Tuesday, January 19, 2016

ഗുസ്താവ് യനൌഖ് - കാഫ്കയുമായി നടത്തിയ സംഭാഷണങ്ങള്‍

download (1)


മിശിഹായെ തിരിച്ചറിയാൻ കഴിയാതെ പോയതാണ്‌ ജൂതന്മാർക്കു പറ്റിയ വലിയ പിഴയെന്ന് ലിയോൺ ബ്ളോയെ ഉദ്ധരിച്ച് ഗുസ്താവ് യനൌഖ് പറഞ്ഞപ്പോൾ കാഫ്കയുടെ മറുപടി ഇതായിരുന്നു: അതു ശരിയാവാം. അവർക്കു മിശിഹായെ തിരിച്ചറിയാൻ പറ്റാതെ വന്നിരിയ്ക്കാം. പക്ഷേ തന്റെ സൃഷ്ടികൾ തന്നെ തിരിച്ചറിയരുതെന്നു വരുത്തുന്ന ഒരു ദൈവം എത്ര ക്രൂരനാണ്‌! അതേസമയം, തന്റെ കുട്ടികൾക്ക് ബുദ്ധിയോ, വാക്കോ ഉറയ്ക്കാത്ത പ്രായത്തിൽത്തന്നെ ഒരച്ഛൻ താനാരെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാറുമുണ്ട്. അതിരിക്കട്ടെ, തെരുവിൽ നിന്നു സംസാരിക്കേണ്ട വിഷയമല്ല ഇത്. ഞാൻ വീടെത്തിയും കഴിഞ്ഞിരിക്കുന്നു.

*

യൊഹാനസ്. ആർ. ബെക്കർ തന്റെ ഒരു കവിതയിൽ മരണത്തിന്റെ സൗഹൃദസന്ദർശനമാണു ഉറക്കം എന്നെഴുതിയിട്ടുള്ളതായി യനൌഖ് പറഞ്ഞു.
കാഫ്ക തലയാട്ടി: അതു ശരിയാണ്‌. സ്വജീവൻ കൊണ്ടു ഞാൻ വില നല്കേണ്ട ഒരു സന്ദർശകനെ ഓർത്തുള്ള ഭീതിയാകാം എന്റെ ഉറക്കമില്ലായ്മ.

*

എന്താണു സ്നേഹം? വളരെ ലളിതമാണത്. നമ്മുടെ ജീവിതത്തെ ഉയർത്തുകയും, വിപുലപ്പെടുത്തുകയും, പുഷ്ടമാക്കുകയും ചെയ്യുന്നതെന്തും സ്നേഹമാണ്‌. അതിന്റെ ഉയരത്തിലും ആഴത്തിലും. ഒരു മോട്ടോർക്കാറിനുള്ളത്ര കുറച്ചു പ്രശ്നങ്ങളേ സ്നേഹത്തിനുമുള്ളു. ഡ്രൈവർ, യാത്രക്കാർ, വഴി- ഇവ മാത്രമാണ്‌ ആകെയുള്ള പ്രശ്നങ്ങൾ.

*

വ്യക്തിപരമായിട്ടേ ദൈവത്തെ ഗ്രഹിക്കാനാവൂ. ഓരോ മനുഷ്യനുമുണ്ട്, അവന്റേതായൊരു ജീവിതം, അവന്റേതായൊരു ദൈവവും. അവന്റെ സംരക്ഷകനും, അവന്റെ വിധികർത്താവും. തളർവാതം പിടിച്ച ഒരാത്മാവിന്റെ ഊന്നുവടികൾ മാത്രമാണ്‌ പുരോഹിതന്മാരും അനുഷ്ഠാനങ്ങളും.
*

ഗുസ്താവ് യനൌഖ് കാഫ്കയോടു പറഞ്ഞു:
‘ഞാൻ “വിധിന്യായം” വായിക്കുകയായിരുന്നു.
’അതിഷ്ടപ്പെട്ടോ?‘
‘ഇഷ്ടപ്പെടുകയോ? ഭയാനകമാണത്!’
’നിങ്ങൾ പറഞ്ഞതു കൃത്യമാണ്‌.‘
‘അതെഴുതാൻ ഇടവന്നതെങ്ങനെയെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. “എഫിന്‌” എന്നുള്ള സമർപ്പണം വെറും ഔപചാരികമല്ല. ആ പുസ്തകം ആരോടോ എന്തോ പറയണമെന്നു നിങ്ങൾക്കാഗ്രഹമുണ്ടായിരുന്നു എന്നതു തീർച്ച. എനിക്കതിന്റെ സന്ദർഭമറിഞ്ഞാൽ കൊള്ളാമായിരുന്നു.’
അമ്പരന്നപോലെ കാഫ്ക ഒന്നു മന്ദഹസിച്ചു.
‘ഞാൻ പറഞ്ഞതധികപ്രസംഗമായോ? ക്ഷമിക്കണേ.’
‘അങ്ങനെ മാപ്പു പറയാനൊന്നുമില്ല. വായിക്കുന്നത് ചോദ്യം ചോദിക്കാനാണല്ലോ. ഒരു രാത്രിയുടെ പ്രേതമാണ്‌ “വിധിന്യായം”.’
‘എന്നു പറഞ്ഞാൽ?’
‘അതൊരു പ്രേതമാണെന്ന്,’ വിദൂരതയിലേക്ക് തറഞ്ഞൊരു നോട്ടമയച്ചുകൊണ്ട് അദ്ദേഹം ആവർത്തിച്ചു.
‘എന്നിട്ടും നിങ്ങളതെഴുതി.’
‘അത് ആ പ്രേതത്തിനൊരു സ്ഥിരീകരണം മാത്രമായിരുന്നു, അതുവഴി അതിന്റെ ഉച്ചാടനവും.’
*

തന്റെ കുത്തിക്കുറിക്കലുകൾ പ്രസിദ്ധീകരിച്ചുകാണുമ്പോൾ മനസ്സിടിഞ്ഞുപോവുകയാണെന്നു പറഞ്ഞിട്ട് കഥകൾ പ്രസിദ്ധീകരിക്കാൻ കൊടുത്തതെന്തിനാണെന്നുള്ള യനൌഹിന്റെ ചോദ്യത്തിനു മറുപടിയായി കാഫ്ക ഇങ്ങനെ പറഞ്ഞു:
’അതങ്ങനെയാണ്‌! ഞാൻ എന്തെങ്കിലും എഴുതിയാൽ മാക്സ് ബ്രോഡും, ഫെലിക്സ് വെൽഷും മറ്റെല്ലാ സ്നേഹിതന്മാരും കൂടി അതു കൈക്കലാക്കുകയും, പിന്നെ ഏതെങ്കിലുമൊരു പ്രസാധകനുമായി ഒപ്പിട്ട ഉടമ്പടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്തുകയുമാണ്‌. ഞാനൊരിക്കലും അവർക്കഹിതമായതൊന്നു ചെയ്യുകയില്ല; തികച്ചും വ്യക്തിപരമായ കുറിപ്പുകളും നേരമ്പോക്കുകളും പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതിലാണ്‌ സംഗതി കലാശിക്കുന്നത്. എന്റെ മാനുഷികദൗർബല്യങ്ങൾക്ക് എന്റേതായിട്ടുള്ള തെളിവുകൾ അച്ചടിക്കപ്പെടുകയും, വിൽക്കപ്പെടുകയുമാണ്‌; കാരണം മാക്സ് ബ്രോഡിന്റെ നേതൃത്വത്തിൽ എന്റെ സ്നേഹിതന്മാർക്കു ചിന്ത പോയിരിക്കുന്നു, അവ സാഹിത്യമാണെന്ന്; ഏകാന്തതയുടെ ആ തെളിവു നശിപ്പിക്കാൻ എനിക്കു കെല്പുമില്ല.
ഒന്നു നിറുത്തിയിട്ട് അതേവരെയുള്ള സ്വരത്തിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം പറഞ്ഞു:
ഞാനിപ്പോൾ പറഞ്ഞത് തീർച്ചയായും ഒരതിശയോക്തി തന്നെ, എന്റെ സ്നേഹിതന്മാരോടു കാട്ടുന്ന വിദ്വേഷവും. ആ സംഗതികൾ പ്രസിദ്ധീകരിക്കുന്നതിനു കൂട്ടു നിൽക്കുന്ന രീതിയിൽ അത്രയും ദുഷിച്ചവനും നാണം കെട്ടവനുമായിപ്പോയിരിക്കുന്നു ഞാൻ എന്നതാണു വാസ്തവം. സ്വന്തം ദൗർബല്യത്തിനൊരൊഴിവുകഴിവായി സാഹചര്യങ്ങൾക്ക് അവയ്ക്കില്ലാത്തൊരു കരുത്തു നല്കുകയാണു ഞാൻ. അതൊരു കാപട്യം തന്നെ. പിന്നെ ഞാനൊരു വക്കീലുമല്ലേ. അതിനാൽ എനിക്കൊരിക്കലും തിന്മയെ വിട്ടുനില്ക്കാനുമാവില്ല.’


(ഗുസ്താവ് യനൌഖിന്റെ "കാഫ്കയുമായി നടത്തിയ സംഭാഷണങ്ങള്‍ " എന്ന പുസ്തകത്തില്‍ നിന്ന്‍ )

No comments:

Post a Comment