Friday, January 15, 2016

കാഫ്ക - നാട്ടുവഴിയിലെ കുട്ടികൾ

downloadlink to image


തോട്ടത്തിന്റെ വേലിക്കപ്പുറത്തു കൂടി വണ്ടികൾ കടന്നുപോകുന്നതു ഞാൻ കേട്ടു; ഇലകളിളകുമ്പോഴത്തെ വിടവുകൾക്കുള്ളിലൂടെ ചിലനേരം ഞാനവയെ കണ്ണിൽ കാണുകയും ചെയ്തു. ആ വേനല്ച്ചൂടിൽ എന്തായിരുന്നു ചക്രക്കാലുകളുടെയും കീലുകളുടെയും ഞരക്കം! കേട്ടാൽ ചൂളിപ്പോകുന്നപോലെ ഉറക്കെച്ചിരിച്ചുകൊണ്ട് പണിക്കാർ പാടത്തു നിന്നു കയറി വരുന്നുണ്ടായിരുന്നു.

അല്പനേരം വിശ്രമിക്കാമെന്നു കരുതി എന്റെ അച്ഛനമ്മമാരുടെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഊഞ്ഞാലിലിരിക്കുകയായിരുന്നു ഞാൻ.

വേലിക്കപ്പുറം എന്തൊക്കെ നടക്കുന്നില്ല: ഓടിക്കുതിച്ചുവരുന്ന കുട്ടികളെ അടുത്ത നിമിഷം കാണാതെയാവുന്നു; ചോളക്കറ്റകൾക്കു മേലിരുപ്പുറപ്പിച്ച ആണും പെണ്ണുമായ പണിക്കാരെക്കേറ്റി വണ്ടികളുരുളുമ്പോൾ ചുറ്റും പൂത്തടങ്ങളിരുളുന്നു; സന്ധ്യയായപ്പോൾ ഊന്നുവടിയുമായി സവാരിക്കിറങ്ങിയ ഒരു മാന്യനെയും ഞാൻ കണ്ടു; കൈ കോർത്തുപിടിച്ചുകൊണ്ട് എതിരേ വന്ന ഒരു കൂട്ടം പെൺകുട്ടികൾ ബഹുമാനത്തോടെ പുല്ലിലേക്കിറങ്ങിനിന്നു.

പിന്നെ കോർക്കുകളൂരിത്തെറിക്കുമ്പോലെ കിളികൾ പറന്നുപൊങ്ങി; കണ്ണുകൾ കൊണ്ടു ഞാൻ അവയെ പിന്തുടർന്നു; ഒറ്റ ശ്വാസത്തിലെന്നപോലെ അവ പൊങ്ങുന്നതു ഞാൻ കണ്ടു; ഒടുവിൽ എനിക്കു തോന്നിത്തുടങ്ങി, അവ പൊങ്ങുകയല്ല, ഞാൻ താഴുകയാണെന്ന്. തല കറങ്ങുമ്പോലെ തോന്നിയെങ്കിലും കയറിൽ ബലക്കെപ്പിടിച്ചുകൊണ്ട് ഞാൻ പതുക്കെ ഇരുന്നാടി. അധികം വൈകിയില്ല, കാറ്റിനു കുളിരു കൂടി, എന്റെ ആട്ടം കനത്തിലായി, കിളികളുടെ സ്ഥാനത്ത് തുടിക്കുന്ന നക്ഷത്രങ്ങളും പ്രത്യക്ഷമായി.

മെഴുകുതിരിവെട്ടത്തിലിരുന്നു ഞാൻ അത്താഴം കഴിച്ചു. ഇരുകൈമുട്ടുകളും മേശ മേൽ കുത്തി പലപ്പോഴും ഞാൻ ചടഞ്ഞുകിടന്നുപോയി; തളർച്ചയോടെയാണു ഞാൻ വെണ്ണ പുരട്ടിയ റൊട്ടി കടിച്ചുതിന്നതും. കണ്ണിയകലമുള്ള ജനാലവിരികൾ ഇളംചൂടുള്ള കാറ്റു പിടിച്ചുയർന്നു; ചിലപ്പോൾ പുറമേ കൂടി കടന്നുപോകുന്ന ഒരാൾ രണ്ടു കൈകളും കൊണ്ട് അതു കൂട്ടിപ്പിടിച്ച് അകത്തേക്കു നോക്കിയെന്നുവരാം, എന്നെ നല്ലവണ്ണം കാണാനായി, അല്ലെങ്കിൽ എന്നോടു സംസാരിക്കാനായി. അപ്പോൾത്തന്നെ മെഴുകുതിരി കെടുകയും ചെയ്യും; വന്നുകൂടിയ പ്രാണികൾ അല്പനേരം കൂടി തിരി കെട്ട പുകയ്ക്കു ചുറ്റും പറന്നുനടക്കും. ഈ സമയത്തു ജനാലയ്ക്കു പുറത്തു നിന്നൊരാൾ എന്നോടെന്തെങ്കിലും ചോദിച്ചുവെന്നിരിക്കട്ടെ, അകലെയുള്ള മലകളിലോ അല്ലെങ്കിൽ ശൂന്യമായ വായുവിലോ ആണെന്റെ കണ്ണുകൾ എന്ന മട്ടിലാവും ഞാൻ അയാളെ നോക്കുക; എന്റെ മറുപടി കേൾക്കാൻ അയാൾക്കും വലിയ താല്പര്യമില്ലെന്നു തോന്നും.

ഈ നേരത്തൊരു കുട്ടി ജനാല ചാടിക്കടന്നുവന്ന് മറ്റുള്ളവർ പുറത്ത് എന്നെയും കാത്തുനില്ക്കുകയാണെന്നു വിളിച്ചുപറഞ്ഞാൽ പക്ഷേ, ഒരു നെടുവീർപ്പോടെയാണെങ്കിലും ഞാൻ പതുക്കെ എഴുന്നേല്ക്കും.

‘നീയെന്തിനാ ഇങ്ങനെ നെടുവീർപ്പിടുന്നത്? എന്താ കാര്യം? പരിഹരിക്കാൻ പറ്റാത്ത അത്യാഹിതമെന്തെങ്കിലും സംഭവിച്ചോ? നമുക്കതിൽ നിന്നിനി കര കയറാൻ പറ്റില്ലേ? അത്രയ്ക്കെല്ലാം കൈ വിട്ടുപോയോ?‘

ഒന്നും കൈ വിട്ടുപോയിട്ടില്ല. ഞങ്ങൾ വീടിനു മുൻവശത്തു കൂടി പുറത്തേക്കോടി. ’ഹാവൂ, അവസാനം ആളു വന്നല്ലോ! ‘- ’ഒരിക്കലും നീ സമയത്തിനെത്തിയിട്ടില്ല!‘ - ’ ആര്‌, ഞാനോ?‘ - ’നീ തന്നെ; വരണമെന്നില്ലെങ്കിൽ നീ വീട്ടിൽത്തന്നിരുന്നോ.‘ - ’ഒരു കരുണയുമില്ല!‘ - ’എന്ത്? കരുണയില്ലെന്നോ! എന്തുതരം  സംസാരമാണിത്!‘

തല കൊണ്ടിടിച്ചുകൊണ്ടു സന്ധ്യയിലൂടെ ഞങ്ങൾ കുതിച്ചുപാഞ്ഞു. ഞങ്ങൾക്കതു പകലുനേരമായിരുന്നില്ല, രാത്രിയുമായിരുന്നില്ല. ഈ നിമിഷം ഞങ്ങളുടെ കുപ്പായക്കുടുക്കുകൾ പല്ലുകൾ പോലെ തമ്മിലുരയുകയായിരുന്നെങ്കിൽ, അടുത്ത നിമിഷം ഉഷ്ണമേഖലയിലെ കാട്ടുജന്തുക്കൾ പോലെ തീ തുപ്പിക്കൊണ്ടു കുതിക്കുകയായിരുന്നു ഞങ്ങൾ. പഴയകാലയുദ്ധങ്ങളിലെ ഉരുക്കു മാർച്ചട്ട ധരിച്ച കുതിരപ്പടയാളികളെപ്പോലെ തൊഴിച്ചും കുതിച്ചും ഉയർന്നും താണും ഇടവഴി വിട്ടൊരാളൊരാളായി ഞങ്ങൾ പെരുവഴിയിലേക്കു മുന്നേറി. കൂട്ടത്തിൽ ചിലർ വഴിവക്കിലെ കുഴികളിലേക്കുരുണ്ടുവീണു; പൊന്തക്കാടിന്റെ ഇരുട്ടിലേക്കൊരു നിമിഷമേ അവരെ കാണാതായുള്ളു; അടുത്ത നിമിഷം തിട്ടയിൽ നിന്നുകൊണ്ടവർ താഴേക്കു നോക്കി നില്പായി, ഏതോ അജ്ഞാതമനുഷ്യരെപ്പോലെ.

’താഴെ ഇറങ്ങിവാ!‘ - ’നിങ്ങൾക്കു കേറിവന്നൂടേ!‘ - ’എന്നിട്ടു ഞങ്ങളെ തള്ളിത്താഴെയിടാനോ? അതു നടപ്പില്ല. ഞങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല.‘ - ’അത്ര പേടിത്തൊണ്ടനാണു നീയെന്നാണോ പറയുന്നത്? കേറി വാ, കേറി വാടാ.‘ - ’പേടിയോ? നിന്നെയോ! നിനക്കു ഞങ്ങളെ തള്ളിയിടണമല്ലേ? അതൊന്നു കാണട്ടെ!‘ ഞങ്ങൾ കേറിയടിച്ചു; അവർ ഞങ്ങളെ നെഞ്ചത്തു പിടിച്ചു തള്ളി; സ്വമേധയാ എന്നപോലെ ഞങ്ങൾ വഴിവക്കിലെ കുഴിയിലേക്കുരുണ്ടുവീണു.  ഹിതകരമായ മിതത്വമായിരുന്നു ഒക്കെ അവിടെ. പുല്ലിനു ചൂടേറെയുണ്ടായിരുന്നില്ല, ഏറെത്തണുപ്പുമുണ്ടായിരുന്നില്ല. ഉടലിൽ തളർച്ച കേറുന്നതു മാത്രം ഞങ്ങളറിഞ്ഞു.
വലതുവശം ചരിഞ്ഞു തലക്കീഴിൽ കൈ ചൊരുകിവച്ചിരുന്നെങ്കിൽ  നിങ്ങൾക്കവിടെക്കിടന്നു സുഖമായിട്ടുറങ്ങാൻ തോന്നിയേനെ. ശരി തന്നെ, തല ഉയർത്തിപ്പിടിച്ച് അവിടുന്നെഴുന്നേല്ക്കാൻ നിങ്ങൾക്കത്രയ്ക്കാഗ്രഹമുണ്ടായിരുന്നു; എന്നാലും അതിലുമാഴമേറിയൊരു കുഴിയിലാഴാൻ മോഹിക്കുകയുമായിരുന്നു നിങ്ങൾ. പിന്നെ കൈകൾ മുന്നിൽ നീട്ടിപ്പിടിച്ച്, കാലു വളച്ച് വായുവിലേക്കു സ്വയമെടുത്തെറിയാൻ നിങ്ങൾ കൊതിച്ചു- ഇനിയുമാഴം കൂടിയൊരു കുഴിയിലേക്കു കൃത്യമായി ചെന്നു വീഴാൻ. ഇതിനൊരവസാനമുണ്ടാവരുതെന്നും നിങ്ങൾ ആഗ്രഹിച്ചു.

ഏറ്റവുമവസാനത്തെക്കുഴിയിൽ സുഖമായിട്ടുറങ്ങാൻ പാകത്തിനു നിവർന്നുകിടക്കുന്നതിനെക്കുറിച്ച്, കാലുകൾ നീട്ടിവയ്ക്കുന്നതിനെക്കുറിച്ചു പ്രത്യേകിച്ചും, നിങ്ങളുടെ ചിന്ത പോയതേയില്ല.; ഇപ്പോൾ കരച്ചിലു വരുമെന്ന ഭാവത്തിൽ, ഒരു രോഗിയെപ്പോലെ നിങ്ങൾ മലർന്നു കിടന്നു. കൈകൾ ഇടുപ്പിൽ കുത്തി, ഇരുണ്ട കാല്പാദങ്ങളുമായി ഒരു കുട്ടി വരമ്പിൽ നിന്നു വഴിയിലേക്കു നിങ്ങൾക്കു മേൽ കൂടി ചാടിക്കടന്നപ്പോൾ നിങ്ങളൊന്നു കണ്ണു ചിമ്മി.

ചന്ദ്രൻ നല്ല ഉയരത്തിലെത്തിക്കഴിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തിൽ ഒരു തപാൽവണ്ടി കടന്നുപോയി. എവിടെയും ഒരിളംകാറ്റു വീശി; കുഴിയിൽ കിടന്നും നിങ്ങളതറിഞ്ഞു; അരികിലെ വനത്തിൽ ഇലകൾ മർമ്മരം വയ്ക്കാൻ തുടങ്ങി. ഏകാകിയാവാൻ ഇത്രയ്ക്കൊരാഗ്രഹം നിങ്ങൾക്കു മുമ്പു തോന്നിയിട്ടില്ല.

‘നീ എവിടെപ്പോയി?’ - ‘എല്ലാവരും ഇങ്ങോട്ടു വരൂ!’ - ‘നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു, കളി നിർത്തെടോ!’ - ‘തപാൽവണ്ടി പോയതു നീ കണ്ടില്ലേ?’ - ‘ഇല്ല, അതു പോയോ?’ - ‘പിന്നില്ലാതെ, നീ കിടന്നുറങ്ങുമ്പോഴാണതു പോയത്.’ - ‘ഞാൻ കിടന്നുറങ്ങിയെന്നോ? ആരു പറഞ്ഞു!’ - ‘വായ മൂട്! നിന്റെ മുഖം കണ്ടാലറിയാമല്ലോ.’ - ‘സത്യമായും ഞാൻ ഉറങ്ങിയില്ല!’ - ‘മതി, വാ പോകാം!’

മുമ്പത്തെക്കാൾ അടുത്തുകൂടിയിട്ടാണ്‌ ഇപ്പോൾ ഞങ്ങൾ ഓടിയത്; ചിലർ തമ്മിൽത്തമ്മിൽ കൈ കോർത്തുപിടിക്കുകയും ചെയ്തിരുന്നു; ഇറക്കമായതിനാൽ തല ശരിക്കും ഉയർത്തിപ്പിടിക്കേണ്ടിയുമിരുന്നു. ആരോ ഒരാൾ റെഡ് ഇന്ത്യാക്കാരുടെ വായ്ക്കുരവ പോലത്തെ പോർവിളി മുഴക്കി; മുമ്പില്ലാത്ത മാതിരി കാലുകൾ കുതി കൊള്ളുന്നതു ഞങ്ങളറിഞ്ഞു; ഉയർന്നുചാടുമ്പോൾ ഇടുപ്പിൽ കാറ്റു പിടി മുറുക്കുന്നതും ഞങ്ങളറിഞ്ഞു. ഞങ്ങളെത്തടയാൻ ഒന്നിനുമാവില്ല. അത്രയ്ക്കൂറ്റമായിരുന്നു ഞങ്ങളുടെ ഓട്ടത്തിനെന്നതിനാൽ ഒരാളൊരാളെ പിന്നിലാക്കുമ്പോഴും മാറത്തു കൈ പിണച്ചുവച്ച് നിർമ്മമഭാവത്തോടെ ചുറ്റും നോക്കാൻ ഞങ്ങൾക്കു കഴിയുകയും ചെയ്തിരുന്നു.

പാലത്തിനു മുകളെത്തിയപ്പോൾ ഞങ്ങൾ നിന്നു. ഓടി മുന്നിലെത്തിയവർ തിരിച്ചുനടന്നു. കല്ലുകൾക്കും വേരുകൾക്കുമിടയിലൂടെ വെള്ളം തകൃതിയായി കയറിയിറങ്ങി; രാത്രിയായെന്ന മട്ടേയുണ്ടായില്ല. ഞങ്ങളിലൊരാൾ പാലത്തിന്റെ കൈവരിയിലേക്കു ചാടിക്കയറിയെങ്കിൽ അതിൽ കുറ്റം പറയാനുണ്ടാവുമായിരുന്നില്ല.

അകലെയായി മരങ്ങൾക്കു പിന്നിൽ നിന്ന് ഒരു തീവണ്ടി കാഴ്ചയിലേക്കു വന്നു;  എല്ലാ മുറികളിലും വെളിച്ചം കാണാം; ജനാലകൾ തുറന്നുകിടക്കുകയാണെന്നു വ്യക്തം. ഞങ്ങളിലൊരാൾ പാടാൻ തുടങ്ങി; എല്ലാവർക്കും അപ്പോൾ പാടണമെന്നായി. തീവണ്ടി പോകുന്നതിനെക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ പാട്ടു പാടൽ; ശബ്ദം കൊണ്ടു മാത്രം പോരെന്നതിനാൽ ഞങ്ങൾ കൈകൾ വീശാനും തുടങ്ങി; ഒടുവിൽ എല്ലാം കൂടിക്കലർന്നൊരു കലപില ആയപ്പോൾ ഞങ്ങൾക്കതു വളരെ ഹിതകരമായി തോന്നുകയും ചെയ്തു. സ്വന്തം ശബ്ദം അന്യരുടേതുമായി കൂട്ടിക്കലർത്തുമ്പോൾ ചൂണ്ടയിൽ കൊളുത്തിവലിയ്ക്കുകയാണു നിങ്ങളെയെന്നു തോന്നിപ്പോകും.

അതെ, അങ്ങനെയാണു ഞങ്ങൾ പാടിയത്, പിന്നിൽ കാടുമായി, ആ വിദൂരയാത്രികർക്കൊരു സായാഹ്നസംഗീതസദിരായി. ഗ്രാമത്തിൽ മുതിർന്നവർ ഉറങ്ങിയിരുന്നില്ല; അമ്മമാർ മക്കൾക്കായി കിടക്ക വിരിക്കുകയായിരുന്നു.

ഒടുവിൽ സമയമായി. ഞാൻ തൊട്ടടുത്തു നിന്നയാളെ അതാരെന്നു നോക്കാതെ ചുംബിച്ചു, വേറേ മൂന്നു പേർക്കു കൈ കൊടുത്തു; പിന്നെ ഞാൻ വീട്ടിലേക്കോടി. ആരുമെന്നെ പിന്നിൽ നിന്നു വിളിച്ചില്ല. അവർക്കെന്നെ കാണാൻ പറ്റാത്ത ആദ്യത്തെ കൂട്ടുപാതയിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞ് കാട്ടിലൂടുള്ള വഴിയേ ഓടി. തെക്കുള്ള മഹാനഗരമായിരുന്നു എന്റെ ലക്ഷ്യം; അതിനെക്കുറിച്ച് എന്റെ നാട്ടിൽ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിരുന്നു:

‘എന്തുതരം ആൾക്കാരാണോ അവിടുള്ളത്! അവർക്കുറക്കമില്ലത്രെ!’
‘അതെന്താ അങ്ങനെ?’
‘അവർക്കു ക്ഷീണം വരാറില്ലപോലും.’
‘അതെന്താ അങ്ങനെ?’
‘അതവരു വിഡ്ഢികളായതിനാൽ.’
‘വിഡ്ഢികൾക്കു ക്ഷീണം വരാറില്ലേ?’
‘വിഡ്ഢികൾക്കെങ്ങനെ ക്ഷീണം വരാൻ!’
*

(1913)


താരതമ്യേന സന്തുഷ്ടമായ ഒരു ബാല്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു ആദ്യകാലകഥ. ആഖ്യാതാവ് ആൺകുട്ടിയോ പെൺകുട്ടിയോ ആവാം. അതിരുകളെന്നതില്ലാതെ ഒഴുകിനടക്കുന്ന ദ്രവപ്രായമായ ഒരു സത്തയുടെ അനുഭവങ്ങളും അനുഭൂതികളുമാണു പ്രമേയം. തോട്ടത്തിലിരിക്കുന്ന കുട്ടി പുറത്ത് ആളുകളുടെ പെരുമാറ്റം അറിയുന്നുണ്ട്; കടന്നുപോകുന്ന ചിലർ ജനാലവിരികളിൽ തൊട്ടുനോക്കുന്നുണ്ട്; ഇടയ്ക്കൊരു കുട്ടി ജനാലപ്പടി ചാടി ഉള്ളിലേക്കെത്തുകയും ചെയ്യുന്നു. ഈ കുട്ടി നെടുവീർപ്പിടുന്നുണ്ട്; അതിനു പക്ഷേ പ്രകടമായ കാരണമൊന്നുണ്ടെന്നും തോന്നുന്നില്ല; പിന്നെ അവർ കുഴികളിൽ വീണു കിടക്കുമ്പോൾ ‘കരയാൻ പോകുന്ന’ മട്ടാണവർക്ക്. മുതിർന്നവരെപ്പോലെയല്ല, വ്യക്തി സംഘത്തിലേക്ക് തന്നിഷ്ടം പോലെ കയറിയിറങ്ങുന്നുമുണ്ട്. വിവിധവും വിശദവുമായ അനുഭൂതികളുടെ ലോകത്താണവർ ജീവിക്കുന്നത്. ‘ഇരുട്ടിൽ തല കൊണ്ടിടിച്ചുകൊണ്ടവർ പായുന്നു, കുപ്പായക്കുടുക്കുകൾ തമ്മിലിരുസുമ്പോലത്ര അടുത്തടുത്തും, ഉഷ്ണമേഖലാജീവികളെപ്പോലെ തീ തുപ്പിക്കൊണ്ടും. പക്ഷേ അവരുടെ ഈ തരം ഊർജ്ജസ്വലമായ പ്രവൃത്തികൾക്കു മറ്റൊരു ലക്ഷ്യമില്ല, ഉടലിൽ തങ്ങളറിയുന്ന കാറ്റിനെപ്പോലെ നിരുദ്ദേശ്യമാണത്; തപാലുമായി പോകുന്ന വണ്ടിയ്ക്കും വെളിച്ചം നിറഞ്ഞ ജനാലകൾ തുറന്നിട്ടും കൊണ്ട് അകലെക്കൂടി കടന്നുപോകുന്ന തീവണ്ടികൾക്കുമേ അങ്ങനെ എവിടെയെങ്കിലും എത്തേണ്ടതുള്ളു. കഥയുടെ ഒടുവിലാകുമ്പോൾ പക്ഷേ മോചനത്തിന്റെ ഒരു ബിംബം കടന്നുവരുന്നുണ്ട്: പോരിനിറങ്ങുന്ന റഡ് ഇന്ത്യാക്കാരന്റെ വായ്ക്കുരവയായി; ആഖ്യാതാവായ കുട്ടിയാവട്ടെ, വീട്ടിലേക്കു മടങ്ങിപ്പോവാതെ കഥകളിലെ ആരുമുറങ്ങാത്ത നഗരം തേടി കാട്ടിലേക്കു കടക്കുകയും ചെയ്യുന്നു.

(അവലംബം കാഫ്കയുടെ കഥകൾക്ക് ജോയ്സ് ക്രിക്ക് എഴുതിയ അവതാരിക)


Children on a Country Road

No comments:

Post a Comment