1883 ജൂലൈ 3ന് ബൊഹീമിയ (ഇന്നത്തെ ചെക്കോസ്ലാവാക്യ)യുടെ തലസ്ഥാനമായ പ്രാഗിൽ ജർമ്മൻ സംസാരിക്കുന്ന ഒരു ഇടത്തരം ജൂതകുടുംബത്തിൽ ജനിച്ചു. ഹെർമ്മൻ കാഫ്കയുടെയും ജൂലി കാഫ്കയുടെയും ഒറ്റ മകനായിരുന്നു ഫ്രാൻസ്; താഴെ മൂന്നു സഹോദരിമാരും ഉണ്ടായിരുന്നു: ഗബ്രിയേല, വലേറി, ഓട്ട്‌ല; മൂന്നു പേരും പിന്നീട് നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വച്ചു മരണമടഞ്ഞു. കാഫ്കയുടെ അച്ഛൻ ഒരു ഫാൻസി സ്റ്റോർ ഉടമയായിരുന്നു. സ്വന്തം പ്രയത്നത്താൽ ജീവിതത്തിൽ വിജയിച്ച ആളെന്ന നിലയ്ക്ക് അച്ഛന് മകന്റെ സാഹിത്യത്തിലേക്കുള്ള പലായനങ്ങളെ പുച്ഛമായിരുന്നു. കാഫ്കയുടെ ജീവിതാന്ത്യം വരെ നീളുന്നതായിരുന്നു ഈ സംഘർഷവും അതിനൊരു പരിഹാരം കണ്ടെത്താൻ ഇരുവശത്തുമുള്ള ശ്രമങ്ങളും. അച്ഛനെക്കാൾ പഠിപ്പും പാരമ്പര്യവുമുള്ള അമ്മ ജൂലിക്കും മകന്റെ താല്പര്യങ്ങൾ മനസ്സിലാകാതെപോയി. ചെക്കുകാരനാണെങ്കിലും ജർമ്മൻ സ്കൂളുകളിലായിരുന്നു കാഫ്കയുടെ വിദ്യാഭ്യാസം. സ്കൂളിൽ ലാറ്റിനും ഗ്രീക്കും ചരിത്രവും പഠിച്ച കാഫ്ക 1906ൽ ചാൾസ് ഫെർഡിനന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തു. ഇവിടെ പഠിക്കുമ്പോഴാണ് അദ്ദേഹം പിന്നീടു തന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയ മാക്സ് ബ്രോഡിനെയും പത്രപ്രവർത്തകനായ ഫെലിക്സ് വെല്ഷിനെയും പരിചയപ്പെടുന്നതും. 1907ൽ ഒരു ഇറ്റാലിയൻ ഇൻഷുറൻസ് കമ്പനിയിൽ ജോലിക്കു കയറിയെങ്കിലും ജോലിഭാരം കാരണം ഒരു വർഷത്തിനുള്ളിൽ അവിടെ നിന്നു പിരിഞ്ഞു. പിന്നീട് ബൊഹീമിയൻ സർക്കാരിന്റെ “വർക്കേഴ്സ് ആക്സിഡന്റ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടി”ൽ ജോലിക്കു ചേർന്ന കാഫ്ക 1922ൽ അനാരോഗ്യം കാരണം പിരിയുന്നതു വരെ അവിടെത്തന്നെ തുടർന്നു. ഉപജീവനത്തിനുള്ള ഒരുപാധിയെന്ന നിലയിലേ ഉദ്യോഗത്തെ കണ്ടിരുന്നുള്ളുവെങ്കിലും തന്റെ ജോലി ചെയ്യുന്നതിൽ അദ്ദേഹം ഉപേക്ഷ കാണിച്ചിരുന്നുമില്ല. 1912ൽ മാക്സ് ബ്രോഡിന്റെ വീട്ടിൽ വച്ചാണ് ബർലിൻകാരിയായ ഫെലിസ് ബോവറിനെ പരിചയപ്പെടുന്നത്. ദീർഘവും വിപുലവുമായ ഒരു കത്തിടപാടിന്റെ തുടക്കമായിരുന്നു അത്. ഇടയ്ക്കവർ തമ്മിൽ കണ്ടിരുന്നു; രണ്ടു തവണ വിവാഹനിശ്ചയവും കഴിഞ്ഞു; പക്ഷേ 1917ൽ അവർ പിരിഞ്ഞു. അതിനു തൊട്ടു മുമ്പാണ് അദ്ദേഹത്തിനു ക്ഷയരോഗമാണെന്നു സ്ഥിരീകരിക്കുന്നത്. പിന്നീടു പലപ്പോഴും അദ്ദേഹത്തിനു സാനിറ്റോറിയങ്ങളിൽ കഴിയേണ്ടിവന്നു. ഇക്കാലത്ത് അദ്ദേഹത്തിനു വലിയ സഹായമായത് ഇളയ സഹോദരി ഓട്ട്ലയാണ്. 1920 ആദ്യം ചെക്ക് പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മിലേന ജസെൻസ്കയെ പരിചയപ്പെടുന്നുണ്ട്. 1923ൽ അദ്ദേഹം ബർലിനിലേക്കു താമസം മാറ്റി. ഇവിടെ അദ്ദേഹം ഡോറ ഡയമന്റ് എന്ന നഴ്സറി ടീച്ചറോടൊപ്പമായിരുന്നു താമസം; അവരാണ് കാഫ്കയെ ഹീബ്രൂവിലേക്കും ജൂതനിയമസംഹിതയായ താൽമൂദിലേക്കും നയിക്കുന്നത്. 1924ൽ അദ്ദേഹം പ്രാഗിലേക്കു തന്നെ മടങ്ങി. അവിടെ ഡോ. ഹോഫ്മൻ സാനിറ്റോറിയത്തിൽ ചികിത്സയിലിരിക്കെ 1924 ജൂൺ 3ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. പ്രാഗിൽ ഒസ്ലാൻസ്കിലെ ജൂതസിമിത്തേരിയിൽ അച്ഛനമ്മമാരോടൊപ്പം അദ്ദേഹത്തെ അടക്കിയിരിക്കുന്നു.
***
താൻ എഴുതിയതൊക്കെ നശിപ്പിച്ചുകളയണമെന്ന കാഫ്കയുടെ നിർദ്ദേശം മാക്സ് ബ്രോഡ് ഒരുപക്ഷേ നടപ്പിലാക്കിയിരുന്നുവെങ്കിൽക്കൂടി നാമിന്നറിയുന്ന കാഫ്കയെ നമുക്കു നഷ്ടപ്പെടുമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകളായ വിധിന്യായം, രൂപാന്തരം, പീനൽ കോളണിയിൽ, നിയമത്തിനു മുന്നിൽ, അക്കാദമി മുമ്പാകെ ഒരു റിപ്പോർട്ട്, നാട്ടുമ്പുറത്തെ ഡോക്ടർ, ഒരു നിരാഹാരയജ്ഞക്കാരൻ, ജോസഫൈൻ എന്ന പാട്ടുകാരി ഇവയൊക്കെ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾത്തന്നെ പുറത്തു വന്നിരിക്കുന്നു. കാഫ്കയുടെ ആദ്യത്തെ പുസ്തകമായ “നിരീക്ഷണങ്ങൾ” 1906 മുതൽ പലകാലങ്ങളിലായെഴുതിയ ചെറിയ കുറിപ്പുകളുടെ സമാഹാരമാണ്. നഗരജീവിതത്തെക്കുറിച്ചുള്ള ഈ ചെറിയ സ്കെച്ചുകൾ മാക്സ് ബ്രോഡിന്റെ ഉത്സാഹത്തിൽ 1913ൽ പുറത്തുവന്നു. 1912 സെപ്തംബർ 22നു രാത്രിയിൽ ഒറ്റയിരുപ്പിനെഴുതിയ “വിധിന്യായം” കാഫ്കയുടെ പിന്നീടുള്ള സാഹിത്യജീവിതത്തിന്റെ ഗതി നിർണ്ണയിച്ച കഥയാണ്. ആയിടെ പരിചയപ്പെട്ട ഫെലിസ് ബോവറിനു സമർപ്പിച്ചിരിക്കുന്ന ഈ കഥ 1912ൽ ലീപ്സിഗിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അർക്കേഡിയ’ എന്ന സാഹിത്യമാസികയിൽ വന്നു. കാഫ്കയുടെ ഏറ്റവും പ്രശസ്തമായ കഥ “രൂപാന്തരം” എഴുതുന്നതും 1912ൽ തന്നെ. ഈ കഥ 1915ലാണ് പ്രസിദ്ധീകരിക്കുന്നത്. 1919ൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരവും 1924ൽ മരണശേഷം “ഒരു നിരാഹാരയജ്ഞക്കാരൻ” എന്ന സമാഹാരവും പുറത്തുവന്നു. മറ്റു കഥകളും “അമേരിക്ക”, “വിചാരണ”, “ദുർഗ്ഗം” എന്നീ അപൂർണ്ണമായ നോവലുകളും പിന്നീട് മാക്സ് ബ്രോഡാണ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.
***
No comments:
Post a Comment