന്നുമുണ്ട്; പിന്നെക്കാണാം, പെട്ടെന്നതെടുത്ത് തന്റെ തലയിൽ വെച്ചമർത്തുകയാണയാൾ; അടുത്ത നിമിഷം അയാൾ അതൂരുന്നുണ്ടെന്നതു ശരിതന്നെ; എന്നാൽക്കൂടി ഒന്നുരണ്ടു സെക്കന്റു നേരത്തേക്ക് അതയാളുടെ തലയിലിരിക്കുന്നുണ്ട്; ഈ നാടകം ഇടയ്ക്കിടെ അയാൾ ആവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റത്തെ മാപ്പർഹിക്കാത്തതെന്നു തന്നെ പറയണം. എനിക്കതു പക്ഷേ ഒരു മനശ്ശല്യമല്ല; എന്റെ ബിസിനസ്സിന്റെ സംഗതികൾ മാത്രമേ എന്റെ മനസ്സിലുള്ളു; ഞാനയാളെ പൂർണ്ണമായും അവഗണിക്കുകയാണ്‌. പക്ഷേ തൊപ്പി കൊണ്ടുള്ള ഈ വിദ്യയിൽ പതറിവീഴുന്ന ചില മനുഷ്യരുണ്ട്. എന്റെ കാര്യമാണെങ്കിൽ, ആവേശത്തിൽപ്പെട്ടുപോയാൽ ഇത്തരം മനശ്ശല്യങ്ങളെ മാത്രമല്ല, സകലരെയും ഞാൻ മറന്നുകളയും; നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്; പക്ഷേ എനിക്കു പറയാനുള്ളതു മുഴുവൻ പറഞ്ഞു കഴിഞ്ഞാലല്ലാതെ, അതുമല്ലെങ്കിൽ എന്തെങ്കിലുമൊരു തടസ്സവാദം ഉയർന്നാലല്ലാതെ, ഞാനൊന്നിനെയും എന്റെ ബോധത്തിലേക്കു പ്രവേശിപ്പിക്കാറില്ല. പറയുന്നതു കേൾക്കാൻ ഒട്ടും അനുകൂലമല്ലാത്ത മനഃസ്ഥിതിയിലാണു കെ. എന്നു ഞാൻ നല്ലവണ്ണം ശ്രദ്ധിച്ചതാണ്‌; ഇരിക്കുന്ന കസേരയുടെ കൈകളിൽ പിടിച്ചുകൊണ്ട് ഞെളിപിരി കൊള്ളുകയാണദ്ദേഹം; എന്നെ മുഖമുയർത്തി ഒന്നു നോക്കുക കൂടിച്ചെയ്യാതെ എന്തോ തിരയുന്ന പോലെ ശൂന്യതയിലേക്ക് ഒഴിഞ്ഞ നോട്ടവുമെറിഞ്ഞിരിക്കുകയാണാൾ; ആ മുഖത്തെ നിർവികാരത കണ്ടാൽ ഞാൻ പറഞ്ഞതിൽ ഒരക്ഷരം പോലും, എന്തിന്‌ എന്റെ സാനിദ്ധ്യത്തെക്കുറിച്ചുള്ള ബോധം പോലും അദ്ദേഹത്തിലേക്കെത്തിയിട്ടില്ലെന്ന് ആരും കരുതിപ്പോകും. രോഗം പിടിച്ചപോലുള്ള ആ പടുതി, എന്നെ സംബന്ധിച്ചിടത്തോളം അശുഭസൂചകമയിരുന്നു അതെങ്കിൽക്കൂടി, അഹിതമായിട്ടെടുക്കാൻ പോയില്ല ഞാൻ; പക്ഷേ സംസാരം നിർത്താൻ പോയില്ല ഞാൻ; എന്റെ വാക്കുകൾ കൊണ്ട്, വാഗ്ദാനം ചെയ്യുന്ന ഇളവുകൾ കൊണ്ട്- എന്റെ വാഗ്ദാനങ്ങൾ കേട്ട് ഞാൻ തന്നെ വിരണ്ടുപോയി, ആരും ആവശ്യപ്പെടാത്ത വാഗ്ദാനങ്ങൾ- എല്ലാം പൂർവസ്ഥിതിയിലാക്കാമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്ന പോലെയായിരുന്നു. ഇടയ്ക്കു വെറുതേയൊന്നു കണ്ണോടിച്ചപ്പോൾ ആ ഏജന്റ് തന്റെ തൊപ്പിയെ വെറുതെ വിട്ടിട്ട് മാറത്തു കൈയും പിണച്ചിരിക്കുന്നതാണു ഞാൻ കണ്ടത്; അതെനിക്കൊരുതരം സംതൃപ്തി നല്കുകയും ചെയ്തു. എന്റെ പ്രഭാഷണം, അതയാളെക്കൂടി ഉദ്ദേശിച്ചുള്ളതായൊരുന്നുവെന്നു സമ്മതിക്കണമല്ലോ, അയാളുടെ പ്ളാനുകൾക്കു കനത്തൊരടിയായെന്നു തോന്നുന്നു. ആ വിജയം നല്കിയ ഊറ്റത്തിൽ ഞാൻ കുറേനേരം കൂടി സംസാരം തുടർന്നേനെ; അപ്പോഴാണ്‌ എന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും അഗണ്യമായൊരു രൂപമായി ഞാൻ വച്ചിരുന്ന മകൻ കിടക്കയിൽ വിഷമിച്ചെഴുന്നേറ്റിരിക്കുന്നതും മുഷ്ടി വിറപ്പിച്ചുകൊണ്ട് എനിക്കു തടയിടുന്നതും. എന്തോ പറയാനാണ്‌, എന്തോ ചൂണ്ടിക്കാട്ടാനാണ്‌ അയാൾ ശ്രമിക്കുന്നതെങ്കിൽക്കൂടി അതിനുള്ള ത്രാണി അയാൾക്കു കിട്ടുന്നില്ല. അതയാളുടെ മനസ്സിന്റെ സഞ്ചാരം കൊണ്ടാണെന്നു ഞാൻ ആദ്യം കരുതിയെങ്കിലും വെറുതെയൊന്നു കെ.യെ നോക്കിയപ്പോൾ അതല്ല കാര്യമെന്ന് എനിക്കു ബോധ്യമായി.

മങ്ങിയ കണ്ണുകൾ മലർക്കെത്തുറന്നു വച്ചിരിക്കുകയാണ്‌ കെ, അവിടെ; അവയിലെ വെളിച്ചം അപ്പോൾ കെടുമെന്നു തോന്നി; ആരോ തന്നെ പിടിച്ചു വച്ചിരിക്കുന്ന പോലെയോ, ആരോ തന്റെ തോളത്തു തട്ടുന്ന പോലെയോ മുന്നിലേക്കി ചാഞ്ഞിരുന്നു വിറയ്ക്കുകയുമാണയാൾ; അയാളുടെ കീഴ്ച്ചുണ്ട്, മോണ വെളിയ്ക്കു കാണുന്ന രീതിയിൽ കീഴ്ത്താടി അങ്ങനെതന്നെ, നിസ്സഹായമായി തൂങ്ങിക്കിടക്കുകയാണ്‌; അയാളുടെ മുഖമപ്പാടെ  നിർജ്ജീവമായിരിക്കുന്നു; ശ്വാസമെടുക്കുന്നുണ്ടെങ്കിലും വിഷമിച്ചാണത്; എന്നിട്ടയാൾ പിടി വിട്ടപോലെ കസേരയുടെ പിന്നിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു; ഏതോ തീവ്രവേദനയുടെ ഒരു ഭാവം മുഖം കടന്നുപോയി; അതോടെ എല്ലാം കഴിയുകയും ചെയ്തു. ഒറ്റക്കുതിപ്പിന്‌ ഞാൻ അയാളുടെ അടുത്തെത്തി ജീവനറ്റു തണുത്ത ആ കൈയിൽ കടന്നുപിടിച്ചു; ഒരു നാഡിമിടിപ്പുമില്ല. അങ്ങനെ അതു കഴിഞ്ഞു. ഹാ, പോട്ടെ, ആൾക്കെന്തായാലും നല്ല പ്രായമായിരിക്കുന്നു. ഇങ്ങനെയൊരു സുഖമരണം ലഭിക്കാനുള്ള ഭാഗ്യം എല്ലാവർക്കുമുണ്ടാവട്ടെ എന്നു നമുക്കാശിക്കുക. പക്ഷേ എന്തൊക്കെ ഇനി ബാക്കി ചെയ്യാൻ കിടക്കുന്നു! ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടതെന്താണ്‌? ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി; പക്ഷേ മകൻ തലയ്ക്കു മീതേ കൂടി വിരിപ്പുകൾ വലിച്ചിട്ടു കഴിഞ്ഞു; നിയന്ത്രണം വിട്ടുള്ള ഏങ്ങലടികൾ കേൾക്കാം; പച്ചമീൻ പോലെ തണുത്ത ഏജന്റാവട്ടെ, കെ.യിൽ നിന്നു രണ്ടു ചുവടു മാത്രമകലെ കസേരയിൽ കനപ്പിച്ചിരിക്കുകയുമാണ്‌; വരാനുള്ളതു വരട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണയാൾ എന്നു വ്യക്തം; അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഞാനേയുള്ളു എന്ന സ്ഥിതിയായിരിക്കുന്നു; അതിൽ ആദ്യത്തേതു തന്നെ ഏറ്റവും ദുഷ്കരവും: താങ്ങാവുന്ന ഒരു രൂപത്തിൽ, എന്നുവച്ചാൽ കണ്ടുപിടിച്ചെടുക്കേണ്ട ഒരു രൂപത്തിൽ, ഭാര്യയെ വിവരം ധരിപ്പിക്കുക. അടുത്ത മുറിയിൽ നിന്ന് അവർ വ്യഗ്രതയോടെ നടന്നടുക്കുന്നത് എന്റെ കാതിൽ വീഴുകയും ചെയ്യുന്നു.

പുറത്തു പോയ അതേ വേഷം ധരിച്ചുകൊണ്ടു തന്നെ- വേഷം മാറ്റാനുള്ള നേരം തന്നെ അവർക്കു കിട്ടിയിട്ടില്ല- സ്റ്റൗവിൽ കാട്ടി ചൂടു പിടിപ്പിച്ച ഒരു ഷർട്ട് അവർ എടുത്തുകൊണ്ടു വന്നിരിക്കുന്നു; അതു ഭർത്താവിനെ ഇടീക്കാൻ നോക്കുകയാണവർ. ‘ആളുറക്കമായി,’ എന്ന് ഒരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടു പറയുമ്പോഴാണ്‌  ഞങ്ങൾ ഒരനക്കവുമില്ലാതെ ഇരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.അല്പം മുമ്പു മാത്രം ഞാൻ അത്ര അറപ്പോടും പേടിയോടും കൂടെ കൈയിലെടുത്ത ആ കൈ  നിഷ്കളങ്കർക്കു മാത്രമുള്ള അതിരറ്റ ആ വിശ്വാസത്തോടെ അവർ കടന്നുപിടിച്ച് കളിയായിട്ടൊന്നു ചുംബിച്ചു; അപ്പോഴതാ - ഞങ്ങൾ മൂന്നു പേരുടെയും മുഖങ്ങൾ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! - കെ.യ്ക്ക് അനക്കം വയ്ക്കുന്നു; ഉച്ചത്തിൽ കോട്ടുവായിട്ടുകൊണ്ട് ഷർട്ടിടാൻ ഇരുന്നുകൊടുക്കുന്നു; അത്രയും നീണ്ടൊരു നടത്തയ്ക്കു പോയി സ്വയം ആയാസപ്പെടുത്തിയതിന്‌ ഭാര്യയുടെ സ്നേഹമസൃണമായ ശകാരം പാതി മുഷിഞ്ഞതും പാതി ഒളിപ്പിച്ചതുമായ ഒരു ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു; താൻ ഉറങ്ങിപ്പോയതിനുള്ള വിശദീകരണമായി, എന്തോ മടുപ്പിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള മറുപടിയും കൊടുക്കുന്നു. എന്നിട്ടു പിന്നെ, അടുത്ത മുറിയിലേക്കു പോകുന്ന വഴി തണുപ്പടിച്ചാലോ എന്നു കരുതി തല്ക്കാലത്തേക്കയാൾ മകന്റെ കിടക്കയിൽത്തന്നെ ചെന്നു കിടക്കുകയുമാണ്‌; ഭാര്യ ധൃതിയിൽ മകന്റെ കാലിനരികിൽ കൊണ്ടുവച്ചുകൊടുത്ത രണ്ടു കുഷനുകൾ അയാൾക്കു തലയിണയുമായി. ഇതേവരെ കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോൾ അതിൽ വിചിത്രമായിട്ടൊന്നും ഞാൻ കണ്ടതുമില്ല. പിന്നെ അയാൾ സായാഹ്നപത്രം കൊണ്ടുവരാൻ പറഞ്ഞു; തന്നെ കാണാൻ വന്നവരെക്കുറിച്ച് ഒരു വിചാരവുമില്ലാതെ അയാൾ അതെടുത്തു നിവർത്തി; അയാൾ അതു വായിക്കാനൊന്നും പോകാതെ അവിടെയുമിവിടെയുമൊക്കെ ഒന്നോടിച്ചുനോക്കുന്നതേയുള്ളു; അതിനിടയിൽ ഞങ്ങൾ മുന്നോട്ടുവച്ച ഓഫറുകളെക്കുറിച്ച് ഒട്ടും സുഖമില്ലാത പലതരം നിരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്; അമ്പരപ്പിക്കുന്ന കൗശലം പ്രകടമാക്കുന്ന നിരീക്ഷണങ്ങൾ; ഈ സമയത്തൊക്കെ മറ്റേക്കൈ കൊണ്ട് ആക്ഷേപിക്കുന്ന ചില ചേഷ്ടകളും കാണിക്കുകയാണയാൾ; നാവു നൊട്ടിക്കൊണ്ട് അയാൾ പറയാതെ പറയുകയാണ്‌, ഞങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ കൊണ്ട് അയാളുടെ വായ വല്ലാതെ കയ്ച്ചിരിക്കുന്നുവെന്ന്. ഏജന്റിന്‌ അസ്ഥാനത്തുള്ള ചില അഭിപ്രായങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല; ഈ കഴിഞ്ഞതിനൊക്കെ ഒരു പരിഹാരം വേണമെന്ന് തന്റേതായ വികാരശൂന്യമായ രീതിയിൽ അയാൾക്കും തോന്നിയിട്ടുണ്ടാവണം; എന്നാൽ അതു നേടിയെടുക്കാൻ ഏറ്റവും മോശമായ വഴിയേ അയാൾ തിരഞ്ഞെടുക്കൂ എന്നതിൽ സംശയിക്കാനുമില്ല. ഞാൻ പെട്ടെന്നു തന്നെ യാത്ര പറഞ്ഞിറങ്ങി. അതിന്‌ ഞാൻ ആ ഏജന്റിനോട് നന്ദിയുള്ളവനാണെന്നു തന്നെ പറയണം; അയാൾ ഇല്ലായിരുന്നുവെങ്കിൽ അത്ര വേഗം ഇറങ്ങിപ്പോരാനുള്ള തീരുമാനമെടുക്കാൻ എനിക്കു കഴിഞ്ഞേക്കണമെന്നില്ല.

ഹാളിൽ വച്ച് ഞാൻ ഫ്രൗ.കെ.യെ വീണ്ടും കണ്ടു. അവരുടെ ദൈന്യരൂപം കണ്ടപ്പോൾ അവരെന്റെ അമ്മയെ ചെറുതായിട്ടൊന്നോർമ്മിപ്പിക്കുന്നുവെന്ന് ഞാൻ അറിയാതൊന്നു പറഞ്ഞുപോയി. അവർ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ ആളുകളെന്തു പറഞ്ഞാലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവരായിരുന്നു അവർ. ഞങ്ങൾ നശിപ്പിക്കുന്നതൊക്കെ അവർ നേരെയാക്കിയിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ എനിക്കമ്മയെ നഷ്ടമായി.’അവർക്കു ചെവി പതുക്കെയാണെന്നു ഞാൻ സംശയിച്ചതിനാൽ വളരെ സാവധാനത്തിലും തെളിച്ചുമാണ്‌ ഞാൻ അത്രയും പറഞ്ഞത്. പക്ഷേ അവർക്കു ചെവി കേൾക്കില്ലെന്നു തോന്നി; കാരണം, ഭാവഭേദമില്ലാതെ അവർ ചോദിച്ചതിതാണ്‌: ‘എന്റെ ഭർത്താവിനെ കണ്ടിട്ടെന്തു തോന്നി?’ പിരിയുമ്പോൾ പറഞ്ഞ ചില വാക്കുകളിൽ നിന്ന് ഞാൻ ശ്രദ്ധിക്കുകയും ചെയ്തു, ഞാനും ആ ഏജന്റും തമ്മിൽ അവർക്കു പിശകിപ്പോയിരിക്കുന്നുവെന്ന്; അല്ലെങ്കിൽ അവർ കുറച്ചുകൂടി തുറന്നു സംസാരിച്ചേനേ എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

എന്നിട്ടു ഞാൻ പടിയിറങ്ങി. ഇറക്കം കയറ്റത്തേക്കാൾ ആയാസകരമായിരുന്നു; അതുതന്നെ അത്ര എളുപ്പവുമായിരുന്നില്ലല്ലോ. ഹാ, എത്ര ബിസിനസ് സന്ദർശനങ്ങൾ വിഫലമായിപ്പോയിരിക്കുന്നു; പക്ഷേ ഏന്തിവലിഞ്ഞു പോകാതിരിക്കാനുമാവില്ല നിങ്ങൾക്ക്.

(1922)


Kafka - The Married Couple

No comments:

Post a Comment