Thursday, January 14, 2016

കാഫ്ക - ചക്രവർത്തിയിൽ നിന്ന് ഒരു സന്ദേശം

Message-from-the-EmperorLink to image


ചക്രവർത്തി- കഥ ഇങ്ങനെ പോകുന്നു- നിങ്ങൾക്കായി, തന്റെ പ്രജകളിൽ വച്ചേറ്റവും നികൃഷ്ടനായ, രാജകീയസൂര്യനിൽ നിന്നു വിദൂരതയിലേക്കോടിമറഞ്ഞ വെറുമൊരു നിഴലായ നിങ്ങൾക്കായി, നിങ്ങൾക്കു മാത്രമായി ചക്രവർത്തി തന്റെ മരണക്കിടക്കയിൽ നിന്ന് ഒരു സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ദൂതനെ തന്റെ കിടക്കയ്ക്കരികിൽ മുട്ടു കുത്തിച്ച് കാതിൽ സന്ദേശം മന്ത്രിച്ചുകൊടുത്തു; അത്ര പ്രധാനമാണ്‌ അതദ്ദേഹത്തിനെന്നതിനാൽ ദൂതനോട് താൻ പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയാണദ്ദേഹം. അയാൾ അതു ശരിയായിത്തന്നെ ധരിച്ചിരിക്കുന്നുവെന്ന് ഒരു തലയനക്കം കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. പിന്നീട്, തന്റെ മരണത്തിനു സാക്ഷ്യം വഹിക്കാൻ വന്നിരിക്കുന്നവർക്കു മുന്നിൽ വച്ച്- കാഴ്ച മറയ്ക്കുന്ന മതിലുകളെല്ലാം ഇടിച്ചുനിരത്തിയിരുന്നു, ഉന്നതവും വിശാലവുമായ കോണിപ്പടികളിൽ സാമ്രാജ്യത്തിലെ പ്രമാണിമാരെല്ലാം അദ്ദേഹത്തെ വലയം ചെയ്തു തടിച്ചുകൂടിയിരുന്നു- ഇവർക്കെല്ലാം മുന്നിൽ വച്ച് ചക്രവർത്തി ദൂതനു യാത്രാനുമതി നല്കി. ദൂതൻ അപ്പോൾത്തന്നെ പുറപ്പെട്ടുകഴിഞ്ഞു: ക്ഷീണമേശാത്ത, ബലിഷ്ഠനായ ഒരു മനുഷ്യൻ; ആദ്യം ഒരു കൈ നീട്ടി, പിന്നെ മറ്റേക്കൈ നീട്ടി ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അയാൾ കടന്നുപോകുന്നു. വഴിതടസ്സമുണ്ടാകുമ്പോൾ അയാൾ മാറത്തെ സൂര്യമുദ്ര ചൂണ്ടിക്കാട്ടുന്നു. മറ്റാരെക്കൊണ്ടും കഴിയുന്നതിലും ഭംഗിയായി അയാൾ മുന്നേറുന്നു. പക്ഷേ പുരുഷാരം അന്തമെന്നതില്ലാതെ പരന്നുകിടക്കുകയാണ്‌. അവരുടെ പാർപ്പിടങ്ങൾക്കവസാനമില്ല; തനിക്കു മുന്നിൽ തുറന്ന പാടമാണുണ്ടായിരുന്നതെങ്കിൽ അയാൾ എത്രവേഗം പറന്നെത്തിയേനെ; എത്ര മുമ്പേ നിങ്ങളുടെ വാതിലിൽ അയാളുടെ മുഷ്ടിയുടെ ഉജ്ജ്വലമായ മുഴക്കം നിങ്ങൾ കേൾക്കുമായിരുന്നു. അതിനു പകരം പക്ഷേ, എത്ര വ്യർത്ഥമാണ്‌ അയാളുടെ യത്നങ്ങൾ; അയാളിനിയും ഉൾക്കൊട്ടാരത്തിന്റെ മുറികൾ കടന്നുപോന്നിട്ടില്ല; അയാളൊരിക്കലും അവ കടന്നുതീരുകയുമില്ല; ഇനി അതിനായാൽത്തന്നെ അതുകൊണ്ടാകുന്നില്ല; അയാൾക്കു കോണിപ്പടികൾ ഇറങ്ങാൻ യത്നിക്കേണ്ടിവരും; അതിൽ വിജയിച്ചാലും അതുകൊണ്ടായില്ല; അങ്കണങ്ങൾ കടക്കേണ്ടതുണ്ട്; അങ്കണങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ പുറംകൊട്ടാരം; വീണ്ടും കോണിപ്പടികളും അങ്കണങ്ങളും; പിന്നെയുമൊരു കൊട്ടാരം; ആയിരമായിരം വർഷങ്ങൾ അങ്ങനെ; ഒടുവിൽ എല്ലാം പിന്നിട്ട് പുറംകവാടത്തിനു പുറത്തു വരാൻ അയാൾക്കു കഴിഞ്ഞാൽത്തന്നെ- പക്ഷേ അതൊരിക്കലും, ഒരിക്കലും നടക്കാൻ പോകുന്നില്ല- അയാൾക്കു മുന്നിൽ പരന്നുകിടപ്പുണ്ടാവും സാമ്രാജ്യത്തിന്റെ തലസ്ഥാനം: നിറഞ്ഞുകുമിയുന്ന ഉച്ഛിഷ്ടങ്ങളുമായി ലോകത്തിന്റെ കേന്ദ്രബിന്ദു. അതു കടന്നുപോകാൻ ആർക്കുമാവില്ല, മരിച്ചുപോയ ഒരാളുടെ സന്ദേശവും കൊണ്ടുപോകുന്ന ഒരു ദൂതന്‌ ഒരിക്കലുമതാവില്ല- പക്ഷേ നിങ്ങളോ, നിങ്ങൾ നേരമിരുളുമ്പോൾ ജനാലയ്ക്കലിരുന്ന് ഇതെല്ലാം യാഥാർത്ഥ്യമാകുമെന്നു സ്വപ്നം കാണുന്നു.


(ചൈനയിലെ വന്മതിൽ എന്ന അപൂർണ്ണമായ നീണ്ടകഥയുടെ ഒരു ഭാഗം; 1919 ഡിസംബറിൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ ഒരു കഥയായി പ്രസിദ്ധീകരിച്ചു. കഥയിലെ ചക്രവർത്തി അനഭിഗമ്യനാണ്‌; രാജാവും പ്രജയും തമ്മിലുള്ള ദൂരം അനന്തമാണ്‌. അയാളുടെ അധികാരത്തിന്റെ പ്രഭവം രാഷ്ട്രീയമോ നൈതികമോ ദൈവികമോ ആയ പ്രമാണങ്ങളൊന്നുമല്ല, മറിച്ച് പ്രജകളുടെ പരിപൂർണ്ണമായ, എതിരു പറയാത്ത വിധേയത്വമത്രെ. കാഫ്കയുടെ പിതൃരൂപമാണത്, അമൂർത്തമായ അധികാരസ്ഥാപനങ്ങളുടെ മൂർത്തരൂപം. ആ പ്രപഞ്ചകേന്ദ്രത്തിൽ നിന്ന് അതിന്റെ പുറംചക്രവാളത്തിലെ ഒരു നിസ്സാരബിന്ദുവിലേക്ക് ഏതൊരർത്ഥവ്യാപനം നടക്കുമെന്നാണു നാമാശിക്കുക? ആ കേന്ദ്രം തന്നെ ഇല്ലാതായിരിക്കെ നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുന്നു, അതിലുമുപരി പരിഹാസ്യവുമാകുന്നു.

തന്റെ രചനകളിൽ കൃത്യമായ ഒരർത്ഥം തേടുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ഈ അന്യാപദേശമെന്നും പറയാം. മരിക്കാൻ കിടക്കുന്ന തന്റെ ചക്രവർത്തിയിൽ നിന്ന് അതിനിർണ്ണായകമായ ഒരു സന്ദേശം കാത്തിരിക്കുന്ന പ്രജയെപ്പോലെ വായനക്കാരനും വ്യർത്ഥമായി കാത്തിരിക്കുന്നു, എഴുത്തുകാരൻ തനിക്കായി കൊടുത്തയച്ചിരിക്കുന്ന ആത്യന്തികമായ ആ അർത്ഥത്തിനായി.)


A new English translation of the story

No comments:

Post a Comment